ഗള്‍ഫിലെ ജോലി വിട്ട് പാളപ്പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍ജിനീയര്‍ ദമ്പതികള്‍; സ്ത്രീകള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്കും നേട്ടം

സ്വന്തം സംരംഭം എന്ന ആഗ്രഹം വല്ലാതെ തലക്ക് പിടിച്ചതോടെ, ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

“എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ,” എന്ന് നാടോടിക്കാറ്റ് എന്ന സിനിമയില്‍ വിജയന്‍ (ശ്രീനിവാസന്‍) ദാസനോട് (മോഹന്‍ലാല്‍) പറഞ്ഞത്  എങ്ങനെ മറക്കും!?

യു എ ഇ-യില്‍ നല്ല ശമ്പളം ഉണ്ടായിരുന്ന എഞ്ചിനീയറിംഗ് ജോലി വേണ്ടെന്നു വച്ച് നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച നാട്ടുകാരോടും കൂട്ടുകാരോടും കാസര്‍ഗോഡ് മടിക്കെ സ്വദേശിയായ ദേവകുമാറും ഭാര്യ ശരണ്യയും പറഞ്ഞത് ഇത് തന്നെയാണ്, പകുതി കളിയായും, കാര്യമായും.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

കോര്‍പ്പറേറ്റ് ജോലി നല്‍കുന്ന സമ്പത്തിനും പകിട്ടിനുമപ്പുറം നാടും നാട്ടുകാരെയും വല്ലാതെ മിസ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് മടങ്ങിപ്പോയി സ്വന്തമായി എന്തെങ്കിലും ചെയ്താലോ എന്ന് ആലോചിക്കുന്നതെന്ന് അവര്‍ പറയുന്നു.

എന്നാല്‍ നാട്ടില്‍ എന്ത് ജോലി ചെയ്യാനാ?

ദേവകുമാറും ശരണ്യയും (ഫോട്ടോ/ദേവകുമാര്‍- Facebook)

2013 മുതല്‍ യു എ ഇ-യില്‍ ടെലികോം മേഖലയില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്ന ദേവകുമാര്‍.

നാട്ടില്‍ പോയി വീണ്ടും ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ കയറുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ മറ്റൊരു ജോലി എന്ന ചിന്ത പാടെ ഉപേക്ഷിച്ചു.

സംരംഭകത്വത്തിന്‍റെ കാലമാണല്ലോ, അതിനാല്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാം എന്നായി ഇരുവരും.

അപ്പോഴും ഒരു ചോദ്യം ബാക്കി: എന്തുതുടങ്ങും?

ഗൂഗിളില്‍ വിവിധ തരത്തിലുള്ള ബിസിനസ് സാധ്യതകളെപ്പറ്റി പഠനം ആരംഭിച്ചു.

എന്തു തുടങ്ങിയാലും ചില മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം അതെന്ന് അവര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.


ഒന്നാമതായി വരുമാനം കിട്ടണം. നാടിനും നാട്ടുകാര്‍ക്കും സാമ്പത്തികമായി പ്രയോജനം ലഭിക്കണം. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതായിരിക്കണം!


ആ വഴിക്കുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ് എഞ്ചിനീയറിംഗ് ദമ്പതിമാരുടെ മുന്നിലേക്ക് കമുകിന്‍ പാളയുടെ സാധ്യതകള്‍ തെളിഞ്ഞു വരുന്നത്.

പാപ്ലയുടെ ഉല്‍പന്നങ്ങള്‍

എടുത്ത തീരുമാനം മണ്ടത്തരമാകുമോ എന്ന് പലരും ചോദിച്ചു.
”യു എ ഇ-യില്‍ നിന്നും എല്ലാം വേണ്ടാന്നുവച്ച് വരുമ്പോ ഞങ്ങള്‍ക്ക് ഞങ്ങളെ ഓര്‍ത്ത് പേടി ഇണ്ടായിരുന്നില്ല. പക്ഷെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വന്നിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സംരംഭങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രധാന കാരണം ഈ ചോദ്യങ്ങളാണ് എന്നാ എനിക്ക് തോന്നുന്നത്,’ ദേവകുമാര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ദേവകുമാറിന്‍റെ ചെറുപ്പം മുതല്‍ക്കുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സ്ഥാപനം. കൊല്ലംകാരിയായ ശരണ്യ കൂടെക്കൂടിയതോടെ സംരംഭകത്വ സ്വപ്നങ്ങള്‍ കാണുന്നതിന് ദേവകുമാറിന് ഒരു കൂട്ടുകിട്ടി.

സിവില്‍ എഞ്ചിനീയര്‍ ആയി യു എ ഇ-യില്‍ തന്നെ ജോലി ചെയ്യുകയായിരുന്നു ശരണ്യ. സ്വന്തം സംരംഭം എന്ന ആഗ്രഹം വല്ലാതെ തലക്ക് പിടിച്ചതോടെ, ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2018 ജൂണില്‍ യു എ ഇ-യോട് ബൈ പറഞ്ഞുകൊണ്ട് ഇരുവരും നാട്ടിലേക്കെത്തി.

കൃത്യമായ ഒരുക്കം

എക്സിബിഷനുകള്‍ വഴിയാണ് പാപ്ല കൂടുതലായി സാന്നിദ്ധ്യം അറിയിക്കുന്നത്: ദേവകുമാറും ശരണ്യും ഒരു എക്സിബിഷന്‍ സ്റ്റാളില്‍

പാളകൊണ്ട് നിര്‍മ്മിക്കാന്‍ കഴിയുന്ന മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ക്കായി ഒരു സ്ഥാപനം. അതിനായി വ്യക്തമായ പദ്ധതി തയ്യാറാക്കിയത് ശേഷമാണ് അവര്‍ കാലെടുത്തുവെയ്ക്കുന്നത്.

കവുങ്ങിന്‍ തോപ്പുകള്‍ നിറഞ്ഞ പ്രദേശമാണ് മടിക്കൈ. അതിനാല്‍ അസംസ്‌കൃത വസ്തുവായ പാളയ്ക്ക് വലിയ ബുദ്ധിമുട്ടില്ല. പാളകൊണ്ട് എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാം എന്നതായിരുന്നു അടുത്ത അന്വേഷണം.


ഇതുകൂടി വായിക്കാം: ചെറുപുഴയുടെ കാവലാള്‍: ഈ 71-കാരന്‍ പുഴയില്‍ നിന്ന് ആഴ്ചയില്‍ 100 കിലോ മാലിന്യം വാരും


പാളപ്പാത്രമായിരുന്നു ആദ്യം അവരുടെ മനസ്സിലുണ്ടായിരുന്നത്. പാളപ്പാത്രങ്ങളുണ്ടാക്കുന്നതിന് വേണ്ട മെഷീനുകള്‍ കണ്ടെത്തുകയായിരുന്നു ആദ്യപടി. 2018-ല്‍ തന്നെ സംരംഭകത്വ ലൈസന്‍സോടെ ‘പാപ്ല’ (Papla) എന്ന പേരില്‍ അവരുടെ പാളപ്പാത്ര നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.

പാളകൊണ്ട് പാത്രങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ മെഷീനിലെ താപ നിയന്ത്രണം ശ്രദ്ധിക്കണം. അതിനാല്‍ പാപ്ലയില്‍ ഉപയോഗിക്കുന്നത് സെമി-ഓട്ടോമാറ്റിക് മെഷീനാണ്. ഇതില്‍ 80 മുതല്‍ 90 ഡിഗ്രി വരെയായി താപനില ക്രമീകരിക്കുന്നു. പ്ലേറ്റിന്‍റെ മുകള്‍ ഭാഗത്ത് താപം കുറവായിരിക്കണം. ചൂട് കൂടിയാല്‍ ഉണ്ടാക്കുന്ന പത്രത്തിന് ബ്രൗണ്‍ നിറമുണ്ടാകും.

ഇത് അഭംഗിയാണ്, മാത്രമല്ല വില്‍പ്പനയെ ബാധിക്കുകയും ചെയ്യും. ഉയര്‍ന്ന ചൂടില്‍ നിര്‍മ്മിക്കപ്പെടുന്നതിനാല്‍ പാത്രത്തില്‍ ഫംഗസുണ്ടാവില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മെഷീനില്‍ പല രൂപത്തിലുള്ള മോള്‍ഡുകളുണ്ടാകും. എന്ത് ഉല്‍പന്നമാണോ വേണ്ടത് അതിനുവേണ്ട മോള്‍ഡ് മെഷീനില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക.

അങ്ങനെ പാള പ്ലേറ്റായി, പാപ്ല ട്രാക്കിലുമായി

”കേള്‍ക്കുന്നവര്‍ക്ക് തോന്നും പാള പാത്ര നിര്‍മാണം എന്നൊക്കെ പറഞ്ഞാല്‍ വളരെ എളുപ്പമാണ് എന്ന്. എന്നാല്‍ അങ്ങനെ അല്ല അവസ്ഥ. പാളയുടെ തിരഞ്ഞെടുപ്പ് മുതല്‍ ശ്രദ്ധിക്കണം. തോട്ടങ്ങളില്‍ എപ്പോഴും നേരിട്ട് പോയി പാള തെരഞ്ഞെടുക്കുക സാധ്യമല്ല. അതിനാല്‍ തോട്ടമുടമയോട് പ്രത്യേകം പറയണം പാള പറമ്പില്‍ വീഴുമ്പോള്‍ തന്നെ എടുത്തുവയ്ക്കാന്‍,’ പാപ്ല സി ഇ ഓ കൂടിയായ ദേവകുമാര്‍ വിശദമാക്കുന്നു.

“പച്ചപ്പാളയാണ് പാത്രങ്ങളും മറ്റും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുക. അങ്ങനെ ഓരോ ചുവടും സശ്രദ്ധം വീക്ഷിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. കല്യാണ പത്രിക പാളയില്‍ നിര്‍മിച്ചാണ് പാപ്ല സ്ഥാനം ഉറപ്പിച്ചത്. വ്യത്യസ്തമായ ബൈപ്രോഡക്റ്റുകള്‍ അന്വേഷിച്ചു പോയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു സാധ്യത കണ്ടെത്തിയത്,” അദ്ദേഹം പറയുന്നു.

ഇപ്പോള്‍ സമ്മേളനങ്ങള്‍ക്കും മറ്റുമായി ബാഡ്ജുകള്‍, വിവാഹക്ഷണക്കത്തുകള്‍, പാര്‍സല്‍ ബോക്സുകള്‍, ചെറിയ ഡ്രോയിങ് പാഡുകള്‍, ക്ലോക്കുകള്‍, സ്പൂണുകള്‍ എന്നിങ്ങനെ പലതരം വസ്തുക്കളും പാപ്ലയില്‍ നിര്‍മിക്കുന്നു. സ്ഥാപനത്തെ കൂടുതല്‍ പ്രകൃതി സൗഹാര്‍ദ്ദമാക്കുന്നതിനായി യൂ വി പ്രിന്‍റിങാണ് പ്രോത്സാഹിപ്പിക്കുന്നത്.

പ്ലാസ്റ്റിക്ക് നിരോധനം തുണയായി

ലോക്ക് ഡൗണ്‍ കാലത്ത് ശരണ്യയും ദേവകുമാറും തയ്യാറാക്കിയ ഉല്പന്നം (Photo source: Papla.in/Facebook)

കേരളത്തില്‍ പ്ലാസ്റ്റിക്ക് നിരോധനം വന്ന സമയത്താണ് പാപ്ല വിപണിയില്‍ സജീവമാകുന്നത്. പ്ളേറ്റ് നിര്‍മ്മാണത്തിന്‍റെ വിവിധ വശങ്ങളെപ്പറ്റിയുള്ള പഠനം നടക്കുന്നതിനിടെയാണ് പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നത് എന്ന് ദേവകുമാര്‍ പറയുന്നു.

പ്ലാസ്റ്റിക് നിരോധനം വന്നതോടെ പാപ്ലയ്ക്ക് വളരാനുള്ള മണ്ണുമൊരുങ്ങി. കല്യാണങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും പ്ലാസ്റ്റിക് / ഡിസ്‌പോസിബിള്‍ പ്‌ളേറ്റുകളും ഗ്ലാസുകളും നിരോധിച്ചതോടെ പലതരം പ്‌ളേറ്റുകളും കപ്പുകളുമായി പാപ്ല കളം പിടിച്ചു. കുറഞ്ഞ വിലയില്‍ പ്രകൃതിയോട് ഇണങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമ്പോള്‍ അത് തന്നെ ഉപഭോക്താക്കള്‍ വര്‍ദ്ധിച്ചു.

പദ്ധതി തുടങ്ങാന്‍ 12 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. ഇതില്‍ അഞ്ചു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ സംരംഭക വായ്പ പദ്ധതിയില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് ദേവകുമാര്‍. ബാക്കി തുക സ്വയം കണ്ടെത്തി. അങ്ങനെ നീലേശ്വരം ആസ്ഥാനമായി പാപ്ലയുടെ ഫാക്റ്ററി ഉയര്‍ന്നു. കവുങ്ങിന്‍ പാള ഫാക്റ്ററിയില്‍ എത്തിക്കുന്നതിനായി ഇടനിലക്കാരെ ഏര്‍പ്പാടാക്കി.

പാപ്ല പ്രവര്‍ത്തനമാരംഭിച്ചതോടെ നീലേശ്വരത്തെ നിരവധി പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിച്ചു. തുടക്കം എന്ന നിലക്ക് നാട്ടുകാരായ നാല് സ്ത്രീകളെ വച്ചാണ് ഫാക്റ്ററി നടത്തിയത്. പിന്നീടാണ് തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിച്ചത്. കവുങ്ങിന്‍പാള ശേഖരണത്തിന്‍റെ ഭാഗമായി മുപ്പതോളം പേര്‍ക്ക് താല്‍ക്കാലിക ജോലിയും കൊടുക്കാന്‍ കഴിഞ്ഞു. (ഇത് ലോക്ക് ഡൗണിന് മുന്‍പാണ്.)

പാപ്ലയുടെ ഉല്‍പന്നങ്ങള്‍ (Photo source: Papla.in/Facebook)

തുടക്കത്തില്‍ മെഷീനുകളുടെ കപ്പാസിറ്റി മുഴുവന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിക്കാത്തതിനാല്‍ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു. കേരളത്തിലെ അന്തരീക്ഷത്തെപ്പറ്റി ശരിയായ ധാരണയില്ലാത്തതിനാലാണ് അങ്ങനെ സംഭവിച്ചത് എന്ന് ദേവകുമാര്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് കൃത്യമായ പഠനം, പി ആര്‍ വര്‍ക്കുകള്‍ എന്നിവയിലൂടെ സ്ഥാപനത്തെ വളര്‍ത്തിയെടുത്തു. 2019 അവസാനത്തോടെ സ്ഥാപനം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പല തരത്തിലും വലുപ്പത്തിലുമുള്ള പാള പ്ളേറ്റ്, സ്പൂണ്‍, ബാഗ് എന്നിവ ശ്രദ്ധിക്കപ്പെട്ടു.

പാള കൊണ്ടുള്ള ഗ്രോബാഗ് ആണ് പാപ്ലയുടെ മറ്റൊരു ഉല്‍പന്നം. ”പ്രകൃതി സ്നേഹം പ്രകടിപ്പിക്കാന്‍ തൈകള്‍ നടുന്നവരാണ് നാം. എന്നാല്‍, തൈ നടുന്നതോ പ്ലാസ്റ്റിക് ഗ്രോ ബാഗിലും. ഇതില്‍ ഒരു യുക്തിയില്ലെന്ന് മനസിലാക്കിയാണ് പാളകൊണ്ടുള്ള ഗ്രോ ബാഗ് വികസിപ്പിച്ചത്,” ദേവകുമാര്‍ പറയുന്നു.

പ്ലേറ്റുകളും മറ്റും നിര്‍മ്മിക്കുമ്പോള്‍ ബാക്കി വരുന്ന ഭാഗങ്ങള്‍ കാലിത്തീറ്റയാക്കി മാറ്റി.

പ്രധാനമായും എക്‌സിബിഷനുകള്‍ വഴിയാണ് പാപ്ല വിപണി പിടിക്കുന്നത്. കാറ്ററിംഗ് സര്‍വീസുകാര്‍ വഴിയും വില്‍പന വിപുലപ്പെടുത്തുന്നു. എക്സിബിഷനില്‍ പാള കൊണ്ടുള്ള ഉല്‍പ്പന്നങ്ങളും ചിരട്ടകൊണ്ടുള്ള ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കാറുണ്ട്. പ്രത്യേക പരിശീലനം നേടിയ പാപ്ലയിലെ തന്നെ തൊഴിലാളികളാണ് ഈ ഉല്‍പ്പന്നങ്ങള്‍ എല്ലാം നിര്‍മിക്കുന്നത്. വിദേശ വിപണിയില്‍ നിന്ന് പോലും ആവശ്യക്കാര്‍ എത്തിയിട്ടുണ്ട് എന്ന് ദേവകുമാര്‍.

ലോക്ക് ഡൗണ്‍ കാലത്ത് ശരണ്യയും ദേവകുമാറും തയ്യാറാക്കിയ പലതരം വസ്തുക്കള്‍

അഞ്ചു രൂപയാണ് ഒരു പ്ളേറ്റിന് ശരാശരി വരുന്നത്. ചോറ് വിളമ്പാവുന്ന ഒരു പ്ലേറ്റിന് 10 രൂപ വരും. ഇപ്പോള്‍ ഈ പ്ലേറ്റുകള്‍ ഒറ്റത്തവണയേ ഉപയോഗിക്കാന്‍ കഴിയൂ. ഇത് പല തവണയാക്കാന്‍ കഴിയണം. അതിനായുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്, അദ്ദേഹം പറഞ്ഞു. പാളയുടെ വിടവുകളിലെല്ലാം ഭക്ഷണാവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിക്കും എന്നുള്ളതാണ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി.

”ഇതിനൊരു പ്രതിവിധി ഇലപ്ലേറ്റും പാള പ്ലേറ്റും സംയോജിപ്പിക്കുകയാണ്. ഇലകൊണ്ടുള്ള ഒരു പ്ലേറ്റിന് ഒരു രൂപയേ വില വരൂ. പക്ഷെ, ചോറും മറ്റും ഇതില്‍ വിളമ്പാന്‍ പ്രയാസമാണ്. പാള പ്ലേറ്റില്‍ ഇല പ്ളേറ്റ് ചേര്‍ത്ത് മാറ്റം വരുത്തുക . ഭക്ഷണം കഴിഞ്ഞാല്‍ ഇലപ്ലേറ്റ് കളയുക. പാള പ്ലേറ്റ് കഴുകി പുനരുപയോഗിക്കാം. അഞ്ചോ, ആറോ തവണ ഉപയോഗിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാവില്ല. അപ്പോള്‍ ഒരു വിളമ്പലിന് 3 രൂപയേ ചെലവു വരൂ,” ദേവകുമാര്‍ പറയുന്നു.

ലോക്ക് ഡൗണില്‍ പാപ്ല ചെയ്തത്

ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ബിസിനസ് ഇല്ലാതായപ്പോള്‍ പാപ്ലയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു തരത്തില്‍ തുടരാന്‍ ദേവകുമാറും ശരണ്യയും ശ്രമിച്ചു. ബിസിനസ് ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ പട്ടിണി ആവാതിരിക്കുന്നതിനായി അവരുടെ കാര്യത്തില്‍ ഇടപെടുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കുകയും ചെയ്ത് ഈ സംരംഭകര്‍. മാത്രമല്ല, ലോക്ക് ഡൗണ്‍ ദിനങ്ങളിലെ വിരസത അകറ്റുന്നതിനും പരമാവധി ക്രിയാത്മകമായി ഉപയോഗിക്കുന്നതിനുമായി 21 ദിവസം നീണ്ടു നിന്ന റീസൈക്കിള്‍ ആന്‍ഡ് അപ്സൈക്കിള്‍ കാമ്പയിന്‍ നടത്തിയിരുന്നു.

ശരണ്യയും ദേവകുമാറും ചേര്‍ന്ന് തയ്യാറാക്കിയ വിത്തുപന്തുകള്‍

ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ വേണ്ടിയാണു ഇത്തരത്തിലുള്ള ഒരു പരിപാടി ദേവകുമാറും ശരണ്യയും ചേര്‍ന്ന് തുടങ്ങിയത്. ഇത് പ്രകാരം ഉപയോഗശൂന്യമാണ് എന്ന് കരുതി വലിച്ചെറിയുന്ന വസ്തുക്കളില്‍ നിന്നും ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മിച്ചെടുക്കുകയാണ് ഇവരുവരും ചെയ്തത്. അതും പ്രകൃതിക്ക് ഹാനികരമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ മാത്രം.

ഇപ്പോള്‍ വിത്തുപന്തുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഈ സംരംഭകര്‍. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നല്‍കാന്‍ ഒരു സന്ദേശവും സമ്മാനവും എന്ന നിലയ്ക്കാണ് വിത്തുകള്‍ ചേര്‍ത്ത മണ്ണുരുളകള്‍ തയ്യാറാക്കുന്നത്.

***

ചിത്രങ്ങള്‍ക്ക് കടപ്പാട്: ദേവകുമാര്‍, Papla.in/Facebook
കൂടുതല്‍ വിവരങ്ങള്‍ക്ക്: 062357 26264 വെബ്സൈറ്റ്: papla.in

ഇതുകൂടി വായിക്കാം: തെങ്ങിന്‍ മുകളിലിരുന്നാണ് മനോഹരന്‍ ആ തീരുമാനം എടുത്തത്: മനോഹരമായ ഭൂമിക്കായി പ്ലാസ്റ്റിക് മാലിന്യം പെറുക്കിനടക്കുന്ന മലപ്പുറംകാരന്‍റെ ജീവിതം

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം