“തോറ്റുകൊടുത്താല്‍ നഷ്ടം എനിക്ക് മാത്രമാണെന്ന് നന്നായി അറിയാമായിരുന്നു,” എന്ന് ജിനി ജോണ്‍ ചിരിച്ചുകൊണ്ട് പറയും.
അല്ലെങ്കിലും ആ പത്തനംതിട്ടക്കാരിയോട് ഒറ്റത്തവണ സംസാരിച്ചാല്‍ അറിയാം, അങ്ങനെയൊന്നും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത, കരുത്തുള്ള ആളാണെന്ന്.
തൊണ്ണൂറു ശതമാനം കാഴ്ചയില്ല. ജീവിതത്തില്‍ അടിക്കടി പ്രതിസന്ധികള്‍ നേരിട്ടും തരണം ചെയ്തും സ്വയം ശക്തി നേടിത്തുടങ്ങിയത് തീരെക്കുഞ്ഞായിരിക്കുമ്പോള്‍ മുതലാണ്…
കാഴ്ചക്കുറവിന്‍റെ പേരിൽ നൂറോളം കമ്പനികൾ ജിനിയ്ക്ക് ജോലി നല്‍കാതെ ഒഴിവാക്കി. പക്ഷേ, അവര്‍ പതറിയില്ല. “ജോലി ഏറെ അനിവാര്യമായ ഘട്ടത്തിൽ കാഴ്ചയുടെ പേരിൽ ജോലിയിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ, അവിടെയും ഞാൻ പിടിച്ചു നിന്നു,” ജിനി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
കൊച്ചി, കാക്കനാട് പ്രവർത്തിക്കുന്ന ആക്സിലിയോൺ എന്ന സ്ഥാപനത്തിൽ ചെന്നാൽ ഇന്നലെകളിലെ തിരിച്ചടികളിൽ നിന്നും പ്രചോദനമുൾക്കൊണ്ട്, തന്നെ വിശ്വസിച്ചെത്തുന്നവർക്ക് ജോലി കണ്ടെത്തി നൽകാൻ ശ്രമിക്കുന്ന ജിനി എന്ന സംരംഭകയെ കാണാം. എപ്പോഴും പോസിറ്റീവ് ആയ , സദാ ചിരിക്കുന്ന , വാചാലയായി സംസാരിക്കുന്ന സ്ത്രീ.
ഇന്ന് ജിനി 25-ലേറെപേർക്ക് ജോലി നൽകുന്നുണ്ട്. ഒപ്പം, തനിക്ക് ജോലി നിഷേധിച്ച സ്ഥാപനങ്ങളിലേക്കടക്കം ആളുകളെ റിക്രൂട്ട് ചെയ്യുന്നുമുണ്ട്.
”എന്‍റെ പരിമിതികളെ എന്‍റെ ശക്തിയാക്കി മാറ്റി. അച്ഛനമ്മമാർ ഇല്ലാത്തതിന്‍റെ പേരിൽ ഒറ്റപ്പെടൽ അനുഭവിച്ചപ്പോൾ എനിക്ക് ഞാൻ തന്നെ തണലായി മാറി… തോറ്റു കൊടുത്താൽ നഷ്ടം എനിക്ക് മാത്രമായിരുന്നു,” എന്ന് ജിനി.
ഒറ്റപ്പെട്ടുപോയ ബാല്യം
ജിനിക്ക് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് മമ്മി മരിക്കുന്നത്. മുംബൈയിൽ നഴ്സ് ആയിരുന്നു ജിനിയുടെ മമ്മി. അപൂർവമായി മാത്രം വരുന്ന ശ്വാസകോശ രോഗമായിരുന്നു പെട്ടന്നുള്ള മരണകാരണം. ചികിത്സിക്കാനുള്ള സമയം പോലും ലഭിച്ചില്ല. പിന്നീട് പപ്പയുടെ വീട്ടിലേക്ക് വന്ന ജിനിയുടെ പരിചരണം അച്ഛന്‍റെ മാതാപിതാക്കൾക്കായിരുന്നു.
അഞ്ചാം വയസിൽ പപ്പയെ കൂടി നഷ്ടമായതോടെ ജിനി ഒറ്റപ്പെട്ടു. എന്നാൽ മാതാപിതാക്കളുടെ അഭാവം ഒരു കുറവാകാതെയാണ് ജിനിയെ അപ്പച്ചനും അമ്മച്ചിയും വളർത്തിയത്. സ്‌കൂൾ പഠനം അവരുടെ കൂടെയായിരുന്നു. ആരോഗ്യപ്രശ്നനങ്ങൾ അവരെ അലട്ടുന്നുണ്ടായിരുന്നുവെങ്കിലും പേരക്കുട്ടിയെ ഇരുവരും ഏറെ ലാളിച്ചായിരുന്നു വളർത്തിയത്.
പഠനത്തിൽ ചെറുപ്പം മുതൽ തന്നെ മിടുക്കിയായിരുന്നു ജിനി. ഒരു ഡോക്റ്റർ ആകണം എന്നതായിരുന്നു അവളുടെ ആഗ്രഹം. എന്നാൽ ആ മോഹവും മനസ്സിലിട്ടു നടക്കുമ്പോഴാണ് വില്ലനായി കാഴ്ചക്കുറവ് കടന്ന് വരുന്നത്.
”സ്‌കൂളിൽ പോയി പഠിക്കാനിരിമ്പോഴാണ് അക്കാര്യം മനസിലായത്. കണ്ണിന് നല്ല കാഴ്ചക്കുറവ് ഉണ്ട്. പുസ്തകം വായിക്കണമെങ്കില്‍ മുഖത്തോട് ചേര്‍ത്ത് വെക്കണം. ടീച്ചർ ബോർഡിൽ എഴുതുന്ന കാര്യങ്ങൾ ഒന്നും എനിക്ക് കാണാൻ വയ്യ. ക്ലാസിൽ എന്‍റെ കാഴ്ചക്കുറവ് ഒരു പ്രശ്നമായതോടെ അപ്പച്ചനും അമ്മച്ചിയും എന്നെ ഡോക്റ്ററുടെ അടുത്ത് കൊണ്ട് പോയി. കണ്ണിലെ ഞെരമ്പുകൾ പൊടിഞ്ഞു പോകുന്നതായിരുന്നു കാഴ്ചക്കുറവിനു കാരണം. ഉടനടി സർജറി നടത്തി. അങ്ങനെ എട്ടാം വയസിൽ സോഡാക്കുപ്പി കണ്ണടയിലൂടെ ഞാൻ ലോകം കാണാൻ തുടങ്ങി. ആ സമയത്ത് ശക്തിമാന്‍ ഇറങ്ങിയത് കൊണ്ട്, സോഡാക്കുപ്പി കണ്ണടയുമായി നടക്കുന്ന എനിക്ക് ഗംഗാധർ എന്ന വിളിപ്പേര് കൂടിയായി…” ആ ചിരി വീണ്ടും.
പരാജയപ്പെട്ട ഓപ്പറേഷൻ
ഇടത് കണ്ണിനായിരുന്നു ആദ്യം ഓപ്പറേഷൻ നടത്തിയത്. അത് വിജയകരമായിരുന്നു. എന്നാൽ പതിയെ വലതു കണ്ണിനും കാഴ്ചക്കുറവ് അനുഭവപ്പെട്ടു തുടങ്ങി. ഇടത് കണ്ണിന്‍റെ വിജയകരമായ സർജറിക്ക് ശേഷം, വലത് കണ്ണ് സർജറി ചെയ്തു. അത് പരാജയമായിരുന്നു. അപ്പോഴാണ് ബാംഗ്ലൂരില്‍ കൊണ്ടുപോയി സര്‍ജറി ചെയ്താല്‍ കാഴ്ച തിരിച്ചു കിട്ടും എന്ന് ആരോ പറഞ്ഞത്. അവിടേക്ക് പോയി. ഒരുതവണ കൂടി സര്‍ജ്ജറി. പിന്നെ കുറെ നാള്‍ മരുന്നും ഹോസ്പിറ്റലുമൊക്കെയായി നടന്നു.
എന്നാൽ എത്ര വിദഗ്ധ ചികിത്സകൊണ്ടും ഫലമുണ്ടായില്ല. വലത് കണ്ണിന്‍റെ കാഴ്ച പൂർണമായും നഷ്ട്ടപ്പെട്ടു. ഏറെ ശ്രമിച്ചു നോക്കിയാൽ നിഴൽ പോലെ എന്തോ ഒന്ന് കണ്ടാൽ ആയി. പക്ഷെ, ഓപ്പറേഷന്‍റെ പരാജയം അവിടം കൊണ്ടും തീർന്നില്ല.
ഓപ്പറേഷന്‍ ചെയ്ത കണ്ണ് അകത്തോട്ട് കുഴിയാന്‍ തുടങ്ങി. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. എന്നാൽ ആ അവസ്ഥയിലും ജിനി പഠനം വിട്ടു കളഞ്ഞില്ല. അവശേഷിച്ച കാഴ്ചയിൽ വാശിയോടെ പഠിച്ചു . അകത്തേക്ക് കുഴിഞ്ഞു പോയ കണ്ണ് കാഴ്ചക്കാർക്കും അരോചകമാണെന്ന് തോന്നിയപ്പോള്‍ പ്ലാസ്റ്റിക്ക് ഐ വച്ച് അത് താത്കാലികമായി പരിഹരിച്ചു.
ബിഎ എക്കണോമിക്സ് എടുത്ത് ബാംഗ്ലൂരിൽ പഠനം തുടരാനായിരുന്നു തീരുമാനം.അങ്ങനെ മുന്നോട്ട് പോകുമ്പോൾ അതാ അടുത്ത ദുരന്തം അവിചാരിതമായി കടന്നു വന്നു.
”പ്ലാസ്റ്റിക്ക് ഐ വെച്ചിരുന്ന വലതു കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങി. ആദ്യം അത് കാര്യമാക്കിയില്ല. എന്നാൽ ഇതേ അവസ്ഥ മൂന്നാഴ്ച തുടർന്നപ്പോൾ ഡോക്ടര്‍ പറഞ്ഞു നമുക്ക് ബയോപ്‌സി ചെയ്യണമെന്ന്. പിന്നീട് അതിനായുള്ള ഒരുക്കമായിരുന്നു. ബയോപ്സി റിസൾട്ട് വന്നപ്പോൾ കണ്ണിനകത്ത് വലിയൊരു ഗ്രോത്ത്. ഐബോള്‍ മൊത്തത്തില്‍ റിമൂവ് ചെയ്യണം. വീണ്ടും ഒരു സര്‍ജറി. ഐബോള്‍ റിമൂവ് ചെയ്തശേഷം അവിടെ വായില്‍ നിന്നും മാംസം എടുത്തുവച്ചു.
“അതുകൊണ്ടും തീർന്നില്ല പരീക്ഷണങ്ങൾ… വീണ്ടും ആര്‍ട്ടിഫിഷ്യല്‍ പ്രോസ്‌തെടിക്‌സ് വച്ചു വീണ്ടും കുറെനാള്‍ മരുന്നും ഹോസ്പിറ്റലും ഒക്കെയായി നടന്നു. ഇതിനിടയ്ക്ക് ഞാൻ എംഎ ഇക്കണോമിക്‌സിൽ പിജി പൂർത്തിയാക്കി,” ജിനി പറയുന്നു.
ജോലിക്കായുള്ള ശ്രമങ്ങള്‍
പഠനം പൂർത്തിയാക്കുന്നതിനും ഓപ്പറേഷനുകളും ചികിത്സയുമായി മുന്നോട്ട് പോകുന്നതിനും ഇടയ്ക്ക് ജിനിക്കുണ്ടായ നഷ്ടങ്ങൾ വളരെ വലുതായിരുന്നു. ഡിഗ്രി ആദ്യവര്‍ഷം പഠിക്കുമ്പോള്‍ അമ്മച്ചിയും മൂന്നാം വര്‍ഷമായപ്പോള്‍ അപ്പച്ചനും മരിച്ചു. നിലനിൽപ്പ് തന്നെ പ്രശ്നമായി.
പിജി കഴിഞ്ഞ ശേഷം ആദ്യം ചെയ്തത് ജോലി തേടിയിറങ്ങുക എന്നതായിരുന്നു. എന്നാൽ ജോലിക്കായി ഇറങ്ങിത്തിരിച്ചപ്പോഴാണ് തനിക്ക് അതുവരെ ഒരു പ്രശ്നമായി തോന്നാത്ത കാഴ്ചക്കുറവ് തൊഴിൽ ദാതാക്കൾക്ക് ഒരു പ്രശ്നമാണെന്ന് ജിനിക്ക് മനസിലായത്.
”അപ്പച്ചനും അമ്മച്ചിയും മരിച്ച ശേഷം എന്നെ പഠിപ്പിച്ചത് പപ്പയുടെ സഹോദരങ്ങള്‍ ആയിരുന്നു. അവരൊക്കെ എനിക്കുവേണ്ടി ഒരുപാട് ബുദ്ധിമുട്ടി. വീണ്ടും അവരെ ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് ഒറ്റക്ക് ജീവിക്കണം, തോറ്റു കൊടുക്കില്ല എന്ന തീരുമാനം എടുത്തത്തത്.
“ആ തീരുമാനത്തിന്‍റെ ബലത്തിലാണ് ആറ് വർഷങ്ങൾക്ക് മുൻപ് ഞാൻ കൊച്ചിയിൽ എത്തുന്നത്. കൊച്ചിയിൽ വന്നാൽ ജോലി കിട്ടുമെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. എന്നാൽ ഇവിടെ വന്നപ്പോൾ അതല്ല അവസ്ഥ. ഇന്റര്‍വ്യൂ ഒക്കെ ലാസ്റ്റ് റൗണ്ട് വരെ പാസാകും എന്‍റെ ഒരു കണ്ണിനു കാഴ്ച ഇല്ല, അല്ല മറ്റേ കണ്ണ് കാഴ്ച കുറവുണ്ട് എന്നൊക്കെ കേള്‍ക്കുമ്പോഴേ ജോലി ഗോവിന്ദ! ഇങ്ങനെ ഒന്നും രണ്ടുമല്ല, നൂറുകണക്കിന് കമ്പനികളാണ് എനിക്ക് ജോലി നൽകാതെ ഒഴിവാക്കിയത്,” എന്ന് ജിനി.
മികച്ച രീതിയിൽ അഭിമുഖ പരീക്ഷ വിജയിച്ചിട്ടും കാഴ്ചക്കുറവിന്‍റെ പേരിൽ ജോലിയില്ല എന്ന് പറയുന്നത് തുടക്കത്തിൽ ധാരാളം നിരാശപ്പെടുത്തി. എന്നാൽ, ജിനി തളർന്നില്ല.
എട്ടാമത്തെ വയസ്സു മുതല്‍ ഒറ്റക്കണ്ണ് കൊണ്ടാണ് യാത്ര ചെയ്തിട്ടുള്ളത്, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്… ഡ്രൈവിംഗ് ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും ചെയ്യാന്‍ പറ്റും എന്ന് തെളിയിച്ചതാണ്. എന്നാല്‍ ഇക്കാര്യങ്ങൾ ഒന്നും മനസിലാക്കാൻ കമ്പനികളുടെ എച്ച് ആർ വിഭാഗത്തിന് സാധിച്ചില്ല.
പരിശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അടുത്ത സുഹൃത്തിന്‍റെ ശുപാർശ വഴി ഒരു ചെറിയ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയില്‍ ജോലി കിട്ടി . ഒരു വര്ഷം ആ ജോലിയിൽ തുടർന്നു. പിന്നീട് ഒരു ഇന്‍റീരിയര്‍ ഡിസൈനിങ് കമ്പനിയില്‍ ജോലി കിട്ടി. അതും ഒരു സുഹൃത്തിന്‍റെ ശുപാർശ വഴിയായിരുന്നു. താത്കാലികമായ ഈ ജോലികൾ ചെയ്യുമ്പോഴൊക്കെ ജിനി തന്‍റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി അന്വേഷിക്കുന്നുണ്ടായിരുന്നു.
”ഇന്‍ഫോപാര്‍ക്കില്‍ എല്ലാ ദിവസവും നടത്തുന്ന ഇന്‍റെര്‍വ്യൂകളിലും പണം കൊടുത്ത് ജോബ് കണ്‍സള്‍ട്ടന്‍സികളിലും രജിസ്റ്റര്‍ ചെയ്തു. പക്ഷെ, എല്ലാം തന്നത് സീറോ റിസള്‍ട്ട് ആയിരുന്നു. ഇതിനിടയ്ക്ക് ഞാൻ ഒരു എംബിഎ കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലിക്ക് പോയി. എന്നാൽ ദൂരക്കൂടുതൽ കാരണം എനിക്ക് ആ ജോലിയിൽ തുടരാനായില്ല,” ജിനി പറയുന്നു.
മാനസിക പിന്തുണയുമായി മിഥിൻ
ജോലിക്കായുള്ള അലച്ചിൽ തുടരുന്ന സമയത്ത് പൂര്‍ണ്ണ പിന്തുണയുമായി കൂടെ നിന്നത് സുഹൃത്തായ മിഥിൻ ചാക്കോ ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തി. “ഓരോ അഭിമുഖ പരീക്ഷയ്ക്കും ഒടുവിൽ ജോലി ഇല്ലെന്നു മനസ്സിലാക്കുമ്പോൾ മിഥിൻ ആയിരുന്നു മാനസികമായി പിന്തുണച്ച് കൂടെ നിന്നത്. വിവാഹസമയത്ത് ഒരു നാലഞ്ചു മാസം ഒരു ഗ്യാപ്പ് എടുക്കേണ്ടി വന്നു എന്നത് മാറ്റിനിർത്തിയാൽ ബാക്കി സമയമത്രയും ഞാൻ ജോലി അന്വേഷിച്ചുകൊണ്ടേയിരുന്നു.
”വിവാഹസമയത്താണ് ഞാന്‍ ഫ്രീലാന്‍സ് ആയി ഞാന്‍ റിക്രൂട്ട്മന്‍റ് ചെയ്തു തുടങ്ങിയത്. എനിക്ക് നന്നായി കൈകാര്യം ചെയ്യാൻ പറ്റും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്ന മേഖലയായിരുന്നു എച്ച് ആർ റിക്രൂട്ട്മെന്‍റ്. എന്നാൽ ഒരു സ്ഥാപനം നടത്താനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മിഥിൻ ആണ് പൂർണ പിന്തുണ നൽകിയത്. പിന്നെ രണ്ടാമതൊന്നു ആലോചിച്ചില്ല,” അങ്ങനെയാണ് ആക്സിലിയോൺ എന്ന സ്വന്തം സ്ഥാപനം തുടങ്ങുന്നതെന്ന് ജിനി ജോൺ പറയുന്നു.
ഒരു കമ്പനിയിലെ എച്ച് ആര്‍ പോസ്റ്റില്‍ ഒതുങ്ങേണ്ടിയിരുന്ന ജിനി ഇന്ന് തന്‍റെ സ്ഥാപനത്തിൽ 25-ഓളം പേര്‍ക്ക് ജോലി കൊടുക്കുന്നു. അതിലേറെ അഭിമാനിക്കാവുന്ന കാര്യം പണ്ട് ജോലിക്കായി കയറിയിറങ്ങിയ പല കമ്പനികളും ഇന്ന് ജിനിയുടെ ക്ലയന്റുകളാണ് എന്നതാണ്.
”എന്‍റെ ഡിസബിലിറ്റി 90% ആണ് എന്നിട്ടും തളരാതെ നില്‍ക്കുന്നത് ദൈവം തരുന്ന ഒരു ബലം മാത്രമാണ്. ഇപ്പോള്‍ കാഴ്ചയുള്ള ഇടതു കണ്ണിന് കാഴ്ച കുറവുണ്ട് റെറ്റിനല്‍ ഡിറ്റാച്മെന്‍റ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ് എന്നാണ് ഡോകടർമാർ പറയുന്നത്. ഒരിക്കൽ കാഴ്ച നഷ്ട്ടപ്പെട്ടേക്കും എന്ന് കരുതി, ഇപ്പോൾ തന്നെ മടിപിടിച്ചിരിക്കുന്നതിൽ എന്നതാണ് കാര്യം? അതിനാൽ മുന്നോട്ട് പോകുക തന്നെ,” ജിനിയുടെ വാക്കുകളിൽ ആത്മവിശ്വാസം.
ഭിന്നശേഷിക്കാര്‍ക്കായി ഒരു ജോബ് പോർട്ടൽ
എന്നാൽ ഭിന്നശേഷിക്കാരായതിന്‍റെ പേരിൽ ജോലി ലഭിക്കാതെ പോകുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഒരു ജോബ് പോർട്ടൽ തുടങ്ങണം എന്നാണ് ആഗ്രഹം എന്ന് ജിനി. എന്നാൽ ഇക്കാര്യത്തില്‍ കോർപ്പറേറ്റുകളിൽ നിന്നും വേണ്ടത്ര സഹകരണം ലഭിക്കാത്തതിനാൽ തന്നെ ജിനി ഏറെ ദുഖിതയുമാണ്. എന്നിരുന്നാലും തന്‍റെ ലക്‌ഷ്യം നേടി എടുക്കുന്നതിനും ഭിന്നശേഷിക്കാരായതിന്‍റെ പേരിൽ ഒരാൾക്കും ജോലി കിട്ടാത്ത അവസ്ഥ വരാതിരിക്കുന്നതിനായി പോരാടുകയും ചെയ്യുമെന്ന് ജിനി ജോൺ ഉറപ്പിച്ചു പറയുന്നു.
ജിനിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവട്ടെ എന്ന് വായനക്കാര്‍ക്കൊപ്പം ദ് ബെറ്റര്‍ ഇന്‍ഡ്യയും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter