ജെ ഇ ഇ/നീറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലന സഹായവുമായി ഐഐടി ടോപ്പേഴ്‌സ്

28 മുന്‍ ഐ ഐ ടി ടോപ്പേഴ്‌സും ഡോക്ടര്‍മാരും വിഷയവിദഗ്ധരും സംശയങ്ങള്‍ക്ക് ഓരോ ദിവസവും മറുപടി നല്‍കുന്നു

ലോക്ക് ഡൗണില്‍ കുടുങ്ങി രാജ്യത്തെ പ്രധാന മത്സരപ്പരീക്ഷകളൊക്കെ അനിശ്ചിതത്വത്തിലായി. ഇതോടെ ഈ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കൂടുതല്‍ സമയം കിട്ടി.

എന്നാല്‍ പരീക്ഷകള്‍ അനിശ്ചിതമായി നീട്ടി വെച്ചതോടെ അധികമായി ലഭിച്ച ഈ സമയം കൃത്യമായി വിനിയോഗിക്കാന്‍ കഴിയുന്നുണ്ടോ? പരിശീലന കേന്ദ്രങ്ങള്‍ കൂടി അടച്ചതോടെ പ്രധാന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെല്ലാം വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥികളുടെ പഠനം ആകെ താളം തെറ്റിയ അവസ്ഥയിലാണ്.

ഇത്തരമൊരു സാഹചര്യത്തിലാണ് ജെ ഇ ഇ(മെയിന്‍സ്), നീറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പരിശീലവുമായി ഐ ഐ ടി കളില്‍ നിന്ന് ഉയര്‍ന്ന റാങ്കോടെ പാസായവര്‍ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗുവാഹത്തി ഐഐടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച എഡ്വിസോ എന്ന മൊബൈല്‍ ആപ്പിലൂടെയാണ് സൗജന്യ പരിശീലനം നല്‍കുന്നത്. ഇതിലൂടെ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ ഇരിപ്പായ വിദ്യാര്‍ത്ഥികളെ കൃത്യമായ പരിശീലനത്തിലൂടെ പരീക്ഷയ്ക്കു തയ്യാറാക്കുകയാണ് ലക്ഷ്യം. ഈ മാസം പത്തിന് ആരംഭിച്ച ഈ സംരംഭത്തിലൂടെ മത്സരാത്ഥികള്‍ക്ക് മുന്‍ എ ഐ ടി ടോപ്പേഴ്‌സുമായി ബന്ധപ്പെടാനും സംശയങ്ങള്‍ തീര്‍ക്കാനുമുള്ള അവസരമാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.

എന്താണ് എഡ്വിസോ

ഐ ഐ ടി ഗുവാഹത്തിയിലെ മുന്‍ വിദ്യാര്‍ത്ഥിയായ രവി നിഷാന്ത് മുന്‍ ഐ ഐ ടി ടോപ്പ് റാങ്ക് ജേതാക്കളുമായി ചേര്‍ന്ന് നിര്‍മ്മിച്ചതാണ് എഡ്വിസോ മൊബൈല്‍ ആപ്പ്. ബാംഗ്ലൂര്‍ ആസ്ഥാനമായി 2017-ലാണ് എഡ്വിസോ ആരംഭിക്കുന്നത്. ജെ ഇ ഇ (മെയിന്‍സ്) നീറ്റ് പരീക്ഷകള്‍ തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി ടോപ്പേഴ്‌സ് ഓണ്‍ലൈനില്‍ നേരിട്ടെത്തും. ഇവരുമായി നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും സംശയനിവാരണത്തിനും ഈ ആപ്പിലൂടെ സാധ്യമാകും.

രവി നിശാന്ത്

സൂം ആപ്പ് ഉപയോഗിച്ചാണ് മത്സരാര്‍ത്ഥികളുമായി സംവദിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ക്ലാസുകള്‍. ഓരോ മണിക്കൂര്‍ വീതമുള്ള പല സെഷനുകളായാണ് ക്ലാസുകള്‍.

”ഞങ്ങള്‍ മാത്രമല്ല രാജ്യത്തുടനീളമുള്ള നിരവധി സ്ഥാപനങ്ങള്‍ ഇപ്പോള്‍ ജെ ഇ ഇ/നീറ്റ് പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നുണ്ട്. പക്ഷെ അവരില്‍ നിന്നൊക്കെ വ്യത്യസ്തമായി മത്സരാര്‍ത്ഥിയുടെ സംശയങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി നല്‍കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അതായത് സംശയങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുകയെന്നതാണ് ലക്ഷ്യം,”എഡ്വിസോ ഔട്ട്‌റീച്ച് ഓഫീസര്‍ ഉല്ലാസ് എം എസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വ്ക്തമാക്കി.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സംശയങ്ങള്‍ വാട്‌സാപ്പ് വഴി ചോദിക്കാം. അല്ലെങ്കില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ എഡ് വിസോയുടെ ഫേസ്ബുക്ക് പേജിലൂടെ സംശയങ്ങള്‍ ചോദിക്കാവുന്നതാണ്.

ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന സംശയങ്ങള്‍ക്ക് എല്ലാ ദിവസവും വൈകീട്ട് വിദഗ്ധര്‍ സൂം കോണ്‍ഫറന്‍സ് വഴി മറുപടി നല്‍കും. 28 മുന്‍ ഐ ഐ ടി ടോപ്പേഴ്‌സും ഡോക്ടര്‍മാരും വിഷയവിദഗ്ധരും ഇതില്‍ പങ്കെടുക്കുന്നുണ്ട്.

“ഈ പരിശീലന പരിപാടി ആരംഭിച്ചപ്പോള്‍ തന്നെ വലിയ പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. നാനൂറോളം വിദ്യാര്‍ത്ഥികള്‍ ആദ്യ സെഷനുകളില്‍ പങ്കെടുത്തു. മാത്രമല്ല, അറുനൂറിലധികം ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടു,” ഉല്ലാസ് വ്യക്തമാക്കി.

ഐ ഐ ടി,ഐ ഐ എം, എയിംസ്, മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെ ബന്ധിപ്പിച്ചുകൊണ്ട് വലിയൊരു പ്ലാറ്റ്‌ഫോമാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. മാത്രമല്ല പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഒരു സ്ട്രീം തിരഞ്ഞെടുക്കാന്‍ വിദഗ്ധര്‍ നയിക്കുന്ന ഈ സെഷനുകള്‍ സഹായിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളുരുവിന് പുറമെ, രാജസ്ഥാനിലെ കോട്ട, ഹൈദരാബാദ്, പാറ്റ്‌ന, ഗുവാഹത്തി, പൂനെ എന്നിവടങ്ങളിലും എഡ്വിസോ പ്രവര്‍ത്തിക്കുന്നു.

എഡ്വിസോയുമായി ബന്ധപ്പെടാന്‍ +91 70022 55622 എന്ന വാട്‌സാപ്പ് നമ്പര്‍ ഉപയോഗിക്കുക.  കൂടുതല്‍ വിവരങ്ങള്‍ക്ക് എഡ്വിസോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.


ഇതുകൂടി വായിക്കാം:ഗള്‍ഫിലെ ജോലി വിട്ട് പാളപ്പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍ജിനീയര്‍ ദമ്പതികള്‍; സ്ത്രീകള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്കും നേട്ടം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം