മുതിര്‍ന്നവര്‍ക്ക് മാസവരുമാനം ഉറപ്പുനല്‍കുന്ന പദ്ധതികളുമായി എല്‍ ഐ സിയും  എസ് ബി ഐയും

സര്‍ക്കാരും വിവിധ ബാങ്കുകളും മുതിര്‍ന്നവര്‍ക്കായി നല്‍കുന്ന പെന്‍ഷന്‍ പദ്ധതികള്‍

ഓട്ടപ്പാച്ചിലിനിടയില്‍ പലരും വാര്‍ദ്ധക്യകാലത്തെ ജീവിതത്തെക്കുറിച്ചു മറക്കുന്നു. പഴയ പോലെ മക്കളെ ആശ്രയിച്ചു ജീവിക്കുന്ന കാലവും കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് വരുമാനമുള്ളപ്പോള്‍ തന്നെ വാര്‍ദ്ധക്യ കാലത്തേക്കു കൂടി ചെറിയ തുക മാറ്റി വെച്ച് സമ്പാദ്യ പദ്ധതികളില്‍ ചേരാം. ഇത്തരത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി എസ്ബിഐയും എല്‍ഐസിയും മുന്നോട്ടുവെയ്ക്കുന്ന വിവിധ തരം പെന്‍ഷന്‍, നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങള്‍ ചുവടെ

1. പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY)

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ നേട്ടമുറപ്പാക്കുന്ന പദ്ധതിയാണ്  പ്രധാനമന്ത്രി വയ വന്ദന യോജന പെന്‍ഷന്‍. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്ന ഈ പദ്ധതിയിലേക്ക് എല്‍ ഐ സി യിലൂടെ ഓണ്‍ലൈനായും ഓഫ് ലൈനായും അപേക്ഷിക്കാം.

ഏതൊരു ബാങ്ക് നല്‍കുന്നതിലും അധിക റിട്ടേണ്‍ നല്‍കുന്നു എന്നതാണ് 2017-ല്‍ തുടങ്ങിയ പദ്ധതിയുടെ പ്രത്യേകത. 2023 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ പണം നിക്ഷേപിക്കാം.

ആര്‍ക്കൊക്കെ അംഗമാകാം?

60 വയസു തികഞ്ഞ ആര്‍ക്കും പദ്ധതിയില്‍ അംഗമാകാം. പ്രായം എത്രയായാലും പദ്ധതിയില്‍ ചേരുന്നതിന് തടസമില്ല. 15 ലക്ഷം വരെയുള്ള തുകയാണ് ഇതില്‍ നിക്ഷേപിക്കാനാവുക. കാലാവധി 10 വര്‍ഷം.

തെരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് 8 ശതമാനം മുതല്‍ 8.3 ശതമാനം വരെയാണ് ഉറപ്പുള്ള നേട്ടമായി പറയുന്നത്. നിക്ഷേപിച്ചിരിക്കുന്ന തുകയനുസരിച്ച് മാസം 1,000 രൂപ മുതല്‍ 9,250 രുപ വരെ പെന്‍ഷന്‍ ഉറപ്പാക്കുന്നു. മാസം, മൂന്ന് മാസത്തിലൊരിക്കല്‍, ആറു മാസത്തില്‍ ഒരിക്കല്‍, വര്‍ഷത്തിലൊരിക്കല്‍ എന്നിങ്ങനെ പെന്‍ഷന്‍ സ്വീകരിക്കാം. എന്‍ ഇ എഫ് ടി വഴിയോ ആധാര്‍ അധിഷ്ഠിത പേയ്മെന്‍റ് സംവിധാനം വഴിയോ പെന്‍ഷന്‍ അക്കൗണ്ടിലെത്തും..

വായ്പയും നല്‍കും

മൂന്ന് വര്‍ഷത്തിന് ശേഷം വായ്പയ്ക്കും ഇതില്‍ സംവിധാനമുണ്ട്. പോളിസി വാങ്ങാന്‍ നിക്ഷേപിക്കപ്പെട്ട തുകയുടെ 75 ശതമാനമാണ് വായ്പ അനുവദിക്കുക. ഈ പദ്ധതിയെ ജി എസ് ടി യില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും നികുതി ചട്ടങ്ങള്‍ ഇതിന് ബാധകമായിരിക്കും

2 . എല്‍ ഐ സി ജീവന്‍ ശാന്തി

പെന്‍ഷനില്ലാത്ത മുതിര്‍ന്ന പൗരന്‍മാരുടെ ടെന്‍ഷന്‍ പറഞ്ഞറിയിക്കാനാവില്ല. മുന്നോട്ടുള്ള ജീവിതത്തിന് ആവശ്യത്തിന് പണമില്ലാതെ വന്നേക്കാം.

ഒറ്റത്തവണ പ്രീമിയം പദ്ധതിയാണിത്. പദ്ധതിയില്‍ ചേര്‍ന്നതിന് അടുത്ത മാസം മുതലോ നിശ്ചിത കാലാവധിക്കു ശേഷമോ പെന്‍ഷന്‍ കിട്ടുന്ന രീതി തെരഞ്ഞെടുക്കാം.

സവിശേഷതകള്‍

ഏറ്റവും കുറഞ്ഞ പ്രീമിയം ഒന്നരലക്ഷം രൂപയാണ്. ഉയര്‍ന്ന പരിധിയില്ല.

30 വയസ്സുമുതല്‍ 79 വയസ്സുവരെയുള്ളവര്‍ക്കു ചേരാം.

പരമാവധി 20 വര്‍ഷമാണു പെന്‍ഷന്‍ കിട്ടിത്തുടങ്ങാന്‍ തിരഞ്ഞെടുക്കാവുന്ന ‘ഡിഫര്‍മെന്‍റ്’ കാലാവധി. അതേസമയം, 80 വയസ്സില്‍ പെന്‍ഷന്‍ കിട്ടിത്തുടങ്ങിയിരിക്കണം എന്നുമുണ്ട്. അതായത്, 79 വയസ്സില്‍ ചേരുന്നയാള്‍ക്ക് ഒറ്റ വര്‍ഷമേ ‘പെന്‍ഷന്‍ വാങ്ങല്‍’ വൈകിക്കാനാകൂ. പെന്‍ഷന്‍ വാങ്ങല്‍ പ്രതിമാസം, 3 മാസത്തിലൊരിക്കല്‍, 6 മാസത്തിലൊരിക്കല്‍, വര്‍ഷത്തിലൊരിക്കല്‍ എന്നിങ്ങനെ തിരഞ്ഞെടുക്കാം.


ഇതുകൂടി വായിക്കാം: ഭര്‍ത്താവിന്‍റെ പെന്‍ഷന്‍ കാശുകൊണ്ട് ആരുമില്ലാത്തവര്‍ക്ക് സ്നേഹമന്ദിരമൊരുക്കി 73-കാരി


സാധാരണ പോളിസികളില്‍ ഭര്‍ത്താവ്, ഭാര്യ, മക്കള്‍ എന്നീ കുടുംബാഗങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഇതില്‍ വിപുലമാക്കിയിട്ടുണ്ട്. ഒറ്റയ്‌ക്കോ രണ്ടുപേരുടെ പേരിലോ എടുക്കാമെന്ന വ്യവസ്ഥയില്‍ ഭര്‍ത്താവ്, ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍, അവരുടെ മാതാപിതാക്കള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കളിലാരുമാകാം പങ്കാളി. കുടുംബത്തിലെ ഭിന്നശേഷിയുള്ളയാള്‍ക്ക് സ്ഥിരം വരുമാനം ഉറപ്പിക്കാന്‍ പോളിസിയിലെ പങ്കാളിയാക്കാനാകും.

മരണാനന്തരാനുകൂല്യം അവകാശികള്‍ക്കു നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചാല്‍ പെന്‍ഷന്‍ തുക കൂടുതല്‍ കിട്ടും. മരണാനന്തരാനുകൂല്യം അവകാശികള്‍ക്കു നല്‍കുന്നതു തന്നെ, തവണകളായോ ഒറ്റത്തവണയായോ ഒക്കെ ആകാം

പോളിസി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വായ്പാ സൗകര്യം ലഭ്യമാണ്.

3. എസ് ബി ഐ ലൈഫ്  സരള്‍ പെന്‍ഷന്‍ പദ്ധതി

ഒരു പരമ്പരാഗത പോളിസിയാണിത്. മ്യൂച്വല്‍ ഫണ്ടുകളുമായൊന്നും ലിങ്ക് ചെയ്യാത്തതിനാല്‍ നിക്ഷേപത്തുക ഒട്ടും തന്നെ നഷ്ടപ്പെടാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഏറ്റവും അനുയോജ്യമായൊരു പോളിസിയാണിത്. പദ്ധതിയില്‍ അംഗമാകാനുള്ള പരമാവധി പ്രായം 65 വയസ്സ്.

കുറഞ്ഞത് 5 വര്‍ഷം മുതല്‍ പരമാവധി 40 വര്‍ഷം വരെയാണ് പോളിസി കാലാവധി.

സവിശേഷതകള്‍

ആദ്യ അഞ്ച് വര്‍ഷം ഗ്യാരണ്ടീഡ് ബോണസുകള്‍ നല്‍കും.
ആദ്യത്തെ 3 വര്‍ഷം പോളിസി തുകയുടെ രണ്ടര ശതമാനവും അടുത്ത 2 വര്‍ഷം രണ്ടേമുക്കാല്‍ ശതമാനവും വീതം ഉറപ്പായ ബോണസ് ലഭിക്കും.

നേട്ടങ്ങള്‍

10 മുതല്‍ 40 വര്‍ഷം വരെയുള്ള വായ്പാ കാലാവധി

രാജ്യത്തെ ആദായനികുതി നിയമപ്രകാരമുള്ള ആദായനികുതി ആനുകൂല്യത്തിന് അര്‍ഹത.

കുറഞ്ഞ പ്രീമിയം തുക വര്‍ഷം 7,500 രൂപ. ഒറ്റത്തവണയായോ അല്ലെങ്കില്‍ മാസം, അര്‍ദ്ധ വാര്‍ഷികം, വാര്‍ഷികം എന്നീ തവണകളായോ പ്രീമിയം അടക്കാം.

40 മുതല്‍ 70 വയസിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പെന്‍ഷന്‍ വാങ്ങാം.

പെന്‍ഷന്‍ പദ്ധതികള്‍ക്കു പുറമെ, മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സ്ഥിര നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. പലിശ നിരക്ക് അതിവേഗം കുറയുന്നതിനാല്‍  മുതിര്‍ന്ന പൗരന്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യാ,എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്  തുടങ്ങിയ ബാങ്കുകള്‍ പ്രത്യേക നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചു.

നിക്ഷേപത്തിന് സമയ പരിധി 2020 സെപ്റ്റംബര്‍ 30 വരെ.

4.എസ്ബിഐ വി കെയര്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ ലഭ്യമാകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐയുടെ ‘എസ്ബിഐ വി കെയര്‍’.

വര്‍ഷം മുതല്‍ 10 വരെയാണ് പദ്ധതിയുടെ കാലാവധി. പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്ക് പുറമെ 30 ബേസിസ് പോയിന്‍റിന്‍റെ (ബിപിഎസ്) അധിക പലിശയും ലഭിക്കുന്നതാണ്. അങ്ങനെ വരുമ്പോള്‍ മൊത്തം 0.80 ശതമാനം പലിശയാണ് കൂടുതലായി ലഭിക്കുക.

അഞ്ചുവര്‍ഷമോ അതില്‍ താഴെയോ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പദ്ധതി പ്രകാരം 50 ബേസിസ് പോയന്‍റ് കൂടുതല്‍ ലഭിക്കും. അഞ്ചുവര്‍ഷമോ അതിന് മുകളിലോ കാലാവധിയുള്ള സ്ഥിര നിക്ഷേപമാണെങ്കില്‍ പദ്ധതി പ്രകാരം 80 ബേസിസ് പോയിന്‍റാണ് കൂടുതല്‍ ലഭിക്കുക. കാലാവധിയെത്തും മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ അധികമായി നല്‍കുന്ന 30 ബേസിസ് പോയിന്‍റിന്‍റെ വര്‍ധന ലഭിക്കില്ല.

ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാക്കുന്ന സ്ഥിര നിക്ഷേപത്തിന് 4% മുതല്‍ 6.20% വരെ പലിശ നിരക്കാണ് ബാങ്ക് നല്‍കുന്നത്. പരമാവധി നിക്ഷേപ തുക 2 കോടി വരെയാണ്.

5. എച്ച് ഡി എഫ് സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി എച്ച്ഡിഎഫ്‌സി ബാങ്ക് അവതരിപ്പിച്ചിട്ടുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എച്ച്ഡിഎഫ്‌സി സീനിയര്‍ സിറ്റിസണ്‍ കെയര്‍.  ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുമ്പോള്‍ 6.50 ശതമാനം വരെ പലിശ ലഭിക്കും. ബാങ്കിന്‍റെ മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഈ പുതിയ പദ്ധതി വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് 25 ബിപിഎസ് അധികം ലഭിക്കുന്നതാണ്.

കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ അതായത് 5 വര്‍ഷമോ അതിനു മുമ്പോ ആണെങ്കില്‍ 1 ശതമാനം പിഴ ഈടാക്കുന്നതാണ്. 5 വര്‍ഷത്തിന് ശേഷമാണെങ്കില്‍ 1.25 ശതമാനമായിരിക്കും ഈടാക്കുക.

പരമാവധി നിക്ഷേപ തുക 5 കോടി വരെയാണ്.

6.ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്സ് എഫ് ഡി പദ്ധതി

മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 6.55 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന  പദ്ധതിയാണ് ‘ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്സ് എഫ് ഡി.

അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍ രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപം നടത്താം.

2020 മെയ് 20 മുതല്‍ സെപ്റ്റംബര്‍ 30 വരെ പദ്ധതി ലഭ്യമാണ്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 80 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) ഇത് അധികം വാഗ്ദാനം ചെയ്യുന്നു. ഇത് മറ്റ് ഇടപാടുകാര്‍ക്ക് നല്‍കുന്നതിലും കൂടുതലാണ്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയ എഫ്ഡികള്‍ക്കും പഴയ എഫ്ഡി പുതുക്കലിനുമായി ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.  എന്‍ ആര്‍ ഐ-ക്കാര്‍ക്കും ഈ സ്കീമില്‍ ചേരാം.

നിക്ഷേപത്തുകയുടേയും പലിശയുടേയും 90 ശതമാനം വരെ ലോണ്‍ എടുക്കാം. നിക്ഷേപത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രെഡിറ്റ് കാര്‍ഡിനും അര്‍ഹതയുണ്ട്.


ഇതുകൂടി വായിക്കാം:  കോവിഡ്-19: നിങ്ങളുടെ വയസായ മാതാപിതാക്കള്‍ ദൂരെയാണോ? സഹായമെത്തിക്കാന്‍ ഇതാ 5 വഴികള്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം