15-ാം വയസ്സില്‍ കയ്യില്‍ 300 രൂപയുമായി വീടുവിട്ടു, വീടുതോറും നടന്ന് സാധനങ്ങള്‍ വിറ്റു; ഇന്ന് 7.5 കോടി രൂപ വിറ്റുവരവുള്ള കമ്പനിയുടെ ഉടമ

“എനിക്കിത്രയും ധൈര്യം എവിടെ നിന്ന് കിട്ടെയന്ന് ചോദിച്ചാല്‍ സത്യമായും എനിക്കതിന് ഉത്തരമില്ല,” ചിനു പറയുന്നു. “എനിക്ക് എന്തെങ്കിലും ചെയ്‌തേ പറ്റുമായിരുന്നുള്ളൂ. രണ്ട് ജോടി വസ്ത്രങ്ങളും രണ്ട് ചെരുപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ രണ്ട് ദിവസം എനിക്കാകെ ഭയമായിരുന്നു. എന്തുചെയ്യണമെന്ന് ഒരു പിടുത്തവുമില്ലായിരുന്നു.”

വള്‍ക്കന്ന് 15 വയസ്സ്. വീടില്ല. കയ്യില്‍ പണവും ഇല്ല.

ആകെയുണ്ടായിരുന്നത് എന്തും നേടിയെടുക്കാനുള്ള ആത്മവിശ്വാസം മാത്രം.

ഇനിയൊരു ദിവസം പോലും വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റില്ലെന്നായപ്പോള്‍ ആ കൗമാരക്കാരി വീടുവിട്ടിറങ്ങി. അപ്പോള്‍ കയ്യില്‍ ആകെയുണ്ടായിരുന്നത് 300 രൂപ.

വീടുതോറും കയറിയിറങ്ങി സാധനങ്ങള്‍ വിറ്റു, വെയ്ട്രസ് ആയി ജോലി ചെയ്തു. ഇപ്പോള്‍ റൂബന്‍സ് ആക്‌സസറീസ് എന്ന കമ്പനിയുടെ ഉടമ.

ചിനു കാല വീട്ടില്‍ നിന്നിറങ്ങി ഒരുപാട് ദൂരം പിന്നിട്ടു കഴിഞ്ഞു.

ചിനു കാല

“എനിക്കിത്രയും ധൈര്യം എവിടെ നിന്ന് കിട്ടെയന്ന് ചോദിച്ചാല്‍ സത്യമായും എനിക്കതിന് ഉത്തരമില്ല,” ചിനു പറയുന്നു. “എനിക്ക് എന്തെങ്കിലും ചെയ്‌തേ പറ്റുമായിരുന്നുള്ളൂ. രണ്ട് ജോടി വസ്ത്രങ്ങളും രണ്ട് ചെരുപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ രണ്ട് ദിവസം എനിക്കാകെ ഭയമായിരുന്നു. എന്തുചെയ്യണമെന്ന് ഒരു പിടുത്തവുമില്ലായിരുന്നു. രണ്ടുമൂന്ന് ദിവസം വേണ്ടി വന്നു അതുമായി പൊരുത്തപ്പെടാന്‍. പിന്നെ, താമസിക്കാന്‍ ഒരു ഡോര്‍മെറ്ററി കണ്ടുപിടിച്ചു.”

ചിനു താമസിച്ച ഡോര്‍മെറ്ററിയില്‍ ഒരു ദിവസം ഒരു ബെഡിന് 20 രൂപയായിരുന്നു വാടക. ആ തുകതന്നെ കണ്ടെത്താന്‍ അവള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. “എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന ആഗ്രഹം എനിക്ക് ശക്തമായി ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റുള്ള ആരേക്കാളും കൂടുതല്‍ അധ്വാനിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു,” ചിനു തുടരുന്നു.


കുറച്ചുദിവസങ്ങള്‍ക്ക് ശേഷമാണ് വീടുകള്‍ തോറും കയറി കത്തിയും വീട്ടാവശ്യത്തിനുള്ള വസ്തുക്കളുമൊക്കെ വില്‍ക്കുന്ന ജോലി കിട്ടുന്നത്. അങ്ങനെ ദിവസവും 20 മുതല്‍ 60 രൂപവരെ കിട്ടുമായിരുന്നു.


“90-കളുടെ അവസാനകാലത്താണ്. അത് തികച്ചും വ്യത്യസ്തമായ കാലമായിരുന്നു. ചുമ്മാ വീടുകളിലേക്ക് കയറിച്ചെന്ന് ഡോര്‍ബെല്‍ അടിക്കാം, ആളുകളോട് സംസാരിക്കാം. എന്നാലും എന്‍റെ മുഖത്ത് കൊട്ടിയടയ്ക്കപ്പെട്ട ഓരോ വാതിലും ഓരോ തിരസ്‌കാരവും എന്നെ ‘ഷോക്ക് പ്രൂഫ്’ ആക്കി, ഞാന്‍ കൂടുതല്‍ കരുത്തയായി മാറി,” ചിനു പറഞ്ഞു.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ചിനുവിന് പ്രൊമോഷനായി. 16-ാം വയസ്സില്‍ മൂന്ന് പെണ്‍കുട്ടികളെ ബിസിനസില്‍ പരിശീലിപ്പിക്കണം. “ഞാന്‍ ഏതാണ്ട് ഒരു ‘സൂപ്പര്‍വൈസര്‍’ ആയി അവിടെ, കുറച്ചുകൂടി കൂടുതല്‍ കൂലി കിട്ടി. അങ്ങനെയാണ് ഞാന്‍ സെയില്‍സ് ട്രെയിനിങ്ങ് തുടങ്ങുന്നത്.”

ഒരു ബിസിനസുകാരിയാവണമെന്ന മോഹം ചിനുവിന് എപ്പോഴും ഉണ്ടായിരുന്നു. “സ്വന്തമായി ബിസിനസ് തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എനിക്ക് വിജയിക്കണമായിരുന്നു. അന്നന്നത്തെ ഭക്ഷണം കഴിക്കാനുള്ള പണമുണ്ടാക്കുന്നതാണ് വിജയം എന്ന തോന്നിപ്പോയ ഒരു കാലം എനിക്കുണ്ടായിരുന്നു,” ആ 37-കാരി പറയുന്നു.

ചിനു കാല

ഓരോ ദിവസവും അവളുടെ ലക്ഷ്യങ്ങള്‍ മാറിക്കൊണ്ടിരുന്നു.


പതിനഞ്ചാം വയസ്സില്‍ വീടുവിട്ടിറങ്ങിയതുകൊണ്ട് ഔപചാരികവിദ്യാഭ്യാസമൊന്നും കാര്യമായുണ്ടായിരുന്നില്ല. ചിനു പഠിച്ചതെല്ലാം അനുഭവങ്ങളില്‍ നിന്നായിരുന്നു.


പിന്നെ, ഒരു റെസ്‌റ്റോറന്റില്‍ വെയ്ട്രസ് ആയി. “വൈകീട്ട് ആറുമുതല്‍ 11 വരെയായിരുന്നു അവിടെ ജോലി. ഞാന്‍ ജോലി ചെയ്തുകൊണ്ടേയിരുന്നു. ഞാന്‍ ചെയ്യുന്നതില്‍ എനിക്കൊരിക്കലും മടുപ്പ് തോന്നിയില്ല,” ചിനു പറയുന്നു. ഓരോ ജോലിയിലും ചിനു വളര്‍ന്നു. മൂന്ന് വര്‍ഷത്തിനുള്ള സാമ്പത്തികമായി ഒരു സ്ഥിരതയൊക്കെ വന്നു.

2004-ല്‍ ചിനു അമിത് കാലായെ വിവാഹം ചെയ്തു, ബെംഗളുരുവിലേക്ക് മാറി. രണ്ട് വര്‍ഷത്തിന് ശേഷം ഗ്ലാഡ്‌റാഗ്‌സ് മിസിസ് ഇന്‍ഡ്യ മത്സരത്തില്‍ പങ്കെടുത്തു. കൂട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന് ചിനു പറയുന്നു.

“ഒന്നാലോചിച്ചുനോക്കൂ, ഒരു മുറി നിറയെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്തവര്‍…ഞാനോ, പഠനം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഇവിടെ എനിക്ക് ചുറ്റും ഒരു പാട് യോഗ്യതകളുള്ളവര്‍, വിജയം കൊയ്തവര്‍… അത് ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു. എങ്ങനെയോ ഞാന്‍ ഉറച്ചുനിന്നു. എന്‍റെ അനുഭവങ്ങള്‍ എനിക്ക് കരുത്തായി,” ചിനു കാല ആ അനുഭവം ഓര്‍ക്കുന്നു.

ആ മത്സരത്തിന്‍റെ ഫൈനലില്‍ ചിനു എത്തി. പിന്നീട് കൂടുതല്‍ അവസരങ്ങള്‍ വന്നു.


“ഫാഷന്‍ എനിക്കെന്നും ഇഷ്ടമായിരുന്നു. പക്ഷേ, എനിക്ക് ചെലവഴിക്കാന്‍ പണമുണ്ടായിരുന്നില്ല,” ചിനു മനസ്സുതുറക്കുന്നു.


മോഡല്‍ എന്ന നിലയില്‍ ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു കാര്യം ചിനു ശ്രദ്ധിച്ചു, ഫാഷന്‍ ജുവെല്‍റിയുടെ കാര്യത്തില്‍ വലിയ ദൗര്‍ലഭ്യം ഉണ്ട്. ആ സാധ്യതയാണ് ചിനു പ്രയോജനപ്പെടുത്തിയത്. “അതുവരെ പല ജോലികളെടുത്ത് സൂക്ഷിച്ചുവെച്ച സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് ഞാന്‍ റൂബന്‍സ് തുടങ്ങി. 2014-ല്‍ ഞാനെന്‍റെ കമ്പനി തുടങ്ങുമ്പോള്‍ അത് എന്‍റെ ഒരു ചിന്ത മാത്രമായിരുന്നു. 6×6 അടി റീട്ടെയില്‍ സ്‌പേസ് കിട്ടാന്‍ പോലും ബെംഗളുരുവില്‍ വലിയ പാടായിരുന്നു. ആറുമാസമെടുത്തു എനിക്കങ്ങനെയൊന്നു കിട്ടാന്‍,” ചിനു വിവരിക്കുന്നു.


പ്രാദേശിക കരകൗശലവിദഗ്ദരും ആദിവാസി സ്ത്രീകളും നിര്‍മ്മിക്കുന്ന പ്രകൃതി സൗഹൃദ ആഭരണങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

റൂബന്‍സില്‍ എത്‌നിക്കും വെസ്റ്റേണുമടക്കമുള്ള ആഭരണങ്ങള്‍ 229 രൂപ മുതല്‍ 10,000 രൂപ വരെയുണ്ട്. ബാംഗ്ലൂരില്‍ തുടങ്ങിയ ഈ ജുവെല്‍റി ഷോപ്പിന് ഇപ്പോള്‍ കൊച്ചിയിലും ഹൈദരാബാദിലും ശാഖകളുണ്ട്.


ഇതു കൂടി വായിക്കാം: നാല്‍പത് വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ ഉണ്ണിയുടെ ജീവിതം വഴിമാറിയതിന് പിന്നില്‍ ഒരു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയാണ്


“തുടക്കത്തില്‍ ഒരൊറ്റ മാളും ഞങ്ങള്‍ക്ക് സ്ഥലം അനുവദിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. കോറമംഗലയിലെ ഫോറം മാളില്‍ ആറുമാസം ശ്രമിച്ചിട്ടാണ് സ്ഥലം കിട്ടിയത്, അതും മാനേജരെ നിരന്തരം ശല്യപ്പെടുത്തിയതിന് ശേഷം,” ചിനു ഓര്‍ക്കുന്നു.

എന്നാല്‍ ചിനുവിന് ചെയ്യുന്ന പരിശ്രമത്തില്‍ പൂര്‍ണവിശ്വാസം ഉണ്ടായിരുന്നു. അത് വെറുതെയായില്ല.

Photo courtesy: Rubans

“2016-17 വര്‍ഷത്തില്‍ ഞങ്ങള്‍ക്ക് 56 ലക്ഷം വരുമാനം ഉണ്ടായി. പിറ്റേ കൊല്ലം അത് 670% വളര്‍ന്ന് 3.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം അത് 7.5 കോടി രൂപയായി,” ചിനു അഭിമാനത്തോടെ പറയുന്നു. “എന്‍റെ ബ്രാന്‍റിനെ ആളുകള്‍ സ്‌നേഹിക്കാന്‍ തുടങ്ങി എന്നാണ് ഇതിനര്‍ത്ഥം.”

“ഞാന്‍ ബിസിനസ് പഠിച്ചത് വീടുകള്‍ തോറും കയറിയിറങ്ങി കച്ചവടം ചെയ്തപ്പോഴാണ്, ഹോട്ടലില്‍ വെയ്ട്രസ് ആയി നിന്നപ്പോഴാണ്. പിന്നെ, ഞാന്‍ നേരിട്ട നിരാകരണങ്ങള്‍…ഇതൊക്കെയാണ് എന്നെ രൂപപ്പെടുത്തിയതും വളര്‍ത്തിയതും,” ചിനു ചിരിക്കുന്നു.

“ഓരോ ദിവസത്തെ ജോലിയിലും എന്തെങ്കിലുമൊരു വളര്‍ച്ചയുണ്ടാവണം–അത് പുതിയൊരു കാര്യം പഠിക്കുന്നതിലായിരിക്കാം അതല്ലെങ്കില്‍ പണം ഉണ്ടാക്കുന്ന കാര്യത്തിലായിരിക്കാം,” ചിനു തുടരുന്നു. “ഞാന്‍ എവിടെ നിന്നാണ് തുടങ്ങിയതെന്ന കാര്യം ഞാനൊരിക്കലും മറക്കില്ല. ഇന്ന് എനിക്ക് 25 പേര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നുണ്ട്. അതൊരു വലിയ സന്തോഷമാണ്. ഞാന്‍ കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്നു, എന്‍റെ ബ്രാന്‍ഡുമായി ചേര്‍ന്നുനില്‍ക്കുന്ന എല്ലാവരും അതുചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.”


ഇതുകൂടി വായിക്കാം: തേങ്ങാവെള്ളത്തില്‍ നിന്ന് ബാഗ്, ഷൂസ്, വസ്ത്രങ്ങള്‍! സൂസന്നയും സുസ്മിതും ലെതറിന് പകരം കണ്ടെത്തിയ ഉല്‍പന്നം ലോകശ്രദ്ധയിലേക്ക്


ചിനു ക്യൂറേറ്റ് ചെയ്യുന്ന ആഭരണങ്ങള്‍ കാണാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം