ഇന്‍ഡ്യയിലെ മൂന്ന് ടേബിള്‍ ടോപ് എയര്‍പോര്‍ട്ടുകളിലൊന്നായ കരിപ്പൂരില്‍ കൊടുംമഴയിലാണ് ഇന്നലെ (വെള്ളിയാഴ്ച) രാത്രി വിമാനദുരന്തം ഉണ്ടാവുന്നത്.
എയര്‍ ഇന്‍ഡ്യ വിമാനം (IX-1344) റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചുവെന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ പുറത്തു വരുന്നതിന് മുന്‍പ് തന്നെ പലരും ഓര്‍മ്മിച്ചത് മംഗലാപുരം എയര്‍പോര്‍ട്ടില്‍ 2010 മെയ് 22-ന് നടന്ന ദുരന്തമാണ്. അന്ന് ആ ദുബായ്-മംഗലാപുരം വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ എട്ടുപേരൊഴികെ എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.
അപകടത്തിന്‍റെ ആഘാതം കുറയ്ക്കാനും ഇന്ധനം പരമാവധി കുറച്ച് പൊട്ടിത്തെറിയും വന്‍ തീപീടുത്തവും ഒഴിവാക്കാന്‍ ക്യാപ്റ്റന്‍ പരമാവധി ശ്രമിച്ചുവെന്നാണ് പ്രാഥമിക നിഗമനം. അതാണ് ദുരന്തത്തിന്‍റെ ആഘാതം കുറച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
രണ്ടാം ലാന്‍ഡിങ്ങിന് മുന്‍പേ ക്യാപ്റ്റന്‍ സാഠേ ദുരന്തം മുന്നില്‍ കണ്ടിരുന്നോ?!
“എന്‍റെ കസിന്‍ എന്നതിനേക്കാള്‍ സുഹൃത്ത് ആയ ദീപക്ക് സാഠേ ഇനിയില്ല എന്ന് ഓര്‍ക്കാനാവുന്നില്ല,” അദ്ദേഹത്തിന്‍റെ ബന്ധുവും നാഷണല്‍ ഹൈവേസ് അഥോറിറ്റിയുടെ ഉപദേശകനുമായ നിലേഷ് സാഠേ കുറിച്ചു.
“ഇതുവരെ എനിക്കറിയാന്‍ കഴിഞ്ഞതിത്രയുമാണ്. ലാന്‍ഡിങ്ങ് ഗിയറുകള്‍ പ്രവര്‍ത്തിച്ചില്ല. പൈലറ്റ് മൂന്ന് തവണ എയര്‍പോര്‍ട്ടിന് ചുറ്റും പറന്നു. ഇന്ധനം പരമാവധി ഒഴിവാക്കാനും വിമാനം തീപിടിക്കുന്നത് ഒഴിവാക്കാനും വേണ്ടിയായിരുന്നു അത്. അതുകൊണ്ടാണ് തകര്‍ന്ന ഫ്ലൈറ്റില്‍ നിന്ന് പുകയൊന്നും ഉയരാത്തത്. അപകടത്തിന് തൊട്ടുമുന്‍പ് അദ്ദേഹം എന്‍ജിന്‍ ഓഫ് ചെയ്തിരിക്കണം. സ്വന്തം ജീവന്‍ ബലി കഴിച്ച് അദ്ദേഹം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു.
“ഒരാഴ്ച മുന്‍പാണ് ഞാന്‍ ദീപക്കുമായി അവസാനമായി സംസാരിക്കുന്നത്. വന്ദേഭാരത് മിഷനില്‍ ഭാഗമാകാനും ഇന്‍ഡ്യാക്കാരെ അറബ് രാജ്യങ്ങളില്‍ നിന്ന് മടക്കിക്കൊണ്ടുവരുന്നതിലും അദ്ദേഹത്തിന് വലിയ അഭിമാനമായിരുന്നു. ഞാന്‍ ചോദിച്ചു. അങ്ങോട്ടുപോകുമ്പോള്‍ ഒഴിഞ്ഞ വിമാനമവുമായിട്ടാണോ പോകുന്നത്. കാരണം, ആ രാജ്യങ്ങള്‍ യാത്രക്കാരെ സ്വീകരിക്കുന്നില്ലല്ലോ…ദീപക് ചിരിച്ചുകൊണ്ടുപറഞ്ഞു: ‘അല്ല, ഞങ്ങള്‍ പഴങ്ങളും പച്ചക്കറികളും മരുന്നുകളുമെല്ലാം നിറച്ചാണ് പോകുന്നത്. ഒരിക്കല്‍ പോലും ഈ രാജ്യങ്ങളിലേക്ക് ഒഴിഞ്ഞ വിമാനങ്ങള്‍ പോകുന്നില്ല.’ ”
എയര്‍ഫോഴ്സിലായിരുന്നപ്പോള്‍ 90-കളുടെ ആദ്യവര്‍ഷങ്ങളിലൊന്നില്‍ ദീപക് സാഠേ ഒരു വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നും നിലേഷ് സാഠേ ഓര്‍ക്കുന്നു. “ആ അപകടത്തിന് ശേഷം ആറ് മാസം അദ്ദേഹം ആശുപത്രിയിലായിരുന്നു. തലയോട്ടിയില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. അദ്ദേഹം വീണ്ടും പറക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്‍റെ സ്ഥൈര്യവും ഇച്ഛാശക്തിയും പറക്കാനുള്ള ഇഷ്ടവും വിജയിച്ചു…വീണ്ടും ഫ്ലയിങ് ടെസ്റ്റ് പാസായി. അതൊരു അല്‍ഭുതമായിരുന്നു…,” നിലേഷ് സാഠേ ഫേസ്ബുക്കില്‍ കുറിച്ചു.
നാഗ്പൂരില്‍ താമസിക്കുന്ന കേണല്‍ വസന്ത് സാഠേയുടെ മകനാണ് ദീപക്. അദ്ദേഹത്തിന്‍റെ സഹോദരന്‍ കാപ്റ്റന്‍ വികാസ് ജമ്മു മേഖലയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു.
ദീപക്ക് സാഠേയ്ക്ക് രണ്ട് മക്കളാണ്. രണ്ട് പേരും ഐ ഐ ടി മുംബൈയില്‍ നിന്ന് പാസ്സായവര്‍.
ഗ്രൂപ്പ് കാപ്റ്റര്‍ ക്രിസ്റ്റഫര്‍ (റിട്ടയേഡ്) ട്വിറ്ററില്‍ കുറിച്ചു: എനിക്കെന്‍റെ ബാച്ച് മേറ്റിനെ- കാപ്റ്റന്‍ ഡി വി സാഠേ-യാണ് നഷ്ടപ്പെട്ടത്. അദ്ദേഹം തികഞ്ഞ ഒരു പ്രൊഫഷണല്‍ ആയിരുന്നു. ഞങ്ങളുടെ കോഴ്സില്‍ ടോപ്പറായിരുന്നു അദ്ദേഹം. സ്വോഡ് ഓഫ് ഓണര്‍ പുരസ്കാരം നേടുകയും ചെയ്തു.
30 വര്‍ഷത്തെ പരിചയസമ്പത്തുള്ള പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയും കോ-പൈലറ്റ് അഖിലേഷ് കുമാറും സമയോചിതമായി പ്രവർത്തിച്ചതുകൊണ്ടാണ് വലിയ ഒരപകടം ഭാഗിമായെങ്കിലും ഒഴിവാക്കാൻ കഴിഞ്ഞത്. അതിന് അവർ പകരം നൽകിയത് സ്വന്തം ജീവൻ തന്നെയായിരുന്നു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ക്യാപ്റ്റന്‍ സാഠേയുമായുള്ള വ്യക്തിബന്ധം ഓര്‍ത്തുകൊണ്ട് നടന്‍ പൃഥിരാജ് കുറിച്ചു. അങ്ങയുമായി വ്യക്തിപരമായി അടുപ്പമുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അങ്ങയോടുത്തുള്ള സംഭാഷണങ്ങള്‍ ഞാനെന്നുമോര്‍ക്കും, ആദരാഞ്ജലികള്‍.