സൂപ്പര്‍ ഫുഡ് ആയ മൈക്രോഗ്രീന്‍സ് എങ്ങനെ എളുപ്പം വളര്‍ത്തിയെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുക്കളയില്‍ വളര്‍ത്തിയെടുക്കാവുന്ന പോഷകക്കലവറകളാണ് മൈക്രോഗ്രീന്‍സ്. ‘ഗാര്‍ഡന്‍ ഗുരു’ മണികണ്ഠന്‍ പട്ടാഭിരാമന്‍ എളുപ്പവഴികള്‍ പറഞ്ഞുതരുന്നു.

ലോക്ക്ഡൗണില്‍ ലോകം വീടിനുള്ളിലേക്ക് ചുരുങ്ങിയപ്പോള്‍ കുടുംബവുമായി ചെലവഴിക്കാന്‍ നമുക്ക് ധാരാളം സമയം കിട്ടിയെന്നത് നല്ല കാര്യം. എന്നാല്‍ ഇക്കാലത്തുണ്ടായ നഷ്ടങ്ങള്‍ (സമയനഷ്ടം അടക്കം) കുറച്ചൊന്ന് കുറയ്ക്കാന്‍ പലരും കൃഷിയടക്കം പലതും പരീക്ഷിക്കുകയാണ്.

ഈ സമയം വീട്ടിലിരുന്ന് എളുപ്പം ചെയ്യാവുന്ന ഒരുഗ്രന്‍ ഐഡിയയാണ് മൈക്രോഗ്രീനുകള്‍ (സൂക്ഷ്മസസ്യങ്ങള്‍) വളര്‍ത്തുക എന്നത്.

കൃഷി ചെയ്യാന്‍ സമയമില്ല, സ്ഥലമില്ല, തുടങ്ങിയ പരാതികള്‍ ഇനി വേണ്ട. വിഷമയ പച്ചക്കറിയെന്ന ആശങ്കയും വേണ്ട. എല്ലാം പരിഹരിക്കാന്‍ നട്ടുവളര്‍ത്തലിന്‍റെ നല്ലൊരു സൂത്രം കൂടിയാണിത്. വെറും പത്തു ദിവസം കൊണ്ട് വിളവെടുക്കാം, പോഷകസമൃദ്ധമായ മൈക്രോ ഗ്രീന്‍സ്.

വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മൈക്രോഗ്രീനുകള്‍ എന്നു പഠനങ്ങള്‍ പറയുന്നു.
ആരോഗ്യദായകമായ സൂപ്പര്‍ ഫുഡുകളില്‍ ഇടംപിടിച്ചിരിക്കുന്ന ഇവ എവിടെയും എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം, മുതല്‍മുടക്ക് തുച്ഛം. നേരം മെനക്കെടുത്തേണ്ടതില്ല. സ്ഥലവും ഇത്തിരി മതി. ഫ്‌ളാറ്റുകളിലെയും വീടുകളിലെയും ജനാലത്തട്ടുകളില്‍ വരെ വളര്‍ത്തിയെടുക്കാം.

ആദ്യത്തെ ഒന്നോ രണ്ടോ ഇലകള്‍ വരുമ്പോള്‍ അത് മുറിച്ചെടുക്കാം. ഇവ വളര്‍ത്തിയെടുക്കുന്നതിനെ കുറിച്ചു കൂടി അറിഞ്ഞാല്‍ ഇവ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നായി മാറും.

മൈക്രൊഗ്രീന്‍സെന്ന പോഷകക്കലവറ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ‘ഗീക്ക് ഗാര്‍ഡനര്‍’ എന്ന് അറിയപ്പെടുന്ന ബെംഗളുരുവിലെ മണികണ്ഠന്‍ പട്ടാഭിരാമന്‍ (ഗാര്‍ഡന്‍ ഗുരു, ഹൈഡര്‍ ഫാംസ് എന്നിവയുടെ സ്ഥാപകന്‍) ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.

മൈക്രോഗ്രീന്‍സ് തയ്യാറാക്കുന്നതിന്‍റെ പല ഘട്ടങ്ങളിലൂടെ അദ്ദേഹം കൊണ്ടുപോകുന്നു.

സ്റ്റെപ് 1: വിത്ത് തെരഞ്ഞെടുക്കല്‍

ചീരയിലും മുരിങ്ങയിലയിലും ഒതുക്കേണ്ടതില്ല ഇനി നിങ്ങളുടെ ഇലക്കറി പ്രിയം. കടുക്, ഉലുവ, മല്ലി, പെരുംജീരകം ഇവ വേഗത്തിലും എളുപ്പത്തിലും മൈക്രോഗ്രീനുകളാക്കി വളര്‍ത്തിയെടുത്താം. കടല, പയര്‍, ചീര, മത്തങ്ങ, റാഡിഷ് തുടങ്ങി മുപ്പതോളം ഇനങ്ങള്‍ ഇത്തരത്തില്‍ നടാം. ബ്രൊകോളിയോ സ്പിനാഷോ, ബീറ്റ്റൂട്ടോ എന്തുമാകട്ടെ ഇവയെല്ലാം മികച്ച മൈക്രോഗ്രീന്‍സ് ആണ്.

സ്റ്റെപ് 2: വിത്തു മുളപ്പിക്കുന്നതിനുള്ള കണ്ടെയ്റുകള്‍ 

ചതുരാകൃതിയില്‍, ഏറെ പൊക്കമില്ലാത്തതും രണ്ടിഞ്ച് മണ്ണ് വരെ നിറയ്ക്കാന്‍ പറ്റുന്നതുമായ പ്ലാസ്റ്റിക് ട്രേകള്‍ സംഘടിപ്പിക്കുക. ഇത്തരത്തിലുള്ള ട്രേകള്‍ ഇല്ലെങ്കില്‍ ഈ രീതിയിലാക്കാവുന്ന തരത്തിലുള്ളവ സംഘടിപ്പിക്കുക. ഷൂ വാങ്ങിയ ബോക്സുകള്‍, കാര്‍ട്ടനുകള്‍ ഇവയും ഉപയോഗിക്കാം. പക്ഷെ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: വെള്ളം വാര്‍ന്നുപോകാനുള്ള സൗകര്യം ട്രേയില്‍ നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം വിത്തുകള്‍ അഴുകാനിടയുണ്ട്.

സ്റ്റെപ് 3: വളര്‍ത്താനുള്ള മീഡിയം

ചകിരിച്ചോറും ഫലഭൂയിഷ്ഠമായ മേല്‍മണ്ണും ചേര്‍ന്ന മിശ്രിതമാണ് മൈക്രോ ഗ്രീനുകള്‍ വളര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച മാധ്യമം. മണ്ണ് കിട്ടാത്ത സാഹചര്യത്തില്‍ വിത്തുകള്‍ മുളയ്ക്കുന്നതിനായി ടിഷ്യൂ പേപ്പറുകള്‍ നനച്ച് ഉപയോഗിക്കാന്‍ കഴിയും. ടിഷ്യൂ പേപ്പറുകളില്‍ ആവശ്യത്തിന് നനവുണ്ടെന്ന് ഉറപ്പുവരുത്തുക.

സ്റ്റെപ് 4: ക്രമീകരിക്കല്‍

ആദ്യമായി ട്രേയില്‍ ഒന്നര മുതല്‍ രണ്ട് ഇഞ്ച് വരെ ചകിരിച്ചോര്‍ ഒരേനിരപ്പില്‍ പരത്തിയിടുക. അല്ലെങ്കില്‍ നനച്ച ടിഷ്യൂ പേപ്പര്‍ നിരത്തുക. അതിനു മീതെ വിത്തുകള്‍ പാകണം. കടലയും പയറിനങ്ങളുമൊക്കെ മുളപ്പിച്ച ശേഷവും പാകാം. ആവശ്യത്തിന് വിത്തു പാകി വെള്ളം തളിച്ച ശേഷം ട്രേ ഒരു പേപ്പര്‍ കൊണ്ടോ കാര്‍ബോര്‍ഡ് കഷ്ണം കൊണ്ടോ മൂടുക.

അധികം വെയിലേല്‍ക്കാത്തിടത്ത് വേണം ട്രേകള്‍ വയ്ക്കാന്‍. നനവ് കൂടുതലാകരുത്. വേരുകള്‍ ചീഞ്ഞു പോകും.
വിത്തുകള്‍ മുളച്ച് ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ദിവസത്തില്‍ രണ്ടു തവണ വെള്ളം സ്പ്രേ ചെയ്തുകൊടുക്കുക.

സ്റ്റെപ് 5: സൂര്യപ്രകാശത്തില്‍

മൂന്നാലു ദിവസം കഴിയുമ്പോള്‍ ഇലകള്‍ വന്നു തുടങ്ങും. ഇല വാടാനോ കരിഞ്ഞുപോകാനോ സാധ്യതയുള്ളതിനാല്‍ സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത സ്ഥലത്തേക്ക് അവ മാറ്റാം. ഇതിന് ഏറ്റവും പറ്റിയ ഇടം അടുക്കളയുടെ ജനാലത്തട്ടുകളാണ്. വെള്ളം തളിക്കാനും ആവശ്യത്തിന് മാത്രം സൂര്യപ്രകാശം കിട്ടാനും ഈ ഇടമാണ് ഏറ്റവും നല്ലത്.

വീത്തു മുളച്ച് ഒന്‍പതാമത്തെയോ പത്താമത്തെയോ ദിവസം വിളവെടുക്കാം. വിളവെടുക്കാന്‍ കാലതാമസം വരുത്തിയാല്‍ അവ ചീയാനും രുചി മാറാനും സാധ്യതയുണ്ട്. ആ പ്രായത്തില്‍ വേണം വിളവെടുക്കാന്‍. കീടാക്രമണം തലപൊക്കും മുന്‍പു തന്നെ വിളവെടുക്കണം. രാസവളമില്ലാതെ, കീടനാശിനികളില്ലാതെ ഒന്നാംതരം ഇലക്കറികള്‍ ഭക്ഷണത്തിന്‍റെ ഭാഗമാക്കാം.

ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കുക.

1. രാസവസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തിയ വിത്തുകള്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കുക.
2. രാസവസ്തുക്കള്‍ കലരാത്ത ഗുണമേന്‍മയുള്ള മണ്ണ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
3. മൈക്രോഗ്രീനുകള്‍ക്ക് അമിതമായി വെള്ളം നല്‍കരുത്.
4.കണ്ടെയ്നറുകളില്‍ വെള്ളം വാര്‍ന്നുപോകാനുള്ള ദ്വാരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുക.

ആര്‍ക്കും എളുപ്പത്തില്‍ വീട്ടില്‍ മൈക്രോഗ്രീന്‍സ് വളര്‍ത്തിയെടുക്കാം. അതിന് അടുക്കളയില്‍ തന്നെയുള്ള സാധനങ്ങള്‍ ധാരാളം മതി. മറ്റൊരുകാര്യം ഇത് നിങ്ങളുടെ കണ്‍മുന്നില്‍ അവ വളരെ വേഗത്തില്‍ വളരുന്നത് കാണാം എന്നതാണ്. നല്ല രസമാണത്. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങണമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ട് എങ്കില്‍ ഞാന്‍ പറയും അതൊരുഗ്രന്‍ ഐഡിയ ആണെന്ന്. – മണികണ്ഠന്‍ പട്ടാഭിരാമന്‍.

വീട്ടിലെ ചെറിയൊരുമുറിയില്‍ മൈക്രോഗ്രീന്‍സ് വളര്‍ത്തി മാസം  80,000 രൂപ നേടുന്ന വിദ്യാധരനെ പരിചയപ്പെടാം.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം