ഈ വനത്തിനുള്ളിൽ ആക്രി കൊണ്ട് 3,500 സ്ക്വയർ ഫീറ്റ് മരവീട്! കൊടുംവേനലിലും ഫാൻ വേണ്ട

പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാഗ്രഹിച്ച സുഗുണാനന്ദന്‍ 45 വര്‍ഷം കൊണ്ടുണ്ടാക്കിയതാണ് കാട്

നീര്‍മാതളവും വാകയും മഹാഗണിയും പ്ലാവും മാവുമൊക്കെയായി ഒരുപാട് മരങ്ങള്‍. മരച്ചില്ലകളിലിരുന്ന് കിന്നാരം പറയാനെത്തുന്ന വണ്ണാത്തിപ്പുള്ളും മൈനകളും.

പിന്നെ, എണ്ണിയാല്‍ തീരാത്ത അത്രയും പൂമ്പാറ്റകള്‍. കിളിയും അണ്ണാനും പൂമ്പാറ്റയുമൊക്കെ വിരുന്നെത്തുന്ന ഈ കാട്ടിനുള്ളില്‍ മരത്തില്‍ തീര്‍ത്ത ഒരു കൊച്ചു വീടും.

ഇങ്ങനെയൊരു വീട് കാണണമെന്നുണ്ടെങ്കില്‍ ആലപ്പുഴയിലേക്ക് വണ്ടി വിടാം. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ പാതിരപ്പള്ളി ആര്യാട് പഞ്ചായത്തിലാണ് കൊല്ലം പറമ്പില്‍ സുഗുണാനന്ദന്‍റെ വീടും കാടും.

കുട്ടിക്കാലം മുതല്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാഗ്രഹിച്ച സുഗുണാനന്ദന്‍ 45 വര്‍ഷം കൊണ്ടുണ്ടാക്കിയതാണ് കാട്. ആ കാട്ടിനുള്ളിലാണ് മരത്തിന്‍റെ സൗന്ദര്യം നിറയുന്ന വീടുള്ളത്.

സുഗുണാനന്ദന്‍റെ വീട്

പറമ്പ് നിറയെ വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തിയ ഇദ്ദേഹം പക്ഷേ, വീട് നിര്‍മിക്കാന്‍ വീട്ടുമുറ്റത്തെ ഒരു മരവും വെട്ടിയില്ല. ഒരൊറ്റ ചില്ലികമ്പിന് പോലും മരത്തില്‍ പണിത ഈ വീടിന് വേണ്ടി വെട്ടുകത്തി വച്ചിട്ടില്ല.

വീടിന്‍റെ ഗോവണിയും വാതിലുകളും ജനലും തട്ടുമൊക്കെ മരത്തില്‍ തീര്‍ത്തതാണ്. ഉപേക്ഷിച്ചു കളഞ്ഞ മരത്തടികള്‍ കൊണ്ടാണിതൊക്കെയും നിര്‍മ്മിച്ചതെന്നു മാത്രം.

ആക്രി സാധനങ്ങള്‍ കൊണ്ട് വീടുണ്ടാക്കിയ ഈ പ്രകൃതിസ്നേഹിയെ ‘ആക്രി സുഗുണാനന്ദന്‍’ എന്നാണ് നാട്ടുകാര്‍ കളിയാക്കിയിരുന്നു. ഈട്ടിയിലും തേക്കിലുമൊക്കെ തീര്‍ത്ത ആക്രി സാധനങ്ങള്‍ ഉപയോഗിച്ചാണ് ഈ ആലപ്പുഴക്കാരന്‍ വീട് നിര്‍മിച്ചത്.

“13 വര്‍ഷം മുന്‍പാണ് ഈ വീട് നിര്‍മ്മിക്കുന്നത്. ഇതൊരു പ്രകൃതി സൗഹൃദ വീടാണ്. അങ്ങനെ വേണമെന്നാഗ്രഹിച്ച് നിര്‍മ്മിച്ചതാണ്,”  മൃഗസംരക്ഷണ വകുപ്പില്‍ അസിസ്റ്റന്‍റ് ഫീല്‍ഡ് ഓഫീസറായി വിരമിച്ച സുഗുണാനന്ദന്‍ (69) വീടും കാടും ഉണ്ടാക്കിയ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുന്നു.

സുഗുണാനന്ദന്‍

“ഒരു തലമുറ ഉപയോഗിച്ച് ഉപേക്ഷിച്ച മരങ്ങളും ഫര്‍ണിച്ചറുകളുമൊക്കെയാണ് വീടുണ്ടാക്കാന്‍ ഉപയോഗിച്ചത്. പക്ഷേ ഉപയോഗിച്ച് വേണ്ടെന്നു വച്ചതാണെന്നു കരുതി മോശം മരങ്ങളല്ല. നല്ല ക്വാളിറ്റിയുള്ള മരങ്ങളാണെല്ലാം.

“തേക്കും ഈട്ടിയുമൊക്കെയാണ്. പഴയ തടിയും ഫര്‍ണിച്ചറുമൊക്കെയല്ലേ തുച്ഛ വിലയ്ക്ക് എളുപ്പത്തില്‍ കിട്ടിയിട്ടുണ്ടാകുമെന്ന് കരുതേണ്ട. ഈ മരങ്ങള്‍ക്ക് വേണ്ടി കുറേ അലഞ്ഞിട്ടുണ്ട്. നല്ല കാശ് ചെലവും വന്നിട്ടുണ്ട്. പക്ഷേ, ആ അലച്ചിലുകളും ഉയര്‍ന്ന വിലയൊന്നും അല്ല നല്ല മരങ്ങള്‍ വേണമെന്ന ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂ.”

കോണ്‍ക്രീറ്റ് കെട്ടിടം ഉണ്ടാക്കില്ലെന്ന് അദ്ദേഹം നേരത്തേ തീരുമാനമെടുത്തിരുന്നു. അതിന് കാരണവുമുണ്ട്.

“കാരണം, ചൂട് തന്നെയാണ്. തീരപ്രദേശമാണല്ലോ ഞങ്ങളുടേത്. ഇവിടങ്ങളില്‍ കോണ്‍ക്രീറ്റ്  കെട്ടിടങ്ങള്‍ക്കെല്ലാം ചോര്‍ച്ചയുണ്ട്. അതിന് കാരണം ഉപ്പ് കാറ്റാണെന്നാണ് തോന്നിയിട്ടുള്ളത്.

“തീരപ്രദേശമായത് കൊണ്ടു തന്നെ ഇവിടെ വീശുന്ന കാറ്റില്‍ ഉപ്പിന്‍റെ അംശമുണ്ട്. പിന്നെ കെട്ടിടനിര്‍മാണത്തിന് ഉപയോഗിച്ച മണലില്‍ ഉപ്പിന്‍റെ അംശമുണ്ടാകും. പിന്നെ, പലരും കനം കുറച്ചാണ് വീട് വാര്‍ത്തിരിക്കുന്നത്.” അതും ചോര്‍ച്ചയ്ക്കും കാരണമാകാമെന്ന് അദ്ദേഹം പറയുന്നു.

മരത്തില്‍ നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍

“ഒരു മുറി പോലും ഇവിടെ വാര്‍ത്തിട്ടില്ല. സിമന്‍റ് ഉപയോഗിച്ച് വാര്‍ക്കുന്നതിന് പകരം മരം ഉപയോഗിച്ച് തട്ട് അടിക്കുകയായിരുന്നു. ഒന്നര ഇഞ്ച് കനമുള്ള പലക ഒരു അടി അകലത്തില്‍ ബീമിലാണ് തട്ട് അടിച്ചിരിക്കുന്നത്.”

രണ്ട് നില വീടാണിത്. മുകളിലും കിടപ്പുമുറിയും എല്ലാ സൗകര്യങ്ങളുമൊക്കെയുണ്ട്. രണ്ടാം നില ഓട് മേഞ്ഞതാണ്.

“വാഗമണ്‍, ഈരാറ്റുപ്പേട്ട എന്നിവിടങ്ങളില്‍ നിന്നൊക്കെയാണ് പഴയ മരങ്ങളും മറ്റും ശേഖരിച്ചത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് ജനലും വാതിലും കട്ടിളയുമൊക്കെ വഴിയോരങ്ങളില്‍ വില്‍ക്കില്ലേ. അവരില്‍ നിന്നാണിതൊക്കെയും വാങ്ങിച്ചത്.


മരങ്ങളൊന്നും അത്ര എളുപ്പത്തില്‍ കിട്ടിയില്ല. മൂന്നു മാസത്തെ ശമ്പളമില്ലാത്ത അവധിയെടുത്തായിരുന്നു അന്വേഷണങ്ങള്‍.


“13 വര്‍ഷം മുന്‍പ് ഞാനിത്തരം മരങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ നല്ല വിലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍ വിലയാണ്. ടൂറിസമൊക്കെ വളര്‍ന്നതോടെ പൈതൃക വസ്തുക്കള്‍ക്കൊക്കെ വലിയ വില കൊടുത്താലേ കിട്ടൂ.”

തന്‍റെ അടുത്ത തലമുറയ്ക്ക് ഇതുപേക്ഷിക്കണമെന്നു തോന്നിയാലും ഈ മരങ്ങള്‍ക്ക് നല്ല വില കിട്ടുമെന്ന് അദ്ദേഹം.

“പക്ഷേ ഈ വീട് ഉപേക്ഷിക്കില്ല. അത്ര നല്ല ഭംഗിയുള്ള വീടാണിത്. കുറ്റിയും കൊളുത്തും വിജാഗിരിയുമല്ലാതെ വീടിന്‍റെ വാതിലും ജനലുമെല്ലാം മരത്തില്‍ തീര്‍ത്തതാണ്,” സുഗുണാനന്ദന്‍ വ്യക്തമാക്കി.

വീട്ടുമുറ്റത്തൊരുക്കിയ കാട്ടില്‍

ഈട്ടിയില്‍ തീര്‍ത്ത രണ്ട് മര ഗോവണികളിലൊന്ന് വരാന്തയിലാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാളില്‍ ഉപയോഗിച്ചിരുന്നതാണ് വീടിന്‍റെ മുന്‍ വാതിലെന്നു അദ്ദേഹം പറയുന്നു.

“1868-ലേതാണെന്നു മരത്തില്‍ കൊത്തിയിട്ടുണ്ട്. ഓടുകള്‍ നല്ല പഴക്കമുള്ളതാണ്. ഓട് നിര്‍മിച്ച വര്‍ഷം 1860-1865 എന്നൊക്കെ ഓടുകളില്‍ എഴുതിയിരിക്കുന്നതും കാണാം. അത്രയും പഴക്കമുള്ള ഓടും മരവുമൊക്കെയാണ് വീടിന് വേണ്ടി ഉപയോഗിച്ചത്. 3,500 സ്ക്വയര്‍ഫീറ്റാണ് വീട്.

“നല്ല മരത്തടികള്‍ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്നൊക്കെ കിട്ടിയിട്ടുണ്ട്. വലിയ മരങ്ങള്‍ യന്ത്രസഹായത്തില്‍ അല്ല പണിക്കാരാണ് മുറിച്ചതും മറ്റും. അന്നൊന്നും മെഷീനുകള്‍ അത്ര സജീവമല്ല. 15 ആശാരിമാരോളം വീട് പണിക്ക് ഉണ്ടായിരുന്നു.

“ഈ ആശാരിമാര്‍ പണിക്ക് ഇടയില്‍ വെറ്റില മുറുക്കി തുപ്പുന്നത് കോരി കളയുന്നത് തന്നെ വലിയ പണിയായിരുന്നു,” അദ്ദേഹം ഓര്‍ത്തുചിരിക്കുന്നു.    എന്തൊക്കെയാണെങ്കിലും ആഗ്രഹിച്ച പോലെ വീടുണ്ടാക്കാന്‍ സാധിച്ചതിന്‍റെ സന്തോഷമുണ്ടെന്നു സുഗുണാനന്ദന്‍.

വാസ്തുശാസ്ത്രം അനുസരിച്ചാണ് വീട് നിര്‍മിച്ചത്. ഈ വീടിനകത്ത് ഫാനും എസിയൊന്നും  വേണ്ട. ഫാന്‍ പോലും ആവശ്യമില്ല. മാര്‍ച്ച് മാസങ്ങളില്‍ പോലും വീടിനകത്ത് തണുപ്പായിരിക്കും. മഴക്കാലമാണെങ്കില്‍ വീടിനകത്ത് ചെറു ചൂടുണ്ടാകും.

“നട്ടുച്ചയ്ക്ക് പോലും ഈ വീടിനകത്ത് തണുപ്പാണെന്നു ഇവിടെ വരുന്നവരൊക്കെ പറയാറുമുണ്ട്,” എന്ന് വീട്ടുടമ.

“ഒരു നില പൂര്‍ത്തിയായപ്പോള്‍ തന്നെ വീട് കാണാനെത്തുന്നവരുടെ എണ്ണവും കൂടി. അതൊക്കെ വലിയ സന്തോഷമായിരുന്നു. അന്ന് മരവീടുകള്‍ പൊളിച്ച് സിമന്‍റ് വീടുകള്‍ പണിയുന്നതായിരുന്നു ട്രെന്‍റ്.” എന്നാല്‍ ഇന്ന് പലരും ഒരു മുറിയെങ്കിലും മരത്തില്‍ പണിയാന്‍ തയ്യാറാവുന്നുണ്ട്. അങ്ങനെ ചെയ്യുന്ന സുഹൃത്തുക്കള്‍ ഉപദേശം തേടി ഈ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സമീപിക്കാറുമുണ്ട്.

മരത്തില്‍ നിര്‍മിച്ച വീടിന്‍റെ അകം

കര്‍ഷകനായിരുന്നു അച്ഛന്‍ കേശവനില്‍ നിന്നാണ് പ്രകൃതിയോട് സ്നേഹം തോന്നുന്നത് എന്ന് അദ്ദേഹം പറയുന്നു. “അച്ഛന്‍ പറമ്പില്‍ പണിയെടുക്കുമ്പോ ഞാനും കൂടെ കൂടും. പറമ്പില്‍ നില്‍ക്കുന്ന പോച്ചയൊക്കെ പറിച്ച് തെങ്ങിന്‍ ചോട്ടിലേക്കിടും. അത് കണ്ട് അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ചുവടോടെ ഒന്നും പറച്ചു കളയരുത്. മുറിച്ചെടുത്താല്‍ മതിയെന്ന്. ആ ചെടികള്‍ വളരട്ടെയെന്ന്.

“അച്ഛന്‍റെ ആ വാക്കുകള്‍ മനസില്‍ കിടന്നിരുന്നു. അങ്ങനെയാണ് ഒന്നും വെട്ടിക്കളയാതെ പ്രകൃതിയെ സ്നേഹിക്കാന്‍ പഠിച്ചത്.” പിതാവിന്‍റെ സ്വത്തടക്കം രണ്ട് ഏക്കര്‍ ഭൂമിയുണ്ട്. ആ പറമ്പിലും വീടിനോട് ചേര്‍ന്നുള്ള 50 സെന്‍റിലും പലതരം മരങ്ങള്‍ നട്ടിട്ടുണ്ട്.


മരം കൊണ്ടുള്ള വീട് വയ്ക്കും മുന്‍പേ കാടുണ്ടാക്കി തുടങ്ങിയതാണ്. കൃത്യമായി പറഞ്ഞാല്‍ മരങ്ങള്‍ നട്ടു തുടങ്ങിയിട്ടിപ്പോള്‍ 45 വര്‍ഷം.


“വീടിരിക്കുന്നത് അരയേക്കറിലാണ്. ബാക്കി സ്ഥലം കുറച്ചു അകലെയാണ്. എല്ലാത്തരം വൃക്ഷങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. അറുപതോളം ഔഷധസസ്യങ്ങള്‍ പറമ്പിലുണ്ട്.”

സസ്യങ്ങളോടും വൃക്ഷങ്ങളോടുമുള്ള ഇഷ്ടം കൊണ്ട് എവിടെ കണ്ടാലും അദ്ദേഹം വാങ്ങിക്കും.  വിയറ്റ്നാം പഴമായ വിയറ്റ്നാം ഫ്രൂട്ട്, അവോക്കാഡോ, ചാമ്പ, പ്ലാവ്, സപ്പോട്ട, ചെറി തുടങ്ങിയവയും പറമ്പില്‍ നട്ടിട്ടുണ്ട്. രക്തചന്ദനം, വെള്ള ചന്ദനം, മഹാഗണി തേക്ക് ഈട്ടി കമ്പകം പലക മാവ് പ്ലാവ്
അത്തി, അരയാല്‍, ഇത്തി, പേരാല്‍, താന്നി, ചമത ഇതൊക്കെയുണ്ട്.
രണ്ട് പേര് വട്ടം പിടിച്ചാല്‍ എത്താത്ര വലിപ്പമുള്ള തേക്കും ഈ പറമ്പിലുണ്ടെന്നു സുഗുണാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സ്വാഭാവിക വനം പോലെയാണ് സംരക്ഷിക്കുന്നതും. മരങ്ങള്‍ക്ക് തടമെടുക്കുകയോ ഭൂമി കിളക്കുകയോ ഒന്നുമില്ല.

കരിയിലകള്‍ അടിച്ചുകളയാറുമില്ല, അവ കത്തിക്കുകയുമില്ല. മരങ്ങളുടെ കരിയില കംപോസ്റ്റാക്കിയെടുത്ത് വളമാക്കുകയാണ് പതിവ്. “ഇഷ്ടം പോലെ ഇല കിട്ടുമല്ലോ. അടിച്ചുവരാതെ പറമ്പില്‍ തന്നെയിടും,” അദ്ദേഹം പറയുന്നു.

“കരിയിലകള്‍ കംപോസ്റ്റ് കൂട്ടിലിട്ടും വെറുതേ എവിടെയെങ്കിലും കൂട്ടിയിട്ടുമാണ് വളമാക്കുന്നത്. കരിയിലയിലേക്ക് ചാണകവെള്ളം ഒഴിച്ച് 45 ദിവസമിടും. അങ്ങനെ നല്ല വളം കിട്ടും.


ഇതുകൂടി വായിക്കാം:3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം


“കരിയിലകള്‍ മാത്രമല്ല ഈ വീട്ടില്‍ ചിരട്ട പോലും കത്തിക്കാറില്ല. രണ്ട് വലിയ കുളങ്ങളുണ്ട്. ഈ കുളം ഇടയ്ക്ക് കോരി വൃത്തിയാക്കാറുണ്ട്. അന്നേരം കിട്ടുന്ന മണ്ണ് മരച്ചുവട്ടിലിടും. അതും നല്ല വളവമാണ്.

“പക്ഷികളും അണ്ണാനുമൊക്കെ ഇവിടെയുണ്ട്. സംസ്ഥാന വനം വകുപ്പ് ഈ കാട്ടില്‍ പക്ഷിക്കൂടും സ്ഥാപിച്ചിട്ടുണ്ട്. മൈന, വണ്ണാത്തിപ്പുള്ള്, വെള്ളിമൂങ്ങ എന്നിവയുടെ കിളിക്കൂടാണ് സ്ഥാപിച്ചിരിക്കുന്നത്. മൈനയും വണ്ണാത്തിപ്പുള്ളുമൊക്കെ മുട്ട ഇട്ടിട്ടുണ്ട്. പക്ഷേ വെള്ളിമൂങ്ങ വരാറുണ്ടെങ്കിലും ഇതുവരെ കൂട്ടിലേക്ക് കയറിയിട്ടില്ല.

“പ്രകൃതിക്ക് ദോഷമായി ഒന്നും ചെയ്യരുതെന്ന് കരുതിയാണ് ജീവിക്കുന്നത്. ഈ പറമ്പ് ഏതാണ്ട് ഒരു 90 ശതമാനവും പ്രകൃതി സൗഹൃദമാണ്. മിഠായി കവര്‍ പോലും പറമ്പിലുണ്ടാകില്ല. പ്ലാസ്റ്റിക് ശേഖരിച്ച് പഞ്ചായത്തിന് കൈമാറും. ഒന്നും വലിച്ചെറിയാറില്ല.

“ഉറുമ്പ് പോലും വീടിനുള്ളില്‍ വരില്ല. മഞ്ഞള്‍പ്പൊടി ഇടുമ്പോ ഉറുമ്പ് പൊയ്ക്കോളൂം. കീടനാശിനികളും രാസവളവും ഒന്നുമില്ല. മണ്ണിന്‍റെ തനതു രൂപത്തിലാണ് സംരക്ഷിക്കുന്നത്.

“കാടിനൊപ്പം ചെറിയൊരു പച്ചക്കറി തോട്ടവുമുണ്ട്. വീട്ടിലേക്കുള്ള പച്ചക്കറിയൊക്കെ ഇവിടെ കൃഷി ചെയ്യുകയാണ്. വില്‍ക്കാറില്ല. പക്ഷേ ഇവിടെ വരുന്നവര്‍ക്കും അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ പച്ചക്കറി നല്‍കാറുണ്ട്.

“കുരുമുളക് കൃഷിയുണ്ട്. കുരുമുളക് കൊടികള്‍ പടര്‍ത്തി ഫെന്‍സിങ് നിര്‍മിച്ചിട്ടുണ്ട്. പിവിസി പൈപ്പിലും കുറച്ചു കുരുമുളക് പടര്‍ത്തിയിട്ടുണ്ട്. തേനീച്ച കൃഷിയുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളിലായി നാലു ലിറ്റര്‍ തേന്‍ ഒരു കൂട്ടില്‍ നിന്നു കിട്ടാറുണ്ട്,” എന്ന് സുഗുണാനന്ദന്‍.

“കുറച്ചു കാലം മുന്‍പ് ടൗണിലൂടെ പോകുമ്പോ മഴ പെയ്തു, അന്നേരം ഒരു ആക്രിക്കടയ്ക്ക് മുന്നിലാണ് വണ്ടി നിറുത്തിയത്. കടയ്ക്ക് മുന്നില്‍ ഒരു കപ്പി ഇരുന്ന് നനയുന്നു (കിണറ്റില്‍ നിന്ന് വെള്ളം വറ്റിക്കുന്നതിന് സഹായിക്കുന്ന കപ്പി). കണ്ടപ്പോ എനിക്ക് അതിഷ്ടപ്പെട്ടു.
“എന്ത് വില വേണം എന്നു ചോദിച്ചു, കടക്കാരന്‍ വില പറയും മുന്‍പേ എന്‍റെ മനസില്‍ 1,500 രൂപ ചോദിക്കുമെന്നാണ് തോന്നിയത്.

“അത്രയും ചോദിച്ചാലും ഞാന്‍ കൊടുക്കുമെന്നു ഉറപ്പിച്ചിരുന്നു. അയാള്‍ 500 രൂപ പറഞ്ഞു, അതു കേട്ടപ്പോ ഞെട്ടിപ്പോയി. ആ ഞെട്ടലില്‍ അഞ്ഞൂറോ എന്നു ചോദിച്ചത് കേട്ടോപ്പോ അയാള്‍ക്ക് തോന്നിക്കാണും വില കൂടിപ്പോയെന്ന്. ഉടനെ കടക്കാരന്‍ പറഞ്ഞു, 400 രൂപ തന്നാ മതി… ”

“പക്ഷേ, കടക്കാരന്‍ തെറ്റിദ്ധരിച്ചു. ആ കടയില്‍ നിന്നു തന്നെയാണ് വൈദ്യുതി വേണ്ടാത്ത കോളിങ് ബെല്‍ വാങ്ങിച്ചതും. മരത്തില്‍ നിര്‍മിച്ചതാണിതും. മരത്തിന്‍റെ ഒരു ചെറിയ പെട്ടി പോലെയാണിത്.  അതിന്‍റെ ഉള്ളില്‍ മുട്ടിയാല്‍ നല്ല ശബ്ദം കേള്‍ക്കും. നാലുകെട്ടിലൊക്കെ ഉപയോഗിച്ചിരുന്നതാണ്. അത്ര വലിയ ശബ്ദമാണ്.” എന്നാല്‍ ആന്‍റീക് സാധനങ്ങളെല്ലാം വാരി വീട് നിറയ്ക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും ഉപയോഗം ഉള്ളതേ വാങ്ങൂ. അത് അദ്ദേഹത്തിന് നിര്‍ബന്ധമാണ്.

ഈട്ടിയില്‍ നിര്‍മിച്ച രണ്ടു ഗോവണികളാണുള്ളത്

ഈ വീടും കാടും കാണാന്‍ സ്കൂള്‍ കുട്ടികളടക്കം വരാറുണ്ട്.

ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ നിന്ന് ഹെഡ് നഴ്സായി വിരമിച്ച പ്രശോമയാണ് സുഗുണാനന്ദന്‍റെ ഭാര്യ. വിരമിച്ചതിനു ശേഷം വാസ്തുശാസ്ത്രവും സൈക്കോളജിയും ഒപ്പം ലേണിങ് ഡിസ്എബിലിറ്റിയെക്കുറിച്ചുമൊക്കെ പഠിച്ചയാളാണ് പ്രശോമ.

ഇപ്പോള്‍ വീട്ടില്‍ കൗണ്‍സിലിങ്ങും ചെയ്യുന്നുണ്ട്. മകന്‍ ഡോ. അരവി കെ ആനന്ദും മരുമകള്‍ ഡോ.ആര്‍ദ്ര രാജുമാണ്.


ഇതുകൂടി വായിക്കാം:250 ഇനം കാട്ടുമരങ്ങള്‍ നട്ടുനനച്ച് മൂന്ന് ഏക്കര്‍ തരിശില്‍ കനത്തൊരു കാടൊരുക്കിയ കോഴിക്കോടുകാരന്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം