ബോറന്‍ സമൂസയിൽ നിന്നൊരു ബിസിനസ് ഐഡിയ! 1,800-ലേറെ സ്ത്രീകളെ സംരംഭകരാക്കിയ സെലിബീസ്

‘സ്റ്റാര്‍ട്ട് അപ്പ് ഇസ്താന്‍ബുള്‍’ വേദിയില്‍ ലോകത്തെ തന്നെ മികച്ച സ്റ്റാര്‍ട്ട് അപ്പുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചിയില്‍ നിന്നുള്ള സെലിബീസിന്‍റെ കഥ

പൂജ്യം നിക്ഷേപത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കുമോ? അല്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഒഴിവുസമയത്ത് എന്തേലും ചെയ്താല്‍ വരുമാനം കിട്ടുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മുടെയെല്ലാം മനസില്‍ എപ്പോഴുമുണ്ട്.  അതിനുത്തരം തേടി ഗൂഗിളില്‍ തപ്പുന്നവരുടെ എണ്ണത്തിന് പരിധിയില്ല.

എന്നാല്‍ കൊച്ചിയില്‍ താമസമാക്കിയ ഒരു കുടുംബം  ആയിരക്കണക്കിന് സ്ത്രീകളെ സംരംഭകരാക്കിയിരിക്കയാണ്, അതും ആ സ്ത്രീകള്‍ക്ക് ഒരു മുടക്കുമുതലും ഇല്ലാതെ തന്നെ. ഒരു ലക്ഷം സ്ത്രീകളെ സംരംഭകരാക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം.

ഫൈസല്‍ എം ഖാലിദ്

ഇത് ഫൈസല്‍ എം ഖാലിദിന്‍റെയും സുനിതയുടെയും സെലിബീസ് എന്ന വേറിട്ട സംരംഭത്തിന്‍റെ കഥയാണ്.

ലളിതമായി പറഞ്ഞാല്‍ അമ്മമാര്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ഫൈസലിന്‍റെയും സുനിതയുടെയും സെലിബീസ്. ആശയം അല്‍പ്പം വ്യത്യസ്തമാണ്, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്നുവെന്ന പ്രത്യേകതയുമുണ്ട്. സ്വാഭാവികമായും സംരംഭം ലോകശ്രദ്ധ പിടിച്ചുപറ്റുമല്ലോ. അതുതന്നെ സംഭവിച്ചു.

തുര്‍ക്കിയിലെ ‘സ്റ്റാര്‍ട്ട് അപ്പ് ഇസ്താന്‍ബുള്‍ 2020’ പരിപാടിയില്‍ ലോകത്തെ ഏറ്റവും മികച്ച ഒമ്പത് സ്റ്റാര്‍ട്ട് അപ്പുകളിലൊന്നായി തീര്‍ന്നു കൊച്ചിയിലെ സെലിബീസ്.

“166 രാജ്യങ്ങളിലെ 1.60 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്നാണ് സെലിബീസിനെ ഒമ്പത് മികച്ച സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തത്,” അഭിമാനത്തോടെ ഫൈസല്‍ ഖാലിദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

സ്ഥിരം സമൂസ ബോറല്ലേ..?

“ഞാന്‍ ഇന്‍ഫോപാര്‍ക്കില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കയായിരുന്നു. കമ്പനിയുടെ സിഇഒ ആയിരുന്നു. അവിടെതന്നെ വൈഫ് എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലും. ഏകദേശം 150 പേരുണ്ടായിരുന്നു സ്ഥാപനത്തില്‍,” ഫൈസല്‍ തുടരുന്നു.

“അവിടത്തൊരു കള്‍ച്ചര്‍ ജോലിയും ആഘോഷവുമെന്നതായിരുന്നു. എല്ലാ വെള്ളിയാഴ്ച്ചയും ഒരാഘോഷ പരിപാടി ഉണ്ടാകും. സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടുണ്ട്. എച്ച്ആര്‍ കോര്‍ഡിനേറ്റ് ചെയ്യുന്ന ഫണ്ടാണ്. സാലറി കിട്ടുമ്പോള്‍ ആ ഫണ്ടിലേക്ക് എല്ലാവരും നൂറ് രൂപ വച്ച് കോണ്‍ട്രിബ്യൂട്ട് ചെയ്യും. ഓരോ ആഴ്ച്ചയിലെയും ബര്‍ത്ത് ഡേ ആരുടേതാണോ അവര്‍ക്കായി കേക്ക് വാങ്ങിക്കും. അതായത് അവിടെ കേക്കിന്‍റെ ഒരു ആവശ്യകതയുണ്ട്. പിറന്നാളുകാര്‍ തിരിച്ചും ട്രീറ്റ് ചെയ്യും. 150 പേര്‍ക്കും സ്‌നാക്‌സ് വാങ്ങും. മിനിമം 300 സ്‌നാക്‌സ് എങ്കിലും വേണ്ടി വരും,” ബിസിനസ് ഐഡിയ വന്ന വഴിയെക്കുറിച്ച് ഫൈസല്‍ പറഞ്ഞുതുടങ്ങുന്നു.

“ഇന്‍ഫോപാര്‍ക്കിന് അടുത്തുള്ള റെസ്റ്ററന്റുകളില്‍ നിന്നാണ് സ്‌നാക്‌സ് വാങ്ങുക. ഓര്‍ഡര്‍ ചെയ്യാന്‍ പോകുമ്പോള്‍ പലപ്പോഴും ആവശ്യത്തിനുള്ളത്ര കിട്ടില്ല. പിന്നീട് പാലാരിവട്ടമെല്ലാം പോയാണ് വാങ്ങിച്ചുകൊണ്ടുവരിക. ഇതില്‍ മൂന്ന് പ്രശ്‌നങ്ങളുള്ളതായി തോന്നി.


എപ്പോള്‍ വാങ്ങുമ്പോഴും സ്‌നാക്‌സിന് സ്ഥിരമായി ഒരേ ടേസ്റ്റായിരിക്കും. അതായിരുന്നു ഒരു പ്രശ്‌നം.


“രണ്ടാമത്തേത് ഉദ്ദേശിക്കുന്ന സാധനങ്ങള്‍ കിട്ടില്ലെന്നതാണ്. മൂന്നാമത്തേത് വെറൈറ്റി ഒന്നുമില്ല. പുതിയതായി ഐറ്റംസ് ഒന്നും കിട്ടുകില്ല. സമൂസ, കട്‌ലറ്റ് അങ്ങനെ സാധാരണ ഐറ്റംസ് മാത്രം. ഇത് ഭയങ്കര ബോറിങ് ആയി തോന്നി.”

ചുറ്റുവട്ടത്തുള്ള സ്ത്രീകളില്‍ നിന്ന് എന്തുകൊണ്ട് ഓര്‍ഡര്‍ എടുത്തുകൂട,” സുനിതയുടെ ഈ ചോദ്യമാണ് കേരളത്തിന്‍റെ അഭിമാനമുയര്‍ത്തിയ സെലിബീസ് എന്ന സ്റ്റാര്‍ട്ട് അപ്പിന്‍റെ പിറവിയിലേക്ക് എത്തിച്ചത്.

സുനിത

“അങ്ങനെയാണ് ഒരു വാട്‌സ് ആപ് കൂട്ടായ്മ ഇതിനായി രൂപീകരിക്കുന്നത്. കുറച്ചുകൂടി അത് വിപുലീകരിച്ച് ആപ്പ് എന്ന ആശയം വന്നു. 2017-ലാണ് കമ്പനി റജിസ്റ്റര്‍ ചെയ്യുന്നത്. അന്ന് സ്വിഗ്ഗിയും സൊമാറ്റോയും യുബറുമൊന്നും ഫുഡ് ഡെലിവറി ആപ്പായി ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. പയ്യെപ്പയ്യെ ആപ്പ് ഡെവലപ്പ് ചെയ്തു,” സെലിബീസിന്‍റെ നാള്‍വഴികള്‍ ഫൈസല്‍ ഓര്‍ത്തെടുക്കുന്നു.

ഹോം-ടു-ഹോം

2019 ജൂലൈ-ഓഗസ്റ്റിലാണ് സെലിബീസ് ആപ്പ് പുറത്തിറങ്ങുന്നത്. “ലോഞ്ച് ചെയ്തതിന് ശേഷം ഷെഫുകളെ എങ്ങനെ ജോയ്ന്‍ ചെയ്യിപ്പിക്കാമെന്ന് ആലോചിച്ചു. ഒരു കാംപെയ്ന്‍ നടത്തി. ഞങ്ങളുടെ ബ്രാന്‍ഡ് നെയിം പറയാതെ ആയിരുന്നു അത്. 150-ഓളം സ്ത്രീകള്‍ അപേക്ഷിച്ചു. എന്നാല്‍ 22 സ്ത്രീകളേ ജോയിന്‍ ചെയ്തുള്ളൂ. ആളുകള്‍ കുറയാന്‍ കാരണം അവര്‍ക്കന്ന് സെലിബീസ് എന്താണെന്ന് അറിയില്ലായിരുന്നു എന്നതാകാം,”ഫൈസല്‍ പറയുന്നു.

“22 സ്ത്രീകളെ വെച്ചാണ് സെലിബീസ് ലോഞ്ച് ചെയ്യുന്നത്. അതിന് ശേഷം ഒരു മാസം കഴിഞ്ഞ് കാക്കനാട് പാര്‍ക്ക് റെസിഡന്‍സിയില്‍ ഷെഫ് ഒഡിഷന്‍ പ്രോഗ്രാം നടത്തി. അവിടെ 225-ഓളം സ്ത്രീകള്‍ വന്നിരുന്നു. അതില്‍ ഒറ്റയടിക്ക് 100-ലധികം സ്ത്രീകള്‍ ജോയിന്‍ ചെയ്തു.”

പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട് മേഖലകളിലായിരുന്നു സെലിബീസ് ആദ്യം ശ്രദ്ധ നല്‍കിയത്. മികച്ച പ്രതികരണം വന്നപ്പോള്‍ ഫോര്‍ട്ട് കൊച്ചി, ആലുവ എന്നിവടങ്ങിലേക്കും വികസിപ്പിച്ചു. “ഞങ്ങളുടെ ഫോകസ് മുഴുവന്‍ ഇന്‍ഫോപാര്‍ക്കായിരുന്നു. എന്നാല്‍ കൂടുതല്‍ റെസ്‌പോണ്‍സ് വരാന്‍ തുടങ്ങിയത് സിറ്റിക്കുള്ളിലെ സ്ഥാപനങ്ങളില്‍ നിന്നായിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഹൈകോര്‍ട്ട്, ഇന്‍കം ടാക്‌സ് ഓഫീസ് എന്നിവടങ്ങളില്‍ നിന്നെല്ലാം ഓഡര്‍ വന്നുതുടങ്ങി,” ഫൈസല്‍ വിശദമാക്കുന്നു.

സെലിബീസിന്‍റെ ഷെഫുമാര്‍

“ആദ്യത്തെ ആശയം ഹോം-ടു-ഓഫീസ് എന്നതായിരുന്നു. പിന്നീട് ഹോം-ടു-ഹോം കണ്‍സപ്റ്റും ലോഞ്ച് ചെയ്തു. അത് ഫോകസ് ചെയ്ത് കാംപെയ്ന്‍ തുടങ്ങി. വീടുകളിലെ ആഘോഷം, ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍… അങ്ങനെ. കല്യാണ പാര്‍ട്ടികള്‍ക്ക് വലിയ കാറ്ററിങ് കമ്പനികള്‍ ഓര്‍ഡറെടുക്കാന്‍ റെഡിയാകും. എന്നാല്‍ കല്യാണത്തിന് മുമ്പുള്ള ഒരാഴ്ച്ചയും ശേഷമുള്ള ഒരാഴ്ച്ചയും വീട്ടിലെ ഫങ്ഷന്‍സ് ചെറിയതാകും. അത് വന്‍കിട കാറ്ററിങ് കമ്പനികള്‍ എടുക്കാറില്ല. അത്തരം ഓര്‍ഡറുകള്‍ ഹോം-ടു-ഹോം എന്ന കണ്‍സപ്റ്റില്‍ ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ലോഞ്ച് ചെയ്തത് കഴിഞ്ഞ വര്‍ഷം ഓണത്തിന്‍റെ സമയത്തായിരുന്നു. അപ്പോള്‍ തന്നെ 3,200-ഓളം സദ്യ ഞങ്ങള്‍ നല്‍കി,” ഫൈസല്‍ വ്യക്തമാക്കുന്നു.

കുടുംബശ്രീ യൂണിറ്റുകളുമായും മറ്റ് വനിതാ കൂട്ടായ്മകളുമായും സഹകരിച്ചും സെലിബീസ് പ്രവര്‍ത്തിക്കുന്നുണ്ട്. “ഞങ്ങളുടെ രീതിയനുസരിച്ച് സിംഗിള്‍ സ്ത്രീകളും ഷെഫാണ്. ഒരു കൂട്ടം സ്ത്രീകളും ഷെഫാണ്.”

രണ്ടര മാസം കഴിഞ്ഞപ്പോള്‍ ഭക്ഷ്യവിതരണം വെല്ലുവിളിയായി. തുടക്കത്തില്‍ 3 പേരായിരുന്നു വിതരണം നടത്തിയിരുന്നത്. സംരംഭം പെട്ടെന്ന് വളര്‍ന്നപ്പോള്‍ ഭക്ഷ്യവിതരണത്തിന് മറ്റൊരു കമ്പനിയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു.അവര്‍ക്ക് ഏകദേശം 150-ഓളം ഡെലിവറി ബോയ്‌സ് ഫീല്‍ഡിലുണ്ട്.

ലക്ഷം സ്ത്രീകള്‍, 3 ലക്ഷം മണിക്കൂര്‍

“വീട്ടിലെ കാര്യങ്ങള്‍ മാത്രം നോക്കി ഇരിക്കുന്ന സ്ത്രീകള്‍ക്ക് 3 മണിക്കൂറെങ്കിലും അവരുടെ കുടുംബത്തിന് വരുമാനമുണ്ടാക്കാന്‍ വേണ്ടി ചെലവിടാമെന്നതാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്. ആ ഒരു ലോജിക്കാണ് ഈ സംരംഭത്തിന് പിന്നില്‍. 90 ശതമാനം സ്ത്രീകളും അതിന് തയാറാണെന്ന് ഞങ്ങള്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിന് വരുമാനം വേണമെന്ന തോന്നലും ഇന്ന് സ്ത്രീകള്‍ക്കുണ്ട്,” ഫൈസല്‍ പറയുന്നു.

“ഒരു ലക്ഷം സ്ത്രീകളെയാണ് ഞങ്ങള്‍ ആദ്യ രണ്ട് വര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്. അവരുടെ 3 മണിക്കൂറെന്ന് പറഞ്ഞാല്‍ 3 ലക്ഷം മണിക്കൂര്‍, അത്രയും ഒരു ദിവസം യൂസ് ചെയ്യാം. അത് പ്രൊഡക്റ്റീവായി സമൂഹത്തിന് നല്‍കാമെന്നര്‍ത്ഥം. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് വരുമാനവുമുണ്ടാകും,” ഫൈസലും സുനിതയും നയം വ്യക്തമാക്കുന്നു.

എന്താണ് ചെയ്യേണ്ടത്

സെലിബീസില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ ആദ്യം കമ്പനിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി റെജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്.

“അവര്‍ക്ക് സ്‌പെഷലായിട്ട് കൊടുക്കാന്‍ പറ്റുന്ന ഐറ്റത്തിന്‍റെ സാംപിള്‍ ഉണ്ടാക്കിക്കൊണ്ടുവരണം. എന്നിട്ട് ഞങ്ങളുടെ പാനല്‍ ടേസ്റ്റ് ചെയ്ത് അതിന് അപ്രൂവല്‍ കൊടുക്കും. അത് കഴിഞ്ഞ് അവര്‍ക്കൊരു ഡേറ്റ് കൊടുക്കും. ആ വിഭവത്തിന്‍റെ പ്രസന്റബിള്‍ (ഒരാള്‍ക്ക് നല്‍കാനുള്ള രീതിയില്‍) ഫോര്‍മാറ്റിലുള്ള സാധനം അന്ന് കൊണ്ടുവരണം. ഞങ്ങളുടെ ടീം അത് ഫോട്ടോഷൂട്ട് ചെയ്യും. വിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് എഗ്രിമെന്‍റ് സൈന്‍ ചെയ്യും. എന്നിട്ട് എഫ്എസ്എസ്എഐ റെജിസ്‌ട്രേഷന് വേണ്ടി ലിങ്ക് കൊടുക്കും. എല്ലാ ഹോംഷെഫും/സ്ത്രീകളും ഈ റെജിസ്‌ട്രേഷനെടുക്കണം. 200 രൂപ കൊടുത്താല്‍ ഓണ്‍ലൈനായി റെജിസ്റ്റര്‍ ചെയ്യാം. അതിന് ശേഷം ഒരു സ്‌കിന്‍ ടെസ്റ്റും നിര്‍ദേശിക്കും. അതും കഴിഞ്ഞാല്‍ ഞങ്ങളുടെ ആപ്പില്‍ അവര്‍ക്ക് പ്രൊഫൈലോടെ വിഭവങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാം. അതിന് ശേഷം എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങാം,” സെലിബീസിന്‍റെ ഭാഗമാകുന്ന രീതി ഫൈസല്‍ വിശദമാക്കുന്നു.

“യൂസര്‍ ടീമിന് ഒരു ആപ്പുണ്ട്. അതാണ് കമ്പനി മാര്‍ക്കറ്റ് ചെയ്യുന്നത്. ഷെഫിന് മറ്റൊരു ആപ്പുണ്ട്. അതിലേക്കാണ് ഓര്‍ഡറുകള്‍ വരുക. ഡെലിവറി ടീമിനായി മൂന്നാമതൊരു ആപ്പ് കൂടിയുണ്ട്. അതിലൂടെയാണ് ഡെലിവറി.”

“യൂസര്‍ സൈറ്റിലോ ആപ്പിലോ കയറുമ്പോള്‍ ഏറ്റവും ടോപ്പില്‍ സ്‌നാക്‌സ്, മീല്‍സ് എല്ലാമാണ് വരുക. കട്‌ലറ്റ് ക്ലിക്ക് ചെയ്താല്‍ പല ഷെഫുകളുടെയും കട്‌ലറ്റ് കാണാം. അതില്‍ റിവ്യൂസും റേറ്റിങ്ങും എല്ലാം ഉണ്ടാകും. അതിനെ ബേസ് ചെയ്ത് ഇഷ്ടമുള്ള ഷെഫിനെ ബുക്ക് ചെയ്യാം. ലൊക്കേഷന്‍ ബേസ് ചെയ്താണ് ആപ്പിന്‍റെ പ്രവര്‍ത്തനം. അതായത് ആപ്പ് ഓപ്പണ്‍ ചെയ്യുന്ന ഉപയോക്താവിന്‍റെ പരിസരത്തുള്ള സ്ത്രീകള്‍ ഉണ്ടാക്കുന്ന വിഭവങ്ങളാണ് ലിസ്റ്റ് ചെയ്ത് വരിക.”

ഒക്കേഷണല്‍ ഓര്‍ഡറുകള്‍ക്കപ്പുറം ദിവസേനെയുള്ള പ്രവര്‍ത്തനം ലക്ഷ്യമിട്ട് കേരളത്തിലെ മുന്‍നിര ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുമായി സെലിബീസ് പങ്കാളിത്തത്തില്‍ എത്തിയിരുന്നതായും ഫൈസല്‍ പറയുന്നു. അപ്പോഴാണ് കൊറോണയും ലോക്ക്ഡൗണുമെല്ലാം വന്ന് വഴിമുടക്കിയത്. കൊറോണയ്ക്ക് ശേഷം കേരളത്തിലാകമാനം ഇത് പ്രാവര്‍ത്തികമാക്കാനാണ് സെലിബീസ് ഉദ്ദേശിക്കുന്നത്.

കൊച്ചിയില്‍ മാത്രം 1,800 സ്ത്രീകള്‍

സ്ത്രീകള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുകയെന്നതാണ് സംരംഭത്തിന്‍റെ പ്രധാന ഊന്നല്‍. രണ്ടാമതായി നല്ല വൃത്തിയുള്ള ഭക്ഷണം ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്നതാണ്.

“7,000-ത്തോളം സ്ത്രീകള്‍ കേരളത്തിന്‍റെ വിവിധ കോണുകളില്‍ നിന്നായി സെലിബീസില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ മാത്രം 1,800-ഓളം സ്ത്രീകള്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഇതില്‍ അഞ്ഞൂറോളം പേര്‍ വളരെ സജീവമാണ്,” ഫൈസല്‍ പറയുന്നു.

ഡെലിവറി കോസ്റ്റുള്‍പ്പടെയുള്ളവ സെലിബീസാണ് വഹിക്കുന്നത്. അതനുസരിച്ചാണ് സ്ത്രീകളുമായി കരാറുണ്ടാക്കുന്നത്. സെലിബീസിന്‍റെ പാക്കിങ് ബോക്‌സ് സ്ത്രീകള്‍ക്ക് നല്‍കും. ഓര്‍ഡര്‍ ലഭിച്ച് വിഭവങ്ങള്‍ ഉണ്ടാക്കിയ ശേഷം അവര്‍ പാക്ക് ചെയ്ത് വെച്ചാല്‍ മാത്രം മതി.

സെലിബീസ് ടീം

രാജ്യാന്തര അംഗീകാരം

വിപുലീകരണത്തിന്‍റെ അടുത്ത ഘട്ടമെന്ന നിലയില്‍ ഫണ്ടിങ് സമാഹരിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. സെലിബീസിന്‍റെ പ്രാഥമിക നിക്ഷേപം ഫൈസലിന്‍റേതും കുടുംബത്തിന്‍റേതുമാണ്.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് സെലിബീസിന് ലഭിക്കുന്നതെന്ന് ഫൈസല്‍. ‘സ്റ്റാര്‍ട്ട് അപ്പ് ഇസ്താന്‍ബുള്‍’ പരിപാടിയിലേക്കുള്ള അവസരവും സ്റ്റാര്‍ട്ട് അപ്പ് മിഷനിലൂടെയാണ് വന്നതെന്ന് ഫൈസല്‍ പറയുന്നു.

“ഞങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്‍സ്താന്‍ബുള്‍ പരിപാടിയില്‍ റെജിസ്റ്റര്‍ ചെയ്ത ശേഷം രണ്ടാഴ്ച്ച കഴിഞ്ഞ് ടോപ് 100-ല്‍ സെലിബീസിനെ ലിസ്റ്റ് ചെയ്തു. പ്രിലിമിനറി ഇന്റര്‍വ്യൂസും പ്രെസന്‍റേഷന്‍സുമെല്ലാമുണ്ടായിരുന്നു. 166 രാജ്യങ്ങളില്‍ നിന്നാണ് ടോപ് 100 സ്റ്റാര്‍ട്ട് അപ്പുകളെ തെരഞ്ഞെടുത്തത്. അതിന് ശേഷമാണ് ലോകത്തെ മികച്ച 100-ല്‍ ഒമ്പത് സ്റ്റാര്‍ട്ട് അപ്പുകളിലൊന്നായി സെലിബീസ് തെരഞ്ഞെടുക്കപ്പെട്ടത്. ഒക്‌റ്റോബറിലാണ് ഫൈനല്‍,” അംഗീകാരത്തെ കുറിച്ച് ഫൈസല്‍.

അതിനിടയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍സ്താന്‍ബുള്‍ തന്നെ സെലിബീസിന്‍റെ  അഞ്ച് ശതമാനം ഓഹരി എടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന സന്തോഷവും ഫൈസല്‍ പങ്കുവെക്കുന്നു.

ഫൈനലില്‍ വന്നില്ലെങ്കിലും ഫണ്ടിങ് കിട്ടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം.

ഇനിയും ചെയ്യാനുണ്ട് ഏറെ

സെലിബീസ് തുടങ്ങിയപ്പോള്‍ ആഗ്രഹം സമൂഹത്തില്‍ താഴെക്കിടയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് അവസരം കൊടുക്കണമെന്നതായിരുന്നു ആഗ്രഹം. അതില്‍ ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഫൈസല്‍ ഖാലിദും സുനിതയും പറയുന്നു.

സെലിബീസ് താഴെതട്ടിലേക്ക് കൂടുതല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സമയത്താണ് കോവിഡ് വന്നത്. “സെലിബീസില്‍ റെജിസ്റ്റര്‍ ചെയ്തവരില്‍ താഴെക്കിടയിലുള്ളവര്‍ ഇപ്പോള്‍ 20 ശതമാനം മാത്രമാണ്. 70 ശതമാനം മിഡില്‍ ക്ലാസില്‍ പെട്ടവരും ബാക്കി 10 ശതമാനം അപ്പര്‍ ക്ലാസിലുള്ളവരുമാണ്.”

ജീവിതത്തില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന സ്ത്രീകളുടെ ആഗ്രഹം സഫലമാക്കുന്നുവെന്നതാണ് തങ്ങളുടെ സംരംഭം ചെയ്യുന്നതെന്ന് ഫൈസല്‍ അവകാശപ്പെടുന്നു.

സാധാരണ സ്ത്രീകള്‍ക്ക് എന്തെങ്കിലും ബിസിനസ് തുടങ്ങാനുള്ള നിക്ഷേപമില്ല. അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍  ആളില്ല.

“സ്ത്രീകള്‍ക്ക് സ്ഥിരതയാര്‍ന്ന ബിസിനസ് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. റെജിസ്‌ട്രേഷന് പൈസയൊന്നും വാങ്ങുന്നില്ല. പൂജ്യം ഇന്‍വെസ്റ്റ്‌മെന്‍റില്‍ അവര്‍ക്കൊരു ബിസിനസ് തുടങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്,”ഫൈസല്‍ വ്യക്തമാക്കുന്നു.

ഓരോ 15 ദിവസം ഇടവിട്ടും സ്ത്രീകളുടെ എക്കൗണ്ടില്‍ പണമെത്തുന്നു. ഭിന്നശേഷിക്കാരായ സ്ത്രീകളും സെലിബീസില്‍ ജോലി ചെയ്യുന്നുണ്ട്. പലരുടെയും ഏക വരുമാന സ്രോതസും ഇതാണ്.

“നമ്മുടെ നാട്ടില്‍ ഒരുപാട് സ്ത്രീകള്‍ ഫുഡ് ഉണ്ടാക്കുന്നതിനപ്പുറം കൃഷിയും ചെയ്യുന്നുണ്ട്. മല്‍സ്യ കൃഷി ചെയ്യുന്നവരുണ്ട്. കോഴികൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവരുണ്ട്. എന്നാല്‍ പലര്‍ക്കും ഉല്‍പ്പന്നത്തിന് കാര്യമായ വില കിട്ടാറില്ല. അതെങ്ങനെ പ്രീമിയം മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്‌ക്കെത്തിക്കണം എന്നവര്‍ക്കറിയില്ല. ഇതിന് പരിഹാരം കാണാനും ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്,” മുന്നോട്ടുള്ള യാത്രയെക്കുറിച്ച് ഫൈസലിന്‍റെ വാക്കുകള്‍.

“8,000 പേരുടെയും 2,000 പേരുടെയും ക്ലസ്റ്ററുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിലൂടെ ഈ സ്ത്രീകളുടെ കാര്‍ഷിക വിഭവങ്ങള്‍ ദിവസവും ശേഖരിച്ച് ചെയ്ത് ഓണ്‍ലൈനിലൂടെ വില്‍പന നടത്തണമെന്നതാണ് ഉദ്ദേശിക്കുന്നത്.

“സെലിബീസിലേക്ക് അവരെ കൂട്ടിക്കൊണ്ടുവന്ന് ഒരുമിച്ച് വര്‍ക്ക് ചെയ്ത് വളരുകയെന്നതാണ് ഉദ്ദേശ്യം. എല്ലാ ജില്ലകളിലും സെലിബീസ് ഫ്രാഞ്ചൈസികളും പ്രാവര്‍ത്തികമാക്കണമെന്ന് ആഗ്രഹിക്കുന്നു.”

പങ്കാളിത്തത്തില്‍ നോക്കി നടത്തിയിരുന്ന ഐടി കമ്പനിയില്‍ നിന്ന് പുറത്തുപോന്ന ശേഷം മാപ്ലിത്തോ എന്ന പേരില്‍ മറ്റൊരു സംരംഭവും ഫൈസല്‍ തുടങ്ങി. ഇതിനോട് ചേര്‍ന്നാണ് ഇപ്പോള്‍ സെലിബീസിന്‍റെ പ്രവര്‍ത്തനം. മാര്‍ക്കറ്റിങ് അഭിനിവേശമായ ഫൈസല്‍ തന്നെയാണ് സെലിബീസിന്‍റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍. സ്റ്റാര്‍ട്ട് അപ്പുകളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സഹായിക്കുന്ന സംരംഭമാണ് മാപ്ലിത്തോ സൊലൂഷന്‍സ്. കാക്കനാടാണ് ഇരുകമ്പനികളുടേയും ഓഫീസ്.


ഇതുകൂടി വായിക്കാം: ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളുടെ രക്ഷകൻ! പരുക്കേറ്റവയടക്കം 55 പൂച്ചകളുള്ള വീട്


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം