ടെറസിലെ താമര കൃഷിയില്‍ നിന്ന് മാസം 30,000 രൂപ നേടുന്ന എല്‍ദോസിന്‍റെ വിശേഷങ്ങള്‍

“ഞാൻ ബോംബയിലെത്തി അവിടെ ജോലിക്ക് കയറി. ആയിരത്തി അഞ്ഞൂറ് രൂപയായിരുന്നു ശമ്പളം. എനിക്കത് വളരെ വലുതായിരുന്നു.”

2007-ൽ നഴ്സിംഗ് പാസ്സായ ശേഷം പിറവം രാമമംഗലം പഞ്ചായത്തിലെ മാമലശ്ശേരിക്കാരൻ  എൽദോസ് രാജുവിന് ഏതെങ്കിലും ഹോസ്പിറ്റലില്‍ കയറിപ്പറ്റുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ സുഹൃത്ത് മനുവിനൊപ്പം കൊൽക്കത്തയ്ക്ക് വണ്ടി കയറി.

അവിടെ പ്ലാസെന്റൽ ബ്ലഡ് കളക്ഷൻ ചെയ്യുന്ന സ്ഥാപനത്തിൽ അവസരം ഉണ്ടെന്ന് അറിഞ്ഞാണ് കൊൽക്കത്തയ്ക്ക് പോകുന്നത്. ജോലി തേടിയുള്ള ആദ്യയാത്ര ഒരു ചതിക്കുഴിയായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.

“ഒരുപാട് സ്വപ്നങ്ങളുമായി വണ്ടി കയറിയ ഞങ്ങൾ ചതിക്കപ്പെടുകയായിരുന്നെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്,”  എല്‍ദോസ് രാജു ഓര്‍ക്കുന്നു.

ഒരുപാട് അലയേണ്ടി വന്നു, പിന്നീടൊരു ജോലിക്കായി. “ഞാൻ നഴ്സിംഗ് പാസ്സാകുന്ന കാലത്ത് ഈ മേഖലയിൽ വലിയ മത്സരം തന്നെയായിരുന്നു. മെഡിസിനും എഞ്ചിനീറിങ്ങിനും എൻട്രൻസിനും അഡ്മിഷൻ കിട്ടാത്തവർ ഓടിക്കേറുന്ന ഒരിടമായിരുന്നു നഴ്സിംഗ്. താല്പര്യം കൊണ്ടും പഠിക്കുന്നവരും കുറെയുണ്ട് കേട്ടോ. പഠനം കഴിഞ്ഞു എങ്ങനെയും ജോലി നേടണമെന്ന ഒറ്റ ലക്ഷ്യമായിരുന്നു,” എന്ന് എല്‍ദോസ് തുടരുന്നു.

19 വയസ്സുള്ളപ്പോഴാണ് എല്‍ദോസും സുഹൃത്തും ജോലി തേടി കൊല്‍ക്കത്തയിലെത്തുന്നത്.

“ഇനിയെങ്കിലും പപ്പ ഒന്ന് സമാധാനായി  ജീവിക്കുന്നത് കാണാനുള്ള കൊതിയായിരുന്നു മനസ്സ് നിറയെ. അതാണ് ജോലി എന്ന കേട്ടപാടെ കൊൽക്കത്തയിലേക്ക് ഓടിയത്. വണ്ടിയിൽ വലിഞ്ഞു തൂങ്ങി അവിടെ എത്തുമ്പോൾ ഒരുപാട് പ്ലാനിംഗ് ഉണ്ടായിരുന്നു മനസ്സിൽ. ഒരു റൂമെടുത്തു കുളിച്ചു വൃത്തിയായി ജോലി പറഞ്ഞു വച്ചിരുന്ന സ്ഥലത്തെത്തിയപ്പോൾ ഞങ്ങൾ ഞെട്ടിപോയി,” എല്‍ദോസ് പറഞ്ഞു.
“ഒരു ചെറിയ ഇടുങ്ങിയ മുറിയിൽ അവിടുത്തുകാരായ കുറച്ചു പേർ താഴെ ഇരുന്ന് പാക്കിങ് ഒക്കെ ചെയ്യുന്നു. വൃത്തി തീരെ ഇല്ല. താഴെ മൂന്ന് പേർക്ക് ഇരിക്കാൻ തന്നെ സ്ഥലം കമ്മി ആണ്. ഞങ്ങൾ ജോലി അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് എക്സ്പീരിയൻസ് ഇല്ലെന്ന് പറഞ്ഞു അവർ ഞങ്ങളെ പറഞ്ഞയച്ചു. ഞങ്ങൾ ആകെ ഷോക്കായി പോയി. ഈ ജോലി പ്രതീക്ഷിച്ചാണ്  ഇത്രയും ദൂരം വന്നത് . എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു. കൈയിൽ തുച്ഛമായ തുകയുള്ളു. എന്തിരുന്നാലും അവിടെ ജോലി അന്വേഷിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു,”
കൈയിൽ കരുതിയിരുന്ന കാശ് വളരെ സൂക്ഷിച്ച് ചെലവാക്കിയാണ് കൊൽക്കത്തയിലെ രണ്ടുമാസം തള്ളിനീക്കിയത്. കൊൽക്കത്തയിലെ ആ ദിവസങ്ങള്‍ ജീവിതത്തിൽ വേറിട്ട അനുഭവമായിരുന്നു എന്ന് എൽദോസ് പറയുന്നു.

“ഞാനും മനുവും കൈയിൽ കരുതിയ കാശ് കൊണ്ട്  അവിടെ പിടിച്ചു നിന്നു. ജോലിക്ക് വേണ്ടിയല്ലേ എന്നോർക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ലായിരുന്നു. ദിവസം നൂറു രൂപ വാടക ഉള്ള റൂമിലായിരുന്നു താമസം. എനിക്കും മനുവിനും കഷ്ടിച്ച് കിടക്കാം. ഭക്ഷണം വളരെ പരിമിതമായി മാത്രം കഴിച്ചു. തെരുവോര ഭക്ഷണശാലകൾ ആയിരുന്നു ഏക ആശ്രയം. പങ്കുവെക്കലിന്‍റെ സുഖം അറിയാൻ കൊൽക്കത്ത ജീവിതം ഏറെ സഹായിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും  പപ്പയും അമ്മയും വിളിക്കുമ്പോൾ ഈ ബുദ്ധിമുട്ടുകൾ ഒന്നും അറിയിക്കില്ല.”

രണ്ടുമാസം കഴിഞ്ഞപ്പോള്‍ കയ്യിലെ പണം തീര്‍ന്നു, ജോലിയൊന്നും ശരിയായതുമില്ല. അങ്ങനെയവര്‍ തിരിച്ച് നാട്ടിലേക്ക് വണ്ടികയറി.

എല്‍ദോസും കുടുംബവും

നാട്ടിലെത്തി അധികം വൈകാതെ കൂട്ടുകാരന്‍ മനുവിന് മുംബൈയില്‍ ജോലി കിട്ടി. അവിടെ നിന്ന് അവന്‍ എല്‍ദോസിനും ജോലി ഉറപ്പാക്കിയതിന് ശേഷം വിളിച്ചു.

“എനിക്ക് സന്തോഷമാണോ എന്താന്ന് പോലും നിർവചിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഞാൻ ബോംബയിലെത്തി അവിടെ ജോലിക്ക് കയറി. ആയിരത്തി അഞ്ഞൂറ് രൂപയായിരുന്നു ശമ്പളം. എനിക്കത് വളരെ വലുതായിരുന്നു. ഒരു മാസത്തെ ജോലിക്ക് ശേഷം ശമ്പളം കിട്ടിയപ്പോൾ ആയിരത്തി അഞ്ഞൂറ് രൂപക്ക് പകരം അവർ എനിക്ക് ഇരട്ടി തുക ആണ് തന്നത്. ഒരു തുടക്കക്കാരന്‍ ആയിട്ടും എന്റെ ജോലി അവിടെ  പരിചിതരായ നഴ്സിനെ പോലെ തന്നെ മാനേജ്മെന്‍റിന് ബോധിച്ചു എന്ന് പറഞ്ഞു,” എല്‍ദോസ് സന്തോഷത്തോടെ പറയുന്നു.

രണ്ടുവര്‍ഷത്തോളം അവിടെ ജോലി ചെയ്തതിന് ശേഷം ഖത്തര്‍ എയര്‍പോര്‍ട്ടില്‍ ജോലി കിട്ടി.

“പത്തുവർഷത്തോളം വരുന്ന പ്രവൃത്തിപരിചയവുമായി ഖത്തറിൽ നിന്നും നാട്ടിലേക്ക് പറക്കുമ്പോൾ ഇനിയെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള കൊതിയായിരുന്നു. ഇതിനിടയിൽ എന്‍റെ മനസ്സിനിണങ്ങിയ വീട് പണിയാനും കടങ്ങൾ വീട്ടാനും കഴിഞ്ഞു. ഇപ്പോൾ പപ്പയെ കൊണ്ട് ജോലി ചെയ്യാൻ അനുവദിക്കുന്നില്ല, നേരമ്പോക്കിന് രണ്ടു പശുക്കളെ വളർത്തുന്നതൊഴിച്ചാൽ പപ്പാ സ്വസ്ഥമാണ്. നാട്ടിലെത്തി ഇടപ്പള്ളിയിൽ ഒരു ജോലി തരമായെങ്കിലും കൊറോണ പ്രശ്നം രൂക്ഷമായപ്പോൾ എനിക്ക് ജോലിക്ക് പോകാൻ കഴിയാതെയായി,” കോവിഡ് കാലം തൊഴിലവസരങ്ങളെ ഇത്രമേൽ ബാധിച്ചിട്ടുണ്ടെന്ന് ഒരു തൊഴിൽ തേടി ഇറങ്ങിയപ്പോഴാണ് മനസ്സിലായത് എന്ന് എൽദോസ്.

എല്‍ദോസും ഭാര്യ രഞ്ജിനിയും
“ഗൾഫിൽ ഉള്ള ജോലിയും കളഞ്ഞു നാട്ടിലെത്തുമ്പോൾ എങ്ങനെയെങ്കിലും ഒരു തൊഴിൽ നേടി പിടിച്ചു നിൽക്കാമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. പരിചയക്കാർ എന്നോട് പറയുമായിരുന്നു ‘ഒരു പ്രവാസിക്ക് നാട്ടിൽ പോയി സെറ്റിൽ ആകാൻ കുറച്ചു ബുദ്ധിമുട്ടാണ്. അവസാനം നിവൃത്തിയില്ലാതെ കേറി പോരേണ്ടി വരും’ എന്ന്.
മനസ്സിനിണങ്ങിയ ജോലിയൊന്നും ഒത്തുവന്നില്ല. പിന്നെ, കൊറോണക്കാലം. വീട്ടില്‍ ഭാര്യ രഞ്ജിനി ഗര്‍ഭിണിയാണ്–കുറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വരുന്ന അതിഥിയെക്കാത്തിരിക്കുകയാണ് എല്ലാവരും. പപ്പയും മമ്മിയും വയസ്സായവര്‍… എല്ലാം കൂടി നോക്കിയപ്പോള്‍ ഇപ്പോള്‍ ജോലിക്കുപോകുന്നത് അത്ര സുരക്ഷിതമല്ലെന്ന് എല്‍ദോസിന് തോന്നി. തല്‍ക്കാലം ഒരു ബ്രേയ്ക്ക് എടുക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു.
എൽദോസ് സംസാരിച്ചുകൊണ്ട് തന്‍റെ ടെറസിലേക്ക് നടക്കാൻ തുടങ്ങി.
“പിന്നെ ദേ ഈ കാണുന്നതൊക്കെ അങ്ങ് കെട്ടിപ്പൊക്കി. ഒന്നിലേലും ഞാൻ ഒരു കർഷകന്‍റെ മകനല്ലേ, അതുമൊന്ന് പയറ്റിയേക്കാമെന്ന് കരുതി,” എന്ന് എൽദോസ് ചിരിക്കുന്നു. ടെറിസില്‍ നിറയെ താമരകൃഷിയാണിപ്പോള്‍. എല്‍ദോസിന്‍റെ താമരകള്‍ക്കും വിത്തിനും ഇന്‍ഡ്യമുഴുവന്‍ ആവശ്യക്കാരുമുണ്ട്.

“എന്‍റെ പപ്പ ഒരു കൃഷിക്കാരനാണ്. കപ്പയും നെല്ലും ഒക്കെയാണ് പപ്പയുടെ കൃഷി വിഭവങ്ങൾ. അതിൽ നിന്നുമുള്ള വരുമാനത്തിൽ നിന്നുമാണ് പപ്പാ എന്നെ പഠിപ്പിച്ചത് .കുറെയേറെ കഷ്ടപെട്ടിട്ടുണ്ട് അദ്ദേഹം എന്നെ ഒരു നഴ്സ് ആക്കാൻ,”

എല്‍ദോസിന്‍റെ കലക്ഷനിലെ വ്യത്യസ്ത ഇനം താമരകള്‍
നഴ്സിംഗ് ജോലി ചെയ്തിരുന്ന എല്‍ദോസ് തികച്ചും വ്യത്യസ്തമായ താമര കൃഷിയിലേക്ക് ഇറങ്ങാനുള്ള സ്പാർക് എന്തായിരുന്നു എന്ന ചോദ്യത്തിന്  എൽദോസ് മറുപടി പറഞ്ഞു തുടങ്ങി. “അതങ്ങനെ പെട്ടെന്ന് വന്ന ആശയം ഒന്നുമല്ലട്ടോ. കുഞ്ഞുനാൾ മുതലേ എനിക്ക് ചെടികളും മീനുകളും ഒക്കെ ഉണ്ടായിരുന്നു. എനിക്ക് അതൊക്കെ തരുന്നത് വേറൊരു ഫീൽ തന്നെയാണ്.  പിന്നെ ഇതിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ കൊറോണ ആയിട്ട് ഒരു അവസരം തന്നൂന്ന് വേണമെങ്കിൽ പറയാം,”  എല്‍ദോസ് പറഞ്ഞു.

താമര ചെടികളോട് ഉള്ള കമ്പം തനിക്ക് പുതമയുള്ളതല്ലെന്ന് എൽദോസ് “എനിക്ക് താമര ചെടികൾ പണ്ടേ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ എന്റെ കൊച്ചു പൂന്തോപ്പിൽ താമരയും ഉണ്ടായിരുന്നു. പിന്നെ, ഇപ്പോൾ ജോലി ഒന്നും ഒക്കാതായപ്പോൾ നേരമ്പോക്കിന് ടെറസിലേക്ക് കയറി. അവിടെ കൊച്ചു ടബ്ബ്കളിലായി താമര നട്ടു വളർത്തി. അങ്ങനെ വളർത്തുന്ന താമരകളും തൈകളും ഫോട്ടോയെടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും. പിന്നീട് അതിനു വലിയ സ്വീകാര്യത ലഭിച്ചതോടെ ‘രാജൂസ്‌ ഫ്ലോറൽസ്’ എന്ന പേരിൽ പേജ് തുടങ്ങി അതിലായി പോസ്റ്റിങ്ങ്. രാജു എന്‍റെ പാപ്പയാട്ടോ. പോസ്റ്റുകൾ കണ്ടു ആളുകൾ അന്വേഷണങ്ങൾ നടത്താൻ തുടങ്ങിയപ്പോൾ എന്‍റെ പക്കൽ മിച്ചം വരുന്ന ട്യൂബ്‌റുകൾ ഞാൻ വിൽക്കാനായി വച്ചു. അതിനു മികച്ച പ്രതികരണമാണ് കിട്ടിയത്. അതങ്ങനെ പോയി ഇപ്പോൾ പ്രതിമാസം മുപ്പതിനായിരത്തിലധികം രൂപ വരുമാനമായി കിട്ടുന്നുണ്ട്,” എൽദോസിന്‍റെ വാക്കുകളിൽ നിറഞ്ഞ സംതൃപ്തി.

എല്‍ദോസിന്‍റെ കലക്ഷനിലെ വ്യത്യസ്ത ഇനം താമരകള്‍
താമരച്ചെടികളുടെ പരിപാലനം മറ്റു ചെടികളെക്കാൾ ശ്രദ്ധ വേണ്ടതാണോ എന്ന എന്റെ സംശയത്തിന് എൽദോസ് വളരെ വിശദമായ വിവരണം തന്നെയാണ് നൽകിയത്.
“താമര പൊതുവെ പാടത്തൊക്കെ ചെളിയിൽ വളരുന്നത് കണ്ട് അവ വളരെ എളുപ്പത്തിൽ ഏതു ചതുപ്പിലും വളർത്താം എന്ന് കരുതരുത്. അവ കാട്ടുതാമരകൾ ആണ്. അവയെ വീട്ടിൽ കൊണ്ട് വന്നു വളർത്താൻ നോക്കിയാൽ കാട്ടിലെ സിംഹത്തിനെ നമ്മൾ മെരുക്കാൻ നോക്കുന്നത് പോലെ ആകും. ഹൈബ്രിഡ് താമരകൾ ആണ് വീട്ടിൽ വളർത്തുക. കൊച്ചു ടബ്ബ്കളിലായി നമുക്ക് ഉള്ള സൗകര്യത്തിൽ താമര ചെടികൾ വളർത്താം. പക്ഷെ ക്ഷമയും ശ്രദ്ധയും കൂടിയേ തീരൂ. രണ്ടു വർഷത്തിൽ ഒരിക്കൽ പോകുന്ന ‘അൾട്ടിമേറ്റ് തൗസൻഡ് പെറ്റൽസ്‌’ (ആയിരമിതളുള്ളത്) പോലുള്ള ചെടികൾക്ക് നല്ല ക്ഷമ വേണം,”
താമരച്ചെടികൾക്ക് കൊടുക്കേണ്ട പരിചരണരീതി എൽദോസ് പറഞ്ഞുതരുന്നു.
  • എഴുപത് ശതമാനം മണ്ണും മുപ്പത് ശതമാനം വെള്ളവും ചേർത്ത് കുഴച്ചു ചെളി പരുവത്തിലാക്കി താമരയുടെ കിഴങ്ങ് അതിൽ നടണം.
  • നൈട്രേറ്റ് പൊട്ടാസിയം ഫോസ്‌ഫേറ്റ് (NPK) തുല്യ മിശ്രിതത്തിലെടുത്തു ഒരു പേപ്പറിൽ പൊതിഞ്ഞു ടബ്ബിലെ ചെളിയിലേക്ക് ഇടണം.
  • ഒന്നര മാസത്തിലൊരിക്കൽ ഇത് ചെയ്താൽ ചെടിക്ക് ആവശ്യമുള്ള വളവുമായി.
  • വെള്ളത്തിൽ ഓക്‌സിജന്‍റെ അളവ് ഉള്ളതിനനുസരിച്ചു കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. അതിനു കുറച്ചു ഗപ്പിക്കുഞ്ഞുങ്ങളെ ടബ്ബിൽ ഇട്ടു കൊടുത്താൽ മതിയാകും.
  • അന്തരീക്ഷത്തിലെ ചൂട് കൊണ്ട്  വെള്ളം ആവി ആയി പോകുന്നതിനനുസരിച്ചു വെള്ളം ഒഴിച്ച് കൊടുക്കാൻ മറക്കരുത്.
എല്‍ദോസ് പലയിനം താമരയിനങ്ങളുമായി
കേരളത്തിനകത്തു നിന്നും ഉള്ളതിനേക്കാൾ അന്യസംസ്ഥാനത്തു നിന്നുമുള്ളവരാണ് താമരയുടെ നടീല്‍ വസ്തുക്കള്‍ക്കായി സമീപിക്കുന്നതെന്ന്  എൽദോസ്. ഉത്തരേന്‍ഡ്യക്കാർക്ക് താമരയോട് ആത്മീയമായ ഒരു ബന്ധം കൂടി ഉള്ളതിനാൽ കേട്ടറിഞ്ഞു വരുന്നവർ സന്തോഷത്തോടെ വാങ്ങി മികച്ച ഫീഡ്ബാക്ക് തരാറുണ്ടെന്നും എൽദോസ് കൂട്ടിച്ചേർത്തു.

താമരയുടെ ട്യൂബെറും മറ്റും വാങ്ങാനായി താല്പര്യപെടുന്നവർ തന്നെ ബന്ധപ്പെടുമ്പോൾ അവർക്ക് താമരയുടെ പരിപാലന രീതികൾ വിശദീകരിച്ചു കൊണ്ടുള്ള ട്യൂട്ടോറിയൽ വിഡിയോയും പങ്കുവെക്കാറുണ്ടെന്ന് എൽദോസ് പറയുന്നു.

“ട്യൂബെറുകളും മറ്റും അന്വേഷിച്ചെത്തുന്നവർക്ക് ആദ്യം തന്നെ ഇത് പരിപാലിക്കുന്നതിന്‍റെ രീതികളും ബുദ്ധിമുട്ടുകളും പറഞ്ഞു മനസിലാക്കി കൊടുക്കും. ഓരോ പൂവും വിരിയുന്നതിനു വേണ്ടി വന്നേക്കാവുന്ന കാത്തിരിപ്പിനെ കുറിച്ചും ഓരോ സ്ഥലവും മണ്ണും കാലാവസ്ഥയും കാറ്റും അനുസരിച്ചു പൂക്കാൻ സമയമെടുക്കും എന്ന വസ്തുതയും പറഞ്ഞു കൊടുക്കും. എന്നിട്ടും താല്പര്യം പ്രകടിപ്പിക്കുന്നവരുമായാണ് പിന്നെ ഉള്ള ഡീലിങ്. ഓൺലൈൻ വഴിയാണ് ഓർഡർ സ്വീകരിക്കുന്നതും പണമിടപാട് നടത്തുന്നതും,”  എല്‍ദോസ് വിശദമാക്കുന്നു.

എല്‍ദോസ് പലയിനം താമരയിനങ്ങളുമായി
ജീവാംശമുള്ള വസ്തു സംസ്ഥാനങ്ങൾ കടന്ന് കയറ്റി അയക്കുന്നതിൽ തികച്ചും സൂക്ഷ്മമായ പാക്കിങ് വേണം. അതിനായി മികച്ച പാക്കിങ് ഉറപ്പ് വരുത്തുന്നതിലൂടെ തന്‍റെ ഉപഭോക്താക്കളുടെ അടുത്ത്  ട്യൂബർ കേടുകൂടാതെ എത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. “കിഴങ്ങിന് പൂപ്പൽ ബാധ ഏൽക്കാതിരിക്കാനായി ഫങ്കിസൈഡിൽ ഇരുപതു മിനിട്ടോളം മുക്കി എടുത്ത ശേഷം പേപ്പറിൽ പൊതിയും. ഈർപ്പം ദിവസങ്ങളോളം നിൽക്കാനായി പേപ്പറിൽ പൊതിയുന്നത് സഹായിക്കും. ശേഷം ഒരു പ്ലാസ്റ്റികിന്‍റെ നേർത്ത ഷീറ്റിൽ പൊതിഞ്ഞു ബബ്ബിൾ റാപ്പിൽ പൊതിഞ്ഞു ‘ഫൈവ്പ്ലൈ ബോക്സ്’ൽ വച്ച് ആണ് കൊറിയർ ചെയ്യുക. ഈ നിലയിൽ അയക്കുന്ന ട്യൂബ്‌റുകൾ രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കും. കൊറിയർ ചാർജ് അടക്കം ട്യൂബർ ഒന്നിന് എണ്ണൂറു രൂപ മുതലാണ് ഈടാക്കുന്നത്.
“എൻ. ഫെയറി ഓഫ് ഫാർ ഈസ്റ്റ്, എൻ. വൈറ്റ് പഫ്, എൻ. യെൽലോ പിയോണി, എൻ. അൾട്ടിമേറ്റ് തൗസണ്ട്‌ പെറ്റൽസ്, എൻ. സൂപ്പർ ലോട്ടസ് എന്നിങ്ങനെ ഒരുപാട് വെറൈറ്റി ഉണ്ട്. എൻ. അൾട്ടിമേറ്റ് തൗസൻഡ് പെറ്റൽസ് ഞാൻ അത്യാവശ്യക്കാർക്കേ നൽകാറുള്ളൂ. എന്തെന്നാൽ അത് പൂക്കാൻ രണ്ടു കൊല്ലമെടുക്കും. ക്ഷമ ഉള്ളവർക്കേ അതിഷ്ടപ്പെടുകയുള്ളു. അതിനു മൂവായിരം രൂപയോളം വിലവരും,” എൽദോസ് ഓരോ താമരയെയും അരുമയോടെ തൊട്ട് പേരുകൾ പറയുന്നത് കേട്ടപ്പോൾ, ഈ പൂക്കളെ പോലെ മനോഹരമാണല്ലോ അവയുടെ പേരുകളും എന്ന് തോന്നി.

നഴ്സിംഗ് പഠിച്ചു താമര നട്ടു നടക്കുവാണോ എന്ന് ചോദിക്കുന്നവരോട് എൽദോസിനു ഇന്ന് പറയാൻ മറുപടിയുണ്ട്. താമരയാണ് തന്‍റെ താരം. കൃഷിയെന്താ മോശമാണോ, എന്ത് കൃഷി ചെയ്താലും അതിൽ ഒരു സത്യമുണ്ട്. മണ്ണ് ചതിക്കില്ല. നാട്ടിലെ നഴ്സിന് കിട്ടുന്നതിനേക്കാൾ വരുമാനം തനിക്കുണ്ടെന്ന് പറയുമ്പോൾ എൽദോസിന്‍റെ കണ്ണുകളിൽ അഭിമാനത്തിളക്കം. കോവിഡ് കാലത്തു വീട്ടിൽ തുടർന്ന് തന്നെ ജോലി ചെയ്യാലോ എന്ന ആശ്വാസവും അതിലേറെ.


സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം