ജനങ്ങളോടൊപ്പം

ഇരുട്ടിവെളുത്തപ്പോള്‍ സ്ഥലംമാറ്റം കിട്ടി സംഘര്‍ഷ ഭൂമിയില്‍; 3 വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്രാമത്തിന് കലക്റ്ററുടെ പേരിട്ട് നാട്ടുകാരുടെ സ്നേഹം

സ്ഥാനമൊഴിഞ്ഞ ദിവ്യയുടെ പേര് ആദിലാബാദിലുള്ള ഒരു ഗ്രാമത്തിനു നൽകിയാണ് ഗ്രാമവാസികൾ സ്‌നേഹം പ്രകടിപ്പിച്ചത്.

“സംഘര്‍ഷം വ്യാപകമായ അക്രമങ്ങളിലേക്ക് തിരിഞ്ഞപ്പോഴാണ് വളരെ പെട്ടെന്നു തന്നെ എന്നെ അവിടെ ജോലിക്ക് നിയോഗിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം അത് അപ്രതീക്ഷിതമായിരുന്നു. ഞാൻ ചുമതലയേൽക്കുമ്പോൾ വലിയ തോതിൽ ആശങ്ക നിലനിന്നിരുന്നു. ഏറെ സൂക്ഷ്മതയോടെയും  പക്വതയോടെയും കൈകാര്യം ചെയ്യേണ്ട പ്രശ്‌നമായിരുന്നു എനിക്കു മുൻപിലുണ്ടായിരുന്നത്, ” 2017- ഡിസംബറില്‍ തെലങ്കാനയിലെ ആദിലാബാദിൽ ഗോത്ര വിഭാഗക്കാരുടെ ഇടയില്‍ സംഘര്‍ഷം നടക്കുന്നതിനിടയില്‍ അവിടേക്ക്  നിയമനം ലഭിച്ചതിനെക്കുറിച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ ദേവരാജ് ഓർമ്മിക്കുന്നു.

തുറന്ന സംവാദത്തിന്‍റെയും, ചർച്ചകളുടെയും ശക്തിയിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു ദിവ്യയ്ക്ക്. മധ്യസ്ഥ ശ്രമങ്ങളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.

ദിവ്യ ദേവരാജ് ഐ എ എസ്

പക്ഷേ, അതിനുമുന്‍പ് ആ 2010 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് ഗോത്ര വിഭാഗത്തെ കൈയ്യിലെടുക്കാൻ ഒരു വഴി കണ്ടെത്തണമായിരുന്നു.

അവിടെയുള്ള ആദിവാസികള്‍ സംസാരിക്കുന്ന ഭാഷയാണ് ഗോണ്ട്. ദ്രാവിഡ ഭാഷയായ ഗോണ്ട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുണ്ട്. നാടൻ പാട്ടുകളാൽ സമൃദ്ധമാണ് ഈ ഭാഷ. മൂന്ന് മാസം കൊണ്ടു ഗോണ്ട്‌സ് (ഗോണ്ടി) ഭാഷ ദിവ്യ പഠിച്ചെടുത്തു.

നാട്ടുകാരുമായി സംസാരിക്കാന്‍ ഇത് ധാരാളം മതിയായിരുന്നു. അങ്ങനെ ദിവ്യ നടത്തിയ പരിശ്രമം ഫലം കാണുകയും ചെയ്തു.


ഒരാളെങ്കിലും തങ്ങളുടെ അവസ്ഥ മനസിലാക്കണമെന്നു മാത്രമാണു ഗ്രോത വർഗക്കാര്‍ ആഗ്രഹിച്ചത്. ദിവ്യ അവരെ കേൾക്കാനും മനസിലാക്കുവാനും ശ്രമിച്ചു.


“എനിക്ക് അവരുടെ ഭാഷ സംസാരിക്കാൻ കഴിയുമെന്ന് അവർ മനസിലാക്കിയതോടെ അവർ എനിക്കു മേൽ സ്‌നേഹം ചൊരിഞ്ഞു തന്നു.
അക്കാലമത്രയും പഞ്ചായത്ത് യോഗത്തിൽ നിശബ്ദരായി പങ്കെടുത്തവർ സ്വതന്ത്രരായി സംസാരിക്കുവാനും അവരുടെ പ്രശ്നങ്ങള്‍ തുറന്നുപറയാനും തുടങ്ങി,” ദിവ്യ പറയുന്നു.

സ്‌പെഷ്യൽ ട്രൈബൽ കോഓർഡിനേറ്റർമാർ, സർക്കാർ ആശുപത്രികളിൽ ഭാഷ വിവർത്തനം ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരെ നിയമിച്ചതടക്കം ഗോത്ര വിഭാഗങ്ങൾക്ക് അവരുടെ കാര്യങ്ങള്‍ ഭരണസംവിധാനങ്ങളിലൂടെ നടത്തിക്കിട്ടുന്നത് എളുപ്പമായി. ദിവ്യ ഒരു സർക്കാർ ഉദ്യോഗസ്ഥ എന്നിതിലപ്പുറം അവരുടെ ഓരോരുത്തരുടെയും കുടുബാംഗം എന്ന നിലയിലേക്കു മാറി.

പുതിയ ജില്ലാ കലക്റ്റര്‍ ഇപ്പോൾ ചുമതലയേറ്റപ്പോൾ, സ്ഥാനമൊഴിഞ്ഞ ദിവ്യയുടെ പേര് ആദിലാബാദിലുള്ള ഒരു ഗ്രാമത്തിനു നൽകിയാണ് ഗ്രാമവാസികൾ സ്‌നേഹം പ്രകടിപ്പിച്ചത്.

ദിവ്യഗുഡ എന്ന ഗ്രാമം

ഈയടുത്ത്  ആദിലാബാദിലെ ജനങ്ങൾ ദിവ്യ എന്ന ഐഎഎസ് ഉദ്യോഗസ്ഥയോടുള്ള ബഹുമാനാർഥം ഒരു ഗ്രാമത്തിന് ദിവ്യഗുഡ എന്ന് പേരിട്ടു. പ്രദേശവാസികളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾക്കുമുള്ള നന്ദി സൂചകമായിട്ടാണ് ഗ്രാമത്തിനു അവരുടെ പേരിട്ടത്.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും മുന്നില്‍

ഗ്രാമത്തിന് തന്‍റെ പേരിട്ടുവെന്നുള്ള വാർത്ത അറിഞ്ഞ ദിവ്യ പ്രതികരിച്ചത് ഇങ്ങനെ:

“ഞാൻ ഇപ്പോഴും ആദിലാബാദ് ജില്ലയിലായിരുന്നെങ്കിൽ, ഗ്രാമത്തിന് എന്‍റെ പേര് നൽകുന്ന പോലുള്ള കാര്യങ്ങൾ ചെയ്യരുതെന്നു ഞാൻ ഗ്രാമവാസികളോടു അഭ്യര്‍ത്ഥിക്കുമായിരുന്നു.”

2020 ഫെബ്രുവരിയിലാണു വനിത-ശിശു-വികലാംഗര്‍, മുതിർന്ന പൗരന്മാർ എന്നിവരുടെ ക്ഷേമത്തിനായുള്ള വകുപ്പിന്‍റെ സെക്രട്ടറിയും കമ്മീഷണറുമായി ദിവ്യ നിയമിതയായത്. അദിലാബാദില്‍ ചാര്‍ജ്ജ് എടുത്ത് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുമ്പോഴായിരുന്നു ഈ സ്ഥലംമാറ്റം.

പ്രശ്‌നങ്ങൾക്കു ഞൊടിയിടെ പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്ന  ആ ഊർജ്ജസ്വലയായ ഉദ്യോഗസ്ഥയുമായി വളരെയടുത്ത് ബന്ധം സ്ഥാപിച്ചിരുന്ന ഗ്രാമവാസികൾ, ദിവ്യയെ അത്ര പെട്ടെന്നു മറക്കില്ല. നിരക്ഷരത, തൊഴിലില്ലായ്മ, ശുചിത്വം, ജലസേചനം, ആരോഗ്യം, വെള്ളപ്പൊക്കം… അങ്ങനെ ആ പ്രദേശം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ നന്നായി പഠിച്ചിരുന്നു. ഇവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനൊപ്പം പ്രദേശത്തെ സംഘർഷങ്ങൾ
പരിഹരിക്കുന്നതിനും ദിവ്യ നിരന്തരം പ്രവർത്തിച്ചു.

“ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഞാൻ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ
നിയമിച്ചു. അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകി മികച്ച ഫലപ്രാപ്തിയോടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. എനിക്കു ശരിയാണെന്നു തോന്നിയ മാറ്റങ്ങളുമായി മുന്നോട്ടു പോകുന്നതിനു പകരം അവരുടെ പ്രശ്‌നങ്ങളെ അവരുടെ വീക്ഷണ കോണിൽനിന്നും മനസിലാക്കേണ്ടത് പ്രധാനമായിരുന്നു,” ദിവ്യ പറയുന്നു.

ജനങ്ങളുടെ സ്നേഹം

ഗ്രോതങ്ങൾ തമ്മിൽ കലാപത്തിലേർപ്പെടുന്ന ചരിത്രമുള്ള പ്രദേശമാണ് ആദിലാബാദ്. കലാപം നിയന്ത്രിക്കാൻ കർഫ്യു ഏർപ്പെടുത്തുന്നതും, ഡാറ്റ കണക്റ്റിവിറ്റി സേവനം താത്കാലികമായി നിറുത്തിവയ്ക്കുന്നതും ഇവിടെ പതിവാണ്. അത്തരമൊരു സാഹചര്യത്തിൽ തുറന്ന മനസുള്ള, സൗമ്യമായി സംസാരിക്കുന്ന ദിവ്യയ്ക്ക് ആദിവാസികളുടെ വിശ്വാസമാർജ്ജിക്കാനായി.

അവരുടെ ഹൃദയത്തിലൊരിടം കണ്ടെത്താനും സാധിച്ചു.

“നിരവധി കലക്റ്റർമാര്‍ വന്നു ചുമതലയേൽക്കാറുണ്ട്. ഞാൻ ആദ്യമായി കലക്റ്ററുടെ ഓഫീസിലേക്കു കാലെടുത്ത് വച്ചത് ദിവ്യ മാഡം ചുമതലയേറ്റ സമയത്താണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതുവരെ ഞങ്ങളെ ആരും പരിഗണിച്ചിരുന്നതേയില്ല,” ദുർബല വിഭാഗമായ തോട്ടി സമുദായത്തിൽനിന്നുള്ള ഒരു ഗോത്ര നേതാവായ മാരുതി ദ് ബെറ്റർ ഇൻഡ്യയോടു പറയുന്നു.

ഗ്രാമത്തിന്‍റെ പേര് ദിവ്യഗുഡ എന്നുമാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച ആള്‍ കൂടിയാണു മാരുതി.

ഐഎഎസ് ഉദ്യോഗസ്ഥ അവരുടെ ജീവിതത്തിൽ സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ചു ചോദിച്ചപ്പോൾ മാരുതി പറഞ്ഞു, “ഒന്നാമതായി, അവരുടെ ഓഫീസിലേക്ക് ഞങ്ങള്‍ക്ക് കടന്നുചെല്ലാനുള്ള സാഹചര്യം സൃഷ്ടിച്ചു. ഏതു സമയത്തും അവരെ സന്ദർശിക്കാമായിരുന്നു. അതിനു പുറമേ ഗ്രാമത്തിലെ ഓരോ വീടുകളും അവർ സന്ദർശിക്കുമായിരുന്നു. ഞങ്ങളുടെ എല്ലാവരുടേയും പേരുകള്‍ പോലും അവര്‍ക്ക്
മനഃപാഠമായിരുന്നു.’

എല്ലാ വർഷവും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള പ്രദേശത്താണു മാരുതിയുടെ ഗോത്രക്കാര്‍ താമസിക്കുന്നത്. ദിവ്യ ചുമതലയേറ്റതിനു ശേഷം ഈ പ്രദേശം നിരപ്പാക്കിയെടുക്കാന്‍ നടപടിയെടുത്തു. അതോടെ വെള്ളപ്പൊക്കം അവിടെ വലിയ പ്രശ്നമുണ്ടാക്കാതായി.

മാരുതി

“ഞങ്ങൾ ആദിവാസികളാണ്, ഞങ്ങൾക്ക് ദിവ്യ മാഡത്തിനു വലിയ സമ്മാനം നൽകാനുള്ള മാർഗമില്ല, പക്ഷേ മാഡം ഞങ്ങൾക്കു വേണ്ടി ചെയ്ത വലിയ കാര്യങ്ങൾ എനിക്കു ശേഷമുള്ള തലമുറകളും അറിയണമെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ഞങ്ങളുടെ ഗ്രാമത്തിന് ദിവ്യ
മാഡത്തിന്‍റെ പേര് നൽകി,” മാരുതി കൂട്ടിച്ചേര്‍ക്കുന്നു.

ഭാഷ കൊണ്ട് നേടിയ വിശ്വാസം

ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആദിലാബാദിൽ സംസാരിക്കുന്ന ഗോത്ര ഭാഷകളിലൊന്നായ ഗോണ്ടി പഠിക്കാൻ ദിവ്യയ്ക്കു മുമ്പ് സേവനമനുഷ്ഠിച്ച പല ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നെങ്കിലും അവരെല്ലാം ഭാഷയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ
പഠിച്ചെടുത്തതിനു ശേഷം പഠനം മതിയാക്കി. പക്ഷേ, ദിവ്യ ഭാഷാ പഠനം തുടർന്നു.
ഗ്രാമവാസികളുമായി അവരുടെ സ്വന്തം ഭാഷയില്‍ ഒഴുക്കോടെ സംസാരിക്കാന്‍   കഴിയുന്ന അത്രയും പഠിച്ചു.

“എനിക്ക് അവരുമായി ഒരു ബന്ധം സ്ഥാപിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അത് പക്ഷേ, അവരെ അഭിവാദ്യം ചെയ്യുന്നതിനു വേണ്ടി മാത്രമുള്ളതായിരിക്കരുതെന്നും ആഗ്രഹിച്ചിരുന്നു,” ദിവ്യ ഒരു ചെറു
പുഞ്ചിരിയോടെ പറയുന്നു.

ഓരോ ദിവസത്തെയും ജോലി കഴിഞ്ഞ്, ആലിദാബാദിലെ ഓൾ ഇന്ത്യാ റേഡിയോ നിലയത്തിലെ സീനിയർ അനൗൺസറായ ദുർവ ഭൂമന്നയോടൊപ്പം ദിവ്യ കുറച്ചു ഭാഷ പഠിക്കാനായി സമയം ചെലവഴിക്കുകയും ചെയ്തു.

ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ജില്ലാ കലക്റ്ററെന്ന നിലയിൽ ദിവ്യയുടെ മുൻപിലെത്തിയതോടെ അവയെല്ലാം കൃത്യമായി മനസിലാക്കി പരിഹരിക്കാൻ ഭാഷ വളരെയധികം ഗുണം ചെയ്തു. ജനങ്ങളെ മനസിലാക്കാൻ കലക്റ്റര്‍ ആത്മാർഥമായി ശ്രമിക്കുന്നത് ബോധ്യപ്പെട്ടതോടെ ദിവ്യയെ അവർ വിശ്വാസത്തിലെടുക്കാൻ തുടങ്ങി.

തിങ്കളാഴ്ച നടക്കാറുള്ള പരാതി പരിഹാര സെഷനുകളിലൂടെ  ദീർഘകാലമായി നിലനിന്നിരുന്ന ഗോത്രവിഭാഗങ്ങളുടെ ചില ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും ദിവ്യ സഹായിച്ചു. കൂടാതെ, പരുത്തി
സംഭരണം കാര്യക്ഷമമാക്കുകയും ഗോത്ര വർഗക്കാർക്ക് അവരുടെ ഉത്പ്പന്നങ്ങൾക്കു കുറഞ്ഞ താങ്ങു വില (minimum support price) ഉറപ്പാക്കുന്ന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.

ജനങ്ങളോടൊപ്പം

“ഗ്രോതവിഭാഗക്കാരുമായി അർഥവത്തായ സംഭാഷണം ആരംഭിക്കേണ്ടത് ജില്ലാ ഭരണകൂടത്തെ സംബന്ധിച്ച് പ്രാധാന്യമുള്ളതായിരുന്നു,” ദിവ്യ പറയുന്നു. “പക്ഷേ, അവരുടെ വിശ്വാസം നേടിയെടുക്കുക ബുദ്ധിമുട്ടായിരുന്നു. അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ വന്ന ആളുകളായിട്ടാണു ഞങ്ങളെ അവർ കണ്ടത്, ‘ ദിവ്യ പറഞ്ഞു. പക്ഷേ, അതെല്ലാം മാറ്റിയെടുക്കാന്‍ ദിവ്യയ്ക്ക് കഴിഞ്ഞു.

ആശയവിനിമയത്തിൽ ഭാഷ ഒരു തടസമായി മാറിയേക്കാമെന്നു മനസിലാക്കിയ ആ കലക്റ്റര്‍, ജില്ലാ ആശുപത്രിയിൽ (റിംസ്) മികച്ച ചികിത്സ ഗോത്ര വിഭാഗക്കാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ
സ്‌പെഷ്യൽ ട്രൈബൽ കോഓർഡിനേറ്ററെയും ഗോണ്ടി ഭാഷാ വിവർത്തകരെയും നിയമിച്ചു.

അവകാശങ്ങളെക്കുറിച്ച് മനസിലാക്കാൻ ജനങ്ങളെ സഹായിക്കുന്നു

ദുരിതമനുഭവിക്കുന്ന ഗോത്രവർഗക്കാരെ അവരുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താൻ നിയമപരവും ഭരണഘടനാപരവുമായ മാർഗങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക എന്നതിനായിരുന്നു ആദിലാബാദിൽ ചുമതലയേറ്റപ്പോൾ ദിവ്യ മുൻഗണന കൊടുത്തത്. അതിനായി, ദിവ്യ ഗ്രാമപഞ്ചായത്ത്
തലത്തിൽ പെസ ( PESA The Provisions of the Panchayats (Extension to Scheduled Areas Act, 1996) കോഓർഡിനേറ്റർമാരെ നിയമിക്കുകയും അവരുടെ അവകാശങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയും ചെയ്തു.

ഗോത്ര വിഭാഗക്കാരുടെ പരമ്പരാഗത പഞ്ചായത്തുകളെന്ന് അറിയപ്പെടുന്ന റായ് സെന്‍ററുകളെ പുനരുജ്ജീവിപ്പിക്കാനും ദിവ്യ സഹായിച്ചു. അതിലൂടെ വികസനപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

ഇതിനുപുറമേ, ആദിവാസി സമൂഹങ്ങളുടെ സംസ്‌കാരത്തെ ഉചിതമായ രീതിയിൽ ആദരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി അവരുടെ പ്രധാന ഉത്സവങ്ങളായ ദന്ദാരി-ഗുസാദി, നഗോബ ജാത്ര എന്നിവയ്ക്ക് ഔദ്യോഗിക പിന്തുണ നൽകാനും അവരുടെ പാരമ്പര്യങ്ങൾ ഒരു ഡോക്യുമെന്‍ററി രൂപത്തിലാക്കുകയും ചെയ്തു.

ശസ്ത്രക്രിയ ആവശ്യമായി വരുന്ന ആദിവാസി രോഗികൾക്കു സാമ്പത്തിക സഹായവും, ആംബുലൻസ് സൗകര്യവും ദിവ്യ ഏർപ്പാടാക്കി നൽകി. ആവശ്യമുള്ളവർക്ക് ഹൈദരാബാദിൽ മികച്ച ചികിത്സയും നൽകി.

ബിറ്റ്‌സ് പിലാനിയിൽനിന്നും എഞ്ചിനീയറിംഗ് പഠിച്ചതിനു ശേഷം ഐഎഎസ് ഓഫീസറാകാൻ എന്തായിരുന്നു പ്രചോദിപ്പിച്ചതെന്നു ഞാൻ ദിവ്യയോട് ചോദിച്ചു. അപ്പോൾ അവർ എന്നെ അവരുടെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ടു പോയി.

തമിഴ്‌നാട്ടിലെ കർഷകനായിരുന്ന മുത്തച്ഛനെ കുറിച്ച് ദിവ്യ പറഞ്ഞു. “വായ്പാ സമ്പ്രദായം ഗ്രാമങ്ങളില്‍ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അറിയാതെ കര്‍ഷകരെല്ലാം അതിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നെന്നും അവർക്കു വലിയ നഷ്ടം സംഭവിക്കുന്നുവെന്നും ഞാൻ നേരിട്ട് മനസ്സിലാക്കി.

“വായ്പാകുടിശ്ശിക തിരിച്ചു പിടിക്കാനായി വരുന്ന ഉദ്യോഗസ്ഥരെ പേടിച്ച് എന്‍റെ മുത്തച്ഛൻ അടുത്തുള്ള ക്ഷേത്രത്തിൽ ഒളിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,” ദിവ്യ പറഞ്ഞു.

കർഷകരെ സഹായിക്കാൻ ഭരണകൂടത്തിന് എന്തെല്ലാം ചെയ്യാനാകുമെന്നു മനസിലാക്കുന്നതിനും പ്രശ്‌നങ്ങൾ ശ്രദ്ധയോടെ തിരിച്ചറിഞ്ഞ് വ്യക്തമായ പരിഹാരം കണ്ടെത്തി, അവരുടെ ജീവിതത്തെ
മാറ്റിയെടുക്കാനാകുമെന്നു ചിന്തിക്കാനും ഈ സംഭവം കാരണമായി.

തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡിൽ (ടിഎൻഇബി) ജോലി ചെയ്തിരുന്ന ദിവ്യയുടെ അച്ഛനാണ് ഐഎഎസ് തെരഞ്ഞെടുക്കാൻ മറ്റൊരു കാരണമായി തീർന്നത്.

“ജനങ്ങൾക്കു സേവനം നൽകുമ്പോൾ തനിക്കുണ്ടായ സന്തോഷത്തെ കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. 60-കളിൽ അദ്ദേഹം ഗ്രാമങ്ങളെ വൈദ്യുതീകരിക്കാൻ സഹായിച്ചപ്പോൾ, കർഷകരുടെ മുഖത്ത് കണ്ട സന്തോഷമായിരുന്നു അദ്ദേഹത്തിന്‍റെ തൊഴിൽ ജീവിതത്തിലെ ഏറ്റവും
വലിയ സംതൃപ്തി. അതുപോലെ ഒന്ന് അനുഭവിക്കാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു,” ദിവ്യ പറയുന്നു.

സിവിൽ സർവീസിന്‍റെ ഭാഗമായാൽ സമൂഹത്തിൽ വലിയ തോതിൽ മാറ്റം വരുത്താൻ സാധിക്കുമെന്നു ദിവ്യ നേരത്തേ തന്നെ മനസിലാക്കിയിരുന്നു. ഇപ്പോൾ ആദിലാബാദിലെ ജനങ്ങൾ ദിവ്യയ്ക്കു നൽകിയ
സ്‌നേഹം വ്യക്തമാക്കുന്നതും മറ്റൊന്നല്ല, അത് സമൂഹത്തിൽ ദിവ്യ വലിയ മാറ്റങ്ങൾ കൊണ്ടു വന്നതിന്‍റെ വ്യക്തമായ ഉദാഹരണം തന്നെയാണ്.

“ചില കൂട്ടുകാര്‍ ഇപ്പോള്‍ എന്നെ വിളിച്ച് കളിയായി ചോദിക്കുന്നുണ്ട്, ഒരു ഊടുവഴിക്കെങ്കിലും അവരുടെ പേരിടാന്‍ സഹായിക്കാമോ എന്ന്…,” ദിവ്യ പൊട്ടിച്ചിരിക്കുന്നു.


ഇതുകൂടി വായിക്കാം: 6 വര്‍ഷത്തിനിടയില്‍ 34 പേര്‍ ആത്മഹത്യ ചെയ്ത ആദിവാസി ഊരിനെ പുതിയൊരു ലഹരി നല്‍കി വീണ്ടെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം