കൊറോണക്കാലത്ത് വീട്ടില്‍ തുടങ്ങിയ ബിസിനസ്, ഒറ്റ മാസം കൊണ്ട് 1,000 ഉപഭോക്താക്കള്‍

“നമ്മള്‍ ഒരു വലിയ പ്രതിസന്ധിയിലകപ്പെട്ടാല്‍, അതില്‍ നിന്നും പുറത്തു കടക്കാനായിരിക്കും ശ്രമിക്കുക. ആ നേരത്ത് എത്ര അറിവില്ലാത്ത കാര്യമാണെങ്കിലും അത് പ്രയോജനകരമാകുമെന്നു ബോധ്യപ്പെട്ടാല്‍, ബുദ്ധിമുട്ട് സഹിച്ച് അത് സ്വായത്തമാക്കാന്‍ നമ്മള്‍ ശ്രമിക്കും.”

കൊച്ചിയില്‍ വിപ്രോയുടെ പ്രൊജക്റ്റ് ടീം ലീഡറായി ജോലി ചെയ്തിരുന്ന കൊല്ലംകാരന്‍ രോഹിത് കവിരാജന് അബുദാബിയില്‍ ജോലി കിട്ടി അങ്ങോട്ടുപോകുന്നത് കഴിഞ്ഞ വര്‍ഷമാണ്. ഈ വര്‍ഷം ആദ്യം ജനുവരിയില്‍ നാട്ടില്‍ ലീവിന് വന്നു. ലീവ് അവസാനിച്ച് അബുദാബിയിലേക്കു പോകാന്‍ തയാറെടുക്കുമ്പോഴായിരുന്നു കൊറോണ ബാധ നാട്ടിലെല്ലാം രൂക്ഷമായത്.

രാജ്യം ലോക്ക് ഡൗണിലേക്ക് പോയതോടെ രോഹിതിന് അബുദാബിയിലേക്കു തിരിച്ചുപോകാന്‍ സാധിക്കാതെ വന്നു.

എന്‍ എഫ് സിയുടെ പിന്നണിയില്‍ ഇവരാണ്:

രോഹിതിന്‍റെ  അയല്‍ക്കാരും കൂട്ടുകാരുമാണ് അരുണ്‍ജിത്തും, അനൂപും, സുരാജും. മൂന്നു പേരും നാട്ടില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. ഒരാള്‍ ഇലക്ട്രീഷ്യന്‍, മറ്റ് രണ്ട് പേര്‍ സെയില്‍സ് മേഖലയിലും.

ലോക്ക് ഡൗണ്‍ അവരേയും ബാധിച്ചു. വരുമാനം നിലച്ചു. ഓരോ ദിവസം കഴിയുംതോറും കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നു കൊണ്ടിരുന്നു.

വരുമാനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് കൊല്ലം നെടുമണ്‍കാവുകാരായ ആ സുഹൃത്തുക്കള്‍ തീരുമാനിച്ചു. പക്ഷേ, എന്തു ചെയ്യും?

പല ബിസിനസ് ഐഡിയകളും ആലോചനയില്‍ വന്നു. ഒടുവില്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്താലോ എന്നായി. ഫുഡ് ഡെലിവെറിക്ക് കൊറോണക്കാലത്തും സാധ്യതയുണ്ടെന്ന് അവര്‍ക്ക് തോന്നി.

എന്നാല്‍ അവര്‍ നാല് പേര്‍ക്കും പാചകവൈദഗ്ധ്യം ഒന്നുമില്ല. എങ്കിലും തുനിഞ്ഞിറങ്ങാന്‍ തന്നെ തീരുമാനിച്ചു.

“പാചകത്തിലോ കാറ്ററിംഗിലോ മുന്‍പരിചയമില്ലാത്തവരായിരുന്നു ഞങ്ങള്‍ നാല് പേരും. അതുകൊണ്ട് ഈ ബിസിനസ് ആരംഭിക്കാന്‍ പോയപ്പോള്‍ വിജയിക്കുമോ എന്നു പലര്‍ക്കും സംശയമുണ്ടായിരുന്നു,”  രോഹിത് പറയുന്നു

“പക്ഷേ, അത്തരം സംശയങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്ന് തെളിയിക്കാന്‍ സാധിച്ചു. എല്ലാം സാധിച്ചത് ആത്മവിശ്വാസത്തിന്‍റെ യും കൂട്ടായ്മയുടെയും ബലത്തിലാണ്,” രോഹിത് കൂട്ടിച്ചേര്‍ത്തു.

പ്രവാസം ജീവിതം നയിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രവാസിയായി കഴിഞ്ഞിട്ടുള്ള ഒരാള്‍ക്ക് പാചകം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല എന്നും രോഹിത് പറയുന്നു. കൂട്ടത്തില്‍ അനൂപിന് ചെറിയ രീതിയില്‍ പാചകം അറിയാം. അത് ഗുണം ചെയ്തു.

കൈയ്യിലുള്ള ചെറിയ സമ്പാദ്യം ഉപയോഗിച്ചു നാല് പേരും സംരംഭവുമായി മുന്നോട്ടുപോയി. സംരംഭത്തിന് എന്‍ എഫ് സി (നെടുമണ്‍കാവ് ഫ്രൈഡ് ചിക്കന്‍) എന്ന പേരും സംരംഭത്തിനു നല്‍കി.

കൂട്ടത്തില്‍ ഒരാളുടെ വീടിന്‍റെ അടുക്കള തന്നെ ഭക്ഷണം പാചകം ചെയ്യാനും, പായ്ക്ക് ചെയ്യാനുമായി തെരഞ്ഞെടുത്തു. മാര്‍ക്കറ്റ് ചെയ്യാനായി സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തു. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പരസ്യപ്പെടുത്തുകയുണ്ടായി.

ഫ്രൈഡ് ചിക്കന്‍, ഫ്രഞ്ച് ഫ്രൈസ്, മയോനൈസ്, ടൊമാറ്റോ സോസ്, കുബൂസ്…ഇത്രയുമാണ് വിഭവങ്ങള്‍.

“ആദ്യ കാലങ്ങളില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഓര്‍ഡറുകള്‍ മാത്രമാണ് ലഭിച്ചത്. രുചിച്ചു നോക്കിയവരൊക്കെ ഭക്ഷണം ടേസ്റ്റിയാണെന്നു സാക്ഷ്യപ്പെടുത്തിയതോടെ പുറത്തുനിന്നുള്ള കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചു. ജൂണ്‍ ഒന്നിന് തുടക്കമിട്ട ബിസിനസ് ഒരു മാസം പിന്നിട്ടപ്പോള്‍
ആയിരത്തിലേറെ കസ്റ്റമേഴ്സിനെയാണു സ്വന്തമാക്കിയത്. ഇപ്പോള്‍ ദിവസവും 100-ലേറെ പേര്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുന്നുണ്ട്,” എന്ന് എന്‍ എഫ് സിയ്ക്ക് നേതൃത്വം നല്‍കുന്ന രോഹിത് കവിരാജന്‍ പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളിലാണു കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി വരെയുള്ള ഓര്‍ഡറുകളാണു സ്വീകരിക്കുന്നത്. ലഭിച്ച ഓര്‍ഡറിന് ആവശ്യമായ ചിക്കന്‍ മാര്‍ക്കറ്റില്‍നിന്നും വാങ്ങിയതിനു ശേഷം പാചകം ചെയ്ത് വൈകുന്നേരം ആറ് മുതല്‍ ഡെലിവറി തുടങ്ങും. വൈകുന്നേരും ആറ് മുതല്‍ എട്ട് വരെയുള്ള
സമയത്ത്, 15 കിലോമീറ്റര്‍ ചുറ്റളവിലാണു ഡെലിവറി ചെയ്യുന്നത്. ഡെലിവറി സൗജന്യമാണ്.

“നമ്മള്‍ ഒരു വലിയ പ്രതിസന്ധിയിലകപ്പെട്ടാല്‍, അതില്‍ നിന്നും പുറത്തു കടക്കാനായിരിക്കും ശ്രമിക്കുക. ആ നേരത്ത് എത്ര അറിവില്ലാത്ത കാര്യമാണെങ്കിലും അത് പ്രയോജനകരമാകുമെന്നു ബോധ്യപ്പെട്ടാല്‍, ബുദ്ധിമുട്ട് സഹിച്ച് അത് സ്വായത്തമാക്കാന്‍ നമ്മള്‍ ശ്രമിക്കും. എന്‍റെയും
സുഹൃത്തുക്കളുടെയും കാര്യത്തില്‍ അതാണ് ഇപ്പോള്‍ സംഭവിച്ചത്,” രോഹിത് പറയുന്നു.

കൊട്ടാരക്കരയ്ക്കു സമീപമുള്ള നെടുമണ്‍കാവ് ഒരു ഗ്രാമപ്രദേശമാണ്. ഫ്രൈഡ് ചിക്കന്‍ പോലുള്ള ഫുഡ് പായ്ക്ക് ചെയ്ത് വില്‍പ്പന നടത്താന്‍ ആദ്യം തീരുമാനിച്ചപ്പോള്‍ വിജയിക്കുമോ എന്ന സംശയമുണ്ടായിരുന്നു. എങ്കിലും നിരവധി വിദേശ മലയാളികള്‍ താമസിക്കുന്ന ഒരിടം കൂടിയാണ് ഈ പ്രദേശം.  അത് ഒരു സാധ്യതയാണ് എന്ന് അവര്‍ കണക്കുകൂട്ടി. ആ ഊഹം തെറ്റയില്ല.

വിദേശവിഭവങ്ങളുടെ രുചി പരീക്ഷിച്ചു നോക്കാന്‍ നാട്ടുകാരും താത്പര്യം കാണിച്ചു.

വീട്ടിലെ അടുക്കളയില്‍, പാചകം ചെയ്ത നല്ല മൊരിഞ്ഞ ചിക്കനും, ഫ്രഞ്ച് ഫ്രൈസും ചൂടോടു കൂടി, നല്ല ഭംഗിയായി പായ്ക്ക് ചെയ്തു കസ്റ്റമേഴ്സിലേക്ക് എത്തിച്ചതോടെ ബിസിനസ് ക്ലിക്ക് ആയി. ഇപ്പോള്‍ ഓര്‍ഡര്‍ കൂടുതലും ലഭിക്കുന്നത് കുട്ടികളുള്ള വീടുകള്‍, യുവാക്കള്‍ തുടങ്ങിയവരില്‍ നിന്നാണ് എന്ന് ആ ചെറുപ്പക്കാര്‍ പറയുന്നു.

200, 250, 300, 500 രൂപ വില വരുന്ന പായ്ക്കുകളിലാ*ണ് വില്‍പ്പന
നടത്തുന്നത്. ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞാല്‍ ചൂടോടു കൂടി പരമാവധി വേഗത്തില്‍ കസ്റ്റമേഴ്സിന് എത്തിക്കാന്‍ ശ്രമിക്കാറുണ്ട്. ചൂട് നിലനിര്‍ത്താന്‍ പ്രത്യേക ബാഗാണു ഡെലിവറിക്ക് ഉപയോഗിക്കുന്നത്.


ഇതുകൂടി വായിക്കാം: ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളുടെ രക്ഷകൻ! പരുക്കേറ്റവയടക്കം 55 പൂച്ചകളുള്ള വീട്


ബിസിനസ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ നല്ല പ്രതികരണമാണു കസ്റ്റമേഴ്സില്‍നിന്ന് ലഭിക്കുന്നതെന്ന് രോഹിത് പറഞ്ഞു. ദിവസവും നല്ലൊരു  വരുമാനം ഓരോരുത്തര്‍ക്കും ലഭിക്കുന്നുമുണ്ട്. ഡെലിവറി നടത്തുന്നത് നാല് പേരും കൂടി ചേര്‍ന്നാണ്. അതിലൂടെ കസ്റ്റമേഴ്സുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും സാധിക്കുന്നുണ്ട്. ഇത് കൂടുതല്‍
ഓര്‍ഡര്‍ ലഭിക്കാന്‍ സഹായകരമാകുന്നുണ്ട്. ബിസിനസിനു വലിയ രീതിയില്‍ തന്നെ ഗുണം ചെയ്യുന്നുമുണ്ട് എന്ന് അവര്‍ പറയുന്നു.

ബിസിനസ് ആരംഭിക്കാന്‍ വലിയ നിക്ഷേപമൊന്നും വേണ്ടിവന്നില്ലെന്ന് രോഹിത് പറഞ്ഞു. ചെറുകിട സംരംഭം തുടങ്ങുമ്പോള്‍  ആവശ്യമായിട്ടുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനിലൂടെ നടത്തി വളരെ വേഗം തന്നെ പദ്ധതി നടപ്പാക്കി.

ആദ്യദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നല്ല തോതില്‍ പ്രചാരണം
നടത്തിയിരുന്നു. യുട്യൂബ് പോലുള്ള സാമൂഹികമാധ്യമങ്ങളില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട പരിപാടികള്‍ അവതരിപ്പിക്കുന്ന ചിലര്‍ രോഹിതിന്‍റെയും കൂട്ടുകാരുടെയും ബിസിനസിനെ പിന്തുണച്ചു രംഗത്തുവന്നു. ഇതിനു പുറമേ ഭക്ഷണം കഴിച്ചവരുടെ അഭിപ്രായം രേഖപ്പെടുത്തിയ വീഡിയോ ക്ലിപ്പും ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

ഇതൊക്കെ ബിസിനസിനെ കുറിച്ചു കൂടുതല്‍ പേര്‍ അറിയാനിടയാക്കി. ഇപ്പോള്‍ നെടുമണ്‍കാവിനും അപ്പുറത്തുനിന്ന് വരെ ആളുകള്‍ ഓര്‍ഡറിനായി വിളിക്കാറുണ്ട് എന്ന് അവര്‍ പറഞ്ഞു.

വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിനനുസരിച്ച് സമീപ ഭാവിയില്‍ കൊല്ലം ടൗണിലും കൊച്ചിയിലും ഒരു കട ആരംഭിക്കാനാണ് രോഹിതും കൂട്ടുകാരും പദ്ധതിയിടുന്നത്.


ഇതുകൂടി വായിക്കാം: കവുങ്ങ് കൊണ്ട് ഇരുനില വീട്, കോൺക്രീറ്റില്ല! 2,640 സ്ക്വയർ ഫീറ്റ്, ചെലവ് ₹18 ലക്ഷം


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം