ത്രീ-ഡി പ്രിന്‍ററില്‍ നൂറുകണക്കിന് ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്‍കി ന്യൂയോര്‍ക്കിലെ മലയാളി നഴ്‌സ്

“എന്‍റെ വീട്ടില്‍ മറ്റേണിറ്റി ലീവിലുള്ള ഭാര്യ റീനയും മൂന്നു കുഞ്ഞുങ്ങളും പ്രായമായ എന്‍റെ അച്ഛനും അമ്മയുമാണുള്ളത്. ഇളയ കുട്ടി തീരെ ചെറുതാണ്. അതുകൊണ്ട് രോഗം പകരാതെ കാക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്,” ന്യൂയോര്‍ക്കില്‍ നിന്നും രഘുനാഥന്‍ നടരാജന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. 

കോവിഡ്-19 വ്യാപനം ഇത്ര വേഗത്തിലാവുമെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കരുതിയിട്ടുണ്ടാവില്ല.

ആരോഗ്യ രംഗത്ത് അതികായരായ അമേരിക്കയില്‍ പോലും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ സ്‌റ്റോക്കില്ലാതെ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഏറെ ബുദ്ധിമുട്ടി.

വേണ്ടത്ര മുന്‍കരുതല്‍ എടുക്കാന്‍ കഴിയാതെ പോയതിന്‍റെ ഫലം പേടിപ്പെടുത്തുന്നതായിരുന്നു. ഇതെഴുതുമ്പോള്‍ (മെയ് 5, 2020) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 12 ലക്ഷത്തിലധികമാണ്. മരണപ്പെട്ടവര്‍ 68,000-ത്തിലേറെയും.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ  ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

മാര്‍ച്ച് പകുതിയോടെ ന്യൂയോര്‍ക്ക് നഗരത്തെ ഭീതിയുടെ നിഴലിലാഴ്ത്തി കടന്നു കയറിയ കൊറോണ വൈറസ് മാസാവസാനത്തോടെ വ്യാപകമാവുകയും ഏപ്രില്‍ ആദ്യവാരത്തോടെ സംഹാരതാണ്ഡവമാടുകയുമായിരുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മരണസംഖ്യ 19,400 കടന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പോലും വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ കഴിയാത്ത അവസ്ഥ. ആശുപത്രികളില്‍ പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്‍റ് കിറ്റും (PPE) മാസ്‌കും ആവശ്യത്തിന് ഇല്ലാത്ത അവസ്ഥ വന്നെത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കേണ്ട എന്‍ 95 മാസ്‌കിനു പോലും കടുത്ത ക്ഷാമം.

ഈ പ്രതിസന്ധിയില്‍ നാടിനെ രക്ഷിക്കാന്‍ തന്നെക്കൊണ്ടാവുന്നതുപോലെ ശ്രമിച്ചവരില്‍ ഒരാളാണ് ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മലയാളിയായ രഘുനാഥന്‍ നടരാജന്‍

രഘുനാഥന്‍ നടരാജന്‍ വീട്ടിലെ ത്രീ-ഡി പ്രിന്‍ററില്‍ നിര്‍മ്മിച്ച ഫേയ്സ് ഷീല്‍ഡ്

“ഒരു തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കേണ്ട എന്‍ 95 മാസ്‌കുകള്‍ അഞ്ച് ദിവസം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയത്. ആരോഗ്യരംഗത്ത് കര്‍ശന സുരക്ഷയും ശ്രദ്ധയും ചെലുത്തുന്ന അമേരിക്കയിലാണ് ഈ പ്രതിസന്ധി ഉണ്ടായതെന്ന് ഓര്‍ക്കണം. എന്തു ചെയ്യും? ഞാനുള്‍പ്പടെയുള്ള അനേകം ആരോഗ്യ പ്രവര്‍ത്തകര്‍ ഒരാഴ്ചയൊക്കെ ഒരു മാസ്‌ക് വെച്ച് ജോലി ചെയ്തു,” ന്യൂയോര്‍ക്ക് സിറ്റിയില്‍ നഴ്സായി ജോലി ചെയ്യുന്ന രഘുനാഥന്‍ നടരാജന്‍ കോവിഡ്-19 കാലത്തിലൂടെ കടന്നുപോകുന്നതിന്‍റെ കഷ്ടപ്പാടുകള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി പങ്കുവെയ്ക്കുന്നു.

ന്യൂയോര്‍ക്കിലെ മോണ്ടിഫയര്‍ മെഡിക്കല്‍ സെന്‍ററില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ജോലി ചെയ്യുകയാണ് ആലപ്പുഴക്കാരനായ രഘുനാഥന്‍.

വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ ക്ഷാമം വന്നതോടെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ഒരു അഭ്യര്‍ത്ഥനയുമായി രംഗത്തു വന്നു. മാസ്‌കുകളും പിപിഇ കിറ്റുകളും നിര്‍മ്മിക്കാന്‍ കഴിയുന്നവര്‍ അവ ഉണ്ടാക്കി സംഭാവന ചെയ്യണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.


ഗവര്‍ണറുടെ അഭ്യര്‍ത്ഥന കേട്ടപ്പോള്‍ രഘുനാഥന്‍റെ മനസിലേക്ക് പുതിയൊരാശയം വന്നു.


“ന്യൂയോര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്നതും ആരോഗ്യമേഖലയിലുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും വൈറസിനെ ഫലപ്രദമായി തടുക്കുവാന്‍ കഴിയുന്നതുമായ എന്‍-95 മാസ്‌ക് നിര്‍മ്മിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷെ, എന്‍ 95 മാസ്‌ക് എന്നു പറയുമ്പോള്‍ അത് അതുപോലെ സുരക്ഷയോടെ നിര്‍മ്മിച്ചു നല്‍കിയില്ലെങ്കില്‍ അതു ധരിക്കുന്നവരോട് നമ്മള്‍ ചെയ്യുന്ന ക്രൂരതയാകും. കാരണം നമ്മളെ വിശ്വസിച്ചാകും അവര്‍ അതുപയോഗിക്കുക. എന്തെങ്കിലും പാളിച്ച പറ്റിയിട്ടുണ്ടെങ്കില്‍ രോഗം പകരുന്നതിന് അത് കാരണമാകും,” രഘുനാഥന്‍ പറയുന്നു.

ഫേയ്സ് ഷീല്‍ഡ് നിര്‍മ്മാണത്തിനിടയില്‍

എന്‍-95 മാസ്‌കുകള്‍ സ്വന്തമായി നിര്‍മ്മിച്ചെങ്കിലും ആ ശ്രമം അങ്ങനെ ഉപേക്ഷിച്ചു.

“തുടര്‍ന്ന് ഫെയ്സ് മാസ്‌ക്കിനൊപ്പം അവശ്യ സുരക്ഷാ കവചമായി ധരിക്കാന്‍ കഴിയുന്ന ഫെയ്സ് ഷീല്‍ഡ് സ്വന്തമായി നിര്‍മ്മിച്ച് സൗജന്യമായി നല്‍കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

കൊറോണ ന്യൂയോര്‍ക്ക് നഗരത്തെ ചുറ്റിവരിഞ്ഞതോടെ മെഡിക്കല്‍ സെന്‍ററില്‍ രഘുനാഥന്‍റെ ജോലിയും കടുത്തു. എങ്കിലും തിരിച്ച് വീട്ടിലെത്തിയാലുടന്‍ അദ്ദേഹം ഷീല്‍ഡ് നിര്‍മ്മിക്കാന്‍ തുടങ്ങും. വീട്ടില്‍ സജ്ജമാക്കിയിട്ടുള്ള ത്രി-ഡി പ്രിന്‍ററില്‍ ഫെയ്സ് മാസ്‌ക്കുകളും ഷീല്‍ഡുകളും രഘു നിര്‍മ്മിച്ചു.

“സത്യം പറഞ്ഞാല്‍ ത്രി-ഡി പ്രിന്‍റിംഗ് സംവിധാനം അത്ര വ്യാപകമായ ഒരു സംഗതിയല്ല. കോവിഡൊക്കെ എത്തുന്നതിനു മുന്‍പു തന്നെ ഇതിനോടു തോന്നിയ ഒരു കൗതുകത്തിന്‍റെ പേരില്‍ ഞാന്‍ പഠിച്ചെടുത്ത ടെക്നോളജിയാണ്. എന്‍റെ ജീവിതത്തില്‍ ഈ ത്രീ-ഡി പ്രിന്‍ററിന് ഇത്രയധികം പ്രാധാന്യമുണ്ടാകുമെന്ന് ഇത് വാങ്ങുന്ന സമയത്ത് ഞാന്‍ ഒരിക്കലും കരുതിയില്ല,” രഘു തുടരുന്നു.

ത്ര-ഡി പ്രിന്‍ററില്‍ നിര്‍മ്മിച്ചെടുത്ത നൂറുകണക്കിന് ഫെയ്സ് ഷീല്‍ഡുകള്‍ രഘുനാഥന്‍ സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞു. ആദ്യം നല്‍കിയത് അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെയാണ്. രോഗം മൂര്‍ച്ഛിച്ചതോടെ പിപിഇ ഉപകരണങ്ങളുടെ ആവശ്യം കുതിച്ചുയര്‍ന്നു.

രഘുനാഥന്‍റെ ത്രീ-ഡി പ്രിന്‍ററില്‍ ഫേസ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ചതിന്‍റെ വിവിധ ഘട്ടങ്ങള്‍

രോഗികളുമായി ഏറെ ഇടപെഴകുന്ന ഡോക്ടര്‍മാരും നഴ്സുമാരും എന്‍-95, സര്‍ജിക്കല്‍ മാസ്‌ക്ക് എന്നിവയ്ക്കു പുറമെ ഫെയ്സ് ഷീല്‍ഡുകള്‍ കൂടി ധരിക്കുന്നതോടെ കൂടുതല്‍ സുരക്ഷ ഉറപ്പുവരുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. മാത്രമല്ല ഈ ഫെയ്സ് ഷീല്‍ഡുകള്‍ വളരെ എളുപ്പത്തില്‍ ക്ലീനാക്കി വീണ്ടും വീണ്ടും ഉപയോഗിക്കാനും കഴിയും.

“ത്രി-ഡി പ്രിന്‍ററില്‍ എങ്ങനെ ഇത്തരത്തിലുള്ള നിര്‍മ്മാണം നടക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവാം. ത്രി-ഡി പ്രിന്‍റര്‍ ഭാവിയില്‍ വളരെ വ്യാപകമാവാന്‍ ഇടയുള്ള ഒന്നാണ്. അതായത് കമ്പ്യൂട്ടറില്‍ നിന്നും സാധാരണ പ്രിന്‍റുകള്‍ എടുക്കുന്ന രീതിയില്‍ തന്നെയാണ് ഇതും ചെയ്യുന്നത്. അതിനായി കമ്പ്യൂട്ടറില്‍ പ്രോഗ്രാം ചെയ്തു വെച്ച ശേഷം പ്രിന്‍റ് കൊടുക്കുകയാണ് പതിവ്,” രഘുനാഥന്‍ വിശദമായി പറഞ്ഞുതന്നു.

“ഇത്തരത്തില്‍ കുട്ടികള്‍ക്കായി പാവയും മറ്റും ഞാന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ടോയ്സിന് ആവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ പ്രിന്‍ററില്‍ സെറ്റ് ചെയ്താണ് അവ ഉണ്ടാക്കിയത്. രണ്ട് പ്രിന്‍ററുകളാണ് ഇതിനായി ഉപയോഗിച്ചത്. അതുപോലെ തന്നെ ഫെയ്സ് ഷീല്‍ഡുകള്‍ക്കായി ആവശ്യമായ ഗുണനിലവാരമുള്ള പി ഇ റ്റി ജി പ്ലാസ്റ്റിക്കുകളാണ് ഞാന്‍ തെരഞ്ഞെടുത്.”

ത്രീഡി പിന്‍റിങ്ങ് മെഷീന്‍
രഘുനാഥന്‍ നിര്‍മ്മിച്ച ഫേയ്സ് ഷീല്‍ഡുകള്‍

എന്താണ് പി ഇ റ്റി ജി ?

പോളിഎത്തിലീന്‍ ടെറെഫ്താലേറ്റ് ഗ്ലൈക്കോള്‍ (Polyethylene terephthalate glycol) എന്നാണ് പൂര്‍ണ്ണരൂപം. തെര്‍മോപ്ലാസ്റ്റിക് പോളിസ്റ്ററായ പിഇറ്റിജി മികച്ച രാസപ്രതിരോധം, ഈട്, ഉല്‍പാദന സമയത്ത് മികച്ച വഴക്കം എന്നിവ നല്‍കുന്നു.
ഒരിക്കലും ഗുണനിലവാരത്തിന് യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഇത് നിര്‍മ്മിച്ചത്. ഗുണനിലവാരമില്ലാത്ത ഷീല്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍ത്താണ് രഘു പിഇറ്റിജി പ്ലാസ്റ്റിക് മെറ്റീരിയില്‍ തന്നെ ഉപയോഗിച്ചത്.

“ഞാനുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവനും സുരക്ഷയും മറന്ന് മറ്റുള്ള രോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരായിരിക്കുമ്പോള്‍ അവരുടെ ഉള്ളിലും കുടുംബത്തിലും ആകെ പരിഭ്രമവും പ്രതിസന്ധിയും പ്രാര്‍ത്ഥനയുമാണ്. ചിലരുടേത് പ്രായമായവരുള്ള കുടുംബമാകാം. കൊച്ചുകുട്ടികളുള്ള കുടുംബമാവാം. രോഗം ഏതു സമയവും ഏതു തരത്തില്‍ വേണമെങ്കിലും പകരാനുള്ള സാഹചര്യമാണുള്ളത്.

രഘുനാഥനും കുടുംബവും

“എന്‍റെ പത്തുവര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തിനിടയില്‍ ആ രാജ്യം ഇത്ര വലിയൊരു പ്രതിസന്ധി നേരിട്ട് ഞാന്‍ കണ്ടിട്ടില്ല. ഗവര്‍ണറുടെ പ്രസ്താവനയ്ക്കുപരി ഞാനടങ്ങുന്ന ഈ നാട്ടിലെ ആയിരക്കണക്കിന് സഹപ്രവര്‍ത്തകരേയും കൂടപ്പിറപ്പുകളെയും ഓര്‍ത്താണ് ഞാന്‍ സുരക്ഷാ കവചത്തെ കുറിച്ച് ചിന്തിച്ചതും പ്രാവര്‍ത്തികമാക്കിയതും,” അദ്ദേഹം പറയുന്നു.

“കോവിഡ് (ന്യൂയോര്‍ക്കില്‍) പൊട്ടിപ്പുറപ്പെട്ട ഏപ്രില്‍ മാസത്തില്‍ ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ പെട്ടുപോയിരുന്നു. രോഗം പടരുമോയെന്ന ആശങ്ക ഒരു വശത്ത്, ചികില്‍സയിലിരിക്കുന്ന രോഗികളുടെ നില എപ്പോള്‍ വേണമെങ്കിലും മോശമായി മരണത്തിലേക്ക് പോയേക്കാമെന്ന അവസ്ഥ. ആരോഗ്യ പ്രവര്‍ത്തകരായ ഞങ്ങള്‍ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിക്കഴിഞ്ഞാല്‍ ചെറിയ കുട്ടികളും പ്രായമായവരും അടക്കമുള്ള കുടുംബത്തിന് രോഗം പടരുമോയെന്ന ആശങ്ക വേറെയും.


ഇതുകൂടി വായിക്കാം: കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്‍; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്‍


“ആകെ വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു. എന്നിട്ടും എന്‍റേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയ്ക്ക് ഉചിതമായത് ചെയ്യാനായല്ലോ എന്നു ഞാന്‍ കരുതുന്നു. കാരണം, എന്‍റെ വീട്ടില്‍ മറ്റേണിറ്റി ലീവിലുള്ള ഭാര്യ റീനയും മൂന്നു കുഞ്ഞുങ്ങളും (സൂര്യ,സത്യ,ആര്യ) പ്രായമായ എന്‍റെ അച്ഛനും അമ്മയുമാണുള്ളത് (നടരാജനും സീതയും). കൂടാതെ ഇളയ കുട്ടി തീരെ ചെറുതാണ്. അതുകൊണ്ട് രോഗം പകരാതെ കാക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്.

രഘുനാഥനും കുടുംബവും

“അതിനൊപ്പം എനിക്ക് അന്നം തരുന്ന രാജ്യത്തെ കാക്കേണ്ടതും എന്‍റെ ഉത്തരവാദിത്തത്തിന്‍റെ ഭാഗമാണ്. നാട്ടിലൊക്കെ ചില ചെറിയ സംഭാവനകള്‍ അല്ലാതെ മുന്‍പൊരിക്കലും ഞാനിത്തരം സോഷ്യല്‍ റെസ്പോണ്‍സിബിളിറ്റിയുള്ള കാര്യങ്ങള്‍ ചെയ്യുകയോ പങ്കാളിയാകുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ രഘുനാഥന്‍ നടരാജന്‍ ഒരിക്കലും പബ്ലിസിറ്റിയ്ക്കു വേണ്ടിയാണ് ഇത്തരമൊരു പ്രവര്‍ത്തനം നടത്തിയതെന്ന് ആളുകള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. വാര്‍ത്തകള്‍ക്കായി ആദ്യം വിളിച്ചവരോട് ഞാനത് സൂചിപ്പിക്കുകയും ചെയ്തു,” രഘു പറഞ്ഞു.

രഘുവിനെപ്പോലെ നിരവധി ആളുകള്‍ തുടങ്ങി വെച്ച മാതൃകകള്‍ ഇതിനോടകം നിരവധി പേര്‍ പിന്തുടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഏപ്രിലില്‍ നിന്ന് മെയ് മാസമെത്തിയതോടെ സുരക്ഷാ ഉപകരണങ്ങളുടെ ക്ഷാമത്തിന് അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിന്‍റെ ഇടപെടലോടെ ചെറിയ തോതില്‍ പരിഹാരമാകുകയും പ്രാദേശികമായി ഇവയുടെ നിര്‍മ്മാണം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

എങ്കിലും ഇപ്പോഴും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധിതരായിരിക്കുന്ന സാഹചര്യമുള്ളതുകൊണ്ട് ഫെയ്സ് ഷീല്‍ഡുകളുടെ നിര്‍മ്മാണം രഘു ജോലിയ്ക്കിടെ വീണുകിട്ടുന്ന ഇടവേളകളില്‍ ഇപ്പോഴും തുടരുന്നു.



 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം