ബസില്‍ ഒരു പച്ചക്കറിക്കട! ലോക്ക് ഡൗണ്‍ ദുരിതത്തിലായ 45 ബസ് ജീവനക്കാര്‍ക്ക് ആശ്വാസം, കര്‍ഷകര്‍ക്കും മെച്ചം   

ബസിലെ കച്ചവടം മാത്രമല്ല, ഹോം ഡെലിവറിയുമുണ്ട്.

ലോക് ഡൗണ്‍ കാലത്തെ ഒരു പാലക്കാടന്‍ അതിജീവനക്കഥ.  ഒരു ബസ് മുതലാളിയും 45 തൊഴിലാളികളുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍.  കൊറോണയും ലോക്ക് ഡൗണുമൊക്കെ വന്നതോടെ സഡണ്‍ ബ്രേക്കിട്ട ജീവിതത്തിന്‍റെ ഗിയര്‍ മാറ്റിയ സംഭവകഥയാണിത്.

കൊറോണക്കാലത്തിന് മുന്‍പ് മലമ്പുഴ-പാലക്കാട്- കൊട്ടേക്കാട് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ് ആയിരുന്നു ഇതിഹാസ്.

എന്നാലിപ്പോള്‍ അതൊരു പച്ചക്കറിക്കടയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടമായ സ്വന്തം തൊഴിലാളികള്‍ക്ക് ഇങ്ങനെയൊരു ഐഡിയ പറഞ്ഞു കൊടുത്തതും  ബസിന്‍റെ ഉടമസജീവ് തോമസ് തന്നെയാണ്.

പച്ചക്കറി കടയാക്കിയ ഇതിഹാസ് ബസ്

ആദ്യം തുടങ്ങിയത് ഒരു മാമ്പഴക്കടയായിരുന്നു. “മുതലമടയിലെ മാങ്ങാ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവരെ എങ്ങനെ സഹായിക്കാനാകുമെന്നാണ് ആലോചിച്ചത്. ആ ചിന്തകളിലാണ് ട്രാവല്‍സിലെ കുട്ടികള്‍ക്കും പണിയില്ലാതെ വെറുതേയിരിക്കുന്ന കാര്യം ഞാനോര്‍ക്കുന്നത്,” സജീവ് തോമസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഏതായാലും ബസ് ഓടുന്നില്ല, എന്നാല്‍ അതില്‍ തന്നെയാകാം കച്ചവടമെന്നു തീരുമാനിച്ചു. കാര്യങ്ങളൊക്കെ ബസിലെ ജീവനക്കാര് നോക്കിക്കൊള്ളൂം.  ജീവനക്കാര്‍ക്കും സമ്മതമായിരുന്നു. അങ്ങനെയാണ് ഏപ്രില്‍ പകുതിയോടെ ബസില്‍ മാമ്പഴ കച്ചവടം ആരംഭിച്ചത്.”

മാമ്പഴ സീസണ്‍ തീര്‍ന്നതോടെ പച്ചക്കറിയിലേക്ക് കടക്കുകയായിരുന്നു. ഹോം ഡെലിവറിയൊക്കെയായി ഇതിഹാസ് ട്രാവല്‍സിലെ മാനെജര്‍മാരും ഡ്രൈവര്‍മാരും ഡോര്‍ ചെക്കര്‍മാരുമൊക്കെ ഇപ്പോള്‍ പച്ചക്കറിക്കടയില്‍ തിരക്കിലാണ്.

“ഒന്നര മാസത്തോളം മാമ്പഴ കച്ചവടം നടത്തി. ഒരു കിലോ മാമ്പഴത്തിന് അഞ്ചു രൂപയൊക്കെ ബസ് ജീവനക്കാര്‍ക്ക് ലാഭം കിട്ടുകയുള്ളൂ. ഒരു ദിവസം 300-400 കിലോ മാങ്ങ വില്‍ക്കും. 14 ഇനം മാമ്പഴമാണ് വിറ്റത്. കിട്ടുന്ന വരുമാനം ജീവനക്കാര്‍ക്ക് തന്നെയുള്ളതായിരുന്നു,” സജീവ് തോമസ് പറഞ്ഞു.

“മാമ്പഴക്കച്ചവടത്തിന് ലഭിച്ച സ്വീകാര്യത പച്ചക്കറിക്കും കിട്ടുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടുന്നില്ലെന്ന മലമ്പുഴയിലെ ഒരു കര്‍ഷകന്‍റെ പരാതിയെക്കുറിച്ച് കേട്ടു. ആറും ഏഴും രൂപയ്ക്ക് പച്ചക്കറി വില്‍ക്കേണ്ടി വരുന്നുവെന്നും ആ പച്ചക്കറി പൊതുവിപണിയില്‍ 40 രൂപയ്ക്ക് വില്‍ക്കുന്നുവെന്നും അറിഞ്ഞതോടെയാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി എടുക്കാമെന്നു തീരുമാനിക്കുന്നത്.

“കര്‍ഷകരില്‍ നിന്ന് 15 രൂപയ്ക്ക് വിളവുകള്‍ എടുക്കാം. 25 രൂപയ്ക്ക് നമുക്ക് വിറ്റാല്‍ മതി, 10 രൂപ ലാഭം കിട്ടിയാല്‍ മതിയല്ലോ. കര്‍ഷകര്‍ക്കും വില കിട്ടുമല്ലോ. ഇക്കാര്യം ജീവനക്കാര്‍ക്കും സമ്മതമായിരുന്നു.

“വെണ്ടയ്ക്കും പടവലങ്ങയുമാണ് ആദ്യമായി കര്‍ഷകരില്‍ നിന്നെടുക്കുന്നത്. പിന്നീട് എല്ലാത്തരം പച്ചക്കറികളുടെയും വില്‍പ്പന ആരംഭിച്ചു. ന്യായമായ വിലയ്ക്ക് വില്‍ക്കാനാകുന്നുണ്ട്,” സജീവ് തോമസ് തുടരുന്നു.

ബീറ്റ്റൂട്ട്, കാരറ്റ്, ഉരുളക്കിഴങ്ങ്, ഉള്ളി, സവാള ഇതൊക്കെ മാര്‍ക്കറ്റില്‍ നിന്നു ശേഖരിച്ചാണ് വില്‍ക്കുന്നത്.  ഇതിനൊപ്പം നാടന്‍ വെളിച്ചെണ്ണയും തേനും വില്‍ക്കുന്നുണ്ട്.

ഇതിഹാസ് ബസിനുള്ളിലെ പച്ചക്കറികള്‍

“മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ എന്ന മലയോര പ്രദേശത്താണ് എന്‍റെ തറവാട് വീട്. അവിടെ തേനീച്ച കൃഷി ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അവരില്‍ നിന്നാണ് നാടന്‍ തേന്‍ ശേഖരിക്കുന്നത്.

“കാട്ടില്‍ നിന്ന് തേന്‍ ശേഖരിക്കുന്ന ആദിവാസികളുടെ ഒരു പ്രദേശവുമുണ്ട്. അവരില്‍ നിന്നു കാട്ടുതേന്‍ ശേഖരിക്കുന്നുണ്ട്. നാട്ടില്‍ നിന്ന് തന്നെയാണ് നാടന്‍ വെളിച്ചെണ്ണയും വാങ്ങുന്നത്.”

തറവാട് മണ്ണാര്‍ക്കാട് ആണെങ്കിലും സജീവ് കുടുംബത്തിനൊപ്പം പാലക്കാടാണ് താമസിക്കുന്നത്. സജീവ് തോമസ് ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനത്തില്‍ ഫിനാന്‍സ് മാനെജര്‍ കൂടിയാണ്.

“കച്ചവടമൊക്കെ നന്നായി പോകുന്നു. ഓരോ ദിവസവും മെച്ചപ്പെട്ടു വരുന്നുണ്ട്,” ഇതിഹാസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിലെ മാനെജറും പാലക്കാട് കൊങ്ങാട് സ്വദേശിയുമായ ജിത്തു ദാസ് പറയുന്നു. “ബസിന്‍റെ മുന്‍ വാതിലിലൂടെ അകത്തേക്ക് കയറാം. ആവശ്യമുള്ള പച്ചക്കറി നോക്കിയെടുക്കാം. പിന്‍വാതിലിലൂടെ കാശും നല്‍കി ഇറങ്ങാം.

“ബസിനുള്ളിലെ സീറ്റുകള്‍ പൂര്‍ണമായും മാറ്റി. പ്ലൈവുഡ് ഉപയോഗിച്ച് തട്ട് അടിച്ചു. അതിലാണ് പച്ചക്കറികള്‍ നിരത്തി വച്ചിരിക്കുന്നത്. കോഴിക്കോട് ബൈപ്പാസ് റോഡിലാണ് വില്‍പന.

“അഞ്ചാറ് പേര് എന്നും ബസ് പച്ചക്കറി കടയിലുണ്ടാകും. ജീവനക്കാര് മാറി മാറിയാണ് കടയിലെ കാര്യങ്ങള്‍ നോക്കുന്നത്. ഞാനും അനില്‍കുമാറുമാണ് (മറ്റൊരു മാനേജര്‍) പച്ചക്കറി പര്‍ച്ചേസ് ചെയ്യുന്നത്.  അനില്‍ വെളുപ്പിന് മൂന്നു മണിക്ക് പോയി പച്ചക്കറിയെടുക്കും. അനില്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഞാനും പോകും.

“എട്ട് മണിയോടെ എല്ലാവരില്‍ നിന്നു പച്ചക്കറി ശേഖരിച്ച് ബസിലെത്തിച്ചിരിക്കും. എട്ടര മണി മുതല്‍ രാത്രി എട്ടര വരെയാണ് പ്രവര്‍ത്തനസമയം. ഒരു ദിവസത്തേക്കുള്ള പച്ചക്കറിയാണ് പര്‍ച്ചേസ് ചെയ്യുന്നത്.”


ഇതുകൂടി വായിക്കാം:100 കുടുംബങ്ങള്‍ക്ക് 2,000 രൂപ വീതം സഹായം, വീടുകളിലേക്കും സമൂഹ അടുക്കളകളിലേക്കും സൗജന്യക്കിറ്റുകള്‍: ഇത് പച്ചക്കറിക്കടക്കാരന്‍ ജെഫിക്ക് തന്നാലായത്


ഹോം ഡെലിവറി സംവിധാനവുമുണ്ട്. വാട്ട്സ്ആപ്പിലൂടെ ഓര്‍ഡര്‍ അയക്കാം. ഓട്ടോയിലും ബൈക്കിലുമൊക്കെയായി പച്ചക്കറി വീടുകളിലെത്തിക്കും. പാലക്കാട് ടൗണിന്‍റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറിയുണ്ട്, ബസിലെ ജീവനക്കാര്‍ പറഞ്ഞു.

തുടക്കത്തില്‍ കിട്ടിയതിനെക്കാള്‍ കൂടുതല്‍ വരുമാനം ഇപ്പോള്‍ നേടാനാകുന്നുണ്ടെന്നു മാനെജര്‍ അനില്‍ കുമാര്‍.

“ബസില്‍ വന്നു വാങ്ങുന്നവരും ഹോം ഡെലിവറിയുമൊക്കെ കുറേയുണ്ട്. തുടക്കത്തില്‍ ഹോം ഡെലിവറി എണ്ണം കുറവായിരുന്നു. ഇപ്പോള്‍ എണ്ണം കൂടിയിട്ടുണ്ട്.

“ഓരോ ആഴ്ചയിലുമാണ് ഞങ്ങള്‍ക്ക് വരുമാനം. തിരക്ക് കൂടിയതോടെ നിത്യേന കണക്ക് നോക്കാനുള്ള സമയമില്ലാതെയായി. ഇതില്‍ നിന്നു കിട്ടുന്ന ലാഭം പൂര്‍ണമായും ഞങ്ങള്‍ ബസ് ജീവനക്കാര്‍ക്കുള്ളതാണ്.

“ടൂറിസ്റ്റ് ബസുകളോടിച്ചിരുന്നവരാണ് ഹോം ഡെലിവറിക്ക് പോകുന്നത്. മുതലാളിയുടെ ഐഡിയ തന്നെയാണിതൊക്കെയും. അദ്ദേഹം പറഞ്ഞത് അനുസരിച്ചാണ് ബസ് സീറ്റ് മാറ്റി പ്ലൈവഡ് തട്ടുകള്‍ അടിക്കുന്നതും,” അനില്‍ പറഞ്ഞു.

ടൂറിസ്റ്റ് ബസും ലൈന്‍ ബസും ചെറിയ ട്രാവലറുമൊക്കെയായി ഇതിഹാസിന് 19 വണ്ടികളുണ്ട്. ലോക്ക് ഡൗണ്‍ തിര്‍ന്നുവെങ്കിലും ടൂറിസ്റ്റ് ബസ് ഒന്നും ഓടുന്നില്ല.

“ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ നാളില്‍ മുതലാളി സഹായിക്കുമായിരുന്നു. പക്ഷേ, ലോക്ക് ഡൗണ്‍ നീണ്ടതോടെ അതിനും പറ്റാതെയായി. വിഷു വരെ ആള് സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത് നല്‍കിയാണ് സഹായിച്ചത്. ഈ പച്ചക്കറി കടയിലൂടെയും അദ്ദേഹം ഞങ്ങള്‍ക്ക്  വരുമാനമൊരുക്കിയിരിക്കുകയാണ്,” കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതിഹാസിനൊപ്പമുള്ള അനില്‍ പറയുന്നു.   പച്ചക്കറിക്കട ഇനിയും നന്നായി കൊണ്ടുപോകാനാകുമെന്ന വിശ്വാസത്തിലാണ് ജീവനക്കാര്‍.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം