രാകേഷ് മഹന്തി

കോര്‍പറേറ്റ് ജോലി വിട്ട് കൂട്ടുകൃഷിയിലേക്ക്; 80 കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ 30-കാരന്‍റെ ജൈവകൃഷി പരീക്ഷണം

കുറച്ചുകാലത്തേക്ക് മാത്രമായി തിരിച്ചുവന്ന രാകേഷ് മൊഹന്തി പിന്നീട് ഇവിടെത്തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രാകേഷ് മഹന്തി ഒരു കോര്‍പ്പറേറ്റ് കമ്പനിയിലായിരുന്നു. അവിടെ ജോലിയെടുക്കുന്ന കാലത്ത് എല്ലായിപ്പോഴും ഒരു തരം അസ്വസ്ഥതയായിരുന്നു മനസ്സില്‍. കോര്‍പറേറ്റ് ജീവിതത്തോടുള്ള ഒരു തരം മടുപ്പായിരുന്നു അതിന് കാരണമെന്ന് ആ ബി.ടെക്കുകാരന് അറിയാമായിരുന്നു.

ജീവിതത്തില്‍ സന്തോഷം കിട്ടണമെങ്കില്‍ മനസ്സിനിഷ്ടപ്പെട്ട ജോലിയെടുക്കണമെന്നും ആ ചെറുപ്പക്കാരന്‍ മനസ്സിലാക്കിയിരുന്നു.

ആ 30-കാരന്‍റെ മനസ്സ് മണ്ണിലും പ്രകൃതിയിലുമായിരുന്നു.

രാകേഷ് മഹന്തി

പാരമ്പര്യസ്വത്തായി ഉണ്ടായിരുന്ന 20 ഏക്കര്‍ നാട്ടില്‍ അവനെക്കാത്ത് തരിശ് കിടപ്പുണ്ടായിരുന്നു.

പൂര്‍വ്വികര്‍ ഉപേക്ഷിച്ചുപോയ മണ്‍വെട്ടി രാകേഷ് വീണ്ടും കൈയ്യിലെടുക്കുക മാത്രമല്ല, ഝാര്‍ഖണ്ഡിലെ പട്ടാംബയിലെ കര്‍ഷകര്‍ക്ക് താങ്ങാവുകയും ചെയ്തു ആ ചെറുപ്പക്കാരന്‍.

കമ്യൂണിറ്റി ഫാമിങ്ങ് എന്ന സങ്കല്‍പത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രൂക്ക് ആന്‍ഡ് ബീസ് എന്ന ഒരു സോഷ്യല്‍ എന്‍റര്‍പ്രൈസിലൂടെയാണ് രാകേഷ് അത് നേടിയെടുത്തത്. പ്രദേശത്തെ കര്‍ഷകരുമായി ചേര്‍ന്ന് ജൈവവിളകള്‍ കൃഷിചെയ്തുണ്ടാക്കുകയും അതിനവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്‍റെ ഉദ്ദേശ്യം.  ഭൂമിയും ഉപകരണങ്ങളും വിഭവങ്ങളും അധ്വാനവും യന്ത്രങ്ങളുമെല്ലാം രാകേഷും കര്‍ഷകരും പരസ്പരം കൈമാറുകയും ഒരുമിച്ച് ജോലിയെടുക്കുകയും ചെയ്യുന്നു.

“തിരിച്ചുവരുമ്പോള്‍ കുറച്ചുകാലം കൃഷി ചെയ്യണം എന്ന് മാത്രമേ ആലോചിച്ചിരുന്നുള്ളൂ,” എന്ന് രാകേഷ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് തുറന്നുപറഞ്ഞു.
“ഞാനീ ഗ്രാമത്തിലാണ് ജനിച്ചുവളര്‍ന്നത്. കാലാവസ്ഥാമാറ്റങ്ങളും ജലക്ഷാമവും രാസകൃഷിയുടെ പ്രശ്‌നങ്ങളും കര്‍ഷകരുടെ ദുരിതവുമെല്ലാം അറിഞ്ഞുകൊണ്ടാണ് വളര്‍ന്നത്.”

പലതരം തക്കാളികളും അപൂര്‍വ്വ നെല്ലിനങ്ങളും രാകേഷും കൂട്ടുകര്‍ഷകരും ചേര്‍ന്ന് വിളയിക്കുന്നു

കുറച്ചുകാലത്തേക്ക് മാത്രമായി തിരിച്ചുവന്ന രാകേഷ് മഹന്തി പിന്നീട് അവിടെത്തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രാകേഷിന്‍റേതടക്കം 50 ഏക്കറിലാണ് ഇപ്പോള്‍ അവര്‍ ഒരുമിച്ച് കൃഷി നടത്തുന്നത്. എണ്‍പതോളം കര്‍ഷകരുണ്ട് ഈ കൂട്ടായ്മയില്‍.

കര്‍ഷകര്‍ക്കെല്ലാം മാസം നിശ്ചിതമായ ശമ്പളം കൊടുക്കുന്നുണ്ട്. അതിന് പുറമെ ലാഭത്തിന്‍റെ 10 ശതമാനം വിഹിതവുമുണ്ട്. വിളകളുടെ വില്‍പനയെക്കുറിച്ചോ മാര്‍ക്കെറ്റിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകളെക്കുറിച്ചോ ഒന്നും കര്‍ഷകര്‍ വേവലാതിപ്പെടേണ്ടതേയില്ല.

വളരെ ശ്രദ്ധയോടെയാണ് രാകേഷ് കൃഷിയിലേക്ക് ഇറങ്ങിയത്. അതിന് മുമ്പ് കുടുംബത്തിലുള്ളവരോടും പ്രദേശത്തെ കര്‍ഷകരോടും സംസാരിച്ച് അവരുടെ ഉപദേശങ്ങള്‍ തേടി.


ഒരു പരീക്ഷണമെന്നോണം 33 സെന്‍റില്‍ കൃഷിയിറക്കി നോക്കി.


ഇന്‍ഡ്യയിലെ പല ഭാഗത്തുനിന്നുള്ള ഏജന്‍റുമാരേയും ബന്ധപ്പെട്ടു. തക്കാളി, ബ്രോക്കോളി, മാരോപ്പഴം/കൂസ (Zucchini) സുച്ചീനി, ലെറ്റ്യൂസ് തുടങ്ങി 30 തരം പച്ചക്കറികള്‍ നട്ടു. മണ്ണിര കംപോസ്റ്റ് ഉണ്ടാക്കി. രാസവളങ്ങള്‍ ഒഴിവാക്കി ആ പണി ചാണകത്തേയും കാര്‍ഷികാവശിഷ്ടങ്ങളേയും മണ്ണിരകളെയും ഏല്‍പിച്ചു.

രണ്ട് വര്‍ഷം കൊണ്ട് സ്വന്തം കൃഷി രീതി മെച്ചപ്പെടുത്തിയെടുത്തതിന് ശേഷമാണ് രാകേഷ് ഗ്രാമത്തിലെ മറ്റ് കര്‍ഷകരെ സമീപിക്കുന്നത്.

“ഗ്രാമത്തിലെ മിക്കവാറും എല്ലാ കര്‍ഷകര്‍ക്കും കുറച്ച് ഭൂമിയേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് പരമാവധി ലാഭം കിട്ടാന്‍ അവര്‍ ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചിരുന്നു. പ്രവചിക്കാനാവാത്ത കാലാവസ്ഥയും കര്‍ഷകരുടെ ജീവിതദുരിതം വര്‍ദ്ധിപ്പിച്ചു. കൃഷികൊണ്ട് ജീവിക്കാന്‍ പറ്റാതായപ്പോള്‍ പലരും കൂലിപ്പണി ചെയ്യാന്‍ പട്ടണങ്ങളിലേക്ക് മാറിപ്പോയിരുന്നു,” രാകേഷ് പറയുന്നു.

ഈ പ്രശ്‌നങ്ങളൊക്കെ നേരിട്ടിരുന്ന കര്‍ഷകരെയും കൂലിപ്പണിക്കായി കൃഷി ഉപേക്ഷിച്ചവരേയും ജൈവകൃഷിയിലേക്ക് കൊണ്ടുവരാന്‍ രാകേഷ് ഒരു പദ്ധതി തയ്യാറാക്കി.

“രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കാതെ പച്ചക്കറികൃഷി ചെയ്യാനാവില്ലെന്ന് ഒരു വിശ്വാസം പോലെ കര്‍ഷകര്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതിന് ഒരു കാരണം വളം-കീടനാശിനി കമ്പനികള്‍ക്ക് കര്‍ഷകരിലുള്ള സ്വാധീനമായിരുന്നു. എന്തൊക്കെ, എങ്ങനെ കൃഷി ചെയ്യണമെന്ന് ഈ കമ്പനികളാണ് തീരുമാനിച്ചിരുന്നത്. അവരുടെ ഉപദേശങ്ങളാണ് കര്‍ഷകര്‍ കേട്ടിരുന്നത്,” രാകേഷ് തുടരുന്നു.

ഈ വിശ്വാസം പൊളിക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി.

പരമാവധി തൊഴില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകരെ അവരുടെ കുടുംബത്തോടെ ജോലിക്കെടുത്തു. ഇങ്ങനെയാവുമ്പോള്‍, ഒരു കുടുംബത്തിലെ നാല് പേര്‍ രാകേഷിനൊപ്പം ജോലി ചെയ്യുമ്പോള്‍ ഒരാള്‍ക്ക് കുറഞ്ഞത് 6,000 രൂപവെച്ച് 24,000 രൂപ വീട്ടിലെത്തും.

ഹേംബ്രാം കുടുംബമാണ് അതിലൊന്ന്. നേരത്തെ വനത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സാന്താള്‍ വിഭാഗത്തില്‍ പെട്ടവരായിരുന്നു ഈ കുടുംബവും. കടുത്ത നിയന്ത്രണങ്ങള്‍ കാരണം കാട്ടില്‍ കയറാനോ വിഭവങ്ങള്‍ ശേഖരിക്കാനോ കഴിയാതായി. ഭൂമിയോ ജീവിതമാര്‍ഗ്ഗമോ ഇല്ലായിരുന്നു. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ബ്രൂക്ക് ആന്‍ഡ് ബീസ് രണ്ടുമൂന്ന് വര്‍ഷം മുന്‍പ് അവരുടെ രക്ഷയ്‌ക്കെത്തുന്നത്.

“ഞാനും അച്ഛനും പാടത്ത് ജോലിയെടുക്കുന്നു. അമ്മയും സഹോദരിയും അരിയൊക്കെ തയ്യാറാക്കാനും മറ്റും സഹായിക്കുന്നു. അങ്ങനെ സ്ഥിരവരുമാനം കിട്ടിത്തുടങ്ങിയതോടെ വീട്ടിലെ സാഹചര്യം ഒരുപാട് മെച്ചപ്പെട്ടു,” കിഷുന്‍ ഹേംബ്രാം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

പാടത്തുപോയാലും കൂലിപ്പണിക്ക് പോയാലും പത്തുമണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യണം. രാകേഷിന്‍റെ കീഴില്‍ ജോലി സമയം 6-7 മണിക്കൂര്‍ മാത്രമാണ്. സ്ഥിരവരുമാനവും സ്വന്തമായി ചെലവഴിക്കാന്‍ കൂടുതല്‍ സമയവും കിട്ടിത്തുടങ്ങിയതോടെ കര്‍ഷകര്‍ കൂടുതല്‍ സന്തോഷത്തോടെ ജീവിതം ആസ്വദിക്കാന്‍ തുടങ്ങി.

ഉപഭോക്താക്കളിലേക്ക് നേരിട്ട്

ഗ്രാമത്തില്‍ കൃഷി ചെയ്തുകൊണ്ടിരുന്ന സ്ഥിരം വിളകള്‍ക്ക് പുറമെ അപൂര്‍വ്വവും നേരത്തെ അവിടെ കൃഷിയിറക്കാത്ത ഇനങ്ങളും ബ്രൂക്ക് ആന്‍ഡ് ബീസ് പരീക്ഷിച്ചു. അതില്‍ പലതരം തക്കാളികളും ലെറ്റ്യൂസും, ചെറുധാന്യങ്ങളും ബ്ലാക്ക് റൈസ് അടക്കമുള്ള അപൂര്‍വ്വ നെല്ലിനങ്ങളും പെടും. ഇന്ന് ഝാര്‍ഖണ്ഡിലുടനീളം ഇവരുടെ ജൈവ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

ഗ്രീന്‍ ഹൗസ്, മഴമറക്കൃഷി, സൂക്ഷ്മതാകൃഷി, ഡ്രിപ് ഇറിഗേഷന്‍, സ്പ്രിങ്ക്‌ളര്‍ തുടങ്ങിയ പുതിയ സങ്കേതങ്ങളും ഇടവിളകൃഷി, സിസ്റ്റെം റൈസ് ഇന്‍റെന്‍സിഫിക്കേഷന്‍ തുടങ്ങിയ കൃഷി രീതികളും ഇവിടെ പ്രയോഗിക്കുന്നുണ്ട്.

ഡ്രിപ് ഇറിഗേഷനിലൂടെ ജലത്തിന്‍റെ ഉപയോഗം പകുതിയിലധികം കുറയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് രാകേഷ് പറയുന്നു. പലതരം വിളകള്‍ ഇടകലര്‍ത്തി നടുന്നതും വിജയകരമാണെന്ന് അദ്ദേഹം അനുഭവത്തില്‍ നിന്നും പറയുന്നു.

ഇവിടെ വിളയുന്ന വിളകള്‍ക്ക് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്‍റ് ഓഫ് അഗ്രികള്‍ചര്‍-നാഷണല്‍ ഓര്‍ഗാനിക് പ്രോഗ്രാം (USDA-NOP), നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (NPOP,GOI) എന്നിവയുടെ ഓര്‍ഗാനിക് സെര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടുണ്ട്. വിളവെടുത്ത് നേരെ ആഴ്ചച്ചന്തകളിലും ജാംഷെഡ്പൂരിലെ ഹൗസിങ് സൊസൈറ്റികളിലും നേരിട്ടും വി്ല്‍ക്കുന്നു. ഇടനിലക്കാരില്ല.

ഫാം പാഠശാലയിലെത്തിയവരുമായി രാകേഷ് സംസാരിക്കുന്നു

വളരെപ്പെട്ടെന്നു തന്നെ ഈ ഫാമില്‍ നിന്നു ള്ള ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ അന്വേഷിച്ചുവരാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം രൂപ വരുമാനവും നേടി.

മൂന്ന് മാസം മുന്‍പ് ‘ഫാം പാഠശാല’ എന്ന പേരില്‍ ഒരു പദ്ധതി രാകേഷ് ആരംഭിച്ചു. നഗരമേഖലകളിലേക്ക് കൂടുതല്‍ കടന്നുചെല്ലുന്നതിനുള്ള ഒരു ശ്രമമാണിത്. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഫാമില്‍ താമസിച്ച് കൃഷി പഠിക്കുന്നതിനും അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും അവസരം നല്‍കുന്ന ശില്‍പശാലകള്‍ സംഘടിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ.

ജോലി വിടുന്നു എന്ന് കേട്ടപ്പോള്‍ രാകേഷിനെ അച്ഛനമ്മമാര്‍ മാത്രമല്ല വഴക്കുപറഞ്ഞത്. നല്ല ശമ്പളമുള്ള ജോലി വിട്ട് ഒരു ലാഭവും പ്രതീക്ഷിക്കാനാവാത്ത കൃഷിയിലേക്ക് ഇറങ്ങുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടതേയില്ല.

ബ്രൂക്ക് ആന്‍ഡ് ബീസ് തുടങ്ങിയപ്പോള്‍ പല ഗ്രാമീണ കര്‍ഷകരും സഹകരിക്കാതെ പുറം തിരിഞ്ഞുനിന്നപ്പോഴും രാകേഷ് പിന്മാറിയില്ല. ഉണ്ടായിരുന്ന സമ്പാദ്യമൊക്കെ ഈ കൃഷി സ്റ്റാര്‍ട്ട് അപിനായി ഇറക്കി.

പ്രശ്‌നങ്ങളെല്ലാം തരണം ചെയ്ത് ഇന്ന് കര്‍ഷകരെ സഹായിക്കുന്നതിനൊപ്പം വിഷരഹിത പച്ചക്കറികളും അരിയും ജനങ്ങള്‍ക്ക് നല്‍കാനും രാകേഷിന് കഴിയുന്നു.

കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കൂ.


ഇതുകൂടി വായിക്കാം:വീട്ടിലെ കുഞ്ഞുമുറിയില്‍ മൈക്രോഗ്രീന്‍സ് കൃഷി; വിദ്യാധരന്‍ നേടുന്നത് മാസം 80,000 രൂപ!


Aഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം