കമ്പത്തെ 30 ഏക്കര്‍ തരിശില്‍ 6,000 കാട്ടുമരങ്ങളും ആയിരക്കണക്കിന് ഫലവൃക്ഷങ്ങളുമുള്ള പഴങ്ങളുടെ പറുദീസയൊരുക്കിയ മലയാളി

600 മുള്ളാത്ത, 300 പ്ലാവുകള്‍, 300-ലേറെ പേരകള്‍, 2000-ലേറെ പപ്പായ, അഞ്ചിനങ്ങളിലായി 200-ലേറെ ചാമ്പകള്‍, 400 കസ്റ്റാര്‍ഡ് ആപ്പിള്‍, പിന്നെ കുറേയധികം മുളകളുമുണ്ട് ഈ ജൈവഭക്ഷ്യവനത്തില്‍

ര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തുകാരന്‍ കുര്യന്‍ ജോസ് തമിഴ് നാട്ടിലെ തേനിയിലെ കമ്പം താഴ്വരയില്‍ 30 ഏക്കര്‍ ഭൂമി വാങ്ങി.

കമ്പത്തേയും തേനിയിലേയും കാര്‍ഷികഗ്രാമങ്ങള്‍ മുന്തിരിത്തോപ്പുകള്‍ക്കും പച്ചക്കറിപ്പാടങ്ങള്‍ക്കും പ്രശസ്തമാണെങ്കിലും കുര്യന്‍ കമ്പത്തെ മേലേ ഗൂഡല്ലൂരില്‍ വാങ്ങിയ ഭൂമി വെറും തരിശായിരുന്നു.


വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം

അവിടെ ആകെയുണ്ടായിരുന്നത് ഒരു ആര്യവേപ്പിന്‍റെ തൈ മാത്രമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

കുര്യന്‍റെ തോട്ടത്തിലേക്ക്…

വര്‍ഷങ്ങള്‍ക്കിപ്പുറം അവിടെ ആ ആര്യവേപ്പ് വളര്‍ന്നുവലുതായി നില്‍പ്പുണ്ട്. പക്ഷേ, അതു തനിച്ചല്ല. 6,000-ത്തിലധികം കാട്ടുമരങ്ങളും  ആയിരക്കണക്കിന് ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും മുളയുമൊക്കെയുള്ള സുന്ദരമായ ഒരു തോട്ടമായി കുര്യന്‍ അതിനെ മാറ്റിയെടുത്തു.

കമ്പത്തെ കര്‍ഷകരുടെയും തൊഴിലാളികളുടേയും സഹായത്തോടെ പതിമൂന്ന് വര്‍ഷം നീണ്ട പരിശ്രമം അതിന് പിന്നിലുണ്ട്.

കുര്യന്‍റെ ഹാര്‍വെസ്റ്റ് ഫ്രെഷ് ഫാമിനകത്തേക്ക് കടന്നാല്‍ ഇരുവശങ്ങളിലുമായി കുറേ പനകള്‍. അതിന്‍റെ തണലിലൂടെ അകത്തേക്ക് നടന്നാല്‍ മാതളത്തോട്ടം പൂത്തതും ചാമ്പ കായ്ച്ചു നില്‍ക്കുന്നതും കാണാം. പൂര്‍ണ്ണമായും ജൈവരീതിയില്‍ വിളയിച്ചെടുത്ത പഴങ്ങള്‍ രുചിച്ചുനോക്കുകയും ആവാം.

കൃഷിയോടുള്ള താല്‍പര്യമാണ് ഇങ്ങനെയൊരു ഫാം തുടങ്ങുന്നതിന് പിന്നിലെന്ന് കുര്യന്‍ ജോസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

കുര്യന്‍ ജോസ്

“ആ ഇഷ്ടത്തോടെയാണ് പത്ത് വര്‍ഷം മുന്‍പ് കമ്പത്ത് കുറച്ച് ഭൂമി വാങ്ങിക്കുന്നത്. പലരില്‍ നിന്നായി വാങ്ങിയതാണ് ഭൂമി. ഇതൊരു തരിശ് ഭൂമിയായിരുന്നു. പ്രത്യേകിച്ച് ഒരു ചെടിയും ഇതില്‍ ഇല്ലായിരുന്നു. ഇവിടേക്ക് തൈകളും ചെടികളുമൊക്കെ കൊണ്ടുവന്നു നട്ടു പിടിപ്പിക്കുകയായിരുന്നു.

“കൃത്യമായ പദ്ധതിയും ലേ-ഔട്ടുമൊക്കെ മനസിലുണ്ടായിരുന്നു. ചെടികളും വ‍ൃക്ഷത്തേകളും നടേണ്ടതിനെക്കുറിച്ചും തോട്ടം എവിടെയാകണമെന്നും പറമ്പിലെ വെള്ളം ഒഴുകി പോകേണ്ടതിനെക്കുറിച്ചെല്ലാം ആലോചിച്ച് ഡിസൈന്‍ ചെയ്തു. അങ്ങനെയാണ് തുടക്കം,” കുര്യന്‍ പറയുന്നു.

പാലായില്‍ നിന്നു എറണാകുളത്ത് സ്ഥിരതാമസമാക്കിയവരാണ് കുര്യനും കുടുംബവും. ബിസിനസ് ആവശ്യങ്ങള്‍ക്കായി മധുരയിലേക്ക് പോയിക്കൊണ്ടിരുന്നത് കമ്പം-തേനി റൂട്ടിലായിരുന്നു. ഈ പ്രദേശത്തിന്‍റെ ഗ്രാമീണ സൗന്ദര്യം കണ്ടുമോഹിച്ചാണ് അവിടെ കുറച്ചു സ്ഥലം വാങ്ങിക്കാനാഗ്രഹിച്ചതും.

ഹാര്‍വെസ്റ്റ് ഫ്രെഷിലെ കാഴ്ചകള്‍

“ആദ്യം ആ ഭൂമിക്ക് ചുറ്റും വേലി കെട്ടി. മണ്ണ് നന്നാക്കിയെടുത്തതിന് ശേഷം വഴി വെട്ടി പ്ലോട്ടുകള്‍ തിരിക്കുകയായിരുന്നു. പുണ്യാളന്‍മാരുടെ പേരാണ് ഓരോ ഭാഗത്തിനും നല്‍കിയത്. ഇതിനൊക്കെ ശേഷം ഡ്രിപ്പ് ഇറിഗേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തി. അതിനു ശേഷമാണ് തൈകളൊക്കെ നട്ടുതുടങ്ങുന്നത്.”

പലതരം ഫലവ‍ൃക്ഷങ്ങളും തെങ്ങുകളും ചെടികളും മാത്രമല്ല കോഴിയും പശുവും ഔഷധസസ്യങ്ങളുമുണ്ട് ഫാമില്‍.

“ഇത്രയും കാലം കൊണ്ട് രണ്ടര ഏക്കറിലൊരു കാടും കൂടി നിര്‍മിച്ചെടുത്തിട്ടുണ്ട്. ആര്യവേപ്പ് മാത്രമുണ്ടായിരുന്ന ഭൂമിയിലാണ് പത്ത് വര്‍ഷം കൊണ്ടു 6000-ലേറെ വൃക്ഷങ്ങളുള്ള കാടുണ്ടാക്കിയെടുത്തത്,” അദ്ദേഹം അഭിമാനത്തോടെ പറയുന്നു.

ഗ്രാമീണ സൗന്ദര്യം അറിഞ്ഞ് കാളവണ്ടിയില്‍… ഹാര്‍വെസ്റ്റ് ഫ്രെഷിലെ കാഴ്ചകള്‍

“കാട് വേണമെന്നതെന്‍റെ ആഗ്രഹമായിരുന്നു. കാട്ടുമരങ്ങളും പൂമരങ്ങളും ഫലവൃക്ഷങ്ങളുമൊക്കെയുണ്ട് ഈ കാട്ടില്‍. തേക്ക്, ഈട്ടി, മഹാഗണി, ചന്ദനം, ആഞ്ഞിലി, തമ്പകം ഇതൊക്കെ നട്ടിട്ടുണ്ട്,” കുര്യന്‍ ആവേശത്തോടെ പറയുന്നു.

“ഇതിന്‍റെയൊക്കെ ചെറിയ തൈകള്‍ കൊണ്ടുവന്നു പറമ്പില്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. ഫാമിലെ ഈ കൊച്ചുകാട്ടിലേക്ക് ഒരുപാട് പക്ഷികളും വരുന്നുണ്ട്. കൂട് കൂട്ടാനും ദേശാടനത്തിനുമൊക്കെയായി പക്ഷികള്‍ കുറേ വരുന്നുണ്ട്.


പക്ഷി നിരീക്ഷണമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടം ഒരിക്കലും നിരാശപ്പെടുത്തില്ല.


ഇതു മാത്രമല്ല മരങ്ങളേറെയുള്ളതു കൊണ്ട് സമീപത്തൊക്കെ ജലലഭ്യതയും വര്‍ധിച്ചിട്ടുണ്ടെന്നു കുര്യന്‍ കൂട്ടിച്ചേര്‍ക്കുന്നു.

1000-ലേറെ തെങ്ങുകള്‍ നിറഞ്ഞു നില്‍ക്കുന്ന തോപ്പുമുണ്ടിവിടെ. “പൂര്‍ണമായും ഇളനീരിന് വേണ്ടിയാണ് തെങ്ങിന്‍ തോപ്പ് പ്രയോജനപ്പെടുത്തുന്നത്. ഈ തെങ്ങുകളുടെ പ്രത്യേകതയും അതിലെ ഇളനീര് തന്നെയാണ്. മുക്കാല്‍ ലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ വെള്ളം വരെ ഒരു ഇളനീരിലുണ്ടാകും.

“ആറു ഇനങ്ങളിലായി 800-ലധികം മാവുകളുണ്ട് തോട്ടത്തില്‍. ഹിമപസന്തും മല്ലികയും അല്‍ഫോണ്‍സ മാമ്പഴവുമൊക്കെ തോട്ടത്തിലുണ്ട്.”

കേരളത്തിലേയും തമിഴ് നാട്ടിലേയും പല നഴ്സറികള്‍ കയറിയിറങ്ങിയാണ് മാവിന്‍ തൈകളൊക്കെ വാങ്ങിച്ചതെന്ന് കുര്യന്‍ പറഞ്ഞു.

“4000-ലേറെ മാതളനാരകമുണ്ട് ഹാര്‍വെസ്റ്റ് ഫ്രഷ് ഫാമില്‍.  മഹാരാഷ്ട്രയില്‍ നിന്നാണ് മാതളം തൈകള്‍ കൊണ്ടു വന്നത്.” ദക്ഷിണേന്‍ഡ്യയില്‍ ഇത്രയും അളവില്‍ മാതളം കൃഷി ചെയ്യുന്ന ഇടം വേറെയില്ല എന്ന് കുര്യന്‍ അവകാശപ്പെടുന്നു. എട്ടേക്കറിലാണ് മാതളകൃഷി.

600 മുള്ളാത്ത, പ്ലാവുകള്‍ 300 എണ്ണം, 300-ലേറെ പേരകള്‍, 2000-ലേറെ പപ്പായ, അഞ്ചിനങ്ങളിലായി 200-ലേറെ ചാമ്പ, 400 കസ്റ്റാര്‍ഡ് ആപ്പിള്‍, പിന്നെ പത്തിനങ്ങളിലായി കുറേയധികം മുളകളും ഫാമിലുണ്ട്.

തോട്ടത്തില്‍ ഇടവിളയായും ഫലവൃക്ഷങ്ങള്‍ നട്ടിട്ടുണ്ട്. സപ്പോട്ട, സീതപ്പഴം, കമ്പിളിനാരകം, പാഷന്‍ഫ്രൂട്ട്, നെല്ലി തുടങ്ങിയവയാണ് ഇടവിളയായി നട്ടിരിക്കുന്നത്.

“ഫലവൃക്ഷങ്ങളിലെ ഫലങ്ങളൊക്കെ ഓര്‍ഗാനിക് സ്റ്റോറിലൂടെയാണ് വിപണിയിലേക്കെത്തിക്കുന്നത്. കേരളത്തില്‍ മാത്രമല്ല ബെംഗളൂരുവിലും ചെന്നൈയിലുമൊക്കെയുള്ള ഓര്‍ഗാനിക് ഷോപ്പുകളിലേക്കാണ് ഫലങ്ങള്‍ നല്‍കുന്നത്.

“ഫാമില്‍ നേരിട്ട് വന്നു വാങ്ങി കൊണ്ടുപോകുന്നവരും ഒരുപാടുണ്ട്.
ലക്ഷ്മിതരൂ, നാഗലിംഗമരം, വാതംകൊല്ലി, തായ്തമ്പകം, നോനി ഇങ്ങനെയുള്ള ഔഷധസസ്യങ്ങളും ഹാര്‍വെസ്റ്റ് ഫ്രഷ് ഫാമിലുണ്ട്.” എന്ന് കുര്യന്‍ ജോസ്.

മാതാളത്തോട്ടത്തില്‍ നിന്ന്

“ഈ മേഖലയില്‍ വെള്ളത്തിന് ബുദ്ധിമുട്ടൊന്നും ഇല്ല മുല്ലപ്പെരിയാര്‍ ഇവിടെ അടുത്ത് തന്നെയാണ്. ഇതിനൊപ്പം കൃഷിയൊരു പാഷനാണ്. ഇതൊക്കെയാണ് ഇങ്ങനെയൊരു ഫാമിലേക്കെത്തിച്ചത്.”  കൃഷിക്ക് മാത്രമല്ല ഫാം ടൂറിസത്തിനും പ്രാധാന്യം നല്‍കുന്നുണ്ട് കുര്യന്‍ ജോസ്.

“തേക്കടി ഇവിടെ നിന്ന് ഏറെ അകലെയല്ല. അവിടെ വരുന്നവര്‍ക്ക് എളുപ്പത്തില്‍ ഇവിടേക്ക് എത്തിച്ചേരാനാകും.


ഇതുകൂടി വായിക്കാം:ബെംഗളുരുവിനടുത്ത് 40 ഏക്കര്‍ തരിശുഭൂമിയില്‍ ജൈവ ഭക്ഷ്യവനം, 150-ലേറെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍! മലയാളി ടെക്കികളുടെ 5 വര്‍ഷത്തെ പരിശ്രമം


“ഒരു ദിവസത്തെ യാത്ര പോലെ ഫാമും കൃഷിയുമൊക്കെ കണ്ടുപോകാം. അല്ലെങ്കില്‍ ഫാമില്‍ താമസിച്ചും ഇതൊക്കെ കാണാം,” കുര്യന്‍ ക്ഷണിക്കുന്നു.

കൃഷി അടുത്തറിയാം കൃഷിപ്പണിയിലും വിളവെടുപ്പിലും പങ്കുചേരാം.  ഹാര്‍വെസ്റ്റ് ഫ്രഷ് ഫാമിലെ കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്ക് കാളവണ്ടിയിലോ ട്രാക്റ്ററിലോ ജീപ്പിലോ യാത്ര ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഫാമിലെ കോട്ടേജ്

ഫാമില്‍ ചുറ്റിക്കറങ്ങാന്‍ സൈക്കിളുകളുമുണ്ട്.  “കൃഷിയെക്കുറിച്ചൊക്കെ പറഞ്ഞു കൊടുക്കുന്നതിന് ഗൈഡിന്‍റെ സഹായവുമുണ്ടാകും. താമസിക്കുന്നതിന് മൂന്നു കിടപ്പുമുറികളോട് കൂടിയ ഫാം ഹൗസ് ഉണ്ട്.

“രണ്ടോ മൂന്നോ കുടുംബത്തിന് താമസിക്കാം. വലിയ ഗ്രൂപ്പുകളാണ് വരുന്നതെങ്കില്‍, അവര്‍ പകല്‍നേരം കാഴ്ചകളൊക്കെ കണ്ട് മടങ്ങുകയാണ് പതിവ്. കുടുംബവുമായി വരുന്നവരൊക്കെ താമസിക്കാറുമുണ്ട്,” കുര്യന്‍ വിശദമാക്കുന്നു.

“പക്കാ കൊമേഴ്സ്യല്‍ രീതിയില്‍ അല്ല താമസസൗകര്യമെന്നത് കൂടുതലാളുകളെ ആകര്‍ഷിക്കുന്നുണ്ട്. സ്വകാര്യതയ്ക്കൊപ്പം കാട്ടിലെ പക്ഷികളെ കാണാം, ചിത്രമെടുക്കാം, നല്ല രുചിയുള്ള ഭക്ഷണവും കഴിക്കാം.”

ഈ ഫാം ഹൗസില്‍ തിരക്കും ബഹളവുമൊന്നും ഇല്ല. ശാന്തമായ അന്തരീക്ഷമായതുകൊണ്ട്  എഴുത്തുകാരൊക്കെ വരാറുണ്ടെന്ന് കുര്യന്‍.

“കാളവണ്ടി തന്നെയാണ് ഫാമിന്‍റെ മുഖ്യ ആകര്‍ഷണം. കാളവണ്ടിയ്ക്കും ട്രാക്റ്റര്‍ സഞ്ചാരത്തിനുമൊക്കെ ഈ നാട്ടുകാരെയാണ് പ്രയോജനപ്പെടുത്തുന്നത്. ഇതിനു വേണ്ടി മാത്രമല്ല ഫാമിലെ കൃഷിപ്പണിക്കും മറ്റും കമ്പത്തെ കര്‍ഷകരെയാണ് വിളിക്കുന്നത്.”  അങ്ങനെ നാട്ടുകാര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കുര്യന് കഴിഞ്ഞു.

ഔഷധസസ്യങ്ങള്‍ ഉള്‍പ്പടെ പലതരം ചെടികളുടെ നഴ്സറിയും ഫാമിലുണ്ട്.

വലിയ അളവില്‍ പച്ചക്കറി കൃഷി ചെയ്തു വിപണിയിലേക്ക് നല്‍കുന്നില്ല. ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണം തയാറാക്കാനാണ് പച്ചക്കറി കൃഷി ചെയ്യുന്നതെന്നു കുര്യന്‍.

ഫാമില്‍ ജലം സംരക്ഷിക്കുന്നതിന് മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനോട് ചേര്‍ന്ന് മത്സ്യകൃഷിയുമുണ്ട്. ഈ കുളങ്ങളില്‍ നിന്നുള്ള മീനാണ് സന്ദര്‍ശകരുടെ മുന്നില്‍ വിഭവങ്ങളായി എത്തുന്നതും.

“പൂര്‍ണമായും ജൈവകൃഷിയാണ്. അതിന് വേണ്ടി 12 പശുക്കളെ വളര്‍ത്തുന്നുണ്ട്. ചാണകവും ഗോമൂത്രവുമൊക്കെയാണ് വളമായി ഉപയോഗിക്കുന്നത്. ജീവാമൃതവും പഞ്ചഗവ്യവും കംപോസ്റ്റുമൊക്കെ ഇവിടെത്തന്നെയാണ് ഉണ്ടാക്കുന്നത്.”

ബയോഗ്യാസ് പ്ലാന്‍റുമുണ്ട്. അതുകൊണ്ട് മാലിന്യസംസ്കരണ പ്രശ്നങ്ങളൊന്നുമില്ല. ഇവിടുത്തെ പാചകത്തിനൊക്കെ ബയോഗ്യാസാണ് ഉപയോഗിക്കുന്നത്.

നാടന്‍ കോഴികള്‍, വാത്ത, ഗിനിക്കോഴികള്‍, താറാവുകള്‍, കരിങ്കോഴികള്‍… അങ്ങനെ പലയിനം പക്ഷികള്‍ നിറഞ്ഞതാണ് പൗള്‍ടി ഫാം. പറമ്പില്‍ തുറന്നുവിട്ടിരിക്കുകയാണ് ഇവയെ. ചുറ്റും നെറ്റ് കൊണ്ട് വേലി പണിതിട്ടുണ്ട്. അതുകൊണ്ട് അതിനുള്ളില്‍ സുരക്ഷിതമായും സ്വതന്ത്രമായും അവ ജീവിക്കുന്നു.

കമ്പം താഴ്വരയിലെ ലോവര്‍ ക്യാംപില്‍ നിന്ന് 3 കിലോമീറ്റര്‍ അകത്തേക്ക് സഞ്ചരിച്ചാല്‍ ഫാമിലേക്കെത്താം.

രമയാണ് കുര്യന്‍റെ ഭാര്യ. കാതറിന്‍, ജെസീക്ക, ഹന്നാന്‍ എന്നിവരാണ് മക്കള്‍. കുടുംബത്തിന്‍റെ പൂര്‍ണ്ണ പിന്തുണ ഈ പ്രോജക്റ്റിന് പിന്നിലുണ്ടെന്ന് കുര്യന്‍ ജോസ് പറയുന്നു.  “ഇവര്‍ക്കും കൃഷിയൊക്കെ ഇഷ്ടമാണ്. ഒഴിവ് സമയങ്ങളില്‍ ഇവരും ഫാമിലേക്ക് വരും,” അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ട ഈ ജൈവകൃഷിയിടത്തിലെ ഫാം ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് സൗത്ത് ഏഷ്യന്‍  ട്രാവല്‍ അവാര്‍ഡ്സ് തുടര്‍ച്ചയായി നാല് തവണ കിട്ടിയിട്ടുണ്ട്.

***
ഹാര്‍വെസ്റ്റ് ഫ്രെഷ് ഫാമിലെത്താന്‍: തേക്കടിയില്‍ നിന്നും അരമണിക്കൂര്‍ യാത്രയില്ല (15 കിലോമീറ്റര്‍). ലോവര്‍ ക്യാംപ്, മേലേ ഗൂഡല്ലൂര്‍. ഫോണ്‍  917558867799, 099952 22563
മാപ്പില്‍ നോക്കാം.  വെബ്സൈറ്റ് ലിങ്ക് ഇവിടെ
ഫോട്ടോകള്‍ക്ക് കടപ്പാട്: Harvest Fresh Farms/ Facebook

ഇതുകൂടി വായിക്കാം:സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്‍  


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം