‘തനിയേ… മിഴികള്‍ നനഞ്ഞുവോ…’: ഫ്രാന്‍സിലേക്ക് തിരികെപ്പോകാനുളള ക്ഷണം നിരസിച്ച് കൊറോണക്കാലത്ത് കൊച്ചിയിലെ 1,300 കുടുംബങ്ങള്‍ക്കൊപ്പം നിന്ന സ്റ്റെഫനി

സന്നദ്ധപ്രവര്‍ത്തനവും സംഗീതവും വിപാസന ധ്യാനവുമാണ് ജീവിതത്തിലെ ദുരന്തങ്ങളില്‍ നിന്ന് കരകയറാന്‍ പ്രാപ്തയാക്കിയതെന്ന് സ്റ്റെഫനി ദ് ബെറ്റര്‍ ഇന്‍ഡ്യയോട്

കാഴ്ചകള്‍ കണ്ടും ഒരിക്കല്‍ കണ്ട് മതിവാതെ പോയ ഫോര്‍ട്ട് കൊച്ചി ആവോളം ആസ്വദിച്ചും നാട്ടിലേക്കു തിരികെ പോവണം. അത്രയേ ഉണ്ടായിരുന്നുള്ളൂ, രണ്ട് മാസം മുന്‍പേ കൊച്ചിയില്‍ വിമാനമിറങ്ങുമ്പോള്‍ ഫ്രെഞ്ചുകാരി സ്റ്റെഫനിയുടെ മനസ്സില്‍.

പക്ഷേ, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫോര്‍ട്ടുകൊച്ചിയിലെ ഹോം സ്റ്റേയിലെ മുറിക്കുള്ളില്‍ കഴിയേണ്ടി വന്നു സ്റ്റെഫനിക്ക്. പക്ഷേ, ആ സമയം വെറുതെ കളഞ്ഞില്ല അവര്‍.


വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം

കടലോളം സ്നേഹവും, കുന്നോളം കരുതലും നല്‍കി കൊച്ചിയുടെ പ്രിയങ്കരിയായിരിക്കുകയാണ് ഇപ്പോള്‍ ഈ 44-കാരി.

സ്റ്റെഫനി ഹെര്‍വെ: ഫോര്‍ട്ട് കൊച്ചി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു, പ്രകൃതിയും മനുഷ്യരും ഭക്ഷണവും എല്ലാം… (Photo: Antony Shelin)

കഴിഞ്ഞ ഒരു മാസത്തിനിടെ അവര്‍ ഫോര്‍ട്ടുകൊച്ചിയിലും സമീപപ്രദേശങ്ങളിലുമായി അവശ്യ ഭക്ഷ്യവസ്തുക്കളടങ്ങുന്ന 1350-ത്തിലേറെ വരുന്ന കിറ്റുകളാണ് പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണം ഇപ്പോഴും പുരോഗമിക്കുകയാണ്.

ഈ മാര്‍ച്ച് മാസം ആദ്യയാഴ്ചയിലാണ് ഫ്രാന്‍സില്‍നിന്നും സ്റ്റെഫനി ഹെര്‍വേ (Stephanie Herve) ആറ് സുഹൃത്തുക്കളോടൊപ്പം കൊച്ചിയില്‍ എത്തിയത്. എന്നാല്‍ മാര്‍ച്ച് 20 തീയതിയായപ്പോഴേക്കും സ്ഥിതിഗതികളാകെ മാറി.

മാര്‍ച്ച് 25-ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അധികം വൈകാതെ ഇന്‍ഡ്യയിലകപ്പെട്ട ഫ്രെഞ്ച് പൗരന്മാരെ തിരിച്ചുകൊണ്ടു പോകാനായി പ്രത്യേക വിമാനമെത്തിയിരുന്നു. ഈ വിമാനത്തില്‍ സ്റ്റെഫനിക്ക് ഒപ്പം വന്ന ആറ് പേരും നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

പക്ഷേ, സ്റ്റെഫനി ഫോര്‍ട്ടുകൊച്ചിയിലെ ഹോംസ്റ്റേയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

സ്റ്റെഫനി ഹാര്‍വേ

ആദ്യനോട്ടത്തില്‍ തന്നെ ഫോര്‍ട്ട് കൊച്ചി സ്‌റ്റെഫനിയെ ആകര്‍ഷിച്ചുകഴിഞ്ഞിരുന്നു. ഒപ്പം, ഇവിടെ ലോക്ക് ഡൗണില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആവുന്ന പോലെ സഹായമെത്തിക്കാനും അവര്‍ തീരുമാനിച്ചു.

ഞാന്‍ ഫോര്‍ട്ടുകൊച്ചി പട്ടാളത്തുള്ള കസാമിയ (Casa Mia) ഹോംസ്‌റ്റേയില്‍ ചെല്ലുമ്പോള്‍ ഉച്ചയോടടുത്തിരുന്നു. പക്ഷേ, ഹോംസ്‌റ്റേ നടത്തുന്ന ഉഷയും ഭര്‍ത്താവ് ആന്റണിയും പ്രഭാതഭക്ഷണം കഴിക്കുന്നേയുള്ളൂ.

സ്റ്റെഫനിയെക്കുറിച്ച് പറയാന്‍ അവര്‍ക്ക് ഒരുപാടുണ്ട്. “പേയിംഗ് ഗസ്റ്റ് ആയിട്ടാണ് സ്റ്റെഫനി ഇവിടെ വന്നത്. എന്നാല്‍ വളരെപ്പെട്ടെന്നുതന്നെ അവര്‍ ഞങ്ങളുമായി അടുത്തു. അവരിപ്പോള്‍ ഞങ്ങളുടെ അതിഥിയല്ല, ഈ കുടുംബത്തിലെ ഒരാള്‍ തന്നെയാണ്,” ഉഷ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

ഫോര്‍ട്ടുകൊച്ചിയെ സ്വന്തം നാടിനെപ്പോലെ തന്നെയാണു സ്‌നേഹിക്കുന്നതെന്ന് സ്റ്റെഫനി. വല്ലാതെ ആകര്‍ഷിക്കുന്ന എന്തൊക്കെയോ ഫോര്‍ട്ടുകൊച്ചിക്കുണ്ട്. കാഴ്ചകള്‍ മാത്രമല്ല, ആളുകളും പ്രകൃതിയും ഭക്ഷണങ്ങളുമൊക്കെ സ്റ്റെഫനിയെ സ്പര്‍ശിച്ചു.

ഇത് രണ്ടാംവട്ടമാണ് സ്റ്റെഫനി ഫോര്‍ട്ടുകൊച്ചിയിലെത്തുന്നത്. ആദ്യത്തെ വരവ് 2017-ലായിരുന്നു. കൊച്ചിയില്‍ വരുന്നതിനു മുമ്പ് ഉത്തരേന്‍ഡ്യ സന്ദര്‍ശിച്ചിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു അത്.

15,00 കിറ്റുകള്‍ വിതരണം ചെയ്യാനാണ് സ്റ്റെഫനി ഉദ്ദേശിക്കുന്നത്

ഫ്രാന്‍സിലെ തെക്കുപടിഞ്ഞാറന്‍ തുറമുഖ നഗരമായ ബോദു (Bordeaux)വിലാണ് സ്റ്റെഫനിയുടെ ജനനം. മ്യൂസിക് തെറാപ്പിസ്റ്റാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അസോസിയേഷന്‍ ഗബ്രിയേല്‍ (Association Gabriel) എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയുമാണ്.


സ്വന്തം ജീവിതത്തിലുണ്ടായ കയ്പേറിയ അനുഭവമാണു സന്നദ്ധപ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചതെന്നു സ്റ്റെഫനി പറയുന്നു.


“ഗര്‍ഭിണിയായിരിക്കേ, ഒന്‍പതാം മാസം ഉദരത്തില്‍ വച്ചു കുഞ്ഞ് മരിച്ചു. അത് എന്‍റെ ജീവിതത്തില്‍ വലിയ ആഘാതമായിരുന്നു. കുഞ്ഞിനു ഗബ്രിയേല്‍ എന്നു പേരിടാനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.”

2011-ലാണ് സ്റ്റെഫനിയുടെ ജീവിതം മറ്റൊരു വഴിക്ക് തിരിച്ചുവിട്ട ഈ സംഭവം ഉണ്ടാകുന്നത്. കുഞ്ഞിന് ഇടാനിരുന്ന പേരില്‍ അടുത്ത വര്‍ഷം സന്നദ്ധ സംഘടനയ്ക്ക് രൂപം നല്‍കി. അസോസിയേഷന്‍ ഗബ്രിയേല്‍ സംഘടന രൂപമെടുത്തതിനു പിന്നിലുള്ള ചരിത്രം ഇതാണ്.

“സന്നദ്ധ പ്രവര്‍ത്തനവും വിപാസന ധ്യാനവുമാണ് ജീവിതത്തിലുണ്ടായ തിരിച്ചടികളില്‍ നിന്നും കരകയറാന്‍ എന്നെ പ്രാപ്തയാക്കിയത്,” സ്റ്റെഫനി പറയുന്നു.

തോംസനും സ്റ്റെഫനിയും: തോംസനാണ് അവര്‍ക്ക് മലയാളം പാട്ടുകള്‍ പഠിപ്പിച്ചുകൊടുത്തത്

ഇന്നു സംഘടനയില്‍ ആകെ ഒന്‍പതു പേരുണ്ട്. കുട്ടികള്‍ക്കു വേണ്ടിയാണ്. പ്രധാനമായും അസോസിയേഷന്‍ ഗബ്രിയേല്‍ പ്രവര്‍ത്തിക്കുന്നത്. ഏഷ്യയിലെ കുട്ടികളുടെ ക്ഷേമമാണു സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. വിയറ്റ്നാം, ഇന്‍ഡ്യ തുടങ്ങിയ രാജ്യങ്ങളില്‍ സ്റ്റെഫനി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഫ്രാന്‍സിലാണ് ഈ സംഘടനയുടെ ആസ്ഥാനം. ആളുകളില്‍നിന്നും ലഭിക്കുന്ന സംഭാവനകളും, സ്റ്റെഫനിയും മറ്റ് അംഗങ്ങളും ചേര്‍ന്നു സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സ്വരൂപിക്കുന്ന പണവും ഉപയോഗിച്ചാണു സംഘടന മുന്നോട്ടുപോകുന്നത്. ഇതുവരെ 3,500 ദരിദ്രരായ കുട്ടികള്‍ക്കു സംഘടനയിലൂടെ സഹായമെത്തിച്ചു കൊടുത്തിട്ടുണ്ട്.


ഇതുകൂടി വായിക്കാം:  ത്രീ-ഡി പ്രിന്‍ററില്‍ നൂറുകണക്കിന് ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്‍കി ന്യൂയോര്‍ക്കിലെ മലയാളി നഴ്‌സ്


വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്തരേന്‍ഡ്യയില്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയപ്പോള്‍ ന്യൂഡല്‍ഹിയും, ഋഷികേശുമൊക്കെ സന്ദര്‍ശിച്ചിരുന്നു. ചേരികളിലും മറ്റും ദാരിദ്ര്യത്തിലും പോഷകാഹാരം കിട്ടാതെയും ജീവിക്കുന്ന കുട്ടികളുടെ അവസ്ഥ വല്ലാതെ വേദനിപ്പിച്ചെന്നു സ്റ്റെഫനി പറയുന്നു.

അന്നു മുതല്‍ ഇന്ത്യയിലെ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നു തീരുമാനിച്ചെന്നു സ്റ്റെഫനി പറഞ്ഞു. പിന്നീട് 2017-ലാണു കൊച്ചിയിലേക്കെത്തുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ പട്ടാളത്തുള്ള കസാമിയ (Casa Mia) എത്തിച്ചേരുകയും ചെയ്തു. ഇത്തവണ വീണ്ടും കൊച്ചിയിലെത്തിയപ്പോള്‍ സ്‌റ്റെഫനി കാസാ മിയ തന്നെ തെരഞ്ഞെടുത്തു. 13 വര്‍ഷമായി ആന്‍റണിയും ഉഷയും ഹോം സ്റ്റേ നടത്തി വരുന്നു.

കാസാ മിയ ഹോംസ്റ്റേ

ലോക്ക്ഡൗണിനെ തുടര്‍ന്നു ഫോര്‍ട്ടുകൊച്ചിയിലെ മുറിക്കുള്ളിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോഴാണു ദുരിതത്തിലായ മനുഷ്യരെ സഹായിക്കണമെന്ന ആശയം സ്റ്റെഫനിയുടെ മനസിലേക്കു വന്നത്. ആന്‍റണിയോടും ഉഷയോടും ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്നു ഹോം സ്റ്റേ സ്ഥിതി ചെയ്യുന്ന കൊച്ചി നഗരസഭയുടെ ഒന്നാം ഡിവിഷനിലെ പ്രതിനിധി ഷൈനി മാത്യുവിനോടു സംസാരിച്ചു.

ആ സമയത്ത് കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചി വെളിയില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ ആവശ്യമുള്ള ഭക്ഷണ സാധനങ്ങള്‍ സംഭാവന ചെയ്യാന്‍ ഷൈനി മാത്യു നിര്‍ദേശിക്കുകയും ചെയ്തു.

തുടര്‍ന്ന് അസോസിയേഷന്‍ ഗബ്രിയേല്‍ വഴി ധനശേഖരണം നടത്താന്‍ സ്റ്റെഫനി തീരുമാനിച്ചു. ഞായറാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ഫേസ്ബുക്ക് ലൈവിലൂടെ സംഗീത പരിപാടി നടത്തിക്കൊണ്ടായിരുന്നു പണം സ്വരൂപിച്ചത്.

മ്യൂസിക് തെറാപ്പിസ്റ്റായ സ്റ്റെഫനി ഇതിനു മുന്‍പും മ്യൂസിക് കണ്‍സേര്‍ട്ട് നടത്താറുണ്ട്. ഫേസ്ബുക്ക് ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് ഫ്രാന്‍സിലെ നിരവധി പേരിലേക്ക് എത്തിച്ചേര്‍ന്നു. മ്യൂസിക് കണ്‍സേര്‍ട്ടിനു പുറമേ വിപാസന മെഡിറ്റേഷന്‍ പരിശീലനവും ഫേസ്ബുക്കിലൂടെ ലൈവ് നടത്തി. അസോസിയേഷന്‍ ഗബ്രിയേലിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവ് സംഘടിപ്പിച്ചത്. ലൈവ് പ്രോഗ്രാമിനു വലിയ പിന്തുണ കിട്ടുകയും ചെയ്തു.

മുന്‍ മേയര്‍ ടോണി ചമ്മനി സ്റ്റെഫനിയെ ആദരിക്കുന്നു . (ഇടത്തുനിന്ന് ) ഉഷ, തോംസണ്‍, സ്റ്റെഫനി, ടോണി ചമ്മനി, ആന്‍റണി

കാഴ്ചക്കാര്‍ പലരും അസോസിയേഷന്‍ ഗബ്രിയേലിന്‍റെ എക്കൗണ്ടിലേക്കു പണം അയച്ചു കൊടുക്കുകയും ചെയ്തു. ഫ്രഞ്ച്, ഇംഗ്ലീഷ്, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലാണു സ്റ്റെഫനി പാട്ട് പാടിയത്.

അതിനായി ഒരു മലയാളം പാട്ട് പഠിക്കുകയും ചെയ്തു. ഗപ്പി എന്ന മലയാളം സിനിമയിലെ ‘തനിയേ മിഴികള്‍…’ എന്ന ഗാനം എന്തുകൊണ്ടോ സ്റ്റെഫനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു…

“നന്മകള്‍ പൂക്കുമീ പുലരി തേടി നീയൊഴുകണം…” ആ വരികള്‍ അവര്‍ ഹൃദ്യമായി പാടിക്കേള്‍പ്പിക്കുകയും ചെയ്തു. ആന്‍റണിയുടെയും ഉഷയുടെയും ഇളയ മകന്‍ തോംസനാണു സ്റ്റെഫിനക്കു ഈ പാട്ട് പഠിപ്പിച്ചു കൊടുത്തത്. തോംസനും കൂടെച്ചേര്‍ന്നു.

തേവര എസ്എച്ച് ഹയര്‍ സെക്കന്‍ഡറിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തോംസണ്‍ ഫ്രഞ്ച് ഭാഷ പഠിക്കുന്നുണ്ട്. അതിനാല്‍ സ്റ്റെഫനിയെ മലയാളം പാട്ട് പഠിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ആറ് വര്‍ഷത്തിലേറെയായി ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നുണ്ട് അവന്‍. തോംസന്‍റെ സഹായത്തോടെയാണു ഫോര്‍ട്ടുകൊച്ചിയിലിരുന്നു സ്റ്റെഫനി ഭൂരിഭാഗം സംഗീത പരിപാടികളും അവതരിപ്പിച്ചത്.

സ്റ്റെഫനിക്കു പാട്ട് കേള്‍ക്കാനും പാടാനും ഏറെ ഇഷ്ടമാണ്. പക്ഷേ, സംഗീത ഉപകരണങ്ങളിലൊന്നും ഇതു ശാസ്ത്രീയമായി പരിശീലനം നേടിയിട്ടില്ലെന്നു സ്റ്റെഫനി പറഞ്ഞു. കരോക്കെയുടെ അകമ്പടിയോടെയാണു സ്റ്റെഫനിയും തോംസനും ഫേസ്ബുക്ക് ലൈവ് ചെയ്യുന്നത്.

1350-ലേറെ കുടുംബങ്ങള്‍ക്ക് സഹായം

ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന 1350-ത്തിലേറെ കിറ്റ് ഇപ്പോള്‍ സ്റ്റെഫനി വിതരണം ചെയ്തു കഴിഞ്ഞു. കൊച്ചി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിലേക്കു ഭക്ഷ്യവസ്തുക്കള്‍ സംഭാവന ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം പിന്നീട് നിറുത്തിയതോടെ സ്വന്തം നിലയില്‍ കിറ്റ് വിതരണം ചെയ്യാന്‍ സ്റ്റെഫനി തീരുമാനിക്കുകയായിരുന്നു. കാസാ മിയ ഹോംസ്റ്റേയിലാണു കിറ്റുകള്‍ തയാറാക്കി വച്ചിരിക്കുന്നത്.

അരി, അരിപ്പൊടി, ഗോതമ്പുപൊടി, റവ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളാണു കിറ്റിലുള്ളത്.
ഫോര്‍ട്ടുകൊച്ചിയിലെയും സമീപപ്രദേശങ്ങളായ ചെല്ലാനം, വൈപ്പിന്‍, പള്ളുരുത്തി, തോപ്പുംപ്പടി, കുമ്പളങ്ങിയിലെയും പാവപ്പെട്ടവര്‍ക്കാണു കിറ്റ് വിതരണം ചെയ്തത്.

1,500 കിറ്റുകള്‍ വിതരണം ചെയ്യാനാണു സ്റ്റെഫനി തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള പണം സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്. കിറ്റ് വിതരണത്തിനു പുറമേ ഫോര്‍ട്ടുകൊച്ചിയിലും സമീപപ്രദേശങ്ങളിലുമുള്ള സ്പെഷ്യല്‍ സ്‌കൂളുകളും, കോണ്‍വെന്‍റുകളും, വൃദ്ധ സദനങ്ങളും സന്ദര്‍ശിക്കാറുണ്ട് സ്റ്റെഫനി. വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മുതിര്‍ന്നവരോടൊപ്പം പാട്ടുപാടിയും വിശേഷങ്ങള്‍ പങ്കുവച്ചും സന്തോഷിപ്പിച്ചും സ്‌നേഹിച്ചും സ്റ്റെഫനി വളരെപ്പെട്ടെന്നുതന്നെ അവര്‍ക്ക് പ്രിയപ്പെട്ടവളായി മാറുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവന്നതോടെ ജൂണ്‍ മാസത്തില്‍ വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുമെന്നും അപ്പോള്‍ ഫ്രാന്‍സിലേക്ക് തിരിച്ചുപോകാനാണ് സ്‌റ്റെഫനി ഉദ്ദേശിക്കുന്നത്. നാട്ടിലേക്കു തിരിച്ചു പോയാലും ഫോര്‍ട്ടുകൊച്ചിയില്‍ ഈ വര്‍ഷം വീണ്ടും വരണമെന്നാണ് ആഗ്രഹമെന്നു സ്റ്റെഫനി പറഞ്ഞു. സാധിക്കുമെങ്കില്‍ ഭാവിയില്‍ ഫോര്‍ട്ടുകൊച്ചിയില്‍ താമസമാക്കണമെന്ന ആഗ്രഹവും അവര്‍ പങ്കുവെച്ചു.



ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം