‘മടിപിടിക്കാതെ ഞങ്ങ വണ്ടി ഓട്ടും, അവരെ ഓര്‍ത്ത്…’: 293 രോഗികള്‍ക്ക് സഹായം, ഡയാലിസിസ് രോഗികള്‍ക്ക് യാത്ര സൗജന്യം…ഈ ഓട്ടോച്ചേട്ടന്‍മാര്‍ പൊളിയാണ്

“ഓരോ ദിവസവും ഓടിക്കിട്ടുന്നത് വച്ചു ജീവിക്കുന്നോരല്ലേ നമ്മള്. എങ്കിലും ചെറുതെങ്കിലും ഒരു തുക നൽകി. ആ സംഭവം ഞങ്ങൾക്ക് ഒരു ഉൾവിളി തന്നു.”

ലൂർ ഓട്ടോ സ്റ്റാന്‍റാണ് സ്ഥലം. കുറെയധികം ഓട്ടോകൾ ക്ഷമയോടെ വരി പാലിച്ചു കിടക്കുന്നു. ചിലർ വണ്ടിയിലിരുന്നു മൊബൈൽ കുത്തുന്നു, മറ്റു ചിലർ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു, സീറ്റിൽ ചേർന്നു കിടക്കുന്നു.

മിക്കവരുടെയും കാക്കി ഷർട്ടിന്മേൽ ഇടംനെഞ്ചോടു ചേർന്ന് രണ്ടു കൈപ്പത്തികൾ ചേർന്നിരിക്കുന്ന കലൂര്‍ ഓട്ടോക്കൂട്ടം എന്ന ലോഗോ പ്രിന്‍റ്  ചെയ്തിട്ടുണ്ട്.

മുന്നില്‍ കിടന്നിരുന്ന ഓട്ടോയിലെ ചേട്ടൻ സീറ്റിലിരുന്നു പത്രം വായിക്കുകയാണ്. കൂട്ടത്തിലെ മുതിർന്ന അംഗമാണ് കക്ഷി.

“ബാബുച്ചേട്ടനല്ലേ, ഓട്ടോക്കൂട്ടത്തിലെ,” ഞാൻ ചോദിച്ചു. “കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനായി വന്നതാണ്.”

ബാബുച്ചേട്ടന്‍ പത്രമൊക്കെ മടക്കി സീറ്റിനു പിന്നിൽ വച്ച് ചിരിച്ചു. “അതിനെന്താ, മോള് ചോയ്ക്ക്. ഉത്തരം പറയാൻ ഞാൻ മാത്രല്ല ദേ ഇവരുമുണ്ട്,” അദ്ദേഹം അവിടെയുള്ള മറ്റ് ഓട്ടോച്ചേട്ടന്മാരെ വിളിച്ചു.

ഡയാലിസിസിന് പോകുന്ന രോഗികള്‍ക്ക് ഇവരുടെ വണ്ടികളില്‍ യാത്ര സൗജന്യമാണ്

‘ആഹാ, പണി കുറച്ചൂടെ എളുപ്പമായല്ലോ,’ എന്നായി ഞാൻ.
“ഇവരെല്ലാം ഓട്ടോക്കൂട്ടത്തിലെ തന്നെയാ, ഇനിയുമുണ്ട് കുറച്ചു പേർ. ഓട്ടത്തിന് പോയേക്കുവാ, അവന്മാർ ഉടൻ വരും,” ബാബുച്ചേട്ടന്‍ ചുറ്റും നോക്കീട്ട് സ്റ്റാന്‍റിലുള്ളവരെല്ലാം എത്തിയെന്ന് ഉറപ്പുവരുത്തി.


ഈ ഓട്ടോച്ചേട്ടന്മാരാണ് ഒരുപാട് വൃക്കരോഗികള്‍ക്ക് താങ്ങും തണലുമൊരുക്കുന്നത്. ആ സ്നേഹക്കൂട്ടായ്മക്ക്  അവര‍ിട്ട പേരാണ്  ഓട്ടോക്കൂട്ടം എന്നത്.


2015 മെയ് മാസമാണ് ‘ഓട്ടോക്കൂട്ടം’ എന്ന പേരിൽ ഒരു കൂട്ടായ്മ ഉണ്ടാകുന്നത്. കലൂർ സ്റ്റാന്‍റിലെ ഓട്ടോ ഡ്രൈവർമാർ വൃക്കരോഗികളായ ഒട്ടേറെ പേർക്ക് താങ്ങും തണലുമാകുന്നത്. ഡയാലിസിസ് നടത്താൻ പണമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് 1,500 രൂപ വച്ച് എല്ലാ മാസവും നൽകി കൂട്ടായി നിൽക്കുകയാണ് ഇവർ.

“നമ്മുടെ കൂട്ടത്തിലെ ഒരാളുടെ സഹോദരന് വൃക്ക തകരാറിലാകുകയും നില വഷളാവുകയും ചെയ്തിരുന്നു. അവർക്ക് ഒരു സഹായം എന്ന നിലക്ക് ഞങ്ങൾക്കിടയിൽ ഒരു പിരിവ് നടത്തി. എന്നാൽ എല്ലാരും ഓരോ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും ഉള്ളവരല്ലേ. അതുകൊണ്ട് തന്നെ വലിയ തുകയൊന്നും അദ്ദേഹത്തിനു നല്കാൻ ഞങ്ങൾക്കായില്ല,” ബാബുച്ചേട്ടന്‍

ഓട്ടോക്കൂട്ടത്തിലെ അംഗങ്ങളില്‍ ചിലര്‍

“ഓരോ ദിവസവും ഓടിക്കിട്ടുന്നത് വച്ചു ജീവിക്കുന്നോരല്ലേ നമ്മള്. എങ്കിലും ചെറുതെങ്കിലും ഒരു തുക നൽകി. ആ സംഭവം ഞങ്ങൾക്ക് ഒരു ഉൾവിളി തന്നു. ബുദ്ധിമുട്ടുന്ന വൃക്ക രോഗികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്.”

കലൂർ ബസ് സ്റ്റാന്റില്‍ വന്നിറങ്ങി ഡയാലിസിസിനായി പോകുന്ന രോഗികളെ എറണാകുളത്തെ വിവിധ ആശുപത്രിയിൽ സൗജന്യമായി എത്തിച്ചു കൊടുത്തായിരുന്നു അവരുടെ പ്രവർത്തനങ്ങളുടെ തുടക്കം.

“ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം പ്രത്യേകം ബ്ലോക്ക് ആയത് കൊണ്ട് ഞങ്ങൾക്ക് മനസ്സിലാകും അവർ ഡയാലിസിസിന് വന്നതാന്നെന്ന്. ആ ഓട്ടത്തിന് ഞങ്ങൾ ആരും കൂലി വാങ്ങാറില്ല. പിന്നീട് ആ പതിവ് ഇന്ന് ഇവിടം വരെ എത്തിനിൽക്കുന്നു,” ഓട്ടക്കൂട്ടത്തിലെ മറ്റൊരു അംഗം ജിജോ ജോസഫ് പറഞ്ഞു.

“സൗജന്യ യാത്രക്ക് പുറമെ ഡയാലിസിസ് ചെയ്യാൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് സാമ്പത്തിക സഹായം ചെയ്യുക എന്ന ആലോചന കൂടി ഉണ്ടായിരുന്നല്ലോ. പെട്ടെന്ന് ഒരു ദിവസം ഞങ്ങൾക്കതിനാകില്ല .അതുകൊണ്ടു ഓരോരുത്തരുടെയും  വണ്ടിയിൽ ഞങ്ങളൊരു പെട്ടി സ്ഥാപിച്ചു. ഓരോ ദിവസത്തെയും ആദ്യത്തെ ഓട്ടപ്പൈസയിൽ നിന്നും ഇരുപത് രൂപ പെട്ടിയിൽ ഇട്ടാണ് ഞങ്ങളുടെ ദിവസം തുടങ്ങുക. വണ്ടിയിൽ കയറുന്ന നല്ലവരായ കുറച്ചു യാത്രക്കാരും പെട്ടിയിൽ പണിമിടാൻ തുടങ്ങി,” കൂട്ടത്തിലെ മനോഹരൻ ചേട്ടൻ പറഞ്ഞു.

“അങ്ങനെ 2015 ഒക്ടോബർ മാസം സ്ഥാപിച്ച പെട്ടിയിൽ നിന്നും സ്വരുക്കൂട്ടി ഡിസംബർ മാസത്തോടെ പത്തു വൃക്കരോഗികൾക്ക് ഒരാൾക്ക്  1,500 രൂപ വച്ച് കൊടുക്കാൻ സാധിച്ചു. ഒരു ഡയാലിസിസിന് 1,500 രൂപയിൽ താഴെയേ വരികയുള്ളു. ഡയാലിസിസിന് പോകുമ്പോഴുള്ള വണ്ടിക്കൂലി അടക്കമാണ് ഞങ്ങൾ നൽകുന്നത്,” ഓട്ടോക്കൂട്ടം പ്രസിഡന്‍റ് അഭിലാഷ് ബാബു കൂട്ടിച്ചേർത്തു.

2015 മുതല്‍ നാളിതുവരെയായി 293 രോഗികളെ സഹായിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. സഹായമെത്തിക്കുന്നത് തീർത്തും ആവശ്യക്കാരെ കണക്കിലെടുത്തു മാത്രമാണെന്ന് ജോമോൻ വ്യക്തമാക്കി. ആവശ്യക്കാരും ഓട്ടോക്കൂട്ടവും തമ്മിലെ അകലം കുറക്കാനായി രണ്ടു മാസം മുമ്പ് എറണാകുളം കത്രിക്കടവ് ജംഗ്ഷനോട് ചേർന്ന് ഒരു അപേക്ഷപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: മടങ്ങി വരാന്‍ അമ്മ അപേക്ഷിച്ചിട്ടും കൊറോണ ബാധിതരെ രക്ഷിക്കാന്‍ ചൈനയില്‍ തന്നെ തുടര്‍ന്ന ഇന്‍ഡ്യന്‍ ഡോക്റ്റര്‍


“ഞങ്ങളുടെ സ്റ്റാന്‍റിൽ അൻപതോളം ഓട്ടോ ഓടുന്നുണ്ട്.  അതിൽ ഇരുപത്തഞ്ചു പേർ അടങ്ങുന്നതാണ് ഞങ്ങളുടെ കൂട്ടായ്മ. ഓട്ടോക്കൂട്ടത്തിന്‍റെ സഹായം കിട്ടിയവരിൽ നിന്നുമൊക്കെ അറിഞ്ഞു ഒരുപാടുപേർ അപേക്ഷ നല്കാൻ തുടങ്ങി. എന്നാൽ  ഈ അപേക്ഷകൾ ആരുടെ കൈയിൽ കൊടുക്കണമെന്നറിയാതെ അവർ സ്റ്റാൻഡിൽ ആരുടെയെങ്കിലും കൈയിൽ കൊടുത്തേല്പിച്ചു പോകും. അത് കൃത്യമായി ഞങ്ങളുടെ കൈയിലെത്താതെ പോകുകയും ചെയ്തപ്പഴാണ് അപേക്ഷപ്പെട്ടി സ്ഥാപിക്കുന്നതിനെ പറ്റി ചിന്തിച്ചത് .നമ്മെ വിശ്വസിച്ചു ഏല്പിച്ചു പോകുന്ന ഓരോ അപേക്ഷയും അവരുടെ പ്രതീക്ഷയാണ്. അത് നമ്മൾ കണക്കിലെടുക്കണം,” സജിത് പറഞ്ഞു.

അപേക്ഷകൻ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ചും കൃത്യമായി പറയുന്നുണ്ട് ഓട്ടോക്കൂട്ടം. “ഓരോ അപേക്ഷയിലും രോഗിയുടെ പേരും മറ്റു വിവരങ്ങളും ഉണ്ടാകും. മാത്രമല്ല ചികിൽസിക്കുന്ന ആശുപത്രിയുടെ സാക്ഷ്യപത്രവും താമസിക്കുന്ന പ്രദേശത്തെ കൗണ്‍ ലറുടെ സാക്ഷ്യപത്രവും ഡയാലിസിസ് ബുക്കിന്‍റെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ പതിപ്പും ശെരിയായ ഫോൺ നമ്പറും അപേക്ഷയുടെ കൂടെ ഉണ്ടായിരിക്കണം. മുൻഗണന അനുസരിച്ചാണ് ഓരോ അപേക്ഷയും പരിഗണിക്കുന്നത്. എല്ലാവരെയും ഉൾപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം,” അഭിലാഷ് കൂട്ടിച്ചേർത്തു.

“എല്ലാ ദിവസവും ഞങ്ങൾ അപേക്ഷപെട്ടി തുറക്കും. നമ്മൾ താമസിച്ചത് കൊണ്ട് ഒരാളും സഹായം കിട്ടാതെ ബുദ്ധിമുട്ടരുത് എന്ന്  ഞങ്ങൾക്ക് നിർബന്ധമുണ്ട് .അതുകൊണ്ട് അത് മുടക്കില്ല. ഈ മേഖലയിലേക്ക് ഇറങ്ങി പ്രവർത്തിച്ചപ്പോളാണ് മനസിലായത് നമ്മൾ എത്ര സഹായം നീട്ടിയാലും അത് സ്വീകരിക്കാൻ ഉള്ള ആളുകളുണ്ട്. അത്രയധികം ബുദ്ധിമുട്ടുന്ന വൃക്കരോഗികളുണ്ട്. ഒരു തവണത്തെ ഡയാലിസിസിന് പണമില്ലാതെ വേദന കടിച്ചമർത്തുന്നവർ. അതുകൊണ്ട് ഒരു സഹായവും അധികമാകില്ല,” ബാബു ചേട്ടൻ പറഞ്ഞു.

ഓട്ടോയില്‍ സ്ഥാപിച്ചിരിക്കുന്ന പണപ്പെട്ടി മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച മാത്രമാണ് തുറക്കുക. “ദിവസവും പണപ്പെട്ടി തുറന്നാൽ ചെലപ്പോൾ നമുക്ക് നിരാശയാകും ഫലം. നമ്മൾ ഇടുന്ന ഇരുപത് രൂപയും  യാത്രക്കാരിൽ ചിലർ മാത്രം നിക്ഷേപിക്കുന്ന തുകയും മാത്രമല്ലെ ഉണ്ടാകൂ. മാസത്തിലൊരിക്കൽ തുറന്നാൽ നമ്മുടെ മാത്രമായി അറുന്നൂറു രൂപയെങ്കിലും ഓരോ പെട്ടിയിലുണ്ടാകുമല്ലോ,” സത്യൻ ചേട്ടന്‍റെ വാക്കുകള്‍.

പെട്ടി തുറക്കാനും ഉണ്ട് ഓട്ടോക്കൂട്ടത്തിനു ചില നിബന്ധനകൾ. വലിയ ട്രസ്റ്റ് ഒന്നുമല്ലെങ്കിലും പണമിടപാട് സുതാര്യമായിരിക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്.

“നമ്മുടെ പെട്ടി തുറക്കുന്നത് മറ്റു അംഗങ്ങളായിരിക്കും. അവനവന്‍റെ പെട്ടി ഒരിക്കലും തുറക്കാൻ പറ്റില്ല. പെട്ടി തുറക്കുമ്പോൾ മൂന്നു  അംഗങ്ങളെങ്കിലും ഹാജരായിരിക്കണം. മാത്രമല്ല എല്ലാവരുടെയും പെട്ടിയുടെ താക്കോൽ ട്രെഷററുടെ കൈയിലായിരിക്കും. ട്രഷറന്‍റേത് പ്രെസിഡന്‍റിന്‍റെ കൈയിലും. അതുകൊണ്ട് യാതൊരു കൺഫ്യൂഷന്‍റെയും ആവശ്യമില്ല,” ജോസി ചിരിച്ചുകൊണ്ട് പറഞ്ഞു.

രോഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കുന്നതും ഡയാലിസിസിന് വേണ്ടി സഹായം നൽകുന്നതും കൂടാതെ വർഷത്തിലൊരിക്കൽ ‘കാരുണ്യ യാത്ര’യും നടത്തുന്നുണ്ട്. വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ക്ക് ധനസഹായം നല്‍കാനാണ് ഈ ശ്രമം.

“ഞങ്ങൾ ഓട്ടോക്കാരുടെ വാർഷിക പരിപാടിയോട് അനുബന്ധിച്ചു നടത്തുന്നതാണ് കാരുണ്യ യാത്ര. 2016 ല്‍ ആരംഭിച്ച കാരുണ്യ യാത്ര 2017-ലും 2018-ലും നടത്തി. 2019-ൽ ചില ബുദ്ധിമുട്ടുകൾ മൂലം നടത്താൻ കഴിഞ്ഞില്ല. 2020-ൽ നടത്താനിരിക്കുകയാണ്,” സഞ്ജയ് തുടർന്നു.

“ഇതിനായി ശസ്ത്രക്രിയക്ക് പണം തികയാതെ ബുദ്ധിമുട്ടുന്ന ഒരാളെ തിരഞ്ഞെടുക്കും. എന്നിട്ട് കാരുണ്യ യാത്ര നിശ്ചയിച്ച ദിവസം ഞങ്ങൾ ഓട്ടം പോയി കിട്ടുന്ന കൂലി ഒരു രൂപ പോലുമെടുക്കാതെ മുഴുവനും അവർക്കായി നൽകും. അന്നത്തെ പെട്രോൾ അടിക്കുന്നത് ഞങ്ങളുടെ  സ്വന്തം കാശെടുത്താണ്‌. ഓരോ വണ്ടിയിലും ഒരു മിട്ടായിക്കുപ്പി വച്ചിരിക്കും. അതിന്‍റെ അടപ്പ് പശ വച്ച് ഭദ്രമായി ഒട്ടിച്ചിരിക്കും. മുകളിൽ കാശുകുടുക്കയിലെ എന്ന പോലെ നീളത്തിലുള്ള ദ്വാരവും നല്കിയിട്ടുണ്ടാകും. യാത്രക്കാരുടെ കൈയിൽ നിന്നും കൂലി വാങ്ങില്ല, മിട്ടായികുപ്പിയിലേക്ക് ഇട്ടോളാൻ പറയും. അവരറിയാതെ അവരും ഈ കാരുണ്യ യാത്രയിൽ പങ്കുചേരുകയാണ്.”

കാരുണ്യ യാത്രക്കായി ഓട്ടോക്കൂട്ടം അംഗങ്ങൾ മറ്റുള്ള സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരെയും ക്ഷണിക്കും. ശസ്ത്രക്രിയ നടത്താനിരിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ അടങ്ങിയ നോട്ടീസ് നൽകും. കലൂർ നോർത്ത് സ്റ്റാൻഡിലെയും ലിസി ഹോസ്പിറ്റൽ സ്റ്റാൻഡിലെയും ഓട്ടോക്കാര്‍ യാത്രയിൽ പങ്കു ചേർന്ന് വലിയ പിന്തുണ നല്കാറുണ്ടെന്ന് ഓട്ടോക്കൂട്ടം സന്തോഷത്തോടെ പറയുന്നു.

“മറ്റുള്ള സ്റ്റാൻഡിലെ സഹോദരന്മാർ കൂടി ചേരുന്നതോടെ ഞങ്ങൾക്ക് കാരുണ്യ യാത്ര നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിയുന്നുണ്ട് . കൂടാതെ ഓട്ടോയിലും മറ്റുമുള്ള ഫ്ളക്സ് കണ്ടു അറിഞ്ഞു സഹായിക്കുന്നവർ വേറെയും. കലൂരിലെ വ്യാപാരികളും അകമഴിഞ്ഞ് സംഭാവന നൽകും,”അഭിലാഷ് പറഞ്ഞു.


2016-ൽ ഞങ്ങൾ നടത്തിയ ആദ്യത്തെ കാരുണ്യ യാത്ര ആഗ്നസ് എന്ന മൂന്നര വയസ്സുകാരിക്ക് വേണ്ടിയായിരുന്നു.


അന്ന് ഒറ്റദിവസം കൊണ്ട് 2,94,650 രൂപ അവര്‍ സ്വരൂപിച്ചു.

“ആഗ്നസ് മോളുടെ ശസ്ത്രക്രിയ വിജയകരമായി കഴിയുകയും അവൾ ആരോഗ്യവതി ആവുകയും ചെയ്തു. ഈയടുത്ത് ആഗ്നസിന്‍റെ അച്ഛനെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിച്ചപ്പോൾ വരുന്ന വർഷം അവളെ സ്കൂളിൽ ചേർക്കാനുള്ള ഒരുക്കത്തിലാണെന്ന് അറിയാൻ കഴിഞ്ഞു. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി,” എന്ന് അഭിലാഷ് പറയുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തും നിറഞ്ഞ സംതൃപ്തി.

പിന്നീടുള്ള രണ്ട് കാരുണ്യയാത്രകളിലും ഒന്നര ലക്ഷത്തോളം രൂപ വീതം രണ്ട് രോഗികള്‍ക്ക് നല്‍കാന്‍ ഓട്ടോക്കൂട്ടത്തിന് കഴിഞ്ഞു.

“ആദ്യകാലങ്ങളിൽ ഞങ്ങളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് ചിലർ രംഗത്തു വന്നെങ്കിലും കാലക്രമേണ അവർക്ക് തന്നെ ബോധ്യമായി. എന്തെന്നാൽ ഒരു നേരത്തെ മരുന്നിനു പണമില്ലാതെ ബുദ്ധിമുട്ടുന്നവരെ അവർ നേരിട്ട് കണ്ടു മനസിലാക്കി കഴിഞ്ഞു,” എന്ന് ജിജോ.

നോർത്ത്  കലൂർ സ്റ്റാൻഡിലെ ഡ്രൈവർമാരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഓട്ടോക്കൂട്ടത്തിലേക്ക് അംഗത്വം അപേക്ഷിച്ചു മറ്റുള്ള സ്റ്റാന്റുകളിലെ ഓട്ടോ സഹോദരന്മാരും ഇന്ന് വരുന്നുണ്ട്.

“ഓട്ടോകൂട്ടത്തിന്‍റെ സേവനമേഖല കുറച്ചുകൂടി വ്യാപിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു. കാരണം പെട്ടിയിൽ വീഴുന്ന ഒരു രൂപ പോലും ഞങ്ങളെടുക്കില്ല. പെട്ടിയിലെത്ര പണം വീഴുന്നുവോ അത് മുഴുവനും അർഹതപ്പെട്ടവർക്ക് മാത്രം അവകാശപ്പെട്ടതാണ്,” ജിജോയുടെ ഉറച്ച വാക്കുകൾ.

എല്ലാവരുടെയും കുടുംബങ്ങളെങ്ങനെ, ഓട്ടോകൂട്ടത്തിന്‍റെ പ്രവർത്തനങ്ങളിൽ പിന്തുണക്കുന്നവരാണോ, ഞാന്‍ ചോദിച്ചു.

“അവരല്ലേ നമ്മുടെ ബലം. അമ്മയാണെങ്കിലും ഭാര്യ ആണെങ്കിലും മക്കളും ഒക്കെ കട്ടക്ക് കൂടെയുണ്ട്.” ഉത്തരം ഒരുമിച്ചായിരുന്നു.

കൊറോണ വൈറസ് ബാധ മറ്റെല്ലാ മേഖലകളെയും പോലെ ഓട്ടോക്കാരെയും ഏറെ കഷ്ടപ്പെടുത്തുന്നു. (രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് പോകുന്നതിന് മുന്‍പാണ് ദ് ബെറ്റര്‍ ഇന്‍ഡ്യ ഓട്ടോക്കൂട്ടത്തോട് സംസാരിക്കുന്നത്)

“ഓട്ടം ഇപ്പോൾ പൊതുവെ കുറവാണ്. ആളുകൾ പുറത്തിറങ്ങിയിട്ട് വേണ്ടേ,” ബാബു ചേട്ടന്‍റെ മുഖത്ത് നിരാശ.

“ന്നാലും നമ്മളെ പെട്ടിയിൽ ദിവസവും ഇരുപത് രൂപ വച്ച് ഇടും ഞങ്ങൾ. എന്തൊക്കെ ചെലവുകൾ നമ്മൾ ദിവസവും നേരിടുന്നു, അത് വെട്ടിക്കുറച്ചാണെങ്കിലും പെട്ടിയിൽ പണമിടുന്ന കാര്യത്തിൽ കോംപ്രമൈസ്‌ ഇല്ലാട്ടോ. ഞങ്ങളെ ആശ്രയിക്കുന്നവരെ ഓർത്തിട്ടാണെങ്കിലും ഒരു ദിവസം പോലും മടി പിടിച്ചിരിക്കാതെ ഞങ്ങൾ വണ്ടി ഓട്ടും,” നരകയറിയ മുടി തഴുകി ബാബു ചേട്ടൻ പറഞ്ഞു നിർത്തി.


ഇതുകൂടി വായിക്കാം: കയ്യിലൊരു ഒരു വടിയും വാക്കത്തിയും മനസ്സു നിറയെ കാടും… 16-ാം വയസ്സില്‍ നിഗൂഢമായ ‘നിശ്ശബ്ദ താഴ്വര’യില്‍ എത്തിപ്പെട്ട മാരി പറഞ്ഞ കഥകള്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം