ഉരലില്‍ ഇടിച്ച് കറിപ്പൊടിയുണ്ടാക്കി വിറ്റു; ഇന്ന് ദേവകിയുടെ സംരംഭം 13 കുടുംബങ്ങള്‍ക്ക് താങ്ങാവുന്നു

ലോണെടുത്തും കഷ്ടപ്പെട്ടും തുടങ്ങിയതാണ് ഈ യൂനിറ്റ്. അതിന്ന് 12 ലക്ഷം രൂപ വിറ്റുവരവുണ്ടാക്കുന്നുണ്ട്.

സി കെ ദേവകിയെന്ന സാധാരണക്കാരിയുടെ വലിയ അവകാശവാദങ്ങളില്ലാത്ത കഥയാണിത്.

ജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ അവര്‍ ഒരു ചെറിയ സംരംഭം തുടങ്ങുന്നു. 16 വര്‍ഷം മുന്‍പാണത്.

60,000 രൂപ മുതല്‍ മുടക്കിലായിരുന്നു പരീക്ഷണം. ഇന്നത് പതിമൂന്ന് കുടുംബങ്ങള്‍ക്കുകൂടി താങ്ങായി മാറിയ ഒരു വിജയമായിത്തീര്‍ന്നു.

തുടങ്ങിയത് കുന്നോളം സ്വപ്‌നങ്ങളുമായൊന്നുമല്ലെങ്കിലും ഇന്ന് ഈ സംരംഭക വളര്‍ച്ചയുടെ പുതിയ ഉയരങ്ങളാണ് ലക്ഷ്യമിടുന്നത്. ഒപ്പം കൂടെയുള്ളവരുടെ ശാക്തീകരണവും.

“മകനെ വളര്‍ത്താന്‍ വഴികണ്ടെത്തണം. പിന്നെ, പ്രദേശത്തുള്ള കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കണം,” എങ്ങനെ സംരംഭം തുടങ്ങിയെന്ന് ചോദിക്കുമ്പോള്‍ ദേവകി പറയുന്ന ഉത്തരമിതാണ്.

ഭര്‍ത്താവിന്‍റെ അപ്രതീക്ഷിത മരണം നല്‍കിയ തിരിച്ചടിയില്‍ നിന്നും കരകയറാനാണ് ദേവകി സംരംഭകയായി മാറിയത്. ഏത് ബിസിനസ് തെരഞ്ഞെടുക്കണമെന്നതിനെ കുറിച്ച് അവരുടെ മനസില്‍ ധാരണയുണ്ടായിരുന്നു.

ദേവകി

“അടുത്തുള്ള പ്രദേശങ്ങളില്‍ തന്നെ വില്‍ക്കാന്‍ സാധിക്കുന്ന ഉല്‍പ്പന്നമായിരിക്കണം. തുടക്കത്തിലെങ്കിലും നേരിട്ട് തന്നെ പോയി അവ വില്‍ക്കാനും സാധിക്കണം.”

“കറി പൗഡറാണ് തെരഞ്ഞെടുത്തത്. നിത്യോപയോഗ സാധനമാണല്ലോ. അതുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്. നല്ല ക്വാളിറ്റിയില്‍ കറി പൗഡര്‍ കൊടുത്താല്‍ എല്ലാവരും വാങ്ങുമെന്ന് തോന്നി. ഞാനൊറ്റയ്ക്കാണ് തുടങ്ങിയത്,” ദേവകി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഞാനെന്ന് പറഞ്ഞാല്‍ ഒത്തിരി ദുഃഖങ്ങളും പ്രതിസന്ധികളും തരണം ചെയ്തയാളാണ്. വിധവയാണ്. മകനെ വളര്‍ത്താന്‍ ഇത്തരം ഒരു സംരംഭം വേണമെന്ന് തോന്നി. വലിയ ബിസിനസൊന്നും കിട്ടിയില്ലെങ്കില്‍ കൂടി ജീവിക്കാന്‍ പറ്റുമെന്ന അവസ്ഥ ഉണ്ടാകണമെന്നാണ് ചിന്തിച്ചത്. കുടുംബശ്രീ ഉല്‍പ്പന്നമെന്ന രീതിയില്‍ കൊടുത്താല്‍ വലിയ മൂല്യമുണ്ടല്ലോ. അങ്ങനെയാണ് തുടങ്ങിയത്. ഞാന്‍ കുടുംബശ്രീയില്‍ സജീവമായിരുന്നു അക്കാലത്ത്,” തുടക്കത്തെ കുറിച്ച് ദേവകി പറയുന്നു.

2003-04 കാലത്തായിരുന്നു അത്.  “ഉരലില്‍ ഇടിച്ച് പൊടിച്ചാണ് ആദ്യം കൊടുത്തുകൊണ്ടിരുന്നത്. മെഷിനൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത് കൊടുത്തപ്പോ എല്ലാവരും നല്ല പ്രോത്സാഹനം തന്നു. നല്ല സാധനമാണ്. ഇനിയും ഉണ്ടാക്കിക്കൊള്ളൂ എന്നായിരുന്നു എല്ലാര്‍ക്കും പറയാനുണ്ടായിരുന്നത്. ധൈര്യമായി മുന്നോട്ടുപോകൂ, സാധനം എടുക്കാമെന്ന് എല്ലാവരും പറഞ്ഞു. ഒരാളും മോശമാണെന്ന അഭിപ്രായം പറഞ്ഞില്ല.” സുല്‍ത്താന്‍ ബത്തേരിയിലെ നെന്മേനിയിലാണ് ദേവകിയുടെ സ്ഥാപനം.

സാവധാനമുള്ള വളര്‍ച്ച

വളരെ സ്വാഭാവികമായുള്ള സുസ്ഥിര വളര്‍ച്ചയായിരുന്നു സൂക്ഷ്മ-ചെറുകിട, ഇടത്തരം വിഭാഗ(എംഎസ്എംഇ)ത്തില്‍ പെട്ട ഈ സംരംഭത്തിന്‍റേത്. പിഎംഇജിപി (പ്രധാനമന്ത്രി എംപ്ലോയ്‌മെന്‍റ്  ജനറേഷന്‍ പ്രോഗ്രാം) പദ്ധതി വഴി വായ്പ എടുത്ത് പിന്നീട് സംരംഭം വിപുലമാക്കി.

“ലോണെടുത്തു. മെഷീന്‍ വാങ്ങി. കറി പൗഡറാണ് മാര്‍ക്കറ്റില്‍ ആദ്യകാലങ്ങളില്‍ കൊടുത്തുതുടങ്ങിയത്. മസാലകളും കറി പൗഡറുകളുമാണ് ഇപ്പോഴും കൂടുതല്‍ വിപണി പിടിക്കുന്നത്. അച്ചാറുകള്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങളുമുണ്ട്,” ദേവകി വ്യക്തമാക്കുന്നു.

2008-ലാണ് ദേവകി പി എം ഇ ജി പി പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയുടെ വായ്പയെടുത്തത്. 1,75,000ത്തോളം രൂപ സര്‍ക്കാര്‍ ഗ്രാന്റായി ലഭിക്കുകയും ചെയ്തു. അതിന് ശേഷം 25 ലക്ഷം രൂപയുടെ മറ്റൊരു വായ്പ കൂടി എടുത്തതും നിര്‍ണ്ണായകമായി.

വളര്‍ച്ചയുടെ വേഗം കൂടി. സ്വന്തമായി കെട്ടിടവും സ്ഥലവുമെല്ലാം ആയി. മകന്‍ വിനീഷ് കുമാറിനെയും ദേവകി കറി പൗഡര്‍ ബിസിനസിന്‍റെ ഭാഗമാക്കി. ഇന്നവന്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമാണെന്ന് അവര്‍ പറയുന്നു.

പ്ലെയിന്‍ കവറിലെ പാക്കിങ്

വന്‍കിടക്കാര്‍ അരങ്ങ് വാഴുന്ന വ്യവസായത്തിലേക്കാണ് ഒരു സാധാരണക്കാരി ഇറങ്ങിത്തിരിച്ചത്. കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ ഗുണനിലവാരം മാത്രം പോരെന്ന് വേഗം മനസ്സിലായി. ഒരു വര്‍ഷത്തോളം പ്ലെയിന്‍ കവറിലിട്ടാണ് പൊടികള്‍ വിറ്റിരുന്നത്.

“എല്ലാവരും നല്ല ക്വാളിറ്റിയുള്ള കവറിലൊക്കെ ആക്കിയല്ലേ നല്‍കുന്നേ. സാധാരണ പ്ലാസ്റ്റിക് കവറില്‍ കൊടുത്താല്‍ ശരിയാകില്ലെന്ന് തോന്നി,” എന്ന് ദേവകി.

അങ്ങനെയാണ് സ്വാതി കറി പൗഡറെന്ന ബ്രാന്‍ഡ് പിറക്കുന്നത്. മികച്ച കവറുകളില്‍ ബ്രാന്‍ഡ് നെയിമോടെ ദേവകിയുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്താന്‍ തുടങ്ങി. അതോടെ ബിസിനസും വളര്‍ന്നു.

പതിമൂന്ന് കുടുംബങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തില്‍ ഈ യൂനിറ്റ് വലിയ പങ്കുവഹിച്ചു

“വലിയ കമ്പനികളെപ്പോലെ എത്തണമെന്ന ആഗ്രഹം ഉണ്ട്. അതുകൊണ്ട് നമ്മള്‍ ബ്രാന്‍ഡഡ് ആക്കി സംരംഭത്തെ,” ദേവകി പറഞ്ഞു.  ബ്രാന്‍ഡഡ് ആക്കിയത് വഴിത്തിരിവായെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീടങ്ങോട്ട് മികച്ച വളര്‍ച്ചയായിരുന്നു. വയനാട് ജില്ല മൊത്തം വിതരണം വ്യാപിപ്പിക്കാനായി. “ഇപ്പോള്‍ തമിഴ്‌നാട്ടിലും വിതരണമുണ്ട്. ബെംഗളൂരുവിലേക്കും കയറ്റി അയക്കുന്നുണ്ട്. എല്ലാ സാധനങ്ങളും സ്വന്തം ബ്രാന്‍ഡില്‍ പാക്ക് ചെയ്ത് വിപണിയിലെത്തിക്കാന്‍ തുടങ്ങി,” ദേവകി പറയുന്നു.

കറി പൗഡറുകള്‍ക്ക് പുറമെ മഞ്ഞള്‍പ്പൊടി, പായസക്കൂട്ട്, പുട്ടുപൊടി, പത്തിരിപ്പൊടി, ഗോതമ്പുപൊടി, കടലപ്പൊടി, അച്ചാറുകള്‍, ദേശമാവ്, കാപ്പിപ്പൊടി, ഇഡ്ഡലി മിക്‌സ് കമ്പം പൊടി തുടങ്ങി ഇരുപത്തഞ്ചിലധികം ഉല്‍പ്പന്നങ്ങള്‍ ദേവകിയുടെ സംരംഭം ഇന്ന് വിപണിയിലെത്തിക്കുന്നുണ്ട്.

പ്രമുഖ ഓണ്‍ലൈന്‍ വിപണിയായ ആമസോണ്‍ വഴിയും കുടംബശ്രീയുടെ ഓണ്‍ലൈന്‍ സംവിധാനം വഴിയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും തുടക്കമായെന്ന് അവര്‍ പറയുന്നു.

അവാര്‍ഡുകള്‍

60,000 രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ യൂണിറ്റ് ഇന്ന് 12 ലക്ഷത്തോളം രൂപയുടെ വിറ്റുവരവുണ്ടാക്കുന്നുണ്ട്. ആ ആത്മവിശ്വാസമാണ് കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ ദേവകിക്ക് ശക്തി പകരുന്നത്. ഇതിനിടെ, 2015-16 സാമ്പത്തികവര്‍ഷത്തിലെ മികച്ച വനിതാ സംരംഭകയ്ക്കുള്ള സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്‍റെ പുരസ്‌കാരവും ദേവകിക്ക് ലഭിച്ചു.

ഉല്‍പ്പന്ന നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നേരിട്ട് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നതിലൂടെ കര്‍ഷകര്‍ക്കും സ്വാതി കറി പൗഡറിനും ഒരു പോലെ നേട്ടമുണ്ടാക്കുന്ന മാതൃകയാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. മുളകും കടുകും മല്ലിയും മഞ്ഞളും പോലുള്ള നിരവധി അസംസ്‌കൃത വസ്തുക്കള്‍ മൈസൂര്‍, ഗുണ്ടൂര്‍, തേനി എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്നു.  സ്വാതി കറി പൗഡറിന്‍റെ വിജയകരമായ പ്രവര്‍ത്തനത്തിന് ഇത്തരത്തിലുള്ള അമ്പതോളം ഉള്‍പ്പന്നങ്ങള്‍ വേണ്ടതുണ്ട്. ഇവയെല്ലാം ഇടനിലക്കാരില്ലാതെ നേരിട്ട് ശേഖരിക്കുകയാണ് ചെയ്യുന്നത്.

കൊറോണ വില്ലനായപ്പോള്‍

കൊറോണ മഹാമാരി  ബിസിനസിനെയും നല്ല പോലെ ബാധിച്ചെന്ന് ദേവകി പറയുന്നു. “മൂന്ന് മാസത്തോളം സ്ഥാപനം പൂട്ടിയിടേണ്ട ഗതി വന്നു. വിഷുവിന് രണ്ടാഴ്ച്ച മുമ്പായിരുന്നല്ലോ ലോക്ക്ഡൗണ്‍ ഇടിത്തീ പോലെ വന്നത്. നിര്‍മ്മാണത്തിന് വേണ്ട സാധനങ്ങളൊന്നും കിട്ടാത്ത അവസ്ഥയായി. തുടര്‍ന്നങ്ങോട്ടുള്ള സ്‌റ്റോക്ക് ഉണ്ടായിരുന്നില്ല. സ്‌റ്റോക്ക് ഉണ്ടായിരുന്നെങ്കില്‍ മൂന്ന് കോടിയോളം ഓര്‍ഡറുണ്ടാകുമായിരുന്നു ആ സാഹചര്യത്തില്‍. അതൊന്നും സാധിച്ചില്ല. ഓര്‍ഡര്‍ അനുസരിച്ച് കൊടുക്കാന്‍ പറ്റിയില്ല,” കോവിഡ് 19 ആഘാതത്തെക്കുറിച്ച് ദേവകിയുടെ വാക്കുകള്‍.

കറിപൗഡര്‍ യൂനിറ്റിനുള്ളില്‍

“ജൂണ്‍ ഒന്നിനാണ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും മുന്നേറാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.” രാജ്യത്തെ 35 ശതമാനത്തോളം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പൂട്ടിടുകയാണ് കൊറോണയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഗുണനിലവാരവും ഉല്‍പ്പന്നങ്ങളിലെ മായമില്ലായ്മയും മുന്‍നിര്‍ത്തി അതിജീവനവും പുതിയ ഉയരങ്ങളും സാധ്യമാകുമെന്ന് തന്നെയാണ് ദേവകിയുടെ പ്രതീക്ഷ.

ലാഭവീതം കുറച്ച് കൂടുതല്‍ ബിസിനസ് നടത്തുകയെന്ന നയമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.

മറ്റ് കുടുംബങ്ങള്‍ക്കും അത്താണി

സ്വന്തം സ്ഥാപനത്തിലൂടെ ചുറ്റുമുള്ളവരെയും ചെറിയ രീതിയിലെങ്കിലും ശാക്തീകരിക്കുകയെന്നതു കൂടിയാണ് ഉദ്ദേശ്യമെന്ന് ദേവകി. 13 കുടുംബങ്ങള്‍ക്ക് സാമ്പത്തിക അത്താണിയായും അവരുടെ സംരംഭം മാറിക്കഴിഞ്ഞു.

“13 കുടുംബങ്ങള്‍ നമ്മുടെ കറി പൗഡര്‍ യൂണിറ്റിലുണ്ട്. ലൈനില്‍ പോകാനും സപ്ലൈ ചെയ്യാനുമെല്ലാം ഈ കുടുംബങ്ങളിലെ അംഗങ്ങളാണ്. ഇവരെല്ലാം ഇതിനെ ആശ്രയിച്ച് ജീവിക്കുന്നു,” ദേവകി പറയുന്നു.

കറിപൗഡര്‍ യൂനിറ്റ്

“അത്യാവശ്യം മികച്ചൊരു ജീവിതമാര്‍ഗം അവര്‍ക്ക് ലഭിക്കുന്നു. അവരും എന്‍റെ കൂടെ എല്ലാ കാര്യത്തിലും മുന്നിട്ടിറങ്ങും. നഷ്ടത്തിലും നേട്ടത്തിലുമെല്ലാം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പൂര്‍ണ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ഇത് മുന്നോട്ടുപോകുന്നത്.” ഇപ്പോള്‍ കൂടുതലും സ്ത്രീകളാണ് സ്വാതി കറി പൗഡര്‍ യൂണിറ്റില്‍ തൊഴിലെടുക്കുന്നത്. എല്ലാവരും അയല്‍പക്കങ്ങളിലുള്ളവരാണ്.

“എല്ലാവിധ ടാക്‌സുകളുമടച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 12 ലക്ഷത്തോളം രുപയുടെ വിറ്റുവരവുള്ള രീതിയിലേക്ക് സ്വാതി വളര്‍ന്നിട്ടുണ്ട്. പ്രദേശത്തെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കണമെന്ന ആഗ്രഹമുണ്ട്. അതനുസരിച്ച് വിപുലീകരണം നടത്തണമെന്നാണ് ഉദ്ദേശിക്കുന്നത്,” പുതിയ ലക്ഷ്യങ്ങളെക്കുറിച്ച് ദേവകി വ്യക്തമാക്കുന്നു.

ഈ രംഗത്തേക്ക് കൂടുതല്‍ വനിതാ സംരംഭകര്‍ കടന്നുവരണമെന്നാണ് ദേവകിക്ക് പറയാനുള്ളത്. അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ കൊടുക്കണം. എന്നാല്‍ പുതു സംരംഭകര്‍ വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കണമെന്ന ഉപദേശവും അവര്‍ നല്‍കുന്നു.

“ഒരു മില്ല് തുടങ്ങി ഒരു കിലോമീറ്ററിനുള്ളില്‍ തന്നെ വേറൊരു മില്ല് തുടങ്ങുന്ന രീതി ഗുണം ചെയ്യില്ല. വിപണി തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ വനിതാ സംരംഭകര്‍ക്കാണെങ്കിലും ഈ രംഗത്തോ മറ്റ് മേഖലകളിലോ ബിസിനസ് നടത്തുന്നതിന് കുഴപ്പമൊന്നുമില്ല,” ദേവകി ചൂണ്ടിക്കാട്ടുന്നു.


ഇതുകൂടി വായിക്കാം: കടലാസ് പൂക്കളില്‍ നിന്ന് 2 ലക്ഷം രൂപ വരുമാനം നേടുന്ന അധ്യാപിക: ഗ്രോബാഗില്‍ റംബുട്ടാന്‍, അബിയു, ആപ്പിള്‍ ചാമ്പ


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം