ഈ അമ്മയും മകനും സമൂഹ അടുക്കളയിലേക്ക് നല്‍കിയ 1,000 രൂപയുടെ മൂല്യം എങ്ങനെ അളക്കും?

“എന്നെ സഹായിച്ചവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍ അതിലും വലിയ ഭാഗ്യമുണ്ടോ?” ഗണേഷ് ചോദിക്കുന്നു

തിരുവനന്തപുരം കൈതമുക്ക് ശീവേലിനടയിലെ ആ വീട്ടില്‍ ഈ പ്രായമായ അമ്മയും രോഗിയായ മകനും മാത്രമേയുള്ളൂ. പൊന്നമ്മാള്‍ക്ക് കിട്ടുന്ന വിധവ പെന്‍ഷനും ഗണേഷിന് കിട്ടുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമപെന്‍ഷനുമാണ് വീട്ടിലെ വരുമാനം.

വീട്ടുകാര്യങ്ങള്‍ക്ക് മാത്രമല്ല ഗണേഷിന്‍റെ ചികിത്സയ്ക്കും ഈ തുക  മാത്രമേയുള്ളൂ. പത്ത് വര്‍ഷം മുന്‍പാണ് ഗണേഷിന് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്നറിയുന്നത്.

പിന്നെ രോഗത്തിന്‍റെ ആകുലതകള്‍ മാത്രമായിരുന്നു ഈ അമ്മയ്ക്കും മകനും കൂട്ട്. സര്‍ജ്ജറിയും ആശുപത്രിയും മരുന്നുമൊക്കെയായി കഷ്ടപ്പാടുകള്‍‍ മാത്രം. നാട്ടുകാരുടെയും സര്‍ക്കാരിന്‍റെയും സഹായത്തോടെയാണ് ഗണേഷിന്‍റെ ചെലവേറിയ സര്‍ജ്ജറി പോലും ചെയ്തത്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

അദ്ദേഹത്തിന് മരുന്നു വാങ്ങുന്നതിന് തന്നെ മാസം 3,000 രൂപ വേണം. പക്ഷേ, മറ്റുള്ളവരെ സഹായിക്കുന്നതിന് അതൊന്നും തടസമാകുന്നില്ലെന്നു ഈ അമ്മയും മകനും ജീവിതത്തിലൂടെ കാണിച്ചു തരുകയാണ്.

ഗണേഷ് അമ്മ പൊന്നമ്മാളിനൊപ്പം

കോവിഡ്-19 ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനിലേക്ക് ചെറിയൊരു തുക നല്‍കാനാഗ്രഹമുണ്ടെന്ന് കഴിഞ്ഞ ദിവസം ഗണേഷ് തിരുവനന്തപുരം മേയറിന്‍റെ ഓഫിസിലേക്ക് വിളിച്ചുപറയുകയായിരുന്നു.

“കഴിഞ്ഞ 16-ാം തിയതിയാണ് ഗണേഷിന്‍റെ കോള്‍ വരുന്നത്,” തിരുവനന്തപുരം  മേയറിന്‍റെ അസിസ്റ്റന്‍റ് ആനന്ദന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറ‍ഞ്ഞു. “ഓഫിസിലേക്ക് വിളിച്ചു കമ്മ്യൂണിറ്റി കിച്ചനിലേക്ക് ചെറിയൊരു ധനസഹായം നല്‍കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു.

“പക്ഷേ അസുഖമുള്ളതു കൊണ്ട് കോര്‍പ്പറേഷനിലേക്ക് വരാന്‍ സാധിക്കില്ല. ആരെയെങ്കിലും വീട്ടിലേക്ക് അയച്ചാല്‍ മതി, പണം നല്‍കാമെന്നു പറഞ്ഞു.

“അങ്ങനെ ഓഫിസില്‍ നിന്ന് ആള് ഗണേഷിന്‍റെ വീട്ടില്‍ പോയി കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള അദ്ദേഹത്തിന്‍റെ സഹായം വാങ്ങി,” അദ്ദേഹം വിശദമാക്കി.

“എനിക്ക് അസുഖം വന്നപ്പോ നാട്ടുകാരും സര്‍ക്കാരുമാണ് സഹായിച്ചത്,” കഷ്ടപ്പാടുകള്‍ക്കിടയിലും കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരാനുള്ള തീരുമാനത്തെക്കുറിച്ച് ഗണേഷ് ടി ബി ഐ-യോട് പറയുന്നു. “ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്നെ സഹായിച്ചവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍ അതിലും വലിയ ഭാഗ്യമുണ്ടോ?”

“ഞാനൊരു ഇലക്ട്രീഷ്യനായിരുന്നു. അസുഖം വന്നതോടെ ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയായി. പാര്‍ക്കിന്‍സണ്‍സ് രോഗമാണ്. അസുഖം കൂടിയതോടെ സര്‍ജ്ജറി വേണ്ടി വന്നു,” ഗണേഷ് തുടരുന്നു.

“തിരുവനന്തപുരത്ത് ശ്രീചിത്തിരി തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലായിരുന്നു ചികിത്സ. ഡോ.ആര്യ കിഷോറായിരുന്നു ചികിത്സിച്ചിരുന്നത്.

ഗണേഷ്

“2017-ലായിരുന്നു സര്‍ജ്ജറി. 11 ലക്ഷം രൂപ ചികിത്സാസഹായമായി സര്‍ക്കാരാണ് നല്‍കിയത്. പിന്നെ കുറേ നല്ല മനസുള്ള മനുഷ്യരും എന്നെ സഹായിച്ചിട്ടുണ്ട്.


അവരുടെയൊക്കെ സഹായം കൊണ്ടല്ലേ ഞാനിപ്പോഴും ജീവിക്കുന്നത്. എന്നോട് കരുണ കാണിച്ച മനുഷ്യരോട് ഞാനും സ്നേഹം കാണിക്കണ്ടേ.


“ലോകമാകെ കൊറോണയുടെ ദുരിതങ്ങളാണ്. ആ സാഹചര്യത്തില്‍ എനിക്ക് ഇതേ പറ്റൂ. അമ്മയ്ക്ക് കിട്ടുന്ന വിധവ പെന്‍ഷനും എനിക്ക് കിട്ടുന്ന ഭിന്നശേഷി പെന്‍ഷനുമാണ് ഞങ്ങളുടെ വരുമാനം.

“എനിക്ക് കിട്ടിയ പെന്‍ഷന്‍ തുകയില്‍ 1,000 രൂപയാണ് കമ്മ്യൂണിറ്റി കിച്ചന് വേണ്ടി നല്‍കിയത്. എനിക്ക് നേരില്‍ കൊണ്ടുപോയി കൊടുക്കാനാകില്ലല്ലോ. അങ്ങനെയാണ് കോര്‍പറേഷനിലേക്ക് ഫോണ്‍ ചെയ്തത്, ” ഗണേഷ് കൂട്ടിച്ചേര്‍ത്തു.

ഉച്ചയ്ക്ക് ശേഷം ഓഫീസിലെത്തിയപ്പോള്‍ മേയര്‍ ശ്രീകുമാര്‍ ഈ വിവരം അറിഞ്ഞു.

“അതുകേട്ടപ്പോ ഗണേഷിനെ നേരില്‍ പോയിക്കണ്ട് അഭിനന്ദിക്കണം എന്ന് അദ്ദേഹത്തിന് തോന്നി. ‘പെന്‍ഷന്‍ മാത്രം വരുമാനമുള്ള കുടുംബം, അതില്‍ നിന്നൊരു പങ്ക് മറ്റുള്ളവര്‍ക്ക് വേണ്ടി നല്‍കുന്നത് വലിയ കാര്യമാണ്,’ മേയര്‍ പറഞ്ഞു. അന്നു തന്നെ അദ്ദേഹം ഗണേഷിന്‍റെ വീട്ടില്‍ പോയി അദ്ദേഹത്തെയും അമ്മയെയും കണ്ടു നന്ദി പറയുകയും ചെയ്തു,” ആനന്ദന്‍ വിശദമാക്കുന്നു.

ഗണേഷിന്‍റെ വീട്ടിലെത്തിയ മേയര്‍ ശ്രീകുമാര്‍, പൊന്നമ്മാള്‍ സമീപം

പാലക്കാട്ടുകാരനായ രാമചന്ദ്ര അയ്യരാണ് ഗണേഷിന്‍റെ അച്ഛന്‍. അദ്ദേഹം മരിച്ചു. അമ്മ മാത്രമേ ഗണേഷിനൊപ്പമുള്ളൂ. ഒരു ചേച്ചിയും ചേട്ടനുമുണ്ട്. ചേച്ചി തിരുവനന്തപുരത്ത് തന്നെയാണ് താമസം. ചേട്ടന്‍ മുബൈയിലും.

“2010-ലായിരുന്നു രോഗത്തിന്‍റെ തുടക്കം,” അസുഖത്തെക്കുറിച്ച് ഗണേഷ് പറയുന്നു. പിന്നീട് അസുഖം കൂടി വന്നു.”

ഇലക്ട്രീഷനായിരുന്ന ഗണേഷിന് സ്ക്രൂ ഡ്രൈവർ പിടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. കൈ വിറയ്ക്കും. അങ്ങനെയാണ് സര്‍ജ്ജറി വേണ്ടി വന്നത്.

കമ്മ്യൂണിറ്റി കിച്ചനിലേക്ക് പൈസ കൊടുക്കുന്ന കാര്യം അമ്മയോടാണ് അദ്ദേഹം ആദ്യം പറയുന്നത്. മോന്‍ ഇങ്ങനെയൊരു നല്ല കാര്യം ചെയ്തതില്‍ സന്തോഷമേയുള്ളൂ പൊന്നമ്മാള്‍ക്ക്.

“വീടുകളുടെ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ കോണ്‍ട്രാക്റ്റ് എടുത്ത് ചെയ്യുകയായിരുന്നു അവന്‍. നാലു ജോലിക്കാരുമുണ്ടായിരുന്നു. പിന്നെ, കൈ വിറയല്‍ വന്നതോടെ ജോലിയൊന്നും ചെയ്യാന്‍ പറ്റാതെയായി,” പൊന്നമ്മാള്‍ പറയുന്നു.

“ഡീപ്പ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) സര്‍ജറിയാണ് ചെയ്തത്. രണ്ട് നേരിയ ഇലക്ട്രോഡുകള്‍ തലച്ചോറില്‍ വച്ച് അതു ഹൃദയവുമായി ബന്ധിപ്പിക്കും. ഇതൊരു മെഷീന്‍ പോലെയാണ്. ഇടയ്ക്കിടെ ചാര്‍ജ്ജ് ചെയ്യണം. അതിനുള്ള കാര്യങ്ങളൊക്കെ ആശുപത്രിയില്‍ നിന്നു തന്നിട്ടുണ്ട്.

“ഇടയ്ക്ക് ഈ മെഷീന്‍ ഓഫാകും. അന്നേരം ആശുപത്രിയില്‍ പോകേണ്ടി വരും. മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കണം. പിന്നെ ഇങ്ങനെയൊരു സര്‍ജ്ജറിയൊക്കെ കഴിഞ്ഞതല്ലേ പുറത്തു ജോലിക്ക് പോകുന്നത് ബുദ്ധിമുട്ടാണ്. രണ്ടു മൂന്നു മാസം കൂടുമ്പോള്‍ ആശുപത്രിയില്‍ പോകും,” പൊന്നമ്മാള്‍ പറഞ്ഞു.

“എനിക്ക് വേണ്ട സഹായം നല്‍കിയവരെ തിരിച്ചു സഹായിക്കുന്നു, അത്രേയൂള്ളൂ,” ഗണേഷ് ആവര്‍ത്തിക്കുന്നു. “പക്ഷേ മേയര്‍ വീട്ടിലേക്ക് വരുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല,” അദ്ദേഹം സന്തോഷത്തോടെ പറയുന്നു.


ഇതുകൂടി വായിക്കാം:ഉരുള്‍പ്പൊട്ടലിന്‍റെ ഓര്‍മ്മകളൊഴിയും മുന്‍പേ കൊറോണ ദുരിതം; പക്ഷേ, പുത്തുമലയുടെ കൈപിടിക്കാന്‍ ഈ യുവാക്കളുണ്ട്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം