സ്വയം അസംബിള്‍ ചെയ്ത കംപ്യൂട്ടറുമായി ആകാശ്

മൊബൈല്‍ ഫോണ്‍ അത്ര പോര! സ്വന്തമായി കംപ്യൂട്ടര്‍ അസെംബിള്‍ ചെയ്ത് 9-ാം ക്ലാസുകാരന്‍

യൂട്യൂബ് ചാനലുകള്‍ നോക്കി അസെംബ്ലിങ് പഠിച്ചെടുത്തു. ബാക്കിയെല്ലാം സിംപിള്‍.

മൊബൈല്‍ ഫോണിലാണ് ഒമ്പതാം ക്ലാസ്സുകാരന്‍ ആകാശ് ഓണ്‍ലൈന്‍ ക്ലാസുകള്‍ കണ്ടുകൊണ്ടിരുന്നത്.

കുറച്ചുദിവസം അങ്ങനെ കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണിന്‍റെ ഇത്തിരിപ്പോന്ന സ്ക്രീന്‍ അത്ര പോര എന്നു തോന്നി കോട്ടയം മണര്‍കാട് കളത്തിപ്പടി മരിയന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആകാശ് ജിസ് മാര്‍ക്കോസിന്.

സ്വന്തമായി ഒരു കംപ്യൂട്ടര്‍ അസെംബിള്‍ ചെയ്തെടുക്കാനായി അടുത്ത ശ്രമം.

“ഞാനും അനിയനും മൊബൈല്‍ ഫോണിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത്. ഫോണിനെക്കാള്‍ നല്ലതല്ലേ കംപ്യൂട്ടര്‍ എന്ന തോന്നലിലാണ് ഇങ്ങനെയൊരു കാര്യം ചെയ്തത്,” ആകാശ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

സ്വയം അസെംബിള്‍ ചെയ്ത കംപ്യൂട്ടറുമായി ആകാശ്

പാമ്പാടി വെള്ളൂര്‍ കുളങ്ങരത്തറ ജിസ് മാര്‍ക്കോസിന്‍റെയും ബിന്‍റുവിന്‍റെയും മൂത്തമകനാണ് ആകാശ്. അമ്മയോടാണ് ഇക്കാര്യം ആദ്യം പറയുന്നത്.

“കേട്ടപ്പോ അമ്മയ്ക്ക് ഇഷ്ടമായി. ചെയ്തുനോക്കെന്നു പറഞ്ഞു. ഇതിനു വേണ്ട സാധനങ്ങളൊക്കെ വാങ്ങിത്താരാമെന്നു അപ്പയും ഏറ്റു. കംപ്യൂട്ടര്‍ അസെംബിള്‍ ചെയ്യുന്നത് എങ്ങനെയാണെന്നു അറിയാമായിരുന്നു.

“യൂട്യൂബിലും ഇന്‍റര്‍നെറ്റിലുമൊക്കെ നോക്കി പഠിച്ചെടുത്തതാണ്. ആ ധൈര്യം ഉണ്ടായിരുന്നു.” എന്ന് ആകാശ്.

അനുജന്‍ തേജസിനൊപ്പം ആകാശ്

“വീട്ടില്‍ ഉപയോഗിക്കാതെയിരുന്ന ഒരു ചെറിയ ടീവിയുണ്ട്. അതാണ് കംപ്യൂട്ടറിന്‍റെ മോണിറ്ററാക്കിയത്. മൗസ്, കീബോര്‍ഡ്, മദര്‍ബോര്‍ഡ്, പ്രൊസസര്‍, റാം തുടങ്ങി സാധനങ്ങളൊക്കെയും കടയില്‍ നിന്നു വാങ്ങിച്ചു.

“ഞാനും അപ്പയും കൂടിയാണ് കോട്ടയത്ത് നിന്ന് വേണ്ടതൊക്കെയും വാങ്ങിച്ചത്. കംപ്യൂട്ടറുണ്ടാക്കാന്‍ പോകുന്നുവെന്ന കാര്യം എന്‍റെയൊരു കൂട്ടുകാരനോടും പറഞ്ഞിരുന്നു.

“അവനും ഇതേക്കുറിച്ചൊക്കെ അറിയാം. അവനാണ് ഏത് ബ്രാന്‍ഡ് ആണ് മികച്ചതെന്നു പറഞ്ഞു തന്നത്. ഓരോന്നും വ്യത്യസ്ത ബ്രാന്‍ഡിലുള്ളതാണ്. എട്ട് ജി ബി റാമാണ് ഉപയോഗിച്ചിരിക്കുന്നത്.”

സാധനങ്ങളൊക്കെ കിട്ടിയതോടെ മൂന്നു മൂന്നര മണിക്കൂര്‍ സമയം കൊണ്ട് കംപ്യൂട്ടര്‍ അസെംബിള്‍ ചെയ്തെടുക്കാന്‍ കഴിഞ്ഞുവെന്ന് ആകാശ് പറഞ്ഞു.  മോണിറ്റര്‍ ഒഴികെ ബാക്കി സാധനങ്ങളെല്ലാം കടയില്‍ നിന്നു വാങ്ങിക്കുകയായിരുന്നു. ആകെ 28,000 രൂപ ചെലവ് വന്നു.

“എല്ലാത്തിനും കൂട്ടായി അനിയന്‍ തേജസും ഒപ്പമുണ്ടായിരുന്നു.മണര്‍കാട് സെന്‍റ് മേരീസ് സ്കൂളില്‍ ആറാം ക്ലാസിലാണവന്‍ പഠിക്കുന്നത്. അവനും ഇലക്ട്രോണിക്സിനോടൊക്കെ ഇഷ്ടമുണ്ട്. അവന് മാത്രമല്ല അപ്പയ്ക്കും അമ്മയ്ക്കുമൊക്കെ കംപ്യൂട്ടര്‍ ഇഷ്ടപ്പെട്ടു. ഞാനിത് നിര്‍മ്മിക്കുമെന്ന് അപ്പയ്ക്കും അമ്മയ്ക്കും ഒരു വിശ്വാസമുണ്ടായിരുന്നു,” ആകാശ് തുടരുന്നു.

“ഇലക്ട്രോണിക്സ് എനിക്കിഷ്ടമാണെന്നു അവര്‍ക്കറിയാം. കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാറുണ്ട്. അപ്പയ്ക്ക് മണര്‍കാട് മൊബൈല്‍ റിപെയറിങ്ങ് ഷോപ്പുണ്ട്. അപ്പ ചെയ്യുന്നത് കണ്ട് പഠിച്ചെടുത്തതാണ്.”


ഇതുകൂടി വായിക്കാം:15-ാം വയസ്സില്‍ കയ്യില്‍ 300 രൂപയുമായി വീടുവിട്ടു; ഇന്ന് 7.5 കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ ഉടമ


കുട്ടിക്കാലം തൊട്ടേ കേടായ ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങളും ഉപകരണങ്ങളൊക്കെ നന്നാക്കാനും മറ്റും ശ്രമിക്കാറുണ്ടെന്നും “ചിലപ്പോഴൊക്കെ ശരിയാകാറുമുണ്ട്,” എന്നും ആകാശ് കൂട്ടിച്ചേര്‍ക്കുന്നു.

യൂട്യൂബിലും ഇന്‍റര്‍നെറ്റിലും ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട വിഡിയോകള്‍ കാണുന്നത് വലിയ ഇഷ്ടമാണെന്നും ആകാശ്.

“കുട്ടിക്കാലം മുതല്‍ അവനിഷ്ടം ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങളും ഉപകരണങ്ങളുമൊക്കെയാണ്. ഫോണിന്‍റെയൊക്കെ ചെറിയ കേടുപാടുകള്‍ നന്നാക്കാനും അവനറിയാം.

“അതുകൊണ്ടാകും കംപ്യൂട്ടര്‍ നിര്‍മ്മിക്കണമെന്നു ആകാശ് പറഞ്ഞപ്പോ സമ്മതം മൂളാന്‍ തോന്നിയത്. അവനെക്കൊണ്ടാകുമെന്നു ഞങ്ങള്‍ക്ക് വിശ്വാസവുമുണ്ടായിരുന്നു.” ആകാശിന്‍റെ അമ്മ ബിന്‍റു തുടരുന്നു.

“ഞങ്ങള്‍ മാത്രമല്ല അയല്‍വീട്ടിലുള്ളവരുമൊക്കെ അവനെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളുമുണ്ടായിരുന്നു.


ഇത്രയും പൈസ മുടക്കി കംപ്യൂട്ടര്‍ നിര്‍മ്മിക്കണോ, പത്രത്തിലൊക്കെ വാര്‍ത്ത വരുത്തണോ എന്നൊക്കെ ചിലര്‍ ചോദിച്ചിരുന്നു.


“ഇതൊക്കെ ആര്‍ക്കും ചെയ്യാമെന്നു പറഞ്ഞവരുണ്ട്. അതൊരു സത്യമാണ്. കുറച്ച് സമയമെടുത്ത് എല്ലാവര്‍ക്കും ചെയ്യാവുന്നതേയുളളൂ. പക്ഷേ ഒരു 14 വയസുകാരന്‍ ചെയ്യുന്നത് അത്ര ചെറിയ കാര്യമാണെന്നു തോന്നിയില്ല.

കുടുംബത്തിനൊപ്പം ആകാശ്

“വലിയ കാര്യം മോന്‍ ചെയ്തുവെന്നു അവകാശപ്പെടുന്നില്ല, പക്ഷേ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഇതൊക്കെ ചെയ്തതില്‍ അഭിമാനമേയുള്ളൂ,” അവര്‍ വ്യക്തമാക്കി.

സ്കൂളീന്ന് ടീച്ചര്‍മാരും കൂട്ടുകാരുമൊക്കെ വിളിച്ച് അഭിനന്ദിച്ചപ്പോള്‍ ആകാശിനും വലിയ സന്തോഷം.

“വീടിന് അടുത്തുള്ളവരൊക്കെ കംപ്യൂട്ടര്‍ കാണാന്‍ വന്നിരുന്നു. ചിലരൊക്കെ ചെയ്ത് തരുമോന്ന് ചോദിച്ചിട്ടുണ്ട്,” എന്ന് ആകാശ്.

“അമ്മയായിരുന്നു വലിയ പിന്തുണ. ഞാനും അനിയനും ഈ കംപ്യൂട്ടറിലാണിപ്പോ പഠിക്കുന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കണം. ഇനിയും ഇതുപോലെ എന്തെങ്കിലുമൊക്കെ നിര്‍മ്മിക്കണമെന്നാണ് ആഗ്രഹം,” ആകാശ് പറഞ്ഞു.


ഇതുകൂടി വായിക്കാം:അധ്യാപകനാവണം, വീടുവെയ്ക്കണം: വാര്‍ക്കപ്പണിക്ക് പോയി ഫുള്‍ A+ നേടിയ ജയസൂര്യയുടെ ലക്ഷ്യങ്ങള്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം