പത്താം ക്ലാസ് കഴിഞ്ഞയുടന്‍ നാടുവിട്ടു പോയതാണ് പോളശ്ശേരി ശിവദാസന്‍. ഓട്ടോ ഓടിച്ചും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായുമൊക്കെയായി, പല വഴികള്‍ പിന്നിട്ട് ശിവദാസന്‍ ഒടുവില്‍ തന്‍റെ അച്ഛന്‍റെ പാതയിലേക്ക് തിരിച്ചുവന്നു–കൃഷയിലേക്ക്.
“പത്താം ക്ലാസ് കഴിഞ്ഞപ്പോഴാ നാടുവിട്ടു പോകുന്നത്. പഠിക്കാനുള്ള സാഹചര്യങ്ങളൊന്നും അന്ന് വീട്ടില്‍ ഇല്ലായിരുന്നു,” എന്ന് ശിവദാസന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ജോലി കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു യാത്ര. ബെംഗളൂരുവിലേക്കാണ് പോയത്. 22 വര്‍ഷക്കാലം ബെംഗളൂരുവില്‍ ഓട്ടോ ഓടിച്ചു.”
പിന്നീട് നാട്ടില്‍ തിരിച്ചെത്തി. അതിന് ശേഷമാണ് കൃഷിയിലേക്ക് സജീവമാകുന്നത്. ഇന്ന് കൊടുങ്ങല്ലൂരില്‍ ഏഴേക്കറില്‍ നെല്ലും പച്ചക്കറിയുമൊക്കെ നൂറുമേനി വിളയിക്കുന്ന കര്‍ഷകനാണ് ശിവദാസന്‍. ഇതില്‍ പൊട്ടുവെള്ളരി കൃഷിയാണ് കൂട്ടത്തില്‍ മുഖ്യം.
“കേരള ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്‍റ് പ്രോഗ്രാമില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു കുറച്ചുകാലം,” ശിവദാസന്‍ വിശദമായി പറയുന്നു. “ആ ജോലിയിലൂടെ കേരളത്തിന്‍റെ വിവിധ ഇടങ്ങളിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമൊക്കെ പോകാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കുന്ന പരിശീലന ക്ലാസുകളിലും പങ്കെടുക്കുമായിരുന്നു. ആ ക്ലാസുകളും കുട്ടിക്കാലത്ത് കണ്ട കൃഷിയുമൊക്കെ പ്രയോജനപ്പെട്ടിട്ടുണ്ട്,” എന്ന് ശിവദാസന്.
“കാര്‍ഷിക കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന്‍ (വാസു) കൃഷി ചെയ്യുന്നത് കണ്ട് കുട്ടിക്കാലം തൊട്ടേ ഇഷ്ടം തോന്നിയിരുന്നു. പച്ചക്കറിയും നെല്ലുമൊക്കെയുണ്ടായിരുന്നു,” ശിവദാസന്‍ തുടരുന്നു. “അമ്മയും (ദേവകി) ആ പണികളില്‍ സജീവമായിരുന്നു. രണ്ടാളും ഇന്നില്ല. അമ്മ മരിച്ചിട്ട് ആറേഴ് മാസമാകുന്നതേയുള്ളൂ. ”
പി എസ് സി വഴി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി കിട്ടിയപ്പോഴും ശിവദാസന്‍ കൃഷി കൈവിട്ടില്ല. കൊടുങ്ങല്ലൂര്‍ ഡിപ്പോയിലായിരുന്നു ജോലി. ഒന്നിടവിട്ട ദിവസം അവധി കിട്ടും. ആ സമയമെല്ലാം കൃഷിക്കാര്യങ്ങള്‍ നോക്കും. മൂന്നു വര്‍ഷം മുന്‍പാണ് വിരമിച്ചത്.
“അതിനു ശേഷം പൂര്‍ണമായും കര്‍ഷകനായി. എന്‍റെ മാത്രം സ്ഥലത്തല്ല അനിയന്‍റെയും കൂടി ഭൂമിയിലാണ് കൃഷി. അവന്‍ വിദേശത്താണ്. തണ്ടാംകുളത്ത് ഏഴ് ഏക്കറിലാണ് കൃഷി ചെയ്യുന്നത്.
“ഒരു ചതുരശ്ര മീറ്ററില്‍ ഒരു വര്‍ഷം നാലിനം കൃഷി ഒരുമിച്ച് ചെയ്യുന്നുണ്ട്. ആദ്യം പൊട്ടുവെള്ളരി നടും. ഇതിനിടയ്ക്ക് പയര്‍ നടും. പൊട്ടുവെള്ളരി വിളവെടുക്കാന്‍ പ്രായമാകുമ്പേഴേക്കും പയറും വിളഞ്ഞു നില്‍പ്പുണ്ടാകും. ഇതിനിടയില്‍ ചീരയും നട്ടിട്ടുണ്ടാവും. ചീര കൂടി വിളവെടുത്ത ശേഷം നെല്‍കൃഷിയ്ക്ക് തുടക്കമിടും.
“പൊട്ടുവെള്ളരിയും നെല്ലും വര്‍ഷത്തില്‍ രണ്ടു തവണ കൃഷി ചെയ്യുന്നുണ്ട്. ഈ കൃഷികളിലൂടെ ഒരു ചതുരശ്ര മീറ്ററില്‍ നിന്ന് 100 കിലോയിലേറെ വിളവുണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതാണ് ലക്ഷ്യം.
“കൂട്ടത്തില്‍ പൊട്ടുവെള്ളരിയാണ് പ്രധാന കൃഷി. ഡിസംബര്‍ ആദ്യവാരത്തോടെ പൊട്ടുവെള്ളരി കൃഷി ചെയ്തു തുടങ്ങുന്നത്. മഴ ആരംഭിക്കുന്ന കാലം വരെ ആ കൃഷി തുടരും. ഏതാണ്ട് മേയ് വരെയൊക്കെ ചെയ്യാറുണ്ട്. പാടത്ത് കൊയ്ത്തിന് ശേഷമാണ് പൊട്ടുവെള്ളരി കൃഷി ആരംഭിക്കുന്നത്.
“47 മുതല്‍ 60 ദിവസം കൊണ്ട് പൊട്ടുവെള്ളരി വിളവെടുപ്പ് കഴിയും. അതിനു ശേഷം വീണ്ടും പൊട്ടുവെള്ളരി വീണ്ടും പാകും. ഈ രണ്ടാം കൃഷിയിലാണ് പയറും ചീരയും നടുന്നത്.
“പൊട്ടുവെള്ളരിയുടെ രണ്ട് വിത്ത് കുത്തുന്നതിനിടയില്‍ പയര്‍ പാകും. ചുവപ്പ് നിറത്തിലുള്ള നാടന്‍ പയറാണ് പാകുന്നത്. 60-65ദിവസം കഴിയുമ്പോള്‍ പയര്‍ വിളവെടുക്കാം.” ഇതിനുശേഷം ചീര കൂടി നടുമ്പോള്‍ ഏതാണ്ട് ഒരേ സമയം തന്നെ മൂന്ന് വിളകള്‍ വരുമാനം നല്‍കും.
“പാടത്ത് കൊയ്ത്തിനു ശേഷം ഉഴുത് മറിക്കുന്നതിന് മുന്‍പേ നേരത്തെയുള്ള ചീരച്ചെടിയില്‍ നിന്നു കൊഴിഞ്ഞ വീണ വിത്ത് മുളച്ചു തുടങ്ങിയിട്ടുണ്ടാകും.” പച്ചച്ചീരയ്ക്ക് കാര്യമായ രോഗങ്ങളൊന്നും ബാധിക്കാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീര വളരുന്നതിനൊപ്പം രണ്ടാം പൊട്ടുവെള്ളരി കൃഷിയ്ക്കുള്ള പണികള്‍ ശിവദാസന്‍ ആരംഭിച്ചിരിക്കും. വെള്ളരി പാകാനുള്ള തോട് കീറുമ്പോള്‍ അതിന്‍റെ വശങ്ങളിലൊക്കെ ചീര വളര്‍ന്നു നില്‍ക്കും.
“പയറും ചീരയും പൊട്ടുവെള്ളരിയുമൊക്കെ വിളവെടുത്ത ശേഷം ട്രാക്റ്റര്‍ ഓടിക്കും. അന്നേരം പയറിന്‍റെ ഇലകളും ചീരച്ചെടികളും പൊട്ടുവെള്ളരി വള്ളികളുമൊക്കെ മണ്ണില്‍ കിടന്ന് ചീഞ്ഞ് നല്ല വളമാകും.
“ഇങ്ങനെ ചെയ്യുമ്പോള്‍ ഓരോ തവണയും മണ്ണ് കൂടുതല്‍ ഫലഭൂയിഷ്ടമായി കൊണ്ടിരിക്കും. പൂര്‍ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത്. കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക്, എല്ലുപ്പൊടി, ചാണകം ഇതൊക്കെയാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ പ്രദേശത്ത് പൊട്ടുവെള്ളരി കൃഷി ഏറെയുണ്ട്. നല്ല വിളവും വിലയും വിപണിയും പൊട്ടുവെള്ളരിക്കുണ്ട്.
“വിപണി പ്രശ്നല്ല, സ്വന്തമായി ഒരു ഫ്ലവര്‍ മില്ലുണ്ട്. 22 വര്‍ഷത്തോളമായി ഈ മില്‍ തുടങ്ങിയിട്ട്. ആ കടയില്‍ തന്നെയാണ് പച്ചക്കറികള്‍ വില്‍ക്കുന്നതും. കഴിഞ്ഞ വര്‍ഷം പയര്‍ മാത്രം രണ്ടേകാല്‍ ലക്ഷം രൂപയ്ക്ക് വിറ്റിട്ടുണ്ട്. മില്ലിന്‍റെ കാര്യങ്ങളൊക്കെ ഭാര്യ സബിതയാണ് നോക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ ഇവിടെ ജൈവ പച്ചക്കറികള്‍ വില്‍പ്പനയ്ക്കുണ്ടാകും.”
“
“ഒരേക്കറില്‍ നിന്ന് എട്ട് ടണ്‍ മുതല്‍ 12 ടണ്‍ വരെ വിളവ് കിട്ടിയിട്ടുണ്ട്. പൊട്ടുവെള്ളരിക്ക് സമീപം കണിവെള്ളരി കൃഷി ചെയ്യാന്‍ പാടില്ല. പൊട്ടുവെള്ളരിയുടെ ഗുണമേന്‍മയെ ബാധിക്കുന്നതു കൊണ്ട് അത്തരം കാര്യങ്ങളൊന്നും ചെയ്യാറില്ല.
“പൊട്ടുവെള്ളരിയുടെ വിത്ത് ശേഖരണം മുതല്‍ ശ്രദ്ധിക്കും. പൊട്ടുവെള്ളരിയുടെ തടത്തില്‍ വിരിയുന്ന കായകളുണ്ടല്ലോ അതാണ് വിത്തിന് വേണ്ടി ഉപയോഗിക്കുന്നത്. ആ കായകള്‍ വില്‍ക്കാറില്ല.” ഇത് ഉണക്കിയെടുക്കുന്ന വിത്തുകളാണ് അടുത്ത വര്‍ഷം വിതയ്ക്കുന്നത്.
പൊട്ടുവെള്ളരി കൃഷിരീതിയെക്കുറിച്ച് ശിവദാസന്‍ വിശദമാക്കുന്നു
- പൊട്ടുവെള്ളരി കൃഷിയ്ക്ക് നല്ല സൂര്യപ്രകാശമുള്ള ഇടമാണ് വേണ്ടത്.
- മണലിലാണ് പൊട്ടുവെള്ളരി കൃഷി ചെയ്യേണ്ടത്. കല്‍പ്പൊടിയുള്ള ഇടങ്ങള്‍ ഇതിനു യോജിച്ചതല്ല.
- പൊട്ടുവെള്ളരി വിത്ത് സ്യൂഡോമോണസ് ലായനിയില്‍ 12 മണിക്കൂര്‍ സൂക്ഷിക്കും
- ഇതിനു ശേഷം വെള്ളം കളഞ്ഞെടുക്കുക. പിന്നീട് ഈ വിത്തുകള്‍ തുണിയില്‍ കെട്ടിവയ്ക്കണം.
- രണ്ട് ദിവസത്തിന് ശേഷം മുളപ്പൊട്ടും.
- മുളപ്പൊട്ടിയതിന് ശേഷം മാത്രമേ വയലില്‍ കുത്തൂ.
- ഒരു കുഴിയില്‍ രണ്ട് വിത്ത് എന്ന കണക്കിനാണ് നടുന്നത്.
- കൂട്ടത്തില്‍ കരുത്തുള്ള തൈ മാത്രമേ നിലനിര്‍ത്തു. മറ്റേത് കളയും.
- തൈയ്ക്ക് നാലില വന്നതിന് ശേഷമാണ് വളം നല്‍കുന്നത്. പിന്നീട് വളം കൊടുക്കാറില്ല, നനച്ചാല്‍ മാത്രം മതി.
- ചാണകവും കപ്പലണ്ടിപ്പിണ്ണാക്കുമാണ് മുഖ്യവളം.
- ദിവസേന ചെടികള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.
“ജ്യോതി, മനുരത്നം, ഉമ, ഒടിയന്‍ ഇങ്ങനെ നാല് നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. നല്ല വിളവ് തരുന്നതാണ് മനുരത്നം. വെള്ളത്തിലും കൊടിയന്‍ ഇനം നശിക്കില്ല. വൈക്കോല്‍ കൂടുതല്‍ കിട്ടുന്നത് ഈ കൊടിയന്‍ ഇനത്തില്‍ നിന്നാണ്.
“വയല്‍ നിറയെ പ്രാണികളെ തിന്നാനെത്തുന്ന കൊക്കും പക്ഷികളുമൊക്കെയാണ്. മൈന, മാടത്ത ഇതൊക്കെ പാടം നിറച്ചുണ്ടാകും. ആ കാഴ്ചയും ഒരു സന്തോഷമാണ്. നെല്ല് തിന്നാലും അവരെ ഉപദ്രവിക്കുകയൊന്നും ഇല്ല.
ഇതുകൂടി വായിക്കാം:പുളിച്ച കഞ്ഞിവെള്ളം കൊണ്ട് മണ്ണൊരുക്കി നേടിയ വിജയം: പത്ര ഏജന്‍റിന്‍റെ ജൈവകൃഷിസൂത്രങ്ങള്‍
“ആ പക്ഷികളും നമ്മളെ സഹായിക്കുന്നവരാണ്. മഞ്ഞ വണ്ടിനെയൊക്കെ കൊക്കുകള്‍ തിന്നു നശിപ്പിച്ചോളും. കൃഷി പറമ്പിലേക്കെത്തുന്ന തേനീച്ചകളെയും നശിപ്പിക്കരുത്. തേനീച്ച പാടത്ത് വന്നാല്‍ ആ കൃഷിയില്‍ നിന്ന് നല്ല വിളവ് കിട്ടുമെന്നാണ്.” ഇതൊക്കെ അനുഭവത്തില്‍ നിന്നു മനസിലാക്കിയ അറിവുകളാണെന്നു ശിവദാസന്‍.
പച്ചക്കറികളും ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുണ്ട് ശിവദാസന്‍. “മഞ്ഞള്‍ പൊടിച്ച് വില്‍ക്കാനുള്ള ശ്രമത്തിലാണ്. സ്വന്തമായി മില്‍ ഉണ്ടല്ലോ. മഞ്ഞള്‍പ്പൊടിക്ക് നല്ല വിലയും കിട്ടും,” അദ്ദേഹം തുടരുന്നു.
“അഞ്ച് വ്യത്യസ്ത ഇനം മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട്. മഞ്ഞളിന് വേണ്ടി കൂടുതല്‍ സമയം കളയേണ്ട എന്ന സൗകര്യവുമുണ്ട്. ഇത്തവണ 100 കിലോ കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ്.” നാലിനം പച്ചമുളക്, വെണ്ട, തക്കാളി, വഴുതന, പീച്ചി, പടവലം, കുമ്പളം ഇങ്ങനെ ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കോഴിയും കരിങ്കോഴിയും വളര്‍ത്തുന്നുണ്ട്, മത്സ്യ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ കര്‍ഷകന്‍.
“ഏഴു ലക്ഷം രൂപ ചെലവില്‍ അതിനു തുടക്കമിട്ടു. നേരത്തെ മത്സ്യകൃഷി ചെയ്തിരുന്നു. പക്ഷേ, കഴിഞ്ഞ പ്രളയത്തില്‍ നഷ്ടമായി. ഇത്തവണ വീണ്ടും മത്സ്യകൃഷിയും താറാവ് വളര്‍ത്തലുമൊക്കെ ആരംഭിക്കാനുള്ള ശ്രമത്തിലാണ്.” ആത്മാര്‍ഥമായി ശ്രമിച്ചാല്‍ കൃഷി വിജയം തന്നെയാണ് എന്ന് ശിവദാസന്.
കുറഞ്ഞ വിലയ്ക്ക് നാടന്‍ തൈകളും ഹൈബ്രിഡ് തൈകളും വില്‍ക്കുന്ന ഒരു നഴ്സറിയും ശിവദാസനുണ്ട്. ഒന്നര ലക്ഷം പച്ചക്കറി തൈകള്‍ വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.
രണ്ട് മക്കളാണ് ശിവദാസനും സബിതയ്ക്കും–അശ്വതിയും വിവേകാനന്ദും. മസ്കറ്റില്‍ ഓട്ടൊമൊബൈല്‍ എന്‍ജിനീയറായ വിവേകാനന്ദന് കൃഷിയോടാണ് താത്പ്പര്യമെന്നും ശിവദാസന്‍ സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു.
ആത്മ പുരസ്കാരം, കാര്‍ഷിക സര്‍വകലാശാല അവാര്‍ഡ്, കൊടുങ്ങല്ലൂര്‍ നഗരസഭയുടെയും എടവിലങ്ങ് പഞ്ചായത്തിന്‍റെയും മികച്ച കര്‍ഷകനുള്ള പുരസ്കാരം എന്നിവയും ശിവദാസന് ലഭിച്ചിട്ടുണ്ട്.
- ശിവദാസനെ ഈ നമ്പറില്‍ 9447441317 ബന്ധപ്പെടാം
ഇതുകൂടി വായിക്കാം:5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ്