9 ലക്ഷം രൂപയ്ക്ക് സിമെന്‍റ് തൊടാത്ത 1,090 സ്ക്വയര്‍ ഫീറ്റ് വീട്

“സിമെന്‍റ് ഉപയോഗിക്കാതെയും വീടുണ്ടാക്കാമെന്നു പറഞ്ഞാല്‍ പോരാ, കാണിച്ചു കൊടുക്കണമെന്നു തോന്നി,” എന്ന് ബഷീര്‍

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഏതെങ്കിലും ബസില്‍ കയറി പോകും… അവസാന സ്റ്റോപ്പിലാകും ഇറങ്ങുന്നത്. കുറേ നേരം ഒരു പരിചയവുമില്ലാത്ത ആ നാട്ടിലെ കാഴ്ചകളൊക്കെ കണ്ട്, നാട്ടുകാരോട് വര്‍ത്തമാനമൊക്കെ പറഞ്ഞ് നടക്കും.

ആ നാട്ടില്‍ നിന്ന് പട്ടണത്തിലേക്കുള്ള അവസാന ബസ് എത്തും വരെ ചുറ്റിക്കറങ്ങലായിരിക്കും. സ്കൂള്‍ കുട്ടി ചുമ്മാ ചുറ്റിത്തിരിയുന്നത് കാണുമ്പോള്‍ ചിലരൊക്കെ അടുത്തേക്ക് വരും. പിന്നെ ചോദ്യം ചെയ്യലാണ്. പേര് എന്താ, നാട് എവിടാ, എന്തിന് വന്നു, ഇവിടെയെന്തിനാ ചുറ്റിക്കറങ്ങുന്നേ.. നൂറു നൂറു ചോദ്യങ്ങള്‍.

നാട് കാണാന്‍ വന്നതാണെന്ന മറുപടിയില്‍ നാട്ടുകാര്‍ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് പറയും. ‘വട്ടാണല്ലേ.. ഗുളിക കഴിച്ചാ മതി ഇപ്പോ ചികിത്സിച്ചാ മാറിക്കോളൂം’ എന്നൊക്കെ.

പക്ഷേ, ഈ പരിഹാസങ്ങളൊന്നും ബഷീര്‍ കളത്തിങ്ങലിന് ഒരു പ്രശ്നമേ അല്ല.

ബഷീര്‍ കളത്തിങ്ങല്‍

മണ്‍വീട് ഉണ്ടാക്കിയപ്പോഴും ദാ.. ഇപ്പോള്‍ അട്ടപ്പാടിയില്‍ പഴക്കാട് വളര്‍ത്താന്‍ പോകുമ്പോഴും ആളുകള്‍ പറയുന്നുണ്ട്… വട്ട് തന്നെ അല്ലാതെന്താ…!?

“കോഴിക്കോട് ചെറുവണ്ണൂരാണ് ജനിച്ചുവളര്‍ന്ന നാട്. പക്ഷേ ഇപ്പോ താമസിക്കുന്നത് കീഴ്പാടം എന്ന സ്ഥലത്താണ്. ഇവിടെയാണ് മണ്‍വീട് നിര്‍മ്മിച്ചിരിക്കുന്നത്. പെരുമണ്ണ എന്ന സ്ഥലത്ത് നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലമേയുള്ളൂ കീഴ്പാടത്തേക്ക്. മൂന്നു വര്‍ഷം മുന്‍പാണ് വീട് വയ്ക്കുന്നത്,” ആ ‘കിറുക്കന്‍’ ബഷീര്‍ കളത്തിങ്ങല്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.

“പരിസ്ഥിതി പ്രവര്‍ത്തനമാണ് എന്‍റെ പ്രവര്‍ത്തന മേഖല. കരിങ്കല്‍ ക്വാറികളിലും മണ്ണെടുക്കുന്ന സ്ഥലങ്ങളിലുമൊക്കെ പോയി അതിനെതിരേ വിപ്ലവം ഉണ്ടാക്കും. അതൊക്കെ പരിസ്ഥിതിക്ക് ദോഷമാണല്ലോ.

“അതൊന്നും പാടില്ലെന്നു പറയുമ്പോ ആളുകള്‍ സ്വാഭാവികമായി ചോദിക്കുന്നൊരു ചോദ്യമുണ്ട്. ഞങ്ങള്‍ക്ക് വീട് ഉണ്ടാക്കണ്ടേ… അതിന് മണ്ണും കല്ലും സിമന്‍റും വേണ്ടേ എന്നാണ് ചോദ്യം.

“ശരിയാ… വീട് എല്ലാവര്‍ക്കും വേണം. പ്രകൃതിയെ നശിപ്പിക്കാതെ വീടുണ്ടാക്കമെന്നു അവരോട് പറയും. പക്ഷേ വെറുതേ പറഞ്ഞാല്‍ പോരല്ലോ. അവര്‍ക്ക് മുന്നില്‍ സിമന്‍റ് ഉപയോഗിക്കാതെയും വീട് നിര്‍മിക്കാമെന്നു പറഞ്ഞാല്‍ പോരാ, ജീവിതത്തിലൂടെ കാണിച്ചു കൊടുക്കണമെന്നു തോന്നി.”

പണിക്കാര്‍ക്ക് താമസിക്കുന്നതിനൊക്കെയായി 2008- മുതല്‍ കൃഷിഭൂമിയിലും മറ്റും താത്ക്കാലിക മണ്‍വീടുകള്‍ ബഷീര്‍ നിര്‍മ്മിച്ചിരുന്നു. ആ പരിചയത്തിലാണ്  കീഴ്പാടത്തെ പത്തുസെന്‍റില്‍ സ്വന്തമായൊന്ന് വെക്കുന്നത്.

“ഈ ഭൂമിക്ക് വളരെ ചെറിയൊരു ചരിവുണ്ട്. ആ ചരിവ് നേരെയാക്കാന്‍ മണ്ണെടുത്തിരുന്നു. ആ മണ്ണ് തന്നെയാണ് വീടുണ്ടാക്കാന്‍ ഉപയോഗിച്ചത്. പ്ലംബിങ്ങും വയറിങ്ങുമൊക്കെ സാധാരണ വീടുകളിലേത് പോലെയാണ്,” അദ്ദേഹം പറഞ്ഞു.

1090 സ്ക്വയര്‍ ഫീറ്റ് വലുപ്പമുള്ള വീട്ടില്‍ മൂന്ന് ബാത്ത്റൂം അറ്റാച്ച്ഡ് ബെഡ്റൂമുകളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വര്‍ക്ക് ഏരിയയുമൊക്കെയുണ്ട്. ഏകദേശം മൂന്നു മാസം കൊണ്ടാണ് വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

“പിന്നെ കുടുംബമായി ജീവിക്കുമ്പോ കുറേയൊക്കെ കോംപ്രമൈസ് ചെയ്യേണ്ടി വരുമല്ലോ. അങ്ങനെയാണ് വീടിന്‍റെ നിലം ടൈലിടുന്നത്.  ഇരുമ്പ് കൊണ്ട് ട്രെസ് വര്‍ക്ക് ചെയ്തു ഓട് കൊണ്ടാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്,” അദ്ദേഹം വിശദമാക്കി.

മണ്‍വീടിന്‍റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍

“വീട് നിര്‍മ്മിക്കുന്നതിന് സിമെന്‍റ് ഉപയോഗിച്ചിട്ടില്ല. ചെങ്കല്ല് കൊണ്ട് തറയൊരുക്കി അതിനു മുകളില്‍ മണ്ണ് കുഴച്ചുറപ്പിച്ചു. കുഴച്ചു പരുവപ്പെടുത്തിയ മണ്ണിലേക്ക് ചിതലിനെ തടയാനുള്ള നാടന്‍ രീതിയായ കടുക്കയും ഉലുവയും ചേര്‍ത്ത വെള്ളമൊഴിച്ച് വലിയ ഉരുളകളാക്കിയാണ് ചുമരുണ്ടാക്കിയത്.

“അകവും പുറവും അരിച്ചെടുത്ത മണ്ണ് ഉപയോഗിച്ചാണ് തേച്ചിട്ടുള്ളത്. ബാക്കി സ്ഥലങ്ങളിലെല്ലാം മേല്‍മണ്ണ് തന്നെയാണ് ഉപയോഗിച്ചത്. മണ്ണിന്‍റെ പശിമ പോകുന്നതിന് വേണ്ടി വെള്ളത്തില്‍ കുളിര്‍മാവിന്‍റെ തൊലിയും കുമ്മായവും ചേര്‍ത്തു കൊടുത്തു.

“പുറമേ നിന്നു കാണുന്നവര്‍ക്ക്  മണ്‍വീടാണിതെന്നു തോന്നുകയേയില്ല. സിമന്‍റ് കൊണ്ട് നിര്‍മ്മിക്കുന്ന വീടുകളെപ്പോലെ തന്നെയാണിത്. മണ്‍വീടാണെന്നു മറ്റുള്ളവര്‍ക്ക് വിശ്വസിക്കണമെങ്കില്‍ ഏതെങ്കിലും ഭാഗത്ത് പൊളിച്ച് മണ്ണ് കാണിച്ചു കൊടുക്കേണ്ടി വരും.

“അത്രയും ഫിനിഷിങ്ങിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ വീടിന്‍റെ ഓരോ മൂലയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും. സാധാരണ സിമന്‍റ് വീടുകളുടെ കോണുകള്‍ക്ക് നല്ല കൂര്‍ത്ത ഫിനിഷ് ഉണ്ടാകുമല്ലോ.

“മണ്‍വീടായത് കൊണ്ട് അങ്ങനെയല്ല. വീടിന്‍റെ നാലു കോണുകളും അത്ര ഷാര്‍പ്പ് അല്ല. മണ്ണായത് കൊണ്ട് അരികുകള്‍ കൂര്‍ത്തതാക്കിയാല്‍ പൊട്ടിപ്പോകും,” ബഷീര്‍ വ്യക്തമാക്കുന്നു.

പറമ്പില്‍ കൃഷിപ്പണിക്ക് വന്ന തിരുവനന്തപുരംകാരാണ് ഈ വീടുണ്ടാക്കിയതെന്ന് അദ്ദേഹം തുടരുന്നു.

“കൃഷിപ്പറമ്പിലെ പണിക്കാര്‍ക്ക് വേണ്ടിയുള്ള മണ്‍വീടുകള്‍ കണ്ടപ്പോഴാ അവര് പറയുന്നത്, ഞങ്ങള്‍ക്ക് മണ്‍വീടുണ്ടാക്കാന്‍ അറിയാമെന്നും, ഞങ്ങളതിന്‍റെ പണിക്കാരാണെന്നും.


ഇതുകൂടി വായിക്കാം: സിമെന്‍റ് തൊടാതെ 3,200 ച. അടി വീട്; ഉറപ്പിന് ശര്‍ക്കരയും കുമ്മായവും, ചുമര് തിളങ്ങാന്‍ കോഴിമുട്ട, ചിതലിനെ പായിക്കാന്‍ വാഴയില


“സാധാരണ പണിക്കാരെ കൊണ്ട് പറഞ്ഞുകൊടുത്ത് ചെയ്യിച്ചതാണ് കൃഷിപ്പറമ്പിലെ മണ്‍വീടുകള്‍. ഇവര് പക്ഷേ വര്‍ഷങ്ങളായി മണ്‍വീട് നിര്‍മ്മിക്കുന്ന സംഘമാണ്.

“അതുകേട്ടപ്പോ സന്തോഷമായി. ഇവര് മണ്‍വീട് നിര്‍മാണത്തില്‍ കേമന്‍മാര്‍ ആണ്. നൂറുകണക്കിന് വീടുകളുണ്ടാക്കിയിട്ടുള്ളവരാണെന്നും കൂടി അറിഞ്ഞതോടെ സന്തോഷം ഇരട്ടിച്ചു.

“പക്ഷേ അവര്‍ക്ക് മേസ്തിരി വേണം എന്നു പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞത് അത് വേണ്ട, നിങ്ങള്‍ ചെയ്താ മതി. മേസ്തിരി ഇല്ലാത്തതിന്‍റെ പേരില്‍ വല്ല നഷ്ടവും സംഭവിച്ചാല്‍ ഞാന്‍ സഹിച്ചോളാമെന്ന്.

“പണിയെടുക്കുന്ന ആള്‍ക്കാര് എന്ന നിലയ്ക്ക് കാര്യങ്ങളൊക്കെ അറിയാമല്ലോ പിന്നെ മേസ്തിരിയായി ഞാനുണ്ടാകും കൂടെ എന്നു പറഞ്ഞു. അങ്ങനെ അവര്‍ നിര്‍മ്മാണമൊക്കെ തുടങ്ങി.

“രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെയൊക്കെ വീടിന്‍റെ പണി നോക്കും. പിന്നെ അവര് നേരെ കൃഷിപ്പണിക്ക് ഇറങ്ങും. കുറഞ്ഞ ചെലവില്‍ വീടുണ്ടാക്കി തന്നു.”  അങ്ങനെ ആ മൂവര്‍ സംഘം പണി തുടങ്ങി. കൂടുതല്‍ പണിക്കാര്‍ ആവശ്യമുള്ളപ്പോള്‍ മാത്രം പുറമെ നിന്ന് വിളിച്ചു.

കുടുംബാംഗങ്ങളുടെ താല്‍പര്യപ്രകാരം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ബഷീര്‍ പറഞ്ഞു.

“അവര്‍ക്ക് വീടിന്‍റെ ജനലുകളൊക്കെ അടച്ചിടുന്നതൊക്കെയാണ് ഇഷ്ടം. ഞാനാണേല്‍ ജനലുകളും വാതിലുകളും ഇല്ലാത്ത വീട് എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന ആളാ. കാറ്റും വെട്ടവുമൊക്കെ കയറുന്ന തുറന്ന ഇടമായിരിക്കണം വീട് എന്നതാണ് ആഗ്രഹം. മകനും ഭാര്യയുമൊക്കെ വേറെ വ്യക്തികള്‍ അല്ലേ. എന്‍റെ താത്പ്പര്യങ്ങള്‍ക്ക് വേണ്ടി അവരെ ബലിയാടാക്കാന്‍ പറ്റില്ലല്ലോ. അങ്ങനെയാണ് വീടിന്‍റെ കാര്യത്തില്‍ ചില കോംപ്രമൈസുകള്‍ ചെയ്യുന്നത്.

“വീടിന് പെയ്ന്‍റ് ചെയ്തതും മറ്റും അങ്ങനെയാണ്. ഇപ്പോ കണ്ടാല്‍ സാധാരണ വീട് പോലെ തോന്നും. പക്ഷേ, ഏതു ശക്തമായ വേനല്‍ക്കാലത്തും വീടിനകത്ത് നല്ല തണുപ്പായിരിക്കും. എന്നാല്‍ മഴക്കാലത്ത് വീടിനകത്ത് ചൂടായിരിക്കും,”  അദ്ദേഹം പറയുന്നു. എല്ലാ പണിയും കഴിഞ്ഞപ്പോള്‍–ടൈലിങ്ങും വയറിങ്ങുമെല്ലാം അടക്കം– ഒന്‍പത് ലക്ഷം രൂപ ചെലവ് വന്നുവെന്ന് ബഷീര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇടയ്ക്കിടെ വീടിന് മെയിന്‍റനന്‍സ് വര്‍ക്ക് ഒന്നും വേണ്ടി വരാറില്ലെന്ന്. എന്നാല്‍ കസേരയും മേശയുമൊക്കെ ചുമരിനോട് ചേര്‍ന്ന് കിടന്ന് ചെറിയ പൊട്ടലൊക്കെ വരും. എന്തെങ്കിലുമൊക്കെ തൂക്കിയിടാനൊക്കെ നോക്കുമ്പോ മണ്ണ് പൊടിയും, അങ്ങനെ ചെറിയ പ്രശ്നങ്ങള്‍ മാത്രമേ അദ്ദേഹത്തിന് അനുഭവപ്പെട്ടിട്ടുള്ളൂ.

“മണ്ണ് അല്ലേ അതിന്‍റേതായ ചില പ്രശ്നങ്ങളൊക്കെയുണ്ടാകും. വേറെ വലിയ പ്രശ്നങ്ങളൊന്നും വീടിനില്ല. ഈ വീട് കാണാനും ഒരുപാട് ആളുകള്‍ വരാറുണ്ട്. മണ്‍വീട് നിര്‍മ്മിക്കുന്നവരുടെ എണ്ണവും മുന്‍കാലങ്ങളെക്കാള്‍ കൂടിയിട്ടുണ്ട്.

“മണ്‍വീട് ആണെങ്കിലും വേറെ അലങ്കാരങ്ങളൊന്നും ഇവിടെ ചെയ്തിട്ടില്ല. ഫോര്‍മല്‍ വീട് എന്നേയുള്ളൂ. മണ്‍വീട് ഇനിയും നിര്‍മ്മിക്കണമെന്നുണ്ട്. അലങ്കാരങ്ങളൊക്കെയുള്ള മറ്റുള്ളവരെ ആകര്‍ഷിക്കുന്നതാകണം ആ വീടെന്നാണ് ആഗ്രഹം.” അദ്ദേഹം പറയുന്നു.

ഉപയോഗശൂന്യമായ ടയറുകള്‍ ഉപയോഗിച്ചാണ് ബഷീറിന്‍റെ വീടിന്‍റെ കക്കൂസ് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. സിമന്‍റ് ഉപയോഗിക്കാതെ കുറഞ്ഞ ചെലവില്‍ ടയര്‍ ഉപയോഗിച്ച് ടാങ്ക് നിര്‍മ്മിക്കാമെന്നാണ് ബഷീര്‍ പറയുന്നത്.

“ജെസിബി ഉപയോഗിച്ച് വലിയൊരു കുഴിയുണ്ടാക്കുന്നു. ആ കുഴിയിലേക്ക് ലോറികളുടെയൊക്കെ ടയറുകള്‍ അടുക്കി വെയ്ക്കണം. അരമണിക്കൂര്‍ നേരം മാത്രം മതി. കാശും സമയവും ലാഭിക്കാം. ഭൂകമ്പം വന്നാലും പ്രളയം വന്നാലും ഇതു തകരില്ല,” ബഷീര്‍ അവകാശപ്പെട്ടു.

പരിസ്ഥിതിസ്നേഹം പണ്ടേ ഉണ്ടായിരുന്നെങ്കിലും കേരള ജൈവ കര്‍ഷക സമിതി എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് അദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തനം ഗൗരവമായി എടുക്കുന്നത്.

“കെ വി ദയാല്‍, ശിവപ്രസാദ്, ജോണ്‍ സി ജേക്കബ് ഇവരുമായുള്ള സഹവാസത്തിലൂടെയാണ് ശരിക്കും പരിസ്ഥിതി വാദിയായി മാറുന്നത്. കൃഷിയാണ് മുഖ്യം. സുഭാഷ് പാലേക്കറിന്‍റെ കൃഷി രീതിയാണ് പിന്തുടരുന്നത് നാടന്‍ പശുക്കളുടെ സംരക്ഷകനായിരുന്നു. ഇപ്പോ പക്ഷേ പശുക്കളില്ല.

“പതിവായി യാത്രകളൊക്കെ പോകുന്നയാളാണ്. അതിനിടയില്‍ പശുക്കളുടെ കാര്യം നോക്കാനുള്ള സമയമില്ല. വീടിനോട് ചേര്‍ന്നുള്ള ഇടങ്ങളിലും മറ്റുമായി കൃഷി ചെയ്യുന്നുണ്ട്.

“കുരുമുളക്, വാഴ. ചേന, ചേമ്പ്, പച്ചക്കറികള്‍ ഇതൊക്കെയുണ്ട്. പക്ഷേ, ഇതൊന്നും വലിയ അളവില്‍ കൃഷി ചെയ്യുന്നില്ല. അട്ടപ്പാടിയില്‍ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണിപ്പോള്‍.

“അതിനുള്ള തൈകളൊക്കെ വീട്ടില്‍ തയാറാക്കി വച്ചിട്ടുണ്ട്. രോഗങ്ങളെ അകറ്റി നിറുത്താന്‍ പഴങ്ങള്‍ മാത്രം കഴിച്ച് ജീവിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിക്കുന്നത്.

“നാച്ചുറല്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇതിന് പിന്നില്‍. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കൊറോണയും ലോക്ഡൗണുമൊക്കെ എത്തിയത്. തത്ക്കാലം പദ്ധതി നിറുത്തി വച്ചിരിക്കുകയാണ്. സാഹചര്യമൊക്കെ മാറിയ ശേഷം ആരംഭിക്കും,” ബഷീര്‍ പറഞ്ഞു.

സബിതയാണ് ബഷീറിന്‍റെ ഭാര്യ. ഒരു മകനുണ്ട്, താഹിര്‍.


ഇതുകൂടി വായിക്കാം:എ സിയും ഫാനും വേണ്ട! പൂനെ നഗരത്തിന് നടുവില്‍ മണ്‍വീട് നിര്‍മ്മിക്കുന്ന ദമ്പതികള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം