മാർച്ച് 28-ന് ചൈൽഡ് ലൈനിലേയ്ക്ക് ഒരു ഫോൺ സന്ദേശം വന്നു. പുല്ലുവഴിയിലുള്ള ഒരു ശിശുഭവനിൽ നിന്നായിരുന്നു അത്. അവർക്കു ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടെന്നും, ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കാമോ എന്നും അന്വേഷിച്ചായിരുന്നു അത്.
പ്രസവശേഷം ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളടക്കം അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ പാർപ്പിക്കുന്ന ഫൗണ്ട്ലിങ് ഹോമും ചൈൽഡ് കെയർ സെന്‍ററും ഉൾപ്പെടുന്നതാണ് ആ ശിശു ഭവൻ.
അവിടെ 105 കുട്ടികൾ ഉണ്ട്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് പാല്, ലാക്ടോജൻ തുടങ്ങിയ കുഞ്ഞുങ്ങൾക്കുള്ള ആഹാരവസ്തുക്കള്‍ കിട്ടാന്‍ ബുദ്ധിമുട്ടായതാണ് അവിടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. കൂടാതെ, അടച്ചു പൂട്ടൽ കാരണം അവർക്കു ഗ്രാന്‍റും കിട്ടിയിട്ടില്ല.
അപ്പോൾ സമയം വൈകീട്ട് 4.15. ലോക്ക്ഡൗൺ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ. ഏകദേശം അഞ്ചു മണിയോട് കൂടെ കടകൾ അടയ്ക്കുവാൻ നിർദ്ദേശമുള്ള സമയം.
ഈ വിവരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ‘ ഗ്രീൻ കൊച്ചിൻ മിഷൻ’ പ്രവര്‍ത്തകര്‍ അറിഞ്ഞു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ചൈൽഡ് ലൈൻ, ജസ്റ്റിസ് ബ്രിഗേഡ്, മോട്ടോർ വാഹന വകുപ്പ് , എൻ എച്ച് എം, ശുചിത്വ മിഷൻ എന്നിവരടങ്ങുന്ന ഒരു ശൃംഖല ആണ് ഗ്രീൻ കൊച്ചിൻ മിഷൻ.
കൊച്ചിൻ കാർണിവലിന് ശേഷം ഫോർട്ട് കൊച്ചി കടല്‍ത്തീരത്തടക്കം വലിച്ചെറിയപ്പെട്ട മുപ്പത്തിയാറ് ടൺ മാലിന്യം നീക്കി കൊണ്ടായിരുന്നു മിഷന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
സമയം ഒട്ടും പാഴാക്കാതെ തന്നെ, ജില്ല സർവീസസ് അതോറിറ്റിയുടെ സെക്ഷൻ ഓഫീസർ ആയ സുരേഷ് കോലോത്തിന്‍റെയും ജസ്റ്റിസ് ബ്രിഗേഡിന്‍റെ മാനേജിങ് ട്രസ്റ്റിയായ കെ പി പ്രദീപിന്‍റെയും നേതൃത്വത്തിൽ മിഷന്‍റെ പ്രവര്‍ത്തകര്‍ ശിശുഭവനിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നതിന് നാലു ദിക്കിലേയ്ക്കായി പുറപ്പെട്ടു.
അഞ്ചു മണിയാകാൻ വെറും പതിനഞ്ചു മിനിറ്റ് മാത്രം… ലാക്ടോജൻ പല കടകളിലും കിട്ടാനില്ല. നഗരത്തിന്‍റെ തലങ്ങും വിലങ്ങും അവർ അന്വേഷിച്ചു.
ഒടുവിൽ , ഏകദേശം 22,000 രൂപയുടെ ഭക്ഷ്യ വസ്തുക്കൾ, ബേബി ഓയിൽ, ബ്രെഡ്, പാൽ തുടങ്ങിയവ സ്വന്തം കയ്യിൽ നിന്ന് തന്നെ പണം മുടക്കി സമാഹരിച്ച് അവർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആ ശിശു ഭവനിൽ എത്തിച്ചു കൊടുത്തു.
ജില്ല നേരിടുന്ന ഏതു കെടുതികളെയും വിപത്തുകളെയും തരണം ചെയ്യുക, അതിനു സഹായകമാകുന്ന പോംവഴികൾ മുന്നോട്ടു വെയ്ക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് ഗ്രീൻ കൊച്ചിൻ മിഷന്‍. എന്നാല്‍ ശിശുഭവന് വേണ്ടി നടത്തിയ ആ പ്രവര്‍ത്തനത്തോടെ ഗ്രീന്‍ കൊച്ചിന്‍ മിഷന്‍ മറ്റൊരു വിപുലമായ ദൗത്യം ഏറ്റെടുക്കാന്‍ കാരണമായി.
ഒട്ടും വൈകാതെ തന്നെ, അവർക്ക് പല ഹോമുകളിൽ നിന്ന് ഭക്ഷണം ആവശ്യമുണ്ടെന്ന അപേക്ഷകൾ ലഭിക്കാൻ തുടങ്ങി. അങ്ങനെയാണ് അത്തരം സ്ഥാപനങ്ങളിലെ കുഞ്ഞുങ്ങൾക്ക് ഒരു ഗ്ലാസ് പാൽ നൽകുക എന്ന ലക്ഷ്യം മുൻനിർത്തി മിഷൻ മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്ന് കൊച്ചി ചൈൽഡ് ലൈൻ ഡയറക്ടർ ആയ ഫാദർ ജെൻസൺ വാരിയത്ത് ദ് ബെറ്റർ ഇന്‍ഡ്യയോട് പറഞ്ഞു.
“ഇത്തരം സ്ഥാപനങ്ങളിൽ അരിയൊക്കെ ആളുകൾ കൊണ്ടുവന്നു കൊടുക്കുന്നുണ്ട്. എന്നാൽ. അത്യാവശ്യം വിലയുള്ള ലാക്ടോജെനും മറ്റും എത്തിച്ചു കൊടുക്കുന്നതിൽ സാമ്പത്തികമായ ബുദ്ധിമുട്ട് ഉള്ളതിനാൽ അത്തരം സാധനങ്ങൾ കിട്ടുക ഈ സ്ഥാപനങ്ങൾക്ക് അത്ര എളുപ്പമല്ലായിരുന്നു,” അദ്ദേഹം വിശദമാക്കുന്നു.
ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നുപോരാടുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി
ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ‘ബെറ്റര്‍ ടുഗെദര്‍’.
നിങ്ങള്‍ക്കും സഹായിക്കാം.
മുകളിലെ ബട്ടന്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
“കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണവും, മറ്റു അവശ്യ വസ്തുക്കളും അവർക്കെത്തിച്ചു കൊടുത്തപ്പോൾ, സന്തോഷവും ആശ്വാസവും കൊണ്ട് വീർപ്പു മുട്ടിയ ആ സ്ഥാപനത്തിലുള്ളവരുടെ മുഖങ്ങൾ കണ്ടപ്പോൾ തന്നെ, അടുത്തത് എന്താണ് ചെയ്യേണ്ടത് എന്നതിൽ ലവലേശം സംശയം ഞങ്ങൾക്കുണ്ടായിരുന്നില്ല.”
ഇത്തരത്തിലുള്ള എത്ര കെയര്‍ ഹോമുകൾ ഉണ്ടെന്ന് പ്രവര്‍ത്തകര്‍ അന്വേഷിച്ചു. ആറു ഫൗണ്ട്ലിങ് ഹോമുകളിലായി ഏകദേശം 129-ഓളം കുട്ടികൾ കൊച്ചി നഗരത്തിൽ പാർക്കുന്നുണ്ടെന്ന് മനസിലാക്കുകയും, അവർക്ക് പാൽ എത്തിക്കുന്ന ഉത്തരവാദിത്വം ഗ്രീൻ കൊച്ചിൻ മിഷൻ ഏറ്റെടുക്കുകയും ചെയ്തു.
“ചില കുട്ടികൾക്ക് പശുവിന്‍ പാൽ പറ്റില്ലെന്ന് കണ്ടപ്പോൾ എന്തുകൊണ്ട് അവർക്കായി പാൽ പൊടി എത്തിച്ചു കൊടുത്തുകൂടാ എന്ന് ആലോചിച്ചു. അങ്ങനെ പിഡിഡിപി കമ്പനിയുമായി സംസാരിച്ച് ഞങ്ങൾ അരക്കിലോ വരുന്ന 400 പാക്കറ്റ് മിൽക്ക് പൗഡര്‍ വാങ്ങിച്ച് എല്ലാ ഹോമുകളിലും എത്തിച്ചു,” ചൈല്‍ഡ് ലൈന്‍ ഡയറക്റ്റര്‍ പറഞ്ഞു.
ലോക്ക് ഡൗണിനു മുൻപ് തന്നെ ഗ്രീൻ കൊച്ചിൻ മിഷൻ ഒരു ലക്ഷത്തോളം ഹാന്‍ഡ് സാനിറ്റൈസെറുകൾ ജില്ലയിലുട നീളം സൗജന്യമായി വിതരണം ചെയ്തിരുന്നു.
വുഹാനിൽ കൊറോണ വൈറസ് പടരുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ഗ്രീന്‍ കൊച്ചിന്‍ മിഷന്‍ സാനിറ്റൈസറുകളുടെ വിതരണം തുടങ്ങിയിരുന്നുവെന്ന് ഫാ. വാരിയത്ത് പറഞ്ഞു.
“ജസ്റ്റിസ് ബ്രിഗേഡ്, ചൈൽഡ്ലൈൻ, ജില്ലാ ലീഗൽ സെർവിസ്സ് അതോറിറ്റി എന്നിവരുടെ വോളണ്ടീയർമാരെ വെച്ച് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, കോടതികൾ എന്നിവിടങ്ങളിൽ സാനിറ്റൈസറുകൾ ആളുകളുടെ കൈകളിൽ ഒഴിച്ച് കൊടുക്കുവാൻ തുടങ്ങി.
“അപ്പോഴൊക്കെ നഗരത്തിന്‍റെ പല ഭാഗങ്ങളിലായി സർക്കാർ വാഷ് ബേസിൻ വെച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളു. കൂടാതെ ബസ് കണ്ടക്ടർമാർക്കും ഞങ്ങൾ ഓരോ ബോട്ടില്‍ വീതം സാനിറ്റൈസര്‍ കൊടുത്തു. അവരാണല്ലോ ഏറ്റവും കൂടുതൽ ആളുകളുമായി ഇടപഴുകുന്ന വിഭാഗങ്ങളിൽ ഒന്ന്. ഇതൊന്നും കൂടാതെ, ഏകദേശം 5,000 മാസ്കുകൾ മിഷൻ വിതരണം ചെയ്തു.”
ഇങ്ങനെയൊരു അടിയന്തരാവശ്യം വന്നുപെട്ടപ്പോൾ, ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) ഒരു മെഡിക്കൽ ഹെല്പ് ലൈൻ തുടങ്ങി. സമൂഹ മാധ്യമങ്ങൾ വഴി ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ഉൾപ്പെടുന്ന വോളണ്ടിയർമാരെ സംഘടിപ്പിച്ച് ആവശ്യക്കാർക്ക് പി പി ഇ കിറ്റും (പേർസണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്‍റ് കിറ്റ്), മരുന്നും, സാനിറ്റൈസറുകളും എത്തിക്കാനുള്ള നടപടി സ്വീകരിച്ചെന്ന് മിഷന്‍റെ കോർഡിനേറ്റർമാരിൽ ഒരാളും, ഐ എം എ യുടെ മുൻ പ്രസിഡന്‍റും ആയ ഡോ ജുനൈദ് റഹ്മാൻ പറഞ്ഞു.
” പ്രതീക്ഷിക്കാത്ത ഒരു മേഖലയിലേയ്ക്കാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നാളെ എന്ത് സംഭവിക്കുമെന്നറിഞ്ഞു കൂടാ. മെഡിക്കൽ എക്സ്പെർട്സിന്‍റെ അഭിപ്രായം അനുസരിച്ചു ഒരു ‘സെക്കന്‍ഡ് സർജിനു’ (കോവിഡ്-19 ബാധയുടെ രണ്ടാം വരവ്) സാധ്യത നിലനിൽക്കുന്നുണ്ട്, അത് മുൻനിർത്തി തന്നെയായിരിക്കും ഞങ്ങളുടെ അടുത്ത പദ്ധതികൾ,” ജുനൈദ് റഹ്മാൻ വ്യക്തമാക്കി.
അങ്ങനെയിരിക്കുമ്പോഴാണ് ഹോമുകളെപ്പോലെ തന്നെ കൊച്ചിയില്‍ പാവപ്പെട്ട മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഉള്ള കുഞ്ഞുങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് മിഷൻ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
റേഷൻ ഉള്ളതിനാൽ മുതിര്‍ന്നവര്‍ക്ക് പട്ടിണി കിടക്കേണ്ടി വരില്ലെങ്കിലും, കുഞ്ഞുങ്ങൾക്കാവശ്യമായ പോഷകാഹാരങ്ങൾ ലഭിക്കുക വളരെ ബുദ്ധിമുട്ടാകും എന്ന ചിന്തയിലാണ് ഉദയ കോളനിയിലെയും, ഫോർട്ട് കൊച്ചിയിലെ മറ്റൊരു കോളനിയിലെയും 400 കുടുംബങ്ങൾക്കും, അവിടത്തെ കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരവും പാൽ, ബ്രഡ്, പാൽ, റവ, ആട്ട തുടങ്ങിയ ആവശ്യ സാധനങ്ങളും ഗ്രീൻ കൊച്ചിൻ മിഷൻ എത്തിച്ചു കൊടുത്തത്.
ആ സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോയ സബ് ജഡ്ജും. ജില്ലാ ലീഗൽ സെർവിസ്സ് അതോറിറ്റിയുടെ സെക്രട്ടറിയുമായ ശാലീന വി ജി നായർ അവിടത്തെ അവസ്ഥയെ കുറിച്ച് വിവരിക്കുന്നതിങ്ങനെ:
” ഇടുങ്ങിയ ഇടവഴികൾ …അവിടെയെല്ലാം തീപ്പെട്ടിക്കൂടു കണക്കെയുള്ള ചെറിയ വീടുകൾ…തൊട്ടരികത്തായി തേവര – പേരണ്ടൂർ കനാൽ. സോഷ്യൽ ഡിസ്റ്റൻസിങ്ങിന് ഒരിക്കലും പറ്റാത്ത ഒരു സ്ഥലം. കാലവർഷം കനത്ത്, കനാൽ കവിഞ്ഞു വെള്ളം കയറിയാൽ… അതും ഇത്തരം അപകടകരമായ വ്യാധിയുടെ അവസ്ഥയിൽ… ചിന്തിക്കാൻ പോലും കഴിയുന്നില്ല.
“മഴക്കാലമാകുമ്പോൾ ഇവരെയൊക്കെ മാറ്റിത്താമസിപ്പിക്കാറുണ്ട്. എന്നാൽ ഈ അവസ്ഥയിൽ അത് പറ്റില്ലല്ലോ… അത്തരത്തിലുള്ള സ്ഥലങ്ങളിൽ കൊറോണ വൈറസ് എത്താതെ നോക്കുക മാത്രമാണ് പോംവഴി. അതിനുള്ള എല്ലാ പ്രവർത്തനങ്ങളും മിഷന്‍റെ ഭാഗത്തു നിന്നുണ്ട്.”
ആദ്യമൊക്കെ സ്വന്തം പണം മുടക്കിയും, ഭാരവാഹികൾ പ്രതിനിധീകരിക്കുന്ന സംഘടനകൾ ഇടുന്ന പണം കൊണ്ടുമായിരുന്നു ഗ്രീൻ കൊച്ചിൻ മിഷൻ മുന്നോട്ടു പോയതെങ്കിലും, ഒട്ടും വൈകാതെ തന്നെ പലരും സാമ്പത്തികമായി സഹായിക്കുന്നതിനായി മുന്നോട്ടു വന്നെന്നു ഫാദർ ജെൻസൺ വാരിയത്ത് പറഞ്ഞു.
“ലയൺസ് ക്ലബ്, ഹൈക്കോടതിയിലെയും, ജില്ലാ കോടതികളിലെയും ജഡ്ജിമാർ തുടങ്ങിയവരായിരുന്നു ആദ്യം മുന്നോട്ടു വന്നത്. ഒരു ലക്ഷം എക്സ്പോര്‍ട്ട് ക്വാളിറ്റി ഉള്ള സാനിറ്റൈസറുകൾ വാങ്ങിക്കുന്നതിനുള്ള 26 ലക്ഷം രൂപ സംഭാവന നല്‍കിയത് ബി പി സി എൽ ആയിരുന്നു. പിന്നീട് ഒട്ടനവധി പേര്‍ ഞങ്ങളെ സഹായിക്കുന്നതിനായി മുന്നോട്ടു വന്നു.”
ഇതിനിടയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റും ഭക്ഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോൺ കോളുകൾ വരുന്നത്.
“ആറു ലക്ഷത്തോളം അതിഥി തൊഴിലാളികൾ കൊച്ചിയിൽ മാത്രമുണ്ട്, കൂടാതെ, മറ്റു ചിലരും. ‘ ഒരു നേരത്തെ ആഹാരമെങ്കിലും കിട്ടുമോ’, എന്ന് ചോദിച്ചായിരുന്നു വിളികളിലേറെയും.”
ഭക്ഷണം, മരുന്ന് തുടങ്ങിയവ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകൾ കുന്നു കൂടാൻ തുടങ്ങിയപ്പോഴാണ് ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിനായി മിഷന്‍ മുന്‍കൈ എടുത്തത്. അങ്ങനെയാണ് സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ തുറക്കുന്നത്.
” ശരിക്കും പറഞ്ഞാൽ അവരുടെ വിശപ്പ് കണ്ടിട്ടാണ് ഗ്രീൻ കൊച്ചിൻ മിഷൻ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നത് തന്നെ. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൻ തന്നെയാണ് ഇത്. 250 പേർക്ക്, ഒരു നേരത്തെ ഭക്ഷണം നല്‍കിത്തുടങ്ങിയത് ഇപ്പോള്‍ 2,000 പേര്‍ക്കായി. അങ്ങനെ മൊത്തം 52,000 ഫുഡ് പാക്കറ്റുകൾ ആണ് മിഷൻ വിതരണം ചെയ്തു. അങ്കമാലി മുതൽ ഫോർട്ട് കൊച്ചി വരെയുള്ള മലയാളികളും അതിഥി തൊഴിലാളികളുമായിട്ടുള്ള ആളുകൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാൻ ഈ ഒരു മാസത്തിനുള്ളിൽ സാധിച്ചിട്ടുണ്ട് ,” ഫാദർ വാരിയത്ത് ചൂണ്ടിക്കാട്ടി.
പരിശീലനം ലഭിച്ച വോളണ്ടിയർമാരെ കൊടുക്കുക എന്നുള്ളതായിരുന്നു മിഷനിലെ ജസ്റ്റിസ് ബ്രിഗേഡിന്‍റെ ചുമതല.
ഇതുകൂടി വായിക്കാം: നാട്ടിലെ പുഴയോരം സംരക്ഷിക്കാന്‍ സാധാരണ കര്‍ഷകന്‍റെ ശ്രമങ്ങള്‍; മടിച്ചുനിന്നവര്‍ ഇന്ന് പൂര്‍ണ്ണ പന്തുണയുമായി ഒപ്പം
ഹൈക്കോടതിക്ക് പുറമെ 22 കീഴ്കോടതികള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ജഡ്ജുമാര്‍, വക്കീലന്മാർ, കോടതി സ്റ്റാഫുകൾ, വ്യവഹാരികള്‍ തുടങ്ങിയവര്‍ക്ക് ഹാന്‍ഡ് സാനിറ്റൈസറുകൾ വിതരണം ചെയ്തു കൊണ്ടാണ് ഇതിലേയ്ക്ക് കടന്നു വന്നതെന്ന് ജസ്റ്റിസ് ബ്രിഗേഡിന്‍റെ മാനേജിങ് ട്രസ്റ്റിയും, മിഷന്‍റെ മറ്റൊരു കോർഡിനേറ്ററുമായ കെ പി പ്രദീപ് പറഞ്ഞു.
” കൂടാതെ, കമ്മ്യൂണിറ്റി കിച്ചന് വേണ്ടിയുള്ള ഇവരുടെ സംഭാവന ഒട്ടും ചെറുതല്ല. കടവന്ത്രയിലെ സമീറിന്‍റെ ഉടമസ്ഥതയിൽ ഉള്ള കോയീസ് കാറ്ററിംഗ് സെന്റർ ആണ് ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൻ ആയി മാറുന്നത്. എന്നാൽ ആവശ്യക്കാർ ആയിരത്തിനു മുകളിൽ വന്നപ്പോൾ മറ്റൊരു സ്ഥലം അന്വേഷിക്കാതെ നിവൃത്തിയില്ലെന്നായി.
“അങ്ങനെയാണ് തേവരയിലുള്ള പഞ്ചാബി കുടുംബങ്ങൾ ഉൾപ്പെടുന്ന ഗുരുദ്വാരയുടെ സഹകരണത്തോടെ രണ്ടാമത്തെ കിച്ചൻ ആരംഭിക്കുന്നത്. പിന്നീട് ഇടപ്പള്ളിയിലെ സി റ്റി സി ജെനറലെറ്റിന്‍റെ കാന്‍റീനും അവരുടെ തന്നെ അങ്കമാലിയിലെ പ്രൊവിൻഷ്യൽ ഹൌസിന്‍റെ കാന്‍റീനും കമ്മ്യൂണിറ്റി കിച്ചൻ ആയി മാറി.
“ആളുകളുടെ എണ്ണം കൂടുംതോറും ഭക്ഷണം എത്തിക്കുന്നതിനുള്ള സമയവും ഏറാൻ തുടങ്ങി. അങ്കമാലിയിലുള്ള ആളുകളിലേയ്ക്ക് ഭക്ഷണം എത്തി വരുമ്പോൾ ഏകദേശം രണ്ടര – മൂന്ന് മണിയാകും. അത്ര നേരം അവർ വിശന്നിരിക്കേണ്ടി വരും. അങ്ങനെയാണ് അങ്കമാലിയിൽ കഴിഞ്ഞ ഞായറാഴ്ച കമ്മ്യൂണിറ്റി കിച്ചൻ തുറക്കുന്നത്,” അദ്ദേഹം വിശദമാക്കി.
ഇതൊന്നും കൂടാതെ ആളുകൾ തന്ന മാങ്ങ കൊണ്ട് 1,800 കിലോ അച്ചാര്‍ ഗ്രീൻ കൊച്ചിൻ മിഷൻ ഉണ്ടാക്കി ഭക്ഷണത്തിനൊപ്പം വിതരണം ചെയ്തു. അച്ചാറുകൾ പാകം ചെയ്യുന്നതിനായി സി റ്റി സി യുടെ കാക്കനാട് ഉള്ള പ്രൊവിൻഷ്യൽ ഹൌസിന്‍റെ കാന്‍റീൻ അധികൃതർ തുറന്നു കൊടുത്തു.
ഈ സന്ദർഭങ്ങളിൽ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ എച്ച് എം) ശ്രദ്ധ തിരിച്ചത് ഗുരുതരമായ ഹീമോഫിലിയ തുടങ്ങിയ രോഗങ്ങളിൽ പെട്ടുഴലുന്ന രോഗികളിലേയ്ക്കായിരുന്നു.”പാലിയേറ്റീവ് കെയറുകളിലെ ഏകദേശം 1,500-ൽ പരം രോഗികൾക്ക് മരുന്ന് എത്തിച്ചു കൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.”
മരുന്നില്ലാതെ, ജീവൻ പൊലിയുമെന്നു ഭയപ്പെട്ട കാൻസർ രോഗികൾക്കും ഗ്രീൻ കൊച്ചിൻ മിഷന് ആശ്വാസമേകാൻ സാധിച്ചിട്ടുണ്ടെന്ന് എൻ എച്ച് എം പ്രതിനിധിയായ ഡോ അഖിൽ പറഞ്ഞു.
മോട്ടോർ വാഹന വകുപ്പാണ് ഭക്ഷണം, മരുന്ന് സാനിറ്റൈസറുകൾ എന്നിവ വിതരണം ചെയ്യുന്നതിനായുള്ള ‘എൻഫോഴ്സിങ് ഏജൻസി’ ആയി നിലകൊണ്ടതെന്ന് എറണാകുളം എൻഫോഴ്സ്മെന്‍റ് ആർ ടി ഒ ആയ ജി അനന്തകൃഷ്ണൻ. “ഇനി ഞങ്ങളുടെ അടുത്ത ശ്രമം ജില്ലയിലെ 93 പ്രൈവറ്റ് ആശുപത്രിയിലെ ഏറ്റവും താഴെത്തട്ടില്‍ ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരിലേയ്ക്ക് പി പി ഇ കിറ്റുകൾ, മാസ്കുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിക്കുക എന്നുള്ളതാണ്.”
മനുഷ്യനെ മനുഷ്യനിലേയ്ക്കെത്തിക്കുന്ന പല കാഴ്ചകളും മിഷൻ വഴി ഈ കൊറോണ കാലത്ത് കാണാൻ കഴിഞ്ഞെന്ന് ജില്ലാ ലീഗൽ സെർവിസ് അതോറിറ്റിയുടെ സെക്ഷൻ ഓഫീസർ ആയ സുരേഷ് കോലോത്ത് പറയുന്നു.
“നോർത്ത് പാലത്തിനടിയിൽ വെച്ചായിരുന്നു ഞങ്ങൾ അയാളെ കണ്ടത്. ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നതിനിടയിലുള്ള യാത്രയിൽ ആയിരുന്നു അയാളെ കണ്ടു മുട്ടിയത്. കയ്യൊക്കെ മുറിഞ്ഞു ശരിക്കും പരവശനായിരുന്നു. പോലീസിനെ കാര്യം വിളിച്ചു പറഞ്ഞപ്പോൾ അവരെത്തുകയും തൊട്ടു പിന്നാലെ ഒരു ആംബുലൻസ് വന്നു നിൽക്കുകയും ചെയ്തു.
“പോലീസിനെ കണ്ടത് കൊണ്ടാകാം അയാൾ പേടിച്ചു ഓടാൻ തുടങ്ങി. ഞങ്ങളും കുറച്ചു ദൂരം അയാളെ പിൻതുടർന്നു. പിന്നീട് അയാളെ ഒരു വിധം സമാധാനിപ്പിച്ചു. ഉപദ്രവിക്കാനല്ല, ആശ്വസിപ്പിക്കാനാണ് എന്ന് മനസിലായപ്പോൾ അയാൾ കൂടുതൽ എതിർത്തില്ല.
“വണ്ടിയിൽ കയറ്റി, ആശുപത്രിയിൽ കൊണ്ട് പോയി കയ്യിലെ മുറിവൊക്കെ തുന്നിക്കെട്ടി. അപ്പോൾ അയാളുടെ മുഖത്ത് കണ്ട സമാധാനമുണ്ടല്ലോ…അത് കാണുമ്പോൾ നമുക്കുണ്ടാകുന്ന മനസുഖമുണ്ടല്ലോ..അതൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല.”
ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാറ്റുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ട് വരുകയാണ്. എന്നിരുന്നാലും ഗ്രീൻ കൊച്ചിൻ മിഷൻ ഇപ്പോഴും അവരുടെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.
” ഞങ്ങൾക്ക് മുന്നോട്ടു വെയ്ക്കാനുള്ള സന്ദേശവും ഇതാണ്. ജില്ലയുടെയും, ജനങ്ങളുടെയും സഹായത്തിനായി ഗ്രീൻ കൊച്ചിൻ മിഷൻ എന്നും സന്നദ്ധമാണ്. ആർക്കും ഈ മിഷന്‍റെ ഭാഗമാകാം. ജനങ്ങൾ നയിച്ച പ്രസ്ഥാനങ്ങളാണ് ലോകത്തു മാറ്റങ്ങൾ കൊണ്ട് വന്നിട്ടുള്ളത്. അത് കൊണ്ട് ഗ്രീൻ കൊച്ചിൻ മിഷൻ ജില്ലയുടെ ജനങ്ങൾക്കുള്ള ഏതു ആവശ്യങ്ങളും പരിഗണിക്കുന്നതിൽ മുൻപേ തന്നെയാണ്,” ശാലീന നായർ പറയുന്നു.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.