ഓട്ടോയില്‍ അടുക്കളയും ബാത്ത് ടബ്ബും ബെഡ്ഡും ടോയ്‌ലെറ്റുമുള്ള കാരവാന്‍ ഒരുക്കി യുവ ആര്‍കിടെക്റ്റ്

ഒരു ലക്ഷം രൂപയ്ക്കാണ് (ഓട്ടോറിക്ഷയുടെ വില ഇതില്‍ ഉള്‍പ്പെടുന്നില്ല) ഈ കുഞ്ഞന്‍ പോര്‍ട്ടബിള്‍ വീട് തയ്യാറാക്കിയിരിക്കുന്നത്.

ചെന്നൈയിലെ ആര്‍കിടെക്ചര്‍ പഠനകാലത്ത് എന്‍ ജി അരുണ്‍ പ്രഭു (23) ചേരിപ്രദേശങ്ങളിലെ വീടുകളെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു.

അവിടെയുള്ള വീടുകളില്‍ ഉള്ള സ്ഥലം കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ പ്രയോജനപ്പെടുത്താനാവുമെന്ന് ആ വിദ്യാര്‍ത്ഥിക്ക് തോന്നി. നാലും അഞ്ചും ലക്ഷം രൂപയൊക്കെ വീടുണ്ടാക്കാന്‍ ചെലവഴിക്കുമെങ്കിലും പലപ്പോഴും അതില്‍ ടോയ്‌ലെറ്റ് പോലും ഉണ്ടാവില്ല.

“ചെന്നൈയിലേയും മുംബൈയിലേയും ചേരികളിലെ വീടുകളെപ്പറ്റി ഞാന്‍ പഠിച്ചു. നല്ല പോലെ ഡിസൈന്‍ ചെയ്താല്‍ ഈ ചെറിയ വീടുകളിലും ടോയ്‌ലെറ്റുകളും ബെഡ്‌റൂമുകളുമൊക്കെ ഒരുക്കി കൂടുതല്‍ സൗകര്യമുള്ളതാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നി,” അരുണ്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

അരുണ്‍ പ്രഭു

ആര്‍കിടെക്ചറില്‍ ഡിഗ്രി നേടിയശേഷം ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കീശയിലൊതുങ്ങുന്ന താമസസ്ഥലങ്ങള്‍ ഒരുക്കാന്‍ സ്വന്തം നിലയ്ക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അരുണ്‍. ഒപ്പം, ഒരു ഓട്ടോറിക്ഷയില്‍ ഒരു കുഞ്ഞ് വീടും സെറ്റ് ചെയ്തു.

ഒരു ലക്ഷം രൂപയ്ക്കാണ് (ഓട്ടോറിക്ഷയുടെ വില ഇതില്‍ ഉള്‍പ്പെടുന്നില്ല) ഈ കുഞ്ഞന്‍ പോര്‍ട്ടബിള്‍ വീട് തയ്യാറാക്കിയിരിക്കുന്നത്. 36 സ്‌ക്വയര്‍ ഫീറ്റ് പോര്‍ട്ടബിള്‍ വീടിന് ‘സോളോ.01’ രണ്ട് പേര്‍ക്ക് താമസിച്ച് യാത്ര ചെയ്യാവുന്ന വിധത്തിലാണെന്ന് അരുണ്‍ പറയുന്നു.

“കുറഞ്ഞ സ്ഥലം എങ്ങനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താമെന്ന് ആളുകള്‍ക്ക് കാണിച്ചുകൊടുക്കുക എന്നതുകൂടിയാണ് എന്‍റെ ലക്ഷ്യം. ഇത് പോര്‍ട്ടബിള്‍ ആയതുകൊണ്ട് നിര്‍മ്മാണത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് താമസിക്കാനായി നിര്‍മ്മിക്കുന്ന വീടുകള്‍ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി നിര്‍മ്മിക്കാന്‍ ഈ ഡിസൈന്‍ പ്രചോദനമാകുമെന്നും കരുതുന്നു. ഒപ്പം, പ്രകൃതിദുരന്തങ്ങള്‍ നേരിടുന്ന സമയത്ത് താമസമൊരുക്കാന്‍ ഇത്തരം ഡിസൈന്‍ പ്രയോജനപ്പെടുത്താം,” അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

മുകളില്‍ ലൗഞ്ചും വാട്ടര്‍ ടാങ്കുമൊക്കെയുണ്ട് (Source: Arun Prabhu)

ലോറികളുടെ ബോഡി ബില്‍ഡിങ്ങിനും കോഴിഫാമുകള്‍ക്കും പ്രശസ്തമായ നാമക്കല്‍ (തമിഴ് നാട്) ആണ് അരുണിന്‍റെ നാട്. ആര്‍ട്ടും ഡിസൈനും ചെറുപ്പം മുതല്‍ തന്നെ ഇഷ്ടപ്പെട്ട മേഖലകളായിരുന്നു.

പക്ഷേ, എന്തുകൊണ്ടാണ് ഈ പോര്‍ട്ടബിള്‍ വീടുണ്ടാക്കാന്‍ ഓട്ടോറിക്ഷ തെരഞ്ഞെടുത്തത്?

“ഇത് വെറും 6 x6 അടിയില്‍ സഞ്ചരിക്കുന്ന ഒരു വീടിന്‍റെ ഡിസൈന്‍ ആണ്. ത്രീവീലര്‍ ഓട്ടോയുടെ പുറകില്‍ ഊരി മാറ്റാവുന്ന തരത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍, കലാകാരന്‍മാര്‍ മുതല്‍ വീടില്ലാത്തവര്‍ക്കും ചെറിയ കച്ചവടക്കാര്‍ക്കുമൊക്കെ ഇത് പലവിധത്തില്‍ പരീക്ഷിക്കാം. താമസസ്ഥലമായും കൊമേഴ്‌സ്യല്‍ സ്‌പേസായും ഇത് പ്രയോജനപ്പെടുത്താം,” അരുണ്‍ വിശദമാക്കുന്നു.

ഓട്ടോയില്‍ ഒരു കാരവാന്‍ (Source: Arun Prabhu)

“അടുക്കള, ബാത്ത് ടബ്, ടോയ്‌ലെറ്റ്, ലിവിങ് ഏരിയ എന്നിവ ഒരു ലെവലില്‍. മൂന്നര അടി ഉയരത്തില്‍ ഒരു തട്ടില്‍ കിടക്കാനുള്ള സ്ഥലം, വര്‍ക്ക് സ്‌പേസ് എന്നിവയുമുണ്ട്. മുകളില്‍ സോളാര്‍ പാനലും (600W), 250 ലിറ്റര്‍ കൊള്ളുന്ന വാട്ടര്‍ ടാങ്ക്, ലൗഞ്ച്, അതിന് മുകളില്‍ തണല്‍ നല്‍കുന്ന ഒരു കുട…ഇതെല്ലാം കൂടി നല്ല ഭാരം വരും. പക്ഷേ, ഭാരം തുല്യമായി ബാലന്‍സ് ചെയ്തിട്ടുണ്ട്.”

ആക്രി വസ്തുക്കള്‍ ഉപയോഗിച്ച് അഞ്ച് മാസം കൊണ്ടാണ് അരുണ്‍ ഇതിന്‍റെ പണി പൂര്‍ത്തിയാക്കിയത്. 2019 ആഗസ്തിലാണ് പണി തുടങ്ങിയത്.

ബസുകളുടെയും മറ്റും പഴയ ബോഡി പാര്‍ട്ടുകളും പൊളിച്ച കെട്ടിടങ്ങളുടെ ആക്രി വസ്തുക്കളുമൊക്കെ ഇതുണ്ടാക്കാന്‍ ആയി പ്രയോജനപ്പെടുത്തി.
പഴയ സാധനങ്ങളുടെ ആയുസ്സ് കൂട്ടാന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അതിനാല്‍ ഈ വീടിന്‍റെ ആയുസ്സിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അരുണ്‍ ഉറപ്പുനല്‍കുന്നു.

അരുണ്‍ തയ്യാറാക്കിയ കാരവാന്‍റെ ഉള്‍ വശം. (Source: Arun Prabhu)

അകത്തെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം നല്ല വായുസഞ്ചാരവും ഉറപ്പുവരുത്തിയിരിക്കുന്നു. ആറ് ബോള്‍ട്ടുകള്‍കൊണ്ടാണ് ഓട്ടോയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് എളുപ്പത്തില്‍ ഊരിമാറ്റാം.

“ഒരു ഓട്ടോയില്‍ ഫിറ്റ് ചെയ്യാമെങ്കില്‍ മറ്റേതൊരു വണ്ടിയിലും ഇതുപോലെ ചെയ്യാം,” അരുണ്‍ പറയുന്നു.

ഇതുപോലെ കുറഞ്ഞ സ്ഥലം കൂടുതല്‍ നന്നായി പ്രയോജനപ്പെടുത്താവുന്ന നാല് പ്രോജക്ടുകളുമായി തിരക്കിലാണ് അരുണും അദ്ദേഹത്തിന്‍റെ ദ് ബില്‍ബോര്‍ഡ്‌സ് കളക്ടീവ് എന്ന ആര്‍കിടെക്ചര്‍ സ്ഥാപനവും. 2018-ലാണ് ഇത് ആരംഭിക്കുന്നത്.

ഓട്ടോയില്‍ ഫിറ്റ് ചെയ്തിരിക്കുന്ന ഈ പോര്‍ട്ടബിള്‍ കാരവാന്‍ ഡിസൈന് പേറ്റന്റിനായി അപേക്ഷിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

അരുണ്‍ പ്രഭുവിനെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യാം: The BillBoards Collective

ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം