മനസ്സിന്‍റെ താളംതെറ്റി അലയുന്നവര്‍ക്കായി ഒരു കൂലിപ്പണിക്കാരന്‍ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ തുടങ്ങിയ അഭയകേന്ദ്രത്തിന്‍റെ കഥ

മനസ്സിന്‍റെ പിടിവിട്ട് ആരോരുമില്ലാതെ വഴിയിലലഞ്ഞിരുന്ന 300-ലധികം പേരെ കരുതലോടെ ശുശ്രൂഷിച്ച് സുഖപ്പെടുത്തി തിരികെ ബന്ധുക്കളുടെ അടുത്തെത്തിക്കാന്‍ ജോസ് ആന്‍റണിയുടെ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു.

ന്ന് ജോസ് ആന്‍റണിയും മകനും ഒരു യാത്രയിലായിരുന്നു. മുണ്ടക്കയം എത്തിയപ്പോള്‍ ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ റോഡിലൂടെ നടന്നു പോകുന്നു. ജട പിടിച്ച നീണ്ട മുടിയും താടിയും… തലയില്‍ ഒരു ഭാണ്ഡക്കെട്ടും, കയ്യില്‍ ഒരു വടിയും.

അവര്‍ അയാളോട് കാര്യങ്ങളൊക്കെ ഒരുവിധം ചോദിച്ചു മനസിലാക്കി വണ്ടിയില്‍ കയറ്റി.

ഒരു വടക്കേ ഇന്‍ഡ്യക്കാരനായിരുന്നു. കുളിച്ചിട്ട് മാസങ്ങളേറെയായി കാണും….അസഹ്യമായ ദുര്‍ഗന്ധം.

“ഒരുപക്ഷെ ഇയാളുടെ ദേഹത്ത് ഭേദമാകാതെയുള്ള വ്രണമോ പരിക്കോ ഉണ്ടായിരിക്കും. അതാണിത്ര ദുര്‍ഗന്ധം. എത്രയും പെട്ടെന്ന് ലൂര്‍ദ്ദ് ഭവനില്‍ എത്തിച്ച് ഇയാളെ കുളിപ്പിച്ച് മുടിയും താടിയും ഒക്കെ വെട്ടി വൃത്തിയാക്കിയാല്‍ ആ മുറിവ് എവിടെ എന്ന് കണ്ടു പിടിക്കാന്‍ സാധിക്കും,” ജോസ് ആന്‍റണി മകന്‍ റോബിനോട് പറഞ്ഞു.

ജോസ് ആന്‍റണി

എന്നാല്‍, വൃത്തിയാക്കിയതിനു ശേഷവും അയാളുടെ ദേഹത്ത് ഒരു പരിക്കോ വ്രണമോ അവര്‍ക്കു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴും ആ മനംപിരട്ടുന്ന ദുര്‍ഗന്ധം തന്നെ. അതിനിടെയാണ്, അയാളുടെ ഭാണ്ഡക്കെട്ട് അവരുടെ ശ്രദ്ധയില്‍ പെട്ടത്. അതഴിച്ചു നോക്കിയപ്പോള്‍ കണ്ടത് ഞെട്ടുന്ന കാഴ്ചയായിരുന്നു. തലയും ഉടലിന്‍റെ പകുതി ഭാഗവും മാത്രമുള്ള ചത്ത പാമ്പ്…അത് പോലെ ഒരു കാക്ക!

ഹിന്ദി അറിയുന്ന ഒരാളുടെ സഹായത്തോടെ അയാളോട് കൂടുതല്‍ സംസാരിച്ചു. അയാള്‍ കൂലിപ്പണി അന്വേഷിച്ചു ഒരു സംഘത്തിനൊപ്പം കേരളത്തില്‍ വന്നിറങ്ങിയതാണ്. ഇതിനിടയില്‍ കൂട്ടം തെറ്റി. ഭാഷയും അറിയില്ലായിരുന്നു. ഒരുപാട് ദിവസങ്ങള്‍ അലഞ്ഞു തിരിഞ്ഞു.  ഭക്ഷണം ചോദിച്ചു പല വാതിലുകള്‍ കൊട്ടിയെങ്കിലും എല്ലാവരും ആട്ടിയോടിച്ചു. അവഗണനയും നിസ്സഹായതയും അയാളുടെ മാനസിക നിലയും തെറ്റിച്ചിരുന്നു.

ഭക്ഷണം കിട്ടാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ വഴിയില്‍ കാണുന്ന ജന്തുക്കളെയെല്ലാം പിടിച്ചു തിന്നുവാന്‍ തുടങ്ങി. കുറച്ചു കഴിച്ചു വെച്ച് പിന്നീട് വിശക്കുമ്പോള്‍ കഴിക്കാന്‍ കരുതി വെച്ചതായിരുന്നു ആ ഭാണ്ഡക്കെട്ടിലെ അവശിഷ്ടങ്ങള്‍.

അയാള്‍ ഒരു മാസത്തോളം ലൂര്‍ദ്ദ് ഭവനില്‍ ഉണ്ടായിരുന്നു. ജോസും കൂട്ടരും എങ്ങനെയൊക്കെയോ അയാളുടെ വിലാസം സംഘടിപ്പിച്ചു. ഒട്ടും വൈകാതെ തന്നെ അയാളുടെ ഭാര്യയും പെങ്ങളുടെ ഭര്‍ത്താവും സ്ഥലത്തെത്തി.

“ആ കൂടിക്കാഴ്ച വികാരനിര്‍ഭരമായ ഒന്നായിരുന്നു. അതോര്‍ത്തെടുക്കുമ്പോള്‍ ഇപ്പോഴും എന്‍റെ കണ്ണ് നനയുന്നു. അയാളുടെ ബന്ധുക്കള്‍ സന്തോഷാശ്രുക്കളാല്‍ അയാളെ കെട്ടിപ്പിടിക്കുന്നു, ഞങ്ങളെ കെട്ടിപിടിക്കുന്നു…നന്ദി പറയുന്നു. തീര്‍ത്തും മനസ്സില്‍ നിന്ന് മാഞ്ഞു പോകാത്ത ഒരു കൂടിക്കാഴ്ച,” ജോസ് ആന്‍റണി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

അങ്ങനെയെത്രെയെത്ര കൂടിക്കാഴ്ചകള്‍, അനുഭവങ്ങള്‍!

കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍ ജോസ് ആന്‍റണി മാനസികാസ്വാസ്ഥ്യം ഉള്ള ഒരുപാട് പേരെ ശുശ്രൂഷിച്ചു. സ്‌നേഹപൂര്‍വ്വമായ പരിചരണവും ചികിത്സയും മനസ്സിന്‍റെ മുറിവുകളെ ഉണക്കി. രോഗമുക്തിനേടിയ മൂന്നൂറിലേറെപ്പേരെ ബന്ധുക്കളെ തിരിച്ചേല്‍പ്പിച്ചു. അതില്‍ രാജ്യത്തിന്‍റെ പല ഭാഗത്തു നിന്നുള്ളവര്‍ ഉണ്ടായിരുന്നു.


ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജോസിന്‍റെ (56) ജീവിതം തികച്ചും വ്യത്യസ്തമായിരുന്നു.


കാര്യമായ വിദ്യാഭ്യാസം ഒന്നുമില്ലാത്ത ജോസ് പുലര്‍ച്ച രണ്ടു മണിയാകുമ്പോള്‍ എഴുന്നേറ്റ് ഭാര്യ മേരിക്കുട്ടിയുമൊത്ത് റബ്ബര്‍ വെട്ടാന്‍ പോകും. പാലൊക്കെ ഉറയൊഴിച്ചു വെച്ചതിനു ശേഷം വെളുപ്പിന് ആറുമണിയോടു കൂടി തിരിച്ചെത്തും. പിന്നീട് പ്രഭാതഭക്ഷണമൊക്കെ കഴിഞ്ഞു കൂലിപ്പണിക്കോ, പെയിന്‍റ് പണിക്കോ പോകും. വൈകീട്ട് അഞ്ചു മണിയോടെ തിരിച്ചെത്തും. അങ്ങനെ കാര്യമായ പ്രതീക്ഷകളോ സ്വപ്നങ്ങളോ ഇല്ലാതെ കടന്നു പൊയ്‌ക്കൊണ്ടിരുന്ന സാധാരണ ജീവിതം.

ജോസ് ആന്‍റണിയും ഭാര്യയും

എന്നാലതിനിടയില്‍ ഉണ്ടായ ഒരു അനുഭവം അദ്ദേഹത്തിന്‍റെ ജീവിത വീക്ഷണങ്ങളെ മാറ്റിമറിച്ചു.

“ആരുടെയോ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അന്ന് ഞാനാ ധ്യാനത്തിന് പോയത്. കുറച്ച് കന്യാസ്ത്രീകള്‍ നടത്തുന്ന സ്ഥാപനമായിരുന്നു അത്. സത്യം പറയട്ടെ, ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ ഇരുന്നുറങ്ങുകയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് അവിടത്തെ അന്തേവാസികളായ കുഞ്ഞുങ്ങളെ കാണുന്നത്. അവര്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ ആയിരുന്നു. എന്നാല്‍ തങ്ങളുടെ കുറവുകളിലൊന്നും പരിഭവപ്പെടാതെ രാവും പകലും സന്തോഷത്തോടു കൂടി തങ്ങള്‍ക്ക് കിട്ടിയ ജീവിതത്തിന് നന്ദി പറഞ്ഞു കൊണ്ടേയിരുന്നു,” ജോസ് ഓര്‍ത്തെടുത്തു.

ആ കാഴ്ച ജോസിന് ഒരു പുതിയ അനുഭവമായിരുന്നു. ജീവിതം അര്‍ത്ഥവത്തായി ചിലവഴിക്കാന്‍ സാധിക്കുമെന്നും, അതിനു ആദ്യം വേണ്ടത് ഇത് വരെ കിട്ടിയ നന്മകളെ ഇരട്ടിയായി മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാമെന്നുമുള്ള തിരിച്ചറിവായിരുന്നുവെന്നും ജോസ് പറയുന്നു.

“പിന്നീട്, ഞാന്‍ പല സ്ഥാപനങ്ങളിലും ആളുകളെ ശുശ്രൂഷിക്കുന്നതിനായി പോയിത്തുടങ്ങി,” ജോസ് പറയുന്നു. പതിയെ അദ്ദേഹത്തിന്‍റെ മനസ്സില്‍ ഒരു ചിന്ത ഉടലെടുക്കാന്‍ തുടങ്ങി. എന്തുകൊണ്ട് മാനസിക അസ്വാസ്ഥ്യമുള്ളവരെ സ്വന്തം നിലയ്ക്ക് ശുശ്രൂഷിച്ചു കൂടാ, എന്ന്.

എന്നാല്‍ കൂലിപ്പണിയും റബര്‍ വെട്ടുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ജോസിന് അതെങ്ങനെ കഴിയും? നടയിലകവും, ഒരു മുറിയും, അടുക്കളയും മാത്രമുണ്ടായിരുന്ന ഒരു മണ്‍പുരയിലാണ് അന്ന് അദ്ദേഹം ചാച്ചനും, ഭാര്യയും രണ്ടു മക്കളോടുമൊപ്പം താമസിച്ചിരുന്നത്. എന്നാല്‍ അത് നിന്നിരുന്നത് അവരുടെ തന്നെ 20 സെന്‍റ് സ്ഥലത്തായിരുന്നു.

“വീട്ടില്‍ അങ്ങനെയുള്ളവരെ പാര്‍പ്പിച്ചാലോ എന്നാലോചിച്ചപ്പോള്‍ ചാച്ചന്‍ എതിര്‍ത്തു. പക്ഷെ, എങ്ങനെയെങ്കിലും അത് തുടങ്ങണമെന്ന കാര്യത്തില്‍ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിയിരുന്നില്ല. … കുറച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ എന്‍റെ മുന്നില്‍ ഒരു വഴി തെളിഞ്ഞു വന്നു.”

താമസിക്കുന്ന കൂരയ്ക്കടുത്ത് ഒരു ഷെഡ് കെട്ടി മാനസികാസ്വാസ്ഥ്യം ബാധിച്ചവരെ പാര്‍പ്പിക്കാനും ശുശ്രൂഷിക്കാനും ജോസ് തീരുമാനിച്ചു. “എന്തുകൊണ്ടോ, അത് ചാച്ചനും എതിര്‍ത്തില്ല. ഭാര്യക്ക് എല്ലാത്തിനും പണ്ടേ സമ്മതമായിരുന്നു.”


ഇതുകൂടി വായിക്കാം: കോര്‍പറേറ്റ് ജോലി വിട്ട് കൂട്ടുകൃഷിയിലേക്ക്; 80 കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ 30-കാരന്‍റെ ജൈവകൃഷി പരീക്ഷണം


തെരുവില്‍ അലഞ്ഞു നടക്കുന്ന മൂന്ന് പേരെ ജോസ് അവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. ലൂര്‍ദ്ദ് ഭവന്‍റെ തുടക്കം അവിടെയായിരുന്നു.

പക്ഷെ, ഒന്നും അത്ര എളുപ്പമായിരുന്നില്ല, എന്ന് ജോസ് കൂട്ടിച്ചേര്‍ക്കുന്നു.

ഒരു കുഗ്രാമമായിരുന്നു അത്. ഒരു നല്ല നടപ്പാത പോലുമില്ലായിരുന്നു. അതിലൂടെ വണ്ടി കയറുവാനും പ്രയാസം. തെരുവില്‍ നിന്ന് കിട്ടുന്നവരെയെല്ലാം വളരെ ശ്രമപ്പെട്ട് ലൂര്‍ദ്ദില്‍ എത്തിക്കുകയായിരുന്നു പതിവ്. അവിടെ എത്തിച്ചു കഴിഞ്ഞാല്‍ അവരെ കുളിപ്പിച്ച് വൃത്തിയാക്കുന്നതിനായി, നൂറു മീറ്ററകലെയുള്ള ഒരു തോട്ടിലേയ്ക്ക് കൊണ്ട് പോകണം. ജോസിന്‍റെ വീട്ടിലെ കിണറില്‍ നിറച്ചും പാറയായിരുന്നു. വെള്ളം കഷ്ടി. എന്നാല്‍ പ്രായമായവരെ അവിടെത്തന്നെയാണ് കുളിപ്പിച്ച് വൃത്തിയാക്കി കൊണ്ടിരുന്നത്.

“ഇത് കണ്ടു പലരും പലതും പറഞ്ഞു അധിക്ഷേപിച്ചിട്ടുണ്ട്… ലൂര്‍ദ്ദിലെ വട്ടനെന്നും, അന്തോണിയുടെ മകന് വട്ടാണെന്നും ഒക്കെ പറഞ്ഞ്. പക്ഷെ അതൊന്നുമെന്നെ വിഷമിപ്പിച്ചിട്ടേയില്ല. ഒത്തിരി നല്ല മനുഷ്യരും ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നു എന്നത് തന്നെ കാരണം. ഈ വിഷമസ്ഥിതി മനസിലാക്കിയ കോട്ടയം ലയണ്‍സ് ക്ലബ് ഒരു മോട്ടോര്‍ വാങ്ങിച്ചു തന്നു. എന്നാലത് വെയ്ക്കാന്‍ സ്ഥലമിലായിരുന്നു, വെള്ളത്തിന്‍റെ ക്ഷാമത്തെക്കുറിച്ച് മനസിലാക്കിയപ്പോള്‍ അടുത്തുള്ള രമണന്‍ ചേട്ടന്‍ മോട്ടോര്‍ ഉപയോഗിക്കാന്‍ തരുമായിരുന്നു. ഒരു ദിവസം വെള്ളമടിച്ചാല്‍ ഏകദേശം പതിനഞ്ചു ദിവസത്തേയ്ക്ക് കാണും.”

ഒരു വര്‍ഷം അങ്ങനെ പോയി. അപ്പോഴാണ് ഒരനുഗ്രഹമെന്ന പോലെ ‘സന്‍സോ എന്‍ജിനീയറിങ്’ എന്ന കമ്പനി ലൂര്‍ദ്ദ് ഭവനെ സഹായിക്കാനായി മുന്നോട്ടു വരുന്നത്. അവര്‍ ഒരു രണ്ടു സെന്‍റ് സ്ഥലം ആ തോടിനടുത്ത് വാങ്ങിച്ച്, അവിടെ ഒരു കുളം കുഴിച്ചുകൊടുത്തു. മുകളില്‍ ഒരു ടാങ്കുകെട്ടി മോട്ടോര്‍ കണക്ഷനും അവര്‍ എടുത്തു കൊടുത്തു.

“അങ്ങനെ ഓരോരോ പ്രതിസന്ധികള്‍ ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങി. നന്മയുള്ളവര്‍ ചുറ്റിനും ഉള്ളത് കൊണ്ടല്ലേ, സമയത്തിന് ഇത്തരം സഹായങ്ങള്‍ കിട്ടുന്നത്?” ജോസ് ചോദിക്കുന്നു.

അപ്പോഴും ലൂര്‍ദ്ദിലെ അന്തേവാസികളെ പാര്‍പ്പിച്ചു കൊണ്ടിരുന്നത് അന്ന് കെട്ടിയ ആ ഷെഡില്‍ തന്നെയായിരുന്നു. “ഒരു കെട്ടിടം വേണമെന്നുള്ളത് എന്‍റെ തീവ്രമായ ആഗ്രഹമായി മാറിയിരുന്നു. എന്നാല്‍ കയ്യില്‍ പൈസയായി എടുക്കാനൊന്നും ഉണ്ടായിരുന്നില്ല,” ജോസ് ഒരു നെടുവീര്‍പ്പോടെ ഓര്‍ത്തെടുത്തു.

ഒട്ടനവധി പ്രതിസന്ധികള്‍ അന്നുണ്ടായിരുന്നുവെങ്കിലും, ജോസിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പതുക്കെപ്പതുക്കെ ആളുകള്‍ അറിയാന്‍ തുടങ്ങിയിരുന്നു.

“അപ്പോഴാണ് മേനിപ്പള്ളി സിമെന്‍റ് കമ്പനി ഒരു കെട്ടിടം പണിയുന്നതിന് ആവശ്യമായ സിമെന്‍റ്, ഇഷ്ടിക തുടങ്ങിയ വസ്തുക്കള്‍ ഈടും പലിശയും ഇല്ലാതെ തരുന്നത്. പൈസ കിട്ടുന്ന മുറയ്ക്ക് തന്നവസാനിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞു. കൂടാതെ, നാട്ടുകാരും സഹായിക്കാനായി മുന്നോട്ടു വന്നു. അങ്ങനെ, അവരുടെയെല്ലാം ശ്രമഫലമായി ഒരു ഹാളും. അടുക്കളയും, മറ്റൊരു മുറിയുമുള്ള ഒരു കെട്ടിടം പണിതു. കൂടുതല്‍ പണിയാനുള്ള പൈസ ഉണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

ആയിടയ്ക്കാണ് മൂന്ന് കന്യാസ്ത്രീകള്‍ ലൂര്‍ദ്ദ് കാണുന്നതിനായി വരുന്നത്,” ജോസ് നന്ദിയോടെ ആ മുഖങ്ങള്‍ ഓര്‍ക്കുന്നു. “അവര്‍ പലരോടുമായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരുപാട് നല്ലവരായ മനുഷ്യര്‍ ഞങ്ങളെ സഹായിക്കുന്നതിനായി മുന്നോട്ടു വന്നു. അങ്ങനെ ആ ചെറിയ കെട്ടിടം രണ്ടു നിലയായി ഉയര്‍ന്നു.”

ആദ്യമൊക്കെ ജോസ് തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ മാനസികമായി ബുദ്ധിമുട്ടുള്ള, തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തുകയായിരുന്നു പതിവ്. പിന്നീട് പോലീസുകാരും അത്തരത്തിലുള്ളവരെ ഈ അഭയകേന്ദ്രത്തിലേക്ക് കൊണ്ടെത്തിക്കുവാന്‍ തുടങ്ങി.

“ഒരിക്കല്‍ മുപ്പത്തിയഞ്ചു വയസുള്ള ഒരാളെ തെരുവില്‍ നിന്ന് കിട്ടി. മലപ്പുറത്തുകാരനാണെന്ന് മനസിലായി. ചോദിക്കുമ്പോള്‍ ഓരോ പ്രാവശ്യവും ഓരോ വിലാസം തരും. അങ്ങനെ പത്തു വിലാസങ്ങളിലേയ്ക്ക് കത്തുകള്‍ അയച്ചു. ഒടുവില്‍, പത്താമത്തെ അഡ്രസില്‍ നിന്ന് മറുപടി കിട്ടുകയും, ബന്ധുക്കള്‍ വന്നു കൂട്ടി കൊണ്ട് പോകുകയും ചെയ്തു.

“മാനസികാസ്വാസ്ഥ്യം മൂലം വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട് വിടുമ്പോള്‍ അയാളുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ആ കുഞ്ഞ് വളര്‍ന്ന്, വിവാഹവും കഴിഞ്ഞു; ആ മകള്‍ക്കും ഒരു കുഞ്ഞു പിറന്നിരിക്കുന്നു. വീട്ടുകാര്‍ മരിച്ചു എന്ന് കരുതിയിരുന്നതാണ്. അപ്പോഴാണ് ഇങ്ങനെയൊരു വിവരം അവര്‍ക്കു കിട്ടുന്നത്. എന്‍റെ സന്തോഷമെന്താണെന്നു വെച്ചാല്‍ ഇപ്പോള്‍ അയാള്‍ ഒരു ഹോട്ടലില്‍ തൊഴിലെടുത്ത് തന്‍റെ കുടുംബത്തെ നോക്കുന്നു.

“ഒന്നാലോചിച്ചു നോക്കൂ…മരിച്ചെന്ന് കരുതിയ ആള്‍ തിരിച്ചു വരുക. ഒരു മകള്‍ പോലുമുണ്ടെന്ന കാര്യം അറിയാതെയിരിക്കുക, വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ആള്‍ തന്നെ രോഗമെല്ലാം ഭേദമായി സ്വന്തം കുടുംബം പോറ്റുക. ശരിക്ക് ചിന്തിച്ചാല്‍ അതൊരത്ഭുതമല്ലേ,” ജോസ് ചോദിക്കുന്നു. “ഇതൊക്കെ, ഒരു ചെറിയ കാര്യമാണെന്ന് തോന്നിയേക്കാം. പക്ഷെ, അല്ല എന്നുള്ളതാണ് വാസ്തവം.”


ഹൃദയഭേദകമായ പല അനുഭവങ്ങളും ജോസിന് ഉണ്ടായി. അതിലൊന്ന് പ്രായം ചെന്ന ഒരാളുടെ അനുഭവമായിരുന്നു.


2002-ല്‍ കോട്ടയത്ത് നിന്നുമാണ് ആ മനുഷ്യനെ കണ്ടെത്തുന്നത്.

“ദുര്‍ഗന്ധം വമിക്കുന്ന ശരീരം. മനുഷ്യ ശരീരം ചീയുമ്പോള്‍ ഉണ്ടാകുന്ന മണം എന്ന് പറയുന്നതാകും ശരി. വൃത്തിയാക്കിയപ്പോള്‍ പുരികക്കൊടിക്കുള്ളില്‍ ഒരു വ്രണം. അതില്‍ പുഴുക്കള്‍ നുരയുന്നു. വൃത്തിയാക്കിയതിന് ശേഷം പരിശോധനയ്ക്കും സര്‍ട്ടിഫിക്കറ്റിനുമായി ഡോക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോയി.

“പോകുന്നതിനു മുന്‍പ് അയാള്‍ എന്നോട് പറഞ്ഞു, ‘അച്ഛാ…എന്നെ കൊണ്ട് പോയിട്ട് കാര്യമില്ല’ എന്ന്. എന്തുകൊണ്ടാണെന്നറിയില്ല. വന്നപ്പോള്‍ മുതല്‍ അയാള്‍ എന്നെ അങ്ങനെയാണ് വിളിച്ചു കൊണ്ടിരുന്നത്

“അങ്ങനെ തന്നെ ഡോക്ടറും വിധിയെഴുതി-‘ഒരുപാടു കാലമില്ല.  കഷ്ടിച്ച് പതിനഞ്ചു ദിവസം,’ എന്ന്.

“അധികം വൈകാതെ ഒരു രാത്രി അയാള്‍ കഞ്ഞി കുടിച്ചതിന് ശേഷം ‘ഞാന്‍ പോകുവാട്ടോ’ എന്നുപറഞ്ഞു കട്ടിലില്‍ കയറിക്കിടന്നു.”

പിന്നീട് അയാള്‍ എഴുന്നേറ്റില്ല.

പെയിന്‍റ് പണിക്കിടെ വീണ് പരുക്കുപറ്റിയതാണ് അയാള്‍ക്ക്. അപ്പോള്‍ പറ്റിയ മുറിവ് ചികില്‍സിച്ചു ഭേദമാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അതാണ് ആ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്.

വഴിയില്‍ നിന്ന് കണ്ടെത്തിയ ഒരു 55-കാരന്‍റെ തിരുവനന്തപുരത്തുള്ള ബന്ധുക്കളെ തെര‍ഞ്ഞുപിടിച്ച് ബന്ധപ്പെട്ടപ്പോഴുള്ള പ്രതികരണം ജോസിന് ഒരിക്കലും മറക്കാനാവില്ല.

ലൂര്‍ദ്ദ് ഭവന്‍

ഭാര്യ അടക്കമുള്ള ബന്ധുക്കള്‍ അയാളെ സ്വീകരിക്കാന്‍ കഴിയില്ല എന്ന് യാതൊരു ദയയുമില്ലാതെ പറഞ്ഞു.

“നിങ്ങള്‍ക്ക് വഴിയില്‍ നിന്ന് കിട്ടിയതല്ലേ, അപ്പോള്‍ നിങ്ങള്‍ തന്നെ നോക്കിക്കോളൂ,” എന്നായിരുന്നു അവരുടെ നിലപാട് എന്ന് ജോസ്.

“അതു മാത്രമല്ല, അയാളുടെ പേരിലുള്ള അഞ്ചു സെന്‍റ് സ്ഥലം വിറ്റു അതിന്‍റെ പൈസയും വേണമെങ്കില്‍ നല്‍കാം. പക്ഷെ, മേലില്‍ അയാളുടെ കാര്യം പറഞ്ഞ് അവരെ ബന്ധപ്പെടരുതെന്ന് കര്‍ശനമായ താക്കീതും. അങ്ങനെ എത്രയെത്ര ജീവിതങ്ങള്‍, അനുഭവങ്ങള്‍..,” ജോസ് നെടുവീര്‍പ്പിട്ടു.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, അഞ്ചു പേരുടെ നേതൃത്വത്തില്‍ ഒരു ട്രസ്റ്റ് ( ജോസ് ആന്‍റണി – മാനേജിങ് ട്രസ്റ്റി, ടി സി ചാക്കോ തുരുത്തിമറ്റം – സെക്രട്ടറി ) ആയി മാറിയ ലൂര്‍ദ്ദ് ഭവന് ഇപ്പോള്‍ ഒന്നേകാല്‍ ഏക്കറോളം സ്ഥലമുണ്ട്. എല്ലാം സന്മനസുള്ളവരുടെ സംഭാവനകള്‍. ഏകദേശം പന്ത്രണ്ടു സ്‌ക്കൂളുകളില്‍ നിന്ന് ഒരു നേരത്തേയ്ക്കുള്ള പൊതിച്ചോറ് കിട്ടുന്നുണ്ട്. നാലു കുടുംബശ്രീ യൂണിറ്റുകള്‍ ആഹാരം സൗജന്യമായി നല്‍കുന്നുണ്ട്. പത്തു പള്ളി ഇടവകകളില്‍ നിന്ന് ഒരു നേരത്തേയ്ക്കുള്ള ഭക്ഷണം നല്‍കുന്നുണ്ട്. ചിലര്‍ അത്താഴമായിട്ടാണ് ഭക്ഷണം കൊടുക്കുന്നത്.

“പിന്നെ കല്യാണം. മാമ്മോദീസ, മരിപ്പ്…അപ്പോഴും ചിലര്‍ അന്നദാനം നടത്തും,” ജോസ് പറഞ്ഞു.

ഈ അഭയകേന്ദ്രത്തില്‍ താമസിക്കുന്ന 60 പേര്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍റ് കിട്ടുന്നുണ്ട്. ഇതൊന്നും കൂടാതെ, അന്തേവാസികളുടെ സഹായത്തോടു കൂടി 80 സെന്‍റ് സ്ഥലത്ത് വിപുലമായ കൃഷിയും നടത്തുന്നുണ്ട്.

കോവിഡ്-19 ഇങ്ങനെയൊരു കൂട്ടായ പരിശ്രമത്തെ ബാധിക്കുമല്ലോ എന്ന് ചോദിച്ചപ്പോള്‍ ജോസിന്‍റെ മറുപടി ഇതായിരുന്നു: “അവിടെയും ദൈവം തുണയായി. തൊട്ടടുത്തുള്ള പലചരക്ക് കടയില്‍ നിന്നും പത്തു ചാക്കോളം അരി കിട്ടിയിട്ടുണ്ട്. അത് പോലെ തന്നെ ആവശ്യത്തിന് പച്ചക്കറിയും പലവ്യഞ്ജനങ്ങളും. മഹാമാരിയെ തുടര്‍ന്ന് ഗവണ്‍മെന്‍റ് അനുവദിച്ച റേഷനും ഓര്‍ഡര്‍ ആയിട്ടുണ്ട്.”

2015 വരെ ഭാര്യ മേരിക്കുട്ടിയായിരുന്നു പാചകമൊക്കെ നോക്കിയിരുന്നത്. എന്നാല്‍ മുട്ട് തേയ്മാനവും പ്രേമേഹവും കാരണം അവര്‍ അതില്‍ നിന്ന് ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്.

1999 ഫെബ്രുവരി 11-നു കോട്ടയത്തെ അരുവിക്കുഴിയില്‍ ജോസ് തുടങ്ങിയ ലൂര്‍ദ്ദ് ഭവനില്‍ ഇന്ന് 92 അന്തേവാസികള്‍ ഉണ്ട്. അതില്‍ 12 പേരുടെ വിലാസം തപ്പിയെടുത്തിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി പാമ്പാടി ഗവണ്‍മെന്‍റ് ആശുപത്രിയിലുള്ള എണ്‍പതോളം വരുന്ന രോഗികള്‍ക്കും അവരുടെ സഹായത്തിനായി വരുന്നവര്‍ക്കും രാത്രി കഞ്ഞി എത്തുന്നത് ലൂര്‍ദ്ദ് ഭവനില്‍ നിന്നാണ്.

ആറ് സ്റ്റാഫ് ഉണ്ട്. അതില്‍ ഒരു നഴ്‌സും ഉള്‍പ്പെടുന്നു. കൂടാതെ, സേവനത്തിനായി മൂന്ന് ഡോക്ടര്‍മാരും ഉണ്ട്.

“2005 മുതല്‍ സൈക്യാട്രിസ്‌റ്റ് ആയ ഡോ. കുര്യന്‍ മാമ്പുഴയ്ക്കലിന്‍റെ  സേവനം ഞങ്ങള്‍ക്കുണ്ട്. സൗജന്യമായിട്ടാണ് അദ്ദേഹം ഞങ്ങള്‍ക്ക് സഹായം ചെയ്തു തരുന്നത്. അതുപോലെത്തന്നെ, ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവാ മെഡി സിറ്റി ആശുപത്രിയിലെ ഡോ. ഇന്ദുവിന്‍റേയും ഗവണ്‍മെന്‍റ് ആശുപത്രിയിലെ ഡോക്ടര്‍ ദമ്പതികള്‍ ആയ ഡോ. സുജിത് കെ മാത്യുവിന്‍റെയും, ഡോ അനുവിന്‍റെയും സേവനം 24 മണിക്കൂറും ഞങ്ങള്‍ക്ക് ലഭ്യമാണ്,” അദ്ദേഹം വിശദമാക്കി.

ലൂര്‍ദ്ദ് ഭവന് അടുത്തുതന്നെ ഒരു എട്ടു സെന്‍റ് സ്ഥലത്തുള്ള വീട്ടിലാണ് ജോസ് കുടുംബസമേതം കഴിയുന്നത്.

“കുഞ്ഞായിരുന്നപ്പോള്‍ എന്‍റെ മകന്‍ റോബിന്‍ പറയുമായിരുന്നു-‘നമുക്ക് ലൂര്‍ദ്ദ് നില്കുന്ന സ്ഥലവും വീടും ഒന്നും വേണ്ട. അത് ട്രസ്റ്റിന് തന്നെ കൊടുത്തേയ്ക്കു. ഞാന്‍ ജോലി ചെയ്തു നമുക്കൊരു വീട് വെയ്ക്കാ’മെന്ന്. വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ ചെയ്തതും അത് തന്നെ. അവന്‍ പഠിച്ചത് സന്മനസ്സുള്ള ഒരാളുടെ സഹായത്തോട് കൂടിയായിരുന്നു. പഠിച്ചു വിദേശത്തു ഒരു ജോലി നേടി, വീട് വെയ്ക്കുക മാത്രമല്ല. എന്‍റെ മകളുടെ വിവാഹവും നല്ല രീതിയില്‍ തന്നെ നടത്തുകയും ചെയ്തു. എന്‍റെ കയ്യിലെവിടെ നിന്നാ പണം,” അദ്ദേഹം ചിരിക്കുന്നു. പണമൊന്നും ആഗ്രഹിക്കാത്തവന്‍റെ ഭാരങ്ങളൊന്നുമില്ലാത്ത സംതൃപ്തി ആ ചിരിയിലുണ്ടായിരുന്നു.

ജോസിന് ഇനി കൂടുതല്‍ ആഗ്രഹങ്ങളൊന്നുമില്ല. “വലിയ അല്ലലില്ലാതെ ലൂര്‍ദ്ദ് ഇതു പോലെ തന്നെ നന്നായി മുന്നോട്ടു പോകണം….അത്ര മാത്രം.” കണ്ണുകളില്‍ ആ ചിരി വീണ്ടും തിളങ്ങി.


ഇതുകൂടി വായിക്കാം: വീട്ടിലെ കുഞ്ഞുമുറിയില്‍ മൈക്രോഗ്രീന്‍സ് കൃഷി; വിദ്യാധരന്‍ നേടുന്നത് മാസം 80,000 രൂപ!


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം