കൊറോണക്കാലത്തും 30% വരെ ശമ്പളവര്‍ധന! ഒരു കേരള സ്റ്റാര്‍ട്ട് അപ്പിന്‍റെ വിജയ കഥ

ജീവനക്കാര്‍ക്ക് ഏറ്റവുമധികം പിന്തുണ നല്‍കേണ്ടത് ഈ മഹാമാരിയുടെ കാലത്താണെന്ന് വിശ്വസിക്കുന്നു: സര്‍വേ സ്പാരോ സ്ഥാപകന്‍ ഷിഹാബ് മുഹമ്മദ്

“ജീവനക്കാര്‍ അസ്വസ്ഥരായിരിക്കുന്ന അവസ്ഥ സൃഷ്ടിക്കാതിരിക്കുക. വിഷമിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് മികച്ച പ്രൊഡക്റ്റിവിറ്റിയുണ്ടാകില്ല,” എന്നറിയാവുന്നതുകൊണ്ട് ഓഫീസ് അന്തരീക്ഷം പരമാവധി സന്തോഷമുള്ളതും ഫണ്‍ നിറഞ്ഞതുമായിരിക്കണമെന്ന് യുവ സംരംഭകന്‍ ഷിഹാബ് മുഹമ്മദിന് നിര്‍ബന്ധമുണ്ട്.

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്ന സമയം. പല വന്‍കിട കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്ന സമയം.  എന്നാല്‍, സര്‍വ്വേ സ്പാരോ എന്ന ഷിഹാബിന്‍റെ സ്റ്റാര്‍ട്ട് അപ്പ് കൊറോണക്കാലത്തും 30 ശതമാനം വരെ ശമ്പളം കൂട്ടി നല്‍കി. അത് മാത്രമല്ല, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള മുഴുവന്‍ സജ്ജീകരണവും ജീവനക്കാരുടെ വീടുകളില്‍ പോയി ചെയ്തുകൊടുക്കുകയും ചെയ്തു.

സര്‍വ്വേ സ്പാരോ സി ഇ ഒ ഷിഹാബ് മുഹമ്മദ്

“2017-ല്‍ തുടങ്ങിയതാണ് സംരംഭം. ഇതുവരെ വളര്‍ന്നതെല്ലാം എംപ്ലോയീസിനെ കൂടെ നിര്‍ത്തി തന്നെയായിരുന്നു. ഇസോപ് അഥവാ എംപ്ലോയി സ്‌റ്റോക് ഓപ്ഷനടക്കമുള്ള കമ്പനിയാണ്. അടിസ്ഥാനപരമായി ഞാന്‍ വെല്‍ത്ത് ഷെയറിങ്ങില്‍ വിശ്വസിക്കുന്ന ഒരാളാണ്,” കോവിഡ് കാലത്തെ തീരുമാനത്തെ കുറിച്ച് ഷിഹാബ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഇതുപോലൊരു സമയം വരുമ്പോള്‍ ആളുകള്‍ വളരെ  അസ്വസ്ഥര്‍ ആയിരിക്കും. നാളെയെന്‍റെ ജോലി ഉണ്ടാകുമോ ഇല്ലയോ എന്നെല്ലാമാണ് പലരും സാധാരണ ചിന്തിക്കുക. അങ്ങനൊരു സംശയം ജീവനക്കാരില്‍ ആര്‍ക്കും വരരുതെന്നത് നിര്‍ബന്ധമാണ്,” ഷിഹാബ് വ്യക്തമാക്കുന്നു.

“ലോകം മുഴുവനും കോവിഡ് മഹാമാരിയോട് പോരാടുന്ന ഈ കാലത്ത് ജീവനക്കാരുടെ മാനസിക സംഘര്‍ഷം മനസിലാക്കി 30 ശതമാനം വരെ ശമ്പളവര്‍ധനവും, വീടുകളില്‍ ഓഫിസുകള്‍ സജ്ജീകരിയ്കാനുള്ള ഫര്‍ണിച്ചറും മറ്റു ആനുകൂല്യങ്ങളും ഉള്‍പ്പെടുന്ന പാക്കേജ് ആണ് ഞങ്ങള്‍ നല്‍കുന്നത്.”

സാധാരണ എല്ലാ വര്‍ഷവും മേയ്-ജൂണ്‍ കാലത്താണ് സര്‍വേ സ്പാരോയില്‍ ശമ്പള വര്‍ധന നല്‍കുന്നത്. ശമ്പള വര്‍ധന ലഭിക്കേണ്ട സമയമാകുമ്പോള്‍ അത് വന്നില്ലെങ്കില്‍ ആരിലും സ്വാഭാവികമായി ചിന്തയുണ്ടാകും, കമ്പനി പ്രതിസന്ധിയിലാണോയെന്ന്. അത് ജീവനക്കാരുടെ മാനസിക ആരോഗ്യത്തെയും ബാധിക്കും. ഈ അവസ്ഥ ഒഴിവാക്കാനാണ് കൃത്യമായ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് സര്‍വേ സ്പാരോയുടെ സിഇഒ പറയുന്നു.

“മാര്‍ച്ച് 10-ാം തിയതി ഓഫീസടച്ചു. അന്നു മുതല്‍ വീട്ടിലിരുന്നാണ് ജോലി. ഞാന്‍ നിരവധി എംപ്ലോയീസുമായി എപ്പോഴും സംസാരിക്കാറുള്ള ആളാണ്. കൊറോണയുടെ തുടക്ക സമയത്ത് തന്നെ പല ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം ആയിരിക്കും നല്ലതെന്ന് പറഞ്ഞിരുന്നു. അതെല്ലാം പരിഗണിച്ചാണ് വളരെ നേരത്തെ തന്നെ വീട്ടിലിരുന്ന് ജോലി എന്നതിലേക്ക് ഞങ്ങള്‍ നീങ്ങിയത്,” ഷിഹാബ് കൂട്ടിച്ചേര്‍ക്കുന്നു.

“ഇറ്റലിയിലും ഫ്രാന്‍സിലുമെല്ലാം ഞങ്ങള്‍ക്ക് കസ്റ്റമേഴ്‌സുണ്ട്. ഫെബ്രുവരി ലാസ്റ്റ് വീക്ക് ആയപ്പോള്‍ തന്നെ അവിടെ സ്ഥിതി വഷളായിരുന്നു. അപ്പോഴേ കൊറോണയുടെ വ്യാപ്തി ഞങ്ങള്‍ക്ക് മനസിലായിത്തുടങ്ങിയിരുന്നു.”

ജീവനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷയും തൊഴില്‍ സുരക്ഷയും വേണം. എങ്കിലേ അവര്‍ക്ക് നന്നായി ജോലി ചെയ്യാനും കസ്റ്റമേഴ്സിന് മികച്ച സേവനം നല്‍കാനുമാകൂ എന്ന വിശ്വാസം അദ്ദേഹം ആവര്‍ത്തിക്കുന്നു. “ജീവനക്കാര്‍ക്ക് എത്രമാത്രം കംഫര്‍ട്ട് കൊടുക്കാന്‍ പറ്റുമോ അത് സാധ്യമാക്കാന്‍ നോക്കണം.”

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍

ഡിജിറ്റല്‍ കമ്പനി ആയതിനാല്‍ തന്നെ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറുന്നതില്‍ വലിയ പ്രയാസം വന്നില്ല. എന്നാല്‍ മറ്റൊരു വെല്ലുവിളി കാത്തിരിക്കുന്നുണ്ടായിരുന്നു. മിക്ക ജീവനക്കാര്‍ക്കും വീട്ടില്‍ ഒരു ഓഫീസ് അന്തരീക്ഷം ഒരുക്കാന്‍ സാധിച്ചില്ല.

സര്‍വ്വേ സ്പാരോയിലെ ജീവനക്കാരില്‍ ചിലര്‍

“പലര്‍ക്കും വീട്ടില്‍ ഒരു ഓഫീസ് സെറ്റപ്പില്ല. ബെഡ്ഡിലിരുന്ന് ജോലി ചെയ്യുന്നതെല്ലാം വല്ലാത്ത ബുദ്ധിമുട്ടാണ്. ഓഫീസ് സെറ്റപ്പ് വീടുകളിലില്ലാത്തത് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ് കമ്പനി തന്നെ അതനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്തു. ഓഫീസ് സംവിധാനങ്ങള്‍ സജ്ജീകരിക്കാനുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും കമ്പനിയുടെ അഡ്മിനിസ്‌ട്രേഷന്‍ ടീം നേരിട്ട് എംപ്ലോയീസിന്‍റെ വീട്ടിലേക്ക് എത്തിച്ചു നല്‍കി. അതുകഴിഞ്ഞതോടു കൂടി ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത കൂടി. ഇന്‍റെര്‍നെറ്റിനുള്ള കാശടക്കം എല്ലാ കാര്യങ്ങളും കമ്പനി ചെയ്യുന്നു,” ഷിഹാബ് വിശദീകരിക്കുന്നു.

എല്ലാ ജീവനക്കാര്‍ക്കും എന്‍ജിനീയറിങ് പശ്ചാത്തലമില്ല. മാര്‍ക്കറ്റിങ്, അഡ്മിനിസ്‌ട്രേഷന്‍ ടീമെല്ലാം ഉണ്ടല്ലോ. എങ്കിലും എല്ലാ ജീവനക്കാരെയും ഡിജിറ്റല്‍ ടൂള്‍സ് പഠിപ്പിച്ചെടുക്കാന്‍ കമ്പനി ശ്രമിച്ചു. അതില്‍ വിജയം കാണുകയും ചെയ്തു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന റിമോട്ട് വര്‍ക്കിങ് ആശയത്തെ പോസിറ്റീവായാണ് കാണേണ്ടതെന്നും ഷിഹാബ്. എന്നാല്‍ ഈ സംവിധാനത്തില്‍ കൃത്യമായ ആശയവിനിമയമെന്നത് വെല്ലുവിളിയാണെന്നും ഈ യുവസംരംഭകന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: ‘പച്ചരി നനച്ചുതിന്ന് ഞാനും മോളും കഴിഞ്ഞിട്ടുണ്ട്’: കൂലിപ്പണിയെടുത്ത് പാവങ്ങളെ ഊട്ടുന്ന വിജി


“ജീവനക്കാര്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം അഭിനന്ദിക്കുന്ന ഓഫീസ് കള്‍ച്ചറാണ് ഞങ്ങളുടേത്. എന്നാല്‍ മുഴുവന്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയപ്പോഴും അപ്രീസിയേഷന്‍ പോലുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ഡിജിറ്റലി ക്രിയേറ്റ് ചെയ്തു. ഇതിനായി പോയിന്‍റ് സിസ്റ്റം തന്നെ കൊണ്ടുവന്നു. ആര്‍ക്ക് വേണമെങ്കില്‍ ആരെയും അഭിനന്ദിക്കാം. ലഭിക്കുന്ന പോയിന്‍റെടുത്ത് പിസ ഓര്‍ഡര്‍ ചെയ്യുന്നത് പോലുള്ള പരിപാടികളും ചെയ്യാം.”

മാസത്തിലൊരിക്കല്‍ എല്ലാ ജീവനക്കാരും ഡിജിറ്റലി ഒത്തുകൂടുന്ന പതിവും കോവിഡ് കാലത്തുണ്ടെന്ന് ഷിഹാബ് പറയുന്നു. “ഫണ്‍ ടൈമും പരമാവധി സൃഷ്ടിക്കാറുണ്ട്. കോവിഡ് കാലമായതിനാല്‍ അതിന് പ്രത്യേക ശ്രദ്ധ നല്‍കാറുമുണ്ട്. പുതിയ സാഹചര്യങ്ങളില്‍ പുതിയ സൊലൂഷന്‍സ് വേണം. അതിനാണ് നമ്മള്‍ ഊന്നല്‍ നല്‍കേണ്ടത്.”

60-ലധികം ജീവനക്കാരുള്ള ഈ സ്റ്റാര്‍ട്ടപ്പിന് കൊച്ചി കൂടാതെ യുഎസിലും ഓഫീസുണ്ട്.

ബോറടിപ്പിക്കുന്ന സര്‍വേകള്‍

ഷിഹാബിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് പ്ലാറ്റ്‌ഫോമാണ് സര്‍വേ സ്പാരോ. തീര്‍ത്തും പുതിയ ഒരു തുടക്കമായിരുന്നു അത്.

സര്‍വ്വേ സ്പാരോ സി ഇ ഒ ഷിഹാബ് മുഹമ്മദ്

“ഞാന്‍ മുമ്പ് വര്‍ക്ക് ചെയ്തത് സോഹോ (Zoho)യിലായിരുന്നു. അതിന് ശേഷം ഫ്രഷ് വര്‍ക്ക്‌സില്‍ ചേര്‍ന്നു. അവിടുത്തെ എംപ്ലോയി നമ്പര്‍ 3 ആയിരുന്നു. അടുത്ത വര്‍ഷം ഐപിഒക്ക് പോകാന്‍ സജ്ജമായ യുണികോണ്‍ (ഒരു ബില്യണ്‍ ഡോളര്‍ മൂല്യം അതിവേഗത്തില്‍ കൈവരിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍) കമ്പനിയായി ഇന്ന് ഫ്രഷ് വര്‍ക്ക്‌സ് മാറി. ഫ്രഷ് വര്‍ക്ക്‌സില്‍ നിന്നും പുറത്തുപോന്ന ശേഷമാണ് സര്‍വേ സ്പാരോ തുടങ്ങിയത്,” ഷിഹാബ് തുടരുന്നു.

ബോറടിപ്പിക്കുന്ന സര്‍വേകളായിരുന്നു ഷിഹാബിന് ഇത്തരമൊരു ആശയം നല്‍കിയത്. “2016 കാലഘട്ടം. നിരവധി ഫീഡ്ബാക്ക് ഫോമുകള്‍ വരും. എല്ലാം ഞാന്‍ ഒഴിവാക്കും. ബോറടിപ്പിക്കുന്നതായിരുന്നു അതെല്ലാം. എന്‍ഗേജ് ചെയ്യാന്‍ തോന്നുകയേ ഇല്ല. അങ്ങനെയാണ് വേറിട്ട രീതിയില്‍ ഒരു സര്‍വേ സംവിധാനം അവതരിപ്പിച്ചാലോയെന്ന ചിന്ത വന്നത്.

“അന്ന് ഞാന്‍ വാട്‌സാപ്പിലും ഹാങ്ങൗട്ടിലുമെല്ലാം ആക്റ്റീവായിരുന്നു. സര്‍വേ ഒരു മനുഷ്യന്‍ ചോദിക്കുന്നതു പോലെ ആയാല്‍ എങ്ങനെ ഉണ്ടാകുമെന്ന് ചിന്തിച്ചു. അങ്ങനെയാണ് ഇന്‍ററാക്റ്റീവ് രീതികളിലെ സര്‍വേ സോഫ്റ്റ് വെയര്‍ എന്ന ആശയത്തിലേക്ക് വരുന്നത്.

“എന്‍ഗേജിങ് സര്‍വേകള്‍ എന്നുള്ളതാണ് ഞങ്ങളുടെ വ്യത്യാസം. സര്‍വേ കംപ്ലീഷന്‍ റേറ്റ് 40 ശതമാനമാണ്. പരമ്പരാഗത സര്‍വേ രീതികളേക്കാളും ഏറെ മുന്നിലാണിത്. സംസാരിക്കുന്ന പോലുള്ള സര്‍വേകള്‍, അല്ലെങ്കില്‍ ചാറ്റ് സര്‍വേകള്‍ എന്നുള്ളതാണ് ആശയം. ചാറ്റ് ചെയ്യുന്നതായുള്ള ഒരു ഫീല്‍ വരും ഞങ്ങളുടെ സര്‍വേയില്‍. അതാണ് പുതുമ.”

‘2015-16 കാലത്ത് രണ്ട് കാര്യങ്ങള്‍ വളരെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വാട്‌സാപ്പ് ഉപയോഗം ഫേസ്ബുക്കിനേക്കാളും കൂടുതലാകാന്‍ തുടങ്ങി. ഫേസ്ബുക്ക് ചാറ്റ് പ്ലാറ്റ്‌ഫോമായ മെസഞ്ചറിന്റെ ഉപയോക്താക്കളുടെ എണ്ണവും വലിയ തോതില്‍ കൂടി. അതായത് നമ്മുടെയിടയില്‍ ഒരു ചാറ്റ് അധിഷ്ഠിത സ്വഭാവം രൂപപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ മാറ്റമാണ് ഞങ്ങളെ ഇത്തരമൊരു വേറിട്ട രീതിയിലേക്ക് എത്തിച്ചത്. ഇന്ത്യന്‍ മിത്തോളജിയില്‍ നിന്നാണ് സ്പാരോയെന്ന പേര് കടം കൊണ്ടത്.’

“ഞാന്‍ സമ്പാദിച്ചുവെച്ച 3 ലക്ഷം ഡോളര്‍ പ്രാഥമിക നിക്ഷേപമായി ഇറക്കിയാണ് സംരംഭം തുടങ്ങിയത്. എന്നാല്‍ ഇതിന്റെ സാധ്യതകള്‍ മനസിലാക്കി സ്വകാര്യ നിക്ഷേപക സ്ഥാപനമായ പ്രൈം വെഞ്ച്വേഴ്‌സ് 10 കോടിയോളം രൂപ സര്‍വേ സ്പാരോയില്‍ പിന്നീട് നിക്ഷേപിച്ചു.

“സര്‍വേ ഫീഡ്ബാക്ക് എന്ന് പറയുമ്പോള്‍ പല തരമുണ്ട്. എംപ്ലോയീസിന്‍റെ പെര്‍ഫോമന്‍സ് ഇവാലുവേഷന്‍ വരെയുണ്ട്. എക്‌സ്പീരിയന്‍സ് മാനേജ്‌മെന്‍റ് പ്ലാറ്റ്‌ഫോം എന്ന നിലയ്ക്കാണ് ഞങ്ങള്‍ വളരാന്‍ ഉദ്ദേശിക്കുന്നത്.”
സ്മാര്‍ട്ട്‌ഫോണ്‍ കേന്ദ്രീകൃതമായി തന്നെ പ്രതികരണങ്ങള്‍ എടുക്കാവുന്ന തരത്തിലാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരിക്കുന്നത്.149 രാജ്യങ്ങളിലായി 25,000 ഉപഭോക്താക്കളെന്ന നിലയിലേക്ക് കൊച്ചിയിലെ ഈ സ്റ്റാര്‍ട്ട് അപ്പ് വളര്‍ന്നുകഴിഞ്ഞു. ഇതില്‍ ഡെലോയിറ്റ് ഡിജിറ്റല്‍, പേസെയ്ഫ്, സീമെന്‍സ്, ഗ്രാന്റ് തോണ്‍ടണ്‍, എസ്എപി തുടങ്ങി നിരവധി ആഗോള വമ്പന്മാരുണ്ട്.
കൂടുതല്‍ പുതുമയും വൈവിധ്യവും സര്‍വേകളില്‍ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമം. കോവിഡ് കാലമാണെങ്കിലും തങ്ങളുടെ നിയമനപ്രക്രിയ നിര്‍ത്തലാക്കുകയോ വിപുലീകരണം മന്ദഗതിയിലാക്കുകയോ ചെയ്തിട്ടില്ലെന്ന് ഷിഹാബ് പറയുന്നു.

ഇതുകൂടി വായിക്കാം: യുവസംരംഭകരുടെ മാസ് എന്‍ട്രി! കൊറോണക്കാലത്തും ₹23 കോടി നിക്ഷേപം, വരുമാനവർദ്ധന 150%


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം