(Photo source)

എന്തുകൊണ്ടാണ് വെട്ടുകിളികള്‍ മുന്‍പൊന്നുമില്ലാത്ത വിധം ഇന്‍ഡ്യയെ ആക്രമിക്കുന്നത്? വിദഗ്ധന്‍ വ്യക്തമാക്കുന്നു

ഒരു ചതുരശ്ര കിലോമീറ്റര്‍ വലുപ്പമുള്ള വെട്ടുകിളിക്കൂട്ടത്തിന് ഒറ്റ ദിവസം കൊണ്ട് 35,000 പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം നശിപ്പിക്കാന്‍ വെട്ടുകിളിക്കൂട്ടങ്ങള്‍ക്ക് കഴിയും.

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ ആക്രമണം നടത്തിയ ശേഷം, ഡെസേര്‍ട്ട് ലോക്കസ്റ്റ് എന്നയിനം വെട്ടുക്കിളികളുടെ കൂട്ടം മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു.

പുല്‍ച്ചാടികളുടെ വര്‍ഗ്ഗത്തില്‍ പെടുന്ന അവയേക്കാള്‍ വലുപ്പമുള്ള ഒരിനം ജീവികളാണീ വെട്ടുകിളികള്‍. ഇതില്‍ ഡെസേര്‍ട്ട് ലോക്കസ്റ്റുകളുടെ സാധാരണ വലിപ്പം 7.5 സെന്‍റിമീറ്ററാണ്. വടക്കന്‍ ആഫ്രിക്ക, മധ്യ പൗരസ്ത്യ രാജ്യങ്ങള്‍, ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

(Photo source)

എല്ലാ വര്‍ഷവും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണു ഈ വെട്ടുകളികള്‍ ധാന്യവിളകളെയും തോട്ടങ്ങളെയും ആക്രമിക്കുന്നത്. ചെറിയ ഒറ്റപ്പെട്ടതുമായ സംഘങ്ങളായിട്ടാണ് ഇവയെ കൂടുതലും കാണാറുള്ളത്. എന്നിരുന്നാലും, കാലാവസ്ഥ വ്യതിയാനം കാരണം, ദേശാടനം നടത്തുന്ന ഈ പ്രാണികള്‍ ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ മുന്‍പെന്നത്തേക്കാളുമേറെ  ഇപ്പോള്‍ നാശമുണ്ടാക്കുന്നുണ്ട്.

“1993-ല്‍, ഏകദേശം 27 വര്‍ഷം മുമ്പാണ്, ഇത്തരത്തില്‍ വളരെ വേഗത്തിലും വലിയ തോതിലുമുള്ള വെട്ടുകിളി ആക്രമണം രാജ്യത്ത് ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ക്ക് ഒരു സ്ഥിരം രീതിയില്ല. മാത്രമല്ല, വെട്ടുകിളികളുള്ള പ്രദേശങ്ങളിലെ മഴയുടെ അനിശ്ചിതത്വവും കണക്കിലെടുക്കുമ്പോള്‍ ഇവ ഏത് പ്രദേശത്തേക്ക് പ്രവേശിക്കുമെന്നത് പ്രവചിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാല്‍, കീടനാശിനികള്‍ തളിച്ച് വെട്ടുകിളി ആക്രമണം നിയന്ത്രിക്കുക എന്നതാണ് പരിഹാരം,” ലോക്കസ്റ്റ് വാണിംഗ് ഓര്‍ഗനൈസേഷനിലെ പ്ലാന്‍റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ. എം. ഭാരിയ പറയുന്നു.

ലോകത്തിലെ ഏറ്റവും അപകടകാരിയായ ദേശാടന (migratory) പ്രാണിയായി അറിയപ്പെടുന്ന വിഭാഗമാണു ഡെസേര്‍ട്ട് ലോക്കസ്റ്റുകള്‍. ഇവ സാധാരണ വെട്ടുകിളികളില്‍നിന്നും വ്യത്യസ്തമാണ്. കാരണം, അവയുടെ സ്വഭാവവും ശീലങ്ങളും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു മാറ്റാന്‍ അവയ്ക്കു സാധിക്കും. അതു കൂടാതെ ദൂരദേശങ്ങളിലേക്ക് കുടിയേറാനും കഴിയും.


രണ്ട് വലിയ പിന്‍കാലുകളുള്ള ഈ പ്രാണികള്‍ വലിയ കൂട്ടങ്ങളായി നീങ്ങുകയും ദിവസവും അവയുടെ തൂക്കത്തിന്‍റെ അത്രയും അളവിലുള്ള ധാന്യവിളകള്‍ തിന്നുതീര്‍ക്കുകയും ചെയ്യും. സാധാരണ ഇവയ്ക്ക് രണ്ട് ഗ്രാം വരെയാണു തൂക്കം വരുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ വെട്ടുകിളികള്‍ രാജസ്ഥാനിലെ അഞ്ച് ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കിയതായിട്ടാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതുവഴി നൂറുകണക്കിനു കര്‍ഷകരുടെ ഉപജീവനത്തെ ബാധിക്കുകയും ചെയ്തു.

ഏതാനും മാസങ്ങളായി ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും വെട്ടുകിളികളുടെ ആക്രമണത്തെ തുടര്‍ന്നു കൃഷി നാശം നേരിടുകയാണ്. 2019 ഡിസംബറില്‍ ഗുജറാത്തില്‍ 25,000-ാളം ഹെക്ടറില്‍ വ്യാപിച്ചു കിടന്ന വിളകളെ വെട്ടുകിളികള്‍ നശിപ്പിച്ചിരുന്നു.

ഒരു ചതുരശ്ര കിലോമീറ്ററില്‍ 40 ദശലക്ഷം വെട്ടുകിളികള്‍ വരെ ഉണ്ടാകാം. അവയുടെ വലുപ്പവും എണ്ണവും വ്യത്യാസപ്പെടുകയും ചെയ്യാം. ഒരു ച.കിലോമീറ്റര്‍ വലുപ്പമുള്ള വെട്ടുകിളിക്കൂട്ടത്തിന് ഒരു ദിവസം 35,000 പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം അവയ്ക്കു നശിപ്പിക്കാനും സാധിക്കുമെന്നു ഐക്യരാഷ്ട്രസഭ(യു എന്‍)യുടെ കീഴിലുള്ള സംഘടനയായ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു.

(Photo source)

“കര്‍ഷകര്‍ എല്ലായ്പ്പോഴും ഇത്തരം പ്രകൃതിദുരന്തങ്ങളുടെ ഇരകളാണ്, വെട്ടുകിളി ആക്രമണത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതം ഇപ്പോള്‍ അവര്‍ അനുഭവിക്കുകയും ചെയ്യുന്നു. വിളനഷ്ടത്തോടൊപ്പം കനത്ത സാമ്പത്തിക നഷ്ടവുമാണ് അവരെ കാത്തിരിക്കുന്നത്,” കര്‍ഷകര്‍ നേരിടുന്ന തിരിച്ചടിയെക്കുറിച്ച് ഭാരിയ പറഞ്ഞു.

വരണ്ട കാലാവസ്ഥയെത്തുടര്‍ന്നുവരുന്ന പച്ചപ്പുകളെ വെട്ടുകിളികള്‍ കൂട്ടത്തോടെയെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തിന്നു നശിപ്പിക്കാറുണ്ട്. മഴക്കാലത്താണ് ഇവയുടെ പുനരുല്‍പ്പാദനം നടക്കുന്നത്. വെട്ടുകിളികള്‍ ജീവിക്കുന്ന ആവാസവ്യവസ്ഥയില്‍ ആവശ്യത്തിന് പച്ചപ്പും അഥവാ സസ്യങ്ങളും അനുകൂലമായ ഊഷ്മാവും, ഈര്‍പ്പവും ഉണ്ടെങ്കില്‍ അവയുടെ വംശവര്‍ധനയ്ക്കു വേഗത കൂടുകയും ചെയ്യും.

“തനിച്ചു കഴിയുന്ന ഒരു പെണ്‍ വെട്ടുകിളി 95 മുതല്‍ 158 വരെ മുട്ടകള്‍ ഇടുന്നു. എന്നാല്‍ പറ്റംപറ്റമായി അഥവാ കൂട്ടംകൂട്ടമായി ജീവിക്കുന്ന പെണ്‍ വെട്ടുകിളികള്‍ 80 മുട്ടകളാണ് ഇടുന്നത്. ഒരു പെണ്‍ വെട്ടുകിളിക്ക് അവരുടെ ജീവിതകാലത്ത് കുറഞ്ഞത് മൂന്നു തവണയെങ്കിലും, ഏകദേശം 6-11 ദിവസത്തെ ഇടവേളകളില്‍ മുട്ടയിടാന്‍ സാധിക്കും. ഒരു ചതുരശ്ര മീറ്ററില്‍ 1,000 മുട്ടത്തോടുകള്‍ വരെ കണ്ടെത്തിയതായി,” ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു.

കോവിഡ്-19 മൂലമുണ്ടായ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഇതിനകം തന്നെ കര്‍ഷകരുടെ ഭക്ഷ്യ-സാമ്പത്തിക സുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തുന്നതിനിടയിലാണ് വെട്ടുകിളി ആക്രമണവും. ഇത് കര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.

ദുരിതബാധിത സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച ഡല്‍ഹിക്കും മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

ഇന്‍ഡ്യയിലെ ആക്രമണവും വ്യാപനവും

ആഫ്രിക്കന്‍ രാജ്യങ്ങളും അറേബ്യന്‍ ഉപഭൂഖണ്ഡവുമാണ് ഡെസേര്‍ട്ട് ലോക്കസ്റ്റുകളുടെ സ്വദേശം. അവ പച്ചപ്പും ഈര്‍പ്പവും തേടി ഇറങ്ങി. അങ്ങനെയാണ് ഇറാനിലും പാകിസ്ഥാനിലും എത്തിച്ചേര്‍ന്നത്, പിന്നീട് ഇന്‍ഡ്യയിലും.

അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ 2018-ല്‍ തുടര്‍ച്ചയായി രണ്ട് ചുഴലിക്കാറ്റുകളുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ വെട്ടുകിളികള്‍ക്കു പുനരുല്‍പാദനത്തിന് അനുകൂല സാഹചര്യമുണ്ടായി. അവയുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും പിന്നീട് വലിയ തോതില്‍ ഇന്‍ഡ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു വെട്ടുകിളികളുടെ കുടിയേറ്റമുണ്ടാവുകയും ചെയ്തു.

കഴിഞ്ഞ ഏപ്രിലില്‍ പാകിസ്ഥാനിലെ 40 ശതമാനം വിളകളും നശിപ്പിച്ച ശേഷം, കനത്ത മഴയുടെയും ചുഴലിക്കാറ്റിന്‍റെയും പശ്ചാത്തലത്തില്‍ 2019-ല്‍ ഇന്‍ഡ്യയില്‍ വെട്ടുകിളികള്‍ പ്രവേശിക്കുകയായിരുന്നു.

(Photo source)

“കിഴക്കന്‍ ആഫ്രിക്കയിലും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലുമുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് വെട്ടുകിളി ശല്യം പൊട്ടിപ്പുറപ്പെട്ടത്. കനത്ത മഴ വരണ്ട പ്രദേശങ്ങളില്‍ സസ്യങ്ങളുടെ വളര്‍ച്ചയ്ക്കും വെട്ടുകിളികള്‍ക്ക് പ്രജനനം നടത്താനും കാരണമാകുന്നു. അതിനു പുറമേ ആഗോളതാപനത്തെ തുടര്‍ന്ന് അന്തരീക്ഷ താപനില ഉയരുന്നത് ഇന്‍ഡ്യന്‍ മഹാസമുദ്രത്തെ ചൂടാക്കുകയും ചെയ്തെ്ന്നു,” ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റീരിയോളജിയിലെ (പുനെ) കാലാവസ്ഥ ശാസ്ത്രജ്ഞനായ റോക്സി മാത്യു കോള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു.

എന്തുചെയ്യാന്‍ കഴിയും

കര്‍ശനജാഗ്രത പുലര്‍ത്തിയും, കീടനാശിനികള്‍ അല്ലെങ്കില്‍ ഒര്‍ഗാനോ ഫോസ്ഫേറ്റ് രാസവസ്തുക്കള്‍ തളിക്കുന്നതടക്കമുള്ള അടിസ്ഥാന നടപടികള്‍ സ്വീകരിച്ചു കൊണ്ടും വെട്ടുകിളികളെ നിയന്ത്രിക്കാന്‍ സാധിക്കും.

“ആകാശ മാര്‍ഗത്തിലൂടെ (aerial)യും ഉപരിതലത്തില്‍ (on ground)  വാഹനങ്ങളിലൂടെയുമായിരിക്കും കീടനാശിനികള്‍ വളരെ നേര്‍പ്പിച്ച ഡോസുകളില്‍ (ulv-ultra low volume) തളിക്കേണ്ടത്,” ഭാരിയ പറയുന്നു.


ഇതുകൂടി വായിക്കാം: ഏഴ് കുളങ്ങള്‍ കുത്തി കൊയ്പ്പയെ തുരത്തി; മീനും പച്ചക്കറിയും വെറ്റിലയുമായി ചൊരിമണലില്‍ ഷാജിയുടെ കൃഷിവിജയം


ഗവണ്‍മെന്‍റിന്‍റെ അടിയന്തര പദ്ധതി പ്രകാരം, മലത്തിയോണ്‍ എന്ന കീടനാശിനി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. മലാത്തയോണ്‍ ഒരു ലിറ്ററുണ്ടെങ്കില്‍ ഒരു ഹെക്ടറില്‍ വെട്ടുകിളികളെ തുരത്താനാകും.

“വെട്ടുകിളികളുടെ ഒരു സ്വഭാവരീതിയെന്താണെന്നു വച്ചാല്‍ അവ ഭൂരിഭാഗവും രാത്രിയില്‍ മരങ്ങളിലാണു വസിക്കുന്നത്. ആ സമയത്താണു കീടനാശിനി തളിക്കേണ്ടത്. 100 ലിറ്റര്‍ വരെ വഹിക്കാന്‍ ശേഷിയുള്ള സ്പ്രേയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ചായിരിക്കണം കീടനാശിനി തളിക്കേണ്ടത്. കീടനാശിനി തളിക്കാനായി ട്രാക്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്പ്രേയറുകളുള്ള കര്‍ഷകരുമായും ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. ഇതിനു പുറമേ വലിയ മരങ്ങളില്‍ കീടനാശിനി സ്പ്രേ ചെയ്യാന്‍ കഴിയുന്നതിനാല്‍ അഗ്‌നിശമന സേനയെയും സഹകരിപ്പിക്കുന്നുണ്ട്,”ഭാരിയ പറഞ്ഞു.

(Photo source)

ഈ വര്‍ഷം വെട്ടുകിളി ആക്രമണത്തിന്‍റെ സ്വഭാവം മാരകമാണ്. ഇതിനെതിരേ പോരാട്ടം നടത്തുന്നതിന് ഇന്‍ഡ്യ ആദ്യമായി ഡ്രോണുകളും വിമാനങ്ങളും ഉപയോഗിക്കുമെന്ന് അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി പ്രൊജക്റ്റ് ഡയറക്ടര്‍ ബി.ആര്‍. കാര്‍വേ പറഞ്ഞു.

അതേസമയം, വരും ആഴ്ചകളില്‍ ആക്രമണം വര്‍ധിക്കുമെന്നാണു ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. 90 രാജ്യങ്ങളിലായി 45 ചതുരശ്ര കിലോമീറ്ററോളം വരുന്ന പ്രദേശം വെട്ടുകിളിയുടെ ആക്രമണ ഭീഷണിയിലാണ്. അത്തരം അപകടകരമായ സമയങ്ങളില്‍, അവയെ പ്രതിരോധിക്കാന്‍ കീടനാശിനികളും, രാസവസ്തുക്കളും മതിയാകുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പെട്ടെന്നുള്ള, തീവ്രമായ കാലാവസ്ഥ വ്യതിയാനം തടയാന്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സമഗ്രമായ പദ്ധതി ആവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം:സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്‍  


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം