പുരുഷന്മാര്‍ അടക്കി വാണിരുന്ന സ്റ്റോക്ക് ബ്രോക്കിങ്ങ് രംഗത്തേക്ക് 23 വര്‍ഷം മുന്‍പ് ധൈര്യപൂര്‍വ്വം കടന്നുചെന്ന മലയാളി വനിത

ദേശീയതലത്തില്‍ മോത്തിലാല്‍ ഓസ്വാളിന്‍റെ ടോപ്-50 പാര്‍ട്ട്ണര്‍മാരിലെ ഏക വനിത ഈ മലയാളിയാണ്.

“പൈസേടെ കാര്യം ആണുങ്ങള്‍ സംസാരിക്കും. പെണ്ണുങ്ങള്‍ അടുക്കളേലെ കാര്യം നോക്ക്യാ മതി,” ഇങ്ങനെ പറഞ്ഞിരുന്ന കാലം. ഇന്നും അങ്ങനെ പറയുന്നവര്‍ ഒരുപാടുണ്ടല്ലോ.

എന്നാല്‍ രണ്ട് പതിറ്റാണ്ട് മുമ്പ്, ആ പറച്ചിലിന് ശക്തി കൂടുതലുള്ള സമയത്ത്, ഓഹരി വിപണി മേഖലയില്‍ ഒരു മലയാളി സ്ത്രീ സംരംഭം തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും?

23 വര്‍ഷം മുമ്പ് ആ സാഹസത്തിന് മുതിര്‍ന്നു ഉത്തര രാമകൃഷ്ണന്‍.

“ഒന്നും അറീലായിരുന്നു. വരുന്നിടത്തുവെച്ച് കാണാമെന്ന രീതിയില്‍ ഇതിലേക്ക് ഇറങ്ങീതാണ്. സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് വല്യ ധാരണയൊന്നുമില്ലായിരുന്നു അപ്പോള്‍,” തുടക്കത്തെ കുറിച്ച് ഉത്തര ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ഓഹരി വിപണി ഊഹക്കച്ചവടമാണെന്ന് ഇന്നും പലരും വിശ്വസിക്കുന്നു. പിന്നെ അന്നത്തെ കാര്യമൊന്നും പറയേണ്ടതില്ലല്ലോ. അപ്പോഴാണ് ഓഹരി വിപണിയില്‍ ഊന്നല്‍ നല്‍കി നിരവധി ധനകാര്യ സേവനങ്ങളുമായി ഉത്തരയും ഭര്‍ത്താവ് രാമകൃഷ്ണനും സംരംഭം തുടങ്ങുന്നത്.

“ഞാനും ഹസ്ബന്‍ഡും ചേര്‍ന്നാണ് തുടങ്ങിയത്. ഹസ്ബന്‍ഡ് കെമിക്കല്‍ എന്‍ജിനീയറായിരുന്നു, ഒ എന്‍ ജി സിയില്‍ (മുംബൈ). നാട്ടിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് കോഴിക്കോട് ആസ്ഥാനമായി അര്‍ത്ഥ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന് തുടക്കമിടുന്നത്,” ഉത്തര പറയുന്നു.

അധികം വൈകാതെ ഭര്‍ത്താവ് കുടുംബ ബിസിനസിലേക്ക് തിരിഞ്ഞു. പിന്നീട് ഈ രണ്ടര പതിറ്റാണ്ടിനടുത്ത് കാലവും ഉത്തര ഒറ്റയ്ക്ക്‌ അമരത്ത് നിന്നായിരുന്നു ഉയര്‍ച്ച-താഴ്ച്ചകളിലൂടെ അര്‍ത്ഥയുടെ യാത്ര.
ദേശീയതലത്തില്‍ മോത്തിലാല്‍ ഓസ്വാളിന്‍റെ ടോപ് 50 പാര്‍ട്ട്ണര്‍മാരിലെ ഏക വനിത ഈ മലയാളിയാണെന്നത് തന്നെയാണ് ഉത്തരയെന്ന സംരംഭകയുടെ പ്രൊഫഷണല്‍ നേട്ടത്തിന് മാറ്റുകൂട്ടുന്നത്.

ഒരു ജീവനക്കാരനുമായി വീടിന്‍റെ മുകളിലെ നിലയിലായിരുന്നു തുടക്കമെങ്കിലും ഏഴായിരത്തിലധികം ഉപഭോക്താക്കളുമായി ഉത്തരയുടെ അര്‍ത്ഥ ബിസിനസ് വിപുലമായിക്കഴിഞ്ഞു.

കാഴ്ച്ചപ്പാടുകളിലെ മാറ്റം

“ഞാനായിട്ട് കണ്ടുപിടിച്ച് തുടങ്ങിയതൊന്നുമല്ല, വന്നുപെട്ടൂന്ന് പറഞ്ഞാമതി”യെന്ന്  നിറചിരിയോടെ ഉത്തര പറയും. എന്നാല്‍ സാമ്പത്തിക സാക്ഷരതയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന സമൂഹത്തില്‍ ഒരു വനിത നേതൃത്വം നല്‍കുന്ന ഈ സംരംഭം സൃഷ്ടിച്ച മാറ്റം വലുതാണെന്ന് ഉത്തരയുടെ വാക്കുകളില്‍ നിന്ന് തന്നെ വായിച്ചെടുക്കാം.

“സ്ത്രീകളോട് ഓപ്പണായി പൈസേടെ കാര്യം സംസാരിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന പുരുഷന്മാരുണ്ടായിരുന്നു. അത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ തുടക്കത്തിലുണ്ടായി. പലപ്പോഴും ഹസ്ബന്‍ഡിനോട് പറഞ്ഞ് ഡീല്‍ ചെയ്യിക്കേണ്ട സിറ്റുവേഷനുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് ഇതൊന്നും പറ്റില്ലാന്ന ഒരു ധാരണയായിരുന്നു പലര്‍ക്കും.”

ഓഹരി വിപണി ഊഹകച്ചവടമാണെന്ന ധാരണയായിരുന്നു പലര്‍ക്കും.( image for representation only. photo: Pexels.com)

ഒരു വനിത രണ്ട് പതിറ്റാണ്ടിലധികം കാലം സ്റ്റോക്ക് ബ്രോക്കിങ് മേഖലയില്‍ ഒരു സംരംഭവുമായി മുന്നോട്ടുപോകുന്നതിലൂടെ പലരിലും അടിയുറച്ചുപോയ മേല്‍പ്പറഞ്ഞ ധാരണകള്‍ കൂടിയാണ് തിരുത്തപ്പെട്ടത്.

“ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലായിരുന്നല്ലോ പണ്ട് ട്രേഡിങ്. ബോംബെയില്‍ (ഇന്നത്തെ മുംബൈ), ബ്രോക്കര്‍മാര്‍ ഫ്‌ളോറില്‍ ചെന്ന് ഉറക്കെ വിളിച്ച് ട്രേഡിങ് നടത്തുന്നൊരു സിസ്റ്റമായിരുന്നു. നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) വന്ന ശേഷമാണ് ഓണ്‍ലൈന്‍ ട്രേഡിങ് സിസ്റ്റം തുടങ്ങുന്നത്. കോഴിക്കോട് ഒന്നോ രണ്ടോ കമ്പനികളേ 1990-കളുടെ മധ്യത്തിലുണ്ടായിരുന്നുള്ളൂ. മൂന്നാമതായി ഞങ്ങളാണ് തുടങ്ങിയത്,” അവര്‍ വിശദമാക്കുന്നു.

ഒരു നിക്ഷേപ മാര്‍ഗമെന്ന നിലയില്‍  ഓഹരി വിപണിയെക്കുറിച്ച് ജനങ്ങള്‍ക്ക് കാര്യമായ ധാരണയൊന്നുമില്ലാതിരുന്ന അത്തരമൊരു സമയത്താണ് ഉത്തര ധീരമായി മുന്നോട്ടുപോയത്.

“ഒരു കസ്റ്റമര്‍ വന്നാല്‍ അയാളുടെ പ്രായമെന്താണ്, വരുമാന രീതി എന്താണ്, അയാള്‍ക്കെടുക്കാന്‍ പറ്റുന്ന റിസ്‌കെന്താണ്, അയാളുടെ സാമ്പത്തിക ലക്ഷ്യങ്ങളെന്താണ്…ഇതെല്ലാം നോക്കീട്ടാണ് അവര്‍ക്കുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ ഞാന്‍ നിര്‍ദേശിക്കുക. എല്ലാര്‍ക്കും ഒരേ പ്ലാനല്ല പറഞ്ഞു നല്‍കുക,” ഇത്രയും കാലം വിജയകരമായി മുന്നോട്ടുപോകുന്നതിന്‍റെ കാരണം ലളിതമായി വിശദീകരിക്കുന്നു ഉത്തര.

നിക്ഷേപ സംസ്‌കാരത്തിലെ മാറ്റങ്ങള്‍

കേരളത്തില്‍ ആളുകള്‍ക്ക് പൊതുവേ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളിലാണ് താല്‍പ്പര്യമെന്ന് ഉത്തര.

“ബാങ്ക് എഫ്ഡി (സ്ഥിര നിക്ഷേപം), റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം പോലുള്ള മേഖലകളിലേക്കൊയേ നോട്ടമുള്ളൂ. എന്‍റെ അഭിപ്രായത്തില്‍ നോട്ട് അസാധുവാക്കലിന് ശേഷമാണ് ഇവിടുത്തെ ആളുകള്‍ കൂടുതലായി ഓഹരി നിക്ഷേപത്തിലേക്ക് വരാന്‍ തുടങ്ങിയത്. അപ്പോഴാണ് ഇത് എത്ര എളുപ്പമാണ് ചെയ്യാന്‍ സാധിക്കുന്നതെന്ന് അവര്‍ക്ക് മനസിലാകുന്നത്.”

പെട്ടെന്ന് പൈസയായി മാറ്റാനും ഇന്‍വെസ്റ്റ് ചെയ്യാനും വളരെ സൗകര്യമാണ് ഓഹരിയെന്നത് പലര്‍ക്കും അറിയില്ലായിരുന്നു. “ഇത് പൂര്‍ണമായും ബാങ്ക് അധിഷ്ഠിതമാണ്, കാഷിന്‍റെ യാതൊരു പരിപാടിയും ഇല്ലെന്നുമെല്ലാം ആളുകള്‍ മനസിലാക്കുന്നത് വൈകിയാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കാഷിന്‍റെ പരിപാടി നിര്‍ത്തീട്ട് 15 വര്‍ഷമായെന്ന് പലരും നോട്ട് അസാധുവാക്കലിന് ശേഷമാണ് അറിയുന്നത്.


ഓഹരി വിപണി മുഴുവന്‍ കള്ളപ്പണമാണെന്ന ധാരണയായിരുന്നു ഇവിടെ പലര്‍ക്കും.


ഓഹരി വിപണിയും നിക്ഷേപം നടത്താവുന്ന ഒരു മാര്‍ഗമാണെന്ന വിശ്വാസം മലയാളികള്‍ക്കിടയില്‍ ജനിപ്പിക്കുന്നതിന് ഉത്തരയെ പോലുള്ള സംരംഭകര്‍ക്ക് സാധിച്ചു.

“രാവിലെ ഭൂമി വാങ്ങി വൈകുന്നേരം അത് വില്‍ക്കാന്‍ സാധിക്കില്ല. ഓഹരിയില്‍ അത് അത് സാധ്യമാകും (രാവിലെ ഓഹരി വാങ്ങി വൈകുന്നേരം വില്‍ക്കാം എന്നത്). അത്രേം ഈസിയായി ട്രാന്‍സാക്ഷന്‍ നടത്താന്‍ സാധിക്കും.”

എന്നാല്‍ ഓഹരി വിപണിയെന്നാല്‍ ട്രേഡര്‍മാര്‍ മാത്രമാണെന്ന് കരുതരുതെന്നും ഉത്തര ഓര്‍മിപ്പിക്കുന്നു. “നിക്ഷേപമെന്നു പറയുമ്പോ ഒരു കമ്പനിയുടെ ഷെയര്‍ വാങ്ങുന്നു. അതിന്റെ ഒരു സഹഉടമ ആകുന്നു. വാങ്ങി ഉടന്‍ തന്നെ വില്‍ക്കുന്ന പ്രക്രിയയാണ് ട്രേഡിങ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) പോലുള്ള മ്യൂച്ച്വല്‍ ഫണ്ട് മാര്‍ഗങ്ങള്‍ വലിയ രീതിയില്‍ ജനകീയമാകുന്നുണ്ട്. 8000 കോടി രൂപയിലധികം പ്രതിമാസം എസ്‌ഐപിയിലൂടെ മ്യൂച്ചല്‍ ഫണ്ടിലേക്ക് വരുന്ന അവസ്ഥയിലെത്തി. നാല് വര്‍ഷം മുമ്പ് 1000-1200 കോടിയെല്ലാമായിരുന്നു അത്. ”

ഇനിയും മാറ്റം വരാനുണ്ട്

വനിതകളുടെ നിക്ഷേപ സംസ്‌കാരത്തില്‍ അത്ര വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഉത്തര. “ഞങ്ങളുടെ ഉപഭോക്താക്കളില്‍ കൂടുതലും പുരുഷന്മാരാണ്. യുവതലമുറയില്‍ മാറ്റം വരുന്നുണ്ട്. മ്യൂച്ച്വല്‍ ഫണ്ട് വഴി യുവതികള്‍ നിക്ഷേപം നടത്തുന്ന പ്രവണത കൂടി വരുന്നു. എന്നാലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുറവാണ്. സ്ത്രീകള്‍ക്ക് സ്വര്‍ണത്തിനോടാണ് ഇപ്പോഴും താല്‍പ്പര്യം. പുതുതലമുറയിലുള്ളവര്‍ക്ക് സ്വര്‍ണത്തോട് വല്യ താല്‍പ്പര്യവുമില്ല.”

മകന്‍ രാം നാരായണനൊപ്പം ഉത്തര രാമകൃഷ്ണന്‍

ഓഹരി നിക്ഷേപത്തെയും സാമ്പത്തിക സാക്ഷരതയെയും  കുറിച്ച് സ്‌കൂളുകളിലും കോളെജുകളിലും എല്ലാം ബോധവല്‍ക്കരണം നടത്താറുണ്ട് ഉത്തര. “ഇപ്പോള്‍ സൂം ആപ്പ് വഴിയെല്ലാം തുടക്കക്കാര്‍ക്ക് വേണ്ടി സെഷന്‍ ചെയ്യാറുണ്ട്. നിക്ഷേപ ബോധവല്‍ക്കരണത്തിലേക്ക് കൂടുതല്‍ കടക്കണമെന്ന് ചിന്തിക്കുന്നു.”

“നമ്മുടെ കള്‍ച്ചറില്‍ സ്ത്രീകള്‍ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് വളരെ കുറവാണ്. പൈസയെ കുറിച്ച് സ്ത്രീകള്‍ സംസാരിക്കുന്നത് പോലും കുറവായിരുന്നു. മിക്ക വീടുകളിലും സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിക്കുന്നത് സ്ത്രീകളല്ല. അതുകൊണ്ടാണ് നിക്ഷേപത്തിന്‍റെ കാര്യത്തില്‍ പലര്‍ക്കും സ്വതന്ത്ര തീരുമാനങ്ങളെടുക്കാന്‍ പറ്റാത്തത്. പതിയെ മാറ്റം വരുന്നുണ്ട്. സാംസ്‌കാരികമായ മാറ്റമാണ് ഇതില്‍ വരേണ്ടത്,” അവര്‍ നയം വ്യക്തമാക്കുന്നു.

സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരും ബിസിനസില്‍ പങ്കാളികളാകണമെന്ന സന്ദേശമാണ് കുടുംബത്തില്‍ നിന്നും ലഭിച്ചതെന്ന് ഉത്തര പറയുന്നു. “സാമ്പത്തിക കാര്യങ്ങള്‍ സ്ഥിരമായി വീട്ടില്‍ സംസാരിക്കാറുണ്ടായിരുന്നു. അതൊരു ധൈര്യമായി. കുടുംബത്തിന്‍റെ പിന്തുണയാണ് നിര്‍ണായകമായത്.”

സാമ്പത്തിക സാക്ഷരത വേണം

ആപത്ത് കാലത്ത് പ്രതിസന്ധിയില്‍ പെടാതിരിക്കാന്‍ എല്ലാ മാസവും കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഒരു തുക മാറ്റിവെക്കണമെന്ന് പറയുന്നു ഈ സംരംഭക. “കൃത്യമായി മ്യൂച്ച്വല്‍ ഫണ്ടിലോ മറ്റോ നിക്ഷേപിക്കുക. 1,000 രൂപ വെച്ച് ചെയ്താല്‍ തന്നെ ഗുണം ചെയ്യും. എന്ത് വരുമാനം വരുന്നോ, അതീന്ന് ആദ്യം സേവ് ചെയ്യുക, പിന്നീട് ചെലവാക്കുക.

“സാമ്പത്തിക സാക്ഷരതയുടെ കുറവുണ്ട് നമ്മുടെ സമൂഹത്തില്‍. ടൈം ഈസ് മണി എന്നത് മറക്കരുത്.  വലിയൊരു സംഖ്യ വന്നിട്ട് ഇന്‍വെസ്റ്റ് ചെയ്യാമെന്നത് വിഡ്ഢിത്തമാണ്. 25 വയസില്‍ സേവ് ചെയ്ത് തുടങ്ങുന്നതും 40 വയസില്‍ തുടങ്ങുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. വരുമാനം നില്‍ക്കുന്ന സമയത്ത് ചെലവിന് ആ തുകയില്‍ നിന്ന് തിരിച്ചെടുക്കുകയും ചെയ്യാം. തുടക്കക്കാര്‍ നേരിട്ട് ഓഹരിയിലേക്കിറങ്ങാതെ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപം പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാകും നല്ലത്. അല്ലെങ്കില്‍ തിരിച്ചടികള്‍ നേരിടാന്‍ സാധ്യതയുണ്ട്,” ഉത്തര ഉപദേശിക്കുന്നു.

ലാഭവീതം ജീവനക്കാര്‍ക്കും

ഇത്രയും കാലത്തിനിടയ്ക്ക് കടുത്ത ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കിലും ഒരു ദിവസം പോലും ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചിട്ടില്ലെന്ന് ഉത്തര പറയുന്നു. “സാമ്പത്തിക അച്ചടക്കം പുലര്‍ത്തുന്നു. ലാഭത്തിന്‍റെ ഭൂരിഭാഗവും വിപണിയില്‍ തന്നെ വീണ്ടും നിക്ഷേപിക്കും. ഒരു ഭാഗം ജീവനക്കാര്‍ക്ക് പങ്കിട്ട് നില്‍കും. അവരുടെ കൂടി സ്ഥാപനമാണെന്നു തോന്നണമല്ലോ. വരുന്ന ലാഭം മുഴുവന്‍ എടുത്തു ചെലവാക്കരുത്,” ബിസിനസ് ഫിലോസഫി വ്യക്തമാക്കുന്നു ഉത്തര.

മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്‍റ്, ബോണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്, കറന്‍സി ട്രേഡിങ് തുടങ്ങി നിരവധി ധനകാര്യ സേവനങ്ങള്‍ പരിചയപ്പെടുത്തുകയും ലഭ്യമാക്കുകയും ചെയ്യുന്ന വിശാല സ്ഥാപനമായി അര്‍ത്ഥ ഇന്ന് മാറിക്കഴിഞ്ഞു. ഇനി കുറച്ച് കൂടി വലിയ ലക്ഷ്യങ്ങളാണ് ഉത്തരയ്ക്ക് മുന്നിലുള്ളത്.

വരുമാനവും സമ്പത്തും മാനേജ് ചെയ്യുന്നതിലെ പാളിച്ചകളാണ് നല്ലൊരു ശതമാനം പേരെയും സാമ്പത്തിക പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നത്. ഇന്‍ഡ്യയില്‍ ഇപ്പോഴും അത്ര ജനകീയമായിട്ടില്ലാത്ത സമഗ്ര വെല്‍ത്ത് മാനേജ്‌മെന്‍റ്, സാമ്പത്തിക ആസൂത്രണ സേവന രംഗത്തേക്ക് പൂര്‍ണമായും മാറാനുള്ള തയാറെടുപ്പിലാണ് ഉത്തര രാമകൃഷ്ണന്‍. ഒന്നര വര്‍ഷമായി മകന്‍ രാം നാരായണനും അതിന് കൂട്ടായുണ്ട്.


ഇതുകൂടി വായിക്കാം: കോവിഡ്-19 പാക്കേജില്‍ മുദ്രാ ലോണ്‍: ആര്‍ക്കൊക്കെ അര്‍ഹതയുണ്ട്, എത്ര ലോണ്‍ കിട്ടും?


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം