സ്വര്‍ണ്ണപ്രേമത്തില്‍ നമ്പര്‍-1! റോമാ സാമ്രാജ്യത്തെ അമ്പരപ്പിച്ച സ്വര്‍ണ്ണത്തിന്‍റെ ഒഴുക്ക്

2019-ല്‍ ഇന്‍ഡ്യ ഇറക്കുമതി ചെയ്ത 830 ടണ്‍ സ്വര്‍ണ്ണത്തില്‍ മൂന്നിലൊന്നും കേരളത്തിലേക്കായിരുന്നു.

രാജ്യങ്ങള്‍ക്കിടയിലെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള വേവലാതികള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

റോമന്‍ യാത്രികനായ പ്ലിനി (എഡി. 23-79) ഇന്‍ഡ്യയുമായി റോമാ സാമ്രാജ്യവുമായുണ്ടായിരുന്ന കച്ചവട മൂല്യത്തിലെ അന്തരത്തെക്കുറിച്ച് വേവലാതിപ്പെട്ടിരുന്നതായി അദ്ദേഹത്തിന്‍റെ കുറിപ്പുകളിലുണ്ട്.

സ്വര്‍ണ്ണക്കടത്തിനെപ്പറ്റി പറയുമ്പോള്‍ എന്തിനാണ് പ്ലിനിയിലേക്കും റോമിലേക്കും പോകുന്നതെന്നല്ലേ ചോദ്യം? പറയാം.

അക്കാലത്തേ ഉണ്ട്, ഇന്‍ഡ്യയിലേക്കുള്ള സ്വര്‍ണ്ണത്തിന്‍റെ ഒഴുക്ക്. അത് റോമന്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നായിരുന്നു പ്ലിനിയുടെയും അവിടെയുണ്ടായിരുന്ന അന്നത്തെ നേതാക്കളുടെയും വിലയിരുത്തല്‍. റോമന്‍ സ്വര്‍ണ്ണനാണയങ്ങളും അമൂല്യമായ സ്വര്‍ണ്ണ ശേഖരവുമെല്ലാം പെട്ടെന്ന് നശിച്ചുപോകുന്ന കുരുമുളകിനും സുഗന്ധദ്രവ്യങ്ങള്‍ക്കും വേണ്ടി ചെലവിടുന്നതിലെ നിരര്‍ത്ഥകത അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നുവത്രേ.

Image for representation only . Photo: Pexels.com

എങ്കിലും കുരുമുളകിനോടുള്ള അന്നത്തെ റോമന്‍ പ്രഭുക്കള്‍ക്കും പ്രഭ്വികള്‍ക്കുമുള്ള ഭ്രമം അതികലശലായിരുന്നു. അത് വര്‍ദ്ധിക്കുന്നതനുസരിച്ച് ഇന്‍ഡ്യയിലേക്കെത്തിയ സ്വര്‍ണ്ണശേഖരവും വര്‍ദ്ധിച്ചു.

“ഒരു യാഥാസ്ഥിതികമായ കണക്കെടുത്താല്‍ പോലും ഇന്‍ഡ്യയും ചൈനയും അറേബ്യന്‍ ഉപഭൂഖണ്ഡവും (റോമന്‍)സാമ്രാജ്യത്തില്‍ നിന്ന് കൊണ്ടുപോകുന്നത് വര്‍ഷം നൂറ് ദശലക്ഷം സെസ്റ്റര്‍സെസ് (പുരാതന റോമന്‍ നാണയം) ആണ്,” പ്ലിനി ദ് എല്‍ഡര്‍ അദ്ദേഹത്തിന്റെ നാച്വറല്‍ ഹിസ്റ്ററി എന്ന ഗ്രന്ഥത്തില്‍ കുറിച്ചു. അതിലധികവും സ്വര്‍ണ്ണം വെള്ളി നാണയങ്ങളായിരുന്നു. (മറ്റൊരിടത്ത് ഇന്‍ഡ്യയിലേക്ക് മാത്രം 50 ദശലക്ഷം സെസ്റ്റര്‍സെസ് പോകുന്നുവെന്ന് അദ്ദേഹം കുറിക്കുന്നുണ്ട്.)

ഇതോടൊപ്പം സ്വര്‍ണ്ണത്തോടുള്ള ഭ്രമം ഇവിടെ വര്‍ദ്ധിക്കുകയും ചെയ്തു. ഏകദേശം രണ്ടായിരം വര്‍ഷം മുന്‍പേ രേഖപ്പെടുത്തപ്പെട്ട സ്വര്‍ണ്ണപ്രേമം  ഇന്നും മാറ്റമില്ലാതെ തുടരുന്നു. അന്ന് ഒരു പക്ഷേ, രാജാക്കന്‍മാരും പ്രഭുക്കന്‍മാരും വന്‍കിട കച്ചവടക്കാരിലും മാത്രം ഒതുങ്ങിനിന്നിരുന്ന സ്വര്‍ണ്ണാഭരണപ്രിയം ഇന്ന് ഇവിടെ സാര്‍വ്വത്രികമായിരിക്കുന്നു എന്നുമാത്രം.

അനധികൃത സ്വര്‍ണ്ണത്തിന്‍റെ രക്തപങ്കില വഴികള്‍

ലോകത്തിലെ ആകെയുള്ള സ്വര്‍ണ്ണത്തിന്‍റെ മൂന്നിലൊന്നും ഇന്‍ഡ്യന്‍ അതിര്‍ത്തികളിലൂടെയാണ് വിനിമയം ചെയ്യപ്പെടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇന്‍ഡ്യയിലേക്കുള്ള അനധികൃത സ്വര്‍ണ്ണ വിനിമയത്തിന്‍റെ വേരുകള്‍ ലോകം മുഴുവന്‍ പരന്നുകിടക്കുന്നുണ്ട്.


കാനഡ ആസ്ഥാനമായുള്ള ഇംപാക്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നത് ആഫ്രിക്കയിലെ ഗ്രേറ്റ് ലേക്ക് മേഖലയില്‍ നിന്നും യു എ ഇ-യിലേക്കുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് 2007-ല്‍ അഞ്ച് ടണ്‍ ആയിരുന്നത് 2012 ആയപ്പോഴേക്കും 22 ടണ്‍ ആയി വര്‍ദ്ധിച്ചു എന്നാണ്. ഈ ആഫ്രിക്കന്‍ ദേശങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും സായുധ സംഘങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മയും സ്വര്‍ണ്ണ ഖനികളുടെ മേലുള്ള നിയന്ത്രണവുമെല്ലാം അനധികൃത സ്വര്‍ണ്ണത്തിന്‍റെ കടത്ത് സുഗമമാക്കുന്നു.

ഇന്‍ഡ്യയിലെ സ്വര്‍ണ്ണാഭരണ ഭ്രമം ഇവിടെ സ്വര്‍ണ്ണത്തിന് വലിയ മാര്‍ക്കെറ്റ് തന്നെ സൃഷ്ടിച്ചിട്ടുണ്ടല്ലോ. എന്നാല്‍ അതോടൊപ്പം തന്നെ സ്വര്‍ണക്കടത്ത് ഭീകരരുടെയും അന്താരാഷ്ട്ര മാഫിയാ സംഘങ്ങളുടെയും ഇഷ്ട ‘കറന്‍സി’ കൂടിയാണ് ഇന്ന് മഞ്ഞലോഹം.

ബ്ലഡ് ഡയമണ്ട് എന്ന ലോകപ്രശസ്തമായ സിനിമ ആഫ്രിക്കയിലെ രത്‌ന വ്യാപാരം എത്രമാത്രം രക്തപങ്കിലമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു. ആ ചിത്രം കണ്ട് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ഒരുപാട് പേര്‍ രത്‌നങ്ങള്‍ ധരിക്കുന്നത് ഉപേക്ഷിക്കുകയുണ്ടായി.

നമ്മളില്‍ പലരും പരിശുദ്ധമെന്ന് കരുതുന്ന സ്വര്‍ണ്ണത്തിന്‍റെ വഴികളും ഏറെയൊന്നും വ്യത്യസ്തമല്ലെന്നാണ് ഉഗാണ്ട അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ലാറ്റിന്‍ അമേരിക്കയിലേയും സ്വര്‍ണ്ണ ഖനികളില്‍ നിന്നുള്ള അനധികൃത സ്വര്‍ണ്ണത്തിന്‍റെ സഞ്ചാരപാത വ്യക്തമാക്കുന്നത്.

നയതന്ത്ര ചാനലിലൂടെ കടത്താന്‍ ശ്രമിച്ചുവെന്നാരോപിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പുതിയ സ്വര്‍ണ്ണക്കടത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. ഈ കള്ളക്കടത്ത് നടന്നത് യു എ ഇ കേന്ദ്രീകരിച്ച് ആണെന്ന വസ്തുത ഓര്‍ക്കുക.

യു എ ഇ-യിലെത്തുന്ന സ്വര്‍ണ്ണത്തിന്‍റെ ഭൂരിഭാഗവും ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രമായ ഇന്‍ഡ്യയിലേക്കാണ് എത്തിച്ചേരുന്നത്.

ഇംപാക്ടിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡ്യയിലേക്ക് വര്‍ഷവും 1,000 ടണ്‍ സ്വര്‍ണ്ണമാണ് എത്തുന്നത്. (ഔദ്യോഗിക കണക്കിനേക്കാള്‍ ഏകദേശം 250 ടണ്ണോളം കൂടുതല്‍). അനധികൃത സ്വര്‍ണ്ണത്തിന് ഹവാല വഴിയാണ് പണം നല്‍കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കിലോ സ്വര്‍ണ്ണം കേരളത്തിലേക്ക് കടത്തിയാണ് കാരിയര്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ കടത്തുകൂലിയായി കിട്ടുമെന്നാണ് വിവിധ ഏജന്‍സികള്‍ വിലയിരുത്തുന്നത്.

മഞ്ഞലോഹത്തോടുള്ള പ്രേമം

Image for representation only: Photo- Pexels.com

സ്വകാര്യ ശേഖരങ്ങളില്‍ മാത്രം ഇന്‍ഡ്യക്കാര്‍ സൂക്ഷിക്കുന്നത് 20,000 ടണ്‍ സ്വര്‍ണ്ണമാണെന്നും ഇംപാക്റ്റ് കണക്കുകൂട്ടുന്നു. യു എസ്, ചൈന, യൂറോസോണ്‍ രാജ്യങ്ങള്‍ എന്നിവയുടെ സെന്‍ട്രല്‍ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കരുതല്‍ സ്വര്‍ണ്ണം എല്ലാം കൂട്ടിവെച്ചാലും ഇത്രത്തോളം വരില്ലത്രേ!

കേരളത്തെ സ്വര്‍ണ്ണക്കടത്തുകാര്‍ കണ്ണുവെയ്ക്കുന്നതിന്‍റെ പ്രധാന കാരണം മഞ്ഞലോഹത്തോടുള്ള ഭ്രമം തന്നെ.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മലയാളികളുടെ സ്വര്‍ണ്ണ ഉപഭോഗം 60 ടണ്‍ ആണ്. ആളൊന്ന് പ്രതിമാസം 208 രൂപയോളം മലയാളി സ്വര്‍ണ്ണത്തിന് വേണ്ടി ചെലവാക്കുന്നു. തൊട്ടുപിന്നിലുള്ള ഗോവയിലെ ആളുകള്‍ വെറും 34 രൂപയാണ് സ്വര്‍ണ്ണത്തിനായി ചെലവാക്കുന്നത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സി്ല്‍വെര്‍ മെര്‍ച്ചെന്റ്‌സ് അസോസിയേഷന്‍റെ കണക്ക് പ്രകാരം 2019-ല്‍ കേരളത്തിലെ റിട്ടെയില്‍ ജുവെല്ലറി ബിസിനസ് 40,000 കോടി രൂപയുടേതാണ്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം 2019-ല്‍ ഇന്‍ഡ്യ ഇറക്കുമതി ചെയ്ത 830 ടണ്‍ സ്വര്‍ണ്ണത്തില്‍ മൂന്നിലൊന്നും കേരളത്തിലേക്കായിരുന്നു. ഒരു ശരാശരി മലയാളി സ്ത്രീ 30 ഗ്രാം സ്വര്‍ണ്ണം ധരിക്കുന്നുവെന്നാണ് കണക്ക്. ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നുള്ള മലയാളി വധു ഭര്‍തൃഗൃഹത്തിലേക്ക് പോകുമ്പോള്‍ ശരാശരി 320 ഗ്രാം സ്വര്‍ണ്ണം കൊണ്ടുപോകുന്നുവത്രേ. ഇത് ദേശീയ ശരാശരിയിലും വളരെയധികമാണ്.

സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതിത്തീരുവയില്‍ വന്ന വര്‍ദ്ധനയും സ്വര്‍ണ്ണക്കടത്ത് നല്ല വരുമാനമുള്ള ഏര്‍പ്പാടാക്കി. കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണത്തിന്‍മേലുള്ള കസ്റ്റംസ് തീരുവ 12.5 ശതമാനമാക്കി. ഒപ്പം മൂന്ന് ശതമാനം ജി എസ് ടിയും. ഇത് സ്വര്‍ണ്ണാഭരണമാക്കി മാറ്റുമ്പോള്‍ അഞ്ച് ശതമാനം ജി എസ് ടി വേറെയും വരും.

ഇതോടൊപ്പം സ്വര്‍ണ്ണവിലയും കുതിച്ചുയര്‍ന്നു. സ്വര്‍ണ്ണക്കടത്തില്‍ നിന്ന് കിട്ടുന്ന ലാഭവും വര്‍ദ്ധിച്ചു.

സ്വര്‍ണ്ണക്കടത്തില്‍ നിന്ന് ലഭിക്കുന്ന ഭീമമായ ലാഭം ഭീകര സംഘടനകളുടെ പ്രവര്‍ത്തന മൂലധനം കൂടിയാവുന്നു എന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം