ഡോ. രാജേഷ് കുമാര്‍ ഗുപ്ത

മൃതദേഹങ്ങള്‍ ദഹിപ്പിക്കണോ അതോ മറവുചെയ്യണോ? കോവിഡ്-19 മരണങ്ങളെപ്പറ്റിയുള്ള വ്യാജപ്രചാരണങ്ങള്‍ ഡോക്റ്റര്‍ തുറന്നുകാട്ടുന്നു

കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മറവുചെയ്യുന്നതില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും നടന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടോ? നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ പള്‍മണോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ അഡീഷണല്‍ ഡയറക്റ്റര്‍ ഡോ രാജേഷ് കുമാര്‍ ഗുപ്ത കാര്യങ്ങള്‍ വിശദമാക്കുന്നു

രോഗിയില്‍ നിന്നു കോവിഡ്-19 ബാധിച്ചു മരിച്ച ചെന്നൈയിലെ ന്യൂറോ സര്‍ജന്‍ ഡോ.സൈമണ്‍ ഹെര്‍ക്കുലീസിന്‍റെ മൃതദേഹവുമായി ശ്മശാനത്തില്‍ എത്തിയ ബന്ധുക്കളെ നാട്ടുകാര്‍ തല്ലിയോടിച്ച വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ  ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

ഭാര്യയും മകനും സഹപ്രവര്‍ത്തകരും മൃതദേഹം മറവുചെയ്യാന്‍ ശ്മശാനത്തിലെത്തിയപ്പോഴേക്കും പരിസരത്ത് ജനക്കൂട്ടം സംഘടിച്ച് പ്രതിഷേധം തുടങ്ങിയിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം. പിന്നീട് ബന്ധുക്കള്‍ മറ്റൊരു ശ്മശാനത്തിലേക്ക് തിരിച്ചു. അവിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാന്‍ തുടങ്ങിയതോടെ അറുപതോളം പേര്‍ വടിയും കല്ലുമായെത്തി.

കല്ലേറില്‍ ആംബുലന്‍സ് ഡ്രൈവറുടെ തലപൊട്ടി, ബന്ധുക്കള്‍ക്ക് പരിക്കേറ്റു. മൃതദേഹം അടക്കം ചെയ്യുന്ന പ്രദേശത്ത് കൊവിഡ് പടര്‍ന്നു പിടിക്കുമെന്ന് പേടിച്ചാണ് ജനക്കൂട്ടം ആക്രമണങ്ങള്‍ക്ക് തുനിഞ്ഞത്.

(Representational Image)

ഈ സംഭവത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ് ബാധിച്ചു മരിച്ച മറ്റൊരു ഡോക്ടറുടെ അന്ത്യകര്‍മ്മങ്ങള്‍ക്കിടയിലും സമാനമായ രീതിയില്‍ ജനം പ്രതികരിച്ചിരുന്നു.

എന്നാല്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം മറവുചെയ്യുന്നതില്‍ (ദഹിപ്പിക്കാതെ മണ്ണില്‍ കുഴിച്ചിടുന്നതില്‍) എന്തെങ്കിലും കുഴപ്പമുണ്ടോ? ദഹിപ്പിക്കുന്നതാണോ നല്ലത്?

കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മറവുചെയ്യുന്നതില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും തുടര്‍ച്ചയാവുന്ന പശ്ചാത്തലത്തില്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടോ എന്നും രോഗബാധിതരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണ് എന്നും നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ പള്‍മണോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ അഡീഷണല്‍ ഡയറക്റ്റര്‍ ഡോ രാജേഷ് കുമാര്‍ ഗുപ്തയോട് ദ് ബെറ്റര്‍ ഇന്‍ഡ്യ ചോദിച്ചു.

ഡോ. രാജേഷ് ഗുപ്ത

“കൊവിഡ് ബാധിതരായ വ്യക്തികളോട് എന്തോ വലിയ കുറ്റകൃത്യം ചെയ്തവരോടെന്ന പോലെ പെരുമാറുന്നത് വളരെ മോശമാണ്. മാത്രമല്ല, അത്തരം രീതികള്‍ അവസാനിപ്പിക്കേണ്ടതുമുണ്ട്. മരണത്തില്‍ പോലും സമൂഹം നീതിരഹിതമായി ഇവരോട് പെരുമാറുന്നു. അതുകൊണ്ട് കൊവിഡ് ബാധിതരെന്നു കണ്ടെത്തുന്ന ആളുകളോട് എങ്ങനെ പെരുമാറണമെന്ന അവബോധം ആദ്യമുണ്ടാവണം. കുറച്ചുകൂടി മനുഷ്യത്വപൂര്‍ണ്ണമായി നമുക്ക് പെരുമാറാനും കഴിയണം,” ഡോ രാജേഷ് കുമാര്‍ ആദ്യമേ വ്യക്തമാക്കുന്നു.

“കൊവിഡ് ബാധിതരായ ആളുകള്‍ മരിച്ചാല്‍ അവരുടെ മൃതദേഹം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ യാതൊരു തരത്തിലുമുള്ള രോഗബാധയ്ക്കും കാരണമാകുന്നില്ല. കൊറോണ രോഗബാധിതരുടെ മൃതദേഹങ്ങള്‍ നിര്‍ബന്ധമായും ദഹിപ്പിച്ചു കളയണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇന്‍ഡ്യയില്‍ മൃതദേഹം എങ്ങനെ സംസ്‌കരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മരണമടഞ്ഞ വ്യക്തികളുടെ കുടുംബങ്ങള്‍ക്കാണെന്നും അവരുടെ താല്‍പര്യത്തിനും അവര്‍ പിന്തുടരുന്ന വിശ്വാസത്തിനും അനുസൃതമായി അതുചെയ്യാന്‍ അനുവദിക്കാമെന്നും ആണ് ഇന്‍ഡ്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്,” ഡോ. രാജേഷ് കുമാര്‍ വ്യക്തമാക്കി.

“ജീവിച്ചിരിക്കുന്ന കൊവിഡ് രോഗിയില്‍ നിന്നു പോലും രണ്ടുമീറ്റര്‍ അകലെ നില്‍ക്കുന്ന വ്യക്തിക്ക് രോഗം പകരില്ലെന്ന് ഉറപ്പാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വലിയ കവറില്‍ (ബോഡി ബാഗ്) പൊതിഞ്ഞ് പത്തുമീറ്ററിലധികം ആഴത്തില്‍ കുഴിച്ചിടുന്ന മൃതദേഹത്തില്‍ നിന്ന് എങ്ങനെ രോഗം പകരും,” അദ്ദേഹം ചോദിക്കുന്നു.

ഡോ. രാജേഷ് ഗുപ്ത

കൊവിഡ് -19 രോഗികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാരും ലോകാരോഗ്യ സംഘടനയും പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

  • മൃതദേഹം കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ചെയ്യാം.
  • മൃതശരീരത്തെ കുളിപ്പിക്കുന്നതിനോ കെട്ടിപ്പിടിക്കുന്നതിനോ ചുംബിക്കുന്നതിനോ അനുവദിക്കരുത്.
  • മൃതദേഹം സംസ്‌ക്കരിച്ചതിനു ശേഷം മരണാനന്തര ക്രിയകള്‍ക്കായി ചാരം/ഭസ്മം ശേഖരിക്കുന്നതിന് തടസമില്ല. മാത്രമല്ല അത് രോഗവ്യാപനത്തിന് ഇടയാക്കില്ല
  • അന്ത്യകര്‍മ്മകളില്‍ പങ്കെടുക്കാന്‍ ജനക്കൂട്ടത്തെ അനുവദിക്കില്ല. മാത്രമല്ല, ഇത്തരം വേളകളില്‍ സാമൂഹിക അകലം പാലിക്കല്‍ നിര്‍ബ്ബന്ധമാണ്.
  • മൃതദേഹം ഒരു ബാഗിനുള്ളില്‍ പൊതിഞ്ഞു കെട്ടിയിരിക്കണം; അതിന്‍റെ പുറംഭാഗം അണുമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
  • മൃതശരീരം കുടുംബങ്ങള്‍ക്ക് കൈമാറും മുന്‍പ് ശരീരത്തിലെ ദ്വാരങ്ങളെല്ലാം സുരക്ഷിതമായി പൊതിഞ്ഞിട്ടുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ ഉറപ്പാക്കിയിരിക്കണം.
  • മൃതദേഹം നാലു ഡിഗ്രി സെല്‍ഷ്യസില്‍ ശീതീകരിച്ചിരിക്കുന്നയിടങ്ങളില്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളു.
  • അന്ത്യകര്‍മ്മങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം അതില്‍  പങ്കെടുത്തവരെല്ലാം വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

“കൊവിഡ്-19 പ്രധാനമായും പകരുന്നത് പുറത്തേക്ക് തെറിക്കുന്ന ഉമിനീരു വഴിയോ സ്രവങ്ങള്‍ വഴിയോ ആണ്. അതുകൊണ്ട് തന്നെ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയില്‍ നിന്നും മറ്റൊരാളുടെ ശരീരത്തിലേക്ക് മാരകവൈറസുകള്‍ പടരാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്ന സാഹചര്യത്തില്‍ വൈറസുകള്‍ പകരാന്‍ സാധ്യതയുള്ളതിനാല്‍ അവ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതാണ്,” ഡോക്ടര്‍ രാജേഷ് കുമാര്‍ വ്യക്തമാക്കുന്നു.

“മാത്രമല്ല, കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു സ്‌കോര്‍ ബോര്‍ഡിലെന്ന പോലെ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ജീവിതത്തിലെന്ന പോലെ മരണത്തിലും എല്ലാവരും അന്തസ്സ് അര്‍ഹിക്കുന്നുണ്ട്. അതിന് നിരക്കുന്ന കരുതലും മനുഷ്യത്വവുമുള്ള പെരുമാറ്റം രോഗികളോടും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “ഇതൊരു ആരോഗ്യസംബന്ധമായ വിഷയമാണ്. അത് അതീവ ശ്രദ്ധയോടും സൂക്ഷ്മതയോടും കരുതലോടെയും കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നമാണെന്ന വസ്തുത ദയവായി എല്ലാവരും മനസിലാക്കണം,” ഡോ. രാജേഷ് കുമാര്‍ അഭ്യര്‍ത്ഥിക്കുന്നു.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം