ഏഴ് കുളങ്ങള്‍ കുത്തി കൊയ്പ്പയെ തുരത്തി; മീനും പച്ചക്കറിയും വെറ്റിലയുമായി ചൊരിമണലില്‍ ഷാജിയുടെ കൃഷിവിജയം

ഒന്നും രണ്ടുമല്ല ഒരേക്കര്‍ പറമ്പില്‍ ചെറുതും വലുതുമായി ഏഴ് കുളങ്ങള്‍.

കൊയ്പ്പ (കൊഴുപ്പച്ചീര) ഇല്ലേ… കാണാന്‍ ഭംഗിയുള്ള കുഞ്ഞിതളുകുള്ള കൊയ്പ്പച്ചെടികള്‍. കാണാന്‍ മാത്രമല്ല തേങ്ങാപ്പീര ചേര്‍ത്തു തോരനുണ്ടാക്കിയാലോ… അടിപൊളിയാണ്.

ചീരത്തോരന്‍ പോലെത്തന്നെ രുചിയിലും ഗുണത്തിലും കേമന്‍ തന്നെ. പക്ഷേ, പാടത്ത് ഒരു കുഞ്ഞു തൈ പോലും നടാന്‍ പോലും ഇടം തരാതെ കൊയ്പ്പച്ചെടികള്‍ പടര്‍ന്നാല്‍  എന്തു ചെയ്യാനാണ്. തോരന്‍ വെച്ച് കഴിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ!? പശുവും പോത്തുമൊക്കെയുണ്ടെങ്കില്‍ അരിഞ്ഞിട്ടുകൊടുക്കാം.

ചേര്‍ത്തലക്കാരന്‍ വല്യവീട്ടില്‍ ഷാജിയുടെ പറമ്പില്‍ അതാണ് സംഭവിച്ചത്. എത്ര വെട്ടിക്കൂട്ടിയാലും കൊയ്പ്പ കൂടുതല്‍ ആവേശത്തോടെ പടര്‍ന്ന് അവിടെയാകെ വ്യാപിക്കും.


നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com

അങ്ങനെ കൊയ്പ്പ വലിയ കൊഴപ്പമായപ്പോള്‍ ആ ശല്യം ഒഴിവാക്കാന്‍ ഷാജി പറമ്പ് നിറയെ കുളങ്ങളുണ്ടാക്കി. ഒന്നും രണ്ടുമല്ല, ഒരേക്കറില്‍ ചെറുതും വലുതുമായി ഏഴെണ്ണം!

കുളത്തില്‍ നിറയെ മീനും താറാവുമൊക്കെ കൃഷി ചെയ്തതോടെ കുളങ്ങള്‍ നല്ലൊരു വരുമാനമാര്‍ഗവുമായി. മീനും പച്ചക്കറിയും വെറ്റില കൃഷിയുമൊക്കെയായി തിരക്കിലാണിപ്പോള്‍ ഈ കര്‍ഷകന്‍.

ഷാജിയുടെ കൃഷിത്തോട്ടം

“ജോലിയില്‍ നിന്നു വിരമിച്ചതോടെ കുളവും മീനും പച്ചക്കറിയുമൊക്കെ നോക്കുന്നതിന്‍റെ തിരക്കുകളിലാണിപ്പോള്‍,” ഷാജി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“വീട്ടിലെ കൃഷിയൊക്കെ കണ്ടാണ് വളരുന്നത്. അങ്ങനെ കൃഷിയോടും ഇഷ്ടം തോന്നിയിരുന്നു. അന്നൊക്കെ അച്ഛനെ കൃഷിക്കാര്യങ്ങളില്‍ സഹായിക്കുമായിരുന്നു. അച്ഛനില്‍ നിന്നാണ് പലതും പഠിച്ചത്.

“അച്ഛന്‍ ഹെഡ് മാഷ്  ആയിരുന്നു. അച്ഛനെക്കാള്‍ അമ്മയാണ് അന്ന് താറാവു വളര്‍ത്തലും പച്ചക്കറികള്‍ നടലുമൊക്കെ ചെയ്തിരുന്നത്. വീട്ടിലെ ജോലിത്തിരക്കുകള്‍ക്കിടയിലും അമ്മ ഇതൊക്കെ ആസ്വദിച്ചു ചെയ്യുന്നത് കണ്ടിട്ടുണ്ട്,” ഷാജി ഓര്‍ക്കുന്നു.

വിവാഹശേഷം അദ്ദേഹം തറവാടിന് മുന്നില്‍ തന്നെ വീടുവെച്ചു മാറി താമസിച്ചു.  കൃഷി അപ്പോഴും വിട്ടില്ല.

“ഒരേക്കര്‍ സ്ഥലമുണ്ടിവിടെ. ചതുപ്പ് നിലം പോലെയായിരുന്നു. നെല്‍കൃഷി ചെയ്തുകൊണ്ടിരുന്ന ഇടമാണിത്.

“പക്ഷേ പിന്നീട് നെല്ല് കൃഷി ചെയ്യാനാകാതെ വന്നു. കൊയ്പ്പച്ചെടികള്‍ പടര്‍ന്നു പിടിച്ചു. ഈ നാടന്‍ കളയെ നിയന്ത്രിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അതിനെ കളയാന്‍ കുറച്ചു മണ്ണെടുത്തു മാറ്റിയിരുന്നു. പിന്നെപ്പിന്നെ മണ്ണെടുത്തുമാറ്റിയ സ്ഥലം കുളമാക്കിയെടുക്കുകയായിരുന്നു.

“ഏഴെണ്ണത്തില്‍ അഞ്ചു കുളങ്ങളാണ് നിര്‍മ്മിച്ചെടുത്തത്. അഞ്ച് വര്‍ഷം മുന്‍പാണിത് കുഴിക്കുന്നത്. രണ്ടെണ്ണം നേരത്തെയുണ്ടായിരുന്നു.
കുളവും കൃഷിയിടവും വീടുമൊക്കെയായാണ് ഒരേക്കറുള്ളത്.

“കുളമൊഴിച്ചുള്ള സ്ഥലത്തെല്ലാം പലതരം കൃഷിയാണ്. കുളത്തിന്‍റെ വരമ്പുകളിലും പലതും നട്ടു പിടിപ്പിച്ചിട്ടുണ്ട്.

ഇപ്പോ മീന്‍ മാത്രമേ ഈ കുളങ്ങളില്‍ വളര്‍ത്തുന്നുള്ളൂ. കുളങ്ങളില്‍ വലിയ തോതില്‍ മഴവെള്ളം സംഭരിച്ചതോടെ പറമ്പില്‍ എപ്പോഴും കുളിര്‍മ്മയാണ്.

“ഒരു കുളം തറാവു കൃഷി മാത്രമുള്ളതായിരുന്നു. കുറേ താറാവുകളെ വളര്‍ത്തുകയും ചെയ്തിരുന്നു. 40 താറാവുകളെയൊക്കെ ഇവിടെ വളര്‍ത്തിയിരുന്നു. സീസണ്‍ കഴിഞ്ഞപ്പോ താറാവുകളെയൊക്കെ കൊടുത്തു.

“പക്ഷേ പിന്നീട് താറാവുകളെ വാങ്ങാതിരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്.


മലമ്പാമ്പിന്‍റെ ശല്യമുണ്ട് ഇവിടെ. സുരക്ഷിതമല്ലെന്നു കൂടി തോന്നിയതോടെയാണ് താറാവ് ക‍ൃഷി അവസാനിപ്പിച്ചത്.


ഷാജി കൃഷിത്തോട്ടത്തില്‍

മീന്‍കുളത്തില്‍ കാരിയും വരാലുമൊക്കെയാണ് കൃഷി ചെയ്യുന്നത്. മീന്‍തീറ്റ കടയില്‍ നിന്നു വാങ്ങിക്കൊടുക്കുന്നതിനൊപ്പം അരി പകുതി വേവിച്ച് കൊടുക്കാറുമുണ്ട്. കുറച്ചുവെള്ളം താഴ്ന്നു തുടങ്ങുമ്പോള്‍ മീന്‍ പിടിച്ച് നാട്ടുകാര്‍ക്ക് കൊടുക്കും.

“…മിക്കവാറും ഒഴിവ് ദിവസങ്ങളിലൊക്കെയാകും മീന്‍ പിടിക്കുന്നത്. അന്നേരം നാട്ടുകാരൊക്കെ അറിഞ്ഞും കേട്ടും വരും. അല്ലാതെ മീന്‍ വില്‍ക്കാറില്ല.

 മീന്‍ വീശിപ്പിടിക്കാന്‍ ഒരാളുണ്ട്. എനിക്ക് വല വീശാന്‍ അറിയില്ല. ഒരു വല ഒരു കുളത്തില്‍ ഇറക്കിയിടും. എന്നിട്ട് മറ്റു കുളങ്ങളില്‍ നിന്നു പിടിക്കുന്ന മത്സ്യങ്ങളെ ഈ വലയിലേക്ക് മാറ്റും.

“ആവശ്യക്കാര്‍ വരുന്നത് അനുസരിച്ച് കുളത്തില്‍ കിടക്കുന്ന ഈ വലയില്‍ നിന്നാണ് ജീവനോടെ തന്നെ മത്സ്യങ്ങളെ വില്‍ക്കുന്നത്.”

ആയിരത്തിലേറെ വെറ്റില കൊടികളുണ്ട് പറമ്പില്‍. ഫോട്ടോ – (Image for representation only. Photo: pixabay.com)

വെറ്റിലയും പച്ചക്കറികളുമാണ് ഷാജി നട്ടിരിക്കുന്നത്. വെണ്ടയും വഴുതനയും കാച്ചിലും പീച്ചിങ്ങയുമൊക്കെയുണ്ടെങ്കിലും വെറ്റില കൃഷിയാണിവിടെ കൂടുതല്‍.

“വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 15 വര്‍ഷം മുന്‍പാണ് വെറ്റില കൃഷി ആരംഭിക്കുന്നത്. അന്നൊരിക്കല്‍ കുറച്ചു മുനിസിപ്പാലിറ്റി തൊഴിലാളികള്‍ വന്നു, നാട്ടിലെ തോടുകളൊക്കെ വൃത്തിയാക്കാനാണ് അവര്‍ വന്നത്. അവരുമായി സംസാരിച്ച കൂട്ടത്തില്‍, അതിലൊരാള്‍ എന്നോട് പറഞ്ഞു.

“നിങ്ങള്‍ക്ക് വെറ്റില കൃഷി ചെയ്തുകൂടേ… നല്ലതാണ് വെറ്റില കൃഷിയെന്ന്. പുള്ളിക്കാരന്‍ തന്നെ നടാനുള്ള വെറ്റില വള്ളികള്‍ കൊണ്ടുതരികയും ചെയ്തു. അങ്ങനെ വെറ്റില നട്ടു നോക്കുകയായിരുന്നു.

“ഇന്നിപ്പോ ആയിരത്തിലേറെ വെറ്റിലക്കൊടികളുണ്ട് പറമ്പില്‍.

വെറ്റിലയില്‍ നിന്നു തന്നെ എനിക്ക് ജീവിക്കാനുള്ള വരുമാനം കിട്ടുന്നുണ്ട്.

വെറ്റിലയ്ക്കും പച്ചക്കറിക്കുമൊക്കെ ഷാജി ജൈവവളമാണ് നല്‍കുന്നത്.

“വെറ്റില ചെടികളില്‍ ഇടയ്ക്കിടെ ചാണകവെള്ളം തളിക്കാറുണ്ട്. ചാരവും പച്ചിലവളവുമാണ് ഇട്ടു കൊടുക്കുന്നത്. കംപോസ്റ്റ് പച്ചയൊക്കെ നല്ല വളമാണിതിന്. ഇവിടെ തന്നെ പലരും വെറ്റില കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഇത്രയും അളവില്‍ ആരും ചെയ്യുന്നില്ല.


ഇതുകൂടി വായിക്കാം: പഴയ ടെലഫോണ്‍ തൂണുകള്‍ കൊണ്ട് 40 പശുക്കള്‍ക്ക് തൊഴുത്ത്, ചെലവുകുറഞ്ഞ കൃഷിരീതികള്‍…പ്രളയം തകര്‍ത്തിട്ടും വീണുപോകാതെ ഈ കര്‍ഷകനും കുടുംബവും


“കമ്പി വലിച്ചു കെട്ടിയാണ് നേരത്തെ വെറ്റില കൊടി പടര്‍ത്തിയിരുന്നത്. എന്നാലിപ്പോള്‍ ജി ഐ പൈപ്പിലാണ് വള്ളികള്‍ പടര്‍ത്തിയിരിക്കുന്നത്. ഒന്നര ലക്ഷം രൂപ ചെലവാക്കിയാണിത് ചെയ്തത്.

“കമ്പി വലിച്ചു കെട്ടുന്നത്, കുറച്ചു കഴിയുമ്പോള്‍ പൊട്ടി പോകും. ഇതാകുമ്പോള്‍ അങ്ങനെയൊരു പ്രശ്നമില്ലല്ലോ. രണ്ടു വര്‍ഷം മുന്‍പാണ് ഈ രീതി ചെയ്തു നോക്കിയത്,”ഷാജി വിശദമാക്കുന്നു.

മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്നു

നാട്ടില്‍ തന്നെയാണ് അദ്ദേഹം വെറ്റില വില്‍ക്കുന്നത്. പിന്നെ ഹനുമാന്‍ ക്ഷേത്രങ്ങളിലേക്കൊക്കെ വെറ്റിലയെടുക്കും.

“കടക്കാര് തന്നെ വീട്ടില്‍ വന്നു വെറ്റില കൊണ്ടുപോയ്ക്കോളൂം. വെറ്റിലയ്ക്ക് അങ്ങനെ സീസണ്‍ ഒന്നുമില്ല. നഷ്ടം വരാറുമില്ല.”

പാവലും പീച്ചിങ്ങയും കാച്ചിലുമൊക്കെ ഷാജി നട്ടിട്ടുണ്ട്. മുള്ളന്‍ വെള്ളരി നടാനുള്ള ഒരുക്കങ്ങളിലാണിപ്പോള്‍.

“വീടില്‍ നിന്നു കുറച്ചകലെ  15 സെന്‍റ് സ്ഥലമുണ്ട്. ഇവിടെ പകുതിയും വെണ്ട കൃഷിയാണ്. ബാക്കി സ്ഥലത്താണ് മുള്ളന്‍ വെള്ളരി നടാന്‍ പോകുന്നത്. വെറ്റില പോലെ തന്നെ പച്ചക്കറികളും നാട്ടില്‍ തന്നെയാണ് വില്‍ക്കുന്നത്.”


ജൈവവളമിട്ടുണ്ടാക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയുണ്ട്.


അടുത്തുള്ള ജൈവ ഉത്പന്നശാലയിലാണ് പച്ചക്കറികള്‍ വില്‍ക്കുന്നത്.  “ജൈവ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നു നേരിട്ടെടുത്ത് വില്‍ക്കുന്ന കടയാണ്. കൃഷി തുടങ്ങിയ കാലം തൊട്ടേ ഞാനിവിടെയാണ് പച്ചക്കറികള്‍ വില്‍ക്കുന്നത്.

“ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിലപ്പിണ്ണാക്ക് ഇതൊക്കെ ഒരുമിച്ചു ചേര്‍ത്തു കലക്കി നാലഞ്ച് ദിവസം സൂക്ഷിക്കും. ഇടയ്ക്കൊന്ന് ഇളക്കി കൊടുക്കും. ഇതിലേക്ക് ഗോമൂത്രം കൂടി ചേര്‍ത്താണ് തൈകള്‍ക്ക് തളിക്കുന്നത്.

“കൃഷിപ്പണിയൊക്കെ ഞാന്‍ തന്നെയാണ് ചെയ്യുന്നത്. വിളവെടുപ്പിന് ഭാര്യ മോളി സഹായത്തിനുണ്ടാകും,” അദ്ദേഹം പറ‍ഞ്ഞു.

ചേര്‍ത്തല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ക്ലാര്‍ക്ക് ആയിരുന്നു ഷാജി. 31 വര്‍ഷം അവിടെ ജോലി ചെയ്തു. വിരമിച്ചിട്ട് ഒന്നരവര്‍ഷം ആവുന്നു.

“വിരമിക്കാന്‍ സമയമായതോടെ വീണ്ടും കൃഷിയില്‍ സജീവമായി. ജോലിയ്ക്ക് പോകുമ്പോള്‍ അതിരാവിലെ എഴുന്നേറ്റ് കൃഷിയൊക്കെ ചെയ്യും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും പറമ്പിലേക്ക് ഇറങ്ങും. ഇന്നും അതിരാവിലെ ഉണര്‍ന്നു കൃഷിയ്ക്ക് ഇറങ്ങും. ശീലങ്ങളൊന്നും ഇതുവരെ മാറ്റിയിട്ടില്ല.

“രണ്ട് മക്കളുണ്ട്. നിത്യയും നന്ദുവും. മോളുടെ കല്യാണമൊക്കെ കഴിഞ്ഞു. നന്ദുവിന് ചെറിയൊരു ജോലിയുണ്ട്. പക്ഷേ സര്‍ക്കാര്‍ ജോലിയ്ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നു.


ഇതുകൂടി വായിക്കാം: അരലക്ഷം മരങ്ങള്‍ നട്ട പൊലീസുകാരന്‍: മകളുടെ കല്യാണത്തിന് അതിഥികള്‍ക്ക് നല്‍കിയത് ജൈവസദ്യ, സമ്മാനമായി വിത്തുകളും അവൊക്കാഡോ തൈകളും


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം