ഇര്‍ഫാന്‍ ഖാന്‍: അസാധാരണമായ കഥകള്‍ക്ക് പിന്നാലെ പാഞ്ഞ മനുഷ്യന്‍

“നിങ്ങളുടെ മുഖത്ത് എപ്പോഴും ആ ചിരിയുണ്ടായിരുന്നു. ഈ ലോകത്തോടുള്ള കൗതുകം കലര്‍ന്ന ചിരി.”

“ഞാന്‍ വിചാരിക്കുന്നത്…, ജീവിതമെന്നാല്‍ എല്ലാറ്റിനുമൊടുവില്‍ എല്ലാം കൈവിടുക എന്നതാണ്. എന്നാല്‍, ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് വിട പറയാന്‍ പോലും ഒരു നിമിഷം ചെലവാക്കാതെ പോകുന്നതാണ്,” ലൈഫ് ഓഫ് പൈ-യില്‍ ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നുണ്ട്.

വര: അനൂപ് ടി.

രോഗത്തിന്‍റെ പിടിയില്‍ പെട്ട് മൗനത്തിലായിപ്പോയ കുറേക്കാലത്തിന് ശേഷം അദ്ദേഹം എഴുതി. “എന്‍റെ വാക്കുകള്‍ക്ക് വേണ്ടി കാത്തിരുന്നവരോട്.., കൂടുതല്‍ കഥകള്‍ പറയാന്‍ തിരിച്ചുവരുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.”

പക്ഷേ, വിട ചോദിക്കാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. അതാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതും.

“അസാധാരണമായ കഥകള്‍ക്കു പിന്നാലെയുള്ള എന്‍റെ യാത്രകള്‍ അപൂര്‍വ്വമായ ഒരു രോഗത്തിലേക്ക് എന്നെക്കൊണ്ടെത്തിക്കുമെന്ന ധാരണ എനിക്കുണ്ടായിരുന്നേയില്ല,” അദ്ദേഹം ഒരിക്കല്‍ കുറിച്ചു. “ഞാന്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടിട്ടില്ല. എല്ലായിപ്പോഴും എന്‍റെ തീരുമാനങ്ങളിലുറച്ചു നില്‍ക്കാനായി പൊരുതിയിട്ടേയുള്ളു. അതിനിയും അങ്ങനെ തന്നെ.”

നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമക്കാലത്ത്

“ശൂന്യതയില്‍ നിന്ന് ലോകം സൃഷ്ടിക്കാന്‍ കഴിവുള്ള’ സര്‍ഗ്ഗശേഷി എന്നാണ് പാര്‍വ്വതി തിരുവോത്ത് ഇര്‍ഫാന്‍ ഖാനെക്കുറിച്ച് ഓര്‍ക്കുന്നത്. ഏതൊരു ലോകോത്തര കലാകാരന്റേയും മനുഷ്യന്റേയും ഉദാരതയോടെ ഒപ്പം ജോലി ചെയ്യുന്നവരെക്കൂടി ആ സൃഷ്ടിയുടെ ആനന്ദത്തില്‍ അദ്ദേഹം ചേര്‍ത്തുനിര്‍ത്തിയിരുന്നുവെന്ന് ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ച പാര്‍വ്വതി ഓര്‍മ്മിക്കുന്നു.

“എത്ര പെട്ടെന്നാണ് അദ്ദേഹം പോയത്,” ആര്‍കിടെക്റ്റ് ശങ്കര്‍ കുറിച്ചു. “2011-ല്‍ പത്മശ്രീ സ്വീകരിക്കുന്ന ചടങ്ങില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. ഞങ്ങള്‍ കുറേനേരം സംസാരിച്ചു. എന്‍റെ ഭാര്യ നെയിംസേയ്ക്ക് എന്ന സിനിമയെക്കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം കൂടുതല്‍ വാചാലനായി. എന്തൊരു ഗംഭീര റോള്‍ ആയിരുന്നു അത്!

“വളരെ ഊഷ്മളമായ ബന്ധം പിന്നെയും കാത്തുസൂക്ഷിച്ചു. രോഗബാധിതനായതിന് ശേഷവും ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു,” അദ്ദേഹം ഓര്‍മ്മിക്കുന്നു.

“ഒരു ശിഷ്യനെപ്പോലെയും ഒരു ആരാധകനെപ്പോലെയും ഞാന്‍ മുഴുവന്‍ സമയവും നിങ്ങളെത്തന്നെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു… പലപ്പോഴും നിങ്ങളുടെ അഭിനയം കണ്ട് മിഴിച്ചിരുന്നുപോയിട്ടുണ്ട്,” ഇര്‍ഫാന്‍ ഖാനൊപ്പം കര്‍വ്വാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച നാളുകള്‍ ദുല്‍ഖര്‍ സല്‍മാന്‍ ഓര്‍ത്തെടുത്തു.

“നിങ്ങളുടെ മുഖത്ത് എപ്പോഴും ആ ചിരിയുണ്ടായിരുന്നു. ഈ ലോകത്തോടുള്ള കൗതുകം കലര്‍ന്ന ചിരി. ഈ ലോകം നിങ്ങളെ എപ്പോഴും അല്‍ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ചിരി. നിങ്ങളെ ഞാന്‍ അങ്ങനെയായിരിക്കും എപ്പോഴും ഓര്‍ക്കുക.”

സിനിമയിലും പുറത്തും ഊഷ്മളമായ പെരുമാറ്റം കൊണ്ട് ഇര്‍ഫാന്‍ ഖാന്‍ എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി. ടെലിവിഷന്‍ സീരിയലുകളില്‍ തുടങ്ങി അല്‍പം വൈകിയാണെങ്കിലും ബോളിവുഡില്‍** അരങ്ങേറ്റം കുറിച്ചു. അഭിനയപ്രതിഭ കൊണ്ട് ഹോളിവുഡ് വരെ നീണ്ടു അദ്ദേഹത്തിന്‍റെ പ്രശസ്തി.

ലഞ്ച് ബോക്സില്‍ Source: Netflix

(**ബോളിവുഡ് എന്ന വിളിപ്പേരിനോട് പൊരുത്തപ്പെടാന്‍ ഇര്‍ഫാന്‍ ഖാന് കഴിഞ്ഞിരുന്നില്ല. അത് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു. കാരണം, ഹോളിവുഡ് സിനിമയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ധാരയാണ് ഇന്‍ഡ്യന്‍ സിനിമയുടേത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.)

ഭാഷകളുടേയും അതിരുകളുടെയും അപരിചതത്വം മായ്ച്ചുകളയുന്ന അഭിനയമാണ് ഇര്‍ഫാന്‍ ഖാനെ പ്രിയങ്കരനാക്കുന്നത്.

വഴിതെറ്റിയെത്തിയ ചോറ്റുപാത്രം തുറന്ന് അതിന്‍റെ ഗന്ധം ആസ്വദിക്കുന്ന ലഞ്ച് ബോക്‌സിലെ കഥാപാത്രം പോലൊരു റോള്‍ ഇനി ആര്‍ക്കാണ് ഇണങ്ങുക. പാന്‍സിങ് തോമറില്‍ കൊള്ളക്കാരനാവേണ്ടി വന്ന നായകന്‍… അങ്ങനെ റോള്‍ ഏതായാലും ഇര്‍ഫാന്‍ ഖാന്‍ അഭിനയത്തിന്‍റെ അല്‍ഭുതമായിരുന്നു.

മക്ബൂല്‍ എന്ന ചിത്രത്തില്‍

“ഏതൊക്കെയോ ആഗ്രഹങ്ങളുടെ, സ്വപ്‌നങ്ങളുടെ, ലക്ഷ്യങ്ങളുടെ, ആകാംക്ഷകളുടെ പിന്നാലെയുള്ള പാച്ചിലിലായിരുന്നു ഞാന്‍,” ലണ്ടനിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് ഇര്‍ഫാന്‍ ഖാന്‍ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുള്ള നീണ്ട കുറിപ്പില്‍ ഒരിടത്ത് പറഞ്ഞു.

“ഓരോരോ ലക്ഷ്യത്തിലേക്ക് മാത്രം കുതിച്ചുകൊണ്ടേയിരിക്കുന്ന തീവണ്ടിയിലെ യാത്രക്കാരനായിരുന്നു ഞാന്‍. വിശ്രമമില്ലാത്ത യാത്ര.

“പെട്ടെന്ന് നിനച്ചിരിക്കാതെ ആരോ ചുമലില്‍ തട്ടി. ടി ടി ഇ.’നിങ്ങളുടെ സ്‌റ്റേഷനായി, ഇറങ്ങൂ, ഇറങ്ങൂ.’ എന്തിനാ ഇപ്പോള്‍ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. നീരസത്തോടെ ഞാന്‍ പറഞ്ഞു: ‘ഇല്ല, ആയിട്ടില്ല. എന്‍റെ സ്റ്റേഷന്‍ ഇനിയും കുറേ ദൂരവും കുറേ നേരവും കഴിഞ്ഞിട്ടാണ്.

‘എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഇറങ്ങേണ്ടി വരും, മിക്കവാറും അടുത്ത സ്‌റ്റേഷനില്‍.’ അതെന്നെ ഞെട്ടിച്ചു.”

ആ ഞെട്ടലിന്‍റെ അമ്പരപ്പ് മാറുന്നതിന് മുന്‍പേ അദ്ദേഹത്തിന്‍റെ സ്റ്റേഷന്‍ എത്തി. 54-ാം വയസ്സില്‍ ഇര്‍ഫാന്‍ ഖാന്‍ എന്ന അല്‍ഭുതം മറഞ്ഞു.

ഫീച്ചര്‍ ചിത്രം തയ്യാറാക്കിയത്: അനൂപ് ടി.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം