റഷ്യയുടെ കോവിഡ് വാക്സിന്‍ അടുത്തൊന്നും ഇന്‍ഡ്യയിലെത്താനിടയില്ല, കാരണങ്ങള്‍ ഇവയാണ്

റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വാക്സിനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്നു

കോവിഡ്-19 ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ലോകരാജ്യങ്ങൾ അതിനൊരു പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സമയത്തിനെതിരായ ഒരോട്ടമത്സരം കൂടിയായിരുന്നു അത്.
ഒരു തരത്തിൽ പറഞ്ഞാൽ, ആഗോള മഹാമാരിയെ പരാജയപ്പെടുത്തുക മാത്രമല്ല, ഓരോ രാജ്യത്തിനും അതിന്‍റെ മെഡിക്കൽ സയൻസിലുള്ള കഴിവും പ്രാഗല്‍ഭ്യവും തെളിയിക്കുക എന്നതുകൂടിയായിരുന്നു അതിനുപിന്നിലുള്ള ലക്ഷ്യം. ഫലപ്രദമായ വാക്സിൻ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്‍ഡ്യയും യുദ്ധകാലാടിസ്ഥാനത്തില്‍ പരിശ്രമം തുടങ്ങിയിരുന്നു.

കൊറോണ വൈറസിനെതിരായ വാക്സിന്‍ വികസിപ്പിക്കുന്നതില്‍ വിജയം കണ്ടതായി ഇന്നലെ റഷ്യ അറിയിച്ചപ്പോൾ ലോകം സന്തോഷിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് മോസ്കോയിലെ ഗമാലിയ സയന്റിഫിക്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിൻ തന്‍റെ പെൺമക്കളിൽ ഒരാൾക്ക് നൽകിയിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍ അറിയിച്ചത് വാക്സിന്‍റെ വിശ്വാസ്യത ഉറപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നു.

ഒക്ടോബറിൽ കൂട്ട വാക്സിനേഷൻ കാംപെയ്ന്‍ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ വ്യക്തമാക്കുകയും ചെയ്തു.

റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസമാണ് ആദ്യ കോവിഡ് പ്രതിരോധ വാക്സിന്‍റെ പ്രഖ്യാപനം നടത്തിയത്. Photo source

എന്നാല്‍ കൊറോണ വൈറസിനെതിരായി റഷ്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്പുട്‌നിക് വി വാക്സിനെപ്പറ്റി ലോകത്തെ ആരോഗ്യ വിദഗ്ധരില്‍ പലരും അത്ര ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നില്ല. ഈ വാക്സിന്‍ ഉപയോഗിച്ചാലുണ്ടാകാവുന്ന മറ്റ് റിസ്കുകളെപ്പറ്റി അവര്‍ ആശങ്കാകുലരാണ്. അതുകൊണ്ട് അടുത്ത മാസങ്ങളിലൊന്നും അത് ഇന്‍ഡ്യയിലെത്താനുള്ള സാധ്യത കുറവാണ്.

സ്പുട്നിക് വി വാക്സിന്‍റെ യാത്രയും ശാസ്ത്ര സമൂഹം അതെപ്പറ്റി ഉയർത്തുന്ന ആശങ്കകളും ഞങ്ങൾ പരിശോധിക്കുന്നു.

1. അപൂർണ്ണമായ ട്രയൽ ഘട്ടങ്ങൾ

ഒരു പുതിയ വാക്സിന് ലോകത്തിന്‍റെ അംഗീകാരം കിട്ടുന്നതിന് സാധാരണ ഗതിയില്‍ വർഷങ്ങളെടുക്കും. പക്ഷേ, ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം കണക്കിലെടുക്കുമ്പോൾ, വാക്സിന്‍ നിര്‍മ്മാണവും ട്രയലുമൊക്കെ അടങ്ങുന്ന ഈ പ്രക്രിയ നിർമ്മാതാക്കൾ വേഗത്തിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും, വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനും ഒരു വാക്സിൻ നൽകുന്നതിനും മുമ്പ്, അതിന്‍റെ ഗുണങ്ങൾ അപകടസാധ്യതകളെക്കാള്‍ കൂടുതലാണ് എന്ന് സ്ഥാപിക്കേണ്ടതുണ്ട്.

റഷ്യൻ വാക്സിൻ ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള നാല് ട്രയൽ ഘട്ടങ്ങളിൽ രണ്ടെണ്ണം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ.

“ഇപ്പോള്‍ 76 രോഗികളിലാണ് ഇത് (സ്പുട്നിക്ക് വി) പരീക്ഷിച്ചിട്ടുള്ളത്. വിജയകരമായ ക്ലിനിക്കൽ ട്രയൽ നാല് ഘട്ടങ്ങൾ പൂർത്തിയാക്കണം. പതിനായിരക്കണക്കിന് രോഗികളിൽ പ്രയോഗിച്ചശേഷം അനന്തരഫലങ്ങളില്‍ പരിശോധന നടത്തണം,” ബെംഗളുരുവില്‍ കോവിഡ് ചികിത്സ നല്‍കുന്ന ഡോ. വിശാല്‍ റാവു ( ഹെൽത്ത് കെയർ ഗ്ലോബൽ-എച്ച്സിജി- പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ) പറയുന്നു.

റഷ്യൻ വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആഗസ്ത് 12-ന് ആരംഭിച്ചു

ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന്‍റെ ആദ്യപടിയായി അത് മൃഗങ്ങളിൽ പരീക്ഷിക്കപ്പെടുന്നു. പ്രതികരണം പോസിറ്റീവ് ആയതിനുശേഷം മാത്രമേ, പരീക്ഷണങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുകയുള്ളൂ. ഫേസ്-1 ട്രയല്‍ കുറച്ച് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരിലാണ് പരീക്ഷിക്കപ്പെടുന്നത്. ഈ വ്യക്തികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വാക്സിനോടുള്ള ശരീരത്തിന്‍റെ പ്രതികരണം നിരീക്ഷിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിലും സുരക്ഷിതമാണെന്ന് വ്യക്തമായാല്‍ ഘട്ടം 2 ആരംഭിക്കും. ഈ ഘട്ടത്തില്‍ നിരീക്ഷണങ്ങൾ കൂടുതൽ സൂക്ഷ്മമാക്കുകയും തുടർന്ന് പ്രതികരണം പോസിറ്റീവ് ആയാല്‍ ഘട്ടം 3 ആരംഭിക്കുകയും ചെയ്യുന്നു.

ഈ രണ്ട് സുപ്രധാന പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കിയതിനുശേഷവും, ആദ്യം പോസിറ്റീവ് ഫലം കാണിച്ച ശേഷവും വാക്സിനുകള്‍ പരാജയപ്പെടാനുള്ള സാധ്യതയുണ്ട് എന്ന് ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഓരോ ഘട്ടത്തിലും നല്ല ജാഗ്രതയോടെ, സൂക്ഷ്മമായി നിരീക്ഷിക്കുകയും ദൂഷ്യഫലങ്ങള്‍ കുറവാണ് എന്ന് ഉറപ്പുവരുത്തുകയും വേണം.

മൂന്നാം ഘട്ടത്തിനുശേഷം വാക്സിൻ വിപണിയിൽ ലഭ്യമാകും. അപ്പോഴും വലിയൊരു വിഭാഗം ജനങ്ങളിലേക്കെത്തുന്ന വാക്സില്‍ അവരില്‍ ഏതെങ്കിലും തരത്തിലുള്ള താല്‍ക്കാലികമോ അപൂർവമോ ദീർഘകാലം നിലനില്‍ക്കുന്നതോ ആയ വിപരീതഫലങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് അറിയാന്‍ നിർമ്മാതാക്കളും ഗവേഷകരും നാലാം ഘട്ട പരീക്ഷണങ്ങൾ നടത്തുന്നു.

ലോകാരോഗ്യ സംഘടനയും അംഗീകരത്തിനായി സ്പുട്നിക് വി-യ്ക്ക് ഇനിയും കാത്തിരിക്കണം.

2. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും വിലയിരുത്തുന്നത് അതാത് രാജ്യത്തെ ദേശീയ റെഗുലേറ്ററി സ്ഥാപനങ്ങളാണ്. എങ്കിലും ലോകാരോഗ്യ സംഘടന അതിന്‍റെ ഗുണനിലവാരം പരിശോധിച്ചതിന് ശേഷം അത് ഉപയോഗിക്കുന്നതിന് പച്ചക്കൊടി കാട്ടുന്നതോടെ മാത്രമാണ് അതിന് ലോകത്തിന്‍റെ അംഗീകാരം ലഭിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ വക്താവ് താരിക്ക് ജസാരെവിക് യുഎൻ ബ്രീഫിങ്ങില്‍ ഇങ്ങനെ പറഞ്ഞു, “ഞങ്ങൾ റഷ്യൻ ആരോഗ്യ അധികാരികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വാക്സിന്‍റെ പ്രീക്വാളിഫിക്കേഷനുമായി ബന്ധപ്പെട്ടും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ വാക്സിന്‍റെ പ്രീക്വാളിഫിക്കേഷനു മുന്‍പും അതിന്‍റെ സുരക്ഷ, ഫലപ്രാപ്തി തുടങ്ങിയവ സംബന്ധിച്ച മുഴുവന്‍ ഡാറ്റയുടെയും കർശനമായ അവലോകനവും വിലയിരുത്തലും നടത്തേണ്ടതുണ്ട്. ”

വാക്സിനുകളുടെ ഫലപ്രാപ്തി തെളിയിക്കുന്ന വിവരങ്ങളുടെയും കുറവ് ഇപ്പോഴും ഉണ്ട്.

ആഗോള ക്ലിനിക്കൽ ഗവേഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളെ പ്രതിനിധീകരിക്കുന്ന വാണിജ്യേതര സംഘടനയായ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് ഓർഗനൈസേഷന്‍റെ (ആക്റ്റോ) വിദഗ്ധരും തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചു.

“എന്തുകൊണ്ടാണ് എല്ലാ കോർപ്പറേഷനുകളും നിയമങ്ങൾ പാലിക്കുമ്പോഴും റഷ്യൻ കമ്പനികൾ ഇങ്ങനെ ചെയ്യാത്തത്? ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള നിയമങ്ങൾ ലംഘിക്കാനാവാത്തതാണ്, ” ആക്റ്റോ എക്സിക്യൂട്ടീവ് ഡയറക്ടർ സ്വെറ്റ്‌ലാന സൈഡോവ പറഞ്ഞു. “ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. പൂര്‍ണ്ണമായും തെളിയിക്കപ്പെടാത്ത വാക്സിൻ കുത്തിവച്ച ആളുകൾക്ക് എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല,” അവർ കൂട്ടിച്ചേർത്തു.

3. പ്രസക്തമായ ഗവേഷണത്തിന്‍റെ അഭാവം

റഷ്യന്‍ വാക്സിന്‍റെ പരീക്ഷണ ഘട്ടങ്ങളെക്കുറിച്ചുള്ള വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത് എന്നതും ഗവേഷകസമൂഹത്തിന്‍റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.  ആദ്യരണ്ട് ഘടങ്ങളുടെ പ്രാരംഭ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ റഷ്യന്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ഉണ്ടെങ്കിലും ഈ പരീക്ഷണങ്ങളിൽ നിന്നുള്ള കൃത്യമായ ഫലങ്ങളും ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് മുന്‍പുള്ള പരീക്ഷണങ്ങളുടെ കണ്ടെത്തലുകളും പുറത്തുവിട്ടിട്ടില്ല.

വാക്സിൻ രണ്ട് ഡോസുകളിലാണ് നൽകുന്നത് എന്ന് അറിവായിട്ടുണ്ട്. ട്രയലുകളില്‍ പങ്കെടുത്തവര്‍ക്ക്  കുത്തിവച്ച സ്ഥലത്ത് ചൊറിച്ചലും നേരിയ പനി, തലവേദന എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾ കാണിച്ചിട്ടുണ്ട്. മറ്റ്  പല വാക്സിനുകൾ എടുക്കുമ്പോഴും സാധാരണയായി കാണാറുള്ള പാര്‍ശ്വഫലങ്ങളാണിവ.  ഡോക്ടർമാരും അധ്യാപകരും ആയിരിക്കും സ്പുട്നിക് വി സൗജന്യമായി ആദ്യഘട്ടത്തില്‍ ലഭിക്കുക എന്ന് റഷ്യൻ ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ഇനിയും അവ്യക്തത നിലനില്‍ക്കുന്ന വേറെയും കാര്യങ്ങളുണ്ട്. ഒരു വാക്സിന്‍റെ ഫലപ്രാപ്തി തെളിയിക്കുന്നതിന്, വാക്സിൻ നൽകിയ ശേഷം ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡി കുറഞ്ഞത് ഒരു വർഷമെങ്കിലും നീണ്ടുനിൽക്കണമെന്ന് ഡോ. വിശാൽ റാവു പറയുന്നു. സ്പുട്നിക് വി യുടെ കാര്യത്തിൽ ഇത് ഇനിയും തെളിയിക്കപ്പെടാനിരിക്കുന്നതേയുള്ളൂ.  മറ്റൊരു കാര്യം ഏറ്റവും ദുർബലരായ ഗ്രൂപ്പുകളില്‍–ഉദാഹരത്തിന് പല അസുഖങ്ങളുള്ളവരും വയസ്സായവരും– ഈ വാക്സിന്‍ ഏത് തരത്തിലുള്ള ഫലങ്ങള്‍ ആണ് ഉണ്ടാക്കുക എന്ന് വ്യക്തമാവണം. പക്ഷേ, റഷ്യൻ വാക്സിൻ ഈ ഗ്രൂപ്പുകൾക്ക് എങ്ങനെ പ്രയോജനം ചെയ്തു അല്ലെങ്കിൽ സഹായിക്കുമെന്ന് അറിയില്ല.

“ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, ഈ വാക്സിൻ ഫലപ്രദമാണോ എന്ന് പറയാറായിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. വാക്സിന്‍റെ ഗുണങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ ഇനിയും സമയമെടുക്കും എന്ന് നാം ജനങ്ങളോട് പറയേണ്ടിയിരിക്കുന്നു. എന്തായാലും ഈ ശ്രമങ്ങള്‍ (റഷ്യന്‍ വാക്സിന്‍) മഹാമാരിയുമായോടുള്ള ശാസ്ത്രീയമായ പ്രതികരണമാണെന്നും അല്ലാതെ മഹാമാരിയുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തിന്‍റെ സൃഷ്ടിയല്ല എന്നും മുക്ക് പ്രതീക്ഷിക്കാം, ” ഡോ.വിശാല്‍ റാവു പറഞ്ഞു.

വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഓഗസ്റ്റ് 12-ന് മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് സ്പുട്‌നിക് വി ക്ലിനിക്കൽ ട്രയലുകളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. റഷ്യ, മിഡില്‍ ഈസ്റ്റ്, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം ആളുകൾ ഇതിൽ ഉൾപ്പെടും.

പക്ഷേ, ശാസ്ത്ര സമൂഹത്തിന് പറയാനുള്ളത് കണക്കിലെടുക്കുമ്പോൾ, ശരിയായ വാക്സിൻ കണ്ടെത്തുന്നതിന് അടുത്തെവിടെയും എത്തിയിട്ടില്ല എന്നുവേണം പറയാന്‍. കോവിഡ്-19-ന് പ്രതിവിധി കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരട്ടെ. അതുവരെ, ആ കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് നന്നായി കഴുകുക, കഴിവതും വീട്ടിൽ തന്നെ തുടരുക. അഥവാ പുറത്തേക്കിറങ്ങേണ്ടിവന്നാൽ,  മാസ്ക് ധരിക്കാന്‍ മറക്കണ്ട. സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.


ഇതുകൂടി വായിക്കാം: 35 രൂപയുടെ ഈ ആന്‍റി വൈറല്‍ ഗുളിക കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്നതെങ്ങനെ?


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം