90 ലക്ഷം രൂപയുടെ കുട്ടിയുടുപ്പുകളും 40 ലക്ഷം മാസ്കുകളും സൗജന്യമായി നല്‍കി ഷാജുവും പോപ്പീസും

മൂന്നു ഉടുപ്പുകള്‍ വീതമുള്ള 30,000 സെറ്റുകളാണ് നല്‍കിയത്. അണുമുക്തമായ വസ്ത്രങ്ങളാണ് കുഞ്ഞുങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്. #CoronaWarriors

ത്രപ്രവര്‍ത്തകനില്‍ നിന്ന് ബിസിനസുകാരനിലേക്കെത്തിയ കഥയാണ് നിലമ്പൂരുകാരന്‍ ഷാജു തോമസിന്‍റേത്.

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 20 തൊഴിലാളികള്‍ക്കൊപ്പം ഷാജു കുട്ടിയുടുപ്പ് ബിസിനസ്സിന് തുടക്കമിട്ടു. ഇപ്പോള്‍ മലപ്പുറവും കടന്ന് വിദേശങ്ങളില്‍ വരെയെത്തി അദ്ദേഹത്തിന്‍റെ പോപ്പീസ് ബേബി കെയര്‍ പ്രൊഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വിപണി.

കൊറോണയും ലോക്ക് ഡൗണും മൂലം വിപണി നിശ്ചലമായപ്പോഴും ദുരിതത്തിലായ നാടിന് കൈത്താങ്ങാകാന്‍ മുന്നോട്ടുവന്ന ഒരുപാട് പേര്‍ക്കൊപ്പം ഷാജുവും  ചേര്‍ന്നു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

സര്‍ക്കാര്‍ ആശുപത്രികളിലടക്കം കുഞ്ഞുടുപ്പുകള്‍ക്ക് കുറവുണ്ടെന്ന് മനസ്സിലാക്കി 90 ലക്ഷം രൂപയുടെ കുട്ടിയുടുപ്പുകളും 40 ലക്ഷത്തോളം മാസ്കുകളും സൗജന്യമായി അദ്ദേഹം എത്തിച്ചുകൊടുത്തു.

പോപ്പീസ് ഉടമ ഷാജു തോമസ്

“ലോക്ക് ഡൗണ്‍ അല്ലേ. ആര്‍ക്കും വീടിന് പുറത്തേക്കിറങ്ങാന്‍ സാഹചര്യമില്ലല്ലോ. ഇങ്ങനെയൊരു സാഹചര്യത്തില്‍ അധികം കടകളും തുറക്കില്ല. നവജാതശിശുക്കളുടെ ഉടുപ്പുകള്‍ക്ക് അഭാവം വരുമെന്ന ആശങ്കയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണം,” ഷാജു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“സത്യത്തില്‍, കുഞ്ഞുടുപ്പുകളല്ല ആദ്യം ഞങ്ങള്‍ വിതരണം ചെയ്തത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യഘട്ടത്തില്‍ മാസ്കുകളാണ് ആവശ്യക്കാരിലേക്കെത്തിച്ചത്. കലക്റ്ററോട് അനുമതിയൊക്കെ വാങ്ങിച്ചാണ് പോപ്പീസിന്‍റെ ഫാക്റ്ററിയില്‍ മാസ്കുകള്‍ തുന്നാന്‍ ആരംഭിക്കുന്നത്.

“പോപ്പീസിന് രണ്ടായിരത്തിലേറെ ജീവനക്കാരുണ്ട്. കൂട്ടത്തില്‍ 800-ലേറെ തൊഴിലാളികള്‍ ഇതരസംസ്ഥാനത്ത് നിന്നുള്ളവരും. പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണ-താമസസൗകര്യങ്ങളും കമ്പനി നല്‍കിയിട്ടുണ്ട്.

“ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ക്കൊന്നും നാട്ടിലേക്ക് പോകാനോ പുറത്തേക്ക് പോകാനോ സാധിക്കില്ലല്ലോ. അങ്ങനെ ഹോസ്റ്റലില്‍ കഴിയുന്ന ജീവനക്കാരാണ് മാസ്ക് തയ്ക്കുന്നത്.

“ഈ തൊഴിലാളികളെ ഹോസ്റ്റലില്‍ നിന്നു മഞ്ചേരി തിരുവാലിയിലെ കമ്പനിയിലേക്ക് ബസില്‍ കൊണ്ടുവരും. ഇവരെ പുറത്തു നിന്നുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും അനുവദിക്കില്ല. നാട്ടുകാരായ തൊഴിലാളികളോട് ഫാക്റ്ററിയിലേക്ക് വരണ്ട, വീടുകളില്‍ തന്നെയിരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്.”

മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാസ്കുകള്‍ കൈമാറുന്നു

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ഇങ്ങനെ കൊറോണ പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്കാണ് പോപ്പീസ് മാസ്കുകള്‍ സൗജന്യമായി വിതരണം ചെയ്തത്.

“പക്ഷേ, ഇനി മാസ്കുകള്‍ വിലയ്ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്,” ഷാജു തുടരുന്നു. “ചെറിയൊരു തുക ഈടാക്കിയാണ് മാസ്ക് വില്‍ക്കുക. ഇങ്ങനെ വിറ്റു കിട്ടുന്ന തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.”

“നവജാത ശിശുക്കള്‍ക്കുള്ള ഉടുപ്പുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വരും മുന്‍പേ പലരും ഞങ്ങളെ വിളിച്ചിരുന്നു,” കുട്ടിയുടുപ്പുകള്‍ സൗജന്യമായി വിതരണം ചെയ്തതിനെക്കുറിച്ച് ഷാജു പറഞ്ഞു.

“കുഞ്ഞുടുപ്പുകള്‍ കിട്ടാനില്ല, എവിടെ വന്നാല്‍ ഉടുപ്പുകള്‍ കിട്ടും എന്നൊക്കെ ചോദിച്ചു ഒരുപാട് പേരാണ് പോപ്പീസിലേക്ക് വിളിച്ചത്. ആ നേരത്ത് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശവും വരുന്നത്.

“ഫാര്‍മസികളില്‍ കുട്ടിയുടുപ്പുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സൗജന്യമായി വസ്ത്രങ്ങള്‍ നല്‍കാമെന്നു ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് 90 ലക്ഷം രൂപയുടെ കുട്ടിയുടുപ്പുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കിയത്.

“മൂന്നു ഉടുപ്പുകള്‍ വീതമുള്ള 30,000 സെറ്റുകളാണ് നല്‍കിയത്. അണുമുക്തമായതും ജൈവികവുമായ വസ്ത്രങ്ങളാണ് കുഞ്ഞുങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്. കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ എല്ലാ രാജ്യാന്തര മാനദണ്ഡങ്ങളും പാലിച്ചാണ് ഉടുപ്പുകള്‍ തുന്നുന്നത്.

“കൊറോണ വൈറസ് പടരുന്ന സാഹചര്യമായതു കൊണ്ടു തന്നെ രോഗാണുവിമുക്തമാക്കിയ തുണികളാണ് ഉടുപ്പുകള്‍ തുന്നാന്‍ ഉപയോഗിക്കുന്നത്. ഏതാനും നാള്‍ മുന്‍പ് സ്റ്റെറിലൈസ് ചെയ്യാനുള്ള മെഷീന്‍ വാങ്ങിയിരുന്നു. ഈ മെഷീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനെയൊരു സാഹചര്യമുണ്ടാകുന്നത്.

“എല്ലാ പ്രൊഡക്റ്റ്സും സ്റ്റെറിലൈസ് ചെയ്യുന്നുണ്ട്. ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് നേടിയ ഫാക്റ്ററിയാണിത്.”

കുഞ്ഞുടുപ്പുകളായതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

“ഉടുപ്പുകള്‍ മെറ്റല്‍ ഡിറ്റക്റ്ററിലൂടെ കടത്തി വിട്ടു പരിശോധിച്ചാണ് വിപണിയിലേക്കെത്തിക്കുന്നത്. അത്രയേറെ സൂക്ഷമതയോടെയാണ് ഇവിടെ കുഞ്ഞുങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ തുന്നുന്നത്,” ഷാജു വിശദമാക്കുന്നു.


ഇതുകൂടി വായിക്കാം: പഠിച്ചത് പത്രപ്രവര്‍ത്തനം, തെര‍ഞ്ഞെടുത്തത് പട്ടിപിടുത്തം: സാലി വിളിച്ചാല്‍ തെരുവുനായ്ക്കള്‍ മിണ്ടാതെ വണ്ടിയില്‍ കയറും… ആ സ്നേഹത്തിന് പിന്നില്‍


തമിഴ്നാട്ടില്‍ നിന്നു നൂലെടുത്താണ് തുണിയാക്കുന്നത്. നിറം നല്‍കുന്നതിനു സൗകര്യങ്ങളൊക്കെ പാലക്കാടാണുള്ളത്. ഡിസൈനിങ്ങും എംബ്രോയ്ഡറിയുമൊക്കെ മലപ്പുറത്തെ ഫാക്റ്ററിയിലും.

10,000 സെറ്റ് കുട്ടിയുടുപ്പുകള്‍ ഡല്‍ഹിയിലേക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് ഷാജു പറഞ്ഞു. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായിഅതിനായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനൊപ്പം അയല്‍സംസ്ഥാനങ്ങളായ തമിഴ് നാടിനും കര്‍ണാടകയ്ക്കും കുട്ടിയുടുപ്പുകള്‍ നല്‍കാനും കമ്പനി ആലോചിക്കുന്നുണ്ട്.

 

സ്വന്തം നാട് നിലമ്പൂരിലാണെങ്കിലും ഇപ്പോള്‍ മഞ്ചേരിയില്‍ ഫാക്റ്റിക്ക് സമീപമാണ്  ഷാജു താമസിക്കുന്നത്. അച്ഛന്‍ റബര്‍ ബിസിനസുകാരനായിരുന്നു. അങ്ങനെയാണ് ബിസിനസിനോട് ഇഷ്ടം തോന്നുന്നത്.

കോഴിക്കോട് പ്രസ് ക്ലബില്‍ നിന്നു പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ എടുത്ത ശേഷം കുറച്ചുകാലം പത്രപ്രവര്‍ത്തകനായിരുന്നു. ഏതാണ്ട് മൂന്നു വര്‍ഷക്കാലം പത്രത്തില്‍ ജോലി ചെയ്തു.

“അന്നും ബിസിനസ് ചെയ്യാനായിരുന്നു ഇഷ്ടം. കുറച്ചൊക്കെ ബിസിനസ് പഠിക്കാനും ശ്രമിച്ചിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമൊക്കെ വസ്ത്രത്തില്‍  കുറേ ഓപ്ഷനുകളുണ്ട്.

“എന്നാല്‍ കുട്ടികള്‍ക്ക് മാത്രമായി ബ്രാന്‍ഡ് വേണമെന്ന തിരിച്ചറിവാണ് കുട്ടിയുടുപ്പ് ബിസിനസിലേക്കെത്തിക്കുന്നത്.

“ഗാര്‍മെന്‍റ് ബിസിനസ് ആരംഭിക്കുമ്പോ നല്ലതല്ലെന്നു പറ‍ഞ്ഞു പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. അച്ഛന്‍ തോമസ് തുരുത്തേത്തിന്‍റെ പിന്തുണയുണ്ടായിരുന്നു. പക്ഷേ, അതുമാത്രം പോരല്ലോ.

“ബാങ്കുകളും വീട്ടിലുള്ളവരുമൊക്കെ എതിര്‍ത്തിരുന്നു. പക്ഷേ അതിനെയൊക്കെ പിന്നിലാക്കി വിജയിക്കാന്‍ സാധിച്ചു. ഇപ്പോ എല്ലാവരുടെയും പിന്തുണയുണ്ട്. അച്ഛന്‍ എട്ട് വര്‍ഷം മുന്‍പ് മരിച്ചു. ”

ഷാജു തോമസും കുടുംബവും: ഭാര്യ ലിന്‍റ പി ജോസ്, മക്കള്‍ എയ്ബല്‍, എസ്തര്‍, അന്ന എന്നിവരോടോപ്പം.

2005-ല്‍ തുടങ്ങിയ പോപ്പീസ് ഇപ്പോള്‍ ഇന്‍ഡ്യയില്‍ എല്ലായിടത്തും സാന്നിദ്ധ്യമറിയിച്ചുകഴിഞ്ഞു, ഒപ്പം  ഗള്‍ഫ് രാജ്യങ്ങടക്കം 30 വിദേശ രാജ്യങ്ങളിലും.

“പ്യൂവര്‍ എന്നൊരു വിദേശ കമ്പനിയുടെ പിന്തുണയോടെയാണിത്. പ്യൂവര്‍ കമ്പനിക്കാരെ ഇന്ത്യയിലെ മാര്‍ക്കറ്റിങ്ങിന് സഹായിക്കുമ്പോള്‍ വിദേശ നാട്ടില്‍ പോപ്പീസിന്‍റെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവരും സഹായിക്കുന്നു.

“തുടക്കം മുതല്‍ കുട്ടിയുടുപ്പ് ബിസിനസ് തന്നെയാണ് ചെയ്യുന്നത്. ഈ വര്‍ഷം കുഞ്ഞുങ്ങള്‍ക്കുള്ള സോപ്പ്, ഓയില്‍, ഡയപ്പറുകള്‍ പോലുള്ള എല്ലാ വസ്തുക്കളും വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ്.

“ഈ വര്‍ഷം ഇന്ത്യയൊട്ടാകെ 100 ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നുണ്ട്. രണ്ടു വര്‍ഷം കൊണ്ട് 940 പഞ്ചായത്തുകളില്‍ പോപ്പീസ് പോയിന്‍റുകള്‍ ആരംഭിക്കും. മറ്റു കടകളുമായി സഹകരിച്ചാണിത്. പോപ്പീസ്  എല്ലായിടത്തേക്കും വ്യാപിപ്പിക്കുകാണ് ലക്ഷ്യം,” ഷാജു തോമസ് വ്യക്തമാക്കി.


ഇതുകൂടി വായിക്കാം:2 ലക്ഷം മെക്കാനിക്കുകളെ ദുരിതത്തിലാക്കിയ കൊറോണക്കാലത്തും അടിയന്തര സര്‍വ്വീസ് വാഹനങ്ങള്‍ വഴിയില്‍ കിടക്കാതെ നോക്കുന്നത് ഇവരുടെ സൗജന്യസേവനമാണ്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം