ഈ ലോക്ക് ഡൗണ്‍ കാലത്ത് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കേടായാലോ..?
ശരിക്കും ‘ലോക്കാ’യതുതന്നെ. മൊബൈല്‍ സര്‍വീസ് സെന്‍ററുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലല്ലോ.
വീട്ടിലിരിക്കുന്ന നമ്മുടെ കാര്യം പിന്നെയും പോട്ടേന്ന് വെയ്ക്കാം. എന്നാല്‍ ഈ സമയത്ത് പൊലീസുകാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും മൊബൈല്‍ ഫോണ്‍ കേടായാലോ?
കോഴിക്കോട്ടുകാരന്‍ ഉനൈസിനെ വിളിച്ചാല്‍ മതി. ഇവര്‍ക്കാണ് മുന്‍ഗണനയെങ്കിലും പൊതുജനങ്ങളുടെ ഫോണ്‍ കേടായാലും ഉനൈസ് സൗജന്യമായി നന്നാക്കി കൊടുക്കും.
മാസ്ക് വച്ച്, കൈകളില്‍ ഗ്ലൗസും ധരിച്ച് സാനിറ്റൈസറുമായി ഉനൈസ് അരികിലെത്തും. ഒരു മണിക്കൂര്‍ നേരം മാത്രം. വീട്ടില്‍ കൊണ്ടുപോയി ഫോണ്‍ നന്നാക്കി തിരികെ കൈയില്‍ കൊണ്ടു തരും.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com
പക്ഷേ, ഉനൈസിന്‍റെ സേവനം കേരളത്തില്‍ എല്ലായിടത്തും ഇല്ലട്ടോ… ഇതൊരൊരു ഒറ്റയാള്‍ പോരാട്ടമല്ലേ.
പേരാമ്പ്രയില്‍ ആല്‍ഫ ടെക്ക് മൊബൈല്‍ സര്‍വീസ് സെന്‍റര്‍ നടത്തുന്ന കിഴക്കന്‍ പേരാമ്പ്ര ആശാരിക്കണ്ടി ഉനൈസ് ആണ് ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ മൊബൈല്‍ സര്‍വീസ് ചെയ്തു നല്‍കുന്നത്.
ഇങ്ങനെയൊരു സാഹചര്യത്തില്‍ മറ്റാരെക്കാളും ഫോണ്‍ സൗകര്യം വേണ്ടവരാണ് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമൊക്കെ.
ഇവര്‍ക്ക് വേണ്ടിയാണ് കൊറോണക്കാലത്തെ ഉനൈസിന്‍റെ സൗജന്യ സേവനം. പൊതുജനങ്ങള്‍ക്കും സൗജന്യം തന്നെയാണ്.
“പക്ഷേ ദൂരേ നിന്നൊക്കെ വിളിച്ചാല്‍ എനിക്ക് വന്നു ഫോണ്‍ നന്നാക്കി തരാന്‍ പറ്റില്ലാട്ടോ…
പേരാമ്പ്രയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഞാന്‍ വരും. അതിപ്പോ ഏതു നേരത്താണെങ്കിലും വന്നു ഫോണ്‍ വാങ്ങും.
“ഒരു മണിക്കൂറിനുള്ളില്‍ ഫോണ്‍ നന്നാക്കി ഉടമസ്ഥരുടെ കൈകളിലെത്തിക്കുകയും ചെയ്യും,” വീട്ടിലൊരുക്കിയ സര്‍വീസ് സെന്‍ററിലിരുന്നു 25-കാരനായ ഉനൈസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“പേരാമ്പ്ര, പയ്യോളി ഭാഗങ്ങളിലുള്ളവരുടെ മൊബൈല്‍ ഫോണുകളാണ് നന്നാക്കി കൊടുക്കുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ച ദിവസം തന്നെ സര്‍വീസ് സെന്‍ററില്‍ നിന്നു റിപ്പയറിങ്ങിനുള്ള ടൂള്‍സും മറ്റും വീട്ടിലേക്ക് മാറ്റിയിരുന്നു.
“വീട്ടിലെ ഒരു മുറിയില്‍ എല്ലാ സൗകര്യങ്ങളൊരുമൊരുക്കി. സര്‍വീസ് സെന്‍ററില്‍ ജോലി ചെയ്യുന്ന പോലെ വീട്ടിലിരുന്നു ചെയ്യുന്നു. പേരാമ്പ്രയിലാണ് ആല്‍ഫ ടെക്ക്. രണ്ട് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.
“ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് മാറ്റിയെങ്കിലും അവരിപ്പോ വരുന്നില്ല. യാത്ര ചെയ്തു വരണമല്ലോ. അവരുടെ സുരക്ഷ കൂടി നോക്കണമല്ലോ.
“എന്‍റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് എന്തെങ്കിലും ചെയ്യാന്‍ പറ്റോ? ഞാനൊരു മൊബൈല്‍ ടെക്നീഷ്യനാണെന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ. നന്നാക്കുന്നതിനുള്ള ടൂള്‍സ് എല്ലാം സര്‍വീസ് സെന്‍ററില്‍ ആയിരിക്കുമല്ലോ. …
“ഇങ്ങനെയുള്ള തോന്നലുകളാണ് വീട്ടിലെ മുറിയില്‍ സര്‍വീസ് സെന്‍ററൊരുക്കാന്‍ പ്രേരിപ്പിച്ചത്. പരിചയമുള്ള ചിലരൊക്കെ ഫോണ്‍ കേടായി, നന്നാക്കുമോ എന്നു പറഞ്ഞു വിളിച്ചു ചോദിച്ചിരുന്നു.
“കൂട്ടത്തില്‍ പൊലീസുകാരും വിളിച്ചിരുന്നു. അവര്‍ക്കൊക്കെ നന്നാക്കി കൊടുത്തതോടെ കൂടുതല്‍ ആളുകള്‍ അറിഞ്ഞ് വിളിക്കുകയായിരുന്നു. അങ്ങനെ വീട്ടില്‍ തന്നെ സര്‍വീസ് സെന്‍ററൊരുക്കി.
“കൊറോണ കാലത്ത് ആരെയും വീട്ടിലേക്ക് വരുത്തേണ്ട എന്ന തീരുമാനത്തിലാണ് കസ്റ്റമറുടെ സമീപത്തേക്ക് ഞാന്‍ തന്നെ പോകാന്‍ തീരുമാനിച്ചത്,” എന്നും ഉനൈസ് പറയുന്നു.
ആര്‍ക്കും എപ്പോ വേണമെങ്കിലും വിളിക്കാം. പ്രത്യേക സമയം ഒന്നുമില്ല. ലോക്ക് ഡൗണിലെ സമയം മുഴുവനും ഇതിനു വേണ്ടിയുള്ളതാണ് എന്ന് ഉനൈസ് കൂട്ടിച്ചേര്‍ക്കുന്നു.
കൃത്യമായ മുന്‍കരുതലുകളോടെയാണ് ഉനൈസ് ഫോണ്‍ നന്നാക്കാന്‍ വീട്ടില്‍ നിന്നിറങ്ങുന്നത്. കൈയുറകളും സാനിറ്റൈസറും മാസ്കും എല്ലാം ബൈക്കില്‍ സൂക്ഷിച്ചിട്ടുണ്ട്. മാസ്ക് വയ്ക്കാതെ വീട്ടില്‍ നിന്നിറങ്ങില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
“സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ മാത്രമല്ല മൊബൈല്‍ ഫോണും തുടയ്ക്കും. അതിനു ശേഷമേ ഫോണ്‍ കൈയിലേക്ക് വാങ്ങൂ.
“ചിലപ്പോ സാനിറ്റൈസര്‍ ഉപയോഗിച്ച് തുടക്കുന്നതു കൊണ്ട് നിറം മങ്ങാന്‍ സാധ്യതയുണ്ട്ട്ടോ എന്നു പറയും. (സാനിറ്റൈസറില്‍ ആല്‍ക്കഹോള്‍ കണ്ടന്‍റ് കൂടുതലായത് കൊണ്ടാണിത്.) പക്ഷേ സാനിറ്റൈസര്‍ ഉപയോഗിക്കാതെ ആരോടും ഫോണ്‍ വാങ്ങുകയുമില്ല.
“വേറൊന്നും കൊണ്ടല്ല എന്നില്‍ നിന്നു ആര്‍ക്കും അസുഖം വരരുത്. നമ്മുക്ക് വന്നാലും സഹിക്കാം. മറ്റാര്‍ക്കും ഞാന്‍ കാരണം ബുദ്ധിമുട്ടുണ്ടാകരുത്.
ഇത്രയും ദിവസം കൊണ്ട് 50-ല്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ നന്നാക്കി കൊടുത്തിട്ടുണ്ട്.
“ആരോഗ്യമേഖലയിലുള്ളവരും പൊലീസുകാരും പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാരുമൊക്കെയാണ് കൂടുതലും ഫോണ്‍ നന്നാക്കാന്‍ തന്നത്. പിന്നെ അവര്‍ക്ക് പ്രാധാന്യം കൊടുക്കുന്നുമുണ്ട്.
“കൂട്ടത്തില്‍ പൊലീസുകാരാണ് കൂടുതലും ഫോണ്‍ കേടായെന്നു പറഞ്ഞു വിളിക്കുന്നവരിലേറെയും.
“കൊറോണയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായാണ് ഫോണ്‍ നന്നാക്കി കൊടുക്കുന്നത്. പൊതുജനങ്ങള്‍ക്കും സൗജന്യം തന്നെയാണ്. പക്ഷേ ഫോണിന്‍റെ കേട് പരിഹരിക്കാന്‍ സ്പെയര്‍ പാര്‍ട്സ് എന്തെങ്കിലും വേണ്ടി വന്നാല്‍ ആ സാധനത്തിന്‍റെ കാശ് മാത്രം അവരില്‍ നിന്നു വാങ്ങും.
ഫോണ്‍ നന്നാക്കുന്നതിനോ പോയി വാങ്ങിയതിന്‍റെ പേരിലോ പ്രത്യേകിച്ച് കാശൊന്നും വാങ്ങില്ല.
“ഏതാനും ദിവസം മുന്‍പാണ് എന്‍റെ മൊബൈല്‍ ഫോണ്‍ കേടാകുന്നത്.” പയ്യോളിക്കാരനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ശിവദാസന്‍ പറയുന്നു.
“ഉനൈസിനെക്കുറിച്ച് അറിഞ്ഞപ്പോ ഉടന്‍ ആളെ വിളിച്ചു കാര്യം പറഞ്ഞു. അധികം വൈകാതെ ഉനൈസ് എന്‍റെയടുത്ത് വന്നു. അതേ വേഗത്തില്‍ ഫോണ്‍ നന്നാക്കി തിരികെ തരുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
ഉനൈസിന് പിന്തുണയുമായി പൊലീസും ഒപ്പമുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ‘അര്‍ജന്‍റ് മൊബൈല്‍ സര്‍വീസ്’ എന്ന പേരില്‍ പ്രത്യേക യാത്രാ പാസും പൊലീസ് നല്‍കിയിട്ടുണ്ട്.
ഇതുകൂടി വായിക്കാം:കൊറോണയെത്തടയാന്‍ റോഡും വാഹനങ്ങളും അണുനാശിനി കൊണ്ട് കഴുകി മീന്‍ കച്ചവടക്കാരന്‍: “തിരികെക്കിട്ടിയ ഈ ജന്മം ഇനി നാടിന് വേണ്ടിയാണ്”
ഇതിനൊപ്പം കൂത്താളി പഞ്ചായത്തിലുള്ളവര്‍ക്ക് മരുന്നു വാങ്ങിയും നല്‍കുന്നുണ്ട് ഉനൈസ്. മരുന്ന് ആവശ്യമുള്ളവര്‍ ഡോക്റ്ററുടെ കുറിപ്പടി ഉനൈസിന് കൊടുത്താല്‍ മതി. മരുന്നിന്‍റെ കാശ് മാത്രം ഇദ്ദേഹത്തിന് കൊടുത്താല്‍ മതി. ഇതിന് പഞ്ചായത്തിന്‍റെ പാസ് നല്‍കിയിട്ടുണ്ട്.
“വീടിന് പുറത്തിറങ്ങാന്‍ പറ്റുന്ന ഞാന്‍ എന്തെങ്കിലുമൊക്കെ ആള്‍ക്കാര്‍ക്ക് വേണ്ടി ചെയ്യണമല്ലോ. അതിനിപ്പോ എനിക്ക് കാശ് ചെലവായാലും കുഴപ്പമില്ല,” ഉനൈസ് തുടരുന്നു.
“കസിനും അയല്‍ക്കാരനുമൊക്കെയായ ദില്‍ഷാദ് എന്ന അനിയനാണ് ഇക്കാര്യങ്ങള്‍ക്കൊപ്പം കൂട്ടിനുള്ളത്. അവന്‍ പക്ഷേ വീട്ടില്‍ തന്നെയിരിക്കും. പുറത്തേക്കിറങ്ങാന്‍ പാസ് എനിക്ക് മാത്രമേയുള്ളൂ.
“കുഞ്ഞാമിയെന്നാണ് ഉമ്മയുടെ പേര്, അബ്ദുല്‍ സലാമാണ് വാപ്പ.
കൊറോണ കാലത്ത് ഞാനിങ്ങനെയൊക്കെ ചെയ്യുന്നതില്‍ വീട്ടുകാര്‍ക്ക് ചെറിയൊരു പേടിയുണ്ട്… ഒറ്റ മോനാണ്.
“ദൂരേ പോകുമ്പോ വീട്ടില്‍ പറയില്ല. തിരികെയെത്തിയ ശേഷമേ എവിടെയാ പോയതെന്നൊക്കെ വീട്ടുകാരോട് പറയുന്നത്,” ഉനൈസ് പറഞ്ഞു.
മലപ്പുറത്തെ ബ്രിഡ്കോയില്‍ നിന്നു 2011-ല്‍ മൊബൈല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയതാണ് ഈ ചെറുപ്പക്കാരന്‍. സാംസങ്, ലാവ, മൈക്രോമാക്സ് ഇവിടങ്ങളിലൊക്കെ വര്‍ക് ചെയ്തിട്ടുണ്ട്. നാലു വര്‍ഷം മുന്‍പാണ് ആല്‍ഫ ആരംഭിച്ചത്.
“കൊറോണക്കാലത്ത് രക്തം ദാനം ചെയ്യാനും സാധിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ രക്തം കൊടുത്തത്. രാവിലെ ആറു മണിയോടെ വീട്ടില്‍ നിന്നിറങ്ങി, ഒമ്പത് മണി കഴിഞ്ഞപ്പോഴേക്കും രക്തമൊക്കെ കൊടുത്ത് തിരികെയെത്തി.
“ആരും വീടിന് പുറത്ത് ഇറങ്ങുന്നില്ലല്ലോ. രക്തം ദാനം ചെയ്യുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. മൗസും ഗ്ലൗസുമൊക്കെ ധരിച്ചാണ് പോയത്,” അദ്ദേഹം പറഞ്ഞു.
ഉനൈസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒരു പാട് പേര്‍ക്ക് സഹായമാകുന്നുണ്ടെന്ന് പേരാമ്പ്ര സിഐ രാജേഷ് പറയുന്നു. കൊറോണ ബാധിച്ചിരിക്കുന്ന ഈ ദിവസങ്ങളില്‍ ഫോണ്‍ കേടായെന്നു പറഞ്ഞു മൊബൈല്‍ സര്‍വീസ് സെന്‍ററുകള്‍ അന്വേഷിച്ച് ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങില്ലല്ലോ.
“ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉനൈസ് വളരെ നല്ല കാര്യമാണ് ചെയ്യുന്നത്. പ്രോട്ടോകോള്‍ പാലിച്ചാണ് ഉനൈസ് പ്രവര്‍ത്തിക്കുന്നത്. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും ഇദ്ദേഹം പാലിക്കുന്നുണ്ടെന്നും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉനൈസിന്‍റെ ഫോണ്‍ നമ്പര്‍: 9061443768
ഇതുകൂടി വായിക്കാം: കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തില്‍ ഊണും ഉറക്കവുമുപേക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അനുഭവങ്ങള്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.