2 മാസത്തിനുള്ളില്‍ 40 ദശലക്ഷം പേര്‍ വായിച്ച കോവിഡ്-19 ലേഖനം! ‘വാട്ട്സാപ്പ് യൂനിവേഴ്സിറ്റി’യിലെ കള്ളങ്ങള്‍ പൊളിച്ചടുക്കിയ മലയാളി ഡോക്റ്റര്‍ക്ക് ലോകത്തിന്‍റെ അംഗീകാരം

വിക്കിപീഡിയയിലൂടെ വ്യാജവിവരങ്ങള്‍ക്കെതിരെ പോരാടുന്ന ഈ മലയാളി ഡോക്റ്ററുടെ പേര് അടുത്തിടെ ഐക്യരാഷ്ട്രസഭയും പരാമര്‍ശിച്ചിരുന്നു. സ്വീഡനില്‍ താമസിക്കുന്ന ഡോ. നത ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശദമായി സംസാരിക്കുന്നു.

“അടുത്തിടെതന്നെ നടന്നതാണ്. അധികമാരും കേള്‍ക്കാത്ത ഏതോ ഒരു പഴം കഴിച്ച് കുറച്ച് പേര്‍ ആശുപത്രിയിലായി. വിഷാംശമുണ്ടായിരുന്നു അതില്‍. അവരത് കഴിച്ചതാകട്ടെ കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിച്ചും. ആ വിവരം അവര്‍ക്ക് കിട്ടിയതോ ഇന്‍റെര്‍നെറ്റില്‍ നിന്ന്,” ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിറയുന്ന, ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഡോ. നത ഹുസൈന്‍ ഈയിടെ നടന്ന ഒരു സംഭവം പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അവിടെയാണ്
വിക്കിപീഡിയയെന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തി ഈ യുവമലയാളി ഡോക്റ്റര്‍ നടത്തുന്ന പോരാട്ടത്തിന് കൂടുതല്‍ പ്രസക്തി ഉണ്ടാവുന്നത്.

കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുമെന്ന് യാതൊരുവിധ ഉറപ്പുമില്ലാത്ത അനേകം മാര്‍ഗങ്ങള്‍ ചികില്‍സകളെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതെല്ലാം നിരത്തി ഡോ. നത എഴുതിയ വിക്കിപീഡിയ ലേഖനം ആഗോളതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭ പോലുള്ള സംഘടനകള്‍ അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ ക്ലിനിക്കല്‍ ന്യൂറോസൈന്റിസ്റ്റിനെ പരാമര്‍ശിക്കുകയും അവരുടെ വിഡിയോ പങ്കുവെക്കുകയുമുണ്ടായി.

വിക്കിപീഡിയയില്‍ പത്ത് വര്‍ഷത്തിലേറെയായി സജീവമാണ് ഡോ. നത ഫോട്ടോ:ബിജു ഇബ്രാഹിം

10 വര്‍ഷത്തിലധികമായി വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുന്നുണ്ട് നത.


ചമ്മന്തിയെ കുറിച്ചുള്ള ലേഖനമെഴുതിയായിരുന്നു തുടക്കമെന്ന് നത ഓര്‍ത്തെടുക്കുന്നു.


പിന്നീട് പല വിഷയങ്ങളെ കുറിച്ചും എഴുതി. ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോഴത്തെ കോവിഡ്-19 എഴുത്തുകള്‍ തന്നെ.

“ജനങ്ങള്‍ എന്നെ വിശ്വസിക്കുന്നത് ഞാനൊരു ഡോക്റ്റായതിനാലാകം. വ്യാജവിവരങ്ങളെ പ്രതിരോധിക്കുന്നതിന് ഒരു മെഡിക്കല്‍ ഡിഗ്രിയുള്ളത് സഹായിക്കുന്നുണ്ട്. വിക്കിപീഡിയയില്‍ മെഡിക്കല്‍ എഡിറ്റര്‍മാര്‍ വളരെ കുറവാണ്. അതും എന്റെ ഉത്തരവാദിത്തം കൂട്ടുന്നു. ഞങ്ങള്‍ ചെയ്തില്ലെങ്കില്‍ വേറാരും ഇത് ചെയ്യാനില്ല. കോവിഡ് തുടങ്ങുമ്പോള്‍ ആര്‍ക്കും ഇതിനെകുറിച്ച് ഒന്നുമറിയില്ലായിരുന്നു. പിന്നീട് പ്രൊഫഷന് വേണ്ടി അത് പഠിച്ചു. അത് വിക്കിപീഡിയയിലും ഉപയോഗപ്പെടുത്തി,” സ്വീഡനില്‍ താമസമാക്കിയ ഡോ. നത ഹുസൈന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

പഠിക്കാനെഴുതിയ കുറിപ്പുകള്‍

“തുടക്കത്തില്‍ എനിക്കേതായാലും പഠിക്കാനായി നോട്ട്‌സ് എഴുതണമായിരുന്നു. അപ്പോ ഞാന്‍ വിചാരിച്ചു അതു നേരെപ്പോയി വിക്കിപീഡിയയില്‍ എഴുതുകയാണെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് കൂടി ഉപകാരമുണ്ടാകുമല്ലോയെന്ന്. അന്നത്തെ ദിവസം പഠിപ്പിക്കുന്നത് എന്തായാലും, അത് പഠിക്കുമ്പോള്‍ വിക്കിപീഡിയയില്‍ കൂടി നോക്കും. എന്നിട്ട് ആ ആര്‍ട്ടിക്കിള്‍ ഇംപ്രൂവ് ചെയ്യാന്‍ ശ്രമിക്കും. പിന്നെപ്പിന്നെ ഇത് എളുപ്പമുളള പ്രക്രിയ ആയി മാറി,” എഴുതിത്തുടങ്ങിയതിനെ കുറിച്ച് നത പറയുന്നു.

ഡോ. നത ഹുസൈന്‍ കോഴിക്കോട് കുന്നമംഗലംകാരിയാണ്

എഴുതി ഒഴുക്ക് വന്നപ്പോള്‍ പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങള്‍ വ്യക്തമാക്കാനും ചെയ്യാനും റെഫറന്‍സ് കണ്ടുപിടിക്കാനുമെല്ലാം പറ്റുന്ന രീതിയിലേക്ക് പിന്നീടുള്ള പ്രവര്‍ത്തനം മാറിയെന്ന് നത പറയുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളാണ്  വിക്കിപീഡിയയില്‍ അവര്‍ കൂടുതലും എഴുതുന്നത്. സന്നദ്ധ പ്രവര്‍ത്തനമായതിനാല്‍ തന്നെ അതിന് സാമ്പത്തിക നേട്ടമൊന്നുമില്ല.

ഏറ്റവും വിശ്വാസത്യയുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ എഴുതുകയാണ് ചെയ്യുന്നതെന്ന് നത.

‘കുപ്പിയില്‍ നിന്നുവരുന്ന ഭൂതം’

വളരെ ബുദ്ധിമുട്ടേറിയ പ്രവര്‍ത്തനമാണ് വ്യാജവിവരങ്ങളെ പ്രതിരോധിച്ച് ഇല്ലാതാക്കുകയെന്നത്-നത പറയുന്നു. “കുപ്പീന്നു വിട്ട ഭൂതത്തെ പോലെയാണ് അത്. ഒരിക്കല്‍ തുറന്നുവിട്ടാല്‍ തിരിച്ചുകയറാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. അത് വളരെ വേഗം സ്‌പ്രെഡ് ചെയ്തുകൊണ്ടിരിക്കും.

“കോവിഡ് ഇത്ര വ്യാപകമാകുന്നതിന് മുമ്പ് തന്നെ വ്യാജവിവരങ്ങള്‍ പ്രശ്‌നമായിരുന്നു. വെളുത്തുള്ളി കഴിച്ചാല്‍ കോവിഡ് വരില്ല. ചൂടു കാലത്ത് കോവിഡ് വരില്ല. അങ്ങനെ അങ്ങനെ പല വര്‍ത്തമാനങ്ങളും പ്രചരിച്ചിരുന്നു. ചൈനയില്‍ ആദ്യമായി കോവിഡ് തുടങ്ങിയപ്പോഴേ ഇവിടെ വ്യാജപ്രചരണങ്ങള്‍ സജീവമായിരുന്നു,”ഡോ. നത ചൂണ്ടിക്കാട്ടുന്നു.

“മാര്‍ച്ച് മുതലേ സ്വീഡനില്‍ കോവിഡുണ്ട്. അപ്പോഴേ ഇത് ഫോക്കസ് ചെയ്ത് പഠിക്കാന്‍ തുടങ്ങി. ഞാന്‍ താമസിക്കുന്നത് ഇവിടെയാണല്ലോ. അപ്പോ ഇവിടെത്തെ കാര്യങ്ങളെല്ലാം അറിയാന്‍ സാധിക്കും. അങ്ങനെ കോവിഡുമായി ബന്ധപ്പെട്ട ആദ്യ വിവരങ്ങള്‍ എഴുതാന്‍ തുടങ്ങി. എത്ര കേസുകളുണ്ട്. ആ രാജ്യം കൈക്കൊള്ളുന്ന നയങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ വിഷയങ്ങളായിരുന്നു തുടക്കത്തില്‍ എഴുതിയത്.

നത ഹുസൈന്‍ /

“മഹാമാരിയെ കുറിച്ചുള്ള പൊതുലേഖനവും കൊറോണയുടെ മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസിനെ കുറിച്ചും എഴുതി. പിന്നെപ്പിന്നെ എനിക്കുതന്നെ കുറേ വാട്‌സാപ്പ് ഫോര്‍വേഡെഡ് മെസേജുകളെല്ലാം കിട്ടിത്തുടങ്ങി. അപ്പോഴാണ് കോവിഡിനെ സംബന്ധിച്ച വ്യാജവിവരങ്ങള്‍ക്കെതിരെ എഴുതിത്തുടങ്ങാമെന്ന് വിചാരിച്ചത്,” തെറ്റായ വിവരങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രചോദനത്തെ കുറിച്ച് നതയുടെ വാക്കുകള്‍.

ആയുധം വിക്കിപീഡിയ

പത്ത് വര്‍ഷത്തിലധികമായി വിക്കിപീഡിയ സന്നദ്ധ പ്രവര്‍ത്തകയാണ് നത. വിക്കിമീഡിയന്‍മാരില്‍ പ്രമുഖ. (സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുകയും എഡിറ്റ് ചെയ്യുന്നവരെയുമാണ് വിക്കിമീഡിയന്‍സ് എന്ന് വിശേഷിപ്പിക്കുന്നത്.)

നത എഴുതിയ ‘ലിസ്റ്റ് ഓഫ് അണ്‍പ്രൂവന്‍ മെത്തേഡ്‌സ് എഗെയ്ന്‍സ്റ്റ് കോവിഡ്-19’ (List of unproven methods against COVID-19) എന്ന വിക്കിപീഡിയ ലേഖനം ലോകം മുഴുവന്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്തു. കോവിഡ്-19 സംബന്ധിച്ച അശാസ്ത്രീയ മാര്‍ഗ്ഗങ്ങളുടെ പട്ടികയായിരുന്നു അവര്‍ വിശദമാക്കിയത്.

അതേസമയം വിക്കിപീഡിയ ഒരിക്കലും ഒരു അന്തിമ സ്രോതസല്ലെന്ന കാര്യവും നത ഓര്‍മ്മിപ്പിക്കുന്നു. “എങ്കിലും തെറ്റായ ഇന്‍ഫര്‍മേഷന്‍ വളരെ കുറവാണ്. കാരണം എല്ലാവരും മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടിയാണ് അവിടെ ഇരിക്കുന്നത്. കൂടുതലും നല്ല ഇന്‍ഫര്‍മേഷന്‍ തന്നെയാണ്. എന്നെപ്പോലുള്ള കുറേ എഡിറ്റേഴ്‌സ് വിക്കിപീഡിയ പേജുകള്‍ വാച്ച് ചെയ്യുന്നുണ്ട്. ആരെങ്കിലും എഡിറ്റ് ചെയ്യുന്നുണ്ടോ, അതിന് വിശ്വാസ്യതയുണ്ടോ എന്നതെല്ലാം പരിശോധിക്കും. തീരെ വായിക്കപ്പെടാത്ത ലേഖനങ്ങളിലെ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ ചിലപ്പോള്‍ സമയമെടുത്തേക്കാം എന്നുമാത്രം,” അവര്‍ വിശദമാക്കുന്നു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ചില ലേഖനങ്ങളില്‍ ചില ആളുകള്‍ മോശം വാക്കുകള്‍ ഇന്‍സേര്‍ട്ട് ചെയ്യും. ചില ഭാഗങ്ങള്‍ ഇല്ലാതാക്കും. എന്നാല്‍ അതെല്ലാം കണ്ടുപിടിക്കാന്‍ ഓട്ടോമാറ്റിക് ടൂള്‍സ് ഉണ്ട്. ആ സംവിധാനങ്ങള്‍ അത് കണ്ടെത്തി മുമ്പത്തെ അവസ്ഥയിലേക്കെത്തിച്ച് പോസ്റ്റ് ചെയ്യും.

“ചിലര്‍ വിക്കിപീഡിയയില്‍ വന്ന് മനപ്പൂര്‍വം ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ കംപ്യൂട്ടര്‍ തന്നെ കണ്ടെത്തി ശരിയാക്കും. ഞാന്‍ ചെയ്യുന്ന ആര്‍ട്ടിക്കിളുകളെല്ലാം തന്നെ ഞാന്‍ ഇടയ്ക്കിടെ നോക്കാറുണ്ട്.”

പാഷനാണ് വിക്കിപീഡിയ

ഒഴിവുദിനങ്ങളിലാണ് നത ലേഖനങ്ങളെഴുതുന്നത്.  “എഴുതുമ്പോള്‍ കൂടുതല്‍ സമയം ചെലവിടും. കൊറോണ തുടങ്ങിയ കാലത്ത് ലേഖനങ്ങള്‍ക്കായി കുറേ സമയം ചെലവാക്കുമായിരുന്നു. 3-4 മണിക്കൂറെല്ലാം ഇരുന്ന് ഒന്നുരണ്ട് ആര്‍ട്ടിക്കിള്‍ എല്ലാം എഴുതുമായിരുന്നു. ഇപ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട് ഒരുപാട് ലേഖനങ്ങളായി. വിക്കിപീഡിയില്‍ പലരായി എഴുതിയ 2,000-ത്തോളം കൊറോണ ലേഖനങ്ങളുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ ഒരു എമര്‍ജന്‍സിയില്ല,” ഡോക്റ്റര്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കാന്‍ സാധ്യതയുള്ള വിഷയങ്ങളെ കുറിച്ചാണ് ലേഖനങ്ങള്‍ എഴുതാറുള്ളതെന്നു നത. “കോവിഡിനെ കുറിച്ചുള്ള പൊതുലേഖനത്തിന് ആദ്യഘട്ടത്തില്‍ വളരെ ആവശ്യകതയുണ്ടായിരുന്നു. അതുപോലെ പ്രസവവുമായി ബന്ധപ്പെട്ട കോവിഡ്-19 ലേഖനങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാലത് ഒരുപാട് പേര്‍ തെരയുന്ന വിഷയവുമായിരുന്നു. അവരത് ഇന്റര്‍നെറ്റില്‍ തെരയും. വിക്കിപീഡിയയില്‍ കണ്ടില്ലെങ്കില്‍ വ്യാജവിവരങ്ങളെ ഒരുപക്ഷേ ആശ്രയിക്കും,’ വിക്കിപീഡിയയിലെ വിഷയം തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് നത പറയുന്നു.

“ഏകദേശം 30-ലധികം ലേഖനങ്ങള്‍ ഞാന്‍ കോവിഡിനെ കുറിച്ച് എഴുതിയിട്ടുണ്ടാകും. 100-ലധികം ആര്‍ട്ടിക്കിളുകള്‍ കോവിഡുമായി ബന്ധപ്പെട്ട് വികസിപ്പിക്കുകയും ചെയ്തിട്ടുണ്ടാകും. 100-ലധികം കോവിഡ് ലേഖനങ്ങള്‍ എഡിറ്റ് ചെയ്തിട്ടുമുണ്ട്.”

ചരിത്രമായ ലേഖനം

‘കോവിഡ്-19 പാന്‍ഡമിക്’ (Covid-19 Pandemic) എന്ന പേരില്‍ എഴുതിയ ലേഖനമാണ് ഏറ്റവും കൂടുതല്‍ പേര്‍ വായിച്ചത്.  “മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ മാത്രം 40 ദശലക്ഷം പേര് ഇത് വായിച്ചുകാണും. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയുമധികം ആളുകള്‍ വായിച്ച ആര്‍ട്ടിക്കിള്‍ വേറെയില്ല. അതിനാല്‍ വിക്കിപീഡിയയില്‍ തന്നെ അത് റെക്കോഡാണ്,” നത പറയുന്നു.

“പിന്നെ ടെക്സ്റ്റ് ബുക്കുകളിലൊന്നും കോവിഡിനെ കുറിച്ച് ലേഖനങ്ങള്‍ ഇല്ലല്ലോ. പുതിയ രോഗമല്ലേ. അപ്പോ എല്ലാവരും വരുന്നത് ഇന്‍റെര്‍നെറ്റിലേക്കാണ്. ജേണല്‍ ആര്‍ട്ടിക്കിള്‍സ് വരുന്നുണ്ട്. എന്നാല്‍ അത് സാധാരണക്കാര്‍ക്ക് മനസിലാകില്ല. അവര്‍ വിക്കിപീഡിയയിലേക്ക് വരും. അവിടെ കണ്ടില്ലെങ്കില്‍ വേറെ പല സ്രോതസുകളിലേക്കും പോയി തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ക്ക് വിക്കിപീഡിയയില്‍ തന്നെ ഏറ്റവും വിശ്വാസയോഗ്യമായ, വായിച്ചാല്‍ മനസിലാകുന്ന ഇന്‍ഫര്‍മേഷന്‍ കൊടുക്കുന്നതാണ് നല്ലത്. അതാണ് കോവിഡ് ലേഖനത്തിന്‍റെ കാര്യത്തിലും സംഭവിച്ചത്,” ഡോ. നത വിശദീകരിക്കുന്നു.

വിക്കി വിമെന്‍ ക്യാംപില്‍.Blossom Ozurumba/ക്രിയേറ്റിവ് കോമണ്‍സ്

“ജനങ്ങള്‍ വിക്കിപീഡിയയെ ആശ്രയിച്ച് വരുമ്പോള്‍ അവര്‍ക്ക് നല്ല ഇന്‍ഫര്‍മേഷന്‍ തന്നെ കൊടുക്കണം. അല്ലെങ്കില്‍ വേറെ എവിടെയെങ്കിലും പോയി ചതിക്കപ്പെടും. അതുകൊണ്ടാണ് ഈ ജോലി പ്രധാനമെന്ന് ഞാന്‍ കരുതുന്നത്,” നതയുടെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകള്‍.

വ്യാജ വിവരങ്ങളാല്‍ നമ്മള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് പല കാരണങ്ങളാലാണെന്ന് നത ചൂണ്ടിക്കാട്ടുന്നു. “നമ്മുടെ പക്ഷങ്ങളാണ് ആണ് ഒരു കാരണം. ചില അസുഖത്തിന് ഇംഗ്ലീഷ് മരുന്ന് പാടില്ല. ചിലതിന് ഫാസ്റ്റിങ് വേണം…നമ്മുടെ ധാരണകള്‍ എങ്ങനെയെങ്കിലും ശരിയെന്ന് ഉറപ്പ് വരുത്തി അതല്ലാത്തതിനെ തള്ളിക്കളയുകയാണ് നമ്മള്‍ ചെയ്യുക. ആരെങ്കിലുമൊക്കെ അയച്ച മെസേജുകളാണ് നമ്മള്‍ വിശ്വസിക്കുക. പിന്നെ വിവരങ്ങളുടെ കുത്തൊഴുക്കും പ്രശ്‌നമാണ്.”

വ്യാജ വിവരങ്ങള്‍ തിരിച്ചറിയാന്‍ പഠിപ്പിക്കുക എന്നതാണ് പ്രധാനമെന്ന്, ശാസ്ത്രീയ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഓണ്‍ലൈന്‍ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്കിലെ അംഗം കൂടിയായ നത പറയുന്നു. കുട്ടിക്കാലം മുതലേ വ്യാജവിവരങ്ങളെ മനസിലാക്കുന്നതിനെ കുറിച്ച് പഠിപ്പിച്ച് തുടങ്ങണം. സയന്‍സ് പഠിപ്പിക്കുന്ന രീതിയേ മാറ്റണം.

കോഴിക്കോട് കുന്നമംഗലം സ്വദേശിയാണ് ഡോ. നത ഹുസൈന്‍. കാലിക്കറ്റ് മെഡിക്കല്‍ കോളെജില്‍ എംബിബിഎസ് ചെയ്ത ശേഷമാണ്. പിഎച്ച്ഡി ചെയ്യാന്‍ സ്വീഡനിലെത്തിയത്. “2015-ല്‍ എംബിബിഎസ് കഴിഞ്ഞു. 2016-ല്‍ സ്വീഡനില്‍ പിഎച്ച്ഡിക്കായി വന്നു. ക്ലിനിക്കല്‍ ന്യൂറോസയന്‍സിലാണ് ഗവേഷണം. കഴിഞ്ഞ മാസം പിഎച്ച്ഡി കഴിഞ്ഞു. ഡോക്റ്ററായി പ്രാക്റ്റീസ് ചെയ്യുന്നതിനോടൊപ്പം ഗവേഷണവും തുടരണം. മെഡിക്കല്‍ റീസര്‍ച്ചിന് നാട്ടില്‍ അവസരങ്ങള്‍ കുറവാണ്. ഇവിടെ തുടരാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്,” നത പറയുന്നു.

വിക്കിപീഡിയയില്‍ എഴുതിയ ആരോഗ്യ ലേഖനങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്കയിലെ പ്രശസ്തമായ റെഡ്ഹാറ്റിന്‍റെ ഓപ്പണ്‍ സോഴ്‌സ് അക്കാഡമിക് അവാര്‍ഡും നതയ്ക്ക് ലഭിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യ അറിവുകള്‍ ലഭ്യമാക്കുന്നതിലെ മികവ് പരിഗണിച്ചായിരുന്നു അവാര്‍ഡ് ലഭിച്ചത്.

സ്വീഡനില്‍ നിന്ന് പഠിക്കാം 

സുസ്ഥിരതയ്ക്കാണ് സ്വീഡന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് നത പറയുന്നു. ഒരു നയമോ നിയമമോ നടപ്പിലാക്കി പെട്ടെന്ന് തന്നെ അത് മാറ്റുന്ന പരിപാടി ഇല്ല. കോവിഡ് പ്രതിരോധത്തിലും അത് പ്രകടമായിരുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങില്‍ ഊന്നിയായിരുന്നു പ്രതിരോധം. മാസ്‌ക് നിര്‍ബന്ധമല്ല. ലോക്ക്ഡൗണ്‍ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം എന്നുപറഞ്ഞാണ് മാസ്‌ക്ക് നിര്‍ബന്ധമല്ലാതാക്കിയത്. യൂറോപ്പില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താത്ത ഏകരാജ്യമാണ് സ്വീഡന്‍.

സന്തോഷരാജ്യം

സര്‍ക്കാരില്‍ വലിയ വിശ്വാസമാണ് ഇവിടുത്തുകാര്‍ക്ക്. “നമ്മുടെ നാട്ടിലെ പോലെയല്ല. നമുക്ക് ട്രസ്റ്റ് (വിശ്വാസം) കുറവാണ്. എന്നാല്‍ ഇവിടെ അത് കൂടുതലാണ്. സര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവന്ന് അതനുസരിക്കണമെന്ന് നിര്‍ബന്ധിക്കേണ്ട കാര്യമൊന്നുമില്ല. ചില കാര്യങ്ങളില്‍ നിയമം കൊണ്ടുവരേണ്ട ആവശ്യം പോലുമില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിങ് വേണമെന്ന് പറഞ്ഞാല്‍ തന്നെ ജനങ്ങള്‍ അത് പാലിക്കും. പണിഷ്‌മെന്‍റ് പോലും ആവശ്യമില്ല. സിവിക് റെസ്‌പോണ്‍സിബിലിറ്റി (പൗരത്വ ബോധം) കൂടുതലാണ് ജനങ്ങള്‍ക്ക്. എല്ലാത്തിനും സര്‍ക്കാര്‍ വിവരങ്ങളെ വിശ്വസിക്കുന്ന പ്രവണതയാണ് കൂടുതല്‍,”സ്വീഡന്‍റെ മേന്മയെ കുറിച്ച് നത.

“സ്വീഡനില്‍ സ്ത്രീകള്‍ മുന്നേറാന്‍ പ്രധാന കാരണം പാരന്‍റല്‍ ലീവാണ് (പ്രസവത്തോട് അനുബന്ധിച്ച് മാതാപിതാക്കള്‍ക്ക് അവധി നല്‍കുന്ന നയം). അതും ഷെയേര്‍ഡ് പാരന്‍റല്‍ ലീവാണ്. ഒരു സ്ത്രീക്ക് അവരുടെ കരിയറില്‍ വരുന്ന പ്രശ്‌നം കല്യാണവും പ്രസവവുമാണ്. നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ പാരന്റല്‍ ലീവിന്‍റെ കാര്യമൊക്കെ പറയുമെങ്കിലും സ്ഥാപനങ്ങളില്‍ വിവേചനം കൂടുതലാണ്. ഇവിടെ അതില്ല. ഭര്‍ത്താവിനും കുട്ടിയെ നോക്കി വീട്ടിലിരിക്കാം. അതിനെ സമൂഹവും അംഗീകരിക്കുന്നു. പാരന്‍റല്‍ ലീവ് സമയത്തെ സാലറി സര്‍ക്കാരാണ് തരുന്നത്. അതിനാല്‍ കമ്പനികള്‍ക്കും പ്രശ്‌നമില്ല. സ്ത്രീകള്‍ക്ക് ജോലിയിലേക്ക് തിരിച്ചെത്തല്‍ വളരെ എളുപ്പമാണ്.

“മികച്ച അച്ചടക്കത്തോടുകൂടിയാണ് കുട്ടികളെ വളര്‍ത്തുന്നതും. വിവേചനം മോശമാണെന്നെല്ലാം വളരെ ഇളം പ്രായത്തിലേ തന്നെ കൃത്യമായി പറഞ്ഞുകൊടുക്കുന്നുണ്ട് ഇവിടെ. സ്വന്തം കാലില്‍ നില്‍ക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് ചെറുതിലേ തൊട്ടേ വളര്‍ത്തുരീതികള്‍. സ്‌കൂളില്‍ സമ്മര്‍ദ്ദമില്ല. ഏഴ് വയസാകുമ്പോഴേ എഴുതിതുടങ്ങുകയുള്ളൂ. അതുവരെ സ്‌കൂളില്‍ പോയി വെറുതേ സംസാരവും ആക്റ്റിവിറ്റീസുമാണ്. ആശ്രയത്വം കുറയ്ക്കുകയെന്നതിനാണ് പ്രാധാന്യം നല്‍കുന്നത്,” സ്വീഡനിലെ രീതികളെ കുറിച്ച് കോഴിക്കോട്ടുകാരി പറയുന്നു.”സമാധാനമായി ജീവിക്കുന്നതിനാണ് ഇവിടുത്തെ ആളുകള്‍ പ്രാധാന്യം നല്‍കുന്നത്. അവരവരുടെ ജീവിതം സന്തുലിതമായി കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്,” സന്തോഷ സൂചികയില്‍ സ്വീഡന്‍ മുന്നിട്ടു നില്‍ക്കുന്നതിന് കാരണവും നത സൂചിപ്പിക്കുന്ന ഈ ഘടകങ്ങളാകാം.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം