10 ഗ്രാമീണ സ്ത്രീകള്‍ തുടങ്ങിയ സംരംഭം, 83 ലക്ഷം വിറ്റുവരവ്, മാസം 1.5 ലക്ഷം ലാഭം

ഇന്ന് 28 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. ഭൂരിഭാഗവും സത്രീകളാണ്. ദിവസം 780 രൂപ ഓരോരുത്തര്‍ക്കും ശമ്പളം നല്‍കുന്നു.

പ്പയും, കുരുമുളകും, ഏലവും, വാനിലയുമൊക്കെ സമൃദ്ധമായി വിളയുന്ന ഇടുക്കിയിലെ ബൈസണ്‍വാലി. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തെ പൊട്ടന്‍കാട് എന്ന കുടിയേറ്റഗ്രാമത്തിലെ സാധാരണ സ്ത്രീകള്‍ രചിച്ച വലിയൊരു വിജയകഥയാണിത്.

അടിമാലിയില്‍ നിന്ന് ഇരുപതു കിലോമീറ്റോളം ദൂരമുണ്ട് ഇവിടേയ്ക്ക്. ഈ ചെറിയ ഗ്രാമത്തിലാണ് പത്ത് സ്ത്രീകള്‍ ചേര്‍ന്ന് 2013-ല്‍ ചെറിയൊരു സംരംഭം തുടങ്ങുന്നത്. അന്നതിന് ഫേമസ് ബാക്കേഴ്‌സ് എന്ന് പേരിട്ടപ്പോള്‍ അവര്‍ പോലും വിചാരിച്ചില്ല അത് ഇത്രയും ഫേമസ് ആകുമെന്ന്.

ആറര വര്‍ഷങ്ങള്‍ക്കു മുമ്പ് ബൈസണ്‍വാലി പഞ്ചായത്തില്‍ നടന്ന ഒരു സ്ഥിരം ചര്‍ച്ചയ്ക്കിടയിലാണ് ഇങ്ങനെയൊരു ആശയം വരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ ആണ് സത്രീകളുടെ സംരംഭത്തെക്കുറിച്ച് സംസാരിച്ചു. ഈ ആശയം, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങള്‍ ഏറ്റെടുത്തു.

ഫേമസ് ബേക്കറി യൂനിറ്റിനുള്ളില്‍

“തുടക്കത്തില്‍ പത്തു പേരടങ്ങുന്ന ടീമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കുടുംബശ്രീ ജില്ലാ മിഷനായിരുന്നു ഇവര്‍ക്കു ആവശ്യമായ പരിശീലനം നല്‍കിയതും. ബേക്കറി ഉല്‍പന്നങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാം എന്നതിനെ കുറിച്ചൊക്കെ ക്ലാസുകള്‍ നല്‍കി,” സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു സജി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ഇന്ന് ഒരുപാട് തരത്തിലുള്ള പലഹാരങ്ങള്‍ ഇവര്‍ ഉണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ പത്തില്‍ നിന്ന് ഇരുപത്തിയെട്ട് പേരിലേക്ക് ഫേമസ് വളര്‍ന്നിരിക്കുന്നു.”
ഉല്‍പന്നങ്ങള്‍ കടകളില്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും, ഫേമസ് ബേക്കേഴ്‌സിന്‍റെ  ഔട്ട്ലെറ്റില്‍ നിന്നു നേരിട്ട് പലഹാരങ്ങള്‍ വാങ്ങാനും ആളുകളുടെ തിരക്കാണ്.

“ഇപ്പോള്‍ ഡ്രൈവര്‍, പ്രധാന പാചകക്കാരന്‍ തുടങ്ങിയവര്‍ ഒഴികെ ബേക്കറിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം വനിതകളാണ്,”ബിന്ദു കൂട്ടിച്ചേര്‍ക്കുന്നു.

ബൈസണ്‍വാലി പഞ്ചായത്താണ് കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. കുടുംബശ്രീ ജില്ലാ മിഷന്‍റെ സഹായവും ലഭിച്ചു. പിന്നീട് മുപ്പതു ലക്ഷത്തോളം രൂപ വായ്പ എടുത്തു.

“ഒരു കോടിയിലധികം രൂപ മുടക്കിയാണ് സ്ഥാപനം തുടങ്ങിയത്. മെഷീനുകളും മറ്റും വാങ്ങാനാണ് വായ്പ എടുത്തത്. വായ്പ തിരിച്ചടവ് മുടങ്ങാതെ തന്നെ അടയ്ക്കുന്നുണ്ട്. ഇപ്പോള്‍ തിരിച്ചടവ് തീരാറായിട്ടുണ്ട്,” ഫേമസിന്‍റെ തുടക്കത്തെക്കുറിച്ചു ബിന്ദു സജി പറയുന്നു.

സംരംഭത്തെക്കുറിച്ചോ, അതെങ്ങനെ നടത്തണം എന്നോ അറിയില്ലായിരുന്നെങ്കിലും, സര്‍ക്കാര്‍ സഹായ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തി സംരംഭം മുന്നോട്ടുകൊണ്ടുപോകാന്‍ ആ സ്ത്രീകള്‍ തീരുമാനിക്കുകയായിരുന്നു.

രണ്ടു വാഹനങ്ങള്‍ ഡെലിവറി വിഭാഗത്തിലുണ്ട്. ഇടുക്കി ജില്ലയുടെ പ്രധാന മേഖലകളിലെല്ലാം ഫേമസ് ബേക്കേഴ്‌സിന്‍റെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
“സ്റ്റോക്ക് ഇരിക്കാതെ ഉല്‍പന്നങ്ങളെല്ലാം വിറ്റു പോകുന്നുണ്ട്,” എന്ന് സംരംഭത്തിന്‍റെ സജീവ പ്രവര്‍ത്തകര്‍ അഭിമാനത്തോടെ പറയുന്നു.

ബ്രഡ്, ബണ്‍, കാരറ്റ് കേക്ക് തുടങ്ങിയവയാണ് ഫേമസ് ബേക്കേഴ്‌സിന്‍റെ രുചി ‘ ഫേമസ് ‘ ആക്കിയ പ്രധാനപ്പെട്ട പലഹാരങ്ങള്‍. ഇതുകൂടാതെ പിറന്നാള്‍ കേക്കുകള്‍, റസ്‌ക്, പക്കാവട, മിക്‌സ്ച്ചര്‍, ലഡു, കുക്കീസ് തുടങ്ങിയവയും ഫേമസിന്‍റെ പാചകപ്പുരയില്‍ നിത്യേന ഒരുങ്ങുന്നു. കല്യാണ പാര്‍ട്ടികള്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് അച്ചാറും ഉണ്ടാക്കി നല്‍കുന്നുണ്ട്.

സംരംഭം തുടങ്ങുമ്പോള്‍ പേരിനും പ്രാധാന്യമുണ്ടല്ലോ. പലരും നിര്‍ദ്ദേശിച്ച പേരില്‍ നിന്നാണ് ഫേമസ് എന്ന പേര് തെരഞ്ഞെടുക്കുന്നത്.

“ജി.എസ്.ടി. ഉള്‍പ്പെടെയുള്ള എല്ലാവിധ നികുതികളും അടച്ചാണു ഇതു പ്രവര്‍ത്തിക്കുന്നത്. ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ് വില്‍ക്കുന്നത്. ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും മികച്ച സാധനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് വലിയ രീതിയിലുള്ള ലാഭം ലഭിക്കുന്നില്ല. പക്ഷേ, ലാഭത്തെക്കാളുപരി നല്ല രീതിയിലുള്ള ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്കു കൊടുക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആരും ഫേമസ് ബേക്കേഴ്‌സിനെ കുറിച്ച് മോശം പറയാന്‍ ഇടയാകരുത്,” ബിന്ദു സജി പറയുന്നു.

സി ഡി എസ് ചെയര്‍ പേഴ്സണ്‍ ബിന്ദു സജി

കടകളില്‍ ഫേമസ് ബേക്കേഴ്‌സിന്‍റെ ഉല്‍പന്നങ്ങള്‍ ചോദിച്ചു വാങ്ങുന്നവരുണ്ട്. ഫേമസ് ബേക്കേഴ്‌സിന്‍റെ ഉല്‍പന്നങ്ങളുടെ ഡെലിവറി ഇല്ലാത്ത ഇടങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ നേരിട്ട് ഔട്ട്ലെറ്റില്‍ എത്തി വാങ്ങുന്നുമുണ്ട്.

“ഏകദേശം എണ്‍പത്തി അഞ്ചു ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് ഉണ്ട്. സി.ഡി.എസിനു മാസം മൂവായിരം രൂപ ഓണ്‍ ഫണ്ടായി കൊടുക്കുന്നു. കെട്ടിടത്തിനുള്ള ചെറിയൊരു വാടക പഞ്ചായത്തിനു മാസം തോറും കൊടുക്കണം. വായ്പ തിരിച്ചടവ് എല്ലാം കഴിഞ്ഞ് ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ലാഭം ലഭിക്കുന്നു. ലാഭത്തെക്കാളുപരി സേവനം എന്ന നിലയിലാണ് പ്രവര്‍ത്തനം,” സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ പറയുന്നു.

“ഫേമ‌സ് ബേക്കേഴ്‌സിന്‍റെ ഔട്ട്ലെറ്റില്‍ നിന്നാണ് മിക്കവാറും പലഹാരങ്ങള്‍ വാങ്ങിക്കുന്നത്. നല്ല ടേസ്റ്റ് ആണ്. കുക്കീസും ബ്രെഡുമാണ് ഫേമസിന്‍റെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരങ്ങള്‍,” ഫേമസിന്‍റെ സ്ഥിരം കസ്റ്റമറായ ദീപ്തി സോമന്‍ പറയുന്നു.

ചെറുകിട കച്ചവടക്കാര്‍ക്കും ഫേമസിന്‍റെ ഉല്‍പന്നങ്ങളെ കുറിച്ചു പറയാനുള്ളത് മനസ്സ് നിറയ്ക്കുന്ന വാക്കുകളാണ്.”ഫേമസ് ബേക്കേഴ്‌സ് ആരംഭിച്ചപ്പോള്‍ മുതല്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങുന്നുണ്ട്. പലരും അവരുടെ പലഹാരങ്ങള്‍ ചോദിച്ചു വാങ്ങിക്കാറുമുണ്ട്” എന്ന് പൊട്ടന്‍കാട് തയ്യില്‍ സ്റ്റോഴ്‌സ് നടത്തുന്ന സജി ജേക്കബ്.

ഫേമസ് ബേക്കറിയില്‍ ഇപ്പോള്‍ 28 പേര്‍ ജോലി ചെയ്യുന്നു

“കുടുംബശ്രീ ഉല്‍പന്നം എന്ന നിലയില്‍ ഒരുപാട് ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നുണ്ട്. കുടുംബശ്രീ നിര്‍മ്മിക്കുന്നത് ആയതു കൊണ്ട് തന്നെ എപ്പോഴും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും ലഭിക്കുന്നു,” എന്ന് ബിന്ദു സജി.

മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ പയറും, വഴുതനയും ഒക്കെയുള്ള ചെറിയൊരു പച്ചക്കറി തോട്ടവും മുറ്റത്ത് ഇവര്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാചക പരീക്ഷണങ്ങള്‍ക്ക് ഒപ്പം തന്നെ കൃഷി പരീക്ഷണത്തിനും ഇവര്‍ സമയം കണ്ടെത്തുന്നു.

“കഴിഞ്ഞ ആറര വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നു. കുടുംബത്തിലേക്ക് നല്ലൊരു വരുമാനം ഇവിടെ നിന്ന് ലഭിക്കുന്നു. തുടക്കത്തില്‍ മുന്നൂറ് രൂപയായിരുന്നു കിട്ടിയിരുന്നത്. ഇന്നു എഴുന്നൂറ്റി അമ്പതു രൂപയോളം പലര്‍ക്കും ശമ്പളമായി ദിവസവും കിട്ടുന്നുണ്ട്,” ഫേമസ് ബേക്കേഴ്‌സില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന ഷൈലാ ബാബു പറയുന്നു.

ബൈസണ്‍വാലി സി.ഡി.എസ്.ന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടലും തുറന്നിട്ടുണ്ട്. ഇതിലൂടെ ഇരുപതു രൂപയ്ക്ക് ഊണ് കൊടുക്കുന്നു. പാഴ്‌സലായി ഊണിന് 25 രൂപയാണ്. ഫേമസ് ബേക്കേഴ്‌സിന് ഒപ്പം തന്നെ ജനകീയ ഹോട്ടലിലൂടെ ജനങ്ങള്‍ക്ക് സേവനം ചെയ്യാനും, ചെറിയൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്താനും കഴിയുന്നു.

“കഴിഞ്ഞ ആറര വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നു. ഏകദേശം മുപ്പതോളം ആളുകള്‍ ഇവിടെ ജോലിയെടുത്തു കുടുംബം പുലര്‍ത്തുന്നു. ലോക്ഡൗണ്‍ കാലത്ത് കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിയും ജനങ്ങളെ സഹായിക്കാനായി,” തുടക്കം മുതല്‍ ഫേമസ് ബേക്കറിയില്‍ ജോലി ചെയ്യുന്ന ശ്രീദേവി ആനന്ദ് അഭിമാനത്തോടെ പറയുന്നു.

2018-ലെ ഇടവപ്പാതി മഴ കേരളത്തെ പ്രളയത്തിലാഴ്ത്തി. ഹൈറേഞ്ചിലും നാശനഷ്ടങ്ങള്‍ ഏറെയായിരുന്നു. എല്ലായിടത്തെയും പോലെ ഈ സംരംഭത്തിന്‍റെ പ്രവര്‍ത്തനത്തെയും പ്രളയം ബാധിച്ചു. പക്ഷേ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ ഇവര്‍ക്കായി.

“പ്രളയ സമയത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി. പക്ഷേ ഒരു ദിവസം പോലും ബേക്കറി അടച്ചിടേണ്ടി വന്നില്ല… ആ സമയത്ത് കുടുംബശ്രീ ജില്ലാ മിഷന്‍റെ സഹായവും ലഭിച്ചു,” ബിന്ദു സജി പറയുന്നു.

പ്രളയം പോലെ തന്നെ കോവിഡ് -19 രോഗവും, ലോക്ക് ്ഡൗണും ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലോക്ഡൗണ്‍ സമയത്ത് വിറ്റു വരവില്‍ കുറവുണ്ടായെങ്കിലും മുടക്കം വരാതെ ഫേമസ് ബേക്കേഴ്‌സ് പ്രവര്‍ത്തിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിലും തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്താതെയുള്ള കൂട്ടായ പ്രവര്‍ത്തനം.

ഫേമസ് ബേക്കേഴ്‌സിനു പരസ്യങ്ങളില്ല. ‘എ ടേസ്റ്റ് ഫ്രം ഹെവന്‍’, അഥവാ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള രുചി എന്നാണ് ഫേമസ് ബേക്കേഴ്‌സ് ഉല്‍പന്നങ്ങളുടെ മോട്ടോ. ഹൃദയത്തില്‍ നിന്നുള്ള ഈ കൈപ്പുണ്യമാണ് ഫേമസ് ബേക്കേഴ്‌സ് ഉല്‍പന്നങ്ങളെ എല്ലാവരുടെയും പ്രിയപ്പെട്ടതാക്കുന്നത്. അതാണ് ഫേമസിന്‍റെ പരസ്യവും.


ഇതുകൂടി വായിക്കാം: റോമാ സാമ്രാജ്യത്തെ അമ്പരപ്പിച്ച സ്വര്‍ണ്ണത്തിന്‍റെ ഒഴുക്ക്


 

അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter,

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം