പാവങ്ങള്‍ക്ക് അന്നം, 6 പേര്‍ക്ക് ജോലി! ഭിക്ഷക്കാരിയിൽ നിന്ന് സംരംഭകയിലേക്കൊരു സ്നേഹയാത്ര

“എന്‍റെ വ്യക്തിത്വം സമൂഹത്തോട് വിളിച്ചു പറഞ്ഞതിനാൽ എനിക്ക് പിച്ചച്ചട്ടി എടുക്കേണ്ടി വന്നു,” എന്ന് സജന. പക്ഷേ, അവര്‍ പതറിയില്ല.

 വാങ്ങിക്കൂട്ടിയ പുത്തനുടുപ്പുകളും തയ്യാറാക്കിയ ഭക്ഷണപ്പൊതികളും തന്‍റെ മാരുതി കാറിൽ നിറക്കുന്ന തിരക്കിലായിരുന്നു സജന.
“പെരുന്നാളിന് (ബലിപ്പെരുന്നാളിന്) തെരുവിൽ താമസിക്കുന്നവർക്കായി എടുത്ത വസ്ത്രങ്ങളാണ്. പിന്നെ എന്നത്തേയും പോലെ ഇലപ്പൊതി ബിരിയാണിയും… അവരുടെ പെരുന്നാളും ജോറാവട്ടെ!” സജന നിറഞ്ഞു ചിരിച്ചു.

കുറച്ചുനാൾ മുമ്പുവരെ ഭിക്ഷാടകയായിരുന്ന സജന ഇന്ന് ഒരു സംരംഭകയാണ്. ആറു പേർക്ക് തൊഴിൽ നൽകുന്ന സംരംഭത്തിന്‍റെ ഉടമ. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ ‘സജന ഇലപ്പൊതി  ബിരിയാണി’ ഇന്ന് കൊച്ചിയില്‍ ട്രെൻഡിങ് ആണ്.

“ഇലപ്പൊതി ബിരിയാണി എന്ന ഈ സംരംഭം തുടങ്ങിയിട്ട് നാല് മാസം കഴിയുന്നു,” സജന തുടരുന്നു. ”ഇതിനു മുമ്പ് ഓൺലൈൻ ഫുഡ് ഡെലിവറി ആയിരുന്നു പണി. ആ ജോലി കുഴപ്പമില്ലാതെ മുമ്പോട്ട് പോകുമ്പോഴാണ് ലോക്ക്ഡൗൺ വരുന്നത്. അതോടെ ആ ജോലി നഷ്ടമായി. ഒരുപാട് ബുദ്ധിമുട്ടിക്കിട്ടിയ ജോലി നഷ്ടപ്പെട്ടപ്പോൾ സത്യത്തിൽ ഞാനാകെ പകച്ചുപോയി.

സജന ഷാജി

“കാരണം, ഒരു ട്രാൻസ് പെൺകുട്ടി ആയതിനാൽ തന്നെ എവിടെയും എനിക്ക് ജോലി കിട്ടുന്നുണ്ടായിരുന്നില്ല. എന്‍റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തിയതിനാൽ എന്നെ പലയിടങ്ങളിൽ നിന്നും ആട്ടിയകറ്റി. പിന്നീട് ഉള്ള എന്‍റെ ആലോചന എന്ത് കൈത്തൊഴിൽ ചെയ്‌ത് ജീവിക്കണമെന്നായിരുന്നു.

“അങ്ങനെയിരിക്കെയാണ് വഴിയിൽ പലയിടങ്ങളിലായി ആളുകൾ ബിരിയാണി വിൽക്കുന്നത് എന്‍റെ ശ്രദ്ധയിൽ പെടുന്നത്. അത്യാവശ്യം പാചകമൊക്കെ അറിയാം എനിക്ക്. എങ്കിൽ എന്തു കൊണ്ട് ഈ വഴി നോക്കിക്കൂട  എന്നൊരു ചിന്ത പെട്ടെന്ന് മനസ്സിൽ ഉടക്കി.”
വില്‍പനയില്‍ എന്തെങ്കിലും പുതുമവേണമല്ലോ. ആ വഴിക്ക് ആലോചിച്ചപ്പോഴാണ് വാഴയിലയില്‍ ബിരിയാണി കൊടുക്കാമെന്ന ഐഡിയ കിട്ടിയത്.

“വാഴയിലയിൽ ഭക്ഷണം എന്നത് നമ്മുടെ തനതായ രുചിയല്ലേ. നല്ല വാഴയില  അടുപ്പത് വെച്ച് വാട്ടിയെടുത്തു അതിൽ ബിരിയാണി വിളമ്പി പൊതിഞ്ഞാണ് വിൽക്കുന്നത്. വാട്ടിയ വാഴയിലയിൽ ഇരുന്ന് ബിരിയാണിയിലേക്ക് നല്ല ചൂരും രുചിയും ഇറങ്ങും. അതോടെ ബിരിയാണി വാങ്ങി കഴിക്കുന്നവരും ഹാപ്പി ഞാനും ഹാപ്പി!”

സജനയുടെ വാഴയില വിവരണം എന്നെയും ഗൃഹാതുരത്വത്തിന്‍റെ പടവുകൾ കയറ്റിയോ..?
സജനയുടെ ഇലപ്പൊതി ബിരിയാണി വളരെപ്പെട്ടെന്നാണ് കൊച്ചിയില്‍ ഹിറ്റായത്

കോട്ടയംകാരനായ ഷാജിമോനിൽ നിന്നും സജന ഷാജിയിലേക്കുള്ള യാത്ര വളരെ ദുർഘടമായിരുന്നുവെന്ന് സജന.

“കോട്ടയം ജില്ലയിലാണ് ഞാൻ ജനിച്ചു വളർന്നത്. ചെറുപ്പം മുതലേ എന്‍റെ സംസാരവും നടത്തവും സ്ത്രീകളെപ്പോലെയായിരുന്നു. അതുകൊണ്ട് തന്നെ സ്കൂളിലും മറ്റും എന്നെ ‘പെണ്ണാച്ചി’ എന്നാണ് വിളിച്ചിരുന്നത്. എന്താണെന്ന് അറിയില്ലെങ്കിലും, എനിക്കെന്തോ പ്രത്യേകത ഉണ്ടെന്ന് അ‌ന്ന് തോന്നിയിരുന്നു.”
അവസാനം കളിയാക്കലും അപമാനവും സഹിക്ക വയ്യാതെ ഷാജി പതിനഞ്ചാം വയസ്സിൽ നാടുവിട്ട് കോഴിക്കോട് കൊണ്ടോട്ടിയിലെത്തി.

“അവിടെ ഒരു ജോലി കിട്ടുമെന്ന ഉറപ്പു കിട്ടിയിരുന്നതിനാലാണ് കൊണ്ടോട്ടിയിലെത്തിയത്. പക്ഷേ, അതൊരു വ്യാജ സ്ഥാപനമായിരുന്നു. അങ്ങനെ അതിലും പ്രതീക്ഷ നഷ്ടപെട്ട സമയം സുഹൃത്തുക്കളായി നടന്നവർ പോലും എന്നെ കബളിപ്പിച്ചു. എന്നിലെ സ്ത്രൈണത കൊണ്ടാകാം എനിക്ക് അതൊന്നും തന്‍റേടത്തോടെ നേരിടാൻ കഴിയാഞ്ഞത്,” താൻ നേരിട്ട ദുരനുഭവങ്ങൾ പറയുമ്പോഴും സജനയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല.

തൊഴിൽ തേടിയുള്ള അ‌ലച്ചിൽ സജനയെ പലയിടങ്ങളിലും പല ജോലികളിലും എത്തിച്ചു. ഉത്സവ പറമ്പുകളിലെ കുപ്പിവള കച്ചവടക്കാരുടെ സഹായി ആയി നിന്നും ബലൂൺ വിറ്റും കുറച്ചു നാൾ കഴിഞ്ഞെങ്കിലും ഒരു സ്ഥിരവരുമാനം കണ്ടെത്താൻ കഴിഞ്ഞില്ല.

“ഉത്സവ പറമ്പുകളിൽ അന്തിയുറങ്ങിയും മറ്റും ദിവസങ്ങൾ കഴിച്ചുകൂട്ടിയിട്ടുണ്ട്. ശരീരികമായി എന്നെ ചൂഷണം ചെയ്യുന്ന അവസ്ഥ വന്നപ്പോൾ അവിടുന്നെല്ലാം ഞാൻ ഓടി ഒളിച്ചു. അപ്പോഴെല്ലാം ഞാൻ ഷാജിമോൻ തന്നെയായിരുന്നു. ഷാജിമോനിൽ എന്നിലെ സ്ത്രീത്വം തുളുമ്പുമ്പോഴും എനിക്ക് എന്താ സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. ഒടുവിൽ എറണാകുളത്ത് എത്തിയപ്പോഴാണ് ഞാൻ അറിയുന്നത് എന്നെ പോലെയുള്ളവർ അടങ്ങുന്ന ഒരു സമൂഹം തന്നെയുണ്ടെന്ന്. ട്രാൻസ്‌ജെൻഡർ എന്താണെന്നും ശാരീരികമായും മാനസികമായും എനിക്കുള്ള പ്രത്യേകതകൾ എന്തൊക്കെയാണെന്നും അവരെനിക്ക് മനസിലാക്കി തന്നു,” സജന തുടരുന്നു.

“ഇവിടെയെത്തി ട്രാൻസ് സമൂഹത്തോട് ബന്ധം പുലർത്തിയപ്പോൾ മാത്രമാണ് ഞാൻ എന്നെ തിരിച്ചറിയുന്നത്. അങ്ങനെ ഞാൻ പാന്റ്സും ഷർട്ടും ഉപേക്ഷിച്ചു ആദ്യമായി സ്ത്രീകളുടെ വസ്ത്രം ധരിക്കാൻ തുടങ്ങി. ഇരുപതാമത്തെ വയസ്സിൽ‌ സ്ത്രീവേഷം ധരിച്ചപ്പോൾ എനിക്ക് സന്തോഷം നിയന്ത്രിക്കാനായില്ല. ഞാൻ എന്‍റെ ഉമ്മയെ ഫോണിൽ വിളിച്ചു. ‘ഞാൻ ഇനി എനിക്ക് വേണ്ടി ജീവിക്കാൻ പോകുകയാണ്. ഇനി ഞാൻ പെണ്ണായിട്ട് ജീവിക്കും’ എന്ന്.

സജന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍.

“അപ്പോൾ ഉമ്മ പറഞ്ഞു, ‘നീ നിനക്കു ശരിയെന്ന് തോന്നുന്നത് ചെയ്യുക, സ്ത്രീവേഷം ധരിച്ച് ഒരിക്കലും നീ കുടുംബത്തിലേക്ക് വരരുത്,’ സജന ഒരു നിമിഷം നിർത്തി. തന്‍റെ തട്ടം നേരെയാക്കിയതിനു ശേഷം തുടർന്നു: “എന്‍റെ ഉമ്മാക്ക് അങ്ങനെ പറയാനേ നിർവാഹമുള്ളൂ. നമ്മുടെ സമൂഹത്തെ പേടിച്ചാണ് ഉമ്മ അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയാം. എന്‍റെ ഉമ്മയുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയതാണ് ഞാൻ. എന്നെ ലാളിച്ചു വളർത്തിയത് കൊണ്ടുതന്നെ എന്നിലെ മാറ്റങ്ങൾ എന്‍റെ കുഞ്ഞുകളി ആയിട്ടാണ് ഉമ്മ കരുതിയിരുന്നത്.” ഉമ്മയെ കുറിച്ചു പറഞ്ഞ് സജന ചിന്തയിലാണ്ടു.

ഭിക്ഷാടനത്തിലേക്ക് പോകാൻ കാരണമായ സാഹചര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ സജനയുടെ മറുപടി ഇതായിരുന്നു: “എന്‍റെ വ്യക്തിത്വം സമൂഹത്തോട് വിളിച്ചു പറഞ്ഞതിനാൽ എനിക്ക് പിച്ചച്ചട്ടി എടുക്കേണ്ടി വന്നു.

“ഞാൻ പെണ്ണായി രൂപമാറ്റം നടത്തിയതോടെ ജോലി തേടി ചെല്ലുന്നിടങ്ങളിൽ നിന്നെല്ലാം എല്ലാവരും എന്നെ ഓടിച്ചു. ആരും ജോലി തന്നില്ല. എറണാകുളം ജില്ലയിൽ ആദ്യമായി റേഷൻ കാർഡും വോട്ടേഴ്‌സ് ഐഡി കാർഡും ആധാർ കാർഡുമൊക്കെ സ്വന്തമാക്കിയ ട്രാൻസ്‌വുമൻ ഞാനാണ്. കേരളത്തിൽ രണ്ടാമത്തെയും.

“എന്നിട്ടും എനിക്ക് എവിടെയും ജോലി കിട്ടിയില്ല. ജീവിക്കാൻ നിവൃത്തിയില്ലാതെയായി. ഞങ്ങളെപ്പോലുള്ളവർക്ക് രണ്ടു ജോലിയാണ് സമൂഹം വെച്ചുനീട്ടുന്നത്. ഒന്നുകിൽ ലൈംഗിക തൊഴിലാളി ആവുക, അല്ലെങ്കിൽ ഭിക്ഷാടനം. ലൈംഗിക തൊഴിൽ എനിക്ക് ഒരിക്കലും അംഗീകരിക്കാനാകില്ലായിരുന്നു. ജീവിതത്തെക്കുറിച്ചു ചെറുതെങ്കിലും കുറച്ചു സ്വപ്നങ്ങളുണ്ട്. അത് തകർക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഒരു ട്രാൻസ് പെൺകുട്ടിക്ക് ജോലി നൽകാത്ത ഈ സമൂഹത്തിൽ ജീവിക്കാൻ ഭിക്ഷ എടുക്കുക അല്ലാതെ മറ്റൊരു മാർഗ്ഗമില്ലാതെയായി.” പുരുഷനായി സമൂഹത്തിൽ തൊഴിൽ ചെയ്തു ജീവിച്ച ഷാജിമോനിൽ നിന്നും സജന ഷാജിയിലേക്കെത്തിയപ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് അവര്‍ വാചാലയായി.

സജന ഷാജി

“ഒരിക്കൽ ട്രെയിനിൽ ഭിക്ഷാടനത്തിനിടെ ഒരു യാത്രക്കാരന്  മുന്നിൽ കൈ നീട്ടി. അപ്പോൾ  അയാൾ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി. ‘നിനക്കൊക്കെ വല്ല പണിയെടുത്തു ജീവിച്ചൂടെടാ’ എന്ന് അയാൾ എന്നോട് കയർത്തു. ഞാൻ അയാളോട് തിരിച്ച് ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ ‘വീട്ടുവേലയാണെങ്കിലും നിങ്ങൾക്ക് ഒരു ജോലി തരാൻ കഴിയോ? പണിയെടുക്കാനുള്ള മനസ്സ് എനിക്കുണ്ട്’ എന്ന്. അയാൾ നിശബ്ദനായി എനിക്ക് ഒരു നൂറു രൂപ നോട്ട് നീട്ടി. ഞാൻ അത് വാങ്ങിയില്ല, ‘ഞങ്ങളും മനുഷ്യരാണ്, ജീവിക്കാൻ കൊതിയുണ്ട്. വിധിയുണ്ടെങ്കിൽ കാണാം’ എന്ന് പറഞ്ഞു ഞാൻ ട്രെയിനിൽ നിന്നുമിറങ്ങി.”

ഭിക്ഷാടക ആയിരുന്നപ്പോഴും നല്ലൊരു ജീവിതം സജന സ്വപ്നം കണ്ടിരുന്നു. അതിനായി അവർ ജോലി തേടി ഏറെ അലഞ്ഞു. പിന്നീട് ഒരു സ്വകാര്യ ഫുഡ് ഡെലിവറി സ്ഥാപനത്തിൽ ജോലിക്ക് കയറി ജീവിതം പച്ച പിടിക്കാൻ തുടങ്ങിയപ്പോഴാണ് ലോക്ക് ഡൗൺ സജനയെ വീണ്ടും പ്രതിസന്ധിയിലാക്കിയത് .

ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ എന്‍റെ ഇലപ്പൊതി ബിരിയാണി ദൈവാനുഗ്രഹം കൊണ്ട് ക്ലിക്കായി. ഇന്ന് ഇരുന്നൂറ്റി അമ്പതോളം ബിരിയാണി ദിനംപ്രതി വിറ്റുപോകുന്നുണ്ട്. ആറു പേർ എനിക്കൊപ്പം സഹായികളായുണ്ട്. അവർ എറണാകുളം ജില്ലയിൽ പലയിടങ്ങളിലായി ബിരിയാണി വിൽക്കും. ഞാൻ ഒരു പഴയ മാരുതി കാർ വാങ്ങി അതിലാണ് വില്പന. ഇത് തുടങ്ങാനായി എന്‍റെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് സ്വരൂപിച്ച പണം വരെ മുടക്കി. അങ്ങനെയാണ് കാറും ഗ്യാസും പാത്രങ്ങളുമെല്ലാം വാങ്ങിയത്,” സജന തന്‍റെ ബിരിയാണി വിശേഷങ്ങളിലേക്ക് കടന്നു.

“ബിരിയാണിയുടെ യഥാർത്ഥ രുചി നിലനിർത്താൻ ചേരുവകളെല്ലാം ഫ്രഷ് ആയിട്ടാണ് ഒരുക്കുന്നത്. വെളുപ്പിന് തന്നെ എഴുന്നേറ്റാണ് ഉള്ളിയും സവാളയുമെല്ലാം നന്നാക്കുന്നത്. തലേദിവസം ഒന്നും അരിഞ്ഞു വെക്കാറില്ല. രാവിലെ പതിനൊന്നരയോടെ ബിരിയാണി പൊതികളുമായി റോഡരികിലെത്തി വില്പന തുടങ്ങും. പൊതി ഒന്നിന് 60 രൂപയാണ് വില. അന്വേഷിച്ചെത്തി ബിരിയാണി വാങ്ങി കൊണ്ടുപോകുന്നവർ ഉണ്ട്. വഴിയാത്രക്കാർ ആണ് അധികവും.”

സജന ആറുപേര്‍ക്ക് തൊഴില്‍ നല്‍കുന്നുമുണ്ട്.

ബിരിയാണി കച്ചവടത്തിൽ മാത്രം ഒതുങ്ങുന്നതല്ല സജനയുടെ ഒരു ദിനം. ദിവസവും തെരുവിൽ കഴിയുന്ന നിരവധി പേർക്ക് സജന തന്‍റെ ബിരിയാണി എത്തിച്ചു കൊടുക്കുന്നുണ്ട്.

“ഞാനും തെരുവിൽ കഴിഞ്ഞിട്ടുണ്ട്. വിശന്ന് അലഞ്ഞിട്ടുണ്ട്. കുപ്പത്തൊട്ടിയിൽ നിന്നും ഭക്ഷണമെടുത്തു കഴിച്ചിട്ടുണ്ട്. അത്കൊണ്ട് തെരുവിൽ കഴിയുന്നവരെ എങ്ങനെങ്കിലും സഹായിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.

“ഈ സംരംഭം ആരംഭിച്ച് ആദ്യദിനം പത്തു പേർക്കാണ് തെരുവിൽ ഭക്ഷണം വിളമ്പിയത്. അതിപ്പോൾ ദിവസവും അമ്പത്തഞ്ചു പേരിൽ എത്തി നിൽക്കുന്നു. ഇതറിഞ്ഞു വന്ന കുറച്ചു പേർ ഇപ്പോൾ തെരുവിൽ ഭക്ഷണം നൽകാനായി സാമ്പത്തിക സഹായം ചെയുന്നുണ്ട്. ഇനിയും കൂടുതൽ പേരിലേക്ക് ഭക്ഷണം എത്തിക്കാനാണ് ആലോചിക്കുന്നത്. എല്ലാം ഒത്തുവന്നാൽ ഒരു ഹോട്ടലോ തട്ടുകടയോ തട്ടിക്കൂട്ടണമെന്ന ആഗ്രഹമുണ്ട്. ഈശ്വര കൃപയാൽ അതും നടക്കും,” ഒരു യുവ സംരംഭകയുടെ ആത്മവിശ്വാസം ആ വാക്കുകളിൽ പ്രകടമായിരുന്നു.

വഴിയരികിലെ ബിരിയാണി കച്ചവടം കഴിഞ്ഞാൽ വീട്ടിലെത്തി വീണ്ടും ബിരിയാണി ഉണ്ടാക്കിയാണ് സജന തെരുവു മക്കളെ ഊട്ടുന്നത്. ബാക്കി വരുന്ന ബിരിയാണി പൊതികൾ അവർക്ക് നൽകില്ല. “അവർ ഫ്രഷായി കഴിച്ചു സമാധാനമായി അന്തിയുറങ്ങട്ടെ’ എന്ന് പറയുമ്പോൾ സജനയുടെ കണ്ണുകളിൽ കണ്ട ആർദ്രത ഉള്ളില്‍ തട്ടിയുള്ള സ്നേഹത്തിന്‍റെയും കരുണയുടേയും കൂടിയായിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: സജന ഷാജി- ഫേസ്ബുക്ക്/ ഇന്‍സ്റ്റാഗ്രാം

ഇതുകൂടി വായിക്കാം: ‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം