വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ് 

പരിസ്ഥിതി സൗഹൃദ നിര്‍മ്മാണരംഗത്ത് പുതിയ പരീക്ഷണങ്ങളുമായി വിനു ഡാനിയേല്‍

വിനു ഡാനിയേല്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ അബുദബിയിലാണ്. പാട്ടുകാരനാവണംം എന്നതായിരുന്നു ചെറുപ്പം മുതലേ ആഗ്രഹം.

പക്ഷേ, മാതാപിതാക്കള്‍ക്ക് മകന്‍ എന്‍ജിനീയറിങ്ങോ മെഡിസിനോ ചെയ്യണം എന്ന ആഗ്രഹം. അങ്ങനെ അബുദബിയിലെ സ്‌കൂള്‍ പഠനകാലത്തിന് ശേഷം വിനു കേരളത്തിലേക്ക് വന്നു. മെഡിക്കല്‍-എന്‍ജിനീയറിങ്ങ് എന്‍ട്രന്‍സും കോച്ചിങ്ങുമൊക്കെയായി… അങ്ങനെ തിരുവനന്തപുരം കോളെജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ആര്‍കിടെക്ചര്‍ പഠിക്കാന്‍ ചേരുന്നു.

വിനു ഡാനിയേല്‍. ഫോട്ടോ: Wallmakers

ഒട്ടും ആഗ്രഹിക്കാതെ വന്നുപെട്ടതാണെങ്കിലും മനസ്സിലൊരു ചിത്രമുണ്ടായിരുന്നു, ആര്‍കിടെക്ചറിനെപ്പറ്റി. “ഇതൊരു ക്രിയേറ്റീവ് സ്‌പേയ്‌സ് ആണെന്ന ചിന്തയിലാണ് ഞാന്‍ ആര്‍കിടെക്ചര്‍ തെരഞ്ഞെടുക്കുന്നത്,” വിനു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് മനസ്സുതുറന്നു.


ആര്‍കിടെക്ചര്‍ പഠനത്തിന്‍റെ നാലാം വര്‍ഷത്തില്‍ വിനു ഡാനിയേല്‍ ലാറി ബേക്കറെ കണ്ടുമുട്ടി.


“എനിക്ക് എന്നെത്തന്നെ ആവിഷ്‌കരിക്കാന്‍ കഴിയുന്ന ഒരിടമായിരിക്കും അതെന്നായിരുന്നു വിചാരം. എന്നാല്‍ എന്നെക്കാത്തിരിക്കുന്നത് എന്താണെന്ന് യാതൊരു ധാരണയുമില്ലായിരുന്നു. ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ (കോഴ്‌സ് തുടങ്ങിയതിന് ശേഷം) പരമ്പരാഗതമായ ആര്‍കിടെക്ചര്‍ പഠനരീതികള്‍ എന്നെ വല്ലാതെ മടുപ്പിച്ചു. അതിനോട് പൊരുത്തപ്പെട്ടുപോവുകയെന്നത് വലിയ പാടായിരുന്നു. ആര്‍കിടെക്ടിന്‍റെ ഈഗോയെ തൃപ്തിപ്പെടുത്താനുള്ള ഒന്നായി മാത്രം ആര്‍ക്കിടെക്ചര്‍ മാറിപ്പോയെന്ന് എനിക്ക് തോന്നി.”

ഈ തോന്നല്‍ വിനുവിന് മാത്രമല്ല, പല ആര്‍കിടെക്ട്സും ഈ ചിന്ത പങ്കുവെയ്ക്കും.

ആദ്യത്തെ ഓര്‍ഡര്‍ മതില്‍ കെട്ടാനായിരുന്നു. അങ്ങനെ വിനുവിന്‍റെ സ്ഥാപനത്തിന് വാള്‍മേക്കേഴ്സ എന്ന പേരുവന്നു. ഫോട്ടോ: Wallmakers

പലപ്പോഴും പണത്തിന്‍റെയും പ്രകൃതിവിഭവങ്ങളുടെയും ധൂര്‍ത്ത്… അമിതമായി സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍… വീടുകളും കെട്ടിടങ്ങളും ധൂര്‍ത്തിന്‍റെ കൂടി പര്യായമായി മാറുന്നതിനെക്കുറിച്ച് വിഷമിക്കുന്നവര്‍ കുറവല്ല.

ഇങ്ങനെയുള്ള ആകുലതകള്‍ മനസിലിട്ട് നടക്കുമ്പോഴാണ്, ആര്‍കിടെക്ചര്‍ പഠനത്തിന്‍റെ നാലാം വര്‍ഷത്തില്‍ വിനു ഡാനിയേല്‍ ലാറി ബേക്കറെ അവിചാരിതമായി കണ്ടുമുട്ടുന്നത്. വല്ലാതെ മടുത്തുതുടങ്ങിയിരുന്നു ആര്‍കിടെക്ചര്‍ പഠനം. എന്നാല്‍ വാസ്തുകലയിലെ ഗാന്ധി എന്ന് ആദരവോടെ വിളിക്കപ്പെട്ട ഋഷിയെപ്പോലുള്ള ആ മനുഷ്യനുമായുള്ള കണ്ടുമുട്ടലിന് ശേഷം വിനു വാസ്തുവിദ്യയെ ശരിക്കും പ്രണയിക്കാന്‍ തുടങ്ങി.

ലാറി ബേക്കര്‍. ഫോട്ടോ: വിക്കിപീഡിയ

കെട്ടിടങ്ങള്‍ക്ക് എങ്ങനെ പൂര്‍ണമായും പ്രകൃതിയോടിണങ്ങി നില്‍ക്കാന്‍ കഴിയുമെന്നും വിഭവങ്ങളുടെ അനാവശ്യ ധൂര്‍ത്ത് എങ്ങനെ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞുതന്നു. ഗാന്ധിജിയുമായി അദ്ദേഹത്തിന്‍റെ കൂടിക്കാഴ്ചയെക്കുറിച്ച് ബേക്കര്‍ അന്ന് പറഞ്ഞത് വിനു ഇപ്പോഴും ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കുന്നു.


ഇതുകൂടി വായിക്കാം: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’


സാധാരണക്കാര്‍ക്കുവേണ്ടി, ഒരു കൂര ആവശ്യമുള്ളവര്‍ക്കുവേണ്ടി…ഗ്രാമങ്ങളിലും നഗരങ്ങളിലെ ഇടുങ്ങിയ മൂലകളിലും കഴിയേണ്ടി വരുന്നവര്‍ക്കും വേണ്ടിയാണ്  താന്‍ കെട്ടിടങ്ങള്‍ പണിയേണ്ടതെന്ന ബോധ്യം ഉണ്ടായത് ഗാന്ധിജിയുടെ സ്വാധീനഫലമായാണെന്ന് ലാറി ബേക്കര്‍ എഴുതിയിരുന്നു.

ഗാന്ധിയുടെ ഒരു വാചകം എന്നെ ആഴത്തില്‍ സ്വാധീനിച്ചു, ബേക്കര്‍ എഴുതി. ഒരു ഗ്രാമത്തിലെ നല്ല വീട് അതിന്‍റെ നാല് മൈല്‍ ചുറ്റുവട്ടത്തു നിന്നുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതായിരിക്കും എന്നതായിരുന്നു അത്.

ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക് മീറ്ററുകളും ചിരട്ടയുമൊക്കെ വിനുവിന് നിര്‍മ്മാണ വസ്തുക്കളാണ്. ബിജു മാത്യുവിനുവേണ്ടി വിനു നിര്‍മ്മിച്ച വീട്. ഫോട്ടോ: Wallmakers

ആ വാക്കുകള്‍ വിനുവിന്‍റെ മനസ്സിലും പതിഞ്ഞു.
നഗരങ്ങളില്‍ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ അതില്‍ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും പരമാവധി ഉപയോഗിച്ചാല്‍ അത് ദശലക്ഷക്കണക്കിന് പേര്‍ക്ക് പ്രയോജനപ്പെടും, പ്രകൃതിക്കുമേലുള്ള ഭാരം കുറയുകയും ചെയ്യും, വിനു പറയുന്നു.

2005-ല്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷം വിനു പോണ്ടിച്ചേരിയിലെ ആരോവില്‍ ഏര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യു എന്‍ ഡി പി (യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം)ക്കുവേണ്ടി സുനാമിക്കു ശേഷമുള്ള പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സജീവമായി.

പോണ്ടിച്ചേരിയില്‍ നിന്ന് 2007ല്‍ തിരിച്ചുവന്നു. അതിന് ശേഷം ആദ്യമായി ചെയ്തത് ഒരു മണ്ണുകൊണ്ടൊരു ചുറ്റുമതിലായിരുന്നു.

വാള്‍ മേക്കേഴ്‌സ് പ്രധാനമായും വീടുകളാണ് നിര്‍മ്മിക്കുന്നത്. വല്‍സലാ കോട്ടേജ്. ഫോട്ടോ: Wallmakers

ആ കഥ രസകരമാണ്. വീടുപണിയാനാണ് ക്ലയന്‍റ് ആദ്യം വിനുവിലെ ഏല്‍പിച്ചത്. പിന്നീട് എന്തുകൊണ്ടോ അദ്ദേഹത്തിന്‍റെ മനസ്സുമാറി. വിനു മതില്‍ മാത്രം കെട്ടട്ടെ എന്നായി.


ആളുകളെ പറഞ്ഞുമനസ്സിലാക്കുക എന്നതുതന്നെ വലിയ പാടായിരുന്നു.


എന്തെങ്കിലുമാവട്ടെ, ചുറ്റുമതിലെങ്കില്‍ അങ്ങനെ… കിട്ടിയ അവസരം ആ യുവ ആര്‍ക്കിടെക്റ്റ് പാഴാക്കിയില്ല.

മണ്‍കട്ടകള്‍ മാത്രമല്ല, ആരൊക്കെയോ വലിച്ചെറിഞ്ഞ ബിയര്‍ ബോട്ടിലുകളും ആ മതിലിന് ശക്തിയും ഭംഗിയും പകര്‍ന്നു. ആദ്യത്തെ പ്രോജക്ട് തന്നെ ചുറ്റുമതിലായതുകൊണ്ട്, സ്വന്തമായി തുടങ്ങിയ സ്ഥാപനത്തിന് വാള്‍മേക്കേഴ്‌സ് എന്ന് പേരിട്ടു.

ബിജു മാത്യുവിന്‍റെ വീട്. ഫോട്ടോ: Walllmakers

ഒരു കാന്‍സര്‍ രോഗിക്കുവേണ്ടി നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ വീട് 2008-ല്‍ വിനുവിനെ സേവ് പെരിയാര്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ അവാര്‍ഡിന് അര്‍ഹനാക്കി.

വാള്‍ മേക്കേഴ്‌സ് പ്രധാനമായും വീടുകളാണ് നിര്‍മ്മിക്കുന്നത്, കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍, പള്ളികള്‍, പവലിയനുകള്‍…എല്ലാം ഒപ്പം ചെയ്യുന്നുണ്ട്.

“ആദ്യമൊക്കെ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകള്‍ക്ക് പരിസ്ഥിതി സൗഹൃദ ആര്‍കിടെക്ചര്‍ രീതികള്‍ പിന്തുടരാന്‍ ക്ലയന്‍റ്സിനെ ബോധിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. വീടുകളേക്കാളേറെ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്കാണ് പരിസ്ഥിതിസൗഹൃദ രീതി ഉപയോഗിക്കേണ്ടത് എന്നാണ് എന്‍റെ അഭിപ്രായം. കാരണം, അവിടെയാണ് കൂടുതല്‍ പേര്‍ ഒത്തുകൂടുന്നതും സമയം ചെലവഴിക്കുന്നതും ഇടപഴകുന്നതും,” അദ്ദേഹം പറയുന്നു.

ബിജു മാത്യുവിന്‍റെ വീട്. ഫോട്ടോ: Walllmakers

കൊമേഴ്‌സ്യല്‍ സ്‌പേസ് ഡിസൈന്‍ ചെയ്യുമ്പോള്‍ വെറും ഫ്‌ളോര്‍ ഏരിയ അനുപാതം മാത്രം കണക്കാക്കിയാല്‍ പോരാ. അവിടെയെത്തുന്നവര്‍ക്ക് സുഖം തോന്നണം, സന്തോഷമായി ഇടപഴകാനും ജോലി ചെയ്യാനും കഴിയണം, വിനു കൂട്ടിച്ചേര്‍ക്കുന്നു.

വഴിത്തിരിവ്

പക്ഷേ, പരിസ്ഥിതി സൗഹൃദമായ വീടുകള്‍ക്ക് ആവശ്യക്കാര്‍ കുറവായിരുന്നു. ആളുകളെ പറഞ്ഞുമനസ്സിലാക്കുക എന്നതുതന്നെ വലിയ പാടായിരുന്നു. വിനുവും വാള്‍മേക്കേഴ്‌സും വലിയ പ്രതിസന്ധിയെ നേരിട്ട കാലം. പരിസ്ഥിതി സൗഹൃദ ആര്‍കിടെക്ചര്‍ രംഗത്ത് തുടരണമോ എന്നുപോലും സ്വയം ചോദിച്ച സമയമായിരുന്നു അതെന്ന് വിനു തുറന്നുപറയുന്നു.


ഇതുകൂടി വായിക്കാം: ആറ് വര്‍ഷം, 312 ഒഴിവുദിനങ്ങള്‍, 500,00 മണിക്കൂര്‍! ഈ കെട്ടുപണിക്കാര്‍ സൗജന്യമായി നിര്‍മ്മിച്ചത് 18 സ്വപ്നക്കൂടുകള്‍


“ആളുകള്‍ക്ക് എന്‍റെ ഡിസൈന്‍ ഫിലോസഫി സ്വീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അവരെ അത് ബോധ്യപ്പെടുത്താന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അമ്മാവന്‍ വന്ന് എന്നോട് ഒരു പരിസ്ഥിതി സൗഹൃദമായ വീട് പണിയണമെന്ന ആഗ്രഹം പറഞ്ഞത്. മണ്‍കട്ടകള്‍ കൊണ്ട് മനോഹരമായ ഒരു വീട്… എന്‍റെ ഇഷ്ടം പോലെ ചെയ്യാന്‍ അമ്മാവന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കി,” വിനു ഓര്‍ക്കുന്നു.

ബിജു മാത്യുവിന്‍റെ വീട്. ഫോട്ടോ: Walllmakers

അമ്മാവന് വേണ്ടി മാവേലിക്കരയില്‍ നിര്‍മ്മിച്ച വത്സലാ കോട്ടേജ് (2008-’09) ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വീടിന് ഇന്‍ഡ്യാ ടുഡേയുടെ ഇകോ-ഫ്രന്‍ഡ്‌ലി ഹൗസ് ഓഫ് ദ് ഇയര്‍ (സൗത്ത് സോണ്‍) അവാര്‍ഡ് ലഭിച്ചു.

മാമൂല്‍ രീതികള്‍ ഒഴിവാക്കി ഡിസൈനില്‍ സ്വന്തം വഴിയിലൂടെ സ്വതന്ത്രമായി നടക്കാനും ഞാന്‍ ഇഷ്ടപ്പെട്ടു, വിനു പറയുന്നു. വത്സലാ കോട്ടേജ് അതിനെനിക്ക് അവസരം നല്‍കി.

ഉയര്‍ന്ന് മര്‍ദ്ദത്തില്‍ കംപ്രസ് ചെയ്ത മണ്‍കട്ടകള്‍ (compressed stabilised earth blocks) ആണ് ഈ കോട്ടേജിന്‍റെ പണിക്കായി ഉപയോഗിച്ചത്. വെന്റിലേഷനുവേണ്ടി പരമ്പരാഗത രീതികള്‍ പുതുകാലത്തിന് യോജിച്ച രീതിയില്‍ പുതുക്കി പരീക്ഷിച്ചു.

തിരുവനന്തപുരം മണ്ണന്തലയില്‍ നിര്‍മ്മിച്ച ഒരു വീട്. ഫോട്ടോ: Wallmakers

മിഴിയിതളിന്‍റെ രൂപത്തില്‍ കണ്‍തുറക്കുന്ന ഒരു നടുമുറ്റമുണ്ടായിരുന്നു ആ വിടിനകത്ത്. മഴക്കാലത്ത് അത് നിറഞ്ഞുതൂവുമായിരുന്നു. ആ മഴവെള്ളം പുറത്തേക്കൊഴുകി ചെടികളെയും നനയ്ക്കും.

“ഇത് (നടുമുറ്റം) അകത്തളങ്ങളില്‍ തണുപ്പ് നിലനിര്‍ത്തും. ചൂടുവായു ഈ നടുമുറ്റത്തിലൂടെ പുറത്തേക്കുപോകും. മുകളിലെ നിലകളില്‍ ഒരു ചുമര് മുഴുവന്‍ ബിയര്‍ ബോട്ടിലുകളും മണ്ണിഷ്ടികയും കൊണ്ടുള്ള ജാളികളാണയിരുന്നു,’ വിനു വിശദീകരിക്കുന്നു. പഴയവീടുകളില്‍ ചൂടുകുറയ്ക്കാന്‍ ത്രികോണാകൃതിയിലുള്ള മുഖപ്പുകളില്‍ ഉണ്ട്. ഈ വീട്ടില്‍ ഒന്നാംനിലയിലെ ജാളികളിലൂടെ വായുസഞ്ചാരം തടസ്സമില്ലാതെ നടക്കുന്നു. ബിയര്‍ ബോട്ടിലുകളായതുകൊണ്ട് വെളിച്ചവും നന്നായി കിട്ടും. ‘ഇവിടെ എയര്‍കണ്ടീഷണര്‍ ആവശ്യമേയുണ്ടായിരുന്നില്ല,” വിനു പറയുന്നു.

എന്നാല്‍, 2015ല്‍ ആ വീട് നവീകരിച്ചു. വീടിന് പെയ്ന്റടിച്ചു. നടുമുറ്റം ഒഴിവാക്കി. മുകളിലെ ജാളികളും മാറ്റി.
“ഇതെല്ലാം പ്രയോറിറ്റി അനുസരിച്ചിരിക്കും. അന്ന് (പുതുക്കിപ്പണിയുമ്പോള്‍) വിട്ടില്‍ തണുപ്പുണ്ടായിരിക്കണമെന്നതൊന്നും അത്ര പ്രാധാന്യമുള്ളതായിരുന്നില്ലായിരിക്കാം… കാറ്റ് സ്വതന്ത്രമായി കടന്നുവരുമ്പോള്‍ കൂടെ പൊടിയുമൊക്കെ കൂടുതലായി കയറിവരും. അതുകൊണ്ട് മെയ്ന്റനന്‍സ് ഒക്കെ ഒരു പ്രശ്‌നമായിരുന്നിരിക്കണം. കൊതുകുവലയൊക്കെ ഉപയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കാമായിരുന്നു…

മട്ടാഞ്ചേരിയിലെ സെന്‍റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്. ഫോട്ടോ: Wallmakers

“ഇപ്പോഴല്ലേ കാലാവസ്ഥ ഇത്രയും മാറിയത് (കേരളത്തില്‍ വേനല്‍ കടുത്തതും മുന്‍പൊന്നുമില്ലാത്തവിധം ചൂട് കൂടിയതും). ജനങ്ങള്‍ ഇപ്പോള്‍ പരിസ്ഥിതി സൗഹൃദ ഡിസൈനെക്കുറിച്ചൊക്കെ കൂടുതല്‍ ബോധമുള്ളവരായി മാറിയിട്ടുണ്ട്,” വിനു പറയുന്നു.

റീസൈക്ലിങ്

തുടക്കത്തില്‍ തന്നെ വിനു പഴയ സാധനങ്ങളും പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കളും ധാരാളമായി നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. വാള്‍മേക്കേഴ്‌സിന്‍റെ ഏറ്റവും പുതിയ പ്രോജക്ട് ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും മണ്ണും പഴയ മരവുമൊക്കെ ഉപയോഗിച്ചുകൊണ്ടു നിര്‍മ്മിക്കുന്ന ഒരു വീടാണ്. പെറ്റ് ബോട്ടിലുകളില്‍ മണ്ണ് നിറച്ച് ഇഷ്ടികയ്ക്ക് പകരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.


ഇതുകൂടി വായിക്കാം: 60 രൂപയുടെ കുഞ്ഞന്‍ ഓര്‍ഗാനിക് വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മിച്ച് ₹4.5 കോടിയുടെ നിക്ഷേപം സമാഹരിച്ച വിദ്യാര്‍ത്ഥികളുടെ ജലപരീക്ഷണങ്ങള്‍


ഓരോ സൈറ്റിന്‍റെയും പ്രത്യേകതകള്‍ നോക്കി പ്രത്യേകം ഡിസൈനും നിര്‍മ്മാണ സാമഗ്രികളും തീരുമാനിക്കുന്നത്. മുന്‍പ് ഒരു ഡമ്പിങ് യാഡ് ആയിരുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കുമ്പോള്‍ അവിടെ കൂടിക്കിടന്ന ആക്രിയും കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് നിര്‍മ്മാണം. കല്ലും കട്ടയും ഇഷ്ടികക്കഷണങ്ങളും  പ്ലാസ്റ്റിക്ക് ബോട്ടിലുകളും പഴയ ഇരുമ്പുസാധനങ്ങളും ചിരട്ടയും ചാക്കും വരെ വീടുണ്ടാക്കാന്‍ ഉപയോഗിക്കും.

കോട്ടയത്തെ ടീസ് മി കഫേയ്ക്കുവേണ്ടി വാള്‍മേക്കേഴ്സ് തയ്യാറാക്കിയ ക്ലോത്ത്ക്രീറ്റ് ഡിസൈന്‍. കോറത്തുണിയില്‍ ഫെറോസിമെന്‍റും ഗ്രേ ഓക്സൈഡും ചേര്‍ന്ന കോട്ടിങ്ങാണ് ഈ അതിശയിപ്പിക്കുന്ന ഡിസൈന് പിന്നില്‍. ഒരിഞ്ച് മാത്രം കനമുള്ള പാര്‍ട്ടിഷന്‍ വളരെ ഭാരം കുറഞ്ഞതും സ്ഥലം ലാഭിക്കുന്നതുമാണ്. ഫോട്ടോ: പ്രശാന്ത് മോഹന്‍/ Wallmakers

ഡെബ്രിസ് വാള്‍, ഷട്ടേഡ് ഡെബ്രിസ് വാള്‍ എന്നിങ്ങനെ വിനുവിന് രണ്ട് പേറ്റെന്‍റുകളുണ്ട്. ആര്‍കിടെക്ട് ശോഭിതാ ജേക്കബുമായി ചേര്‍ന്നാണ് ഈ പേറ്റെന്‍റുകള്‍.

“അഞ്ച് മൈല്‍ ചുറ്റളവില്‍ കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിക്കുക എന്ന ഗാന്ധിയന്‍ ആശയം തന്നെയാണ് ഇവിടെയും. നടക്കുമ്പോള്‍ ചുറ്റുമൊന്നു നോക്കുക. നമുക്കുചുറ്റും പ്ലാസ്റ്റിക്കും നിര്‍മ്മാണാവശിഷ്ടങ്ങളും അങ്ങനെയങ്ങനെ പല സാധനങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടാവും… എനിക്കീ അവശിഷ്ടങ്ങള്‍ കാണാതിരിക്കാനാവില്ല…”

കാരണം, നമ്മള്‍ സുലഭമെന്ന് ഇപ്പോള്‍ കരുതുന്ന പല വസ്തുക്കളും അധികം വൈകാതെ കിട്ടാക്കനിയായി മാറിയേക്കാം. അതുകൊണ്ട് ഈ അവശിഷ്ടങ്ങളും മറ്റും പുതിയതെന്ന് കണ്ട് പ്രയോജനപ്പെടുത്തണം എന്നാണ് വിനുവിന്‍റെ അഭിപ്രായം.

തിരുവനന്തപുരം മണ്ണന്തലയില്‍ ഒരു വീട് നിര്‍മ്മാണത്തിനിടയില്‍ വിനും സഹപ്രവര്‍ത്തകരും. ഫോട്ടോ: Wallmakers

പത്തനംതിട്ടക്കാരന്‍ ബിജു മാത്യുവിന്‍റെ വീട് പണിതപ്പോള്‍ ഡെബ്രിസ് വാള്‍ സാങ്കേതിക വിദ്യ വിനു പരീക്ഷിച്ചു. ആ വീടിന്‍റെ ചുമരുകള്‍ ആ പറമ്പില്‍ നിന്നുതന്നെയെടുത്ത മണ്ണ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത് (ഡെബ്രിസ് വാള്‍ ഒഴികെ). സിമെന്‍റ്  ഉപയോഗം 5-7ശതമാനം മാത്രം.


ഇതുകൂടി വായിക്കാം: വലിയൊരു മാറ്റത്തിനു കൂടി ഒരുങ്ങുകയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍; അതിന് പിന്നില്‍ ഈ ജൈവകര്‍ഷകനുമുണ്ട്


ഡെബ്രിസ് വാളിനായി 6എം എം സ്റ്റീല്‍ കമ്പികള്‍ കൊണ്ട് ഫ്രെയിം ഉണ്ടാക്കി 22 ഗേജ് വയര്‍ മെഷ് വെച്ചു. ഇതിനുള്ളില്‍ കല്ലും കട്ടയും അവിടെ ചിതറിക്കിടന്നിരുന്ന കെട്ടിടാവശിഷ്ടങ്ങളും നിക്ഷേപിച്ച് മണ്ണും ചേര്‍ത്ത് വെള്ളം തുടര്‍ച്ചയായി ഒഴിച്ച് ഉറപ്പിച്ചെടുത്തു.അതിന് മുകളില്‍ ഒരു പ്ലാസ്റ്റര്‍ ചെയ്തു. ഈ ചുവരില്‍ 80 ശതമാനവും പഴയ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളാണ്. 15 ശതമാനം മെറ്റലും 5 ശതമാനം സിമെന്‍റും 5 ശതമാനം പാറപ്പൊടിയുമാണ്. ചെലവ് വളരെ കുറവാണ് എന്ന് മാത്രമല്ല, അത് വളരെ ഉറപ്പുള്ളതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വാള്‍മേക്കേഴ്സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം: www.wallmakers.org  ഇമെയില്‍: vinudaniel@gmail.com

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം