സമുദ്രത്തിന്റെ മാര്‍ത്തട്ടില്‍ മാത്രമേ വിലയേറിയ മുത്തുകള്‍ കണ്ടെടുക്കാന്‍ സാധിക്കൂവെന്ന് ധരിക്കുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. എന്നാല്‍ അങ്ങനല്ല, കാര്യങ്ങള്‍. വേണമെങ്കില്‍ ബക്കറ്റിലും മുത്തുണ്ടാക്കാം.
കാസര്‍ഗോഡ് ജില്ലയിലെ ഈ കര്‍ഷകന്‍ അത് അസലായി പറഞ്ഞു തരും. തന്‍റെ വീട്ടുവളപ്പിലും ചെറിയ കുളത്തിലുമെല്ലാം മുത്തുകൃഷി ചെയ്ത് ലക്ഷങ്ങളുടെ വരുമാനം കൊയ്യുകയാണ് കെ ജെ മാത്തച്ചന്‍.
പശ്ചിമഘട്ടത്തില്‍ ഉല്‍ഭവിക്കുന്ന നദികളില്‍ നിന്ന് ലഭിക്കുന്ന കക്കകള്‍ കൊണ്ടുവന്നാണ് 65-കാരനായ മാത്തച്ചന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുത്ത് കൃഷി ചെയ്യുന്നത്. ഈ കക്ക സംസ്‌കരിച്ച്, വര്‍ഷത്തില്‍ 50 ബക്കറ്റ് നിറയെ മുത്ത് ഇദ്ദേഹം ഉണ്ടാക്കുന്നു. ഓരോ 18 മാസം കൂടുമ്പോഴും ഇതില്‍ നിന്ന് കിട്ടുന്ന വരുമാനമറിയണ്ടേ…4.5 ലക്ഷം രൂപ!
ഉല്‍പ്പാദിപ്പിക്കുന്ന മുത്തുകള്‍ മാത്തച്ചന്‍ കൂടുതലും കയറ്റി അയക്കുന്നത് ഓസ്‌ട്രേലിയ, സൗദി അറേബ്യ, കുവൈറ്റ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവടങ്ങളിലേക്കാണ്.
അപ്പൊ, എന്താണ് ഇതിന് പിന്നിലെ രഹസ്യം? നോക്കാം.
21 വര്‍ഷത്തെ മുത്തുകൃഷി
അങ്ങ് സൗദി അറേബ്യയിലെ കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ ടെലി കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പ്രഫസറായിരുന്നു പണ്ട് മാത്തച്ചന്‍. ആയിടയ്ക്കാണ് അറബി-ഇംഗ്ലീഷ് വിവര്‍ത്തകനായി മാത്തച്ചന്‍ ചൈന സന്ദര്‍ശിക്കുന്നത്. ലോകത്തെ ഏറ്റവും ലാഭകരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അരാംകോ എണ്ണ കമ്പനിക്കു വേണ്ടിയായിരുന്നു ദൗത്യം.
“സന്ദര്‍ശനത്തിനിടെ ഞാന്‍ വൂഷിയിലെ ഡന്‍ഷുയ് ഫിഷറീസ് ഗവേഷണ കേന്ദ്രത്തിലും പോയി. എന്നും എനിക്ക് താല്‍പ്പര്യമുള്ളതായിരുന്നു ഫിഷറീസ് മേഖല. ഇതുമായി ബന്ധപ്പെട്ട് അവിടെയുള്ള കോഴ്‌സുകളെ കുറിച്ച് അറിയണമെന്ന് തോന്നി. അങ്ങനെയാണ് മുത്തുകൃഷിയില്‍ അവര്‍ ഡിപ്ലോമ നല്‍കുന്നുണ്ടെന്നറിഞ്ഞത്. ഇന്‍ഡ്യയില്‍ വളരെ കുറച്ച് പേര്‍ മാത്രമേ ഇത്തരം പരിശീലനം നേടിയിട്ടുള്ളൂ. അന്നെനിക്ക് തോന്നി ഇത് ചെയ്യണമെന്ന്,” മാത്തച്ചന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
ഏതാനും ആഴ്ച്ചകള്‍ക്ക് കഴിഞ്ഞു. മാത്തച്ചന്‍ ജോലിയങ്ങ് ഉപേക്ഷിച്ച് നേരെപ്പോയി, ചൈനയിലേക്ക്. ഡിപ്ലോമ ചെയ്യുകയായിരുന്നു ലക്ഷ്യം. ആറ് മാസങ്ങള്‍ക്ക് ശേഷം കോഴ്‌സ് പൂര്‍ത്തിയാക്കി അദ്ദേഹം കേരളത്തിലേക്ക് തിരിച്ചുവന്നു. 1999-ലായിരുന്നു അത്. എന്നിട്ട് വീടിന്‍റെ പുറകില്‍ മുത്തുകൃഷി ആരംഭിച്ചു.
“പൊടുന്നനെയുള്ള തീരുമാനങ്ങളായിരുന്നു എല്ലാം. ചുറ്റുമുള്ളവരെല്ലാം കുറ്റപ്പെടുത്തി. എന്നാല്‍ ഇത് വളരെ വേറിട്ട ബിസിനസാണെന്നും വിജയിക്കുമെന്നും എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു,” ആദ്യകാ
ശുദ്ധജലത്തില്‍ വളരുന്ന കക്ക മഹാരാഷ്ട്രയില്‍ നിന്നും പശ്ചിമഘട്ടത്തില്‍ ഉല്‍ഭവിക്കുന്ന നദികളില്‍ നിന്നുമെല്ലാം ശേഖരിച്ച് ബക്കറ്റിലിറക്കിയാണ് മാത്തച്ചന്‍ കൃഷി ചെയ്തത്.
18 മാസങ്ങള്‍ക്ക് ശേഷം ഈ കാസര്‍ഗോഡുകാരന് 50 ബക്കറ്റ് നിറയെ മുത്ത് കൃഷി ചെയ്‌തെടുക്കാനായി.
“ആദ്യം 1.5 ലക്ഷം രൂപയാണ് ഞാന്‍ മുടക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എനിക്ക് 4.5 ലക്ഷം രൂപ മൂല്യം വരുന്ന മുത്ത് കൃഷി ചെയ്യാനായി. അതിലൂടെ ലഭിച്ച ലാഭമാകട്ടെ 3 ലക്ഷം രൂപയും,”മാത്തച്ചന്‍ പറയുന്നു.
അതിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ബിസിനസ് തഴച്ചുവളര്‍ന്നു. മുത്തുകൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ക്ലാസുകള്‍ എടുത്ത് നല്‍കാനുള്ള ലൈസന്‍സും ലഭിച്ചു.
എന്നാല്‍ സമുദ്രങ്ങളിലെ മുത്തുച്ചിപ്പിയിലല്ലാതെ, ബക്കറ്റില്‍ എങ്ങനെയാണ് ഈ മുത്തുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്? ആ കഥയും മാത്തച്ചന്‍ തന്നെ പറയുന്നു.
ബക്കറ്റില്‍ നിറഞ്ഞ മുത്ത്
“ശേഖരിക്കുന്ന കക്കകള്‍ പിളര്‍ന്ന് അതിനുള്ളില്‍ ഗുളിക രൂപത്തിലുള്ള പൊടി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പേള്‍ ന്യൂക്ലിയസ് എന്നാണ് ഇതിനെ പറയുന്നത്. അതിന് ശേഷം ഈ കക്കകള്‍ വെള്ളത്തില്‍ പൂര്‍ണമായും മുക്കിവെക്കും. അരിപ്പയ്ക്ക് സമാനമായ പാത്രത്തിലാക്കിയാണ് ബക്കറ്റിലെ വെള്ളത്തില്‍ കക്കകള്‍ മുക്കിവെക്കുക. 15-25 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തിലാണ് ഇത് ചെയ്യുന്നത്. കക്കയുടെ അതിജീവനത്തിനായാണത്.”
നേരത്തെ പറഞ്ഞ ന്യൂക്ലിയസിന് മുകളില്‍ ആവരണങ്ങള്‍ രൂപപ്പെടാന്‍ കാത്തിരുന്നാണ് മുത്തുകള്‍ വിളയിച്ചെടുക്കുക. ആവരണങ്ങള്‍ കാത്സ്യം കാര്‍ബണേറ്റ് ലഭിക്കുന്നത് കക്കയില്‍ നിന്നാണ്. വെള്ളത്തിലുണ്ടാകുന്ന ബാക്റ്റീരിയകളിലൂടെ കക്ക ഭക്ഷണം വലിച്ചെടുക്കുകയും ചെയ്യുന്നു.
540-ഓളം ആവരണങ്ങള്‍ ന്യൂക്ലിയസിനെ പൊതിയുമെന്നാണ് മാത്തച്ചന്‍ പറയുന്നത്. കക്കയുടെ ഉള്ളില്‍ ഒരു ഭിത്തിയോട് ചേര്‍ന്ന് മുത്തുകള്‍ രൂപം കൊള്ളുന്ന പ്രക്രിയ ഇങ്ങനെയാണ്. ശേഷം കക്ക പിളര്‍ന്ന് മുത്തുകള്‍ പുറത്തെടുത്ത് മിനുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതാണ് കള്‍ച്ചേഡ് പേള്‍.
ഓസ്‌ട്രേലിയ, കുവൈറ്റ്, സൗദി അറേബ്യ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ കള്‍ച്ചേഡ് പേളിന് ആവശ്യക്കാരേറെ ആയതിനാലാണ് അവിടങ്ങളിലേക്ക് കയറ്റുമതി ശക്തമാക്കിയതെന്ന് മാത്തച്ചന്‍ പറയുന്നു.
ഇന്‍ഡ്യന്‍ വിപണികളില്‍ കിട്ടുന്ന മിക്ക മുത്തുകളും കൃത്രിമമാണ്. അതിലെ സിന്തറ്റിക്ക് പേള്‍ ആവരണം കാരണം അവ ‘ഒറിജിനല്‍’ ആണെന്ന് തോന്നും. കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥ മുത്ത് കാരറ്റിന് 360 രൂപയും ഗ്രാമിന് 1,800 രൂപയും വില വരും-മാത്തച്ചന്‍ ചൂണ്ടിക്കാട്ടുന്നു.
വീടിന് പുറകില്‍ കൃത്രിമമായി നിര്‍മ്മിച്ച കുളത്തില്‍ മുത്തുകൃഷി വ്യാപകമാക്കിയിരിക്കയാണ് മാത്തച്ചന്‍.
“30 മീറ്റര്‍ നീളത്തിലും 15 മീറ്റര്‍ വീതിയിലും ആറ് മീറ്റര്‍ ആഴത്തിലുമാണ് അദ്ദേഹത്തിന്‍റെ വീട്ടിലെ ടാങ്ക്. ഇത്രയും വ്യത്യസ്തമായ ഒരു ബിസിനസ് ആശയം ഞാന്‍ കണ്ടിട്ടില്ല. ഇതുപോലൊരു സജ്ജീകരണമൊരുക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്ക് കൈയടിച്ചേ തീരൂ. മുത്തുകള്‍ കൂടാതെ വാനില,തെങ്ങ്, മാങ്ങ തുടങ്ങിയവയും മാത്തച്ചന്‍ കൃഷി ചെയ്യുന്നുണ്ട്,” മാത്തച്ചന്‍റെ കൃഷിയിടം സന്ദര്‍ശിച്ച യൂട്യൂബര്‍ ലിബിന്‍ കുര്യന്‍ പറയുന്നു.
2018-ല്‍ സ്‌ട്രോക് വന്നതിന് ശേഷം അടുത്തുള്ള കൃഷിക്കാരുടെ സഹായത്തോടെയാണ് മാത്തച്ചന്‍ ഫാം നോക്കിനടത്തുന്നത്. കൃഷി ചെയ്യുന്നതിനൊപ്പം തന്നെ മുത്തുകൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ക്കും അതുപയോഗിച്ച് മൂല്യവര്‍ധിത ഉല്പ്പന്നങ്ങളുണ്ടാക്കുന്നവര്
ഓണ്‍ലൈനായി പഠിക്കാം
കൊറോണയും ലോക്ക്ഡൗണും കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിസിനസിന് അത്ര നല്ലകാലമല്ല. ഇത് കണക്കിലെടുത്ത് തന്‍റെ ക്ലാസുകള്‍ ഓണ്‍ലൈനാക്കിയിരിക്കയാണ് മാത്തച്ചന്‍. ഇതിലൂടെ നിരവധി കോണുകളില്‍ നിന്ന് ഈ ബിസിനസ് ആശയത്തോട് കൂടുതല്‍ പേര്‍ താല്‍പ്പര്യം കാണിക്കുന്നതായി കാസര്‍ഗോഡുകാരനായ കര്‍ഷകന്‍ പറയുന്നു.
“മുത്തുകൃഷിയെ കുറിച്ച് ആദ്യമായി കേട്ടപ്പോള്‍ അസാധ്യമെന്നായിരുന്നു തോന്നിയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഫാം സന്ദര്‍ശിച്ചപ്പോള്‍ ഇത് ചെയ്യാവുന്നതാണെന്നും ലാഭകരവുമാണെന്ന് തോന്നി. ക്ലാസുകള്‍ കൂടി അറ്റന്‍ഡ് ചെയ്തപ്പോഴാണ് മുത്ത് കൃഷി ചെയ്യുന്ന പ്രക്രിയയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചത്. അതിന് ശേഷം ചെറിയ തോതിയില്‍ ഞാനും ഈ ബിസിനസ് തുടങ്ങി,” കൊച്ചിയില്‍ നിന്നുള്ള ആശ ജോണ്‍ പറയുന്നു.
മാത്തച്ചന്‍റെ ക്ലാസുകളില്‍ പങ്കെടുത്ത അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ആര്‍ദ്ര സഹദേവും പങ്കുവെക്കുന്നത് സമാനമായ അനുഭവം തന്നെ.
“28 ദിവസത്തിനിടയില്‍ മുത്തുകൃഷി പ്രക്രിയയില്‍ വരുന്ന ഓരോ ചെറിയ കാര്യവും മാത്തച്ചന്‍ സര്‍ വിശദീകരിച്ചു തന്നു. എവിടെ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാം എന്നതുതൊട്ട് കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ശുചിത്വസംബന്ധമായ വിഷയങ്ങള്‍ വരെ അദ്ദേഹം പറഞ്ഞുതന്നു. എന്‍റെ ലോക്ക്ഡൗണ്‍ കാലം കൂടുതല്‍ പ്രയോജനകരമാക്കാന്‍ ഇതിലൂടെ സാധിച്ചു,” ആര്‍ദ്ര പറയുന്നു.
ഇന്ന് മാത്തച്ചന്‍റെ മുത്തുകൃഷി ഏറെ ജനകീയമായിക്കഴിഞ്ഞു. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള കുട്ടികളും കര്‍ണാടക ഫിഷറീസ് വകുപ്പിലുള്ളവരുമെല്ലാം മാത്തച്ചന്‍റെ ഫാം സന്ദര്‍ശിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കായി നിരവധി തവണ അദ്ദേഹം പരിശീലന ക്ലാസുകള്‍ നടത്തിയിട്ടുമുണ്ട്.
“സൗദി അറേബ്യയിലെ ജോലിയില്‍ തുടരാനായിരുന്നു ഞാന്‍ തീരുമാനിച്ചതെങ്കില്‍ എന്‍റെ നാട്ടിലെ മറ്റൊരു സാധാരണ മനുഷ്യനായി മാത്രം ഒതുങ്ങുമായിരുന്നു ഞാന്‍. എന്നാല്‍ വേറിട്ട വഴിയേ നടക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. മുത്തുകൃഷിയുടെ സാധ്യതകള്‍ അന്ന് ഇന്ത്യയില്‍ ആരും കണ്ടെത്തിയിരുന്നില്ല. ഞാന്‍ അത് മനസിലാക്കി,” മാത്തച്ചന്‍ പറയുന്നു.
മുത്തുകൃഷിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 94460 89736 എന്ന മൊബൈല്‍ നമ്പറില്‍ കെ ജെ മാത്തച്ചനുമായി ബന്ധപ്പെടാവുന്നതാണ്.
ഇതുകൂടി വായിക്കാം: മൈക്രോഗ്രീന്‍സ് എങ്ങനെ എളുപ്പം വളര്‍ത്തിയെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍