ആസ്‌ട്രോഫിസിക്‌സില്‍ ഡോക്റ്ററേറ്റുള്ള ചെറുപ്പക്കാരന്‍ ഫ്രെഞ്ച് ഫെല്ലോഷിപ്പും വലിയ സ്വപ്‌നങ്ങളും ഉപേക്ഷിച്ചത് കര്‍ഷരുടെ കണ്ണീരൊപ്പാന്‍

ഒടുവില്‍ ആസ്‌ട്രോഫിസിക്‌സും ഫ്രാന്‍സിലേക്കുള്ള യാത്രയും ഒക്കെ മാറ്റിവെച്ച് അദ്ദേഹം കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചു.

ഹിരാകാശ ശാസ്ത്രമായിരുന്നു അജയ് തണ്ണീര്‍ക്കുളത്തിന്‍റെ എന്നത്തെയും വലിയ സ്വപ്നം. സൂര്യനേയും നക്ഷത്രങ്ങളേയും വിദൂര ഗ്രഹങ്ങളേയും ഗാലക്‌സികളേയും കുറിച്ച് പഠിച്ചുകൊണ്ടേയിരിക്കുക… അതിനായി ആരും ആഗ്രഹിച്ചുപോകുന്ന ഒരു മികച്ച ഫെല്ലോഷിപ്പോടെ ഫ്രാന്‍സിലെ നൈസിലേക്ക് പോകാനിരുന്നതായിരുന്നു, 2008-ല്‍.

ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വലിയ ആവേശത്തിലായിരുന്നു. ആസ്‌ട്രോണമി ആന്‍റ് ആസ്‌ട്രോ ഫിസിക്‌സില്‍ മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയിരുന്നു അദ്ദേഹം. ആസ്‌ട്രോഫിസിക്‌സില്‍ തുടര്‍ ഗവേഷണത്തിനായി ഒരു വലിയ ഫെല്ലോഷിപ്പും.

ഫ്രാന്‍സില്‍ പുതിയ ജീവിതം തുടങ്ങുന്നതിന് മുമ്പ് ഒരു ബ്രേക്ക് എടുക്കാന്‍ അജയ് തീരുമാനിച്ചു. ഇതുവരെ പഠിച്ചതും പരിശീലിച്ചതുമൊക്കെ കുറച്ചുപേര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം.

അതിനായി അദ്ദേഹം ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്‍റ് ആന്‍റ് റിസേര്‍ച്ച് (ഐ എഫ് എം ആര്‍) എന്ന സ്ഥാപനത്തില്‍ ഗവേഷകനായി അപേക്ഷ നല്‍കി. അത് കിട്ടുകയും ചെയ്തു.

മഗസൂല്‍ സ്ഥാപകര്‍ അജയ് (ഇടത്), ജയറാം

അവിടെ അജയ് ചെയ്ത പ്രോജക്ടുകളില്‍ ഒന്ന് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെയും അവിടെയുള്ള ഗ്രാമീണ ബാങ്കിങ് സംവിധാനങ്ങളെക്കുറിച്ചായിരുന്നു.

അത് ജീവിതത്തില്‍ അതുവരെയുണ്ടായിരുന്ന ലക്ഷ്യങ്ങളെല്ലാം മാറ്റിമറിക്കുമെന്ന് അജയ് ഒരിക്കലും വിചാരിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ മാത്രമല്ല, തമിഴ്‌നാട്ടിലെ നൂറുകണക്കിന് സാധാരണ കര്‍ഷകരുടെ ജീവിതങ്ങളും മാറി.

ഫെല്ലോഷിപ്പ് പ്രോഗ്രാമിന്‍റെ ഭാഗമായി അജയ് തമിഴ്‌നാടിന്‍റെ നെല്ലറയെന്നറിയപ്പെടുന്ന തഞ്ചാവൂരില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുമായിരുന്നു.

കര്‍ഷകര്‍ കൃഷിയിറക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട് എന്ന് അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞു. മോശം വിത്തുകള്‍ മുതല്‍ പ്രവചിക്കാനാവാത്ത കാലാവസ്ഥയും ജലക്ഷാമവും കൂലിച്ചെലവും…അങ്ങനെയങ്ങനെ ഒരേ സമയം ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് നടുവിലൂടെയാണ് കര്‍ഷകര്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.

ഞാറ്റടി തയ്യാറാക്കല്‍ പരിശീലനം

“അവരുടെ സാമ്പത്തിക മാനേജ്‌മെന്‍റിനെക്കുറിച്ചാണ് ഞാന്‍ ചോദിക്കാറുള്ളത്. എന്നാല്‍ ദിവസവും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മറ്റും അവര്‍ ഒരുപാട് പറയും. അതൊന്നും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളൊന്നും ആയിരുന്നില്ല. അവര്‍ക്ക് ആകെ വേണ്ടിയിരുന്നത് ചെലവ് കുറയ്ക്കുന്നതിനും വിളവ് കൂട്ടുന്നതിനുമുള്ള ശരിയായ സാങ്കേതിക വിദ്യകളായിരുന്നു,” അജയ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

അങ്ങനെ പതുക്കെപ്പതുക്കെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആ ചെറുപ്പക്കാരന്‍റെ മനസ്സില്‍ നിറയാന്‍ തുടങ്ങി. അതിനെങ്ങനെ പരിഹാരം തേടുമെന്ന് ചിന്തിച്ചു. ഒടുവില്‍ ആസ്‌ട്രോഫിസിക്‌സും ഫ്രാന്‍സിലേക്കുള്ള യാത്രയും ഒക്കെ മാറ്റിവെച്ച് അദ്ദേഹം കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചു.

2012-ല്‍ സുഹൃത്ത് ജയറാം വെങ്കടേശനുമായി ചേര്‍ന്ന് മഗസൂല്‍ (വിളവ്) എന്ന സന്നദ്ധ സംഘടനയുണ്ടാക്കി. വിളയിറക്കാനുള്ള ചെലവ്, രാസവളങ്ങള്‍, വെള്ളം, കൂലിച്ചെലവ് എന്നിവ കുറയ്ക്കാനുള്ള സാങ്കേതിക വിദ്യകളിലൂടെ കര്‍ഷകരെ സഹായിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.


തമിഴ് നാട്ടിലെ ഒമ്പത് ജില്ലകളിലെ ആയിരത്തിയഞ്ഞൂറോളം വരുന്ന ചെറുകിട കര്‍ഷകരുടെ വരുമാനം 20% വരെ വര്‍ദ്ധിപ്പിക്കാന്‍ മഗസൂലിന് കഴിഞ്ഞു.


ഞാറ്റടിയില്‍ നിന്ന് കൃത്യമായ അകലത്തില്‍ ഞാറ് നടുന്നതും അതിനായുള്ള കൂലിച്ചെലവും തൊട്ടുതുടങ്ങുന്നു പാഴ്‌ച്ചെലവുകള്‍. ഞാറുനടാന്‍ വിദഗ്ധരായ തൊഴിലാളികള്‍ വലിയ പാടശേഖരങ്ങളാണ് ഇഷ്ടപ്പെടുന്നത്. ചെറുകിട കര്‍ഷകര്‍ അവിടെയും പ്രശ്‌നം നേരിടുന്നു.

“മോഡിഫൈഡ് സിസ്റ്റെം ഓഫ് റൈസ് ഇന്‍റെന്‍സിഫിക്കേഷന്‍ (എം എസ് ആര്‍ ഐ) എന്ന രീതി പിന്തുടര്‍ന്നാല്‍ ഏക്കറിന് 3,500 രൂപ മുതല്‍ 7,000 രൂപ വരെ (40%) ലാഭം വര്‍ധിപ്പിക്കാമെന്ന് ഞങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയിരുന്നു.”

എം എസ് ആര്‍ ഐ-ക്ക് വേണ്ടിയുള്ള മെഷിനറികള്‍ മഗസൂല്‍ കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കും. ഒപ്പം ജൈവവളങ്ങളും.

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് വാടക വാങ്ങുന്നില്ല. എന്നാല്‍ അത് ഓപറേറ്റ് ചെയ്യാനായി സംഘടന വിട്ടുനല്‍കുന്ന പരിശീലനം ലഭിച്ച ആളുടെ കൂലിയും യന്ത്രത്തിന്‍റെ പരിപാലനച്ചെലവും മറ്റും കര്‍ഷകര്‍ വഹിക്കണമെന്നുമാത്രം. ഓപ്പറേറ്റര്‍ പ്രദേശത്തുനിന്നുള്ളവര്‍ തന്നെയായിരിക്കും. അങ്ങനെ നാട്ടിലെ ഒരാള്‍ക്ക് ജോലിയും കിട്ടുന്നു.

“ഞങ്ങള്‍ കര്‍ഷകര്‍ക്ക് യന്ത്രങ്ങളില്‍ പരിശീലനം നല്‍കിയില്ല. കാരണം, ഒരു പ്രദേശത്തെ കര്‍ഷകരെല്ലാം ഒരു യന്ത്രം തന്നെയാണ് ഉപയോഗിക്കുക. അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഞങ്ങളെ വിളിക്കും. ഞങ്ങള്‍ ഓപ്പറേറ്ററെ അടക്കം വിട്ടുകൊടുക്കും,” അജയ് വിശദമാക്കുന്നു.

ഏകദേശം 120 കിലോയോളം വരുന്ന ഞാറുനടീല്‍ യന്ത്രം 20 ദിവസം പ്രായമെത്തിയ ഞാറാണ് പറിച്ചുനടുന്നത്. ഈ യന്ത്രം ഉപയോഗിച്ചുതന്നെ മണ്ണ് ഇളക്കാനും കള മാറ്റാനും കഴിയും. എം എസ് ആര്‍ ഐ രീതികളുപയോഗിച്ചാല്‍ പാടങ്ങളില്‍ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ ജല ആവശ്യം 25% കുറയ്ക്കാനുമാകുമെന്ന് മഗസൂല്‍ അവകാശപ്പെടുന്നു.

“ഞാന്‍ വര്‍ഷവും വിത്തിനും വിതയ്ക്കും ഞാറുനടനുമൊക്കെയായി 1.26 ലക്ഷം രൂപ ചെലവാക്കുമായിരുന്നു,” തമിഴ് നാട്ടിലെ പെരിയകുളത്തെ കര്‍ഷകന്‍ വാണി മുത്തയ്യ പറയുന്നു. “ഒരു ഏക്കറില്‍ ഞാറ് നടാന്‍ ഒരു ദിവസം പത്ത് തൊഴിലാളികള്‍ വേണം.”

മഗസൂലിന്‍റെ സഹായത്തോടെ ഏകദേശം 4,000 രൂപ ചെലവ് കുറയ്ക്കാനും വിളവ് 15% കൂട്ടാനും കഴിഞ്ഞുവെന്ന് ഏഴ് ഏക്കറില്‍ കൃഷിയിറക്കുന്ന വാണി മുത്തയ്യ പറയുന്നു.

മിക്ക കര്‍ഷകരുടെയും വിളവും വരുമാനവും 10 മുതല്‍ 20% വര്‍ദ്ധിച്ചുവെന്ന് അജയ് പറയുന്നു. വരുമാന വര്‍ദ്ധന ഏക്കറിന് 2,500 മുതല്‍ 5,000 രൂപ വരെയാണ്.

മഗസൂല്‍ കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ മറ്റു പല പ്രശ്‌നങ്ങളും അവര്‍ നേരിട്ടുകണ്ട് മനസ്സിലാക്കി. മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന താരതമ്യേന വരണ്ട പ്രദേശങ്ങളില്‍ രാസകീടനാശിനികളുടെയും വളങ്ങളുടേയും ഉപയോഗം വളരെ കൂടുതലാണെന്ന് അവര്‍ക്ക് മനസ്സിലായി.

“തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലാണിത് കൂടുതല്‍. അവിടെ കര്‍ഷകര്‍ക്ക് ഒറ്റചാന്‍സേ ഉള്ളൂ–വേനല്‍ കഴിഞ്ഞുവരുന്ന മഴ. ഒറ്റപ്പൂവേ കൃഷിയുള്ളൂ. അതുകൊണ്ട് അവരാരും റിസ്‌ക് എടുക്കില്ല. ആ കാലത്ത് കീടങ്ങളുടെ ആക്രമണവും ശക്തമായിരിക്കും,” കര്‍ഷകര്‍ വന്‍തോതില്‍ കീടനാശിനി തളിക്കുന്നതിന്‍റെ കാരണങ്ങളിലേക്കാണ് അജയ് അന്വേഷിച്ചുപോയത്.

ചാണകത്തില്‍ നിന്നും ജൈവമാലിന്യങ്ങളില്‍ നിന്നും വളങ്ങളുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് സംഘടന പരിശീലനം നല്‍കി. ഗ്രാമങ്ങളില്‍ മണ്ണിര-കംപോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിച്ചു.

കര്‍ഷകര്‍ രാസവളങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെങ്കിലും ഉപയോഗം പകുതിയോളം കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് അജയ് പറയുന്നു. ജൈവ കംപോസ്റ്റ് ഉപയോഗത്തിലൂടെ ഏക്കറിന് 3,000 രൂപയെങ്കിലും ചെലവുകുറയ്ക്കാനും അവര്‍ക്ക് കഴിഞ്ഞു.

മഴയെ ആശ്രയിച്ചുമാത്രം കൃഷി ചെയ്തിരുന്ന കര്‍ഷകരുടെ കുടുംബങ്ങളിലെ ഭക്ഷണപ്പാത്രത്തിലേക്ക് മെച്ചപ്പെട്ട ജൈവ വിഭവങ്ങള്‍ എത്തിക്കാനും മഗസൂല്‍ ശ്രമം തുടരുന്നു. ജൈവപച്ചക്കറികള്‍ വിളയുന്ന അടുക്കളത്തോട്ടങ്ങളുണ്ടാക്കാന്‍ കര്‍ഷകരെ സഹായിച്ചുകൊണ്ടായിരുന്നു അത്.

കീടങ്ങളെ പിടിക്കാന്‍ കെണികള്‍

ഇലക്കറികളുടെയും ബീറ്റ്‌റൂട്ട്, തക്കാളി, മുളക് തുടങ്ങി പച്ചക്കറികളുടെയും വിത്തുകളും നടീല്‍ വസ്തുക്കളും സൗജന്യമായി നല്‍കി. ഏകദേശം 500 കര്‍ഷക കുടുംബങ്ങള്‍ ഇപ്പോള്‍ അവര്‍ക്കുവേണ്ട പച്ചക്കറികള്‍ (വര്‍ഷത്തില്‍ നാലുമാസത്തേക്കുള്ളത്) വീടുകളില്‍ തന്നെ വിളയിക്കുന്നു.

പ്രാദേശിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രാമവാണി എന്ന കമ്മ്യൂണിറ്റി റേഡിയോയുമായി സഹകരിച്ച് മഗസൂലിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് അജയും ജയറാമും പദ്ധതിയിടുന്നത്.

“കര്‍ഷകര്‍ ഓരോ ദിവസവും നേരിടുന്ന പ്രശ്‌നങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. സബ്‌സിഡിയിലൂടെയും യുട്യൂബ് ട്യൂട്ടോറിയലുകള്‍ വഴിയുമൊക്കെ കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന പരിപാടികള്‍ തയ്യാറാക്കാനാണ് ഞങ്ങളുടെ പദ്ധതി. കമ്യൂണിറ്റി റേഡിയോ വഴി കര്‍ഷകരിലേക്ക് കൂടുതലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ,” അജയ് അടുത്ത ഘട്ടം വിശദമാക്കുന്നു.


ഇതുകൂടി വായിക്കാം: സിമെന്‍റ് തൊടാതെ 3,200 ച. അടി വീട്; ഉറപ്പിന് ശര്‍ക്കരയും കുമ്മായവും, ചുമര് തിളങ്ങാന്‍ കോഴിമുട്ട, ചിതലിനെ പായിക്കാന്‍ വാഴയില


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം