അമ്മയ്ക്കും അച്ഛനും കോവിഡ്; അവരുടെ 6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്ത് മേരി അനിത

ഈ കൈക്കുഞ്ഞിനെ നോക്കാന്‍ ആരും ഇല്ലാതെ വന്നതോടെയാണ് മൂന്നു മക്കളുടെ അമ്മയായ ഡോ. മേരി അനിത ആ ദൗത്യം ഏറ്റെടുക്കുന്നത്.

“ഉണ്ണീന്ന് വിളിക്കണ കേട്ടാ മതി… ഉടനെ അവന്‍റെ കണ്ണുകള്‍ വിടരും… എന്നെ എടുത്തോ എന്ന ഭാവത്തില്‍ കൈകളും കാലുമൊക്കെ മുകളിലേക്ക് ഉയര്‍ത്തി തുള്ളിച്ചാടുന്ന പോലെ കട്ടിലില്‍ കിടന്നവന്‍ മോണ കാട്ടി ചിരിക്കും.

“ആ ചിരി കണ്ടാ മതിയല്ലോ. അവന് എന്നെ കണ്ടാല്‍ മതി. ഇടയ്ക്ക് ഫോണ്‍ വന്നാ ഉണ്ണീടെ ഒപ്പമിരുന്ന് സംസാരിക്കണം. ഫോണിലാണേലും ഇടയ്ക്ക് അവനോടും കൊഞ്ചണം… അല്ലേല്‍ ചിണുങ്ങലാ…”

ഫോണിനപ്പുറം ഡോ. മേരി അനിതയുടെ വര്‍ത്തമാനം കേട്ടാല്‍ അവരുടെ സന്തോഷച്ചിരി ചുണ്ടുകളില്‍ മാത്രമല്ല ഹൃദയത്തിലും നിറഞ്ഞുനില്‍പ്പുണ്ടെന്നു തോന്നും. പക്ഷേ, അത് വെറുമൊരു തോന്നല്‍ അല്ല.

ഉണ്ണിയോടൊപ്പം ഡോ. മേരി അനിത

കോവിഡ്-19 പോസിറ്റീവായ എറണാകുളം പെരുമ്പാവൂര്‍ സ്വദേശികളായ മാതാപിതാക്കളുടെ ഇളയമകനാണ് ഈ കുരുന്ന്. ആരും നോക്കാനില്ലാതെ വന്നതോടെയാണ് മൂന്നു മക്കളുടെ അമ്മയായ ഡോ. മേരി അനിത ഈ കൈകുഞ്ഞിന്‍റെയും അമ്മയായത്.

അഞ്ചാം ക്ലാസുകാരി മിവ്ഷ്മി ഇസബെല്ലിനെയും ചേട്ടന്‍മാരെയും അച്ഛന്‍റെ അടുത്താക്കിയാണ് ഡോ. അനിത ഉണ്ണിയെ നോക്കാനെത്തിയത്.

ഹരിയാനയില്‍ നഴ്സുമാരാണ് ഉണ്ണിയുടെ അച്ഛനും അമ്മയും. അച്ഛനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഭര്‍ത്താവ് ആശുപത്രിയിലായതോടെ ഉണ്ണിയെയും കൊണ്ട് അമ്മ നാട്ടിലേക്ക് വരുകയായിരുന്നു.

ക്വാറന്‍റൈനിലായിരുന്ന ആ സ്ത്രീയ്ക്കും പിന്നീട് കോവിഡ്-19 പരിശോധനാഫലം പോസിറ്റീവായി, ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ പരിശോധന ഫലം നെഗറ്റീവുമായിരുന്നു.

“കുഞ്ഞിനെ തനിച്ച് ക്വാറന്‍റൈന്‍ ചെയ്യാനാകില്ലല്ലോ. അമ്മയ്ക്ക് ചികിത്സയും വേണം. കുഞ്ഞിനെ നോക്കാവുന്ന ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളെജുകാരും ജില്ല ശിശുക്ഷേമ സമിതിയില്‍‍ നിന്നൊക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു,”

ഉണ്ണിയുടെ അമ്മയായതിനെക്കുറിച്ച് ഡോ.മേരി അനിത ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“കുഞ്ഞിന്‍റെ സംരക്ഷണമേറ്റെടുക്കാന്‍ ആരെയും കിട്ടിയില്ല. കുഞ്ഞിന്‍റെ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ പ്രായമായവരാണ്. ഉണ്ണിയുടെ രണ്ടര വയസുകാരി ചേച്ചി ഇവര്‍ക്കൊപ്പമാണ്. ആ കുട്ടി നേരത്തെ തന്നെ ആ വീട്ടിലാണ് താമസിക്കുന്നത്.

‘രണ്ട് ദിവസം കഴിഞ്ഞതോടെ ഞാനുമായി ഉണ്ണി സൗഹൃദമായി.’: ഡോ. മേരി അനിത ഉണ്ണിയോടൊപ്പം

“പത്തു വയസില്‍ താഴെയുള്ള കുട്ടിയും പ്രായമായ അപ്പൂപ്പനും അമ്മൂമ്മയും.. അവര്‍ക്കൊപ്പം ഉണ്ണിയെ ഏല്‍പ്പിക്കാന്‍ പറ്റില്ലല്ലോ. ആരുടെയെങ്കിലും പരിചയത്തിലുള്ളവരെ എങ്ങാനും കിട്ടുമോ എന്നാണ് ഡിസാസ്റ്റര്‍ മാനെജ്മെന്‍റ് ഗ്രൂപ്പില്‍ ചോദിച്ചത്.

“അതുകേട്ടപ്പോ വേറെ ആരെയും അന്വേഷിക്കണ്ട… ഞാന്‍ തന്നെ വന്നോളം എന്നാ പറഞ്ഞത്. 14-ന് ശിശുക്ഷേമസമിതി വിളിച്ചു സംസാരിച്ചു. തൊട്ടുപിറ്റേ ദിവസം കുഞ്ഞിനെ സ്വീകരിച്ചു.

“കഴിഞ്ഞ 21-ാം തിയതി വരെ ഞാനും ഉണ്ണിയും കളമശ്ശേരി മെഡിക്കല്‍ കോളെജിലായിരുന്നു. കുഞ്ഞിന്‍റെ ഫലം നെഗറ്റീവായതോടെ 23-ന് രാത്രി ഞങ്ങള്‍ ഇവിടേക്ക് വരുകയായിരുന്നു.

“എറണാകുളത്തെ ഞങ്ങളുടെ ഫ്ലാറ്റിലെ തന്നെ മറ്റൊരു ബ്ലോക്കിലാണ് ഉണ്ണിയ്ക്കൊപ്പം ഞാനും ക്വാറന്‍റൈനില്‍ കഴിയുന്നത്. ആദ്യത്തെ ദിവസമൊക്കെ അവന്‍ കരച്ചിലും ബഹളവുമുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞതോടെ ഞാനുമായി അവന്‍ സൗഹൃദമായി.

“മുലപ്പാല്‍ മാത്രം കഴിച്ചു കൊണ്ടിരുന്ന കുഞ്ഞല്ലേ. സെറിലാകും ലാക്റ്റോജനുമൊക്കെ കൊടുക്കുമ്പോ അവന് ഇഷ്ടം തോന്നണമെന്നില്ലല്ലോ. പക്ഷേ ഇപ്പോ അവന്‍ അതൊക്കെ കഴിക്കുന്നുണ്ട്.

“ഉണ്ണിയുടെ അച്ഛനോടും അമ്മയോടും ദിവസവും രാവിലെയും വൈകിട്ടും വിഡിയോ കോളിലൂടെ സംസാരിക്കാറുണ്ട്. അമ്മയെ അച്ഛനെയോ ഫോണില്‍ കണ്ടാല്‍ അങ്ങനെ ബഹളമൊന്നും ഇല്ല.

“ശ്രദ്ധിച്ചിരിക്കും എന്നല്ലാതെ, അവന് അതൊന്നും തിരിച്ചറിയാനുള്ള പ്രായമൊന്നും ആയില്ലല്ലോ. എന്‍റെ മക്കളും വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഉണ്ണിയോടും സംസാരിക്കും, കളിപ്പിക്കും.

“അമ്മ മറ്റൊരാളുടെ കുഞ്ഞിനെ നോക്കാന്‍ പോയെന്ന വിഷമം മക്കള്‍ക്ക് തോന്നരുതല്ലോ. അതുകൊണ്ട് അവരെയും ഇവനെ കളിപ്പിക്കാന്‍ കൂട്ടുന്നുണ്ട്,” അവര്‍ പറഞ്ഞു.

എറണാകുളത്തെ ഡോ. മേരി അനിതയുടെ ഫ്ലാറ്റിന് നേരെ എതിരിലുള്ള ഫ്ലാറ്റിലാണ് അവര്‍ ഇപ്പോള്‍ ക്വാറന്‍റൈനില്‍ കഴിയുന്നത്. ജനലിലൂടെ നോക്കിയാല്‍ അപ്പുറത്ത് മക്കളെയൊക്കെ കാണാം.

“ആറുമാസം പ്രായമുള്ള കുഞ്ഞായതു കൊണ്ട് അവനു കുറുക്കുണ്ടാക്കാനും മറ്റുമൊക്കെയായി മുറിയില്‍ നിന്നു പുറത്തേക്കും മറ്റും ഇറങ്ങേണ്ടിയും വരും. ഭക്ഷണവും കുഞ്ഞിന്‍റെ ഡയപ്പറും മറ്റും മക്കള്‍ തന്നെ ഫ്ലാറ്റിന്‍റെ വാതിലിന് മുന്നില്‍ കൊണ്ടു വന്നു വയ്ക്കും,”  മേരി അനിത പറഞ്ഞു.


ഇതുകൂടി വായിക്കാം:‘തനിയേ… മിഴികള്‍ നനഞ്ഞുവോ…’: ഫ്രാന്‍സിലേക്ക് തിരികെപ്പോകാനുളള ക്ഷണം നിരസിച്ച് കൊറോണക്കാലത്ത് കൊച്ചിയിലെ 1,300 കുടുംബങ്ങള്‍ക്കൊപ്പം നിന്ന സ്റ്റെഫനി


ഭര്‍ത്താവിന്‍റെയും മക്കളുടെയും പിന്തുണ കൊണ്ടാണെനിക്ക് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ സാധിക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അഞ്ചാംക്ലാസ്സുകാരി മിവ്ഷ്മി ഇസബെല്ലിന്  പുറമെ 12-ല്‍ പഠിക്കുന്ന നിംരോധും എഴാം ക്ലാസ്സുകാരന്‍ മനാസെയുമാണ് ഡോ. മേരിയുടെ മക്കള്‍. അഡ്വ.സാബുവാണ് ഭര്‍ത്താവ്.

“പിന്നീട് പെട്ടെന്നു വീട്ടിലേക്ക് തിരികെ പോകാനാകില്ലെന്നു വന്നതോടെ മക്കള്‍ പറഞ്ഞത്, അതൊന്നും കുഴപ്പമില്ല ഞങ്ങള്‍ മാനെജ് ചെയ്തോളാമെന്നാണ്.”

ഉണ്ണി എന്നത് കുഞ്ഞിന്‍റെ യഥാര്‍ത്ഥ പേരല്ല. എന്നാല്‍ ആ പേരിലാണ് അവനെക്കുറിച്ച് വാര്‍ത്തകളൊക്കെ വന്നത്.

“അതോടെ പലരും അവന്‍റെ ശരിയായ പേരാണിതെന്നു തെറ്റിദ്ധരിച്ചു. അങ്ങനെ കുറേപ്പേര് വിളിക്കുകയും ചെയ്തു. “ഒരുപാട് അമ്മൂമ്മമാരും അമ്മമാരും വലിയ സങ്കടത്തോടെ വിളിച്ചിരുന്നു. ഉണ്ണീ സങ്കടപ്പെടണ്ടട്ടോ… അമ്മൂമ്മയുണ്ട്ട്ടോ കൂടെ എന്നൊക്കെയാണ് അവര് പറയുന്നത്,” ഡോ. മേരി പറഞ്ഞു.

“ഫോണ്‍ വരുമ്പോ ഉണ്ണി ഉറക്കം അല്ലെങ്കില്‍ ഫോണ്‍ സ്പീക്കറില്‍ ഇടും. വേറൊന്നും കൊണ്ടല്ല, എന്‍റെ ശബ്ദം മാത്രമല്ലേ അവന്‍ കേള്‍ക്കുന്നുള്ളൂ. വേറെ ശബ്ദമൊക്കെ കേള്‍ക്കുന്നത് അവനും സന്തോഷമാണെന്നു തോന്നി.

“ഡയപ്പര്‍ മാത്രമായിട്ടാണ് കുഞ്ഞിനെ എനിക്ക് കൈയിലേക്ക് കിട്ടുന്നത്. അമ്മയ്ക്ക് അസുഖമുള്ളത് കൊണ്ട് അവന്‍റെ ഉടുപ്പും കളിപ്പാട്ടങ്ങളുമൊന്നും എടുക്കാന്‍ പറ്റില്ലല്ലോ. എനിക്ക് പുറത്ത് പോയി വങ്ങാനും പറ്റില്ലല്ലോ.”

അന്ന് ഡോ. മേരിയും കുഞ്ഞും മെ‍ഡിക്കല്‍ കോളെജിലായിരുന്നല്ലോ. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും അധികൃതര്‍ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ എത്തിക്കുകയുമായിരുന്നു.

“പിന്നേ ഞാന്‍ ഏതു നേരവും അവനോട് സംസാരിച്ചു കൊണ്ടേയിരിക്കും. ഉണ്ണിയ്ക്ക് ജന്മനാ വൃക്കയ്ക്ക് ചെറിയൊരു പ്രശ്നമുണ്ട്. പക്ഷേ ഇപ്പോ പ്രശ്നമൊന്നും ഇല്ല. കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. മരുന്നുമുണ്ട്.

“മെഡിക്കല്‍ കോളെജുകാരും ഇടയ്ക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇതുവരെ എനിക്കും മോനും കുഴപ്പങ്ങളൊന്നുമില്ലാതെ പോയതു പോലെ മുന്നോട്ടുള്ള ദിവസങ്ങളും നന്നായി പോകണം.

“അവന്‍റെ അച്ഛനും അമ്മയും വരുമ്പോ ഉണ്ണിയെ സന്തോഷത്തോടെ തിരിച്ചേല്‍പ്പിക്കാനാകണമെന്ന പ്രാര്‍ഥനയേയുള്ളൂ,”  ഡോ. മേരി അനിത പറഞ്ഞു.

12 വര്‍ഷമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി സെന്‍റര്‍ ഫോര്‍ എംപവര്‍മെന്‍റ് ആന്‍ഡ് എന്‍‍റിച്ച്മെന്‍റ് എന്ന സ്ഥാപനം നടത്തുന്ന മേരി അനിത എറണാകുളം ദുരിതനിവാരണ സമിതി അംഗം കൂടിയാണ്.


ഇതുകൂടി വായിക്കാം:ഏഴാം ക്ലാസ്സില്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി, വിവേചനങ്ങള്‍ ഒരുപാട് അനുഭവിച്ചു, പൊരുതി: 100-ലേറെ പെണ്‍കുട്ടികളുടെ ‘അമ്മ’ സജിനിയുടെ ജീവിതം


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം