‘നെല്ലിന്‍റെ മുത്തശ്ശി’യടക്കം കാട്ടുനെല്ലിനങ്ങള്‍ക്ക് പിന്നാലെ പോയ മലയോര കര്‍ഷകന്‍; പാണ്ടന്‍ പയറും അപൂര്‍വ്വയിനം കിഴങ്ങുകളും അന്യം നിന്നുപോവാതെ കാത്ത് ജോസ്

20 ഇനം കാച്ചില്‍, ഒമ്പത് തരം കപ്പ, നാലിനം കാട്ടു ഓര്‍ക്കിഡുകള്‍ പിന്നെ നാടന്‍ മത്സ്യങ്ങളും ജോസിന്‍റെ പറമ്പിലുണ്ട്.

കാട്ടുനെല്ല്, കുഞ്ഞൂഞ്ഞ് നെല്ല്… നാട്ടില്‍ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന രുചിയും ഗുണവുമേറെയുള്ള അപൂര്‍വ നെല്ലിനങ്ങളില്‍ ചിലതാണിവ. ഒരു പക്ഷേ, നമ്മളില്‍ പലര്‍ക്കും അത്ര കേട്ടുകേള്‍വിയുണ്ടാവില്ല ഈ ഇനങ്ങള്‍.

അപൂര്‍വ ഇനം കാച്ചിലും ചേമ്പും പയറുമൊക്കെ സംരക്ഷിക്കുന്ന ഇടുക്കി പെരുവന്താനം പാലൂര്‍കാവിലെ ജോസേട്ടന്‍റെ പറമ്പില്‍ ഈ കാട്ടുനെല്ലും കുഞ്ഞൂഞ്ഞുമൊക്കെയുണ്ടായിരുന്നു.

ഏതാനും നാള്‍ മുന്‍പ് വരെ അധികമാരും കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത, നാട്ടില്‍ നിന്നു ഇല്ലാതായി കൊണ്ടിരിക്കുന്ന പലതരം നെല്ല്, മരിച്ചീനി, കിഴങ്ങിനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ജോസേട്ടന്‍റെ സഞ്ചാരം.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

ആ യാത്രകളിലാണ് ആദിവാസികള്‍ കാത്തുസൂക്ഷിച്ചുപോന്നിരുന്ന കാട്ടുനെല്ലിനെയും കുഞ്ഞൂഞ്ഞിനെയും പാണ്ടന്‍ പയറിനെയുമൊക്കെ കണ്ടുമുട്ടുന്നത്. മലമ്പ്രദേശമായിട്ടുപോലും നാടന്‍ വിത്തുകള്‍ സംരക്ഷിക്കാനുള്ള ആവേശം കൊണ്ട് അതൊക്കെ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു അദ്ദേഹം.

കൃഷിപ്പണിക്കിടെ പനച്ചിക്കല്‍ ജോസ്

നെല്ലും പയറും മാത്രമല്ല അപൂര്‍വ ഇനം കാച്ചിലുകളും ചേമ്പും കിഴങ്ങുമൊക്കെ സംരക്ഷിക്കുന്നുണ്ട് ഈ കര്‍ഷകന്‍.

കുറേ കഷ്ടപ്പെട്ടാണെങ്കിലും സ്വന്തം പറമ്പിലും അയല്‍ക്കാരുടെ പറമ്പിലുമൊക്കെ ഇപ്പോ നിറയെ കാച്ചിലും ചേമ്പുമൊക്കെയുണ്ട്. അപൂര്‍വ ഇനം കിഴങ്ങുകളും മത്സ്യങ്ങളും പച്ചക്കറിയുമൊക്കെ സംരക്ഷിക്കുന്ന പനച്ചിക്കല്‍ ജോസ്  ദ് ബെറ്റര്‍ ഇന്‍ഡ്യയോട് കൃഷിവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

“നേരത്തെ കുറച്ച് അപൂര്‍വ ഇനം നെല്ലുകള്‍ സംരക്ഷിച്ചിരുന്നു. നെല്ലിന്‍റെ മുത്തശ്ശി എന്നറിയപ്പെടുന്ന കാട്ടുനെല്ല്, കുഞ്ഞൂഞ്ഞ് എന്ന നാടന്‍ നെല്ല് തുടങ്ങി കുറച്ചധികം വെറൈറ്റി നെല്ലുകളുണ്ടായിരുന്നു.

“ഇവിടെ മലമ്പ്രദേശമല്ലേ, നെല്‍കൃഷിക്ക് പറ്റിയ ഭൂമിയല്ലല്ലോ. അപൂര്‍വ ഇനങ്ങള്‍ കൃഷി ചെയ്തു നോക്കണമെന്ന ആഗ്രഹത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നെല്ല് വിത്തുകള്‍ നട്ടത്.

“മറ്റുള്ളവര്‍ക്ക് ഈ നെല്ലിനങ്ങളെ പരിചയപ്പെടുത്തണം, കാണിച്ചു കൊടുക്കണം എന്നൊക്കെയുള്ള തോന്നലില്‍ വീട്ടുമുറ്റത്ത് തന്നെയായിരുന്നു വിത്ത് പാകിയത്. ഗ്രോബാഗിലും ചട്ടിയിലുമൊക്കെയായിരുന്നു എന്‍റെ നെല്‍കൃഷി പരീക്ഷണങ്ങള്‍.


ചെറിയൊരു പരീക്ഷണമായിരുന്നു, കാട്ടുനെല്ലില്‍ കുലയിട്ടു, കതിരായി വന്നു. സാധാരണ നെല്ലിന്‍റെ പൂവ് മഞ്ഞയാണ്. ഇതിന്‍റേത് വെള്ളപ്പൂവാണ്. പിന്നീട് കലാവസ്ഥ പ്രശ്നം മൂലം നശിച്ചു പോയി.


“ഇടുക്കി വനത്തിലെ കണ്ണമ്പടി പോലുള്ള ഇടങ്ങളില്‍ നിന്നാണ് ഇതിന്‍റെയൊക്കെ വിത്ത് കിട്ടുന്നത്. വിത്തുകളൊക്കെ അന്വേഷിച്ചു പോയ കൂട്ടത്തിലാണ് കാട്ടുനെല്ലിന്‍റെയും കുഞ്ഞൂഞ്ഞിന്‍റെയും വിത്ത് കിട്ടിയത്.

“ആദിവാസി മൂപ്പനാണ് വിത്ത് നല്‍കിയത്. മൂപ്പന്‍റെ പേരൊക്കെ മറന്നു പോയി. കുറേ വര്‍ഷമായില്ലേ. ആ മൂപ്പന് ഇപ്പോ ഉണ്ടോ എന്നു പോലും അറിയില്ല. കാട്ടുനെല്ല് ആദിവാസികളും കൃഷി ചെയ്യുന്നില്ല. ഇതു ശരിക്കും കാട്ടില്‍ വളരുന്നതാണ്.

“കുഞ്ഞൂഞ്ഞ് നെല്ലിനമാണ് അവര് കൃഷി ചെയ്യുന്നത്. കുഞ്ഞൂഞ്ഞും കുറച്ചുകാലം നട്ടിരുന്നു. ഗ്രോബാഗുകളില്‍ തന്നെ. ഉമയും ഇതുപോലെ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടിരുന്നു. കൂട്ടത്തില്‍ ഉമ കതിര് വന്നപ്പോഴേ ചാഴി കയറി മുഴുവന്‍ നശിച്ചു.

“എന്നാല്‍ കുഞ്ഞൂഞ്ഞ് കുറച്ചുകാലം നിന്നു. ഇതിനു രോഗപ്രതിരോധ ശേഷി കൂടുതലാണ്. കൊമ്പന്‍ നെല്ല് വിത്ത് അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. മലമ്പ്രദേശം അല്ലേ ഇവിടെ നെല്ലിന് പറ്റിയ ഇടമല്ല.

“എങ്ങനെയുണ്ടെന്ന് അറിയാനും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനുമാണ് നെല്ല് പാകിയത്. ഇതിന്‍റെയൊന്നും വിത്തുകള്‍ സൂക്ഷിച്ചുമില്ല,” അല്‍പം വിഷമത്തോടെ ജോസ് പറയുന്നു.

അന്യം നിന്നുപോകുന്ന നാടന്‍ നെല്ലിനങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റെങ്കിലും ആ സാധാരണ കര്‍ഷകന്‍ മലയോരത്തിന് പറ്റിയ കിഴങ്ങിനങ്ങളും നാടന്‍ മീനും മറ്റും സൂക്ഷിച്ചുവെയ്ക്കാനും പ്രചരിപ്പിക്കാനും ശ്രമം തുടര്‍ന്നു.

“കാര്‍ഷിക കുടുംബമാണ് ഞങ്ങളുടേത്.” ജോസ് തുടരുന്നു. “ഒന്നര ഏക്കറിലാണ് അപൂര്‍വ ഇനം കിഴങ്ങുകളും കാച്ചിലുമൊക്കെ നട്ടു സംരക്ഷിക്കുന്നത്. 20 ഇനം കാച്ചിലുകള്‍, ഒമ്പത് വെറൈറ്റി കപ്പകള്‍, 10-തരം ഔഷധസസ്യങ്ങള്‍, നാലിനം കാട്ടു ഓര്‍ക്കിഡുകള്‍ പിന്നെ നാടന്‍ മത്സ്യങ്ങളുമുണ്ട്.

“പത്ത് വര്‍ഷം മുന്‍പാണ് ഇല്ലാതായി കൊണ്ടിരിക്കുന്ന നാടന്‍ വിളകള്‍ സംരക്ഷിക്കണമെന്നൊരു തോന്നലുണ്ടാകുന്നത്. ഈ കാച്ചിലിനും ചേമ്പിനുമൊക്കെ ഒരുപാട് ഔഷധഗുണങ്ങളുണ്ട്.

“വേനല്‍ക്കാലമാണേലും മഴയാണെങ്കിലും അതൊക്കെ പ്രതിരോധിച്ച് വളര്‍ന്നോളും. ജൈവവളം മാത്രം നല്‍കിയാല്‍ മതി കുറേ വിളവും കിട്ടും. എന്നാല്‍ ഹൈബ്രിഡ് പച്ചക്കറികള്‍ കൃഷി ചെയ്താല്‍ വിളവും ലാഭവുമൊക്കെ കിട്ടും.

“പക്ഷേ, കിട്ടുന്നതൊക്കെയും വിത്തു വാങ്ങാന്‍ ചെലവഴിക്കേണ്ടി വരും. ഇങ്ങനെയൊക്കെയുള്ള ആലോചനകളാണ് നാടന്‍ ഇനങ്ങള്‍ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചത്.

“അങ്ങനെ റബറും വാഴയും പച്ചക്കറിയുമൊക്കെ കൃഷി ചെയ്തിരുന്നതിന്‍റെ കൂട്ടത്തില്‍ നാടന്‍ കപ്പയും ചേമ്പും കാച്ചിലും നട്ടു തുടങ്ങി. വംശനാശ ഭീഷണി നേരിടുന്ന വിളകളൊക്കെ നട്ടു പരിപാലിക്കുന്നുണ്ട്.

“ചെറുകിഴങ്ങ്, നനകിഴങ്ങ്, അടതാപ്പ്. മുള്ളന്‍ കിഴങ്ങ്, നെയ്ച്ചേന, താമരക്കണ്ണന്‍ ചേമ്പ്, കണ്ണന്‍ ചേമ്പ്, ആദിവാസി ചേമ്പ് തുടങ്ങിയ പൂര്‍വികന്‍മാര് കൃഷി ചെയ്തിരുന്നതൊക്കെയും പറമ്പില്‍ നട്ടു.

“പേരുപോലെ എല്ലാം വ്യത്യസ്തമാണ്. കാച്ചില്‍ പോലെ നടാവുന്നതാണ് മുള്ളന്‍ കിഴങ്ങ്. എന്നാല്‍ ഈ കിഴങ്ങിന് ചുറ്റും മൂന്നു തരത്തിലുള്ള മുള്ള് പോലുള്ള വേരുകളുണ്ടാകും.


ഒരു വേര് കിളിര്‍ക്കുമ്പോള്‍ മുതല്‍ മുള്ള് ഇതിനൊപ്പമുണ്ടാകും. മുള്ളുകളാണ് ഈ കിഴങ്ങിനെ സംരക്ഷിക്കുന്നത്. പക്ഷേ കിഴങ്ങില്‍ മുള്ളൊന്നുമില്ല. മുള്ള് ഇതിന്‍റെ സംരക്ഷണ കവചമാണ്.


“കാട്ടുപന്നിയോ എലിയോ ഒന്നും അടുക്കില്ലല്ലോ. പ്രകൃതി തന്നെ ഇങ്ങനെ മുള്‍വേലി കെട്ടിയിട്ട് സംരക്ഷിക്കണമെങ്കില്‍ അത്രയേറെ ഗുണമുണ്ടാകും ഇതിന്. കാട്ടുകാച്ചില്‍ അടക്കം 20 ഇനം കാച്ചിലുകള്‍ സംരക്ഷിക്കുന്നുണ്ട്.

“കാട്ടുകാച്ചില്‍ പുഴുങ്ങിയും ചുട്ടും കഴിക്കാം. നല്ല രുചിയാണ്. കാട്ടിഞ്ചിയും പറമ്പിലുണ്ട്. മണവും ഗുണവുമൊക്കെ സാധാരണ ഇഞ്ചിയെക്കാള്‍ കൂടുതലാണ്. ഒരല്‍പ്പം ഉപയോഗിച്ചാല്‍ മതി. തൂക്കം വയ്ക്കില്ല, വളരെ ചെറുതായിരിക്കുമിത്. കാട്ടുമഞ്ഞളും കൃഷി ചെയ്യുന്നുണ്ട്.

“വ്യത്യസ്ത ഇനത്തില്‍പ്പെട്ട കപ്പകളും സംരക്ഷിച്ചിരുന്നു. പക്ഷേ, ഇപ്പോ കപ്പ കുറവാണ്. കഴിഞ്ഞു കുറച്ചുകാലമായി കാട്ടുപന്നിയുടെ ശല്യം കൂടുതലാണ്. തോട്ടത്തില്‍ എല്ലാം നശിപ്പിക്കുന്നുണ്ട്.

“എന്നാല്‍ കഴിഞ്ഞ വര്‍ഷം കുറച്ചധികം കപ്പ കാട്ടുപന്നി നശിപ്പിച്ചു. അതോടെ കപ്പ കൃഷി കുറച്ചു. പക്ഷേ ഇക്കുറി ഒരു ഒമ്പത് വെറൈറ്റി കപ്പ നട്ടിട്ടുണ്ട്. രാമന്‍ക്കപ്പ, പത്തില്‍ എട്ട് കപ്പ, മിക്സ്ച്ചര്‍ കപ്പ, കോട്ടയം ചുള്ളി, വെള്ളക്കപ്പ ഇങ്ങനെ വ്യത്യസ്ത ഇനങ്ങളാണ് നട്ടിരിക്കുന്നത്,” ജോസ് പറഞ്ഞു.

പച്ചക്കറികളിലും നാടന്‍ ഇനങ്ങള്‍ക്കാണ് ജോസ് പ്രാധാന്യം നല്‍കുന്നത്. “പാണ്ടന്‍ പയര്‍ എന്നൊരു ഇനം പയറുണ്ട്,” ജോസ് പറയുന്നു. “മഴക്കാലത്തും വേനല്‍ക്കാലത്തും ഇതില്‍ പയറുണ്ടാകും. എപ്പോ വേണമെങ്കിലും ഒരു കറിക്കുള്ള പയര്‍ ഈ പാണ്ടന്‍ പയര്‍ തരും.

“കുറച്ചുകാലം മത്സ്യ കോഡിനേറ്ററായി ജോലി ചെയ്തിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഓരോ വീടുകളിലും പോകുമായിരുന്നു. അങ്ങനെ കൊക്കയാര്‍ പഞ്ചായത്തിലൂടെ പോയപ്പോഴാണ് ഒരു വീട്ടില്‍ പാണ്ടന്‍ പയര്‍ കായ്ച്ചു കിടക്കുന്നത് കണ്ടത്.

“വര്‍ഷകാലമാണ്. പല തവണ ആ വീടിന് മുന്നിലൂടെ പോകുമ്പോഴും പാണ്ടന്‍ പയര്‍ കേടില്ലാതെ വിളഞ്ഞു കിടക്കുന്നത് കണ്ടു. കാലാവസ്ഥയെ പോലും ഈ പയര്‍ അതിജീവിക്കുന്നതാണെന്നു മനസിലായി.

“ആ വീട്ടിലുള്ളവരോട് പയറിന്‍റെ വിത്ത് ചോദിച്ചു വാങ്ങിക്കുകയായിരുന്നു. അച്ചിങ്ങയുടെ പുറത്ത് വയലറ്റ് നിറമുള്ള പാടുണ്ട്. അതുകൊണ്ടാണിതിന് പാണ്ടന്‍ പയര്‍ എന്ന പേരു വീണത്.

“പറമ്പിലിപ്പോഴും പത്ത് പതിനഞ്ച് മൂട് പയറുണ്ട്. ഒരു കറിക്കുള്ള പയര്‍ എന്നും കിട്ടും. ഇതിന്‍റെ വിത്ത് ഒരുപാട് പേര്‍ക്ക് നല്‍കിയിട്ടുണ്ട്.

“പച്ചക്കറികളുടെ കൂട്ടത്തില്‍ പാണ്ടന്‍ പയര്‍ മാത്രമല്ല കൊയ്ത്ത് പാവല്‍, നാടന്‍ വെണ്ട, മണിത്തക്കാളി, വെള്ളരി, കുരുത്തോലപയര്‍, ഇഞ്ചിക്കണ്ടന്‍ പയര്‍, ഞാഞ്ഞൂല്‍കോടന്‍ വഴുതന ഇതൊക്കെ കൃഷി ചെയ്യുന്നുണ്ട്.

“രോഗപ്രതിരോധ ശക്തി കൂടുതലുള്ളതും അധികം ഉയരം വയ്ക്കാത്തതുമാണ് ഇഞ്ചിക്കണ്ടന്‍ പയര്‍. പച്ചക്കറി, കിഴങ്ങ് കൃഷിയുടെ കൂട്ടത്തില്‍ കുറച്ച് ഔഷധസസ്യങ്ങളുമുണ്ട്. പൊന്നുള്ളി, ഗരുഡപ്പച്ച, കുരുട്ടുപാവല്‍  തുടങ്ങി പത്തിലേറെ അപൂര്‍വ ഇനം ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നുണ്ട്.  വെള്ളക്കൂവയും കാട്ടു ഏലവും കൃഷിയുണ്ട്.

കാട്ടുപാവല്‍

“നാടന്‍ മത്സ്യയിനങ്ങളും സംരക്ഷിക്കുന്നുണ്ട്. പടുതാക്കുളത്തിലാണ് മത്സ്യ കൃഷി. മത്സ്യകൃഷിയെന്നു പറയാന്‍ പറ്റില്ല, നാടന്‍ മീനുകളെ സംരക്ഷിക്കുന്നു. മത്സ്യകൃഷി വ്യാവസായിക അടിസ്ഥാനത്തിലൊന്നുമല്ല ചെയ്യുന്നത്.

“പള്ളത്തി, നാടന്‍ വരാല്‍, കാരി, തിലാപ്പിയ, പരല്‍, മഞ്ഞ ആരകന്‍, കറുത്ത ആരകന്‍ ഇതൊക്കെ കുളത്തിലുണ്ട്. ഓരോന്നും വ്യത്യസ്ത പടുതാകുളത്തിലാണ് വളര്‍ത്തുന്നത്. ഇടയ്ക്കൊക്കെ വീട്ടാവശ്യത്തിന് പിടിച്ചെടുക്കാറുണ്ട്,” എന്ന് അദ്ദേഹം.

നാടന്‍ ഇനമാണ്, പോഷകസമ്പന്നമാണ്, ജൈവവളമിട്ടുണ്ടാക്കിയതാണ് എന്നൊക്കെ പറ‍ഞ്ഞാലും ആദായം കിട്ടില്ലെന്നു ജോസ് സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നു.

“കിഴങ്ങുകള്‍ കഴിക്കുന്നവര്‍ കുറവാണ്. ജൈവവളമിട്ട് കൃഷി ചെയ്തുണ്ടാക്കുന്നതിന്‍റെ കഷ്ടപ്പാടിന് അനുസരിച്ചുള്ള വില കിട്ടണം. പക്ഷേ മാര്‍ക്കറ്റ് കിട്ടാതെയും ലാഭം കിട്ടാതെയും വരും. അതോടെ ഇതൊക്കെ അവസാനിപ്പിക്കണമെന്നു തോന്നി പോകും.

“നാടന്‍ വിളകള്‍ കൃഷി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കുകയാണെങ്കില്‍ നന്നായിരുന്നു.


ലോക്ക്ഡൗണ്‍ ആയതോടെ കുറേപ്പേര് കൃഷിയൊക്കെ ആരംഭിച്ചിട്ടുണ്ട്.


“വിത്തും തൈയുമൊക്കെ ചോദിച്ച് പലരും വിളിച്ചിരുന്നു. പിന്നെ രാസവളമിട്ട ഉത്പന്നങ്ങള്‍ വേണ്ടെന്നു വയ്ക്കുകയാണ് എല്ലാവരും. അങ്ങനെ നാടന്‍ ഇനങ്ങള്‍ അന്വേഷിച്ച് വരുന്നവരുമുണ്ട്,” ജോസ് പറഞ്ഞു.

ജോസും അയല്‍പ്പക്കത്തുള്ള കുറച്ചാളുകളും ചേര്‍ന്ന് നാടന്‍ വിളകളെ സംരക്ഷിക്കുന്നതിനൊരു സമൃദ്ധി ഫാര്‍മേഴ്സ് ഗ്രൂപ്പ് നടത്തുന്നുണ്ട്. 12 വര്‍ഷം മുന്‍പ് ആരംഭിച്ചതാണ്. 15 കര്‍ഷകരാണ് സംഘത്തിലുള്ളത്.

സമൃദ്ധിയിലുള്ളവര്‍ ഓരോരുത്തരും നാടന്‍ ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. പരസ്പരം വിത്തുകളൊക്കെ കൈമാറും.

നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതിന് കൃഷി ഭവന്‍ സമൃദ്ധിക്ക് 54,000 രൂപ അനുവദിച്ചിരുന്നു. ഓരോരുത്തരുടെയും ഭൂമിയുടെ അളവ് അനുസരിച്ച് ആ തുക വീതിച്ചെടുത്തു കൃഷി ചെയ്തു.


ഇതുകൂടി വായിക്കാം: 1.5 ഏക്കറിലെ വിഷരഹിത പച്ചക്കറി മുഴുവന്‍ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി യുവകര്‍ഷകന്‍


“ജോസേട്ടനാണ് സമൃദ്ധിയുടെ ലീഡര്‍,” സമൃദ്ധി ഫാര്‍മേഴ്സ് ഗ്രൂപ്പിലെ അംഗമായ കര്‍ഷകന്‍ ജയിംസ് പറയുന്നു. “സ്ഥലം കുറവായതു കൊണ്ട് അധികം കൃഷിയൊന്നുമില്ല.

“വീട്ടുമുറ്റത്തും ടെറസിലുമൊക്കെയായി ചട്ടിയില്‍ പച്ചക്കറി കൃഷിയുണ്ട്. മഞ്ഞളും അടതാപ്പുമുണ്ട്. കൃഷിഭവനില്‍ നിന്നു കിട്ടിയ പോളിഹൗസില്‍ പാവലും പയറും വെണ്ടയുമൊക്കെയാണുള്ളത്.

ജോസ് നിര്‍മിക്കുന്ന ജൈവവളം സസ്യാമൃതം

“സമൃദ്ധിയുള്ളത് കൊണ്ട് ഇത്രയും കൃഷിയൊക്കെ ചെയ്യാന്‍ പറ്റുന്നു. പരസ്പരം വിത്തും തൈയുമൊക്കെ ഞങ്ങള്‍ നല്‍കാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“സമൃദ്ധിയിലുള്ളവര്‍ പരസ്പരം വിത്തു കൊടുക്കുമെന്നല്ലാതെ സൗജന്യമായി വിത്ത് വിതരണം ചെയ്യാറില്ല. സൗജന്യമായി കിട്ടുന്നതിനെക്കാള്‍ കാശു കൊടുത്തു വാങ്ങുന്ന വസ്തുക്കള്‍ക്കാണ് ആളുകള്‍ വിലകല്‍പിക്കുന്നത്. അതുകൊണ്ട് സൗജന്യ വിതരണമൊന്നും ഇല്ല,” ജോസ് നയം വ്യക്തമാക്കുന്നു.

പൂര്‍ണമായും ജൈവകൃഷിയാണ് ജോസ് ചെയ്യുന്നത്. വീട്ടില്‍ത്തന്നെയാണ് വളമുണ്ടാക്കുന്നത്. ചാണകം കൊണ്ടുള്ള വളം ഉണ്ടാക്കുന്നതിന് നാടന്‍ പശുക്കളെ വളര്‍ത്തുന്നുണ്ട്.

ഇവിടെയുണ്ടാക്കുന്ന വളം സസ്യാമൃതം എന്ന പേരിലാണ് വിപണിയിലെത്തിക്കുന്നത്.  ചാണകത്തില്‍ എട്ട് കൂട്ടം ബാക്റ്റീരിയകളെ വളര്‍ത്തിയെടുത്തുണ്ടാക്കുന്ന ലായനിയില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചാണ് സസ്യാമൃതമുണ്ടാക്കുന്നത്.

“സമൃദ്ധി ക്ലബ് ആരംഭിച്ചിട്ടിപ്പോ 12 വര്‍ഷമായി, ആദ്യകാലം തൊട്ടേ ഞാനുമുണ്ട്,” സമൃദ്ധിയെ മറ്റൊരു മെമ്പര്‍ ബെന്നി ജോസ് കളരിക്കല്‍ പറയുന്നു. “ജോസേട്ടന്‍ ഞങ്ങളെല്ലാവര്‍ക്കും അപൂര്‍വ ഇനം കാച്ചിലിന്‍റെയും കിഴങ്ങിന്‍റെയുമൊക്കെ വിത്തും മറ്റും സംഘടിപ്പിച്ചു തരും.

“നനകിഴങ്ങും ചെറുകിഴങ്ങും അടതാപ്പുമൊക്കെ എന്‍റെ പറമ്പിലും കൃഷി ചെയ്യുന്നുണ്ട്.

കിഴങ്ങുകള്‍ക്കൊപ്പം ജോസ്

“മിച്ചം വരുമ്പോ വില്‍ക്കാറുണ്ട്. അല്ലാതെ വലിയ വിപണിയൊന്നും കിട്ടാറില്ല. കാച്ചിലൊക്കെ കൂടാതെ പച്ചക്കറികള്‍, കപ്പ, വാഴ, കൊക്കോ റബര്‍, തെങ്ങ്, കുരുമുളക് ഇതൊക്കെ കൃഷിയുണ്ട്.


മാസത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചയുമാണ് സമൃദ്ധിയുടെ മീറ്റിങ്ങ്. ആരുടെയെങ്കിലും വീട്ടിലോ അല്ലെങ്കില്‍ വിന്‍സെന്‍റിന്‍റെ കടയിലോ ആകും മാസത്തിലൊരിക്കല്‍ കൂടുന്നത്.


“വിന്‍സെന്‍റും സമൃദ്ധി മെമ്പറാണ്. ഞങ്ങളുടെ പറമ്പില്‍ കൃഷി ചെയ്യുന്ന കാച്ചിലും കിഴങ്ങും പച്ചക്കറിയുമൊക്കെ വിന്‍സെന്‍റിന്‍റെ കടയിലേക്കാണ് വില്‍ക്കുന്നത്. നാട്ടില്‍ നിന്നു ഇല്ലാതായി കൊണ്ടിരിക്കുന്ന നാടന്‍ കിഴങ്ങും ചേമ്പുമൊക്കെ ക‍ൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചതു ജോസേട്ടനും ആള് തുടങ്ങിയ സമൃദ്ധിയും കൂടിയാണ്.

“സമൃദ്ധി ക്ലബിലുള്ളവരെല്ലാം അയല്‍ക്കാരാണ്. ഇവിടങ്ങളില്‍ എല്ലാ വീടുകളിലും കൃഷിയുണ്ട്. ഇപ്പോ ഇതുപോലുള്ള നാടന്‍ ഇനങ്ങളും നട്ടിട്ടുണ്ട്. സമൃദ്ധി ഫാര്‍മേഴ്സ് ക്ലബിന് ആത്മയുടെ ജില്ലാതല അവാര്‍ഡ് രണ്ട് തവണം കിട്ടിയിട്ടുണ്ട്,” എന്ന് ബെന്നി.

മുഴുവന്‍ സമയ കൃഷിക്കാരനാകും മുന്‍പ് ഏഴു വര്‍ഷം ഇടുക്കിയില്‍ മത്സ്യ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലനാട് ഡവലപ്പ്മെന്‍റ് സൊസൈറ്റിയിലും ജോലി ചെയ്തിട്ടുണ്ട്. ഇതിനൊക്കെ ശേഷമാണ് ജോസ് കൃഷിയില്‍ സജീവമായത്.

സുമം ആണ് ജോസിന്‍റെ ഭാര്യ. സൗത്ത് ബാങ്ക് ഉദ്യോഗസ്ഥനായ അരുണ്‍, പി എസ് സി കോച്ചിങ്ങ് വിദ്യാര്‍ത്ഥി അലീന, മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി നയന എന്നിവരാണ് മക്കള്‍.

പീരുമേട് ബ്ലോക്കിലെ മികച്ച കര്‍ഷകന്‍, പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍, നാടന്‍ വിള സംരക്ഷണത്തിന് സംസ്ഥാന കൃഷി വകുപ്പിന്‍റെ അംഗീകാരം ഇതൊക്കെ ജോസിന് ലഭിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: 10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കര്‍ഷകന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം