കലീമുള്ള ഖാന്‍ തന്‍റെ തോട്ടത്തില്‍ (Photo source)

കോവിഡ്-19: മുന്നണിപ്പോരാളികള്‍ക്ക് മാമ്പഴങ്ങളിലൂടെ അഭിവാദ്യമര്‍പ്പിച്ച് ഇന്‍ഡ്യയുടെ മാംഗോ മാന്‍

കോവിഡ് 19-നെതിരേ പോരാട്ടം നടത്തുന്ന മുന്നണിപ്പോരാളികള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ പുതുതായി വികസിപ്പിച്ച മാമ്പഴങ്ങള്‍ക്ക്  പോലീസെന്നും ഡോക്ടറെന്നും പേരിട്ട് ഹാജി കലിമുളള ഖാന്‍

“നിങ്ങള്‍ക്ക് മാമ്പഴം മറ്റൊരു പഴമായിരിക്കാം, പക്ഷേ എനിക്കത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എന്‍റെ പഴയകാലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്ന ഒന്നാണ്. ഭാവിയെക്കുറിച്ചു സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. കാലത്തിനനുസരിച്ചു ഗുണം കൂടുന്ന, നേര്‍ത്ത സൂര്യപ്രകാശത്തില്‍ പൊതിഞ്ഞ മധുരമേറിയ അമൂല്യമായ സ്വത്ത് കൂടിയാണ്,” ഇന്‍ഡ്യയുടെ മാംഗോ മാന്‍ എന്ന് അറിയപ്പെടുന്ന പ്രശസ്ത ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് ഹാജി കലിമുള്ള ഖാന്‍ മാമ്പഴത്തെ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നത് ഇങ്ങനെയാണ്.

ഖാന്‍റെ കുടുംബത്തിന്‍റെ മേല്‍നോട്ടത്തിലുള്ള 20 ഏക്കര്‍ വരുന്ന കൃഷിയിടത്തിലെ എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് ഖാന്‍ 1,600-ഓളം വ്യത്യസ്തയിനങ്ങളില്‍പ്പെട്ട മാമ്പഴം കൃഷി ചെയ്യുന്നുണ്ട്.

കലീമുള്ള ഖാന്‍ തന്‍റെ തോട്ടത്തില്‍ (Photo source)

ഗ്രാഫ്റ്റിങ്ങിലൂടെ (grafting technique) ഒരൊറ്റ മരത്തില്‍ 300-ലധികം ഇനം മാമ്പഴങ്ങള്‍ വളര്‍ത്തുന്നുണ്ടെന്നതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായി കണക്കാക്കുന്നത്.

ഹോര്‍ട്ടികള്‍ച്ചര്‍ രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ക്കു പുറമേ പഴങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന മാമ്പഴത്തിന്‍റെ വ്യത്യസ്ത ഇനങ്ങള്‍ സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2008-ല്‍ ഭാരത സര്‍ക്കാര്‍ ഹാജി കലിമുള്ള ഖാനു പത്മശ്രീ നല്‍കുകയുണ്ടായി.

പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഖാന്‍റെ മാമ്പഴ കൃഷി. മാമ്പഴ ഇനങ്ങള്‍ പ്രമുഖരായ വ്യക്തികള്‍ക്കു സമ്മാനിക്കുന്ന പതിവുമുണ്ട് ഖാന്. പ്രമുഖര്‍ ചെയ്ത നല്ല പ്രവര്‍ത്തികളെയും അവര്‍ കൈവരിച്ച നേട്ടങ്ങളെയും അഭിനന്ദിക്കുന്നതിനു വേണ്ടിയാണു ഖാന്‍ ഇത്തരത്തില്‍ മാമ്പഴ ഇനങ്ങള്‍ക്ക് പ്രമുഖരുടെ പേരുകള്‍ നല്‍കുന്നത്.

Source: Facebook/Malihabad (L); www.kaleemullahkhan.com (R)

പൊതുവേ വേനല്‍ക്കാലത്താണ് മാമ്പഴങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത്. ഇപ്രാവശ്യം വേനല്‍ക്കാലത്ത്, മാമ്പഴത്തോട്ടത്തില്‍ ഖാന്‍ എന്ത് സര്‍പ്രൈസാണ് ഒരുക്കിയിരിക്കുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്.

മാമ്പഴ പ്രേമികളെ വിസ്മയിപ്പിച്ചു കൊണ്ട് രണ്ട് പുതിയ രുചികളുള്ള മാമ്പഴ ഇനങ്ങളാണു ഖാന്‍ പരീക്ഷണത്തിലൂടെ അവതരിപ്പിച്ചത്. പോലീസ് ആം (Police Aam), ഡോക്ടര്‍ ആം (Doctor Aam) എന്നിങ്ങനെ അവയ്ക്കു പേര് നല്‍കുകയും ചെയ്തു. വെറുമൊരു കൗതുകത്തിനു വേണ്ടിയല്ല ഖാന്‍ ഈ പേരുകള്‍ നല്‍കിയത്. അതിനു വ്യക്തമായ കാരണവുമുണ്ടെന്നു ഖാന്‍ പറയുന്നു.

“കോവിഡ് 19-നെതിരായ പോരാട്ടത്തിന്‍റെ മുന്‍നിരയിലുള്ളവരുടെ പേരുകളാണു ഞാന്‍ രണ്ട് പുതിയ ഇനം മാമ്പഴങ്ങള്‍ക്ക് നല്‍കിയത്. ആയിരങ്ങളെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തുന്ന യഥാര്‍ത്ഥ ഹീറോസ് പോലീസും ഡോക്ടറും. അവരുടെ അര്‍പ്പണബോധവും നിസ്വാര്‍ഥതയുമാണ് എന്നെ പുതിയ ഇനം മാമ്പഴങ്ങള്‍ക്ക് ആ പേരിടാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ ചെയ്യാന്‍ സാധിച്ചത് എന്നെ
സംബന്ധിച്ചിടത്തോളം ഒരു അഭിമാനമായി കരുതുന്നു,” ഖാന്‍ ദ ബെറ്റര്‍ ഇന്‍ഡ്യയോടു പറഞ്ഞു.

“അതത് മേഖലകളില്‍ മികച്ച രീതിയില്‍ ജോലി ചെയ്യുന്നുവെന്ന് എനിക്കു തോന്നുന്ന ആളുകള്‍ക്കായി ഞാന്‍ എന്‍റെ മാമ്പഴ ഇനങ്ങളെ സമര്‍പ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. ലോകത്ത് അവരിലൂടെ പോസിറ്റീവ് ഫലങ്ങളുണ്ടാകുമ്പോള്‍ അതിനെ അഭിനന്ദിക്കേണ്ടതുണ്ട്. മാമ്പഴത്തിനു പേര് നല്‍കുന്നതിലൂടെ അവര്‍ ചെയ്യുന്ന ആ ജോലിയെ അനശ്വരമാക്കുകയാണു താന്‍ ചെയ്യുന്നതെന്നും,” ഖാന്‍ പറയുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെയും ഐശ്വര്യാ റായ്യുടെയും പേരുകള്‍ ഇത്തരത്തില്‍ ഖാന്‍ തന്‍റെ മാമ്പഴങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. താന്‍ പരീക്ഷണത്തിലൂടെ വികസിപ്പിക്കുന്ന ഓരോ മാമ്പഴത്തിനും രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ പേര് നല്‍കുന്നതിലൂടെ അവരുടെ നല്ല പ്രവൃത്തികളെ അനശ്വരമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഖാനുണ്ട്.

Source: Facebook/ Farmtalent(L); Vipin Nair (R)

തന്‍റെ കൃഷിയിടത്തില്‍ വിളയുന്ന ഓരോ പുതിയ ഇനം മാമ്പഴത്തിനും പേരിടുന്ന ഖാന്‍റെ ചരിത്രത്തിനു ബോളിവുഡുമായും ബന്ധമുണ്ട്.
ഏറ്റവും മികച്ച സിനിമയെന്നു വിശേഷിപ്പിക്കുന്ന മുഗള്‍-ഇ-അസം എന്ന ചിത്രത്തില്‍ മധുബാല അവതരിപ്പിച്ച അനാര്‍ക്കലി എന്ന കഥാപാത്രത്തിന്‍റെ പേര് ഖാന്‍ മാമ്പഴത്തിനു നല്‍കിയിട്ടുണ്ട്. ഒരു പ്രത്യേക തരം മാമ്പഴമാണത്. രണ്ട് വ്യത്യസ്ത തൊലികളുള്ള മാമ്പഴത്തിന് രണ്ട് പാളികളുള്ള പള്‍പ്പ് (ദശ)ആണ് ഉള്ളത്. ഇവയുടെ രുചിയും വ്യത്യസ്തമാണ്.

300 വ്യത്യസ്ത മാമ്പഴങ്ങളുണ്ടാകുന്ന പ്രശസ്തമായ മാവിനെ ഖാന്‍ 1987 മുതല്‍ പരിപാലിച്ചു പോരുകയാണ്. അന്നു മുതലുള്ള ഓരോ വര്‍ഷങ്ങളിലും പുതിയ ഇനങ്ങള്‍ സൃഷ്ടിക്കാന്‍ ഖാന്‍ തന്‍റെ അറിവ് ഉപയോഗിക്കുന്നുമുണ്ട്.

“എന്നെ സംബന്ധിച്ചിടത്തോളം, മാമ്പഴം പോലെ പ്രിയപ്പെട്ടൊരു ഫലം പരിപാലിച്ചു വളര്‍ത്തിയെടുക്കുന്ന പ്രവൃത്തി വളരെ പവിത്രമായ ഒന്നാണ്. നല്ല മൂപ്പെത്തിയ അല്ലെങ്കില്‍ പഴുത്ത, മധുരമുള്ള മാമ്പഴം ഒരു വ്യക്തി കഴിക്കുമ്പോഴെല്ലാം കാണുന്ന സന്തോഷം സമാനതകളില്ലാത്തതാണ്. ലോകത്ത് അല്‍പ്പം സന്തോഷവും മധുരവും പ്രചരിപ്പിക്കുകയെന്നതാണ് എന്‍റെ ലക്ഷ്യം. അതിന്
മാമ്പഴത്തിലൂടെയല്ലാതെ വേറെ മികച്ചൊരു രീതിയിലൂടെ പ്രചരിപ്പിക്കാന്‍ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല,” ഖാന്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം


ഉത്തര്‍പ്രദേശില്‍ ലക്നൗവിലെ മാലിഹാബാദില്‍ ജനിച്ച ഖാന്‍ വളര്‍ന്നത് തന്നെ മാമ്പഴത്തോട്ടത്തിലാണെന്നു പറയാം. നാല് തലമുറകളായി, ഖാന്‍ കുടുംബത്തിന്‍റെ പാരമ്പര്യത്തിന്‍റെ ഒരു ഭാഗം തന്നെയാണു മാമ്പഴ തോട്ടം. രാജകുടുംബങ്ങള്‍ക്കായി തന്‍റെ പൂര്‍വ്വികര്‍ തോട്ടങ്ങളില്‍ മാമ്പഴത്തിന്‍റെ സങ്കരയിനങ്ങള്‍ വളര്‍ത്തിയിരുന്നെന്നു ഖാന്‍ പറയുന്നു.

“എന്‍റെ കുട്ടിക്കാലം മുഴുവന്‍ ഞാന്‍ തോട്ടത്തിലാണു ചെലവഴിച്ചത്. ഞാനും എന്‍റെ സഹോദരങ്ങളും അവിടെയാണു കളിച്ചിരുന്നത്. കളിച്ച് തളരുമ്പോള്‍ ഞങ്ങള്‍ വിശ്രമിക്കുന്നത് തോട്ടത്തിലെ വലിയ മരങ്ങളുടെ തണലിലായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് വേനല്‍ക്കാലമായിരുന്നു. കാരണം, വേനല്‍ക്കാലത്ത് സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. ധാരാളം സമയം കളിക്കാന്‍ സാധിക്കും. ഓരോ കളിക്കു ശേഷവും ഞങ്ങള്‍ മരങ്ങളില്‍ കയറി പഴുത്ത മാമ്പഴം പറിച്ചെടുക്കും,” 80-കാരനായ ഖാന്‍ പറഞ്ഞു. ഏഴാം ക്ലാസില്‍ വച്ചു പഠനം നിറുത്തിയ ഖാന്‍ കൗമാരപ്രായത്തില്‍ തന്നെ കുടംബ ബിസിനസിലേക്ക് പ്രവേശിക്കുകയായിരുന്നു.

“എനിക്ക് ഒരിക്കലും പഠനത്തോടു വലിയ താല്‍പര്യമില്ലായിരുന്നു. മാത്രമല്ല, പാഠപുസ്തകങ്ങള്‍ക്കും ക്ലാസ് മുറികള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങളില്‍നിന്നും പഠിക്കാനാണു ഞാന്‍ ശ്രമിച്ചത്. തോട്ടങ്ങളില്‍ കൂടുതല്‍ നേരം ജോലി ചെയ്തു. ഏഴാം ക്ലാസ് പരീക്ഷയില്‍ ഞാന്‍ പരാജയപ്പെട്ടു. അതോടെ ഭാവി മാമ്പഴ കൃഷിയിലാണെന്നു ബോധ്യപ്പെട്ടു. മാമ്പഴങ്ങളോട് എന്നും എനിക്ക് പ്രണയമായിരുന്നു,” ഖാന്‍ പറഞ്ഞു.

Photo source: Facebook/PankaJ Singh

17-ാം വയസിലാണു ഖാന്‍ മാമ്പഴ കൃഷി ആരംഭിച്ചത്. ഏഴു വ്യത്യസ്ത മാമ്പഴങ്ങള്‍ ഉപയോഗിച്ചാണു കൃഷിയാരംഭിച്ചത്. വ്യത്യസ്ത തരം രുചികളുള്ളവയുമായിരുന്നു മാമ്പഴങ്ങള്‍. അതിനു ശേഷം ഗ്രാഫ്റ്റിംഗ് ടെക്നിക് ഉപയോഗിച്ചു ഖാന്‍ പുതിയ തരം മാമ്പഴങ്ങള്‍ ഉല്‍പ്പാദിപ്പിച്ചു. അതിലൂടെ അദ്ദേഹം ‘മാംഗോ മാന്‍ ഓഫ് ഇന്‍ഡ്യ’ എന്ന വിശേഷണത്തിന് അര്‍ഹനാവുകയും ചെയ്തു.

രണ്ട് ചെടികളുടെ കോശങ്ങളെ യോജിപ്പിച്ച് ഒരു പുതിയ ചെടിക്ക് രൂപം കൊടുക്കുന്ന രീതിയാണ് ഗ്രാഫ്റ്റിംഗ്. ചുരുക്കിപ്പറഞ്ഞാല്‍ ഗ്രാഫ്റ്റിംഗ് ഒരു സസ്യപ്രജനന മാര്‍ഗ്ഗമാണ്. ഒട്ടിക്കല്‍ എന്നു മലയാളത്തില്‍ അറിയപ്പെടുന്നു. ചെടികളുടെ അഥവാ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ ഒട്ടിക്കുന്ന രീതിയാണിത്. ഒട്ടിക്കുന്ന ശിഖരത്തെ ഒട്ടുകമ്പ് (സയണ്‍) എന്നു പറയുന്നു. ഒട്ടിച്ചു ചേര്‍ക്കുന്ന വേരോടു കൂടിയ ചെടിയെ മൂല കാണ്ഡം (റൂട്ട് സ്റ്റോക്ക് ) എന്നും പറയുന്നു. ഗ്രാഫ്റ്റിംഗിലൂടെ ഒരു സങ്കരയിനം രൂപമെടുക്കുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ആഭ്യന്തര, കയറ്റുമതി വിപണിയിലെ നിയന്ത്രണങ്ങള്‍ ഖാനെ പോലുള്ള വന്‍കിട കര്‍ഷകരുടെ ആശങ്കയ്ക്കു കാരണമായിട്ടുണ്ടെങ്കിലും നല്ലൊരു നാളെയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇപ്പോഴും.

“ഒരു വന്‍ വിപത്തിനെ നേരിടുന്ന രാജ്യത്തെ സഹായിക്കാന്‍ നാമെല്ലാവരും ഒത്തു ചേര്‍ന്നു നമ്മുടെ കഴിവിന്‍റെ പരമാവധി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വിപണിയിലെ പ്രതികൂല സാഹചര്യം തീര്‍ച്ചയായും ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ, ക്ഷമയോടെയും ശ്രദ്ധയോടെയുമുള്ള കാത്തിരിപ്പിലൂടെയും ഈ പ്രതിസന്ധിയെ മറികടക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഖാന്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: അഞ്ചേക്കറില്‍ റബര്‍ വെട്ടി മൂവാണ്ടന്‍ മാവ് വെച്ചപ്പോള്‍ തോമസ് മാത്യു ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങള്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം