ഇവരുടെ വീട്ടിലും പി‌ഞ്ചുകുഞ്ഞുങ്ങളുണ്ട്, നമ്മുടെ സുരക്ഷയോര്‍ത്ത് ജോലി ഉപേക്ഷിച്ച ഭാര്യമാരുണ്ട്! കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തില്‍ ഊണും ഉറക്കവുമുപേക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അനുഭവങ്ങള്‍

പൂർണ്ണ ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഒരു ചെറിയ പിഴവ് പോലും നമുക്കിപ്പോൾ താങ്ങാൻ കഴിയുന്നതിലപ്പുറമാണ് എന്നാണ് ഞങ്ങളുടെ അനുഭവം പറയുന്നതെന്ന് ഒരു നെടുവീർപ്പോടെ അനിലൻ പറയുന്നു.

താനും മാസങ്ങൾക്ക് മുൻപാണ് രാധാകൃഷ്ണൻ ** ജോലിയിൽ നിന്ന് വിരമിക്കുന്നത്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ആയിരുന്നു.

കോവിഡ് – 19 പേടിപ്പെടുത്തും വിധം പടർന്നു കൊണ്ടിരിക്കുന്ന സമയം. അപ്പോഴാണ് അദ്ദേഹത്തിന് പഴയ മേലധികാരിയായ താലൂക്ക്  ആശുപത്രി സൂപ്രണ്ടിന്‍റെ ഫോൺ വരുന്നത്.

“അവിടത്തെ ഒരു ആംബുലൻസ് ഡ്രൈവർക്ക് കാലിനു പരുക്ക് പറ്റിയെന്നും, ബാക്കിയുള്ള ഡ്രൈവർമാരെ ല്ലാം ഡ്യൂട്ടിയിൽ ആയിരിക്കുന്നത് കൊണ്ട് ആ ഒഴിവിലേയ്ക്ക് എനിക്ക് വരാൻ സാധിക്കുമോ എന്നറിയുന്നതിനുമായിരുന്നു അദ്ദേഹം എന്നെ ഫോണിൽ വിളിച്ചത്,” രാധാകൃഷ്ണൻ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

പുറത്തുള്ള മറ്റു ഡ്രൈവർമാരെ ആശുപത്രി അധികൃതർ  സമീപിച്ചപ്പോൾ മിക്കവർക്കും പേടി കാരണം ആ ജോലി ഏറ്റെടുക്കുവാൻ താല്പര്യക്കുറവുണ്ടായിരുന്നു. ഇത് ആശുപത്രി അധികൃതരെ ഒരു വിഷമഘട്ടത്തിൽ നിറുത്തിയിരിക്കുകയാണെന്ന് മനസിലായപ്പോൾ രാധാകൃഷ്ണൻ  കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല.

കോവിഡിനെതിരെയുള്ള യുദ്ധമുഖത്തേക്ക് സജ്ജരായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍

“നാട് നേരിടുന്ന അവസ്ഥയെ കുറിച്ചൊക്കെ നല്ലൊരു ധാരണ എനിക്കുണ്ടായിരുന്നു. അതുകൊണ്ട് വരാമെന്ന് അദ്ദേഹത്തിന് ഞാൻ  ഉറപ്പ് കൊടുക്കുകയും ചെയ്തു.”

ഈ സാഹചര്യത്തിൽ രോഗികളുമായുള്ള യാത്രകളിൽ ഭയമില്ലേ എന്ന് ചോദിച്ചപ്പോൾ ‘ഇല്ല’ എന്നായിരുന്നു രാധാകൃഷ്ണന്‍റെ ഉറച്ച മറുപടി.


“ഭയം ലവലേശം ഇല്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ…”


പക്ഷേ, അദ്ദേഹത്തിന് ഒറ്റക്കാര്യത്തിലേ ആശങ്കയുള്ളൂ. “കാരണം, വീട്ടിൽ ഭാര്യയുണ്ട്… മകനും ഭാര്യയും ഒരു കൊച്ചു കുഞ്ഞുമുണ്ട്. വേണ്ട മുൻകരുതൽ ഒക്കെ എടുത്തിട്ടാണ് ഞങ്ങൾ  ഈ ജോലിക്ക് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. പക്ഷെ എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാമല്ലോ,”  എന്ന് രാധാകൃഷ്ണൻ

“കൂടാതെ, എന്നെപ്പോലുള്ളവർ ഈ സമയത്ത് പേടിച്ചിരുന്നാൽ എങ്ങും എവിടെയും എത്തില്ല. നാടിനു ഞങ്ങളുടെ സഹായം ആവശ്യമുള്ള സമയമാണിത്. അതുകൊണ്ട് ആ ഫോൺ സന്ദേശം കിട്ടിയ ഉടൻ  ഞാൻ ജോലിയിൽ പ്രവേശിച്ചു.”

ഊണും ഉറക്കവുമുപേക്ഷിച്ചാണ് ഇവര്‍ ഓരോ ദിവസവും ജോലി ചെയ്യുന്നത്

അന്ന് മുതൽ ഇന്നുവരെ ഒരു വിശ്രമവുമില്ലാതെ രാധാകൃഷ്ണൻ മറ്റു ആരോഗ്യ പ്രവർത്തകരോടൊപ്പം നാടിനെ രക്ഷിക്കാൻ രാപ്പകൽ അധ്വാനിക്കുകയാണ്, പരാതികളും പരിഭവങ്ങളുമില്ലാതെ…

രാധാകൃഷ്ണനെപ്പോലെ തന്നെ  ആയിരക്കണക്കിന് ആംബുലൻസ് ഡ്രൈവർമാർ ഊണും ഉറക്കവും കളഞ്ഞു രാജ്യത്തിന്‍റെ തലങ്ങും വിലങ്ങും രോഗികളെ കൊണ്ട് ഇടതടവില്ലാതെ യാത്ര ചെയ്യുന്നുണ്ട്.

ജീവൻ പണയം വെച്ച് ജോലി ചെയ്യുമ്പോൾ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയെ കരുതി ജനങ്ങൾ വീട്ടിൽ തന്നെയിരിക്കണമെന്ന അഭ്യർത്ഥനയും ഇവരെല്ലാവരും ആവര്‍ത്തിക്കുന്നു. സർക്കാർ പറയുന്ന എല്ലാ നിർദ്ദേശങ്ങളോടും സഹകരിച്ച് ഒരുപാട് ജീവൻ രക്ഷിക്കുന്നതിനും, ജോലി അല്പം കൂടി എളുപ്പമാക്കുന്നതിനുമായി  “ഞങ്ങളോടൊപ്പം നിന്ന് കൂടെ?” എന്നും അവർ ചോദിക്കുന്നു.

ഈ ദിവസങ്ങളിൽ, ഒരു ആംബുലൻസ് ഡ്രൈവർ ജോലി ചെയ്യേണ്ടത് ഏകദേശം പന്ത്രണ്ടു മണിക്കൂറാണ്. ചിലർക്ക് രാവിലെ ഏഴു മണിക്കാണ് ‘ഷിഫ്റ്റ്’-ൽ കയറേണ്ടതെങ്കിൽ മറ്റു ചിലർക്ക് രാത്രി ഏഴു മണിയായിരിക്കും സമയം.

പി പി കിറ്റ് ധരിച്ച ഒരു ആംബുലന്‍സ് ഡ്രൈവര്‍

എന്നാൽ, എറണാകുളം ജില്ലയിൽ എയർപോർട്ട് ഡ്യൂട്ടിയുള്ള സുനിലിന്‍റെ ഒരു ദിവസം ഏകദേശം നാലര-അഞ്ചോട് കൂടി തുടങ്ങും. സുനിലിന് ഡ്യൂട്ടിക്കായി പെരുമ്പാവൂരിൽ നിന്നെത്തണം. സുനിലിനെപ്പോലെ തന്നെ ദീർഘദൂരം സഞ്ചരിച്ച് ആംബുലൻസ് ഡ്യൂട്ടിക്ക് എത്തുന്നവർ ഒരുപാട് പേരുണ്ട്,

“ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡ്യൂട്ടിക്ക് വരുന്നവരുണ്ട്. ഇതിൽ ചിലർ  എറണാകുളം ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ  നേര്യമംഗലം, കോതമംഗലം, പറവൂർ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്നവരാണെങ്കിൽ മറ്റു ചിലർ  തൃപ്പൂണിത്തുറ, കുണ്ടന്നൂർ എന്നിവിടങ്ങളിൽ നിന്നുമാണ് വരുന്നത് …അതുകൊണ്ട് തന്നെ ഡ്യൂട്ടിക്കായി വളരെ നേരത്തെ തന്നെ പുറപ്പെടണം,” സുനിൽ പറഞ്ഞു.


എന്നാൽ, പല ഘട്ടങ്ങളിലും  അവരുടെ ഡ്യൂട്ടി സമയം പന്ത്രണ്ട് മണിക്കൂറിനെക്കാൾ നീണ്ടു പോകുന്ന സ്ഥിതിയും  ഉണ്ടാവാറുണ്ട്.


“ഒരുദാഹരണം പറയുകയാണെങ്കിൽ, ഏകദേശം ആറു മണിയോടു കൂടി ഒരു ഓട്ടം ഓടി  അവസാനിക്കുമ്പോഴായിരിക്കും  അടുത്ത രോഗിയേയോ  അല്ലെങ്കിൽ കോവിഡ്-19 ഉണ്ടെന്ന് സംശയിക്കുന്ന ആളെയോ കൊണ്ട് ഡോക്റ്റര്‍മാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിനായിട്ടുള്ള വിളി വരുക. അല്ലെങ്കിൽ എയർപോർട്ടിൽ നിന്ന് ‘ഹോം ക്വാറന്‍റൈൻ നിർദേശിക്കുന്ന ആളെയും കൊണ്ട് പോകാനുള്ള നിർദ്ദേശം കിട്ടുക. അത് ഒരുപക്ഷെ, തൃശ്ശൂരാകാം, മലപ്പുറമാകാം  ഏതു ജില്ല വേണമെങ്കിലും ആകാം.”

അതുപോലെ തന്നെ, ഷിഫ്റ്റ് അവസാനിപ്പിക്കുന്ന സമയത്ത് കിട്ടുന്ന ഡ്യൂട്ടികൾ–  എയർപോർട്ടിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കും, ഹോം ക്വാറന്‍റൈനിൽ നിന്ന് ആശുപത്രിയിലേയ്ക്കുമുള്ള യാത്രകൾ ഡ്യൂട്ടി സമയത്തെ ഒരുപാട്   നീട്ടിയേക്കാമെന്ന്  സുനിൽ.

“ഈ പി.പി. കിറ്റ് ഇട്ട് വണ്ടി ഓടിക്കുക എന്നുവെച്ചാല്‍ അത്ര സുഖമുള്ള കാര്യമല്ല”

ചിലപ്പോൾ ഷിഫ്റ്റ് പിറ്റേ ദിവസം അഞ്ചു മണി വരെ നീണ്ട അവസരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിട്ടു തിരിച്ചു വന്നു കുളിച്ച് പിന്നെയും ഏഴു മണിയോടെ ഡ്യൂട്ടി തുടർന്ന സാഹചര്യങ്ങളും കുറവല്ല.

” ഞങ്ങൾ ഒന്നിനും വിസമ്മതം പറയാറില്ല.  നിർദ്ദേശിച്ച ഇടങ്ങളിൽ കൃത്യമായി തന്നെ ആളുകളെ കൊണ്ടുചെന്നാക്കിയിട്ടുമുണ്ട്.

“ഞങ്ങൾ മാത്രമല്ല, മേലുദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരുമൊക്കെ ഇത്തരത്തിൽ ഒരു പരാതിയുമില്ലാതെ ജനങ്ങളുടെ  ജീവൻ രക്ഷിക്കാൻ ഓടി നടക്കുന്നവരാണ്.”

ഇങ്ങനെ രാപ്പകലില്ലാതെ ഓടുന്നവരുടെ അനുഭവങ്ങളും പലതാണ്. ” ആംബുലൻസ് ഓടിക്കുന്ന ഞങ്ങളെ ചിലരൊക്കെ ഭയത്തോടെയും മുൻവിധിയോടു കൂടെ നോക്കുന്ന അവസ്ഥ” ഉണ്ടായിട്ടുണ്ടെന്നും സുനിൽ വെളിപ്പെടുത്തുന്നു.

“ആ നോട്ടം ഞങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല, ഞങ്ങളുടെ കുടുംബങ്ങളിലേയ്ക്കും നീളും. ഞങ്ങളിൽ പലരുടെയും ഭാര്യമാർക്ക് ജോലിയുണ്ട്. പക്ഷെ, മുൻകരുതൽ എന്ന നിലയ്ക്ക് കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്ന് മനസിലായപ്പോൾ അവരോടു ജോലിക്കു പോകുന്നത് കുറച്ചു നാളത്തേയ്ക്ക് മാറ്റി വെയ്ക്കാൻ പറഞ്ഞു.  അതുകൊണ്ട് തന്നെ നഷ്ടങ്ങൾ പലതാണ്. രണ്ടുപേരുടെ വരുമാനം കൊണ്ടുമാത്രം ബുദ്ധിമുട്ടി ജീവിക്കുന്ന ഒരുപാട് പേരുണ്ട് ഞങ്ങളുടെ ഇടയിൽ.

“പക്ഷെ ഭയന്നിരിക്കുന്ന ആളുകളെ  പിന്നെയും പരിഭ്രാന്തരാക്കാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല ,അത് കൊണ്ട് തന്നെ  ആ നഷ്ടങ്ങളൊക്കെ സഹിക്കാൻ സ്വയം പഠിപ്പിച്ചു വരുകയാണ്,” സുനിൽ ഒരു ദീർഘനിശ്വാസത്തോടു കൂടി പറഞ്ഞു.

“എന്നിരുന്നാലും, ഒരുപാട് നല്ല മനസുള്ള വ്യക്തികളെയും കാണാനിടയായിട്ടുണ്ട്, ഒരിക്കൽ ഇറ്റലിയിൽ നിന്ന് വന്ന സ്ത്രീ ഗർഭിണിയായിരുന്നു, അവരെ നെടുമ്പാശ്ശേരിയിൽ നിന്ന് നിലമ്പൂരിൽ കൊണ്ടുചെന്നാക്കണം. ഭക്ഷണമോ വെള്ളമോ വാങ്ങുന്നതിനായി അവരുടെ കയ്യിൽ ഇന്‍ഡ്യന്‍ കറൻസിയില്ല. ഇതറിഞ്ഞ എന്‍റെ ഒരു മേലുദ്യോഗസ്ഥൻ യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ അവർക്കു ഭക്ഷണം വാങ്ങുന്നതിനുള്ള പൈസയും  എന്നെയേല്പിച്ചു. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ…! എത്ര നന്മയുള്ള മനസ്സുകൾ.

“അങ്ങനെ കൊണ്ടുചെന്നെത്തിച്ച പലരും തങ്ങളുടെ  മേലധികാരികളെ വിളിച്ച്, അവരെ സുരക്ഷിതരായി എത്തിച്ച ആംബുലൻസ് ഡ്രൈവർമാരെ കുറിച്ച്  ഒരു നല്ല വാക്ക്, നന്ദി എന്നിവ പറയുന്നതിൽ യാതൊരു പിശുക്കും കാണിച്ചിട്ടില്ലെന്ന് സുനിൽ സന്തോഷത്തോടെ പറയുന്നു. ” അതൊക്കെ ഒരു ചെറിയ കാര്യമാണോ!?”

മുൻകൂട്ടി ആളുകളെ എവിടെ നിന്നെടുക്കണം എന്നോ, എവിടെ കൊണ്ടുചെന്ന് വിടണമെന്നോ ഈ ആംബുലൻസ് ഡ്രൈവർമാർക്ക് പലപ്പോഴും അറിവ് കിട്ടാറില്ല. എല്ലാം പെട്ടെന്നായിരിക്കും തീരുമാനിക്കപ്പെടുന്നത്.

എയർപോർട്ട് സ്ക്രീനിംഗ് കഴിഞ്ഞാലും അതിൽ ആർക്കൊക്കെ അസുഖം ഉണ്ടെന്ന് അറിയില്ല.  അങ്ങനെയുള്ളവരെയും കൊണ്ടാണ് ഈ ആംബുലൻസ് ഡ്രൈവർമാരുടെ യാത്ര.

അതിനു ശേഷം, ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തിയാൽ  മറ്റുള്ളവരിൽ നിന്ന് മാറി, അത്യാവശ്യങ്ങൾ പോലും മാറ്റി വെച്ച്, പുറത്തിറങ്ങാതെ തങ്ങളെപ്പോലുള്ളവര്‍ അഹോരാത്രം പണിയെടുക്കുമ്പോൾ  പലരും മറ്റുള്ളവരുടെ  സുരക്ഷ വക വെയ്ക്കാതെ കൂട്ടം കൂടി നിൽക്കുന്ന അവസ്ഥ ശരിക്കും സങ്കടപ്പെടുത്തുന്നുണ്ടെന്ന് സുനിൽ പറഞ്ഞു.

“ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഡ്യൂട്ടിക്കിടയിൽ പലപ്പോഴും കണ്ടിട്ടുണ്ട്. ഇന്നലെ ഒരു സ്ഥലത്തു കുട്ടികൾ കൂട്ടമായി നിന്ന് കളിക്കുന്നു.  ഞങ്ങൾ ഇത് വരെ കണ്ടിട്ടുള്ള അനുഭവങ്ങളിൽ നിന്ന് പറയുകയാണ്, ഓരോരുത്തരും വിചാരിച്ചാൽ തന്നെ മാത്രമേ നമുക്ക് ഈ മഹാവ്യാധിയിൽ നിന്ന് രക്ഷപ്പെടുവാൻ സാധിക്കുകയുള്ളു. അത്രയും ഭീകരമാണ് അവസ്ഥ.”

എറണാകുളം ജില്ലയിൽ മാത്രം ഏകദേശം പന്ത്രണ്ടു ഡിപ്പാർട്ട്മെന്‍റ് വണ്ടികളും, 108 -ന്‍റെ 35 ആംബുലൻസുകളും, പിന്നെ കുറച്ച് പ്രൈവറ്റ് ആംബുലൻസ് വണ്ടികളും ഓടുന്നുണ്ട്.

“ആദ്യമൊക്കെ ഗവൺമെന്‍റ് വണ്ടികളും, 108 ആംബുലൻസുകളും ആണ് ഓടി കൊണ്ടിരുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിലുള്ള ആളുകളുടെ വരവും കൂടിയപ്പോൾ പ്രൈവറ്റ് സർവീസുകളെയും ഇതിന്‍റെ ഭാഗമാക്കുകയായിരുന്നു എന്ന് എറണാകുളത്തു തന്നെയുള്ള കെ ജെ മുനീർ പറയുന്നു.

“രണ്ടു ചേമ്പറുകൾ ആണ് വണ്ടികൾക്കുള്ളത് – ഒന്ന് ഡ്രൈവർക്കിരിക്കാനുള്ളതും മറ്റൊന്ന് രോഗിക്കുള്ളതും.  ഞങ്ങൾക്കെല്ലാം പി പി കിറ്റ് ( Personal Protection Kit ) തന്നിട്ടുണ്ട്.  ടെമ്പറേച്ചർ ഉള്ള രോഗിയാണെങ്കിൽ ആണ് പി പി കിറ്റ് ഉപയോഗിക്കുന്നത്. അത് ബോഡി മൊത്തം മൂടുന്ന രീതിയിലുള്ള ഒരു ഉടുപ്പാണ്. കൂടെ ധരിക്കാൻ ഒരു വലിയ കണ്ണടയും ഉണ്ട്.

“ഇല്ലെങ്കിൽ മാസ്കും ഗ്ലൗസും ആണ് ധരിക്കാറ്. പിന്നെ നിപ്പ വന്ന സമയത്തൊക്കെ ഞങ്ങൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ആ അനുഭവം ശരിക്കും ഒരുപാട് സഹായിക്കുന്നുണ്ട്,” മുനീർ പറയുന്നു.

“ഇന്ന സമയത്ത് ഒരു ഫ്ലൈറ്റ് ഉണ്ടെന്നും പി പി കിറ്റ് എല്ലാം കരുതിക്കോളൂ  എന്ന് പറഞ്ഞു ഞങ്ങൾക്ക് അറിയിപ്പ് കിട്ടും. ആദ്യമൊക്കെ ടെമ്പറേച്ചറിൽ മാറ്റം ഉള്ളവരെയാണ് ഐസൊലേഷൻ വാർഡിലേയ്‌ക്ക്‌ മാറ്റാറുണ്ടായിരുന്നത്. അവിടെ നിന്ന് സെറം ഒക്കെ പരിശോധിച്ചതിനു ശേഷം ആണ് ക്വാറന്‍റൈന്‍ ചെയ്യുന്നതിലേയ്ക്ക് വിടുന്നത്. അതും ഞങ്ങളുടെ വണ്ടിയിൽ തന്നെയാണ്. പുറത്തെ ഒന്നുമായും സമ്പർക്കം തീരെ ഇല്ലാത്ത വിധത്തിൽ അത്രയും സൂക്ഷിച്ചാണ് ഞങ്ങൾ ഓരോരുത്തരെയും കൊണ്ടു പോകുന്നത്. എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാവരെയും ആംബുലൻസിൽ കയറ്റിക്കൊണ്ട് പോകുകയാണ്.

“ഇതെല്ലാം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തി കഴിഞ്ഞാൽ ഇട്ടിരിക്കുന്ന വേഷമൊക്കെ  മാറി, അപ്പോൾ തന്നെ അണുനശീകരണം കഴിച്ച്, കുളിച്ചു ശുദ്ധിയായായതിനു ശേഷമേ  ഞാൻ വീട്ടിൽ കയറാറുള്ളൂ. അത് ഏറ്റവും അത്യാവശ്യമാണ്.

“വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയാണ് രോഗികളെ നിർദ്ദേശിച്ച സ്ഥലത്ത് കൊണ്ട് വിടുന്നതിനായി  ഓരോ ഡ്രൈവർമാരെയും ഏൽപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഞങ്ങൾക്ക് പ്രതിബന്ധങ്ങൾക്കിടയിലും ആത്മാർത്ഥതയോടെ ജോലി ചെയ്യാൻ സാധിക്കുന്നത്,” എന്ന് മുനീർ കൂട്ടിച്ചേര്‍ക്കുന്നു.

മറ്റൊരു ആംബുലൻസ് ഡ്രൈവർ ആയ അനിലനെ വിളിച്ചപ്പോൾ അയാൾ ഒരു രോഗിയെയും കൊണ്ട് പോകുകയായിരുന്നു. തിരക്കൊഴിഞ്ഞതിനു ശേഷം വിളിക്കാമെന്ന് പറഞ്ഞു വെച്ചു. പിന്നീടുള്ള സംഭാഷണത്തിൽ നിന്ന് ഹോം ക്വാറന്‍റൈനിൽ ആയിരുന്ന കോവിഡ് -19 ഇതുവരെയും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കാതെ ഉള്ള ഒരു രോഗിയെയും കൊണ്ടാണ് അനിലൻ പോയിരുന്നതെന്ന് മനസിലായപ്പോൾ തന്നെ ജിജ്ഞാസ തോന്നി.

അതെന്താണ് അങ്ങനെ എന്ന് ചോദിച്ചപ്പോൾ അനിലൻ പറഞ്ഞു

” **** എന്ന സ്ഥലത്തുള്ള ഒരാളെ എടുക്കുന്നതിനായിട്ടാണ് ഞാൻ പോയത്. ഗൾഫിൽ നിന്ന് വന്നതിനു ശേഷം അയാൾ കുറച്ചു ദിവസങ്ങളായി ഹോം ക്വാറന്‍റൈനിൽ ആയിരുന്നു. അത് അയാളെ ശരിക്കും ഒരു മാനസിക പിരിമുറുക്കത്തിൽ എത്തിച്ചു. രണ്ടു തവണ അയാൾ ഹോം ക്വാറന്‍റൈനിൽ നിന്ന് ചാടി പോയി. നാട്ടുകാർ ശക്തമായി തന്നെ പ്രതിഷേധിച്ച് ബന്ധപ്പെട്ടവരെ വിളിച്ചു പറയും. ഇപ്പോൾ രണ്ടാമത്തെ തവണയാണ് അയാൾ ആത്മഹത്യക്ക് ശ്രമിക്കുന്നത്. നിർദ്ദേശം കിട്ടിയതിനെ തുടർന്ന് അയാളെയും കൊണ്ട് ഞാൻ *** ആശുപത്രിയിലേക്ക് പോകുന്ന തിരക്കിലായിരുന്നു.”

യാത്രകളിൽ എടുക്കുന്ന മുൻകരുതലുകളെ കുറിച്ച് ചോദിച്ചപ്പോൾ അനിലൻ വിശദമായി പറഞ്ഞുതന്നു..

” പിപി കിറ്റിലെ ഉടുപ്പ് ഇട്ടോണ്ട് വണ്ടി ഓടിക്കുന്നത് അത്രയും എളുപ്പമുള്ള കാര്യമല്ല. നല്ല ചൂടാണ്. കിറ്റിലുള്ള കണ്ണടയും വെച്ച് കൊണ്ട് വണ്ടി ഓടിക്കുന്ന കാര്യം പറയുകയേ വേണ്ട… അത്  ഒരു കഠിന പരിശ്രമം തന്നെയാണ്. ഈ ഉടുപ്പിന്‍റെ ആവശ്യമില്ലാത്തപ്പോൾ N95 മാസ്കും ഗ്ലൗസും ആണ് ഉപയോഗിക്കുന്നത്. പേര് പോലെ തന്നെ  തൊണ്ണൂറ്റി അഞ്ചു ശതമാനം ആണ് അത് തരുന്ന ഗ്യാരണ്ടി. ബാക്കി അഞ്ചു ശതമാനം ദൈവത്തിന്‍റെ കയ്യിൽ, അല്ലേ ?” എന്ന് ഒരു ചെറിയ ചിരിയോടെ ചോദിച്ചു.

സാമൂഹ്യമായ അകലം പാലിക്കുക. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക.

“ഞങ്ങൾ ഇരിക്കുന്ന ഇരിപ്പിടം ശുദ്ധമായി തന്നെ നോക്കണം. ഡ്രൈവറുടെ ഡോർ ഹാന്‍ഡിലിൽ അല്ലാതെ വേറെ ഒരിടത്തും ഞങ്ങൾ പിടിക്കാറില്ല. നമ്മൾ വണ്ടി നിറുത്തിയിടും, അതിൽ പോകുന്ന ആൾ തന്നെ വന്ന് വാതിൽ തുറന്നു കയറുകയാണ് പതിവ്. ഞങ്ങൾ അവിടെയൊക്കെ തൊട്ടാൽ പിന്നെ ആ  കൈ വെച്ച് തന്നെ സ്റ്റിയറിങ്ങിൽ പിടിക്കണം. അത് പിന്നെ മറ്റൊരാൾക്ക് കൈ മാറുമ്പോൾ വരുന്ന അപകടം കുറച്ചൊന്നുമല്ല. അണുനശീകരണത്തിന് ശേഷമാണു വണ്ടി എടുക്കുന്നതെങ്കിലും. ഇപ്പോൾ ഒരു റിസ്ക് എടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല കാര്യങ്ങളുടെ പോക്ക്.”

പൂർണ്ണ ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഒരു ചെറിയ പിഴവ് പോലും നമുക്കിപ്പോൾ താങ്ങാൻ കഴിയുന്നതിലപ്പുറമാണ് എന്നാണ് ഞങ്ങളുടെ അനുഭവം പറയുന്നതെന്ന് ഒരു നെടുവീർപ്പോടെ അനിലൻ പറയുന്നു.


കോവിഡിനെ തുരത്താനുള്ള പരിശ്രമത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മുതല്‍ ആശുപത്രികളിലേയും മറ്റും ശൂചീകരണത്തൊഴിലാളികള്‍ വരെ ഏറെ വിഷമം പിടിച്ച സാഹചര്യങ്ങളിലാണ്  നമുക്കുവേണ്ടി ജോലി ചെയ്യുന്നത്.

അതുകൊണ്ട് നമുക്കും ജാഗ്രതയോടെ ഇരിക്കാം, സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാം.

** പിൻ കുറിപ്പ്: സർക്കാർ നിർദ്ദേശാനുസരണം ഡ്രൈവർമാരുടെ പേരുകൾ കൊടുക്കാൻ കഴിയാത്തതിനാൽ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടതിന് ശേഷം മാത്രം തുടര്‍ നടപടികള്‍ എടുക്കുക.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍
1056
0471 255 2056
0471 230 9250
0471 230 9251
0471 230 9252
0471 230 9253
0471 230 9254
0471 230 9255

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം