അറിയാമോ? അമൃതാഞ്ജന്‍ എന്ന ജനകീയ പെയിന്‍ ബാമിന് പിന്നില്‍ ഈ സ്വതന്ത്ര്യസമര സേനാനിയാണ്

മഞ്ഞ ഗ്ലാസ് ബോട്ടിലിനുള്ളില്‍ എത്ര വലിയ തലവേദനയ്ക്കും സകലമാന ശരീരവേദനകള്‍ക്കുമുള്ള ഒറ്റമൂലി ഒളിച്ചിരിപ്പുണ്ടെന്നാണ് ജനങ്ങള്‍ വിശ്വസിച്ചത്. ഇപ്പോഴും വിശ്വസിക്കുന്നത്.

ചെസ് ഇതിഹാസം ബോബി ഫിഷര്‍ നമ്മുടെ വിശ്വനാഥന്‍ ആനന്ദിനോട് ഒരിക്കല്‍ ചോദിച്ചുവത്രേ..”അമൃതാഞ്ജന്‍ ഉണ്ടോ” എന്ന്.  ഐസ്‌ലന്‍ഡില്‍ അത് കിട്ടുന്നില്ലെന്ന പരാതിയും കേള്‍ക്കേണ്ടി വന്നു ഇന്ത്യയുടെ ചെസ് ഇതിഹാസം ആനന്ദിന്.

പറഞ്ഞുവരുന്നത് കടല്‍ കടന്നും പണ്ടേ പ്രശസ്തമായിരുന്നു അമൃതാഞ്ജനെന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പെയിന്‍ ബാം എന്നാണ്.

80-കളിലും 90-കളിലുമെല്ലാം വളര്‍ന്നുവന്നവരോട് ചോദിച്ചാല്‍ അമൃതാഞ്ജനില്ലാത്ത വീടുകള്‍ ഇല്ലെന്ന് തന്നെ പറഞ്ഞേക്കും. അത്രയ്ക്ക് പെരുത്തിഷ്ടപ്പെട്ടിരുന്നു നമ്മളീ മരുന്നിന്‍റെ ‘മാജിക്’.

മഞ്ഞ ഗ്ലാസ് ബോട്ടിലിനുള്ളില്‍ എത്ര വലിയ തലവേദനയ്ക്കും സകലമാന ശരീരവേദനകള്‍ക്കുമുള്ള ഒറ്റമൂലി ഒളിച്ചിരിപ്പുണ്ടെന്നാണ് ജനങ്ങള്‍ വിശ്വസിച്ചത്. ഇപ്പോഴും വിശ്വസിക്കുന്നത്.

എന്നാല്‍ ഈ പെയിന്‍ ബാം നമുക്ക് തന്നത് ഒരു സ്വതന്ത്ര സമര സേനാനിയും മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമെല്ലാമായ ആളാണെന്ന് നിങ്ങള്‍ക്കറിയാമോ?

അതെ, കാശിനാഥുണി നാഗേശ്വരറാവു എന്നാണ് അദ്ദേഹത്തിന്‍റെ പേര്. നമ്മുടെയെല്ലാം പ്രിയപ്പെട്ട മരുന്ന് സമ്മാനിച്ച ആ സംരംഭകന്‍ മഹാത്മാ ഗാന്ധിയോടൊപ്പം നിസഹകരണ പ്രസ്ഥാനത്തിലും പങ്കെടുത്തിട്ടുണ്ട്. ആന്ധ്ര പ്രദേശ് സംസ്ഥാന രൂപീകരണത്തിലും വലിയ പങ്കുവഹിച്ചു നാഗേശ്വര റാവു പന്‍റുലു എന്നറിയപ്പെടുന്ന അദ്ദേഹം.

ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ 1867-ലായിരുന്നു റാവുവിന്‍റെ ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളെജിലെ പഠനത്തിന് ശേഷം റാവു നേരെ കല്‍ക്കത്ത (ഇപ്പോഴത്തെ കൊല്‍ക്കത്ത)യിലേക്ക് വണ്ടി കയറി. മരുന്ന് നിര്‍മ്മാണ ബിസിനസിലായിരുന്നു എത്തിപ്പെട്ടത്. അവിടെ നിന്നാണ് മരുന്നുകളുടെ രസതന്ത്രം അദ്ദേഹം പഠിച്ചത്.

ശേഷം മുംബൈയിലേക്ക്. ഒരു യൂറോപ്യന്‍ സ്ഥാപനത്തില്‍ ജോലി കിട്ടി–വില്ല്യം ആന്‍ഡ് കമ്പനി. ഗംഭീരമായിരുന്നു പുതിയ ഇന്നിങ്‌സ്. ജോലിയില്‍ മികവ് തെളിയിച്ചതോടെ ഉയരങ്ങള്‍ പെട്ടെന്ന് കയറി അദ്ദേഹം. ഒടുവില്‍ സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ചിന്തയിലേക്കാണ് റാവു എത്തിയത്.

അമൃതാഞ്ജന്‍റെ 1962-ലെ പരസ്യം. കടപ്പാട്: അമൃതാഞ്ജന്‍

സ്വാതന്ത്ര്യസമരം കത്തി നില്‍ക്കുന്ന കാലം. സ്വാശ്രയത്വത്തിനുവേണ്ടിയുള്ള മുറവിളികള്‍ അദ്ദേഹത്തിനുള്ളിലും തുടിച്ചിരുന്നു. അതാകാം സ്വന്തം സംരംഭമെന്ന ചിന്തയിലേക്ക് നയിച്ചത്. തെലുഗു നവോത്ഥാന മുന്നേറ്റത്തിന്‍റെ നായകനെന്ന് പേരെടുത്ത കണ്ടുകുരി വീരെസലിംഗത്തിന്‍റെ വീരകഥകള്‍ റാവുവിനെ നന്നായി പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു.

കൊല്‍ക്കത്തയിലെ മരുന്ന് ബിസിനസിലെ പാഠങ്ങള്‍ മനസിലുണ്ട്, അങ്ങനെ റാവു കുത്തുന്ന മണമുള്ള മഞ്ഞ നിറമുള്ള വേദനസംഹാരി രൂപപ്പെടുത്തിയെടുത്തു. അതിന്‍റെ നിര്‍മാണത്തിനായി മുംബൈയില്‍ 1893-ല്‍ ഒരു കമ്പനിയും തുടങ്ങി. അങ്ങനെ അമൃതാഞ്ജന്‍ പിറവിയെടുത്തു.

ഏതൊരു ബിസിനസിന്‍റെയും ആദ്യഘട്ടങ്ങളിലെ ബുദ്ധിമുട്ട് റാവുവിനെയും പിടികൂടി. ഉല്‍പ്പന്നം ജനകീയമാക്കാന്‍ സാധിക്കുന്നില്ല. തന്‍റെ ഉല്‍പ്പന്നം ജനങ്ങളിലേക്കെത്തിക്കാന്‍ ഒടുവില്‍ സംഗീത പരിപാടികളില്‍ പെയിന്‍ ബാം സൗജന്യമായി നല്‍കുന്ന തന്ത്രം വരെ പയറ്റി അദ്ദേഹം. അത് വിജയിക്കുകയും ചെയ്തു. ജനങ്ങള്‍ പെയിന്‍ ബാം ഏറ്റെടുത്തു.

നാഗേശ്വരറാവുവിന്‍റെ ബിസിനസ് പച്ചപിടിക്കാന്‍ തുടങ്ങി. കേവലം 10 അണ മാത്രമായിരുന്നു ബാമിന് അദ്ദേഹം തുടക്കത്തില്‍ വിലയിട്ടത്. കാലം കടന്നുപോയപ്പോള്‍ അമൃതാഞ്ജന്‍ ഈ ആന്ധ്ര സംരംഭകനെ കോടീശ്വരനാക്കി മാറ്റി.

ജ്വലിച്ചത് ആന്ധ്രയെന്ന ആശയം

റാവുവിന്‍റെ  ബിസിനസ് പണം വാരിക്കൂട്ടി. എന്നാല്‍ ബിസിനസ് സ്വാധീനവും പണവും സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക് കൂടി വിനിയോഗിച്ചുവെന്നതാണ് അദ്ദേഹത്തിന്‍റെ മഹത്വം. തെലുഗു സംസാരിക്കുന്നവര്‍ക്ക് ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന് നാഗേശ്വര റാവു ഉറച്ചു വിശ്വസിച്ചു. അമൃതാഞ്ജന്‍റെ തട്ടകമായ മുംബൈയില്‍ അദ്ദേഹം തെലുഗു സംസാരിക്കുന്നവരെ സംഘടിപ്പിച്ച് തന്‍റെ ആശയങ്ങള്‍ക്ക് പ്രചരണം നല്‍കി. തുടര്‍ന്ന് ആന്ധ്ര പത്രികയെന്ന വാരികയ്ക്കും തുടക്കമിട്ടു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ആന്ധ്ര പത്രിക ജനകീയമായി. 1936-ല്‍ മദ്രാസിലേക്ക് തട്ടകം മാറ്റാന്‍ റാവു തീരുമാനിച്ചു. കാരണം തെലുഗു സംസാരിക്കുന്ന കൂടുതല്‍ ജനങ്ങള്‍ അവിടെയായിരുന്നു. വൈകാതെ വീക്ക്‌ലി ദിനപത്രമായി മാറി. മദ്രാസ് പ്രസിഡന്‍സിയില്‍ നിന്ന് ആന്ധ്രയെ പ്രത്യേക സംസ്ഥാനമായി വേര്‍പെടുത്തേണ്ട അനിവാര്യതയെ കുറിച്ചുള്ള ലേഖനങ്ങള്‍ തുടര്‍ച്ചയായി പത്രത്തില്‍ വന്നുകൊണ്ടിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആന്ധ്ര മുന്നേറ്റത്തിന്‍റെ സ്ഥാപകരിലൊരാളായി റാവു മാറി. 1924 മുതല്‍ 1934 വരെ ആന്ധ്ര സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

കെ നാഗേശ്വര റാവു

ആന്ധ്രയ്ക്കായുള്ള തുടര്‍ച്ചയായ ശ്രമങ്ങളും ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിലെ ഇടപെടലുകളും ദേശീയത തുളുമ്പുന്ന ലേഖനങ്ങളും റാവുവിന് ‘ദേശോദ്ധാരകന്‍’ എന്ന പേരുകൂടി സമ്പാദിച്ചുകൊടുത്തു. 1937-ല്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ വെച്ചായിരുന്നു ആന്ധ്ര സംസ്ഥാനത്തിനായുള്ള കര്‍മ്മ പദ്ധതി തെലുഗു നേതാക്കള്‍ രൂപപ്പെടുത്തിയത്.

എന്നാല്‍ ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടതും ഇന്ത്യയുടെ സ്വാതന്ത്ര്യവുമെല്ലാം ആന്ധ്ര സംസ്ഥാന രൂപീകരണം വൈകിപ്പിച്ചു. 1952 ഡിസംബര്‍ 19-നാണ് ഒടുവിലത് യാഥാര്‍ത്ഥ്യമായത്.

1938 ഏപ്രില്‍ 11-നാണ് റാവു മരിച്ചത്, അതിനാല്‍ തന്‍റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ നാഗേശ്വര റാവുവിന്‍റെ ആശയങ്ങളും പ്രസാധനശാലയും ലൈബ്രറികളും പെയിന്‍ ബാമുമെല്ലാം അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്നും ജനമനസുകളില്‍ ജീവിക്കുന്നു.


ഇതുകൂടി വായിക്കാം: കടം വാങ്ങിയ 30,000 രൂപയില്‍ തുടക്കം; വര്‍ഷം 50 ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന ഓര്‍ഗാനിക് ഖാദി സംരംഭവുമായി 27-കാരി


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം