ജീവപര്യന്തം തടവിൽ നിന്ന് 3,000 മക്കളുടെ രക്ഷകനിലേക്ക്: വലിയൊരു മാനസാന്തരത്തിന്‍റെ കഥ

…അന്ന് തിരിച്ചു ജയിലിലേയ്ക്ക് പോകുമ്പോൾ റെനി ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു.

1987ആഗസ്റ്റ്. അന്ന് ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം റെനി ജോർജ്  പരോളിൽ ഇറങ്ങിയതായിരുന്നു.  ജയില്‍ വാസമൊന്നും റെനിയില്‍  കാര്യമായ മാറ്റങ്ങൾ അപ്പോഴും ഉണ്ടാക്കിയിരുന്നില്ല.

അങ്ങനെയിരിക്കെ, ഒരു ദിവസം തികച്ചും യാദൃച്ഛികമായാണ്  അപരിചിതനായ ഒരാള്‍ റെനിയെ ഒരു പ്രാർത്ഥനാ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുന്നത്.
റെനിയെ ക്ഷണിച്ച ആളിനും ഉണ്ടായിരുന്നു, മറക്കാനാഗ്രഹിക്കുന്ന ഒരു പഴയകാലം.  (ഒരു ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് റെനി ജയിലിലെത്തുന്നത്.)
അതറിഞ്ഞപ്പോള്‍ റെനിയ്ക്ക് ഒരു ജിജ്ഞാസ തോന്നി.

അതായിരുന്നു ആ പ്രാർത്ഥന കൂട്ടായ്മയിൽ  പങ്കെടുക്കാൻ അന്ന് ആ മുപ്പത്തിമൂന്നുകാരനെ  പ്രേരിപ്പിച്ച പ്രധാന കാര്യം.

റെനി ജോര്‍ജ്ജ്

തികച്ചും ആകസ്മികമായിരിക്കാം…അയാൾ കൃത്യം നടത്തിയ ആ വീടിന് ഒരുപാട് അകലെ ആയിരുന്നില്ല, ആ പ്രാർത്ഥന കൂട്ടായ്മ.

അവിടെ വന്നവരിൽ മിക്കവരും സാധാരണക്കാരായ ഗ്രാമീണർ ആയിരുന്നു.

റെനിയുടെ മനസ്സ് തുടക്കത്തിൽ ആ കൂട്ടായ്മയിൽ നിന്നും അവിടെ കൂടിയവരിൽ നിന്നും തീർത്തും അകലെയായിരുന്നു. അപ്പോഴും അവിടെ ഉള്ളവരെല്ലാം  റെനിക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.

അത്രയൊന്നും താല്‍പര്യത്തോടെയല്ല അവിടെ നിന്നിരുന്നതെങ്കിലും എന്തോ അവിടെ നിന്ന് ഇറങ്ങിപ്പോരാൻ തോന്നിയില്ലെന്ന് റെനി ജോർജ്ജ് ഓർക്കുന്നു.

“അവിടെ വെച്ചാണ് എന്‍റെ ജീവിതം മാറി മറയാൻ തുടങ്ങിയത്.”
ജീവിതത്തിൽ ആദ്യമായി  പൊട്ടിക്കരഞ്ഞത് അവിടെ വെച്ചായിരുന്നു എന്ന് റെനി ഓര്‍ക്കുന്നു.  ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്ന ഓരോ അറിവില്ലായ്മകളും മുന്നിൽ തെളിഞ്ഞു വരുവാൻ തുടങ്ങിയ നിമിഷങ്ങൾ.


അതൊരു തുടക്കമായിരുന്നു. തിരിച്ചു ജയിലിലേയ്ക്ക് പോകുമ്പോൾ റെനി ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു.


ജയിലിനുള്ളിലും പല കുറ്റകൃത്യങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്ന റെനിയിലെ മാറ്റം സഹതടവുക്കാരെ അതിശയിപ്പിച്ചു. അധ്യാപകരും മിഷനറിമാരുമായ മാതാപിതാക്കളുടെ ജീവിത പാതയിലേയ്ക്കുമുള്ള ഒരു തിരിച്ചു പോക്കുമായി പിന്നീട് അത് മാറി. അങ്ങനെ പിന്നെയും എട്ടു വർഷങ്ങൾ കടന്നു പോയി.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ റെനി ജോർജ്ജ്  പിന്നീട് സ്വന്തം ജീവിതം തടവുകാർക്കും അവരുടെ മക്കൾക്കുമായി ഉഴിഞ്ഞു വെയ്ക്കുകയായിരുന്നു. 22 വർഷം പിന്നിടുമ്പോൾ  ഏകദേശം 3,000 കുട്ടികൾക്ക് റെനി ജോർജ്ജ് അധ്യാപകനും, അവരുടെ ‘ ഡാഡിയും’ ആയിത്തീർന്നു.

തടവുപുള്ളികൾ എന്ന ദുഷ്പേര് പേറി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുമായിരുന്ന അനേകർക്കാണ് റെനി ഒരു താങ്ങും തണലുമായി നിന്ന് പുതിയ ജീവിതത്തിലേയ്ക്ക് കയറ്റി വിട്ടത്.

1981 -ൽ  ലഭിച്ച ജീവപരന്ത്യം തടവിൽ നിന്നും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ‘ സിറ്റിസൺ ഓഫ് ദി ഇയർ 1998 ‘ അവാർഡും, സിഎൻ എൻ -ഐബിഎൻ ഏർപ്പെടുത്തിയ റിയൽ ഹീറോസ് അവാർഡിലും  എത്തി നിൽക്കുമ്പോൾ റെനിക്ക് പറയാനുള്ളത് മാനുഷിക പരിഗണനയുടെ കഥകളാണ്.

കേരളത്തിലെയും കർണാടകത്തിലെയും തടവുകാരുടെയും മക്കൾക്കായി 22 വർഷത്തോളം ‘ പ്രെഷ്യസ് ചിൽഡ്രൻസ് ഹോം’ എന്ന് പേരുള്ള ഒരു റെസിഡെൻഷ്യൽ കെയർ നടത്തി അദ്ദേഹം. ഇപ്പോൾ കുട്ടികൾക്കായുള്ള സ്കോളർഷിപ്പ് പ്രോജെക്ടിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചു വർഷമായി 250-ഓളം തടവുകാരുടെ കുഞ്ഞുങ്ങൾക്ക് പഠിക്കുന്നതിനായുള്ള സ്കോളർഷിപ്പും പഠനസംബന്ധമായ ചെലവുകളും റെനി ജോർജ്ജ് നേതൃത്വം കൊടുക്കുന്ന പ്രൊജക്റ്റ് വഹിച്ചു വരുന്നു.

ജയിലിലെ സാഹചര്യങ്ങൾ ഒരിക്കലും ഒരു ‘ട്രാൻസ്ഫോർമേഷന്’ ഉതകുന്നതായിരുന്നില്ല എന്ന വിശ്വാസം തന്നെയാണ് തടവുപുള്ളികളും അവരുടെ കുഞ്ഞുങ്ങൾക്കുമായുള്ള പദ്ധതികളുമായി മുന്നോട്ട് വരുന്നതിനുള്ള പ്രേരണയായതെന്ന് റെനി ജോർജ് ‘ദ് ബെറ്റർ ഇന്ത്യയോട്’ പറയുന്നു.

“തടവുകാരുടെ കാര്യത്തിൽ ആർക്കും താല്പര്യമില്ല. അവരും കരുണയും ദയയും അർഹിക്കുന്നവരാണെന്നുള്ള ചിന്താഗതി മിക്കവർക്കും ഇല്ല. അവർക്ക് വേണ്ടി നമ്മൾ പലതും ചെയ്യുമ്പോഴും ആളുകൾ യാതൊരു വിധ ‘ അപ്പ്രീസിയേഷനും’ കൊടുക്കാത്ത ഒരു വിഭാഗമാണ് തടവുപുള്ളികൾ. കൂടാതെ, മിക്കവരുടെയും വിചാരം നമ്മളേതോ കാര്യസാധ്യത്തിന് വേണ്ടി ചെയ്യുന്നു എന്നാണ്. എന്നെ സംബന്ധിച്ച്, ഞാനീ വഴിയിൽ വരാൻ ഒറ്റ കാരണമേ ഉള്ളൂ– ഞാനും ഒരു തടവുപുള്ളിയായിരുന്നു.”

“ഞാനും അതേ സാഹചര്യത്തിൽ നിന്ന് വന്നതാണെങ്കിലും ഒരു പുതിയ മനുഷ്യനായി തീർന്നപ്പോൾ അവരോടുള്ള എന്‍റെ കടപ്പാടുകൾ ആണ് ഞാൻ ചെയ്ത് തീർത്തൊണ്ടിരിക്കുന്നത്. അതിനെനിക്ക് ലഭിക്കുന്ന ഓരോ അവസരങ്ങളും ഞാൻ ഉപയോഗിക്കുകയാണ്,” റെനി ജോർജ് പറയുന്നു.

കേരളത്തിലെയും കർണാടകത്തിലെയും ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ പുനരധിവസിപ്പിക്കുന്ന ഒരു പ്രോജെക്ടിനും ഈ അറുപത്തിയേഴുകാരൻ നേതൃത്വം കൊടുക്കുന്നുണ്ട്.

ഒരു തടവുകാരന്‍റെ ഏറ്റവും വലിയ പ്രശ്നം അവന്‍റെ കുടുംബവും, മക്കളും ആണല്ലോ? ജയിലിൽ വെച്ചുണ്ടായ അനുഭവങ്ങളും ആണ് അവരുടെ പുനരധിവാസത്തിന്‍റെ ആവശ്യകത മനസിലാക്കി തന്നതെന്ന് റെനി ജോർജ് മനസ്സ് തുറക്കുന്നു.

“എനിക്ക് ധാരാളം ഫോൺ കോളുകൾ വരാറുണ്ട്… ജയിൽ കിടക്കുന്നവരുടെയും വിടുതൽ കിട്ടിയവരുടെയും, അവരുടെ കുടുംബാംഗങ്ങളുടെ എല്ലാം. അവർ ബന്ധപ്പെടുമ്പോൾ സ്വാഭാവികമായും അതൊരു കൂട്ടായ്മയായി മാറും. അവർക്ക് എന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്തും. ഇതാണ് എന്‍റെ ജീവിതം എന്ന് പറയുന്നത്. എന്നിരുന്നാലും അതിനൊരു സിസ്റ്റം ഉണ്ട്.”

ജയിൽ മോചിതരായി വരുന്ന തടവുകാരെ പാർപ്പിച്ച് ആറ് മാസത്തോളം അവരെ നീരിക്ഷിക്കുകയും, പരിശീലനം കൊടുത്ത് ഒരു തൊഴിൽ കണ്ടെത്തി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ട് വരുന്നതാണ് ആദ്യത്തെ പടി.

ഇതിൽ ഇന്‍റെൻസീവ് ‘കൗൺസിലിങ്ങും ഉണ്ട്. മറ്റു സന്നദ്ധ സംഘടനകളുമായി  സഹകരിച്ച് റെനിയുടെ നേതൃത്വത്തിലുള്ള പ്രിസൺ ഫെല്ലോഷിപ്പ് ബംഗളുരു പല ഇടങ്ങളിലായി ഇവർക്ക് ജോലി നേടാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും കൂടാതെ, ജയിലിനകത്തും കൗൺസിലിങ്ങും മറ്റുമായി പുനരധിവാസ പ്രവർത്തനങ്ങൾക്കും റെനി ജോർജ്ജ് നേതൃത്വം കൊടുക്കുന്നുണ്ട്.

ഇരുപത്തിരണ്ട് വർഷങ്ങളിലായി (1996 – 2018 ) അയ്യായിരത്തിൽ കൂടുതൽ കുട്ടികളെ അദ്ദേഹത്തിന്‍റെ കൊത്തന്നൂരിലുള്ള പ്രെഷ്യസ് ചിൽഡ്രൻസ് ഹോം സംരക്ഷിച്ചു പോന്നിട്ടുണ്ട്.

“ഈ കുട്ടികളുടെ ചുറ്റുപാടുകൾ എന്താണെന്ന് ഊഹിക്കാവുന്നതല്ലേ ഉളളൂ. ഒരു ‘ട്രാൻസ്ഫോർമേഷൻ ‘  സാധ്യമാകണമെങ്കിൽ അവർ അകപ്പെട്ടിരിക്കുന്ന ആ ‘വിഷ്യസ് സർക്കിൾ’ ബ്രേക്ക് ചെയ്യണം. സ്നേഹവും കരുതലും എന്താണെന്ന് അവർ മനസിലാക്കണം. അവരെ സ്നേഹിക്കാനും ആളുകൾ ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ തനിയെ ഒരു ആത്മവിശ്വാസം അവരിൽ ഉടലെടുക്കും. അത് ഈ സമൂഹത്തെ നേരിടുന്നതിനുള്ള കരുത്തും അവർക്ക് കൊടുക്കും.”

കഴിഞ്ഞ അഞ്ചു വർഷമായി ഈ കുട്ടികള്‍ക്ക് സ്കോളർഷിപ്പ് കൊടുത്ത് അവരെ പഠനത്തിൽ മുന്നോട്ട് കൊണ്ട് പോകുക എന്ന ഒറ്റ ലക്ഷ്യമാണ് ഇപ്പോൾ റെനി ജോർജിനെ മുന്നോട്ട് നയിക്കുന്നത്.

“മാസം തോറും നമ്മൾ ഓരോ  കുഞ്ഞുങ്ങൾക്കും സ്കോളർഷിപ്പും പഠനം സംബന്ധിയായ മറ്റു സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്.”

ഈ പരിശ്രമങ്ങൾക്ക് പുറകിൽ പൂർണ്ണ പിന്തുണയോടെ അദ്ദേഹത്തിന്‍റെ ഭാര്യ ടീന റെനിയും മകൾ റീമയും ഉണ്ട്.

പരോൾ സമയത്താണ് ടീനയുടെ വിവാഹാലോചന റെനിയുടെ പിതാവ് തന്നെ മുൻകൈയെടുത്തു കൊണ്ടു വരുന്നത്. അങ്ങനെ അവർ 1992 -ൽ വിവാഹിതരാകുകയും ചെയ്തു. പ്രിസൺ ഫെല്ലോഷിപ്പ് ബെംഗളുരുവിന്‍റെ സെക്രട്ടറി ആണ് ഇന്ന് അവർ. ഒറ്റ മകൾ റീമ റെനി വിദ്യാർത്ഥിനിയാണ്.

*** റെനി ജോർജ്
1980 -ൽ ആണ് കേരളത്തെ പിടിച്ചു കുലുക്കിയ തിരുവല്ലയിലെ കരിക്കൻവില്ല കൊലപാതകം നടക്കുന്നത് . കഞ്ചാവിന്‍റെയും  മദ്യത്തിന്‍റെയും ലഹരിയിൽ രണ്ടു വൃദ്ധ ദമ്പതികളെ നാല് ചെറുപ്പക്കാർ ചേർന്ന് ദാരുണമായി കൊലപ്പെടുത്തുന്നു.  അവരുടെ വീട്ടിലെ സഹായിയായ ഗൗരിയിൽ നിന്നാണ് പോലീസ്ക്കാർക്ക് ‘മദ്രാസിലെ മോൻ’ എന്ന ആദ്യത്തെ തുമ്പ് കിട്ടുന്നത് കൃത്യം നടന്ന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷമാണ്. അതിന്‍റെ ചുവടു പിടിച്ചു പോലീസ് സംഘം എത്തി നിന്നത് ചെന്നൈയില്‍ വിദ്യാര്‍ത്ഥിയായിരുന്ന റെനി ജോർജ്ജിലേക്കും സുഹൃത്തുക്കളിലേക്കും ആയിരുന്നു.  ഈ കേസില്‍ 14 വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ അനുഭവിച്ചു. 
അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter,

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം