മകളുടെ ഓര്‍മ്മയ്ക്കായി 60,000 രൂപയുടെ കുരുമുളക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ഒരു സാധാരണ കര്‍ഷക കുടുംബം

“എന്‍റെ മോളുടെ ചികിത്സയ്ക്ക് ഒരുപാട് പേര്‍ സഹായിച്ചു. ആ സഹായത്തിന് ഞാനെന്തെങ്കിലും തിരിച്ചു നല്‍കണ്ടേ,” ഷെല്‍ജന്‍ ചോദിക്കുന്നു.

യനാട്ടിലെ മുള്ളന്‍ക്കൊലിക്കാര്‍ മറക്കില്ല, സാനിയയെ. ആ കൊച്ചുമോള്‍ക്കു വേണ്ടി ഈ നാട് ഒന്നാകെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അവളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നാടും നാട്ടുകാരും ഒരുപാട് പരിശ്രമിച്ചു.

സാനിയയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വലിയ തുക വേണമായിരുന്നു. അത്രയും തുക ഒറ്റയ്ക്ക് സ്വരൂപിക്കാന്‍ പിതാവ് ഷെല്‍ജന് കഴിയുമായിരുന്നില്ല.

മുള്ളന്‍കൊല്ലിയിലെ 11 സ്വകാര്യ ബസ്സുകള്‍ അവരുടെ ഒരു ദിവസത്തെ വരുമാനം ആ കുട്ടിയുടെ ചികിത്സയ്ക്കായി നല്‍കി. പിന്നെ സ്കൂളുകള്‍, ഇടവക പള്ളി, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍, വ്യക്തികള്‍… അങ്ങനെ ഒരുപാട് പേരാണ് സാനിയയുടെ ചികിത്സയ്ക്കായി സഹായിച്ചത്.

പക്ഷേ, അവളുടെ ജീവന്‍ രക്ഷിക്കാനായില്ല. സാനിയ പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.

മുള്ളന്‍കൊല്ലിയില്‍ ഇപ്പോള്‍ സാനിയയുടെ ഓര്‍മ്മകള്‍ വീണ്ടും നിറയുകയാണ്. മകളുടെ ഓര്‍മ്മയില്‍, അവള്‍ക്ക് വേണ്ടി പ്ര‍ാര്‍ത്ഥിച്ചവര്‍ക്കും സഹായിച്ചവരോടുമുള്ള കടപ്പാട് പ്രവര്‍ത്തിയിലൂടെ അറിയിക്കുകയാണ് സാനിയയുടെ പപ്പ ഷെല്‍ജന്‍ ചാലയ്ക്കല്‍.

60,000 രൂപ വില വരുന്ന രണ്ട് ക്വിന്‍റല്‍ കുരുമുളക് ആണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നല്‍കിയത്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ  ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

സാനിയയുടെ നികത്താനാവാത്ത നഷ്ടം മാത്രമല്ല, രണ്ട് പ്രളയങ്ങളും ആ കര്‍ഷകനെ വല്ലാതെ ബാധിച്ചു.

ഭാര്യയ്ക്കും മക്കള്‍ക്കും സഹോദരന്‍റെ മക്കള്‍ക്കുമൊപ്പം ഷെല്‍ജന്‍

“മകള്‍ക്ക് വേണ്ടി നാട്ടുകാരും അയല്‍ക്കാരുമൊക്കെ ഒപ്പം നിന്നത് മറക്കാനാകില്ല. എന്‍റെ മോളുടെ ചികിത്സയ്ക്ക് ഒരുപാട് പേര്‍ സഹായിച്ചു. ആ സഹായത്തിന് ഞാനെന്തെങ്കിലും തിരിച്ചു നല്‍കണ്ടേ,” മുള്ളന്‍കൊല്ലി പ‌ഞ്ചായത്തിലെ 16-ാം വാര്‍ഡ് മെമ്പര്‍ കൂടിയായ ഷെല്‍ജന്‍ ചോദിക്കുന്നു.

“ഒരാളല്ല ഈ നാടു മുഴുവന്‍ എന്നെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 11-ന് മോള് പോയിട്ട് ഒരു വര്‍ഷമായി. എന്നെ സഹായിച്ചവരെ എല്ലാം തിരികെ സഹായിക്കാനാകില്ലല്ലോ. ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ മറ്റുളവര്‍ക്ക് സഹായകമാകുന്ന എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നി,” ഷെല്‍ജന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“കോവിഡ് ബാധിച്ചവരെയും സംശയമുള്ളവരെയും സര്‍ക്കാര്‍ സൗജന്യമായി ചികിത്സിക്കുന്നുണ്ട്. അപ്പോ പിന്നെ ഞാന്‍ എന്തെങ്കിലും നല്‍കണ്ടേ. ഞാന്‍ നല്‍കിയ തുക കൊണ്ട് പത്ത് ആളുകള്‍ക്ക് കോവിഡ് പരിശോധിക്കാന്‍ സാധിച്ചാല്‍ പോലും മതിയല്ലോ.


വലിയ തുക നല്‍കാനൊന്നും എന്നെക്കൊണ്ടാകില്ല. അതുകൊണ്ടാണ് കുരുമുളക് നല്‍കിയത്.


ഏപ്രില്‍ 23-നാണ് സ്വന്തം കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത കുരുമുളക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി  സി.കെ. ശശീന്ദ്രന്‍ എംഎല്‍എയെ ഏല്‍പിച്ചത്.  ജനുവരി മുതല്‍ വിളവെടുത്ത കുരുമുളകിന്‍റെ ഒരു ഭാഗമാണ് നല്‍കിയത്.

“ലോക്ക് ഡൗണ്‍ ആണ്, വിളകളൊന്നും വില്‍ക്കാനും സാധിക്കുന്നില്ല. ഇങ്ങനെയൊക്കെ കഷ്ടപ്പാടുകളിലൂടെയാണ് നമ്മളും കടന്നു പോകുന്നത്. എന്നാല്‍ അതൊന്നുമല്ല, ഈ കൊറോണക്കാലത്ത് നമ്മളെക്കാള്‍ കഷ്ടപ്പെടുന്നവരുണ്ട്. ആ തിരിച്ചറിവാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതും.

“പൊലീസും ഡോക്റ്റര്‍മാരും നഴ്സുമാരും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ കോവിഡ് 19-നെ പ്രതിരോധിക്കാന്‍ കഷ്ടപ്പെടുകയാണ്. അവരുടെ ശ്രമങ്ങളില്‍ ഇങ്ങനെയെങ്കിലും പങ്കാളിയാകണമെന്നു തോന്നി,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നാട്ടിലെ എം.എസ്. സുരേഷ് എന്ന പൊതുപ്രവര്‍ത്തകനെ വിളിച്ച് ഷെല്‍ജന്‍ ഇങ്ങനെയൊരു ആഗ്രഹം പറയുകയായിരുന്നു. പിന്നെ, സുരേഷ് എംഎല്‍എയേയും കൂട്ടി ഷെല്‍ജന്‍റെ വീട്ടിലെത്തി  കുരുമുളക് സ്വീകരിക്കുകയായിരുന്നു.

“ഞാനിങ്ങനെ ചെയ്തതില്‍ മക്കള്‍ക്കും ഭാര്യയ്ക്കും സന്തോഷമേയുള്ളൂ. പപ്പേ ഇനിയും കൊടുക്കണം, പപ്പ നന്നായി കൃഷി ചെയ്യണം, അധ്വാനിക്കണം… എന്നിട്ട് കിട്ടുന്നത് കൊടുക്കണം പപ്പേ എന്നൊക്കെയാണ് മക്കള്‍ പറഞ്ഞത്. അവര്‍ക്കൊക്കെ വലിയ സന്തോഷമായിരുന്നു,” അദ്ദേഹം പറഞ്ഞു.

ഷെല്‍ജന്‍ കൃഷിപ്പണിക്കിടെ

ഡയാനയാണ് ഷെല്‍ജന്‍റെ ഭാര്യ. ഇവരുടെ മൂന്നു മക്കളില്‍ മൂത്തയാള്‍ ആയിരുന്നു സാനിയ. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സാനിയയ്ക്ക് അസുഖം വരുന്നത്.

“പറയാന്‍ മാത്രം മോള്‍ക്ക് ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നു,” മോളെക്കുറിച്ച് ഷെല്‍ജന്‍. ഇടയ്ക്കിടെ തലക്കറക്കം വന്നപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളെെജില്‍ കാണിച്ചു, ടെസ്റ്റുകളൊക്കെ നടത്തിയപ്പോ കാന്‍സറാണെന്നു തിരിച്ചറിഞ്ഞു.


ഇതുകൂടി വായിക്കാം:10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കര്‍ഷകന്‍


“പിന്നെ വെല്ലൂര്‍ ആശുപത്രിയിലേക്ക്. അവിടെ നിന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കും. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമായിരുന്നു. അതിന് വലിയ തുകയും.

“ഞാനൊരു കര്‍ഷകനാണ്. പെട്ടെന്ന് 50 ലക്ഷം രൂപ എടുക്കാനൊന്നും എന്‍റെ കൈയില്‍ ഇല്ലായിരുന്നു. കൃഷി മാത്രമായിരുന്നു വരുമാനമാര്‍ഗം. പ്രളയമൊക്കെ കളിഞ്ഞു നില്‍ക്കുവാ… പെട്ടെന്നൊന്നും ഭൂമിയൊന്നും വില്‍ക്കാനും പറ്റില്ലായിരുന്നു.

സാനിയ ഷെല്‍ജന്‍

“വീട്ടുകാരും ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും പള്ളിയും വിദേശത്തുള്ളവരുമൊക്കെയായി ഒരുപാട് പേരുടെ സഹായം കിട്ടിയിരുന്നു. അപ്പോളോയിലേക്ക് വരുന്നതും അങ്ങനെ കിട്ടിയ കാശു കൊണ്ടാണ്. 40 ലക്ഷത്തോളം രൂപ ചികിത്സയ്ക്ക് മാത്രം വേണ്ടി വന്നു,” അദ്ദേഹം ഓര്‍ക്കുന്നു.

ഒമ്പതാം ക്ലാസുകാരി ഡാലിയ ഷെല്‍ജനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥി എല്‍ന ഷെല്‍ജനുമാണ് മറ്റു രണ്ടു മക്കള്‍.

കൂത്താട്ടുകുളത്ത് നിന്ന് വയനാട്ടിലേക്ക് കുടിയേറിയവരാണ് ഷെല്‍ജന്‍റെ അപ്പനും കുടുംബവും. ഷെല്‍ജന്‍റെ പിതാവ് കുര്യന്‍ 13-ാമത്തെ വയസില്‍ വയനാട്ടിലെത്തിയതാണ്. അമ്മച്ചിയുടെ പേര് മേരിക്കുഞ്ഞ്.

“കുട്ടിക്കാലം തൊട്ടേ കൃഷി കണ്ടു വളര്‍ന്നവരാണ് ഞാനും അനിയന്‍മാരും അനിയത്തിമാരുമൊക്കെ. കൃഷി ഇഷ്ടവുമായിരുന്നു. ചാച്ചന്‍ 36-ാമത്തെ വയസില്‍ മരിച്ചു. പിന്നെ അനിയന്‍മാരുടെയും അനിയത്തിമാരുടെയും പഠനവും വിവാഹവുമൊക്കെ ചാച്ചന്‍റെ സ്ഥാനത്ത് നിന്നു ചെയ്തു കൊടുക്കണമായിരുന്നു.

“അങ്ങനെ പഠനമൊക്കെ പാതിവഴിയില്‍ അവസാനിപ്പിച്ചു, കൃഷിയില്‍ സജീവമായി. എല്ലാവരുടെയും വിവാഹമൊക്കെ കഴിഞ്ഞു, അനിയനൊരാള്‍ ഷാജി സിവില്‍ എന്‍ജിനിയറായിരുന്നു. പക്ഷേ, ഇപ്പോ കൃഷി ചെയ്യുന്നു. ബിജു എന്ന അനുജന്‍ ബാംഗ്ലൂരില്‍ ഐടി കമ്പനിയിലാണ്.”

നാലര ഏക്കറിലാണ് ഷെല്‍ജന്‍റെ കൃഷി. കുരുമുളക്, കാപ്പി, റബര്‍…ഇതൊക്കെയാണ് പ്രധാനം. “റോബസ്റ്റ കാപ്പിയും റോബസ്റ്റ ഡാര്‍ക്കുമാണ് കൃഷി ചെയ്യുന്നത്. പച്ചക്കറികളുമുണ്ട്. പിന്നെ കുറച്ചു വാഴയും തെങ്ങും കുടംപുളിയും ഓറഞ്ച് എന്നിവയുമുണ്ട്,” അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ കുറേ കുരുമുളക് നശിച്ചുപോയി. റബര്‍ വരുമാനം കുറഞ്ഞതോടെ വെട്ടല്‍ അവസാനിപ്പിച്ചു. പൊതുവെ എല്ലാ കര്‍ഷകരും പരാതിപ്പെടുന്നതുപോലെ, റബര്‍ വെട്ടാനുള്ള കൂലിച്ചെലവ് പോലും കിട്ടുന്നില്ല എന്ന് ഷെല്‍ജനും പറയുന്നു.

അതുകൊണ്ട് ഷെല്‍ജന്‍ റബറില്‍ കുരുമുളക് കൊടി നട്ടുപിടിപ്പിച്ചു. ആ കുരുമുളകാണ് പ്രളയത്തില്‍ നശിച്ചത്. “ഇനി അതൊക്കെ നന്നാക്കിയെടുക്കണം,” പ്രതീക്ഷ കൈവിടാതെ ഷെല്‍ജന്‍.ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം