മടങ്ങി വരാന്‍ അമ്മ അപേക്ഷിച്ചിട്ടും കൊറോണ ബാധിതരെ രക്ഷിക്കാന്‍ ചൈനയില്‍ തന്നെ തുടര്‍ന്ന ഇന്‍ഡ്യന്‍ ഡോക്റ്റര്‍

2019 അവസാനത്തോടെ കൊറോണ വൈറസ് ബാധയുടെ കേന്ദ്രമായി വുഹാന്‍ മാറി. വൈകാതെ ആ പ്രവിശ്യ മൊത്തത്തില്‍ ലോക്ക്-ഡൗണിലേക്ക് പോയി.

കൊറോണയെപ്പേടിച്ച് ലോകം വീട്ടിലേക്കൊതുങ്ങിയപ്പോള്‍ സ്വന്തം സുരക്ഷയെപ്പോലും കരുതാതെ ജനങ്ങളെ സഹായിക്കാന്‍ ഊണും ഉറക്കുവുപേക്ഷിച്ച് പാടുപെടുന്ന  ഒരു കൂട്ടരുണ്ട്… ആരോഗ്യപ്രവര്‍ത്തകരും അവരോടൊപ്പം നില്‍ക്കുന്നവരും.

അതിര്‍ത്തികളോ മറ്റ് പരിഗണനകളോ വകവെയ്ക്കാതെ അവര്‍ മനുഷ്യരെ രക്ഷിക്കാനുള്ള പരിശ്രമങ്ങളിലാണ്.

അങ്ങനെയൊരാളാണ് ഡോ. അമീഷ് വ്യാസ്.
മധ്യപ്രദേശില്‍ ജനിച്ച അദ്ദേഹം കുറേ വര്‍ഷങ്ങളായി ചൈനയിലാണ്. കൊറോണ നാശം വിതച്ച ഹാന്‍ജോ (Hangzhou)യില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി അദ്ദേഹം വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്.

നാട്ടിലേക്ക് മടങ്ങാനും പ്രശ്നങ്ങളെല്ലാം തീര്‍ന്നാല്‍ മടങ്ങാമല്ലോ എന്നുമുള്ള സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധങ്ങളെല്ലാം തള്ളിക്കൊണ്ട് അദ്ദേഹവും കുടുംബവും ചൈനയിലെ ജനങ്ങളെ സേവിക്കാന്‍ ഉറച്ച തീരുമാനമെടുത്തു.

ദ് ബെറ്റര്‍ ഇന്‍ഡ്യ അദ്ദേഹത്തിന്‍റെ സഹോദരി പാരുള്‍ വ്യാസുമായി സംസാരിച്ചു. അവര്‍ ഡോ. അമീഷിനെക്കുറിച്ചും ചൈനയിലെ സ്ഥിതിയും വിശദമായി പറഞ്ഞു.

ഡോ. അമീഷ് ചൈനയില്‍

“ഞങ്ങള്‍ ജനിച്ചുവളര്‍ന്നത് മധ്യപ്രദേശിലെ രത്‌ലാമിലാണ്. മെഡിസിന്‍ പഠിക്കാനായി 2007-ലാണ് അമീഷ് ഹാന്‍ജോവിലേക്ക് പോകുന്നത്. അവിടെത്തന്നെ മാസ്‌റ്റേഴ്‌സും പി എച്ച് ഡിയും ചെയ്തു. പ്ലാസ്റ്റിക് സര്‍ജറിയിലാണ് സ്‌പെഷ്യലൈസേഷന്‍. അതിന് ശേഷം ചൈനയില്‍ തന്നെ താമസിക്കാനാണ് അമീഷ് തീരുമാനിച്ചത്. ഇപ്പോള്‍ ഭാര്യയോടും കുഞ്ഞിനോടും ഭാര്യാമാതാവിനുമൊപ്പം ഹാന്‍ജോവില്‍ തന്നെയാണ് താമസം,” പാരുള്‍ അറിയിച്ചു.

2019 അവസാനത്തോടെ കൊറോണ വൈറസ് ബാധയുടെ കേന്ദ്രമായി വുഹാന്‍ മാറി. വൈകാതെ ആ പ്രവിശ്യ മൊത്തത്തില്‍ ലോക്ക്-ഡൗണിലേക്ക് പോയി.

“ഹാന്‍ജോയില്‍ ഒരുപാട് ദൂരമുണ്ട് വുഹാനിലേക്ക് (757 കിലോമീറ്റര്‍). ആരോഗ്യപ്രതിസന്ധിയെപ്പറ്റി അറിഞ്ഞ ഉടനെ അവിടെ പോയി ജനങ്ങളെ സഹായിക്കാന്‍ അമീഷ് താല്‍പര്യപ്പെട്ടു,” പാരുള്‍ തുടരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മെഡിക്കല്‍ കോളെജിലെ മേധാവികള്‍ അപകടകരമായ ആ യാത്രയില്‍ നിന്നും അദ്ദേഹത്തെ തടഞ്ഞു.

ഡോ. അമീഷ് വ്യാസ്

എന്നാല്‍ അധികം വൈകാതെ കൊറോണ വൈറസ് ഹാന്‍ജോവിലും എത്തി. അമീഷിന്‍റെ ഭാര്യയും ഡോക്റ്ററാണ്. ക്വാറന്‍റൈന്‍ ചെയ്യപ്പെട്ടവരെ ചികിത്സിക്കുന്ന പ്രദേശത്തെ മെഡിക്കല്‍ കേന്ദ്രത്തിലെ കാംപില്‍ ജോലിയെടുക്കാന്‍ തയ്യാറായി ഇരുവരും മുന്നോട്ടുവന്നു. അന്നുമുതല്‍ അവര്‍ അവിടെ വിശ്രമമില്ലാതെ ജോലിയെടുക്കുകയാണ്.

മാസ്‌കുകള്‍ക്ക് ക്ഷാമം വന്നപ്പോള്‍ സ്വന്തം തുണികൊണ്ട് മാസ്‌കുണ്ടാക്കി ഉപയോഗിക്കേണ്ടി വന്നു. രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലായിരുന്നു അവര്‍.

“ക്ഷാമം നേരിടുന്നവര്‍ക്ക് വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ നല്‍കി സഹായിക്കാനും അമീഷ് തയ്യാറായി. ലോക്ക്ഡൗണ്‍ കാരണം ഒരു വീട്ടിലെ ഒരാള്‍ക്ക് മാത്രമേ പുറത്തുപോയി ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ, അതും രണ്ടുദിവസത്തില്‍ ഒരിക്കല്‍ മാത്രം. അതിനും ഒരുപാട് സുരക്ഷാനടപടികള്‍ സ്വീകരിക്കണം. ഈ പ്രതിസന്ധിയില്‍ മറ്റുള്ളവരെ സഹായിക്കാനും അമീഷ് മുന്നോട്ടുവന്നു,” പാരുള്‍ വെളിപ്പെടുത്തി.

ചൈനയില്‍ കൊറോണ വൈറസ് ബാധ നാശം വിതയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ കേട്ട് രത്‌ലാമിലെ വീട്ടില്‍ അമീഷിന്‍റെ അമ്മയ്ക്ക് ആധിയായി. മഹാമാരിയുടെ നടുക്കുപെട്ടുപോയ മകനെയും കുടുംബത്തേയും കുറിച്ച് ആലോചിച്ച് അവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു.

“ഏതൊരമ്മയേയും പോലെ നാട്ടിലേക്ക് തിരിച്ചുപോരണമെന്നും എല്ലാമൊന്നടങ്ങിയതിന് ശേഷം ചൈനയിലേക്ക് മടങ്ങാമെന്നും അമ്മ അമീഷിനോട് അപേക്ഷിച്ചു. എന്നാല്‍ അവിടെത്തന്നെ തുടരാനും ജനങ്ങളെ സേവിക്കാനുമായിരുന്നു അവന്‍റെ തീരുമാനം,” പാരുള്‍ അഭിമാനത്തോടെ പറയുന്നു.

വിവരങ്ങളറിയാന്‍ ഫോണിലും വീഡിയോ കോളിലുമായി കുടുംബാംഗങ്ങള്‍ അമീഷിനെ ഇടയ്ക്കിടെ ബന്ധപ്പെടും.

“ഈയടുത്ത് വിളിച്ചപ്പോള്‍ അവിടെ കാര്യങ്ങള്‍ മെച്ചപ്പെടുകയാണെന്നും പുതിയ കേസുകളൊന്നും വരുന്നില്ലെന്നും അമീഷ് സന്തോഷത്തോടെ പറഞ്ഞു. ചികിത്സയിലുണ്ടായിരുന്നവരുടെ സ്ഥിതിയും മെച്ചപ്പെട്ടുവരുന്നു എന്നും അറിയിച്ചു.”

കുറച്ചുദിവസം മുന്‍പ് ഹാന്‍ജോവിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. സ്ഥിതിഗതികള്‍ പതിയെ സാധാരണ നിലയിലേക്ക് വരികയാണ്. എന്നാല്‍ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ഇപ്പോഴും കൊറോണ ബാധ ശമനമില്ലാതെ തുടരുകയാണ്. അമീഷ് വ്യാസിനെപ്പോലെയുള്ള ഡോക്റ്റര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്.
ഭയപ്പെടാതെ, ശാന്തരായി പരമാവധി ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം